Thursday, August 13, 2015

പിതൃക്കള്‍ക്ക് ശാന്തി. കര്‍മ്മികളില്‍ മന:ശ്ശാന്തി!

ബലിതര്‍പ്പണം 2015. - കാശി- അലഹബാദ്, ഗയ, തൃശ്ശൂര്‍ 
ഇന്ന് കര്‍ക്കിടക വാവ്.


















എല്ലാ വര്‍ഷവും കര്‍ക്കിടകവാവിന് ബലിയിടാന്‍ സാധിക്കാറില്ല. കേരളത്തില്‍ പലയിടത്തും പിതൃതര്‍പ്പണം നടക്കുന്നു. ആണ്ടിലൊരിക്കല്‍ തനിക്ക് ജന്മം തന്നവരെ ആദരിക്കാനും ഓര്‍മ്മിക്കാനുമുള്ള ഒരു ദിവസം. മാത്രമല്ല, പിണ്ഡദാനങ്ങളിലൂടെ പ്രാണികള്‍ക്കും സഹജീവികള്‍ക്കുമുള്ള അന്നദാനം കൂടിയാണ് നാം ഇതുകൊണ്ട് സാധിക്കുന്നത്. മനുഷ്യര്‍ക്ക് പലതരം ഋണങ്ങള്‍(കടങ്ങള്‍) ഉണ്ടത്രേ, അതിലൊന്നാണ് ബലിയിടുന്നതിലൂടെ നാം വീട്ടുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ക്കാനും ബഹുമാനിക്കാനും പറ്റാതിരുന്നവരെക്കുറിച്ച് ഒരു സദ്‌സ്മരണ എന്നുമാവാം ഈ ബലിദാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പ്രായശ്ചിത്തം! പ്രകൃതിയോട് മനുഷ്യനുണ്ടാകേണ്ട സ്നേഹാദരങ്ങള്‍ക്കൊരു പ്രതീകം.


കാശിയില്‍ ഗംഗാതീരത്തും പിന്നീട് ഗയയിലും ഇക്കഴിഞ്ഞ ആഴ്ച  പിതൃബലി ചെയ്യാന്‍ എനിക്ക് യോഗമുണ്ടായി. ഇതിനായി അവസരങ്ങള്‍ അടുക്കടുക്കായി ഒത്തു വന്നു എന്ന് പറയാം. കൈലാസയാത്ര പോവാന്‍ ബുക്ക് ചെയ്തിരുന്ന എനിക്ക്, കഴിഞ്ഞ മേയില്‍ ഉണ്ടായ ഭൂകമ്പം കാരണം ആ യാത്ര തടസ്സപ്പെട്ടപ്പോള്‍ കാശി വിശ്വനാഥന്‍ അങ്ങോട്ട്‌ ക്ഷണിച്ചു. കൈലാസനാഥനു പകരം കാശീനാഥന്‍. അവിടെ എല്ലാക്കാര്യങ്ങളും കാണിച്ചു തരാനും ചെയ്യിക്കാനും ആളുമുണ്ടായി. കാശി യാത്രയെക്കുറിച്ച് പറഞ്ഞ അപ്പോള്‍ത്തന്നെ സ്വാമി ഉദിത് ചൈതന്യാജി പറഞ്ഞു: അവിടെ നമുക്ക് വേണ്ടപ്പെട്ട ആളുണ്ട്- ദാസേട്ടനും കുടുംബവും. ഉടനെതന്നെ സ്വാമിജി   അദ്ദേഹത്തെ ഫോണ്‍ ചെയ്ത് എനിക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരണം എന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ കാശിയില്‍ എത്തി അവിടെ നിന്നും മടങ്ങുന്നത് വരെ സുരേഷ് (ദാസേട്ടന്റെ ഏട്ടന്റെ മകന്‍) കൂടെത്തന്നെയുണ്ടായിരുന്നു. അന്‍പതിലേറെ കൊല്ലങ്ങളായി കാശിയില്‍ ജീവിക്കുന്ന ദാസേട്ടനും കുടുംബവും എല്ലാവര്‍ക്കും സഹായം നല്‍കി സാക്ഷാല്‍ ക്ഷേത്രം പോലുള്ള ഒരു വീട്ടില്‍ കൂട്ട് കുടുംബമായി കഴിയുന്നു. 
കാശിയില്‍ ദാസേട്ടന്റെ കൂടെ. അദ്ദേഹത്തിന്‍റെ വീട് തന്നെ അമ്പലം പോലെയാണ്.
കാശിയില്‍ എത്തിയ ആദ്യദിവസം തന്നെ ബലി തര്‍പ്പണം ചെയ്യാന്‍ പോയിരുന്നു. ക്ഷേമേശ്വര്‍ ഘട്ടില്‍ ഒരു തെലുഗു സ്വാമിയുടെ വീട്ടിലേയ്ക്കാണ് പോയത്. ആഘട്ടിന്റെ യജമാനന്‍. ഏകദേശം നാലഞ്ച് അടി വീതിയുള്ള നീണ്ട ഗലികളാണ് കാശി മുഴുവന്‍. അതിലൂടെ പശുവും മനുഷ്യനും ഓട്ടോയും, സൈക്കിള്‍ റിക്ഷയും മോട്ടോര്‍ സൈക്കിളും എല്ലാം തിരക്കില്‍ നീങ്ങുന്നു. ബേലുപുരയിലെ റോഡില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകത്താണ് മഠം. അവിടെ നിന്ന് കടവിലേയ്ക്ക് വീണ്ടും ഒരര കി.മി. ദൂരം. അവിടെ അത്യാവശ്യം മലയാളം മനസ്സിലാവുന്ന പണ്ഡിറ്റ്‌. ‘ഗംഗാജിയില്‍ സ്നാന്‍ കര്‍ക്കെ ആയിയേ’. ഈറന്‍ മുണ്ടുമായി കയറി വന്നു പൂര്‍വ്വികര്‍ക്കെല്ലാമായി 32 പിണ്ഡങ്ങള്‍ഉണ്ടാക്കി. ഇവിടെ അരി വെച്ചല്ല, ഗോതമ്പ് മാവുകൊണ്ടാണ് പിണ്ഡം ഒരുക്കുന്നത്. അച്ഛന്‍ അമ്മ, അവരുടെ പ്രപിതാക്കള്‍, ധര്‍മ്മപത്നിയുടെ പ്രപിതാക്കള്‍, കൂട്ടുകാരുടെ, ഗുരുക്കന്മാരുടെ, ദേശത്തിലെ വേണ്ടപ്പെട്ടവരുടെ, നമ്മുടെ കുടുംബത്തിലും മറ്റും വളര്‍ത്തി പിരിഞ്ഞുപോയ പക്ഷി മൃഗാദികളുടെ, കൂടാതെ അറിയാതെയും അറിയപ്പെടാതെയും കഴിഞ്ഞു കടന്നുപോയ അനേകരുടെ ഓര്‍മ്മയില്‍ എള്ളും പൂവും മഞ്ഞളും അര്‍പ്പിച്ച് ജലം പകര്‍ന്ന് മനസ്സ് നിറയെ എല്ലാവര്‍ക്കും ഉദകക്രിയ ചെയ്തു. ഗംഗ നല്ലവണ്ണം നിറഞ്ഞൊഴുകുന്നു. ആരും വള്ളം ഇറക്കുന്നില്ല. കടവുകളില്‍ മുകളിലത്തെ പടവുകള്‍ മാത്രമേ കാണാനാകുന്നുള്ളു. പണ്ഡിറ്റ്‌ പറഞ്ഞു ‘നീങ്ക അന്നദാനം കൊടുക്കണം. എത്ര പേര്‍ക്കെന്നു മനസ്സില്‍ പറയൂ. ഒരാള്‍ക്ക് 100 രൂപയെങ്കിലും വേണം... ദക്ഷിണ യഥേഷ്ടം മതി. അവനവന്റെ കഴിവ് പോലെ.’ ബലി കഴിഞ്ഞാല്‍ പിന്നെ അന്ന് വീണ്ടും കുളിക്കാന്‍ വയ്യത്രെ. പിന്നീട് അദ്ദേഹം പറഞ്ഞു, കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമേ സ്ത്രീകള്‍ക്ക് പിണ്ഡം കൊടുക്കൂ. അവിടെ നിങ്ങള്‍ക്ക് സ്ത്രീ ശക്തിയാണല്ലോ പ്രധാനം!  വടക്കുള്ളവര്‍ വരുമ്പോള്‍ പിതൃക്കള്‍ എന്ന് പറഞ്ഞാല്‍ പാരമ്പരയിലെ ആണുങ്ങള്‍ക്ക് മാത്രമേ പിണ്ഡം വയ്ക്കൂ.

ദക്ഷിണ കൊടുത്ത് ഗംഗയെ തൊഴുത് മടക്കം. വീണ്ടും ക്ഷേമേശ്വര്‍ ഘട്ടിന്റെ ‘ഉടമ’യുടെ മഠം. അവിടെയും ദക്ഷിണ. അനുഗ്രഹം. നല്ല ഒന്നാന്തരം സൌത്ത് ഇന്ത്യന്‍ കാപ്പി. ഗലിയിലൂടെ ബൈക്കില്‍ അതിശീഘ്രം പുറംനിരത്തിലേയ്ക്ക്.
കാശിയില്‍ ബലിതര്‍പ്പണം ചെയ്ത ക്ഷേമേശ്വര്‍ ഘട്ട്.

പ്രയാഗ- അല്ലഹാബാദിലേയ്ക്ക്

അല്ലഹാബാദ് – പ്രയാഗ. ഗംഗാ-യമുനാ-സരസ്വതീ സംഗമം.



















സംഗമസ്നാനം പ്രയാഗയില്‍.
ഈ ബലിയുടെ പരിസമാപ്തി പിറ്റേന്ന് അലഹബാദിലും അതിന്റെ പിറ്റേന്ന് ഗയയിലും ആയിരുന്നു. അലഹബാദില്‍ പ്രയാഗ- ഗംഗ, യമുനാ, സരസ്വതി സംഗമം. സരസ്വതി അന്തര്‍വാഹിനിയാണത്രേ. അത് തേടിപ്പോയവര്‍ തിരിച്ചു വന്നിട്ടില്ല. ഗംഗയും യമുനയും ഇന്ന് മത്സരിച്ചു നിറഞ്ഞു കുതിക്കുകയാണ്. നല്ല കാവിമണ്ണിന്റെ നിറമുള്ള വെള്ളം. സംഗമസ്ഥാനത്ത് ഏകദേശം ഒരു കിലോമീറ്ററെങ്കിലും ആഴമുണ്ടെന്നു വള്ളക്കാരന്‍. അവിടെ സംഗമസ്ഥാനത്ത് വേണം മുങ്ങാന്‍. അതെങ്ങിനെ സാധിക്കും എന്ന് വിചാരിക്കുമ്പോഴേയ്ക്ക് അനേകം വള്ളങ്ങളില്‍ ഒന്ന് ഒരു ‘മാലിക്ക്’ തയ്യാറാക്കി വച്ചു. ‘സാബ് കോ ഉധര്‍ ലേകേ ആവോ’. ഒന്നര-രണ്ടു  കി.മി അകലെ സംഗമസ്ഥാനത്തേയ്ക്ക് – പൊരിഞ്ഞ വെയില്‍. ഏകദേശം 40 ഡിഗ്രി ചൂട്. കാവി നിറത്തില്‍ ഗംഗ. മെലിഞ്ഞുണങ്ങിയ വള്ളക്കാരന്‍. സംഗമസ്ഥാനത്ത് കുറേ വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടി വച്ചിട്ടുണ്ട്. ഞങ്ങളുടെ വള്ളവും അങ്ങോട്ട്‌ ചെന്നു. ‘കപ്പട ബദല്‍കേ ആയിയേ’ ഒരു പാണ്ഡ വിളിച്ചു പറഞ്ഞു. അവിടെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ നിന്നും ഊഞ്ഞാല്‍ പോലെ ഒരു പ്ലാറ്റ്ഫോം വെള്ളത്തില്‍ ഇറക്കിയിരിക്കുന്നു. നമുക്ക് ആ പലകയില്‍ നിന്നുകൊണ്ട് കയറിലും മുളക്കമ്പിലും പിടിച്ചു മുങ്ങാം. അത് യഥാര്‍ത്ഥ സംഗമസ്ഥാനമാണത്രേ! തെളിഞ്ഞ ജലമാണെങ്കില്‍ ഗംഗയിലെയും യമുനയിലെയും ജലത്ത്നു നിറവ്യത്യാസം കാണും. എന്നാല്‍ ഇപ്പോള്‍ എല്ലാം കാവി മായം. നല്ല ചൂട്. കുളിരൂറിയ ഗംഗയില്‍ ‘തീന്‍’ മുങ്ങലിനു പകരം പതിനൊന്നു മുങ്ങല്‍. ‘ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ദ്ധനം, ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുഷ്ടീയ മാമൃതാത്’.. വള്ളത്തില്‍ കയറിയതും ദേഹത്തുപറ്റിയ വെള്ളമെല്ലാം പെട്ടെന്ന് വറ്റിപ്പോയി. വള്ളങ്ങളില്‍ ഒറ്റയും ഇരട്ടയും അനേകവും ആള്‍ക്കാര്‍ വന്നു മുങ്ങി മടങ്ങുന്നു. കരയില്‍ തകൃതിയായി കച്ചവടം. അടുത്ത് ഹനുമാന്റെ അമ്പലം. സങ്കടമോചനം, അതുലിത ബലധാമം....






















സംഗമസ്ഥാനത്ത് മുങ്ങാന്‍ ‘ദേശി ജുഗാഡ്‍’ ഊഞ്ഞാല്‍
വള്ളക്കാരന്‍ പറഞ്ഞു, സാബ് എനിക്കുള്ളത് ഇവിടെ വച്ചു തന്നെ തരൂ. മാലിക്ക് കണ്ടാല്‍ അത് അയാള്‍ വാങ്ങും. നൂറു രൂപ അവന്. ഊഞ്ഞാല്‍ കെട്ടി മുങ്ങാന്‍ സഹായിച്ച ആള്‍ക്ക് ഇരുപത് രൂപ. വള്ളത്തിന്റെ മാലിക്കിന് ഒരു ഇരുന്നൂറുകിലോയെങ്കിലും തൂക്കമുണ്ടാവും, വായ്‌ നിറയെ പാന്‍. അതുകൊണ്ട് സംസാരമില്ല. അടുത്തുപോയാല്‍ പെരുമ്പാവൂരിലെ ഞായറാഴ്ചയുടെ മണം. അയാള്‍ക്ക് നാനൂറു രൂപ.

ഗയ – പിതൃതര്‍പ്പണത്തിന്റെ പരിസമാപ്തി.



ഗയ- ശ്രാദ്ധം, പിതൃതര്‍പ്പണം, ബലി.



















പിതൃബലിയുടെ മൂന്നാം (അവസാനം) ഭാഗം ബീഹാറിലെ ഗയയിലാണ്. ഇത് കൂടി കഴിഞ്ഞാല്‍ ജീവിതത്തില്‍ ചെയ്യാനുള്ള എല്ലാ ശ്രാദ്ധവും ചെയ്തു കഴിഞ്ഞു എന്നാണ്. ശ്രദ്ധയോടെ ചെയ്യേണ്ടത്, ശ്രാദ്ധം. ‘ശ്രദ്ധാവാന്‍ ലാഭതേ ജ്ഞാനം’ എന്നുണ്ടല്ലോ! ശ്രീരാമചന്ദ്രന്‍ ലക്ഷ്മണനും സീതയുമൊത്ത് ദശരഥനു വേണ്ടി ശ്രാദ്ധം ചെയ്തത് അവിടെ ഫാല്‍ഗുനി (നിരഞ്ജന നദി എന്നാണ് രാമായണത്തില്‍) നദീ തീരത്താണ്. വാസ്തവത്തില്‍ സീത മാത്രമാണ് അപ്പോള്‍ അവിടെ ബലിയര്‍പ്പിച്ചത്. രാമലക്ഷ്മണന്മാര്‍ ശ്രാദ്ധത്തിനു വേണ്ട സാമഗ്രികള്‍ ഒരുക്കാന്‍ പോയിരുന്നു. എന്നാല്‍ മുഹൂര്‍ത്തമായതിനാല്‍ ധാന്യത്തിന് പകരം മണല്‍ ഉരുട്ടി സീതാദേവി പിണ്ഡമര്‍പ്പിക്കുകയാണ് ചെയ്തത്. അത് ദശരഥരാജന്റെ കൈകള്‍ മണലില്‍ നിന്നും പൊങ്ങിവന്നു സ്വീകരിക്കുകയും ചെയ്തു! എന്നാല്‍ ഫാല്‍ഗുനി നദിയും അവിടെ നിന്നിരുന്ന ഒരു പശുവും സീതാദേവിയുടെ ബലിപൂര്‍ണ്ണതയ്ക്ക് സാക്ഷ്യം പറയാന്‍ നിന്നില്ലത്രേ! എന്നാല്‍ അടുത്തുള്ളൊരു അരയാല്‍ വൃക്ഷം മാത്രം സീതയുടെ ബലിസാഫല്യത്തിന് സാക്ഷ്യം പറഞ്ഞു എന്നാണ് കഥ.

അവിടെ ഫാല്‍ഗുനിനദിയില്‍ പൊതുവേ വെള്ളം കുറവാണ്. സീതാ ദേവിയുടെ ശാപമാണത്രേ. ഫാല്‍ഗുനിയില്‍ പൊതുവേ കുളിവേണമെന്നില്ല.ഈറനും നിര്‍ബന്ധമില്ല. ബലിയിട്ടു ഗോതമ്പുണ്ടകള്‍ പിണ്ഡമായി അര്‍പ്പിച്ചശേഷം പിണ്ഡശേഷം പശുവിനു ഭക്ഷണമായും ബാക്കി നദിയിലും മൂന്നാമത്തെ പങ്ക് വിഷ്ണുപാദത്തിലും സമര്‍പ്പിച്ചു. വിഷ്ണുപാദം എന്നത് ക്ഷേത്രത്തിലെ ഒരു ശിലയില്‍ പ്രകൃത്യാ ഉണ്ടായി വന്നത് പോലുള്ള ഒരു പാദരൂപമാണ്. അവിടെ പൂവും പിണ്ഡാന്നവും അര്‍പ്പിച്ചു.  പണ്ഡിറ്റ്‌ ഇവിടെയും ‘അന്നദാനം മഹാദാനം’ എന്നോര്‍മ്മിപ്പിച്ചു. ഇത്തവണ ബ്രാഹ്മണഭോജനമാണ് പറഞ്ഞത്. ‘എത്ര പേര്‍ക്കാണ് വിചാരിക്കുന്നത്?. അത് പറഞ്ഞു. ഒരാള്‍ക്ക് നൂറ്റിയന്‍പത് രൂപയാണ് കേട്ടോ!’. പിന്നീട് പറഞ്ഞു. എന്തൊക്കെയാണ് ജീവിതത്തില്‍ വര്‍ജ്ജിക്കാന്‍ പോകുന്നത്? ഒരു പച്ചക്കറി, ഒരു പഴവര്‍ഗ്ഗം. എന്നിവ ഉപേക്ഷിക്കണം. അവ ഇനി കഴിക്കാനേ പാടില്ല. ഇഷ്ടമുള്ള പച്ചക്കറി – പാവയ്ക്ക തന്നെ, സ്വാമി ഉദീത് ചൈതന്യാജി വീട്ടില്‍ വന്നപ്പോള്‍ രണ്ടാളും കൂടി തയ്യാറാക്കിയത് പോലും പാവക്ക ഉപ്പേരിയാണ്. ഇനിയത് വേണ്ട എന്ന് വയ്ക്കുക. പിന്നീട് ഒരു പഴം കൂടി ഉപേക്ഷിക്കണം. ‘സീതപ്പഴം’ ആവാം. ഉടനേ തന്നെ പണ്ഡിറ്റ്‌ പറഞ്ഞു. ഇതെല്ലാം ധര്‍മ്മപത്നിക്ക് കൂടി ബാധകമാണ്. വിവാഹിതനാണെങ്കില്‍ നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങള്‍ എല്ലാം  സഹധര്‍മ്മിണിക്ക് കൂടി അവകാശപ്പെട്ടതാണ്. പിന്നെ ചോദിച്ചു. സഹധര്‍മ്മിണികളായി ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവര്‍ക്കും ഇതെല്ലാം ബാധകം! ആവൂ സമാധാനം! ഒരാളെ പറഞ്ഞു മനസ്സിലാക്കിയാല്‍ മതിയല്ലോ!

സ്വന്തം പിണ്ഡം സമര്‍പ്പിക്കാന്‍ എന്താണ് വിധി എന്ന ചോദ്യത്തിന് പണ്ഡിറ്റ്‌ മറുപടി പറഞ്ഞു: 'ആവാം, ഇനി വീട്ടില്‍ പോകേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ മാത്രം'. ഇല്ല, ഗൃഹസ്ഥന് കടമകള്‍ ഉണ്ടല്ലോ!

വീണ്ടും പുതു തലമുറയ്ക്ക് ശ്രാദ്ധം ചെയ്യാന്‍ അവസരവും കര്‍മ്മ കാണ്ഡത്തെപ്പറ്റി ചെറിയൊരു പ്രായോഗിക പരിചയവും. ഇന്ന് കര്‍ക്കിടക വാവ്. പിതൃക്കള്‍ക്ക് ശാന്തി. കര്‍മ്മികളില്‍ മന:ശ്ശാന്തി!





















ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ 
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവാശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര 
ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി

മാതൃ വംശേ മൃതായേശ്ച
പിതൃവംശെ തഥൈവ ച 
ഗുരു ശ്വശുര ബന്ധൂനാം
യെ ചാന്യേ ബാന്ധവാമൃത 
യേ മേ കുലേ ലുപ്ത പിണ്ഡാ 
പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ 
ജാത്യന്താ പങ്കവസ്ഥതാ 
വിരൂപാ ആമഗര്ഭാശ്ചാ
ജ്ഞാതാജ്ഞാതാ കുലേ മമ 
ഭൂമൗ ദത്തെന ബലിനാ 
തൃപ്തായാന്തു പരാം ഗതിം 
അതീത കുല കുടീനാം 
സപ്ത ദ്വീപ നിവാസീനാം 
പ്രാണീനാം ഉദകം ദത്തം 
അക്ഷയം ഉപ്തിഷ്ടതു:

അര്‍ത്ഥം:
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും,  എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും  ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.
 
എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും,ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും,
ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. 

ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. 
അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

Saturday, April 11, 2015


“മോക്ഷമുഗലദാ...” - by Dr. Sukumar Canada


കഥ കേസരി ആഴ്ചപ്പതിപ്പില്‍ (27 മാര്‍ച്ച് 15)
................................
“എന്താ മനസ്സിൽ? യാത്രയെല്ലാം മതിയാക്കണം എന്നുണ്ടോ?” ഗുരുജി ചോദിക്കുന്നു.

“ഭീതിയ്ക്കു സ്ഥാനമില്ല പ്രീതിയ്ക്കാണു സ്ഥാനം. സ്വന്തം പ്രീതി. അതന്യനു നല്കേണ്ടതില്ല. അന്യർക്കു വേണമെങ്കിൽ എടുക്കാൻ നാമിടം കൊടുക്കണം അത്രമാത്രം. അതിനു മാത്രമേ മറ്റുള്ളവർക്ക് ഇടം കൊടു ക്കാവൂ”.

കണ്ണിൽ നിന്നു വായിച്ചറിഞ്ഞപോലെ ഗുരു പറഞ്ഞു.
യാത്ര തുടങ്ങിയതിനെപ്പറ്റി അദ്ദേഹമൊന്നും ചോദിച്ചില്ല. താനായിട്ട് എന്തുപറയാനാണ്‌?

.............................
കഥ ഈ ലിങ്കില്‍ ഉണ്ട്.

pdf document: Mokshamugalada scan.PDF



Magazine link: page 52http://kesariweekly.com/eweekly/2015/2015Mar27/index.html

Saturday, March 7, 2015

ശാസ്ത്രസാന്നിദ്ധ്യം - പ്രാചീന സംസ്കൃതഗ്രന്ഥങ്ങളില്‍

ഡോ. ഏ. പി. സുകുമാര്‍, കാനഡ



ഏതൊരു സൃഷ്ടിയുടെയും കണ്ടുപിടുത്തത്തിന്റെയും ആരംഭം കുറിക്കുന്നത് അവയെക്കുറിച്ച് ഒരുവന്‍ സ്വപ്നം കാണുന്നത് മുതലാണ്‌. പലപ്പോഴും നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങളുടെ അവസാനമാകാം ആ ഒരു സ്വപ്നം നല്ലൊരു സങ്കല്പ്പമായി ഉരുത്തിരിഞ്ഞു മനുഷ്യോപകാരപ്രദങ്ങളായ കണ്ടുപിടുത്തങ്ങളും മറ്റുമാവുക. എന്നാല്‍ ആ സ്വപ്നം മുഴുവനുമായും പ്രായോഗികതലത്തിലെത്തിച്ചാല്‍ മാത്രമേ അതിനൊരു സൃഷ്ടിയുടെ സ്ഥാനം അല്ലെങ്കില്‍ പ്രാധാന്യം നല്‍കൂ എന്നുള്ളത് പരിമിതമായ ബുദ്ധിയുടെ വെറും പിടിവാശി മാത്രമാണെന്ന് തോന്നുന്നു. പത്താം ക്ലാസ്സുവരെ പഠിച്ച ശാസ്ത്രത്തിന് യോജിച്ച കാര്യങ്ങളേ അംഗീകരിക്കൂ എന്ന് പറഞ്ഞാൽ അതും ഒരന്ധവിശ്വാസം തന്നെയെന്ന് പറയേണ്ടിവരും.  ലിറ്റ്മസ് ടെസ്റ്റ് തലത്തിൽ നിന്നും ഉയർന്നു ചിന്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉയർന്ന തലത്തിലുള്ള ശാസ്ത്രം പഠിക്കാൻ കഴിയൂ. 
പറഞ്ഞു വരുന്നത് വേദങ്ങളിലും മറ്റു പ്രാചീന ഭാരതീയഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ശാസ്ത്രസത്യങ്ങളെയും ‘കണ്ടുപിടുത്തങ്ങളെയും’ കുറിച്ചാണ്. അവയില്‍പ്പറയുന്ന തെല്ലാം ഇപ്പോള്‍ പ്രവൃത്തിയില്‍ ആവര്‍ത്തിച്ചു കാണിച്ചുകൊടുക്കാനുള്ള അറിവ് ഇന്നത്തെ ശാസ്ത്രത്തിനുണ്ടാകണമെന്നില്ല. എന്നാല്‍ അവയില്‍ പ്രതിപാദിക്കപ്പെട്ടി ട്ടുള്ള ശാസ്ത്രങ്ങളിലെ ‘സാദ്ധ്യതാസാന്നിദ്ധ്യത്തെ’ തള്ളിക്കളയാന്‍ എന്നിലെ ശാസ്ത്രബുദ്ധി അനുവദിക്കുന്നില്ല. അല്ലെങ്കിലും പുതുശാസ്ത്രങ്ങള്‍ പലതും സാദ്ധ്യതകളെപ്പറ്റിയുള്ള പഠനങ്ങള്‍ തന്നെയാണല്ലോ. 
കുറച്ചു നാൾ മുൻപ് ത്രിപുരയിലെ മുഖ്യമന്ത്രി പുരാണകാലത്തെ ‘ഇന്റര്‍നെറ്റ്’ സാങ്കേതികവിദ്യയെപ്പറ്റി പറഞ്ഞത്  ‘വിഡ്ഢിത്തം’ മാത്രമാണെന്ന് പെട്ടെന്ന് തന്നെ വിധിക്കാന്‍ വളരെയധികം പേര്‍ ഉണ്ടായി. അങ്ങിനെയുള്ള നിരാകരണം ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയക്കാരുടെ ‘തള്ളലിന്റെ’ സ്വഭാവത്തിലാണ് അക്കാര്യം മലയാളം പത്രങ്ങളില്‍ വന്നതും. പക്ഷേ ഈ ‘തള്ളലിന്റെ’ പുറകില്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന് അന്യോഷിക്കുന്നതിനു മുന്‍പുള്ള വിധി പറച്ചില്‍ ഞാന്‍ പഠിച്ച ശാസ്ത്ര-ഗവേഷണ രീതികള്‍ക്ക് ചേരുന്നതല്ല.   

 കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ദേശീയശാസ്ത്രസമ്മേളനത്തില്‍  ഭാരതത്തില്‍  ഇതുവരെയുള്ള ശാസ്ത്രസമ്മേളനങ്ങളില്‍ പൊതുവേ അവഗണിച്ചിരുന്ന പ്രാചീന സംസ്കൃത കൃതികളിലെ ശാസ്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു ചര്‍ച്ചയാണിത്. അതില്‍ ഒരു സെഷനിലെ പ്രഭാഷണങ്ങളില്‍ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും വിമാനങ്ങളെക്കുറിച്ചും ഭൌമയാത്രകളെക്കുറിച്ചുമുള്ള പരാമര്‍ശം ഉണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചത് പ്രമുഖരടക്കം ചിലരുടെയുള്ളിലെങ്കിലും അലോസരം ഉണ്ടാക്കിയിരുന്നു! എഴുത്തുകാര്‍ക്കും സ്യൂഡോ ശാസ്ത്രജ്ഞന്‍മാര്‍ക്കുമെല്ലാം എങ്ങിനെയോ വന്നുപെട്ട ഉളുപ്പ് ഇനിയും പോയിട്ടില്ല. ദേശീയ ശാസ്ത്രകോണ്ഗ്രസ്സില്‍ പൂര്‍ണ്ണമായ തെളിവുകളും പ്രോട്ടോടൈപ്പുകളും കൂടാതെ നമ്മുടെ ശാസ്ത്രപൈതൃകത്തെപ്പറ്റി ഇങ്ങിനെ വിളിച്ചു പറയാമോഎന്നാണ് അവരുടെ സംശയം. അവര്‍ക്കത് നാണക്കേടാണത്രേ! ഈ വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ എല്ലാത്തിലും പ്രസ്തുതവിഷയങ്ങളില്‍ പുനര്‍പഠനം അനിവാര്യമാണെന്ന് അവതാരകര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അവര്‍ ആവശ്യപ്പെട്ടത് ഈദൃശവിഷയങ്ങളില്‍ പഠനങ്ങള്‍ തുടങ്ങണം അല്ലെങ്കില്‍ തുടരണമെന്നാണ്. ഇതാദ്യമായാണ് ദേശീയമായ ഒരു സെമിനാര്‍ സംസ്കൃതഗ്രന്ഥങ്ങളിലെ ശാസ്ത്രസത്യങ്ങളെപ്പറ്റി ഗൌരവപരമായി പരാമര്‍ശിക്കുകപോലും ചെയ്യുന്നത്..  

വേദങ്ങളും പുരാണങ്ങളും എല്ലാം വെറും വിടുവായത്തരംമാത്രമാണെന്ന് പറയുന്നവരോട് പറഞ്ഞുപിടിച്ചു നില്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. അറിയാനും അറിയിക്കാനുമല്ല’, മറിച്ച് തര്‍ക്കിക്കാനും ജയിച്ചുവെന്ന് ഉറക്കെപ്പറഞ്ഞു സ്വയം സമാധാനിക്കാനും മാത്രമാണവര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍ ഉണ്ടായിരുന്ന ശാസ്ത്രപൈതൃകത്തെ ഇകഴ്ത്തിക്കാണിക്കാന്‍ അവര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. ആയുര്‍വേദവും മറ്റും വിദേശരാജ്യങ്ങളില്‍പ്പോലും പ്രചാരത്തിലാവുമ്പോള്‍ നമ്മുടെ നാട്ടില്‍ പലരും അതിനു വേണ്ടത്ര സ്ഥാനം കൊടുത്തു കാണുന്നില്ല. എന്നാല്‍ പലയിടങ്ങളിലും ശാസ്ത്രഗവേഷണക്കാര്‍ പുരാതനമായ ശാസ്ത്രസങ്കല്‍പ്പങ്ങളെ വെറുതെയങ്ങ് സ്വീകരിക്കുന്നില്ല, നിരാകരിക്കുന്നില്ല; മാത്രമല്ല പലയിടത്തും വിപുലമായ പഠനങ്ങള്‍ നടക്കുന്നുമുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ ശാസ്ത്രസമ്മേളനങ്ങളില്‍ ത്തന്നെയാണ് ഇത്തരം പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അവയിലെ നെല്ലും പതിരുംതിരിച്ചറിയണമെങ്കില്‍ ഗവേഷണകുതുകികള്‍ക്ക് പൌരാണികമായ ശാസ്ത്രങ്ങളുടെ സാദ്ധ്യതാസാന്നിദ്ധ്യംഅറിയണമല്ലോ. ശാസ്ത്രങ്ങളിലെ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്നതും അവയിലെ ഇതുവരെ പിന്തുടര്‍ന്ന മാര്‍ഗ്ഗങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്നതും ഗവേഷണങ്ങള്‍ തന്നെയാണ്. ഞാന്‍ പഠിച്ചിരുന്ന കാലത്തെ ഒരു തമാശ നോക്കുക. രണ്ടു ഗവേഷണബിരുദങ്ങളുള്ള ഒരു പ്രഫസര്‍ അവിടെയുണ്ടായിരുന്നു. ആദ്യത്തെ പിഎച്ഡി ഒരു സിദ്ധാന്തം അവതരിപ്പിച്ചതിനാണ്. പതിനഞ്ചുകൊല്ലം കഴിഞ്ഞ് അതേ സിദ്ധാന്തം തെറ്റായിരുന്നുവെന്നു തെളിയിച്ചതിനാണത്രേ രണ്ടാമത്തെ പിഎച്ഡി ! താനടക്കം മൂന്നു നാലുപേര്‍ എഴുതി പ്രസിദ്ധീകരിച്ച ഗവേഷണലേഖനങ്ങള്‍ പലതും തിരുത്തപ്പെടേണ്ടവയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു എന്നതാണ് കഥ. ശാസ്ത്രത്തിലും ഗവേഷണഫലങ്ങളിലും പല തരത്തിലും ഗുണത്തിലുമുള്ള തിരുത്തലുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തോല്‍വിയല്ല, മറിച്ച് പുതുമയെ അംഗീകരിക്കാനുള്ള അതിന്റെ സന്നദ്ധതയെയാണ് കാണിക്കുന്നത്. പഴമയെ പഠിക്കാതെ എങ്ങിനെയാണ് പുതുമയെ കണ്ടെത്തുക? സ്വീകരിക്കുക?

പ്രാചീനകാലത്ത് പ്ലാസ്റ്റിക് സര്‍ജറിയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കിയവര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയമാകരുത് അവിടെ ചര്‍ച്ചാവിഷയം. ശാസ്ത്രമാകണം. ആധുനികവൈദ്യത്തിലും ശസ്ത്രക്രിയപഠിക്കുന്നവര്‍ക്ക് വിദേശങ്ങളിലായാലും സുശ്രുതനെപ്പറ്റി പഠിക്കണം എന്ന് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഇവിടെ കാനഡയില്‍ മെഡിസിന് പഠിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ ഒരു ചെറുപ്പക്കാരന്‍ സുശ്രുതനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് മെഡിക്കല്‍ പഠനത്തിനിടക്കാണ്. അച്ഛനിത് അറിയാമായിരുന്നോഎന്നായിരുന്നു അവന്റെ അച്ഛനായ ഡോക്ടറോട് അവന്‍ ചോദിച്ചത്. സീനിയര്‍ ഡോക്ടര്‍ അത് മറന്നുപോയിരുന്നു’. അദ്ദേഹം ഇന്ത്യയില്‍ പഠിച്ചകാലത്ത് ഇക്കാര്യങ്ങള്‍ ഏതെങ്കിലും പ്രഫസര്‍മാര്‍ പറഞ്ഞെങ്കിലായി ഇല്ലെങ്കിലുമായി എന്ന മട്ടായിരുന്നു. ഇപ്പോഴും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്തോ?. ഞാന്‍ ഇവിടെ എംബിഎ ചെയ്തപ്പോള്‍ പഠിച്ച ഒരു വിഷയത്തില്‍ ഭഗവദ് ഗീതയിലെ കര്‍മ്മപ്രിന്‍സിപ്പിള്‍’ (just do it) മെയിന്‍ സ്ട്രീമില്‍ പഠിക്കാനുണ്ടായിരുന്നു. ഭാരതീയനെന്ന നിലയില്‍ അതിലൊരു സെമിനാര്‍ അവതരിപ്പിക്കാന്‍ എനിക്കവസരവും കിട്ടിയിരുന്നു. 


  























വിമാനശാസ്ത്രത്തെപ്പറ്റിയുള്ള അനവധി ഗ്രന്ഥങ്ങള്‍ നമുക്ക് മനസ്സിലാവാത്ത പ്രാചീനഭാഷയില്‍ (അതേ, സംസ്കൃതം തന്നെയാണ് ഞാനുദ്ദേശിച്ചത്) ഉണ്ടെന്ന് അതിനെപ്പറ്റി വിവരമുള്ളവര്‍ പറയുമ്പോള്‍ അതിനെപ്പറ്റി ഒന്നാലോചിക്കുക പോലും ചെയ്യാതെ അതിനെ എതിര്‍ക്കുമ്പോള്‍ ശാസ്ത്രമല്ല, മനുഷ്യന്‍ തന്നെയാണ് തോല്‍ക്കുന്നത്. ദേശീയസെമിനാറില്‍ പങ്കെടുത്ത ആളുകള്‍ ഈ വിഷയങ്ങളില്‍ ജ്ഞാനമുള്ളവര്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിസ്മയകരമായ രീതിയില്‍ വൈമാനികസിദ്ധാന്തം കൈകാര്യം ചെയ്യുന്ന അനേകം ഗ്രന്ഥങ്ങളുണ്ടത്രേ. വ്യക്തിപരമായി അവയൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല. പക്ഷെ ഭരദ്വാജന്റെ യന്ത്രസര്‍വ്വസ്വത്തിലെ വൈമാനികപ്രകരണത്തില്‍ റെഫര്‍ ചെയ്തിട്ടുള്ള വിവിധങ്ങളായ വിമാന വിഷയങ്ങളെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ് എന്നറിയാം! വിമാന നിര്‍മ്മാണം, ഉണ്ടാക്കാനുള്ള വസ്തുക്കള്‍, പറക്കുന്ന രീതികള്‍ ഇവയെക്കുറിച്ചെല്ലാം വിശദമായി ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ളപ്പോള്‍ വിമാനം പ്രായോഗികതലത്തില്‍ ഒരിക്കലും ഭാരതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. പല കാലങ്ങളില്‍ പലര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ എല്ലാം ഒരേ കോണ്‍സേപ്റ്റ് തന്നെയായ സ്ഥിതിക്ക് നമ്മെ വഴിതെറ്റിക്കാന്‍ ആരൊക്കെയോ സംഘടിതമായി പല കാലഘട്ടങ്ങളില്‍ ഈ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചു എന്ന അയുക്തികമായ ഒരു മുന്‍വിധിക്ക് പകരം അങ്ങിനെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ശാസ്ത്രീയസത്യങ്ങള്‍ കണ്ടെത്താന്‍ നമുക്കാവുമോ എന്നാണ് നോക്കേണ്ടത്. ഗ്രന്ഥങ്ങളും അവയിലെ പല ഉള്ളടക്കങ്ങളും കാലക്രമത്തില്‍ നാശനഷ്ടം വന്നിട്ടുണ്ടാകുമെന്നും  അനുമാനിക്കേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രയാനില്‍പ്പോലും പ്രാചീനശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങള്‍ ഐഎസആര്‍ഒ പോലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നത് ശുഭോദര്‍ക്കമാണ്. നാസാമിഷനുകളിലും  പുരാതന ഭാരതീയ ഗണിതശാസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്  (പ്രഫസര്‍ മഞ്ജുള്‍ ഭാര്‍ഗ്ഗവ, പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റി).

മറ്റൊരു കാര്യം ചരിത്രത്തിന്റെ വരുതിയില്‍ ഒതുങ്ങുന്ന കാലഗണനയാവില്ല ആ ഗ്രന്ഥങ്ങളുടെ മൂലരചനകള്‍ക്ക് എന്നതാണ്. പുരാണകാലം എന്നത് ഏതാണ് എന്നതിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ സൂചനകള്‍ മാത്രമേയുള്ളൂ. ഉദാഹരണത്തിന് വിമാനങ്ങളെപ്പറ്റി പല പുരാണങ്ങളിലും വിശദമായ പരാമര്‍ശങ്ങളുണ്ട്‌. ഭാഗവതം, ദേവീഭാഗവതം, രാമായണം, യോഗവാസിഷ്ഠം മുതലായ ഗ്രന്ഥങ്ങളില്‍ വിമാനയാത്ര ഒരു സാധാരണ കാര്യംപോലെയാണ് പലയിടത്തും പറഞ്ഞിട്ടുള്ളത്. ദേവീഭാഗവതത്തില്‍ ഉപരിചരന്‍ എന്നൊരു രാജാവിനെപ്പറ്റി പറയുന്നു. അദ്ദേഹത്തിന് ആ പേരുണ്ടായത് ഇന്ദ്രന്‍ സമ്മാനിച്ച വിമാനത്തില്‍ അദ്ദേഹം ഉപരിതലത്തില്‍ ഉയര്‍ന്നു യാത്ര ചെയ്യുന്നതുകൊണ്ടാണത്രേ! ഒരുപക്ഷേ അക്കാലത്തും അതൊരു പുതുമയായിരുന്നിരിക്കാം. രാവണന്റെ പുഷ്പകവിമാനം, ശാല്വന്റെ സൌഭം, കൈലാസം, മണികം എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിമാനങ്ങളെപ്പറ്റി പുരാണങ്ങള്‍ പരാമര്‍ശിക്കുന്നു. മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നതിനെപ്പറ്റിയും നമുക്ക് പുരാണത്തില്‍ വായിക്കാം.

(ഇവയെക്കുറിച്ചൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല – സുകുമാര്‍ )
    
പുരാണങ്ങളിലും കാവ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് അവയില്‍ അപ്പപ്പോള്‍ത്തന്നെ ശാസ്ത്രീയവ്യാഖ്യാനങ്ങള്‍ കൂടി കാണണമെന്ന് ശഠിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ‘പുരാണകഥകളായ’ നോവലുകള്‍ എടുക്കുക. അതില്‍ നാം ‘ഗൂഗിളിനെ’ പറ്റിയും, ‘ആറ്റംബോംബി’നെപ്പറ്റിയുമെന്നുവേണ്ട എത്രയെത്ര കാര്യങ്ങളെപ്പറ്റി ഒരൊഴുക്കില്‍ വായിച്ചു പോകാറുണ്ട്! അവയെപ്പറ്റിയെല്ലാം നോവലുകളില്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കുക എന്നത് നാം പ്രതീക്ഷിക്കുന്ന കാര്യമേയല്ല. ആ സംഗതികളെപ്പറ്റി നോവലെഴുതിയ ആളുടെ ജ്ഞാനം മിക്കവാറും പൂര്‍ണ്ണമാകാറുമില്ല. എന്നാല്‍ ഒന്നുണ്ട്- നോവല്‍ രചനയുടെ കാലത്ത് അങ്ങിനെയല്ലെങ്കില്‍ ആ നൂറ്റാണ്ടിലെങ്കിലും ‘ഗൂഗിളും’ ‘ആറ്റംബോംബും’ എല്ലാം ആളുകള്‍ക്ക് കേട്ട്‌ പരിചിതമായ ‘സംഗതികള്‍’ തന്നെ ആയിരിക്കും. അതല്ലെങ്കില്‍ നോവലിന് വായനാക്ഷമത ഉണ്ടായിരിക്കുകയില്ല. സയന്‍സ് ഫിക്ഷന്‍ നോവലുകളിലും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ആശയനിര്‍മ്മിതിയുടെ തലത്തില്‍ നാം അനുവദിച്ചു കൊടുത്തിട്ടുള്ളത് ‘സാദ്ധ്യതാസാന്നിദ്ധ്യം’ തന്നെയാണല്ലോ? പുരാണങ്ങളിലും മറ്റും പറയുന്ന വിമാനങ്ങളും അതിസൂക്ഷ്മങ്ങളും അതിശക്തങ്ങളുമായ ആയുധങ്ങളും മറ്റും എല്ലാം ഇതുപോലുള്ള സാദ്ധ്യതകളായിട്ടാണ് എനിക്ക് തോന്നുന്നത്. അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതിനുമുന്‍പ് സങ്കല്പം മാത്രമായി നിലനിന്നിരുന്നവയില്‍ എത്രയോ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലായിക്കഴിഞ്ഞു എന്നും നാം ചിന്തിക്കണം.

ചിലര്‍ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് പലപ്പോഴും പടിഞ്ഞാറന്‍ നാടുകളില്‍ കണ്ടുപിടുത്തങ്ങള്‍ നടന്നു കഴിഞ്ഞിട്ട് ഭാരതീയര്‍ നമ്മുടെ ‘പഴം പുരാണം’ പ്രകീര്‍ത്തിക്കുന്നതെന്ന്. കാരണം മറ്റൊന്നുമല്ല, സംസ്കൃതത്തില്‍ പുരാതന കാലം മുതല്‍ക്ക് എഴുതിയും പറഞ്ഞും വെച്ചിട്ടുള്ള കാര്യങ്ങള്‍ പഠനവിഷയമാക്കാന്‍ ആര്‍ജ്ജവത്തോടെയുള്ള ഒരു പ്രവര്‍ത്തനം നാം നടത്തുന്നില്ല എന്നത് തന്നെയാണ്. ലോകത്ത് പുതുതായി എന്തെങ്കിലും കണ്ടു പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മില്‍ ചിലരെങ്കിലും നമ്മുടെ വേര് തിരഞ്ഞുപിടിച്ചു പോകുന്നത്. എന്നാല്‍ അതിനെപ്പോലും അവജ്ഞയോടെ കാണുന്നവരാണ് കൂടുതലും ഉള്ളത്. അതിനുള്ള പ്രോത്സാഹനവും ഒരിടത്തുനിന്നും കിട്ടുന്നുമില്ല.

സംസ്കൃതത്തില്‍ ഉള്ള പല ശാസ്ത്രഗ്രന്ഥങ്ങളും പുരാണങ്ങളുടെ ‘കഥാബലം’ കൊണ്ടല്ല നിലനില്‍ക്കുന്നത്. അവയില്‍ അപൂര്‍ണ്ണമായ സിദ്ധാന്തങ്ങള്‍ ചിലപ്പോള്‍ ഉണ്ടെന്നുവരാം. അവയെ പൂര്‍ണ്ണമാക്കുകയാണ് ഗവേഷണകുതുകികള്‍ ചെയ്യേണ്ടത്. ലോകത്തിലെ പലയിടങ്ങളിലും അത്തരം മുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

പല വേദശാസ്ത്രഗ്രന്ഥങ്ങളിലും ശാസ്ത്രകാവ്യങ്ങളിലും ഗണിതശാസ്ത്രഗ്രന്ഥങ്ങളിലും മറ്റുമുള്ളത് ശുദ്ധമായ ശാസ്ത്രം തന്നെയാണ്. അവ സംസ്കൃതത്തില്‍ ആയതുകൊണ്ട് ആര്‍ക്കും കുറച്ചിലൊന്നും തോന്നേണ്ടതായില്ല. സാധാരണ ജനങ്ങളില്‍ ആ ഗ്രന്ഥങ്ങള്‍ ഒരിക്കലും എത്തിയിരുന്നിട്ടില്ല എന്നുള്ളത് സത്യമാണ്. ഇപ്പോഴും സംസ്കൃതം പൊതുജനത്തിന് അത്ര വഴങ്ങുന്നില്ലല്ലോ. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരാന്‍ അതിനുണ്ടായിരുന്ന സാദ്ധ്യത മുഴുവനും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇതിനു മാറ്റം വരുത്തുവാന്‍ പല പദ്ധതികളും നടപ്പിലായി വരുന്നുണ്ട് എന്നത് വളരെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. മൂര്‍ത്തി ഫൌണ്ടെഷന്‍ ഹാര്‍വാര്‍ഡ്‌ യൂണിവേര്‍സിറ്റിയുമായി ചേര്‍ന്ന് ഭാരതീയമായ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്ത് പ്രചരിപ്പിക്കുന്നതിനായി അഞ്ചു മില്യന്‍ ഡോളറിന്റെ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇവയില്‍ വേദശാസ്ത്രങ്ങള്‍ മാത്രമല്ല, കാവ്യങ്ങളും, മറ്റു ശാഖകളും ഉണ്ടാവും. മാത്രമല്ല സംസ്കൃതേതരമായ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ഉത്തമഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

കുറച്ചു കാലം മുൻപ് ഫീല്‍ഡ്സ് മെഡല്‍ (കണക്കിലെ നോബല്‍ സമ്മാനം എന്നാണിതിനെ വിളിക്കുന്നത്) കിട്ടിയ പ്രഫസര്‍ മഞ്ജുള്‍ഭാര്‍ഗ്ഗവ (പ്രിന്‍സ്ടന്‍, ലെയ്ഡന്‍, യൂണിവേര്‍സിറ്റികള്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി - കാനഡയില്‍ വളര്‍ന്ന ഇന്ത്യന്‍ വംശജന്‍ - അച്ഛന്‍ മലയാളിയാണ്) പറയുന്നത് അദ്ദേഹത്തിന് കണക്കിന്റെ അടിത്തറ കിട്ടിയത് സംസ്കൃതകാവ്യങ്ങളില്‍ നിന്നാണെന്നാണ്. അമേരിക്കയിലെ പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റിയിലും മറ്റും പഠിപ്പിക്കുമ്പോള്‍ സംസ്കൃതത്തില്‍ ഉള്ള ഗണിതശാസ്ത്രകാവ്യങ്ങളില്‍ സമഗ്രമായി സന്നിവേശിപ്പിച്ച മാത്തമാറ്റിക്കല്‍ തിയറങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ‘കളിക്കാനായി’ അദ്ദേഹം കൊടുക്കാറുമുണ്ട്. ഫിബോനാച്ചി നമ്പറുകള്‍ എന്ന് പ്രസിദ്ധമായ അക്കങ്ങള്‍ 1,2,3,5,8,13,21,34,.... ഇങ്ങിനെ പോകുന്ന നമ്പറുകളാണ്. തബലയുടെ താളപ്പെരുക്കങ്ങള്‍ മുതല്‍ പൂവിതളുകളുടെ വിതാനം വരെ വിശദീകരിക്കാന്‍ ഈ നമ്പറുകള്‍ക്കാവും. വാസ്തവത്തില്‍ ഇവ ഫിബിനോച്ചിക്ക് മുന്‍പേയുണ്ടായിരുന്ന ‘ഹേമചന്ദ്ര’ അക്കങ്ങള്‍ (1050 AD - 200 years before Febinaacchi) ആണത്രേ! അതുള്ളത് നല്ലൊരു സംസ്കൃതകാവ്യത്തിലുമാണ് (ഛന്ദശാസ്ത്രം). ഉദാഹരണത്തിന്, എട്ടു മാത്രകളുള്ള ഒരു വാക്ക് കാവ്യത്തില്‍ സന്നിവേശിപ്പിക്കുവാന്‍ എത്ര സാദ്ധ്യതകള്‍ ഉണ്ടെന്നു നോക്കിയാല്‍ 34 എന്ന് കാണാം. അത് തന്നെയാണ് എട്ടു ബീറ്റുകള്‍ ഉള്ള ആദിതാളത്തിന്റെ സ്ഥിതിയും. 

പ്രഫസര്‍ ഭാര്‍ഗ്ഗവ പറയുന്നു: “സംസ്കൃതഭാഷയ്ക്ക് സ്വതവേയുള്ള ശാസ്ത്രീയസ്വഭാവം കാരണം പല ഭാഷാശാസ്ത്രസംബന്ധിയായ കാവ്യങ്ങളും ഗണിതശാസ്ത്രവും വെവ്വേറെ വിഷയങ്ങളായി പ്രാചീനര്‍ കണ്ടിരുന്നില്ല. അവയെ സമ്യക്കായി അവതരിപ്പിച്ചിട്ടുള്ള  പാണിനി, പിംഗള, ഹേമചന്ദ്ര, ആര്യഭടന്‍, ഭാസ്കരന്‍, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ മഹാന്മാരുടെ കൃതികള്‍ സംസ്കൃതത്തില്‍ത്തന്നെ വായിക്കാന്‍ എനിക്ക് ചെറുപ്പത്തിലേ അവസരം കിട്ടിയിരുന്നു. അവരുടെ കാവ്യങ്ങളില്‍ ഗണിതശാസ്ത്രത്തിലെ അതിഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവയെല്ലാം എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് വളരെ പ്രചോദനപ്രദമാണ് (അഭിമുഖം ഇന്ത്യാ ടുഡേയില്‍. ലേഖകന്റെ തര്‍ജ്ജമ)

ശാസ്ത്രത്തെ ബഹുമാനത്തോടെ കാണുന്നവര്‍ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ്, എങ്ങിനെയാണ് എന്നൊക്കെ കണ്ടു പിടിക്കുന്നതിലാണ് ശ്രദ്ധിക്കുക. അല്ലാതെ വായിക്കുന്നതിനു മുന്‍പേ, പഠിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ തള്ളിക്കളയുന്നതിലല്ല ശാസ്ത്രത്തിന്റെ ഭാവി നിലനില്‍ക്കുന്നത്. ശാസ്ത്രകാരന്മാര്‍ ഓരോ പ്രബന്ധങ്ങളിലെയും നെല്ലും പതിരും തിരിക്കുന്നത് രാഷ്ട്രീയമോ മറ്റു മാനദണ്ഡങ്ങളോ നോക്കിയാവരുത്. ഏതു വിഷയമാണെങ്കിലും പഠിക്കാന്‍ തുടങ്ങിയാലേ സംശയമുള്ളു. അല്ലെങ്കിലും ഒരുവിഷയത്തിലെ പണ്ഡിതന്‍ അദ്ദേഹം പഠിച്ചിട്ടില്ലാത്ത മറ്റു വിഷയങ്ങളില്‍ പാമരനാണല്ലോ. സംസ്കൃതത്തിലും വിമാനശാസ്ത്രത്തിലും പാമരനായ ഞാന്‍ പൌരാണികമായി ആ മേഖലകളിലെ ശാസ്ത്രജ്ഞന്മാര്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍  ആളല്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളിലെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യാനുള്ള ഔദ്ധത്യമോ വിശകലനം ചെയ്യാനുള്ള അറിവോ ഉണ്ടാവണമെങ്കില്‍ ഞാനേറെ പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

             

Tuesday, January 13, 2015

Celebrating Yesudas's 75th with a diary-like report and photos from 1994




Happy Birthday, Dasettan! 

I am celebrating Yesudas's 75th birthday with a diary-like report and photos from 1994- when we attended a great Carnatic concert he gave. He was at my present age when I saw him then in Seattle-  he had no grey hair- just as it is now!:-) . I had a brief encounter with him on Ernakulam Broadway near Paico, (in 1980, I think)- He was returning from Sujatha's (singer) wedding reception.  Having seen him suddenly coming out of a store, I ran to him and talked something with the excitement of a 20 year old college student. He told me that he was coming from the wedding function - he was at his prime stardom, but he was down to earth, and friendly...

This was written before the Malayalam typing became popular and I thought it is better to upload the hand written version to remind myself that I used to write a lot of letters and diaries by hand... The photos were taken in film camera and I scanned them last night - they are a bit grainy though... I couldn't find the negatives.

I also had the privilege of spending some time with him in 2008, in Vancouver and I will post those photos and write-up I did for Mathrubhumi when we celebrate his 80th birthday!

See Guru Chembai's Photo in front of him - He did an invocation prayer to his Guru before the curtain opened. 








He insisted on setting the audio controls himself. He brought his own mic and a recording system also.


Made for each other!

Dasettan @ 54



Great accompaniments


Great moments for the photographer and family! He was the one asked me and Bindu to pose with him. He called one of the local organizers and asked him to click !



May the divine voice keep mesmerizing us for many more years to come!







Tuesday, December 23, 2014

യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നിഷിദ്ധമോ?

യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നിഷിദ്ധമോ?

ഡോ. സുകുമാര്‍ കാനഡ



ചാനല്‍ ചര്‍ച്ചകള്‍ക്കും ബുദ്ധിജീവികളുടെ വിമര്‍ശനശരങ്ങള്‍ക്കും ഇരയാവാന്‍ പോകുന്നത് ശബരിമലയാണെന്നൊരു തോന്നല്‍. അടുത്തയിടയ്ക്ക് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്താല്‍ ആ തോന്നല്‍ അസ്ഥാനത്താവില്ല എന്ന് തോന്നുന്നു. യൌവനയുക്തകളായ സ്ത്രീകളെ എന്തുകൊണ്ടാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് എന്നതിനെപ്പറ്റി കഴിഞ്ഞകൊല്ലം മണ്ഡലക്കാലത്ത് മാദ്ധ്യമങ്ങളില്‍ പലവിധത്തിലുള്ള സംവാദങ്ങളും നടക്കുകയുണ്ടായല്ലോ. കുറച്ചുപേര്‍ അയ്യപ്പന്മാര്‍ക്കായി പമ്പയിലേയ്ക്ക് പ്രത്യേകം ഓടിക്കുന്ന സര്‍ക്കാര്‍ബസ്സുകളില്‍ സ്ത്രീകളെ കയറ്റാത്തതിന് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ചിലര്‍ സൂത്രത്തില്‍ അമ്പലപരിസരത്ത് പോയി വരികയും മറ്റും ഉണ്ടായി എന്നും തോന്നുന്നു.

അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന രീതിയിലും മറ്റുമാണ് വാദഗതികള്‍ മുന്നോട്ടുപോയത്. ദൈവത്തിനു ആണിനോടോ പെണ്ണിനോടോ പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍ തന്നെയാണീ അയ്യപ്പന്‍! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍ ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട കാര്യമില്ല. എന്നാല്‍ ഹിന്ദുവിന്റെ ഈശ്വരസങ്കല്‍പ്പം അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. ദൈവസന്നിധിയായ കോവിലുകളിലേയ്ക്ക് പോകുന്നവരെ വഴികാട്ടുന്നതിനായി മാത്രമാണ് ആചാരങ്ങളും അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.

ദര്‍ശനവൈവിദ്ധ്യതയും അതിലെ സ്വാതന്ത്ര്യവും സനാതനമതത്തിന് മുതല്‍ക്കൂട്ടാകുന്നത് മനുഷ്യര്‍ക്ക് അവരവരുടെ വാസനയ്ക്കനുസരിച്ചുള്ള ആത്മീയപാത പിന്തുടരാനും പിന്തുടരാതിരിക്കാനുമുള്ള അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന സിദ്ധാന്തപദ്ധതിയാണത് എന്നുള്ളതുകൊണ്ടാണ്. ‘മാടനെയും മറുതയേയും’ കുടിവെച്ചാരാധിക്കുന്ന ഒരാള്‍ക്ക് അദ്വൈതവേദാന്തത്തിന്റെയും ഉപനിഷദ് ദര്‍ശനത്തിന്റെയും സാരമോ ഗാംഭീര്യമോ പിടികിട്ടണമെന്നില്ല. അഥവാ പിടികിട്ടിയാലും ‘അത് മാത്രമാണ് ശരിയെന്ന’ ഒരു ന്യൂനപക്ഷത്തിന്റെ നിഗമനത്തില്‍ അയാള്‍ എത്തണമെന്നുമില്ല.

വേദാനുസാരിയായി മാത്രം ജീവിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്താലേ സനാതനധര്‍മ്മത്തിന്റെ വക്താവാകാന്‍ പറ്റൂ എന്നാരെങ്കിലും പറഞ്ഞാല്‍ എന്താണ് ‘വേദാനുസാരം’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കേണ്ടിവരും. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള ഷോഡശസംസ്കാരത്തെ ബഹുമാനിച്ചു പാലിക്കുന്നതുകൊണ്ട് മാത്രം ഒരുവന്റെ ജീവിതം വേദാനുസാരിയാകും എന്ന് പറയുന്നത് ഭാഗികമായി മാത്രമേ ശരിയാവുന്നുള്ളു. 

ഭാരതീയ തത്വചിന്തയിലെ ഷഡ്ദര്‍ശനങ്ങള്‍ - ബൌദ്ധം, ചര്‍വ്വാകം, നൈയായിക-വൈശേഷികം, ജൈനം, സാംഖ്യം, യോഗം തുടങ്ങിയവയാണല്ലോ. (ഇതില്‍ത്തന്നെ ചില നിര്‍വചന വ്യതിയാനങ്ങള്‍ ഉണ്ട്.) ഷഡ്ദര്‍ശനപരിധിയില്‍നിന്നു കൊണ്ടാണെങ്കില്‍ ചര്‍വ്വാകം പോലുള്ള നിരീശ്വരമതത്തിന്റെപോലും നിലനില്‍പ്പിനെ എതിര്‍ക്കാത്ത വിശാലമായ ‘വേദാനുസാരനീതിയെ’ മാത്രമേ ഞാന്‍ സനാതനം എന്ന് കണക്കാക്കുകയുള്ളൂ. അദ്വൈതിയും ദ്വൈതിയും ഇവ കൂടാതെയുള്ളവരും ഇതിലുണ്ടാകണം. പുരാണേതിഹാസങ്ങളെപ്പറ്റി, “ന തു പാരമാര്‍ത്ഥ്യം’ എന്ന് വ്യാസന്‍ പറഞ്ഞിട്ടുള്ളതിനാല്‍ പുരാണങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് പറയാന്‍ ചിലര്‍ക്കുള്ള അവകാശംപോലെ മറ്റുള്ളവര്‍ക്ക് ശ്രീകൃഷ്ണനെയും ശ്രീരാമനെയും അയ്യപ്പനെയും വാവരെയും മറ്റും വ്യക്തിനിഷ്ഠമായി, ആരാധിക്കാനും പുരാണേതിഹാസങ്ങള്‍ ഉണ്മയാണെന്നു കരുതി നമ്രശിരസ്കരാവാനും ഉള്ള സ്വാതന്ത്ര്യവും ഉണ്ടാവണം. രണ്ടു തരം തത്വചിന്തകള്‍ക്കും ഒരുപോലെ തന്നെ പ്രാധാന്യമുണ്ട് എന്ന് ഞാന്‍ കരുതുന്നു. ‘അജനും അവ്യയനും അമൂര്‍ത്തനു’മായ പരംപൊരുളിനെ അറിയലാണ് ‘ശരിയായ’ ആത്മീയതയെന്നും മറ്റും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമമാണ്. കാരണം സ്വയം മറനീക്കിക്കണ്ടെത്തേണ്ട നേരരിവിനെ ആര്‍ക്കെങ്ങിനെ മറ്റുള്ളവരെ പഠിപ്പിക്കുവാനാകും? (യോഗവാസിഷ്ഠം).  

ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍ നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍ തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ തടസ്സപ്പെടുത്തുന്ന പ്രവണത, ഈ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു.

സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്‍റെ അനേകം ‘സാരൂപ്യ, സാദൃശ്യ, സാലോക്യ ഭാവത്തിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്‍. സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്‍റേതല്ലാത്ത മറ്റൊരു ദൈവസങ്കല്‍പ്പത്തിലും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര്‍ വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്‍പ്പമാണ് അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത് അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും സദാ കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന ചെയ്യപ്പെടുന്ന ഭക്തരാണ്.

മണ്ഡലവ്രതത്തിന്റെ അല്ലെങ്കില്‍ ഏതൊരു വ്രതത്തിന്റെയും  പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാം പൊതുവേ ഒരറിവുണ്ട്‌. ഇസ്ലാംമതക്കാരിലാണെങ്കില്‍ നോയമ്പ് കാലത്ത് അവരില്‍ ഒരു പ്രത്യേകത കാണാറുണ്ട്. എന്റെ ചെറുപ്പത്തില്‍ അച്ഛനുമായി പെരുമ്പാവൂര്‍ ചന്തയില്‍ പച്ചക്കറിക്കടയില്‍ പോയതാണ്. ഏതോ പച്ചക്കറിയുടെ കാര്യത്തില്‍  ഞാന്‍ കടക്കാരനുമായി ഒരല്‍പം വിലപേശി. ഉടനെ അച്ഛന്‍ പറഞ്ഞു” നീ ആ സാഹിബ് പറഞ്ഞ പൈസ കൊടുത്തേക്ക്. നോയമ്പ് പിടിക്കണ ആളാ. പറ്റിക്കില്ല”. പറഞ്ഞു വരുന്നത് സമൂഹത്തില്‍ വ്രതാനുഷ്ടാനം കുറച്ചുപേരെയെങ്കിലും ധാര്‍മ്മികപാതയിലേയ്ക്ക് നയിക്കുന്നുണ്ടെന്ന് തന്നെയാണ്. അല്ലെങ്കില്‍ സമൂഹം അങ്ങിനെയാണ് അവരെ കാണുന്നത് എന്നാണ്.

മണ്ഡലക്കാലത്തെ വ്രതാനുഷ്ടാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍ ഉണ്ട്. നിത്യ ബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ പ്രധാനമാണ് താനും. “സന്നിധാനത്തിന്‍ വിശുദ്ധികൊണ്ടയ്യനാം അയ്യപ്പ നാമാധികാരിയായി, ഞാന്‍ അയ്യപ്പനാമാധികാരിയായി” എന്നാണ് ഭക്തന്‍ വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക് നിയതമായ ചില ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത, ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട ബ്രഹ്മചര്യങ്ങളാണ്.
ഇനി സ്ത്രീ/പുരുഷ ബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത് എന്ന്  പരിശോധിക്കാം. 

പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്.
1.        പുരുഷന്‍ സ്ത്രീയെ, അവളുടെ ശരീരത്തെ, ശ്രദ്ധിച്ചു നോക്കുന്നത്  
2.        പുരുഷന്‍ അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുന്നത് (വാക്കിലോ ചിന്തയിലോ)
3.        ആ സ്ത്രീയോട് ചേരുവാന്‍ പുരുഷനില്‍ ആഗ്രഹമുണ്ടാവുന്നത്,  
4.        പുരുഷന്‍ തനിക്ക് ആഗ്രഹം തോന്നിയ സ്ത്രീയോട് സംസാരിക്കാന്‍ നിശ്ചയിക്കുന്നത്,
5.        അവളോടു സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്,
6.        പുരുഷന്‍ അവളെ ചെന്ന് കാണുന്നത്,
7.        പുരുഷന്‍ അവളോടു മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8.        പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.

ബ്രഹ്മചര്യേണ സംതിഷ്‌ഠേദപ്രമാദേന മസ്‌കരീ 
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്‌പോ f ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ


ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത് യുവതികളെ കാണാന്‍പോലും അയ്യപ്പഭക്തന്മാരെ അനുവദിക്കാത്തത്. പണ്ടൊക്കെ നാട്ടില്‍ അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.

കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര്‍ അകലം പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന്‍ എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും പെണ്ണിനും കഴിച്ചുകൂട്ടുക സാദ്ധ്യമല്ല.

എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് മാത്രം ശബരിമലദര്‍ശനം അനുവദിച്ചിരിക്കുന്നത്? സ്ത്രീകള്‍ക്ക് മാത്രം ആകാന്‍ പാടില്ലേ? എന്നാണെങ്കില്‍ ആവാം എന്നാണ് എന്റെ ഉത്തരം. സന്യാസഭാവത്തിലുള്ള ഒരു സ്ത്രൈണദേവതാ സങ്കല്പം ഉണ്ടാക്കി അതിലേയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ത്ഥാടനം നടത്തുന്നതിനെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആറ്റുകാല്‍ പൊങ്കാല പോലുള്ള ആചാരങ്ങളില്‍ സ്ത്രീകള്‍ ആത്മാഭിമാനത്തോടെ പങ്കെടുക്കുന്നുണ്ടല്ലോ. അത് സ്ത്രീകളുടെ ഉത്സവമായതുകൊണ്ട് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചൊരു പരാതിയുണ്ടെന്നു തോന്നുന്നില്ല. ആറ്റുകാല്‍ അമ്പലം കാട്ടിലാവാഞ്ഞത് നന്നായി എന്നാണെന്റെ പക്ഷം. സ്ത്രീകള്‍ക്ക് (ചിലപ്പോള്‍ പുരുഷന്മാര്‍ക്കും) നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും സമാധാനമായി യഥേഷ്ടം നടക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലല്ലോ!

ഈ തിരക്കില്‍ യുവതികള്‍ക്ക് പോകണം എന്നുണ്ടോ?

സ്ത്രീ/പുരുഷന്മാരുടെ ‘വിഷയ’ നിയന്ത്രണം സാമൂഹ്യചുറ്റുപാടുകളിലും ബാധകമാണ്. പടിഞ്ഞാറന്‍ നാടുകളില്‍, പ്രത്യേകിച്ചും അമേരിക്കയില്‍ ഒരു പറച്ചിലുണ്ട് – “അപ്പിറ്റയ്സര്‍ വഴിയില്‍ നിന്നു കിട്ടിയാലും ഡിന്നര്‍ വീട്ടില്‍ വന്നേ ആകാവൂ” എന്ന്. അഷ്ടമൈഥുനങ്ങളില്‍ ആദ്യത്തെ ഏഴും അപ്പിറ്റയ്സര്‍ ആണ്. ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങളെപ്പറ്റിയല്ല  ഞാനിവിടെ പറയുന്നത്. വെറുതെ കിട്ടുന്ന ഫ്രീ അപ്പിറ്റയ്സറുകളെപ്പറ്റിയാണ്. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടുകളില്‍, ‘അപ്പിറ്റയ്സറുകള്‍’ തീര്‍ത്തും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. സിനിമകളും പരസ്യങ്ങളും ടീവിയും മറ്റും നമുക്കത് വാരിക്കോരി തരുന്നുമുണ്ട്. മഹാനായ യേശുദാസ് പറഞ്ഞു ‘വടി’പിടിച്ച  ജീന്‍സ് വിഷയവും, ലെഗ്ഗിന്‍സ് വിഷയവും ഇതോടു ചേര്‍ത്ത് വായിക്കാം. ആണും പെണ്ണും എല്ലാമെല്ലാമൊഴിവാക്കി മസിലുപിടിച്ച് മൂടിപ്പുതയ്ക്കണം എന്നെനിക്ക് അഭിപ്രായമില്ല. കാരണം ഇപ്പറഞ്ഞ ആപ്പിറ്റയ്സര്‍ മിതമായി ആസ്വദിക്കുന്ന ആളെന്ന നിലയില്‍ത്തന്നെയാണ് ഞാനിത് പറയുന്നത്. എന്നാല്‍ വ്രതകാലത്തും ഞങ്ങള്‍ക്കീ ആപ്പിറ്റയ്സറുകള്‍ പൊതുസ്ഥലങ്ങളില്‍, വ്രതശുദ്ധിയുള്ള കാട്ടില്‍പ്പോലും വിളമ്പിയേ തീരൂ എന്ന് സ്ത്രീകള്‍, അല്ലെങ്കില്‍ പുരോഗമനവാദികള്‍ വാശിപിടിക്കുന്നത് മര്യാദകേടാണ്. കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ടികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം.

ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് പോകാന്‍ മറ്റുഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അയ്യപ്പക്ഷേത്രങ്ങള്‍ ഉണ്ട്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥനും ശബരിമലയില്‍ സന്യാസിയുമാണ് അയ്യപ്പന്‍. ഒരേയൊരയ്യപ്പന്‍ എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം ഒരാള്‍ക്ക് അച്ഛനും, മകനും ഭര്‍ത്താവും ഭക്തനുമാവാന്‍ എന്താണ് തടസ്സം? ഈ അയ്യപ്പക്ഷേത്രങ്ങളിലും മറ്റു നാടുകളിലുള്ള ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?


നമ്മുടെ സങ്കല്‍പ്പത്തിലുള്ള സനാതനധര്‍മ്മത്തെ പ്രകടമാക്കി നിലനിര്‍ത്തുന്നത് ആചാരങ്ങളാണ്, ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം, അവയുടെ പരിപാലനം ഒരു സമൂഹത്തിന്റെ ആരോഗ്യലക്ഷണമാണ് കാണിക്കുന്നത്. ബഹുസ്വരതയില്ലാത്ത സനാതനസംസ്കാരം സെമെറ്റിക് മതങ്ങളുടെ ‘കറുപ്പ്-വെളുപ്പ്‌’ ദ്വന്ദങ്ങളുടെ നിലവാരത്തിലായിപ്പോകും. നാനാത്വത്തിലാണ് സനാതനസംസ്കാരം വിഭാവനചെയ്യുന്ന ഏകത്വം നിലനില്‍ക്കുന്നത്. അവരവരുടെ നിര്‍വചനങ്ങള്‍ക്കൊത്ത് നാനാത്വം പ്രകടമാക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമ്പോഴാണ്‌ ആത്മീയസമത്വമുണ്ടാവുന്നത്. എന്നാല്‍ സമത്വം പാലിക്കുന്നത് കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരക്രമങ്ങളെ ഏകപക്ഷീയമായി വികലമാക്കിയിട്ടോ നശിപ്പിച്ചിട്ടോ ആവരുത്. ‘താലിബാന്‍ നശിപ്പിച്ച ബുദ്ധപ്രതിമകളെ’ മറക്കാന്‍ കാലമായിട്ടില്ലല്ലോ!


Friday, October 31, 2014

സദാചാരം! (വെജിറ്റേറിയന്‍)

സദാചാരം! (വെജിറ്റേറിയന്‍)




ദിനപ്പത്രങ്ങളിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളാണല്ലോ പെണ്‍കുട്ടികളുടെ ജീന്‍സും നാട്ടിലെ ചുംബനമഹാമഹവും സദാചാരപ്പോലീസുമെല്ലാം. കുറച്ചു ദിവസം ഇതിനെപ്പറ്റി ഒന്നും മിണ്ടാതെ ഭൂരിപക്ഷം ബുദ്ധിജീവികളില്‍ ഒരാളെപ്പോലെ ഞാനും വാര്‍ത്തകള്‍ വായിച്ചും അതിലെ ഉപ്പും മധുരവും നുണഞ്ഞും ചിലപ്പോള്‍ അകത്തൊരു ‘ലഡ്ഡു’ പൊട്ടിച്ചുമൊക്കെ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ പണ്ടത്തെ ഒരു സംഭവകഥയോര്‍ത്തത്. കോളേജില്‍ പഠിച്ചുനടക്കുന്ന കാലം. 

എണ്‍പതുകളുടെ തുടക്കം. പ്രായം, ഇരുപതിന്റെ ആരംഭം. ഇപ്പോഴത്തെ പിള്ളാരെപ്പോലെയല്ലാ, ഇരുപതായിട്ടും സൌന്ദര്യാസ്വാദനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി അന്വേഷണം തുടങ്ങുന്നതെയുള്ളു. അന്ന് പ്രഫഷണല്‍ കോളേജുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടന്നാലോ കപ്പികുടിക്കാന്‍ കയറിയാലോ ആ നാട്ടിന്‍പുറത്തെ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മാത്രമല്ല, ഞങ്ങളെല്ലാം സാദാ ‘വെജിറ്റേറിയന്‍സ്’ ആയിരുന്നു. ‘കാപ്പി മാത്രം’ കുടിച്ച് കുറച്ചു വര്‍ത്തമാനം പറഞ്ഞു മാനമായി പുറത്തുവരുന്ന ഇടപാടുകാരുമായിരുന്നു. ആണ്‍കുട്ടികളുടെ കൂടെകൂട്ടാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ മാത്രമേ ഞങ്ങള്‍ക്ക് അന്ന് കൂട്ടുകാരായി ഉണ്ടായിരുന്നുള്ളുതാനും. അതായത്, അത്യാവശ്യം സിനിമ (അരവിന്ദന്‍-അടൂര്‍ ലൈന്‍, ഏറിവന്നാല്‍ ഒരു ഭരതനോ പത്മരാജനോ ആവാം), സാഹിത്യവാരഫലം, കടമ്മനിട്ട, ഇങ്ങിനെയൊക്കെയുള്ള വാക്കുകള്‍ കേട്ടാല്‍ ഓടാത്തവരുടെ ഒരു കൂട്ടമാണ് കേട്ടോ. പിന്നെ രാഷ്ട്രീയമായിപ്പറഞ്ഞാല്‍ സ്ഥിരം അമ്പലത്തില്‍ ‘ശാഖ’യ്ക്ക് പോവുന്ന  ഒരു ആറെസ്സെസ്സുകാരന്‍, നക്സല്‍ ആണോ എന്ന് എസ്എഫ് ഐക്കാര്‍ സംശയത്തോടെ നോക്കിയിരുന്ന മറ്റൊരാള്‍, രാജന്‍ കേസില്‍ കരുണാകരന്‍ നിരപരാധിയാണെന്നുറപ്പുള്ള ഒരപ്പാവി മേനോന്‍, ഇങ്ങിനെയെല്ലാമുള്ള ‘സമാന’-സഹൃദയര്‍ക്കൊപ്പം രണ്ടു മൂന്നു പെണ്‍കൊടികളും ചേര്‍ന്നാണ് നടപ്പ്. ആകെ എല്ലാവരും ചേര്‍ന്നൊരു കമ്പനിയെന്നല്ലാതെ  ‘ഇന്നാര്‍ക്ക് ഇന്നാരെന്ന്’ എഴുതി വച്ചിട്ടുള്ള കൂട്ടുകാര്‍ ആയിരുന്നുമില്ല ഞങ്ങള്‍. അങ്ങിനെയുള്ള റൊമാന്‍സൊന്നും ഇല്ലാതെ തന്നെ ജീവിതം ‘സുരഭില’മാണെന്ന് തോന്നിയിരുന്ന കാലം.

ക്ലാസ്സുകഴിഞ്ഞ് ഒരു വൈകുന്നേരം, കൂട്ടത്തിലൊരാളുടെ പിറന്നാള്‍ പ്രമാണിച്ച് ബ്രാഹ്മണാള്‍ ഹോട്ടലില്‍ നിന്നും മസാലദോശ സഹിതമായിരുന്നു കാപ്പി. അതുകഴിഞ്ഞ് ഓരോരുത്തരായി അവരവരുടെ വഴിക്കുള്ള ബസ്സുകളില്‍ കയറി. ബസ്റ്റാന്റിനടുത്തുള്ള ജവുളിക്കടയ്ക്ക് മുന്നിലെത്തിയ ബെന്നി ഒന്ന് നിന്നു. ‘എനിക്കൊരു സാധനം വാങ്ങണം, നീ വരുന്നോ?’ അവന്റെ കയ്യില്‍ ചെറിയൊരു കഷണം തുണിയുണ്ട്. സാമാന്യം തെറ്റില്ലാത്ത കടയാണ്. സെയില്‍സ്ഭാഗം മുഴുവന്‍ മദ്ധ്യവയസ്കരായ, മുണ്ട് മടക്കിക്കുത്തിയ അച്ചായന്മാര്‍. പിന്നെ കടയിലുള്ളത് തുണിവാങ്ങാനെത്തിയ കുറച്ചു കുടുംബങ്ങള്‍. ബെന്നി കയ്യിലുള്ള തുണിക്കക്ഷണം  കാണിച്ചിട്ട് പറഞ്ഞു. ‘ഈ നിറത്തിലുള്ള ഒരു ബ്ലൌസ് പീസ്‌ വേണം’. ഉടനെതന്നെ നാലഞ്ചു തരം തുണികള്‍ പുറത്തെടുത്ത് നിരത്തി അവര്‍ വിലയും മറ്റും പറഞ്ഞു തുടങ്ങി. ഞാനാണെങ്കില്‍ യാതൊരു താല്‍പ്പര്യവുമില്ലാതെ നില്‍ക്കുന്നു. അടുത്ത ബസ്സുപിടിക്കണം! ‘ഇതെങ്ങിനെയുണ്ട്‌?’ ബെന്നി എന്നോടു ചോദിച്ചു. ചുവപ്പ് കൂടിയ മെറൂണ്‍ നിറത്തിലൊരു തുണി, ബെന്നിക്കിഷ്ടപ്പട്ടു. ‘നോക്കട്ടെ’, ഞാന്‍ തുണിയെടുത്ത് ട്യൂബ് ലൈറ്റിന് നേരെ പിടിച്ചു നോക്കി. തുണിയിലൂടെ നോക്കുമ്പോള്‍ അപ്പുറത്തുള്ള എല്ലാം വ്യക്തമായി കാണാം. ‘നിറമൊക്കെ എനിക്കും ഇഷ്ടപ്പെട്ടു. ആട്ടെ, ആര്‍ക്കുവേണ്ടിയാണിത്? നമ്മുടെ മോളിച്ചേച്ചിക്കാണോ? എന്നാല്‍ നമുക്കിത് വേണ്ടടാ. ഇതൊക്കെ മറ്റുള്ളവരുടെ ചേച്ചിമാരിട്ടു നടക്കട്ടെ. നമ്മുടെ പെങ്ങമ്മാര്‍ക്കിതു പറ്റില്ല.’ കടയില്‍ വലിയൊരു കൂട്ടച്ചിരി. ചട്ടയും മുണ്ടുമിട്ട ചില അമ്മച്ചിമാര്‍ സ്നേഹത്തോടെ ഞങ്ങളെ നോക്കി. എന്റെ പറച്ചില്‍ ഒരല്‍പം ഉറക്കെയായിപ്പോയോ എന്നൊരു സംശയം. പിന്നെ അവിടെ നിന്നിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നത് നല്ല കട്ടിയുള്ള തുണിയാണ്. അതേ നിറം! മോളിച്ചേച്ചിക്ക് അതിഷ്ടമായോ ആവോ!