Saturday, March 7, 2015

ശാസ്ത്രസാന്നിദ്ധ്യം - പ്രാചീന സംസ്കൃതഗ്രന്ഥങ്ങളില്‍

ഡോ. ഏ. പി. സുകുമാര്‍, കാനഡ



ഏതൊരു സൃഷ്ടിയുടെയും കണ്ടുപിടുത്തത്തിന്റെയും ആരംഭം കുറിക്കുന്നത് അവയെക്കുറിച്ച് ഒരുവന്‍ സ്വപ്നം കാണുന്നത് മുതലാണ്‌. പലപ്പോഴും നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങളുടെ അവസാനമാകാം ആ ഒരു സ്വപ്നം നല്ലൊരു സങ്കല്പ്പമായി ഉരുത്തിരിഞ്ഞു മനുഷ്യോപകാരപ്രദങ്ങളായ കണ്ടുപിടുത്തങ്ങളും മറ്റുമാവുക. എന്നാല്‍ ആ സ്വപ്നം മുഴുവനുമായും പ്രായോഗികതലത്തിലെത്തിച്ചാല്‍ മാത്രമേ അതിനൊരു സൃഷ്ടിയുടെ സ്ഥാനം അല്ലെങ്കില്‍ പ്രാധാന്യം നല്‍കൂ എന്നുള്ളത് പരിമിതമായ ബുദ്ധിയുടെ വെറും പിടിവാശി മാത്രമാണെന്ന് തോന്നുന്നു. പത്താം ക്ലാസ്സുവരെ പഠിച്ച ശാസ്ത്രത്തിന് യോജിച്ച കാര്യങ്ങളേ അംഗീകരിക്കൂ എന്ന് പറഞ്ഞാൽ അതും ഒരന്ധവിശ്വാസം തന്നെയെന്ന് പറയേണ്ടിവരും.  ലിറ്റ്മസ് ടെസ്റ്റ് തലത്തിൽ നിന്നും ഉയർന്നു ചിന്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉയർന്ന തലത്തിലുള്ള ശാസ്ത്രം പഠിക്കാൻ കഴിയൂ. 
പറഞ്ഞു വരുന്നത് വേദങ്ങളിലും മറ്റു പ്രാചീന ഭാരതീയഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ശാസ്ത്രസത്യങ്ങളെയും ‘കണ്ടുപിടുത്തങ്ങളെയും’ കുറിച്ചാണ്. അവയില്‍പ്പറയുന്ന തെല്ലാം ഇപ്പോള്‍ പ്രവൃത്തിയില്‍ ആവര്‍ത്തിച്ചു കാണിച്ചുകൊടുക്കാനുള്ള അറിവ് ഇന്നത്തെ ശാസ്ത്രത്തിനുണ്ടാകണമെന്നില്ല. എന്നാല്‍ അവയില്‍ പ്രതിപാദിക്കപ്പെട്ടി ട്ടുള്ള ശാസ്ത്രങ്ങളിലെ ‘സാദ്ധ്യതാസാന്നിദ്ധ്യത്തെ’ തള്ളിക്കളയാന്‍ എന്നിലെ ശാസ്ത്രബുദ്ധി അനുവദിക്കുന്നില്ല. അല്ലെങ്കിലും പുതുശാസ്ത്രങ്ങള്‍ പലതും സാദ്ധ്യതകളെപ്പറ്റിയുള്ള പഠനങ്ങള്‍ തന്നെയാണല്ലോ. 
കുറച്ചു നാൾ മുൻപ് ത്രിപുരയിലെ മുഖ്യമന്ത്രി പുരാണകാലത്തെ ‘ഇന്റര്‍നെറ്റ്’ സാങ്കേതികവിദ്യയെപ്പറ്റി പറഞ്ഞത്  ‘വിഡ്ഢിത്തം’ മാത്രമാണെന്ന് പെട്ടെന്ന് തന്നെ വിധിക്കാന്‍ വളരെയധികം പേര്‍ ഉണ്ടായി. അങ്ങിനെയുള്ള നിരാകരണം ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയക്കാരുടെ ‘തള്ളലിന്റെ’ സ്വഭാവത്തിലാണ് അക്കാര്യം മലയാളം പത്രങ്ങളില്‍ വന്നതും. പക്ഷേ ഈ ‘തള്ളലിന്റെ’ പുറകില്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന് അന്യോഷിക്കുന്നതിനു മുന്‍പുള്ള വിധി പറച്ചില്‍ ഞാന്‍ പഠിച്ച ശാസ്ത്ര-ഗവേഷണ രീതികള്‍ക്ക് ചേരുന്നതല്ല.   

 കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ദേശീയശാസ്ത്രസമ്മേളനത്തില്‍  ഭാരതത്തില്‍  ഇതുവരെയുള്ള ശാസ്ത്രസമ്മേളനങ്ങളില്‍ പൊതുവേ അവഗണിച്ചിരുന്ന പ്രാചീന സംസ്കൃത കൃതികളിലെ ശാസ്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു ചര്‍ച്ചയാണിത്. അതില്‍ ഒരു സെഷനിലെ പ്രഭാഷണങ്ങളില്‍ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും വിമാനങ്ങളെക്കുറിച്ചും ഭൌമയാത്രകളെക്കുറിച്ചുമുള്ള പരാമര്‍ശം ഉണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചത് പ്രമുഖരടക്കം ചിലരുടെയുള്ളിലെങ്കിലും അലോസരം ഉണ്ടാക്കിയിരുന്നു! എഴുത്തുകാര്‍ക്കും സ്യൂഡോ ശാസ്ത്രജ്ഞന്‍മാര്‍ക്കുമെല്ലാം എങ്ങിനെയോ വന്നുപെട്ട ഉളുപ്പ് ഇനിയും പോയിട്ടില്ല. ദേശീയ ശാസ്ത്രകോണ്ഗ്രസ്സില്‍ പൂര്‍ണ്ണമായ തെളിവുകളും പ്രോട്ടോടൈപ്പുകളും കൂടാതെ നമ്മുടെ ശാസ്ത്രപൈതൃകത്തെപ്പറ്റി ഇങ്ങിനെ വിളിച്ചു പറയാമോഎന്നാണ് അവരുടെ സംശയം. അവര്‍ക്കത് നാണക്കേടാണത്രേ! ഈ വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ എല്ലാത്തിലും പ്രസ്തുതവിഷയങ്ങളില്‍ പുനര്‍പഠനം അനിവാര്യമാണെന്ന് അവതാരകര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അവര്‍ ആവശ്യപ്പെട്ടത് ഈദൃശവിഷയങ്ങളില്‍ പഠനങ്ങള്‍ തുടങ്ങണം അല്ലെങ്കില്‍ തുടരണമെന്നാണ്. ഇതാദ്യമായാണ് ദേശീയമായ ഒരു സെമിനാര്‍ സംസ്കൃതഗ്രന്ഥങ്ങളിലെ ശാസ്ത്രസത്യങ്ങളെപ്പറ്റി ഗൌരവപരമായി പരാമര്‍ശിക്കുകപോലും ചെയ്യുന്നത്..  

വേദങ്ങളും പുരാണങ്ങളും എല്ലാം വെറും വിടുവായത്തരംമാത്രമാണെന്ന് പറയുന്നവരോട് പറഞ്ഞുപിടിച്ചു നില്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. അറിയാനും അറിയിക്കാനുമല്ല’, മറിച്ച് തര്‍ക്കിക്കാനും ജയിച്ചുവെന്ന് ഉറക്കെപ്പറഞ്ഞു സ്വയം സമാധാനിക്കാനും മാത്രമാണവര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍ ഉണ്ടായിരുന്ന ശാസ്ത്രപൈതൃകത്തെ ഇകഴ്ത്തിക്കാണിക്കാന്‍ അവര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. ആയുര്‍വേദവും മറ്റും വിദേശരാജ്യങ്ങളില്‍പ്പോലും പ്രചാരത്തിലാവുമ്പോള്‍ നമ്മുടെ നാട്ടില്‍ പലരും അതിനു വേണ്ടത്ര സ്ഥാനം കൊടുത്തു കാണുന്നില്ല. എന്നാല്‍ പലയിടങ്ങളിലും ശാസ്ത്രഗവേഷണക്കാര്‍ പുരാതനമായ ശാസ്ത്രസങ്കല്‍പ്പങ്ങളെ വെറുതെയങ്ങ് സ്വീകരിക്കുന്നില്ല, നിരാകരിക്കുന്നില്ല; മാത്രമല്ല പലയിടത്തും വിപുലമായ പഠനങ്ങള്‍ നടക്കുന്നുമുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ ശാസ്ത്രസമ്മേളനങ്ങളില്‍ ത്തന്നെയാണ് ഇത്തരം പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അവയിലെ നെല്ലും പതിരുംതിരിച്ചറിയണമെങ്കില്‍ ഗവേഷണകുതുകികള്‍ക്ക് പൌരാണികമായ ശാസ്ത്രങ്ങളുടെ സാദ്ധ്യതാസാന്നിദ്ധ്യംഅറിയണമല്ലോ. ശാസ്ത്രങ്ങളിലെ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്നതും അവയിലെ ഇതുവരെ പിന്തുടര്‍ന്ന മാര്‍ഗ്ഗങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്നതും ഗവേഷണങ്ങള്‍ തന്നെയാണ്. ഞാന്‍ പഠിച്ചിരുന്ന കാലത്തെ ഒരു തമാശ നോക്കുക. രണ്ടു ഗവേഷണബിരുദങ്ങളുള്ള ഒരു പ്രഫസര്‍ അവിടെയുണ്ടായിരുന്നു. ആദ്യത്തെ പിഎച്ഡി ഒരു സിദ്ധാന്തം അവതരിപ്പിച്ചതിനാണ്. പതിനഞ്ചുകൊല്ലം കഴിഞ്ഞ് അതേ സിദ്ധാന്തം തെറ്റായിരുന്നുവെന്നു തെളിയിച്ചതിനാണത്രേ രണ്ടാമത്തെ പിഎച്ഡി ! താനടക്കം മൂന്നു നാലുപേര്‍ എഴുതി പ്രസിദ്ധീകരിച്ച ഗവേഷണലേഖനങ്ങള്‍ പലതും തിരുത്തപ്പെടേണ്ടവയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു എന്നതാണ് കഥ. ശാസ്ത്രത്തിലും ഗവേഷണഫലങ്ങളിലും പല തരത്തിലും ഗുണത്തിലുമുള്ള തിരുത്തലുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തോല്‍വിയല്ല, മറിച്ച് പുതുമയെ അംഗീകരിക്കാനുള്ള അതിന്റെ സന്നദ്ധതയെയാണ് കാണിക്കുന്നത്. പഴമയെ പഠിക്കാതെ എങ്ങിനെയാണ് പുതുമയെ കണ്ടെത്തുക? സ്വീകരിക്കുക?

പ്രാചീനകാലത്ത് പ്ലാസ്റ്റിക് സര്‍ജറിയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കിയവര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയമാകരുത് അവിടെ ചര്‍ച്ചാവിഷയം. ശാസ്ത്രമാകണം. ആധുനികവൈദ്യത്തിലും ശസ്ത്രക്രിയപഠിക്കുന്നവര്‍ക്ക് വിദേശങ്ങളിലായാലും സുശ്രുതനെപ്പറ്റി പഠിക്കണം എന്ന് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഇവിടെ കാനഡയില്‍ മെഡിസിന് പഠിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ ഒരു ചെറുപ്പക്കാരന്‍ സുശ്രുതനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് മെഡിക്കല്‍ പഠനത്തിനിടക്കാണ്. അച്ഛനിത് അറിയാമായിരുന്നോഎന്നായിരുന്നു അവന്റെ അച്ഛനായ ഡോക്ടറോട് അവന്‍ ചോദിച്ചത്. സീനിയര്‍ ഡോക്ടര്‍ അത് മറന്നുപോയിരുന്നു’. അദ്ദേഹം ഇന്ത്യയില്‍ പഠിച്ചകാലത്ത് ഇക്കാര്യങ്ങള്‍ ഏതെങ്കിലും പ്രഫസര്‍മാര്‍ പറഞ്ഞെങ്കിലായി ഇല്ലെങ്കിലുമായി എന്ന മട്ടായിരുന്നു. ഇപ്പോഴും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്തോ?. ഞാന്‍ ഇവിടെ എംബിഎ ചെയ്തപ്പോള്‍ പഠിച്ച ഒരു വിഷയത്തില്‍ ഭഗവദ് ഗീതയിലെ കര്‍മ്മപ്രിന്‍സിപ്പിള്‍’ (just do it) മെയിന്‍ സ്ട്രീമില്‍ പഠിക്കാനുണ്ടായിരുന്നു. ഭാരതീയനെന്ന നിലയില്‍ അതിലൊരു സെമിനാര്‍ അവതരിപ്പിക്കാന്‍ എനിക്കവസരവും കിട്ടിയിരുന്നു. 


  























വിമാനശാസ്ത്രത്തെപ്പറ്റിയുള്ള അനവധി ഗ്രന്ഥങ്ങള്‍ നമുക്ക് മനസ്സിലാവാത്ത പ്രാചീനഭാഷയില്‍ (അതേ, സംസ്കൃതം തന്നെയാണ് ഞാനുദ്ദേശിച്ചത്) ഉണ്ടെന്ന് അതിനെപ്പറ്റി വിവരമുള്ളവര്‍ പറയുമ്പോള്‍ അതിനെപ്പറ്റി ഒന്നാലോചിക്കുക പോലും ചെയ്യാതെ അതിനെ എതിര്‍ക്കുമ്പോള്‍ ശാസ്ത്രമല്ല, മനുഷ്യന്‍ തന്നെയാണ് തോല്‍ക്കുന്നത്. ദേശീയസെമിനാറില്‍ പങ്കെടുത്ത ആളുകള്‍ ഈ വിഷയങ്ങളില്‍ ജ്ഞാനമുള്ളവര്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിസ്മയകരമായ രീതിയില്‍ വൈമാനികസിദ്ധാന്തം കൈകാര്യം ചെയ്യുന്ന അനേകം ഗ്രന്ഥങ്ങളുണ്ടത്രേ. വ്യക്തിപരമായി അവയൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല. പക്ഷെ ഭരദ്വാജന്റെ യന്ത്രസര്‍വ്വസ്വത്തിലെ വൈമാനികപ്രകരണത്തില്‍ റെഫര്‍ ചെയ്തിട്ടുള്ള വിവിധങ്ങളായ വിമാന വിഷയങ്ങളെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ് എന്നറിയാം! വിമാന നിര്‍മ്മാണം, ഉണ്ടാക്കാനുള്ള വസ്തുക്കള്‍, പറക്കുന്ന രീതികള്‍ ഇവയെക്കുറിച്ചെല്ലാം വിശദമായി ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ളപ്പോള്‍ വിമാനം പ്രായോഗികതലത്തില്‍ ഒരിക്കലും ഭാരതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. പല കാലങ്ങളില്‍ പലര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ എല്ലാം ഒരേ കോണ്‍സേപ്റ്റ് തന്നെയായ സ്ഥിതിക്ക് നമ്മെ വഴിതെറ്റിക്കാന്‍ ആരൊക്കെയോ സംഘടിതമായി പല കാലഘട്ടങ്ങളില്‍ ഈ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചു എന്ന അയുക്തികമായ ഒരു മുന്‍വിധിക്ക് പകരം അങ്ങിനെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ശാസ്ത്രീയസത്യങ്ങള്‍ കണ്ടെത്താന്‍ നമുക്കാവുമോ എന്നാണ് നോക്കേണ്ടത്. ഗ്രന്ഥങ്ങളും അവയിലെ പല ഉള്ളടക്കങ്ങളും കാലക്രമത്തില്‍ നാശനഷ്ടം വന്നിട്ടുണ്ടാകുമെന്നും  അനുമാനിക്കേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രയാനില്‍പ്പോലും പ്രാചീനശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങള്‍ ഐഎസആര്‍ഒ പോലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നത് ശുഭോദര്‍ക്കമാണ്. നാസാമിഷനുകളിലും  പുരാതന ഭാരതീയ ഗണിതശാസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്  (പ്രഫസര്‍ മഞ്ജുള്‍ ഭാര്‍ഗ്ഗവ, പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റി).

മറ്റൊരു കാര്യം ചരിത്രത്തിന്റെ വരുതിയില്‍ ഒതുങ്ങുന്ന കാലഗണനയാവില്ല ആ ഗ്രന്ഥങ്ങളുടെ മൂലരചനകള്‍ക്ക് എന്നതാണ്. പുരാണകാലം എന്നത് ഏതാണ് എന്നതിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ സൂചനകള്‍ മാത്രമേയുള്ളൂ. ഉദാഹരണത്തിന് വിമാനങ്ങളെപ്പറ്റി പല പുരാണങ്ങളിലും വിശദമായ പരാമര്‍ശങ്ങളുണ്ട്‌. ഭാഗവതം, ദേവീഭാഗവതം, രാമായണം, യോഗവാസിഷ്ഠം മുതലായ ഗ്രന്ഥങ്ങളില്‍ വിമാനയാത്ര ഒരു സാധാരണ കാര്യംപോലെയാണ് പലയിടത്തും പറഞ്ഞിട്ടുള്ളത്. ദേവീഭാഗവതത്തില്‍ ഉപരിചരന്‍ എന്നൊരു രാജാവിനെപ്പറ്റി പറയുന്നു. അദ്ദേഹത്തിന് ആ പേരുണ്ടായത് ഇന്ദ്രന്‍ സമ്മാനിച്ച വിമാനത്തില്‍ അദ്ദേഹം ഉപരിതലത്തില്‍ ഉയര്‍ന്നു യാത്ര ചെയ്യുന്നതുകൊണ്ടാണത്രേ! ഒരുപക്ഷേ അക്കാലത്തും അതൊരു പുതുമയായിരുന്നിരിക്കാം. രാവണന്റെ പുഷ്പകവിമാനം, ശാല്വന്റെ സൌഭം, കൈലാസം, മണികം എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിമാനങ്ങളെപ്പറ്റി പുരാണങ്ങള്‍ പരാമര്‍ശിക്കുന്നു. മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നതിനെപ്പറ്റിയും നമുക്ക് പുരാണത്തില്‍ വായിക്കാം.

(ഇവയെക്കുറിച്ചൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല – സുകുമാര്‍ )
    
പുരാണങ്ങളിലും കാവ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് അവയില്‍ അപ്പപ്പോള്‍ത്തന്നെ ശാസ്ത്രീയവ്യാഖ്യാനങ്ങള്‍ കൂടി കാണണമെന്ന് ശഠിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ‘പുരാണകഥകളായ’ നോവലുകള്‍ എടുക്കുക. അതില്‍ നാം ‘ഗൂഗിളിനെ’ പറ്റിയും, ‘ആറ്റംബോംബി’നെപ്പറ്റിയുമെന്നുവേണ്ട എത്രയെത്ര കാര്യങ്ങളെപ്പറ്റി ഒരൊഴുക്കില്‍ വായിച്ചു പോകാറുണ്ട്! അവയെപ്പറ്റിയെല്ലാം നോവലുകളില്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കുക എന്നത് നാം പ്രതീക്ഷിക്കുന്ന കാര്യമേയല്ല. ആ സംഗതികളെപ്പറ്റി നോവലെഴുതിയ ആളുടെ ജ്ഞാനം മിക്കവാറും പൂര്‍ണ്ണമാകാറുമില്ല. എന്നാല്‍ ഒന്നുണ്ട്- നോവല്‍ രചനയുടെ കാലത്ത് അങ്ങിനെയല്ലെങ്കില്‍ ആ നൂറ്റാണ്ടിലെങ്കിലും ‘ഗൂഗിളും’ ‘ആറ്റംബോംബും’ എല്ലാം ആളുകള്‍ക്ക് കേട്ട്‌ പരിചിതമായ ‘സംഗതികള്‍’ തന്നെ ആയിരിക്കും. അതല്ലെങ്കില്‍ നോവലിന് വായനാക്ഷമത ഉണ്ടായിരിക്കുകയില്ല. സയന്‍സ് ഫിക്ഷന്‍ നോവലുകളിലും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ആശയനിര്‍മ്മിതിയുടെ തലത്തില്‍ നാം അനുവദിച്ചു കൊടുത്തിട്ടുള്ളത് ‘സാദ്ധ്യതാസാന്നിദ്ധ്യം’ തന്നെയാണല്ലോ? പുരാണങ്ങളിലും മറ്റും പറയുന്ന വിമാനങ്ങളും അതിസൂക്ഷ്മങ്ങളും അതിശക്തങ്ങളുമായ ആയുധങ്ങളും മറ്റും എല്ലാം ഇതുപോലുള്ള സാദ്ധ്യതകളായിട്ടാണ് എനിക്ക് തോന്നുന്നത്. അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതിനുമുന്‍പ് സങ്കല്പം മാത്രമായി നിലനിന്നിരുന്നവയില്‍ എത്രയോ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലായിക്കഴിഞ്ഞു എന്നും നാം ചിന്തിക്കണം.

ചിലര്‍ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് പലപ്പോഴും പടിഞ്ഞാറന്‍ നാടുകളില്‍ കണ്ടുപിടുത്തങ്ങള്‍ നടന്നു കഴിഞ്ഞിട്ട് ഭാരതീയര്‍ നമ്മുടെ ‘പഴം പുരാണം’ പ്രകീര്‍ത്തിക്കുന്നതെന്ന്. കാരണം മറ്റൊന്നുമല്ല, സംസ്കൃതത്തില്‍ പുരാതന കാലം മുതല്‍ക്ക് എഴുതിയും പറഞ്ഞും വെച്ചിട്ടുള്ള കാര്യങ്ങള്‍ പഠനവിഷയമാക്കാന്‍ ആര്‍ജ്ജവത്തോടെയുള്ള ഒരു പ്രവര്‍ത്തനം നാം നടത്തുന്നില്ല എന്നത് തന്നെയാണ്. ലോകത്ത് പുതുതായി എന്തെങ്കിലും കണ്ടു പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മില്‍ ചിലരെങ്കിലും നമ്മുടെ വേര് തിരഞ്ഞുപിടിച്ചു പോകുന്നത്. എന്നാല്‍ അതിനെപ്പോലും അവജ്ഞയോടെ കാണുന്നവരാണ് കൂടുതലും ഉള്ളത്. അതിനുള്ള പ്രോത്സാഹനവും ഒരിടത്തുനിന്നും കിട്ടുന്നുമില്ല.

സംസ്കൃതത്തില്‍ ഉള്ള പല ശാസ്ത്രഗ്രന്ഥങ്ങളും പുരാണങ്ങളുടെ ‘കഥാബലം’ കൊണ്ടല്ല നിലനില്‍ക്കുന്നത്. അവയില്‍ അപൂര്‍ണ്ണമായ സിദ്ധാന്തങ്ങള്‍ ചിലപ്പോള്‍ ഉണ്ടെന്നുവരാം. അവയെ പൂര്‍ണ്ണമാക്കുകയാണ് ഗവേഷണകുതുകികള്‍ ചെയ്യേണ്ടത്. ലോകത്തിലെ പലയിടങ്ങളിലും അത്തരം മുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

പല വേദശാസ്ത്രഗ്രന്ഥങ്ങളിലും ശാസ്ത്രകാവ്യങ്ങളിലും ഗണിതശാസ്ത്രഗ്രന്ഥങ്ങളിലും മറ്റുമുള്ളത് ശുദ്ധമായ ശാസ്ത്രം തന്നെയാണ്. അവ സംസ്കൃതത്തില്‍ ആയതുകൊണ്ട് ആര്‍ക്കും കുറച്ചിലൊന്നും തോന്നേണ്ടതായില്ല. സാധാരണ ജനങ്ങളില്‍ ആ ഗ്രന്ഥങ്ങള്‍ ഒരിക്കലും എത്തിയിരുന്നിട്ടില്ല എന്നുള്ളത് സത്യമാണ്. ഇപ്പോഴും സംസ്കൃതം പൊതുജനത്തിന് അത്ര വഴങ്ങുന്നില്ലല്ലോ. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരാന്‍ അതിനുണ്ടായിരുന്ന സാദ്ധ്യത മുഴുവനും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇതിനു മാറ്റം വരുത്തുവാന്‍ പല പദ്ധതികളും നടപ്പിലായി വരുന്നുണ്ട് എന്നത് വളരെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. മൂര്‍ത്തി ഫൌണ്ടെഷന്‍ ഹാര്‍വാര്‍ഡ്‌ യൂണിവേര്‍സിറ്റിയുമായി ചേര്‍ന്ന് ഭാരതീയമായ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്ത് പ്രചരിപ്പിക്കുന്നതിനായി അഞ്ചു മില്യന്‍ ഡോളറിന്റെ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇവയില്‍ വേദശാസ്ത്രങ്ങള്‍ മാത്രമല്ല, കാവ്യങ്ങളും, മറ്റു ശാഖകളും ഉണ്ടാവും. മാത്രമല്ല സംസ്കൃതേതരമായ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ഉത്തമഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

കുറച്ചു കാലം മുൻപ് ഫീല്‍ഡ്സ് മെഡല്‍ (കണക്കിലെ നോബല്‍ സമ്മാനം എന്നാണിതിനെ വിളിക്കുന്നത്) കിട്ടിയ പ്രഫസര്‍ മഞ്ജുള്‍ഭാര്‍ഗ്ഗവ (പ്രിന്‍സ്ടന്‍, ലെയ്ഡന്‍, യൂണിവേര്‍സിറ്റികള്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി - കാനഡയില്‍ വളര്‍ന്ന ഇന്ത്യന്‍ വംശജന്‍ - അച്ഛന്‍ മലയാളിയാണ്) പറയുന്നത് അദ്ദേഹത്തിന് കണക്കിന്റെ അടിത്തറ കിട്ടിയത് സംസ്കൃതകാവ്യങ്ങളില്‍ നിന്നാണെന്നാണ്. അമേരിക്കയിലെ പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റിയിലും മറ്റും പഠിപ്പിക്കുമ്പോള്‍ സംസ്കൃതത്തില്‍ ഉള്ള ഗണിതശാസ്ത്രകാവ്യങ്ങളില്‍ സമഗ്രമായി സന്നിവേശിപ്പിച്ച മാത്തമാറ്റിക്കല്‍ തിയറങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ‘കളിക്കാനായി’ അദ്ദേഹം കൊടുക്കാറുമുണ്ട്. ഫിബോനാച്ചി നമ്പറുകള്‍ എന്ന് പ്രസിദ്ധമായ അക്കങ്ങള്‍ 1,2,3,5,8,13,21,34,.... ഇങ്ങിനെ പോകുന്ന നമ്പറുകളാണ്. തബലയുടെ താളപ്പെരുക്കങ്ങള്‍ മുതല്‍ പൂവിതളുകളുടെ വിതാനം വരെ വിശദീകരിക്കാന്‍ ഈ നമ്പറുകള്‍ക്കാവും. വാസ്തവത്തില്‍ ഇവ ഫിബിനോച്ചിക്ക് മുന്‍പേയുണ്ടായിരുന്ന ‘ഹേമചന്ദ്ര’ അക്കങ്ങള്‍ (1050 AD - 200 years before Febinaacchi) ആണത്രേ! അതുള്ളത് നല്ലൊരു സംസ്കൃതകാവ്യത്തിലുമാണ് (ഛന്ദശാസ്ത്രം). ഉദാഹരണത്തിന്, എട്ടു മാത്രകളുള്ള ഒരു വാക്ക് കാവ്യത്തില്‍ സന്നിവേശിപ്പിക്കുവാന്‍ എത്ര സാദ്ധ്യതകള്‍ ഉണ്ടെന്നു നോക്കിയാല്‍ 34 എന്ന് കാണാം. അത് തന്നെയാണ് എട്ടു ബീറ്റുകള്‍ ഉള്ള ആദിതാളത്തിന്റെ സ്ഥിതിയും. 

പ്രഫസര്‍ ഭാര്‍ഗ്ഗവ പറയുന്നു: “സംസ്കൃതഭാഷയ്ക്ക് സ്വതവേയുള്ള ശാസ്ത്രീയസ്വഭാവം കാരണം പല ഭാഷാശാസ്ത്രസംബന്ധിയായ കാവ്യങ്ങളും ഗണിതശാസ്ത്രവും വെവ്വേറെ വിഷയങ്ങളായി പ്രാചീനര്‍ കണ്ടിരുന്നില്ല. അവയെ സമ്യക്കായി അവതരിപ്പിച്ചിട്ടുള്ള  പാണിനി, പിംഗള, ഹേമചന്ദ്ര, ആര്യഭടന്‍, ഭാസ്കരന്‍, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ മഹാന്മാരുടെ കൃതികള്‍ സംസ്കൃതത്തില്‍ത്തന്നെ വായിക്കാന്‍ എനിക്ക് ചെറുപ്പത്തിലേ അവസരം കിട്ടിയിരുന്നു. അവരുടെ കാവ്യങ്ങളില്‍ ഗണിതശാസ്ത്രത്തിലെ അതിഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവയെല്ലാം എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് വളരെ പ്രചോദനപ്രദമാണ് (അഭിമുഖം ഇന്ത്യാ ടുഡേയില്‍. ലേഖകന്റെ തര്‍ജ്ജമ)

ശാസ്ത്രത്തെ ബഹുമാനത്തോടെ കാണുന്നവര്‍ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ്, എങ്ങിനെയാണ് എന്നൊക്കെ കണ്ടു പിടിക്കുന്നതിലാണ് ശ്രദ്ധിക്കുക. അല്ലാതെ വായിക്കുന്നതിനു മുന്‍പേ, പഠിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ തള്ളിക്കളയുന്നതിലല്ല ശാസ്ത്രത്തിന്റെ ഭാവി നിലനില്‍ക്കുന്നത്. ശാസ്ത്രകാരന്മാര്‍ ഓരോ പ്രബന്ധങ്ങളിലെയും നെല്ലും പതിരും തിരിക്കുന്നത് രാഷ്ട്രീയമോ മറ്റു മാനദണ്ഡങ്ങളോ നോക്കിയാവരുത്. ഏതു വിഷയമാണെങ്കിലും പഠിക്കാന്‍ തുടങ്ങിയാലേ സംശയമുള്ളു. അല്ലെങ്കിലും ഒരുവിഷയത്തിലെ പണ്ഡിതന്‍ അദ്ദേഹം പഠിച്ചിട്ടില്ലാത്ത മറ്റു വിഷയങ്ങളില്‍ പാമരനാണല്ലോ. സംസ്കൃതത്തിലും വിമാനശാസ്ത്രത്തിലും പാമരനായ ഞാന്‍ പൌരാണികമായി ആ മേഖലകളിലെ ശാസ്ത്രജ്ഞന്മാര്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍  ആളല്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളിലെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യാനുള്ള ഔദ്ധത്യമോ വിശകലനം ചെയ്യാനുള്ള അറിവോ ഉണ്ടാവണമെങ്കില്‍ ഞാനേറെ പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.