Tuesday, November 22, 2011

സേതുവുമായി ഒരഭിമുഖം - Pandavapuram fame

http://www.youtube.com/watch?v=m6hpf9cFFMU
Interview with Sethu of Pandavapuram fame - Shown on Kairali TV 12 & 19 November 2011
-------------------------------
From Mathrubhumi -Books Section

സേതു/ഡോ. എ. പി. സുകമാര്‍, കാനഡ.


കാനഡയില്‍ ഇന്‍ഡ്യന്‍ റയിറ്റേര്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് സുപ്രസിദ്ധ സാഹിത്യകാരന്‍ സേതു വാന്‍കൂവറില്‍ എത്തിയത്. ഇന്ത്യാഗവണ്‍മെന്റ് തിരഞ്ഞെടുത്ത പത്ത് പ്രമുഖ സാഹിത്യകാരന്മാരില്‍ മലയാളത്തില്‍ നിന്ന് സേതു, കന്നഡയില്‍ നിന്ന് ഡോ. ചന്ദ്രശേഖര്‍ കമ്പര്‍ (2011 ജ്ഞാനപീഠം); സരസ്വതി സമ്മാനം ലഭിച്ച ശ്രീ സുര്‍ജീത് പഥാര്‍ തുടങ്ങി പത്തുപേരാണ് കാനഡയിലെത്തിയത്. ഓട്ടാവ, ടൊറോന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ യൂണിവേര്‍സിറ്റികളുമായി ചേര്‍ന്നാണ് സാഹിത്യസമ്മേളനങ്ങള്‍ നടന്നത്. എഴുത്തുകാര്‍ അവരവരുടെ കൃതികള്‍ ആദ്യം സ്വന്തം ഭാഷയിലും പിന്നീട് അതിന്റെ വിവര്‍ത്തനം ഇംഗ്ലീഷിലും വായിച്ചു. സേതു തിരഞ്ഞെടുത്തത് 35 കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ച പാണ്ഡവപുരം തന്നെയായിരുന്നു. 20 ഓളം പതിപ്പുകളും ആറു ഭാഷകളിലെ തര്‍ജ്ജമകളും മലയാളം, ബംഗാളി ഭാഷകളിലെ സിനിമകളും ആയി പാണ്ഡവപുരം സാഹിത്യാസ്വാദകരുടെ മനസ്സില്‍ ഇന്നും സജീവമാണ്. സേതുവുമായുള്ള മുഖാമുഖത്തില്‍ നിന്ന്.

പാണ്ഡവപുരത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങളാണല്ലോ ഈ ഫെസ്റ്റിവലില്‍ അങ്ങ് അവതരിപ്പിച്ചത്. മുപ്പത്തിയഞ്ചുകൊല്ലം മുന്‍പ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന സമയത്ത് ഒരു പതിനേഴുകാരനായി ഇതു വായിക്കുമ്പോള്‍ പാണ്ഡവപുരം സത്യമോ മിഥ്യയോ എന്നറിയാന്‍ മേലാത്ത ഒരു വായനക്കാരനായിരുന്നു ഞാന്‍. എന്റെ പ്രായക്കാരനായ കൂട്ടുകാരന്‍ എനിക്ക് ഇക്കഴിഞ്ഞദിവസം ഇ-മെയില്‍ ചെയ്തു - ''തോരാതെ പെയ്യുന്ന മഴയില്‍ മണിക്കൂറുകളോളം കണ്ണൂ നട്ടിനിന്ന ഒരു പതിനേഴുകാരന്റെ മനസ്സില്‍ ദേവിയുടെ കാത്തിപ്പ് വിഹ്വലതകള്‍ ഉണ്ടാക്കിയിട്ടുണ്ട്.. 'വരും വരാതിരിക്കില്ല, ഇന്നല്ലെങ്കില്‍ നാളെ, അതുമല്ലെങ്കില്‍ മറ്റന്നാള്‍'. മലയാളത്തിലെ ഏറ്റവും നല്ല നോവലുകളില്‍ ഒന്നാണ് എനിക്കിന്നും പാണ്ഡവപുരം. എങ്ങിനെയാണ് ഈ കൃതി ഇപ്പോള്‍ വായിക്കപ്പെടുന്നത്?

മലയാളത്തിലും ബംഗാളിയിലും പാണ്ഡവപുരം സിനിമയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. ആ രണ്ടു വേര്‍ഷനുകളും സേതുവിന്റെ പാണ്ഡവപുരം അല്ല. അവ സംവിധാനം ചെയ്തവരുടെ ഒരു interpretation ആണ്. ബംഗാളി ചിത്രം 'നിരാകര്‍ ഛായ' യുടെ സംവിധായകന്‍ അഷിഷിനോട് ഞാന്‍ പറഞ്ഞത് ''you should take liberty with my novel in writing your script. I want you to interpret Devi എന്നാണ്..

അപ്പോള്‍ എഴുത്തുകാരനെ അതിജീവിച്ച്, അല്ലെങ്കില്‍ എഴുത്തുകാരനപ്പുറം കഥപാത്രങ്ങള്‍ വളര്‍ന്നത് വായനക്കാരനിലായിരിക്കണം എന്ന അഭിപ്രായമാണ് അങ്ങേയ്ക്കുള്ളത്.്

അതെ. ഈയിടെ ഒരു ഫ്രഞ്ച് പ്രൊഫസര്‍ പാണ്ഡവപുരത്തിന്റെഇംഗ്ലീഷു പരിഭാഷ വായിച്ചിട്ട് നല്ലൊരാസ്വാദനം എഴുതിയിട്ടുണ്ട്. അദ്ദേഹം ആ ബുക്കിന്റെ ഒരു ഫാന്‍ ആണ് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകം പല രീതിയിലാണ് വായിക്കപ്പെടുന്നത്. ഇവിടെ കാനഡയിലെ ടൊറോന്റോ യൂണിവേര്‍സിറ്റിയിലെ പ്രഫസര്‍ അര്‍ച്ചനാ സാഹ്നി- അവര്‍ പഞ്ചാബിയില്‍ കവിതയും മറ്റും എഴുതുന്ന അറിയപ്പെടുന്ന ഒരാളാണ്. അവരുടെ പി. എച്ച് ഡി തിസ്സീസ്സില്‍ ഇരുപതുപുറങ്ങള്‍ പാണ്ഡവപുരത്തിന്റെ വായനയാണ്. 'ദ്രൗപദിയുടെ രൂപാന്തരങ്ങള്‍' എന്ന വിഷയത്തില്‍ ഒരു താന്ത്രിക് രീതിലാണ് അവര്‍ ദേവിയെ അപഗ്രഥനത്തിന് വിധേയമാക്കുന്നത്.

എഴുത്തുകാരനില്‍ നിന്നും ഒരുപടി മുന്നോട്ടു കടന്നാണ് വായനക്കാരനില്‍ കഥകള്‍ പലപ്പോഴും വികസിക്കുന്നത്. എനിക്ക് തോന്നിയിട്ടുണ്ട് പാണ്ഡവപുരത്തിന്റെ തീമിന് അതീവഗഹനങ്ങളായ ചില ആത്മീയഗ്രന്ഥങ്ങളുടെ ഒരു ഛായ ഉണ്ടെന്ന്. യോഗവാസിഷ്ടത്തിലും മറ്റുമുള്ള കഥാകഥനരീതി - ഉള്‍പ്പിരിവുകളും മായക്കാഴ്ച്കളും, സത്യവും മിഥ്യയും തമ്മിലുള്ള അകലം ഇല്ലാതാവുന്ന മാജിക്ക്, കുറച്ചു മുതിര്‍ന്നശേഷം എനിക്ക് ഇതില്‍ കാണാന്‍ കഴിയുന്നുണ്ട്. ആത്മീയത പാണ്ഡവപുരത്തില്‍ അങ്ങ് എത്രമാത്രം സ്വാംശീകരിച്ചിട്ടുണ്ട്? 

ആത്മീയതയ്ക്ക് വേണ്ടി ഒരു ശ്രമം ഇതില്‍ നടത്തിയിട്ടില്ല. ആ രീതിയില്‍ ആലോചിച്ചിട്ടും ഇല്ല. പക്ഷേ ഒറ്റപ്പെട്ട, തനിച്ചാക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ സ്വച്ഛന്ദസഞ്ചാരങ്ങള്‍ അല്ലെങ്കില്‍ ഒരു പക്ഷേ വഴി തെറ്റിയ യാത്രകള്‍- എല്ലാം മാനസീകമായി ശാന്തി തേടിയുള്ള യാത്രകളാണ്. അതില്‍ ആത്മീയത ഉണ്ടാവാം. ഒരു self enquiry എന്ന രീതിയില്‍. അവനവന്റെ സ്വത്വം തേടുന്ന ഒരന്യോഷണത്തില്‍ ആത്മീയതയുടെ അംശം കടന്നുവരാം. അത് ജാതിയ്ക്കും മതവിശ്വാസങ്ങള്‍ക്കും എല്ലാം അതീതമാണ്. അത് കഥാപാത്രത്തിന്റെ വികാസത്തില്‍ അനിവാര്യമായിരുന്നിരിക്കാം. പക്ഷേ മനപ്പൂര്‍വ്വം ഉദ്ദേശിച്ചതല്ല. സുകുമാര്‍ പറഞ്ഞപോലെ വായനക്കാര്‍ പൂര്‍ത്തിയാക്കുന്ന ഒന്നാണിത്. വായനക്കാരന്റെ മനസിലാണ് എന്റെ കൃതികള്‍ പൂര്‍ത്തിയാവുന്നത്. എന്റെ എല്ലാ എഴുത്തുകള്‍ക്കും പലതരം വായനകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ വായനക്കാരന്റെ ക്രിയേറ്റിവിറ്റിയെ ഉണര്‍ത്താന്‍ ഇടയാക്കി എന്നേയുള്ളു. പലരും ഈ പുസ്തകം വായിച്ചത് പല വിധത്തിലാണ്. കെ.പി അപ്പന്‍, രാജാകൃഷ്ണന്‍, ശ്രീജന്‍ തുടങ്ങിയ നിരൂപകര്‍ എല്ലാം വായിച്ചത് വെവ്വേറെ വായനകളാണ്. അവരുടേതായ വായനകള്‍. അത് സേതുവിന്റെ വായനയല്ല.

അങ്ങയുടെ ഏറ്റവും പുതിയ കൃതി- മറുപിറവിയിലേയ്ക്ക് വരാം. ഈ പേരിന്റെ ഒരു ചാരുത വേറെ തന്നെയാണ്. പുനര്‍ജന്മം എന്നിടാതെ മറുപിറവി എന്ന് പറയുമ്പോള്‍ അത് ഒരു endearing experience ആണ്. മലയാളത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആ മലയാണ്മ സുഖമുള്ള ഒരു കേള്‍വിയാണ്. ഇതില്‍ ഒരിടത്ത്''ഭാഷയുടെ ചോര പൊടിയുന്നത് കേട്ടു സഹിയാതെ ഭാര്യയോട് ഇനി ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി''എന്ന് അരവിന്ദന്‍ പറയുന്നുണ്ട്. മലയാള ഭാഷയോട് ഇത്ര വൈകാരികമായ സ്‌നേഹം വന്നതെങ്ങിനെയാണ്? അങ്ങ് പുറത്ത് ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്തു വന്ന ആളാണല്ലോ. 

ഭാഷയുടെ ഇടം, പ്രസക്തി എല്ലാം ചുരുങ്ങിവരുന്ന ഒരു കാലമാണിത്. കാനഡയിലുള്ള നിങ്ങള്‍ക്ക് അത് പറയാതെ തന്നെ മനസ്സിലാവും. എന്റെ രണ്ടു മക്കളും പേരക്കുട്ടികളും എല്ലാം വിദേശത്താണ്. പേരക്കുട്ടികള്‍ പറയുന്ന ഭാഷ, മലയാളമല്ല. പക്ഷേ നമുക്ക് നഷ്ടപ്പെടുന്ന സംസ്‌കാരം, ഭാഷ, അതിന്റെ ചൈതന്യം ഒക്കെ തിരിച്ചു പിടിക്കാന്‍ എന്റെ ഭാഗത്തു നിന്നും ചെറിയൊരു പരിശ്രമം ഉണ്ടാവുന്നു എന്നേയുള്ളു. എന്റെ ശീലമോ ദുശ്ശീലമോ ആണ് പൊതുവേ സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ഗ്രാമീണമായ തനത് ദ്രാവിഡമൊഴികള്‍ എഴുതാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ഞാനുപയോഗിക്കുന്നത് bookish ആയ അച്ചടി ഭാഷയല്ല, ആലങ്കാരീക ഭാഷയില്‍ എനിക്ക് താല്‍പ്പര്യവും ഇല്ല. മറുപിറവി തുടങ്ങുന്നത് ഇങ്ങിനെയാണ് ''നീരൊഴുക്കുകള്‍ക്ക് അവയുടേതായ നേരുകളുണ്ട്. നേരുകേടുകളും''. ഇതുപറയാന്‍ നല്ല മുഴക്കമുള്ള എത്രയോ വാക്കുകള്‍ ഉപയോഗിക്കാം, സംസ്‌കൃതത്തില്‍ നിന്നും എടുക്കാം, പക്ഷേ എന്റെ പേനയില്‍ നിന്ന് ഇതേ വരൂ.

അങ്ങയുടെ കഥാപാത്രങ്ങള്‍ ജീവനുള്ള ൃലമഹ മനുഷ്യരാണല്ലോ. അത് പരിചയമുള്ള, ജീവിച്ചിരിക്കുന്നവരെ മനസ്സില്‍ കണ്ട് എഴുതുന്നതു കൊണ്ട് സംഭവിക്കുന്നതാണോ? അവരുടെ ഭാഷയുടെ തനിമയ്ക്ക് കാരണവും അതു തന്നെയാണോ?

അല്ലല്ല. എന്റെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെങ്കിലും അവരുടെ കാലുകള്‍ മണ്ണില്‍ തൊടുന്നവയാണ്. സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ എല്ലാ കഥാപാത്രങ്ങളും അവരുടെ തല ആകാശത്തില്‍ നില്‍ക്കുമ്പോഴും കാലുകള്‍ മണ്ണില്‍ ഉറപ്പിച്ചവരാണ്. 'down to earth' ആണ്. നമ്മള്‍ പടച്ചുണ്ടാക്കുന്ന ഭാഷ അവരുടെ വായില്‍ തിരുകാന്‍ പാടില്ല. നോവലിസ്റ്റ് ഒരു narrative style ല്‍എഴുതുമ്പോഴും അച്ചടിഭാഷയ്ക്ക് പകരം വരാാവുന്ന മുഴക്കമുള്ള ഭാഷയുണ്ടാക്കാന്‍ നമ്മുടെ നാടന്‍ ഭാഷയ്ക്ക് കഴിയും. അതില്‍ ഒരു കവിത്വവും ഉണ്ടല്ലോ.

അങ്ങയുടെ പ്രഫഷണല്‍ ബാക് ഗ്രൗണ്ട്, ബാങ്ക് ചെയര്‍മാന്‍, സിഇഒ തലങ്ങളില്‍ ആയിരുന്നുവല്ലോ. ഇങ്ങിനെ highly successful professional ആയി വന്നയാളുടെ ഭാഷയിലെ ലാളിത്യം കൗതുകകരമാണ്. സാധാരണക്കാരുടെ സംഭാഷണം കഥയില്‍ വരുമ്പോള്‍ അങ്ങ് ഒന്ന് മാറി നിന്ന് സംസാരിക്കുന്നതാണോ അതോ അങ്ങ് അതിലും fully involved ആണോ? മറുപിറവിയിലെ അരവിന്ദനില്‍ എനിക്ക് അങ്ങയുടെ നിഴലുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അത് മനപ്പൂര്‍വ്വമാണോ?

അത് വരും. ബോധപൂര്‍വ്വമല്ലെങ്കിലും ആത്മാംശം കടന്നു വരുന്നത് സ്വാഭാവികമാണ്. തൊഴിലിടത്തില്‍ ഞാന്‍ കൂടുതലും ഇംഗ്ലീഷും ഹിന്ദിയും ആണ് ഉപയോഗിച്ചിരുന്നത്.

അപ്പോള്‍ അച്ചടി ഭാഷയിലുള്ള ഔദ്യോഗിക മലയാളത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നര്‍ത്ഥം.

അതെ. വടക്കേ ഇന്ത്യയിലെ താമസം കാരണം ഹിന്ദി നന്നായി സംസാരിക്കും. കൂടെ വന്നിട്ടുള്ള വടക്കേ ഇന്‍ഡ്യന്‍ സാഹിത്യകാരന്മാരോട് അവരില്‍ ഒരാളെപ്പോലെ അനായാസമായി എനിക്ക് സംസാരിക്കാം. അതുപോലെ എഴുത്തിന്റെ ഭാഷയില്‍ ഒരിംഗ്ലീഷു വാക്ക് പോലും ഉപയോഗിക്കാതെ എത്ര നേരം വേണമെങ്കിലും എനിക്ക് സംസാരിക്കാന്‍ കഴിയും. കാരണം നമ്മുടെയുള്ളില്‍ രണ്ട് അറകള്‍ ഉണ്ട്. ഒന്നില്‍ ആ പ്രഫഷണല്‍. മറ്റേതില്‍ എഴുത്തുകാരന്‍ സേതു. ഈ അറയില്‍ ഞാന്‍ ബാങ്കറോ, അച്ഛനോ ഭര്‍ത്താവോ അല്ല. അവിടെ ഞാന്‍ എന്റെ മാത്രം ലോകത്താണ്. ആ ലോകത്തെ ഉണര്‍ത്താന്‍ എഴുത്തുകാരനയ ഞാന്‍ നോക്കി. ദീര്‍ഘകാലത്തെ ശീലം, പരിചയം, ഭാഗ്യം എന്നിവ കൊണ്ട് അതു സാധിക്കുന്നു എന്ന് മാത്രം.

എഴുത്തില്‍ ഇത്ര തീവ്രമായും ആര്‍ദ്രമായും മുഴുകിയവര്‍ക്ക് പലപ്പോഴും ജീവിതത്തിലെ താളം തെറ്റുന്നതായി കണ്ടുവരാറുണ്ട്. അച്ചടക്കം തെറ്റിയും തെറ്റിച്ചും ജീവിച്ചവര്‍ അങ്ങയുടെ തലമുറയിലും ഉണ്ടല്ലോ. പേരുകള്‍ പറയാതെ തന്നെ നമുക്കവരെ അറിയാം. അതില്‍ നിന്ന് വിട്ടുനിന്ന് അങ്ങയുടെ ജീവിതത്തില്‍ കാണുന്ന ഈ അച്ചടക്കം എങ്ങ്ിനെയാണ് അങ്ങ് കണ്ടെത്തിയത്?

അത് എന്റെ പ്രഫഷന്റെ സംഭാവന കൂടിയാണ്. ഞാന്‍ അച്ചടക്കം എന്നല്ല സൂക്ഷ്മത എന്ന വാക്കാണതിന് പറയുക. ജീവിതത്തില്‍ ഒരു പാട് സൂക്ഷ്മതകള്‍ ആവശ്യമായി വരും. അത് അച്ചടക്കം ആവണമെന്നില്ല. നമ്മുടെ സമീപനങ്ങളില്‍, പ്രയോഗങ്ങളില്‍, സംസാരങ്ങളില്‍ പോലും അത് വേണം. പ്രസംഗങ്ങളില്‍ ഞാന്‍ ആള്‍ക്കാരെ ബോറടിപ്പിക്കാറില്ല. ഇയാള്‍ എപ്പോഴാണൊന്നു നിര്‍ത്തുക എന്ന് സദസ്യരെ കൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ ഇട കൊടുക്കാറില്ല. ഔചിത്യം പ്രധാനമാണ്. സദസ്സിനെ അറിഞ്ഞു കണ്ടു സംസാരിക്കുക എന്നത് പ്രഫഷനില്‍ നിന്ന് കിട്ടിയതു തന്നെയാണ്. പിന്നെ മലയാളത്തിലെ ഒരു തെറ്റിദ്ധാരണയുള്ളത് സാഹിത്യകാരന്‍ അരാജകവാദിയാണ് എന്നാണ്. ഞങ്ങളുടെ മുന്‍പിലത്തെ തലമുറയിലും ഞങ്ങളുടെ തലമുറയിലും തുടര്‍ന്നു വരുന്നവരില്‍ ചെറിയ തോതിലും അതുണ്ടായിട്ടുണ്ട്. മദ്യപിച്ചു വഴിയില്‍ കിടക്കുക, ആരാധകര് പൊക്കിക്കൊണ്ടു നടന്ന് സ്വന്തം വീട് എവിടെ എന്ന് ടാക്‌സികാരനോട് ചോദിക്കേണ്ടി വരിക എല്ലാം ഉള്ള എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്. കണ്ടവരോടൊക്കെ കടം മേടിച്ച് കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ആളുകള്‍. അതിന്റെ നാടകീയത ആസ്വദിക്കുന്ന ആരാധകവൃന്ദം ഇപ്പോള്‍ ഉണ്ടെന്ന് തോന്നുന്നില്ല. കാലം മാറിയിരിക്കുന്നു. എന്നുവെച്ച് എല്ലാവരും സ്റ്റ്രൈറ്റ് ജാക്കറ്റ് ഇട്ടു നടക്കണം എന്നല്ല. ഇന്ന് എഴുത്തുകാരന് നല്ലൊരു ഇമേജുണ്ട്. തരക്കേടില്ലാത്ത ഒരു ജീവിതം നയിക്കുന്നവര്‍ എന്ന്. എഴുത്തുകാരന്റെ ദിശാബോധവും അരാജകത്വവും പുറത്തെ കെട്ടിക്കാഴ്ച്ചകളിലല്ലാ, അകത്താണുണ്ടാകേണ്ടത്. അകത്ത് കാപട്യം വച്ചുകൊണ്ട് പുറത്ത് പല്ലുതേക്കാതേയും കുളിക്കാതേയും നടന്നതുകൊണ്ട് ആരും എഴുത്തുകാരന്‍ ആവുന്നില്ല.

അങ്ങ് സൂക്ഷ്മതയെപ്പറ്റി പറഞ്ഞു. അതിന്റെ വലിയൊരു കാഴ്ച്ച മറുപിറവിയിലും കാണുന്നുണ്ട്. അതിലെ ക്രാഫ്റ്റ് ഈ പ്രിസിഷന്റെ സംഭാവനയാണോ? ഒരു അക്കാഡമിക് ക്രാഫ്റ്റ് ആണോ മറുപിറവി? അതോ അക്കഡമിക്ക് ക്രാഫ്റ്റിനും ക്രിയേറ്റീവ് വര്‍ക്കിനും ഇടയ്ക്കുള്ള് ആ നേരിയ പാതയിലാണോ ഇതിന്റെ സഞ്ചാരം? ഇതെങ്ങിനെയാണ് വരുന്നത്?

അത് എഴുത്തില്‍ വരുന്ന കയ്യടക്കമാണ്. ശീലം കൊണ്ടുണ്ടാവുന്നതാണ്. ഞാന്‍ പൊതുവേ മിതമായി വാക്കുകള്‍ ഉപയോഗിക്കുന്നയാളാണ്. നോവലില്‍ ഉള്ള സന്ദര്‍ഭങ്ങളും മിതമാണ്. അതിവാചാലത എന്ന ആരോപണം ഒരു നിരൂപകരും എന്റെ കൃതികളെ വിമര്‍ശിച്ചു പറഞ്ഞിട്ടില്ല. സാധാരണ പറയും നോവലൊക്കൊ ചാക്കാണെന്ന്. എന്തും അതില്‍ കുത്തി നിറക്കാം എന്നൊക്കെ. പക്ഷേ കയ്യടക്കം പ്രധാനമാണ്. ഒരു പക്ഷേ ചെറുകഥയുടെ തട്ടകത്തില്‍ നിന്ന് വന്നതുകൊണ്ടാകാമിത്- എനിക്ക് വൃഥാസ്ഥൂലത പറ്റില്ല. ഇത് ക്രാഫ്റ്റിന് വേണ്ടിയുള്ള ക്രാഫ്റ്റല്ല. ഞാന്‍ ചെറിയൊരു കുറിപ്പോ ലേഖനങ്ങളോ എഴുതിയാലും വളരെ പോയിന്റഡ് ആയിരിക്കും. എനിക്ക് പരത്തിയെഴുതാന്‍ അറിയില്ല. എനിക്കത് ഇഷ്ടമാവുകയുമില്ല.

വീണ്ടും മറുപിറവിയിലേക്ക് വരാം. കൊടുങ്ങല്ലൂര്‍ ഭാഗത്ത് മുചിരിപ്പട്ടണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഉദ്ഘനനവും പുരാവസ്തു ഗവേഷണവും ഈ നോവലിലെ പ്രധാനപ്പെട്ട ഒരു തീമാണല്ലോ. അങ്ങയുടെ സ്വന്തം നാടാണല്ലോ ഇത്. ഈ കഥയുടെ ബീജാവാപം, ജെര്‍മിനേഷന്‍ എങ്ങിനെയായിരുന്നു?

ഉദ്ഘനനം നടക്കുന്നത് കൊടുങ്ങല്ലൂര് ഒരു പുഴക്കപ്പുറവും ഇപ്പുറവും ഉള്ള ദേശങ്ങളില്‍ ആണ്. പട്ടണം നാട് എന്റെ അച്ഛന്റെ വീടിനടുത്താണ്. ഒന്നാം നൂറ്റാണ്ടിന്റെ എന്ന് കാര്‍ബണ്‍ ഡേറ്റു ചെയ്ത ഒരു വഞ്ചി അവിടെ അച്ഛന്റെ കുടുംബസ്വത്തായ സ്ഥലത്തു നിന്നും കണ്ടുകിട്ടുകയുണ്ടായി. അതിന്റെ വിശദവിവരങ്ങള്‍ Kerala History Council ന്റെ വെബ് സൈറ്റില്‍ ലഭ്യവുമാണ്.ഗവേഷണത്തെപ്പറ്റി ചില തര്‍ക്കങ്ങള്‍ ഉണ്ടായി എങ്കിലും എനിക്ക് അതില്‍ താല്‍പ്പര്യം തോന്നിയിട്ടില്ല.

അപ്പോള്‍ ഇതു നോവല്‍ തന്നെയല്ലേ?

അതെ. നോവല്‍ തന്നെ, ഇതൊരാഖ്യായിക അല്ല. പക്ഷേ ഇതില്‍ മിത്തുണ്ട്, ചരിത്രമുണ്ട്, ഫിക്ഷനുണ്ട്. എല്ലാം ചേര്‍ന്നൊരു കൊളാഷ് ഫോര്‍മാറ്റാണ്. ഇപ്പോള്‍ ചെയ്തതില്‍ക്കൂടുതല്‍ ഖനനം ചെയ്താലേ സത്യാവസ്ഥകള്‍ വെളിപ്പെടുകയുള്ളു. ഹാരപ്പായിലും മറ്റും ആയിരക്കണക്കിന് പ്രദേശങ്ങള്‍ കുഴിച്ചിട്ടാണ് അവര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. അത് ചരിത്രകാരന്മാരുടെ പണിയാണ്. നോവലിസ്റ്റിന്റെയല്ല. ഒരുറപ്പുള്ളത് മുചിരിപ്പട്ടണം 2000 കൊല്ലങ്ങള്‍ക്ക് മുന്‍പ് വളരെ പ്രസിദ്ധമായ ഒരു തുറമുഖവും വ്യാപാരകേന്ദ്രവും ആയിരുന്നു എന്നതാണ്. ഗ്രീക്കുകാരും റോമാക്കാരും മറ്റും ഇവിടെ വന്നുപോയിക്കൊണ്ടിരുന്നു. മഹാഭാരതത്തിലും രാമായണത്തിലും മുസിരിയെപ്പറ്റി പരാമര്‍ശമുണ്ട്. കാളിദാസന്റെ രഘുവംശത്തിലും ബ്രഹത്‌സംഹിതയിലും സംഘകാലകൃതികളായ പതിറ്റിപ്പത്ത്, അകനാനൂറ് തുടങ്ങിയ തമിഴ് സാഹിത്യകൃതികളിലും മുസിരിയെ പരാമര്‍ശിച്ചു കാണാം. അതില്‍ നിന്നൊക്കെ ഈ കാലഘട്ടത്തിന്റെ ഒരേകദേശചിത്രം നമുക്ക് കിട്ടും. ഈ നോവലിന്റെ പ്രചോദനം ഇവിടെ നടന്ന ഉദ്ഘനനങ്ങള്‍ തന്നെയാണ്. വേറൊരു പ്രചോദനം എന്റെ ഗ്രാമത്തില്‍ പണ്ടുണ്ടായിരുന്ന ജൂതന്മാരുടെ സെറ്റില്‍മെന്റാണ്. എന്റെ ക്ലാസ്സിലൊക്കെ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ജൂതക്കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ ളീൃളമവേലൃ െ1500 കൊല്ലം മുന്‍പ് ഇവിടെ കുടിയേറിവന്ന കച്ചവടക്കാരാണ്.

ജൂതന്മാര്‍ എന്ന് പറയുമ്പോള്‍ ഇവിടെ കാനഡായിലും അമേരിക്കയിലും അവര്‍ കുറേയേറെ ആള്‍ക്കാര്‍ ഉണ്ട്. അവരില്‍ എന്റെ സുഹൃത്തുക്കളായ ചിലരോട് ഞാന്‍ പറയാറുണ്ട്, ലോകത്ത് ജൂതന്മാര്‍ക്ക് പീഢനങ്ങള്‍ ഏല്‍ക്കാതെ സ്വതന്ത്രമായി കുടിയേറിപ്പാര്‍ക്കാന്‍ കഴിഞ്ഞ ഒരേയൊരിടം കേരളമാണെന്ന്. ചിലര്‍ക്കെങ്കിലും 'മലബാര്‍ ജൂതന്മാരെപ്പറ്റി' അറിയാം. മഹാരാജാവ് പാലും വസ്ത്രവും നല്‍കി സ്വീകരിച്ചാണല്ലോ കച്ചവടക്കാരായ അവര്‍ക്ക് അഭയം നല്‍കിയത്.

അതേ. വളരെ ശരിയാണത്. കച്ചവടക്കാരായി വരാറുള്ള അവര്‍ക്ക് ജാതി മതം ഒന്നും നോക്കാതെ രാജാവ് സ്ഥലം നല്‍കി. അതും കൊട്ടാരത്തിനടുത്തു തന്നെ. അന്ന് രാജാക്കന്മാരില്ല. നാട്ടുരാജാക്കന്മാരും പ്രമാണികളും ആയിരുന്നു. പ്രഭുക്കളായ ഇവരെ കുട്ടുവര്‍ എന്നാണ് വിളിച്ചിരുന്നത്. അവര്‍ക്ക് പ്രത്യേക സൈന്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചില ആയുധസംഘങ്ങള്‍ അവരെ സഹായിച്ചുവന്നു. അത്രമാത്രം. ഇങ്ങിനെ വന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രായേല്‍ രൂപീകരിച്ചതോടെ അങ്ങോട്ടുപോവാന്‍ തുടങ്ങി. അവരുടെ കഥകൂടിയാണ് മറുപിറവിയില്‍ ഞാന്‍ പറയുന്നത്.

അപ്പോള്‍ ജൂതന്മാരുടെ മറുപിറവിയാണോ അങ്ങ് ഉദ്ദേശിച്ചത്?

ഇതില്‍ പലരുടെയും മറുപിറവിയുണ്ട്. ഒരു ദേശത്തിന്റെ, ജനതയുടെ മറുപിറവിയാണിതില്‍. 1341-ല്‍ ബണ്ടു പൊട്ടി പെരിയാര്‍ കരകവിഞ്ഞ് ഗതിമാറി ഒഴുകിയപ്പോള്‍ മുചിരിപ്പട്ടണം ഇല്ലാതായി. ഈ പ്രദേശം മുഴുവന്‍ മണ്ണുമൂടിപ്പോയി. അറബിക്കടലില്‍ ഒരു അഴിമുഖം തുറന്നു, കൊച്ചഴി. അതാണ് ഇന്നത്തെ കൊച്ചി. ജൂതന്മാര്‍ അപ്പോഴേക്ക് കൊച്ചിയിലേക്ക് താമസം മാറ്റി. പെരുമാക്കന്മാരും കൊച്ചി രാജാവും സ്ഥലം മാറി. ഒരു ദേശം തന്നെ മണ്ണിലടിയിലായി, ഇല്ലാതായി.

ചരിത്രം, കച്ചവടം, ഓര്‍മ്മകള്‍, ഒരു ജനതയുടെ പരിണാമം എല്ലാം മറുപിറവി വിഷയമാക്കി അവസാനമാവുമ്പോഴേക്ക്് വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലില്‍ എത്തി നില്‍ക്കുകയാണല്ലോ?

അതൊരു ഇന്റര്‍നാഷനല്‍ കഥയാണ്. കഥാകാരന്റെ സ്വാതന്ത്യമെടുത്ത് മുചിരിപ്പട്ടണം എന്ന പഴയ തുറമുഖത്തിന്റെ മറുപിറവിയായി വല്ലര്‍പാടം ടെര്‍മിനലിനെ മാറ്റി. അത് എഴുത്തുകാരന്റെ കുസൃതി. ദുസ്സ്വാതന്ത്ര്യം. വലിയ ലോജിക്കൊന്നും ഇതിനില്ല.

നോവലിന് എത്രനാളത്തെ പ്രയത്‌നം വേണ്ടി വന്നു?

വിവരങ്ങള്‍ ശേഖരിക്കുക, അഭിമുഖങ്ങള്‍ നടത്തുക എന്നിവയ്ക്കായി രണ്ടുമൂന്നു വര്‍ഷം എടുത്തു. ഡോ. എം ജി എസ് നാരായണനുമായി ആദ്യം വിഷയം ചര്‍ച്ച ചെയ്തു. ഇസ്രായേലില്‍ നിന്ന് വന്ന 82 വയസ്സുകാരന്‍ ജൂതനായ മലയാളി ബസേലുമായി പലതവണ ചര്‍ച്ച ചെയ്തു. അയാള്‍ ഇതിലെ ഒരു കഥാപാത്രം കൂടിയാണ്. ഇങ്ങിനെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് മൂന്നുവര്‍ഷവും എഴുതാന്‍ രണ്ടു വര്‍ഷവും എടുത്തു. ആകെ അഞ്ചാറു വര്‍ഷങ്ങള്‍ എടുത്തെങ്കിലും ഇതു തുടര്‍ച്ചയായിട്ടല്ല. അതിനിടയില്‍ ഞാന്‍ മറ്റു പലതും എഴുതി. കാരണം ഓരോരുത്തര്‍ ചര്‍ച്ചക്കായി വന്നുകിട്ടണമായിരുന്നല്ലോ.

ഒരു കൃതിയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭൂമികയില്‍ നിന്ന് മറ്റൊന്നിലേക്ക് എങ്ങിനെയാണ്മാറുക? എങ്ങിനെയാണിത് മാനേജ് ചെയ്യുന്നത്?

ഈ കൃതിയുമായി ക്‌ളാഷ് ചെയ്യുന്ന ഒന്നുമല്ല ഞാന്‍ ഈ സമയത്ത് എഴുതിയിന്നത്. ഒരു ആന്തോളജിയായിരുന്നു ചെയ്തത്. അത് അതിന്റേതായ ഒരു പാതയില്‍ ആയിരുന്നു. മറുപിറവിയാകട്ടെ ഒരു സഞ്ചയമാണ്. കൊളാഷ്. രേഖീയമായ ട്രീറ്റ്മന്റ് ആവശ്യപ്പെടുന്ന ഒരു പ്രമേയമല്ല അതിന്റേത്. വന്നും പോയുമിരിക്കുന്ന കഥാപാത്രങ്ങളുടെ അവസ്ഥകളും സംസാരങ്ങളുമാണ് ഇതിലുള്ളത്. അതുകൊണ്ട് പാണ്ഡവപുരം വായിക്കുന്നവര്‍ക്ക് ഇത് ഇഷ്ടമാവണം എന്നില്ല.

200ഓളം കഥകളും ഇരുപതോളം നോവലുകളും എഴുതിയിട്ടുണ്ടല്ലോ. ചില കൃതികള്‍ സിനിമകള്‍ ആയി.. സിനിമയ്ക്ക് വഴങ്ങുന്നതാണ് ഭാഷയെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എങ്കിലും എന്തുകൊണ്ടാണ് സിനിമയില്‍ സജീവമാകാതിരുന്നത്? 

മനപ്പൂര്‍വം വിട്ടു നിന്നു എന്ന് പറയാന്‍ വയ്യ. എനിക്ക് വഴങ്ങുമായിരുന്ന ഒരു മീഡിയം ആണ് സിനിമ. എന്റെ അനേകം സുഹൃത്തുക്കള്‍ - ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്ക് ആ രംഗത്തോട് ആഗ്രഹമില്ലാഞ്ഞല്ല; ഇറങ്ങുകയാണെങ്കില്‍ പൂര്‍ണ്ണമായും അതില്‍ മുഴുകണം. സാഹിത്യത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിയും വരും. പിന്നെ തൊഴിലിന്റെ തിരക്കും ഉണ്ടായിരുന്നല്ലോ.

ഇനിയും ഇറങ്ങാമല്ലോ.

അതിന്റെ പ്രായം ഒക്കെ കഴിഞ്ഞു. ഇന്നത്തെ സിനിമയെപ്പറ്റി പറഞ്ഞാല്‍ സത്യത്തില്‍ സങ്കടമുണ്ട്. മലയാളസിനിമക്ക് വലിയൊരു പാരമ്പര്യമുണ്ടായിരുന്നത് ഇന്നെവിടെ നില്‍ക്കുന്നു എന്ന് നോക്കുക.

ഇപ്പോള്‍ ചില വെള്ളിരേഖകള്‍ ഇല്ലെന്ന് പറയാന്‍ പറ്റില്ല.

ശരിയാണ്. അടുത്തകാലത്ത് ചില അനക്കങ്ങള്‍ കണ്ടു. പക്ഷേ അതു പോരല്ലോ. മലയാളസിനിമയുടെ റെപ്യൂട്ടേഷന്‍ ഒരു കാലത്ത് എന്തായിരുന്നു? വലിയ വലിയ കലാകാരന്മാര്‍ പഴയകാല സാഹിത്യത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമകള്‍- സേതുമാധവന്റേയും മറ്റും- ഒരല്‍പ്പം നാടകീയത കൂടുതലായിരുന്നുവെങ്കിലും എല്ലുറപ്പുള്ളവയായിരുന്നു. ഇന്നിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി ലൊക്കേഷന്‍ സെറ്റിലിരുന്ന് അപ്പപ്പോള്‍ ഉണ്ടാക്കുന്ന കഥകളാണല്ലോ. എനിക്കതില്‍ പങ്കാളിയാവാത്തതില്‍ വിഷമമൊന്നുമില്ല. ക്രിയേറ്റീവാകാന്‍ പറ്റില്ല. പിന്നെ പണമുണ്ടാക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്.

ആശാരിയുടെ മൂശയില്‍ ഇപ്പോള്‍ എന്തുണ്ട്? മറുപിറവിയില്‍ കണ്ടെടുത്ത മണ്‍പാത്രങ്ങളില്‍ നിന്നും വീണ്ടും മറുപിറവികള്‍ ഉണ്ടാവുമോ?

ഇപ്പോള്‍ ആശാരിയുടെ മൂശ ഒഴിഞ്ഞു കിടക്കുകയാണ്. മറുപിറവി ഇറങ്ങിയിട്ട് മൂന്നോ നാലുമാസങ്ങളേ ആയിട്ടുള്ളു. അതിന്റെ ഹാംഗോവര്‍ തീര്‍ന്നിട്ടില്ല. ഒരു ചെറിയ ഇടവേള. പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാര്‍ പറഞ്ഞത്, ഈ കൃതിയില്‍ നിന്നും എത്രവേണമെങ്കിലും കഥകള്‍ ഉണ്ടാക്കാമല്ലോ എന്നാണ്. ശരിയാണ്. പല കഥാപാത്രങ്ങളും linear അല്ല. ഏതു കഥാപാത്രത്തേയുമെടുത്ത് ഒരു നോവലാക്കാം. എങ്കിലും നോവലിലെ കഥാപാത്രങ്ങള്‍ക്ക് സ്വാഭാവീകമായ ഒരു വളര്‍ച്ചയുണ്ടാകണം എങ്കിലേ മറ്റൊന്നിലേക്ക് അവരെ കൊണ്ടുപോകാന്‍ കഴിയൂ. നമ്മള്‍ അവരെ ഒരിടത്ത് ഇരുത്തിയതാണല്ലോ. എന്റെ അടയാളങ്ങള്‍ എന്ന നോവലില്‍ മാത്രമാണ് ഞാന്‍ ഒരു sequel എഴുതിയത്. അത് അത്യാവശ്യം വേണ്ടിവന്നതുകൊണ്ടാണ്. അടയാളങ്ങളിലെ രണ്ടു മൂന്ന് കഥാപാത്രങ്ങള്‍ എനിക്ക് സ്വസ്ഥത തരാതെ പിന്തുടര്‍ന്നുവന്നതുകൊണ്ടാണത്. വയലാര്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് എല്ലാം കിട്ടിയ കൃതിയാണ് അടയാളങ്ങള്‍. പക്ഷേ ആ കഥാപാത്രങ്ങള്‍ നമ്മെ പിടിവിടാതെ പിന്തുടരുമ്പോള്‍ എന്തുചെയ്യും? വാസ്തവത്തില്‍ അങ്ങിനെ വരുമ്പോള്‍ മാത്രമേ അത്തരം ഒരു രചനക്ക് സാംഗത്യമുള്ളു.

എഴുത്തിനെപ്പറ്റി പറയുമ്പോള്‍ അങ്ങ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ചേര്‍ന്ന് ഒരു നോവല്‍ എഴുതിയിട്ടുണ്ടല്ലോ? ആ അനുഭവം എങ്ങിനെയായിരുന്നു? രണ്ടുപേര്‍ ചേര്‍ന്ന് സര്‍ഗ്ഗാത്മകരചന എങ്ങിനെ സാധിക്കും?

കുഞ്ഞബ്ദുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ ശൈലികള്‍ക്കും ചില സാമ്യങ്ങള്‍ ഉണ്ട്. എന്നേക്കാള്‍ നന്നായി കഥപറയുന്ന ആളാണ് അദ്ദേഹം. ഞങ്ങള്‍ ആദ്യം പ്ലോട്ട് ആലോചിച്ച് രണ്ടു ഭാഗങ്ങളായി എഴുതിയ ശേഷം ഒരാഴ്ച്ച ഒന്നിച്ചു താമസിച്ചു പരസ്​പരം വായിച്ചു വെട്ടിത്തിരുത്തി പൂര്‍ത്തിയാക്കിയതാണ് ആ നോവല്‍. അടുത്ത സുഹൃത്തുക്കളായതുകൊണ്ടാണിതു സാധിച്ചത്. കാലം തെറ്റി വന്നതുകൊണ്ട് അത്ര ശ്രദ്ധകിട്ടിയില്ല അതിന് എന്ന് പറയുന്നവരുണ്ടെങ്കിലും അതത്ര നന്നായില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അന്ന് അതൊരു കൗതുകത്തിന് വേണ്ടി ചെയ്തതാണ്.

ആ ട്രെന്റ് പിന്നീട് കണ്ടില്ലല്ലോ

എം ടിയും എന്‍ പി മുഹമ്മദും ചേര്‍ന്ന് എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയും മോഹനവര്‍മ്മയും ചേര്‍ന്നും നോവല്‍ എഴുതിയിട്ടുണ്ട്. ശരിയാണ,് ഒരു ട്രെന്റായി അതു വേര് പിടിച്ചില്ല. സത്യത്തില്‍ അതിന് വലിയ പ്രസക്തിയൊന്നുമില്ല. മാനസികമായി പൊരുത്തമുണ്ടെകില്‍ അങ്ങിനെയും ചെയ്യാവുന്നതാണെന്ന് മാത്രം. ഏഴുത്തിലും വ്യക്തിത്വത്തിലും ഐക്യമുള്ളവര്‍ക്ക് ചെയ്യാവുന്നതാണിത്.

Go To Top