Wednesday, June 26, 2019

ആളൊരുക്കം – വൈകിപ്പോയ ഒരാസ്വാദനം.







































ഇത്തരം നല്ല സിനിമകൾക്കായി സിനിമാ കുത്തക മുതലാളിയായ നെറ്റ് ഫ്ലിക്സിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ജനകീയ തിയ്യേറ്ററുകൾക്ക് ഇവയൊന്നും വേണ്ടല്ലോ!

അടിയിടി വീരൻമാർക്കും "ഇല്യൂമിനാറ്റി" മിത്തുകളെ എണ്ണം പറഞ്ഞ് കാശാക്കുന്ന വമ്പൻ മെഗാഹിറ്റ് സിനിമകൾക്കും ഇടയിൽ ഇതാ മനസ്സുണർത്തുന്ന മനോഹരമായ ഒരു സിനിമ. ആളൊരുക്കം.

നമ്മുടെ ആളുകൾ ഒരുങ്ങാൻ തയ്യാറാവാൻ സാദ്ധ്യതയില്ലാത്ത അല്ലെങ്കിൽ അതിനിനിയും പാകം വരാത്ത സമൂഹത്തിനെ നമുക്ക് കാണിച്ചുതരുന്നത് ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ സൂക്ഷ്മ ചലനങ്ങളിലൂടെയും അഭിനയത്തികവിലൂടെയുമാണ്. ഇതുവരെ കേട്ടും കണ്ടും പരിചയമില്ലാത്ത സംവിധായകനും നടീനടന്മാരും സമൂഹത്തിലെ നന്മ മരങ്ങളെ അതിഭാവുകത്വമില്ലാതെ ഇതിൽ വരച്ചുകാട്ടുന്നു. പ്രത്യേകിച്ചു പറയേണ്ട കാര്യം ഈ സിനിമയിലെ ചെറുവേഷക്കാരടക്കം എല്ലാവരും (പുതുമുഖങ്ങളാണ് പലരും) ഏറെ ശ്രദ്ധിക്കപ്പെടാൻ യോഗ്യരാണെന്നതാണ്. കാസ്റ്റിംഗ് ഇത്രയേറെ ഉചിതമായി ചെയ്ത മറ്റേറെ സിനിമകൾ ഓർമ്മയിൽ ഇല്ല. നല്ല ചൈതന്യമുള്ള സുന്ദരൻമാരും സുന്ദരികളും നിറഞ്ഞ സിനിമ. അവരുടെ ദേഹസൗന്ദര്യത്തേക്കാൾ ഭാവസൗന്ദര്യം മുന്തി  നിന്നു. ശ്രീകാന്ത് മേനോന്‍റെ  (പുതുമുഖം?) വേഷപ്പകര്‍ച്ച ശ്രദ്ധേയമാണ്. അതേപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാന്‍ പോകുന്നവരുടെ ആകാംഷ നശിപ്പിക്കുന്നില്ല.

പ്രഫ. അലിയാർ സാറിനെ ( സിനിമയിൽ പോലീസ് ഉദ്യോഗസ്ഥൻ) മലയാള സിനിമയും ടീവിയും ശബ്ദത്തിനു മാത്രമായി ഉപയോഗിക്കുന്നത് മര്യാദകേടാണ്. നരേന്ദ്രപ്രസാദ് സാറിനൊപ്പം നാടകങ്ങളിൽ നിറഞ്ഞാടിയ 'അലിയാർ' ശബ്ദത്തിന്റെ ഗാംഭീര്യത്തിന്‍റെ പോലെ തന്നെ അഭിനയത്തികവിന്റെയും ഉദാഹരണമാണ്. പണ്ടൊരിക്കൽ 80 ലോ മറ്റോ സാറിന്റെ ഒരു ക്ലാസ്സ് നെയ്യാർ ഡാമിലെ കേരളാ യൂണിവേർസിറ്റി സാഹിത്യക്കളരിയിൽ പങ്കെടുക്കാൻ യോഗമുണ്ടായ കാര്യം സിനിമ കാണുമ്പോൾ ഞാൻ ഒർമ്മിച്ചു.

പോയ കാലത്തെ പ്രതാപിയായ തുള്ളൽ കലാകാരൻ പപ്പു പിഷാരടി പതിനാറ് കൊല്ലം മുൻപ്  ഇരുപതു വയസ്സിൽ പിണങ്ങിപ്പോയ മകനെത്തേടി നടക്കുമ്പോൾ ഒരു വീഴ്ച പറ്റി. ഓർമ്മ വരുമ്പോൾ അദ്ദേഹം ഒരാശുപത്രിയിലാണ്. മനുഷ്യപ്പറ്റുള്ള ഡോക്ടറും നേഴ്സ്മാരും സഹരോഗികളും കൂട്ടുകാരും ചേർന്ന് തുള്ളൽക്കാരൻ പിഷാരടിയെ ഒരുവിധം സുഖമാക്കി പറഞ്ഞയക്കുന്നത് ആളിന്റെ ഒരുക്കത്തിന്റെ പകുതിയേ ആകുന്നുള്ളു. ഇനിയുള്ള പകുതിയിലാണ് ആളിനെ ഏത് അപ്രതീക്ഷിത അനുഭവങ്ങള്‍ക്കും പാകത്തിന്  ഒരുക്കിയെടുക്കാൻ, അങ്ങിനെ ആളിന്റെ മനസ്സൊരുക്കാൻ സംവിധായകൻ  വി.സി, അഭിലാഷ്  പാടുപെട്ടു സാധിച്ചെടുക്കുന്നത്. ആശുപത്രിയിലെ നേഴ്സ്മാർ ഡോക്ടറെ "ഡോക്ടർ സീതേച്ചി " എന്നു വിളിക്കുന്നുവെങ്കിൽ അവർ തമ്മിലുള്ള പാരസ്പര്യം എത്ര മനോഹരം!

ഇന്ദ്രൻസ് പണ്ടുമുതലേ എനിക്ക് പ്രിയപ്പെട്ട നടനാണ്. ശരിക്കും ഉപയോഗിക്കാൻ സംവിധായകർക്ക് കഴിയാത്തതുകൊണ്ടു മാത്രം ഇതുവരെ തിളങ്ങാൻ ആവാതിരുന്ന, a star among actors തന്നെയാണ് ഇന്ദ്രൻസ്. ഈ സിനിമയിൽ അദ്ദേഹത്തിന് നാഷണൽ അവാർഡാണ് ലഭിക്കേണ്ടിയിരുന്നത്!  ഈയിടയ്ക്കും വലിയൊരു ഫെസ്റ്റിവലിൽ (ഷാങ്ഹായ് ആണെന്നു തോന്നുന്നു.) അവാർഡും റെഡ് കാർപ്പറ്റ് സ്വീകരണവും അദേഹം നേടിയത് മലയാളത്തിന് തന്നെ അഭിമാനമാനകരമാണ്.

വിദ്യാധരൻ മാഷ് പാടിയ 'അകലത്തൊരു പുഴയുണ്ടേ... ' എന്ന  "പുഴപ്പാട്ട് " ഒരു haunting meloncholic melody ആയി നിറഞ്ഞുനിന്നു. റോണി രാഫേലിന്റെ സംഗീതം. കവിത: അജേഷ് ചന്ദ്രന്‍.   സിത്താരയും അവസാനക്രെഡിറ്റിൽ നമ്മെയത് ഓർമപ്പെടുത്തുന്നുണ്ട്.

ആളൊരുക്കം കാണാത്തവർ നെറ്റ് ഫ്ലിക്സിൽ കയറി അതൊന്നു കണ്ടുനോക്കൂ. വലിയ മാലപ്പടക്കവും ആലക്തികദീപപ്രഭയും ഗുണ്ടും പുകയുമില്ല. പക്ഷെ മുനിഞ്ഞു കത്തുന്ന ഒരു നിലവിളക്കിന്റെ ഇത്തിരിവെട്ടം നിങ്ങളിലെ 'ആളെയും'  ചെറുതായെങ്കിലും ഒന്നൊരുക്കിയെടുക്കും.

അവാർഡുപടം എന്ന പേരിൽ തട്ടിക്കൂട്ടുന്ന കപട "ബുജി" സിനിമകൾ കാണുമ്പോൾ ബോറടിക്കുന്ന എന്റെ മനസ്സിനെയും  ഈ സിനിമ ഒന്നൊരുക്കുക തന്നെ ചെയ്തു.

Wednesday, June 12, 2019

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല!

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! 
എന്‍ജിനീയര്‍മാരുടെ ധാര്‍മ്മിക ചുമതലയും നൈതികതയും
(engineering ethics)

ഡോ സുകുമാര്‍ കാനഡ




ഇവിടെ കാനഡയില്‍ ഞാനറിയുന്ന ഒരു സീനിയര്‍ സിവില്‍ എന്‍ജിനീയര്‍ അടുത്തകാലത്ത് അന്തരിച്ചു. എന്‍റെയൊരു മെന്റര്‍ ആയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭക്ഷണത്തോടു വലിയ പ്രിയമുണ്ടായിരുന്ന ബ്രിട്ടീഷ് കാരന്‍.  ടോം എന്നദ്ദേഹത്തെ വിളിക്കാം (ശരിയായ പേരല്ല). ബ്രിട്ടനിലെ പ്രശസ്തമായ ഒരു യൂനിവേര്‍സിറ്റിയില്‍ നിന്നും ബിരുദം, കാനഡയില്‍ നിന്നും ബിരുദാനന്തര ബിരുദം, നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം പല തരത്തിലും പെട്ട എന്ജിനീയറിംഗ് പ്രോജക്റ്റുകള്‍ ചെയ്ത പരിചയം. – ഇങ്ങിനെയുള്ള ആള്‍ മരിക്കുന്നതുവരെ തനിക്ക് കിട്ടുന്ന പെന്‍ഷന്‍ വരുമാനത്തില്‍ നിന്ന് മാസം തോറും ആയിരത്തിനടുത്ത്‌ വരുന്ന ഒരു തുക കോടതിയില്‍ അടയ്ക്കുന്നുണ്ടായിരുന്നു. അത്രയും ഡോളര്‍ എടുത്തിട്ടുള്ള ബാക്കി തുകയേ അദ്ദേഹത്തിന് ചിലവുകള്‍ക്കായി കിട്ടിയിരുന്നുള്ളു.

എന്തിനാണ് കോടതി ഇരുപത്തിയെട്ടുകൊല്ലക്കാലം മാസം തോറും അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും ഈ തുക പിഴയായി ചുമത്തിയത്? അദ്ദേഹം മുപ്പതുകൊല്ലം മുന്‍പ് ചെയ്ത ഒരു എന്ജിനീയറിംഗ് ഡിസൈന്‍ പണിയില്‍ അറിയാതെ പറ്റിയ ഒരബദ്ധത്തിന്‍റെ പേരില്‍ കിട്ടിയ ശിക്ഷയാണത്‌. ടോമിന്‍റെ ലൈസന്‍സ് നാലുകൊല്ലം റദ്ദാക്കപ്പെട്ടു. വീണ്ടും ചില പരീക്ഷകള്‍ എഴുതിവേണ്ടിവന്നു ലൈസന്‍സ് വീണ്ടും കിട്ടാന്‍. കേവലം അയ്യായിരം ഡോളറോളം മാത്രം കോണ്ട്രാക്റ്റ് തുകയുള്ള ഒരു ചെറിയ ഡിസൈന്‍ സബ്കണ്‍സല്‍ട്ടന്സി പണിയില്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്ത ഒരാള്‍ വരുത്തിയ അബദ്ധം, സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ടോമിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു കുറ്റം.

സംഭവം ഇങ്ങിനെയാണ്‌: പെട്ടെന്നൊരു ദിവസം രാത്രിയില്‍ നല്ലൊരു മഞ്ഞുപെയ്ത് അദ്ദേഹം ഡിസൈന്‍ ചെയ്യാന്‍ സഹായിച്ച ആ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പതിയെ നിലം പൊത്തി. ആളപായം ഒന്നും ഉണ്ടായില്ല. പക്ഷെ കെട്ടിടം പണിത കൊണ്ട്രാക്ടര്‍, അതിന്‍റെ പ്രധാന കണ്‍സല്‍ട്ടന്റ്, പിന്നെ ടോം എന്നിവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു. കെട്ടിടത്തിനു പണിയാന്‍ പെര്‍മിറ്റു നല്‍കിയ സിറ്റി എന്ജിനീയറെയും വിചാരണ ചെയ്തു. ഇന്ഷുറന്സ് കമ്പനി പുതിയ കെട്ടിടം പണിതു കൊടുത്തു. പക്ഷെ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വം (insurance deductable) മരിക്കുന്നതുവരെ നീണ്ടു നിന്നു. പ്രധാന എന്ജിനീയര്‍ക്ക് ജോലിയും ലൈസന്‍സും നഷ്ടപ്പെട്ടു. അയാള്‍ കാര്‍ സെയില്‍സില്‍ മിടുക്കനായി, അതില്‍ നിന്നുമുള്ള വരുമാനത്തില്‍ ഒരു പങ്ക് തുക ഇപ്പോഴും അയാള്‍ അടച്ചുകൊണ്ടിരിക്കുന്നു.

അത്ര ശുഭോദര്‍ക്കമല്ലാത്ത ഈ കഥ എന്തിനിവിടെ പറയുന്നു?

എറണാകുളം പാലാരിവട്ടത്തെ മേല്‍പ്പാലം പൊളിഞ്ഞ വാര്‍ത്ത വന്നതില്‍പ്പിന്നെ അതിന്‍റെ ചുമതലയുണ്ടായിരുന്ന എന്ജിനീയര്‍മാരെല്ലാം മൌനവ്രതത്തിലാണെന്നു തോന്നുന്നു. പൊതുമരാമത്ത് വകുപ്പാണോ, മന്ത്രിമാര്‍ നേരിട്ടാണോ ഈ പണികള്‍ നടത്തിക്കുന്നതെന്ന് എനിക്കറിയില്ല. അതോ കണ്‍സല്‍ട്ടന്സികള്‍ ഏറ്റെടുത്ത് നടത്തുന്നതാണോ? പക്ഷെ, ഇതുപോലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പ്രഫഷണല്‍ മര്യാദകള്‍ ലംഘിച്ചതിന്റെ ഫലം തന്നെയാണ് പാലം നിര്‍മ്മാണത്തിലെ അപാകത എന്നു തോന്നുന്നു. പലതരത്തിലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്വന്തം പേര് എഴുതി ഒപ്പിട്ട് സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്ന ഒരെന്ജിനീയര്‍ എന്ന നിലയില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതുന്നതില്‍ അപാകതയില്ല എന്ന് തോന്നുന്നു. കാനഡയിലും അമേരിക്കയിലും രജിസ്ട്രേഷന്‍ ഉള്ള പ്രഫഷണല്‍ എന്ജിനീയറും പ്രോജക്റ്റ് മാനേജറുമാണ് ഞാന്‍.

പണ്ടൊക്കെ നാട്ടില്‍ ഒരു പാലം പണികഴിയുമ്പോള്‍ രാജാവ് പാലത്തിന്‍റെ പണി പരിശോധിക്കാന്‍ വരുമായിരുന്നു. ആനപ്പുറത്താണ് വരവ്. പാലത്തിനു താഴെയിട്ട കസേരകളില്‍ പാലം പണിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാവരെയും കെട്ടിയിട്ടിട്ടുണ്ടാവും. “സ്കെച്ചും പ്ലാനും” വരച്ചയാളും മേസ്തിരിയും എല്ലാം ഈ കൂട്ടത്തിലുണ്ട്. രാജാവും പരിവാരങ്ങളും ആനപ്പുറത്തു കയറി പാലത്തിന്‍റെ  ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കടന്ന് പോയി ആ പരിശോധനയില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും നല്ല സമ്മാനങ്ങളുണ്ട്. അഥവാ പാലം നിലനിന്നില്ലെങ്കില്‍ ഉള്ള കഥ പറയേണ്ടല്ലോ! ഇപ്പോള്‍ അത്തരം പരിശോധന നടത്താന്‍ യോഗ്യരായ രാജാവോ (ജനാധിപത്യമന്ത്രിയായാലും മതി) ഉത്തമ ബോദ്ധ്യത്തോടെ പാലത്തിനടിയില്‍ ഇരിക്കാന്‍ ധൈര്യമുള്ള എന്ജിനീയര്‍മാരോ നാട്ടില്‍ ഉണ്ടോ എന്നെനിക്ക് സംശയമുണ്ട്.  എന്നാല്‍ എന്ജിനീയറിംഗ് regulated profession”  ആക്കിയിട്ടുള്ള നാടുകളില്‍ ഇത് പോലുള്ള “accountability check” നടക്കുന്നുണ്ട്. എന്‍ജിനീയര്‍മാര്‍ അവരുടെ ധാര്‍മ്മികമായ ചുമതല വഹിക്കുന്നു. അത് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷയും മാതൃകാപരമാണ്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയുള്ള മരാമത്ത് പണികള്‍ നടത്തുമ്പോള്‍ വേണ്ടത്ര അവധാനതയോടെയല്ലാതെ ബന്ധപ്പെട്ട ആരും ഇടപെടാറില്ലതാനും. എന്നാല്‍ ബഡ്ജറ്റ് അനുവദിച്ച ശേഷം രാഷ്ട്രീയക്കാര്‍ പണിയുടെ പുരോഗതി അന്വേഷിക്കുകയും റിപ്പോര്‍ട്ടുകള്‍ പൊതുവേദിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുമുണ്ട്. പറഞ്ഞ സമയത്തിനു പണി ചെയ്തു തീര്‍ക്കാഞ്ഞാല്‍ അവര്‍ പ്രശ്നമുണ്ടാക്കും എങ്കിലും അനാവശ്യമായി അവര്‍ ഒന്നിലും ഇടപെടുകയില്ല. ഉത്ഘാടനം നടത്താനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കാറുമില്ല.

നാട്ടിലുള്ള എന്ജിനീയര്‍മാരുടെ കഴിവിനെപ്പറ്റി എനിക്ക് നല്ല അഭിപ്രായം തന്നെയാണ്. പക്ഷെ അവര്‍ക്ക് സ്വന്തം കഴിവുകള്‍ സധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്. സാങ്കേതികജ്ഞാനം ഉള്ള ആളുകളെ കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടോ എന്നാണു സംശയം. കുറച്ചുനാള്‍ മുന്‍പ് കേരളത്തിലെ ഒരു എന്ജിനീയറിംഗ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. നല്ല വിവരവും സേവനമനസ്ഥിതിയുമുള്ള കുറച്ചു ചെറുപ്പക്കാരാണ് എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അക്കൂട്ടത്തിലെ സീനിയറായ ഒരാള്‍ക്ക് ഒരു ഫോണ്‍ വന്നു. വളരെ ഭവ്യതയോടെ, സര്‍ എന്ന് ഒരു പത്തു തവണയെങ്കിലും വിളിച്ച് ഫോണില്‍ അദ്ദേഹം മറുപടി പറയുന്നു. “ശരി സര്‍, ശരിയാക്കാം സര്‍, എല്ലാം റെഡിയാണ് സര്‍, വന്നോളൂ സര്‍. ആയിക്കോട്ടെ സര്‍...” ഇങ്ങിനെ നീണ്ടു പോയി ആ സംസാരം. പിന്നീട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, അതിലെ പോകുന്ന ഒരു മന്ത്രിക്ക് ഉച്ചയൂണ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ഈ സീനിയര്‍ എന്‍ജിനീയറെയാണ്. അത് ശരിയായോ എന്ന് തിരക്കിയ മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോടാണ് അദ്ദേഹം ഈ വിധേയത്വമൊക്കെ കാണിച്ചത്! ഈ തിരക്കില്‍ പാലം പണിയൊക്കെ കൃത്യമാണോ എന്ന് നോക്കാന്‍ അവര്‍ക്ക് നേരമെവിടെ? പിന്നെ മറ്റൊരു കാര്യം കൂടി അറിഞ്ഞു – ആ ഉച്ചയൂണിനു ചിലവായ തുക - ഏകദേശം നാലായിരം രൂപ -  എന്‍ജിനീയര്‍ കയ്യില്‍ നിന്നും മുടക്കിയത്രേ! അത് മാസം തോറും കൃത്യമായി കിട്ടുന്ന ശമ്പളത്തില്‍ നിന്നുതന്നെ  കൊടുക്കുമായിരിക്കും അല്ലേ?

പാലാരിവട്ടം പാലത്തിനെന്തു പറ്റി എന്നതൊന്നും എനിക്ക് അറിയില്ല. എന്നാല്‍ ഏതൊരു പൊതുനിര്‍മ്മാണപ്രവര്‍ത്തനത്തിനും ചേരുന്ന ധാര്‍മ്മീകമായ എന്ജിനീയറിംഗ് മര്യാദകള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും പാലത്തിലൂടെ വണ്ടികള്‍ പോകുമായിരുന്നു. ഇതിനെക്കുറിച്ച്‌ എനിക്ക് കുറച്ചു സംശയങ്ങള്‍ ഉള്ളത് ഇതൊക്കെയാണ്.

പാലം ഡിസൈന്‍ ചെയ്ത, അതിന്‍റെ ചുമതലയുള്ള വ്യക്തി സമ്പൂര്‍ണ്ണ accountability യോടെ സ്വന്തം പേരെഴുതി ഒപ്പിട്ട് പാലം സെര്‍ട്ടിഫൈ ചെയ്തിട്ടുണ്ടോ?  ഈ ഡിസൈന്‍ ഏതെങ്കിലും സമാനമായ യോഗ്യതയുള്ള എന്‍ജിനീയര്‍ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടോ? ഈ എന്ജിനീയര്‍മാര്‍ക്ക് പ്രഫഷണല്‍ ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പാലം പണിയുമായി ബന്ധപ്പെട്ട ഗുണനിലവാരപരിശോധനയുടെ (quality control and quality assurance documents) എല്ലാ രേഖകളും സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ആരാണ് അതിന്‍റെ custodian?

പാലം പണിയുടെ കോണ്ട്രാക്റ്റ് പണം മുഴുവനും സമയാസമയം ജോലി ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ടോ?

പാലം പണിത കോണ്‍ട്രാക്ട് കമ്പനിക്ക് ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പുതുതായി നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ക്ക് വേണ്ടതായ “new construction warranty” ഈ പാലത്തിന് ഉണ്ടോ? അതെത്ര കൊല്ലത്തേക്ക് പ്രാബല്യത്തില്‍ ഉണ്ട്?

എന്ജിനീയറിംഗ് തീരുമാനങ്ങളില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ? അതിന്‍റെ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍ജിനീയര്‍മാര്‍ അവ പൊതുജനത്തിന് (മീഡിയക്ക്) കാണിച്ചു കൊടുക്കണം.

ഏതായാലും പൊതുജനത്തിന്റെ പണം എടുത്ത് വീണ്ടും ഈ പാലം പണിയുന്നത് മര്യാദകേടാണ്. ആരെങ്കിലും പൊതു താല്പ്പര്യ ഹര്‍ജി കൊടുത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോ പണി തുടങ്ങുമ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്ലാനിംഗ് സമയത്തേ ഉറപ്പാക്കിയാല്‍ മതിയാകും. പിന്നെ പൊതുമുതലില്‍ നിന്നും പണം എടുക്കുന്നതും, പണിയാന്‍ വച്ചിരിക്കുന്ന അളവില്‍ നിന്നും സിമന്‍റ്, കമ്പി, എന്നിവയിലൊക്കെ കുറവ് വരുത്തുന്നതും മോഷണം തന്നെയാണ് എന്നൊരു അറിവ് നമുക്കെല്ലാവര്‍ക്കും ഉണ്ടാവണം. ഇപ്പോഴത്തെ ശമ്പള നിലവാരം വച്ചു നോക്കിയാല്‍ എല്ലാവര്‍ക്കും മോഷണമൊന്നും കൂടാതെ തന്നെ ജീവിക്കാനുള്ള വക കിട്ടുന്നുണ്ടാവുമെന്നു കരുതുന്നു.

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! ഒരുവിധം പണി പഠിച്ചവര്‍ക്ക് ചെയ്യാനുള്ളതേയുള്ളു. പക്ഷെ ചെയ്യുന്ന പണിയെപ്പറ്റി സ്വാഭിമാനം വേണം. “Every job is a self-portrait of the person who does it” ഇത് മേസ്തിരിക്കും, ആര്‍ക്കിറ്റെക്ട്ടിനും, മന്ത്രിക്കും, തന്ത്രിക്കും  എന്‍ജിനീയര്‍ക്കും എന്നുവേണ്ട എല്ലാം ബാധകമാണ്. ഇനിയെങ്കിലും ഇങ്ങിനെ “പാലാരിവട്ടം പാലം” പോലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.