Tuesday, September 26, 2017

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത നേടുന്നതിനെപ്പറ്റി . 


സിനിമാ നടനും പൊതു പ്രവർത്തകനും എംപിയുമായ  ശ്രീ സുരേഷ് ഗോപി തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. അടുത്ത ജന്മത്തിലെങ്കിലും തന്റെ ഇഷ്ടദേവനായ അയ്യപ്പനെ തൊട്ടു പൂജിക്കാൻ ഇടയാക്കണേ എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥന. അത്ര അക്ഷന്തവ്യമായ അപരാധമാണോ ഇത്?

വിഗ്രഹപൂജയെപ്പറ്റി തീരെ അറിവോ ഭാവനയോ ഇല്ലാത്ത അനേകംപേര്‍ ശ്രീ സുരേഷ്ഗോപിയെ വിമര്‍ശിക്കുകയും അഭിപ്രായം പറയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിലെ തെറ്റെന്നു മനസ്സിലാവുന്നില്ല. വേദങ്ങളിലും ആചാരങ്ങളിലും പുനര്‍ജന്മത്തിലും ഉള്ള ശ്രദ്ധ ഭാരതീയ സംസ്കാരത്തിലും സനാതനധര്‍മ്മത്തിലും വളരെയധികം പ്രധാന്യമുള്ള സംഗതികളാണ്. അങ്ങിനെ ആചാരംകൊണ്ടും വിശ്വാസംകൊണ്ടും സനാതനധര്‍മ്മത്തിലെ ബഹുസ്വരതയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് വിഗ്രഹപൂജയെ കാണേണ്ടത്. തികച്ചും വേദാന്തിയായ, ആ തലത്തില്‍ ആത്മീയതയെ സ്വാംശീകരിക്കുന്നവര്‍ക്കുമുതല്‍ മാടനെയും മറുതയെയും ‘വെച്ചാരാധിക്കുന്ന’വര്‍ക്കുവരെ മാത്രമല്ല നാസ്തികര്‍ക്കും  സാനാതനധര്‍മ്മത്തില്‍ സ്ഥാനമുണ്ട് എന്ന് നാം മറക്കരുത്.

ശബരിമലയിലെ നിലവിലുള്ള പൂജാക്രമം അനുസരിച്ച് ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കാണ് ഇപ്പോഴത്തെ ആചാരനിയമങ്ങള്‍ അനുസരിച്ച് മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടാവൂ. കര്‍മ്മസിദ്ധാന്തമനുസരിച്ച് ആര്‍ക്കുവേണമെങ്കിലും അങ്ങിനെയൊരു ബ്രാഹ്മണകുലത്തില്‍ ജനിക്കാനും ശബരിമലയില്‍ പൂജിക്കാനുമാകും. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവ്‌ വരെ ആര്‍ക്കും പുനര്‍ജന്മങ്ങളിലൂടെ സാധിക്കാവുന്ന ഒരു കാര്യമാണിത്. എങ്കിലും ഇതൊന്നും ഇപ്പോഴത്തെ ‘ശാസ്ത്രീയമെന്നു പറയപ്പെടുന്ന’ രീതിയില്‍ തെളിയിക്കാന്‍ വിശ്വാസങ്ങളുടെ തലത്തില്‍ ആര്‍ക്കും ബാധ്യതയില്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഇതെല്ലാം ആചാരവിശ്വാസങ്ങളുടെ തലത്തില്‍ നിലകൊള്ളുന്ന കാര്യങ്ങളാണ്. ഏതൊരു സൃഷ്ടിയുടെയും ആരംഭം ഭാവനയില്‍ നിന്നാണ്. അതായത് സങ്കല്‍പ്പത്തില്‍ നിന്ന്. സങ്കല്‍പ്പം തന്നെയാണ് ഒരാള്‍ കഴിക്കുന്ന അന്നത്തിലൂടെ രേതസ്സായും ഭ്രൂണമായുമൊക്കെ പരിണമിച്ച്  ഒരു പുതുജീവന്‍ ഉളവാകുന്നത്. അങ്ങനെയുള്ള ഒരു പുനർജന്മത്തിലൂടെ ഉൽകൃഷ്ടമായ  ഒരു ജന്മം ലഭിക്കാനാണ് സുരേഷ്ഗോപി ആഗ്രഹിച്ചതും.

ബ്രാഹ്മണകുലത്തില്‍ ജന്മനാ ചിട്ടയായ ആചാരമര്യാദകളിലൂടെ ജനിക്കുന്ന ഒരു കുട്ടിക്ക് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള ഷോഡശ സംസ്കാരകര്‍മ്മങ്ങളുടെ പിന്‍ബലം ഉണ്ടാവും. അതായത് ഗർഭത്തിൽ ഒരു ജീവൻ എത്തിപ്പെടുന്നതിനു മുൻപേ അതിനുള്ള  സങ്കല്പം പിതാവിലും മാതാവിലും ഉറഞ്ഞു കൂട്ടുന്നത് പോലും സംസ്കാരത്തിന്റെ ഭാഗമാണ് എന്നർത്ഥം. അല്ലാതെ അബദ്ധത്തിൽ ഉണ്ടായിപ്പോകുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. തലമുറകളായി അങ്ങിനെയുള്ള ഒരു സംസ്കാരവിശേഷത്തിലൂടെ കടന്നുപോയവര്‍ തന്നെയാകണം അയ്യപ്പഭഗവാന്‍റെ വിഗ്രഹത്തെ പൂജിക്കാന്‍ എന്ന് ആ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ സ്ഥിരീകരിച്ച ഒരു സങ്കല്‍പ്പത്തെ ഇല്ലാതാക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? സങ്കല്പങ്ങള്‍ ഇല്ലാതാക്കിയാല്‍ ക്ഷേത്രങ്ങള്‍ക്ക്  പിന്നെ എന്ത് മൂല്യമാണുള്ളത്? വെറുംകല്ലില്‍ ഈശ്വരചൈതന്യത്തെ കാണാനും അതറിഞ്ഞ് ലോകനന്മയ്ക്കായി 'പ്രകര്‍ഷേണ' സങ്കല്‍പ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രസങ്കല്‍പ്പം കൊണ്ട് ഒരു കാര്യവുമില്ല.  ഇത്രമേല്‍ സങ്കീര്‍ണ്ണവും എന്നാല്‍ ഭാവനാസമ്പന്നവുമായ സങ്കല്പങ്ങളും ആചാരങ്ങളും ഇല്ലാതാക്കിയാല്‍ സമൂഹത്തില്‍ സമത്വം കൈവരും എന്ന് തോന്നുന്നുണ്ടോ? (ക്ഷേത്രം ISO9000 എന്നൊരു ലേഖനം ഇതിനെക്കുറിച്ച്‌ ഞാന്‍ നേരത്തേ എഴുതിയത് കലാകൌമുദിയിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്
ക്ഷേത്രം ISO 9000- കലാകൌമുദി

തന്‍റെ സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച്   ആരെയെങ്കിലും സ്വാധീനിച്ച് ആചാരങ്ങളെ തട്ടിമറിച്ച് എങ്ങിനെയെങ്കിലും മേല്‍ശാന്തിയായി ശബരിമലയിലെ ഭഗവല്‍ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കണം എന്നല്ല സുരേഷ്ഗോപി  ആഗ്രഹിച്ചത്; മറിച്ച്, തനിക്ക് അങ്ങിനെയൊരു സദനുഭവം അര്‍ഹതപ്പെടുന്ന തരത്തില്‍ ഒരു ജന്മം സംജാതമാകണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലേ അദ്ദേഹം ചെയ്തത്? സനാതന ധര്‍മ്മപദ്ധതിയിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് അങ്ങിനെയൊരു ജന്മം സാധിക്കുന്നത് അടുത്ത ജന്മത്തില്‍ത്തന്നെയാകണം എന്നില്ല എന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. അതായത്  അതിനുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാനും ഒരുവൻ തയ്യാറാകണം എന്നര്‍ത്ഥം.

യോഗവാസിഷ്ഠം പോലുള്ള വേദാന്തപരമായ കൃതികളിലും പുനര്‍ജന്മ സാദ്ധ്യതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതില്‍ 'ജീവടസര്‍ഗ്ഗ'ത്തില്‍ പറയുന്നത് ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം എന്നാണ്. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍  ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. “ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം.” ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതാതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. 

അനേകം പുനര്‍ജന്മാങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മവിപാകം മൂലം   അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ ‘പുറപ്പെടാ ശാന്തിയാണ്’. അദ്ദേഹത്തിന് അയ്യപ്പന്‍ തന്‍റെ പ്രിയപുത്രനെന്നപോലെ സത്യമാണ്. പ്രത്യക്ഷമാണ്. സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍ ദിവസവും കണികാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി, പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. ഒരമ്മ മകന് നല്‍കുന്നതുപോലെയുള്ള സ്നേഹവാത്സല്യങ്ങള്‍ ഭഗവാന് നല്‍കി അയാള്‍ തന്‍റെ ജന്മത്തെ സഫലമാക്കുന്നു. അതയാളുടെ മുജ്ജന്മസുകൃതമാണ്! ആ പൂജകള്‍ കാണുന്നത് ഭക്തജനങ്ങള്‍ക്ക് ജന്മസുകൃതവുമാണ്. ഭക്തരിൽ എല്ലാവര്ക്കും പൂജിക്കണമെന്നു തോന്നുകയില്ല. അവ ർക്ക് ആ കാഴ്ച തന്നെ ധാരാളം. വിഗ്രഹാരാധനയിലെ ഭാവനാസങ്കല്‍പ്പം അന്യമായവര്‍ക്കത് കൈവല്യത്തിനു പകരം വെറും വൈകല്യമായി തോന്നിയേക്കാം. അങ്ങിനെയുള്ളവര്‍ക്കായല്ല ക്ഷേത്രം തുറന്നുവയ്ക്കേണ്ടത്.

അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിക്കുന്ന മേല്‍ശാന്തി ദിവസവും കടന്നുപോകുന്ന ഭാവനാധന്യങ്ങളായ നിമിഷങ്ങള്‍ അറിയാന്‍ ഈ കവിതയിലൂടെ കടന്നുപോയാൽ ചിലപ്പോൾ സാധിച്ചേക്കും. എനിക്ക് പരിചയമുള്ള ഒരാള്‍ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു എന്നറിഞ്ഞതിന്‍റെ ചരിതാര്‍ത്ഥ്യമാണ് ഈ കവിത.  

അയ്യപ്പതൃപ്പാദപങ്കജപൂജ   

അയ്യപ്പതൃപ്പാദ പങ്കജപൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖനാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാതപൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി,
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗവരദന്‍
മേല്‍ശാന്തിയിവനോ പ്രിയതനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജയും കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
നോല്‍ക്കവേ നരജന്മസാഫല്യമായ്‌

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്ന സേവകന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

********************