Wednesday, June 22, 2016

ചോദ്യം ചെയ്യലിലെ മൂന്നാംമുറ ക്രിമിനൽ കുറ്റമാക്കണം..

ചോദ്യം ചെയ്യലിലെ മൂന്നാംമുറ ക്രിമിനൽ കുറ്റമാക്കണം..

ഡോ. സുകുമാർ കാനഡ

കുറ്റാന്യോഷണവ്യഗ്രതയിൽ പോലീസുകാർ മൂന്നാം മുറകൾ ഉപയോഗിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോളിതാ ജിഷ കൊലക്കേസ് അന്യോഷണത്തിനിടയക്ക് പോലീസുകാർ അയൽപക്കത്തുളള സാബുവിനെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചു എന്ന് വായിക്കുകയുണ്ടായി. ജിഷയുടെ കുടുംബം ആ കനാലിന്റെ പുറമ്പോക്കിൽ താമസം തുടങ്ങുന്നതിനു മുൻപേ പ്രവാസ ജീവിതം തുടങ്ങിയ എനിക്ക് ആ പരിസരങ്ങൾ നല്ല പോലെ പരിചിതമാണ്. അവധിക്കാലത്ത് അവിടം സന്ദർശിക്കാറുമുണ്ട്. ഞങ്ങളുടെ തറവാടും പറമ്പും ഇപ്പറഞ്ഞ കനാലിനു ചേർന്നാണ് ഉള്ളത്. സാബുവിന്റെ മാതാപിതാക്കളെ എനിക്ക് നേരിട്ടറിയാം. സാബുവിനെപ്പോലെ ദുരിതം അനുഭവിച്ച മറ്റു പലരും ഉണ്ടാവും.

അതിക്രൂരമായ ആ കൊലപാതകത്തെപ്പറ്റി എനിക്കൊന്നും പറയാന്‍ ഇല്ല. മനസ്സ് മരവിച്ചു പോകുന്ന വാര്‍ത്തയാണത്. എന്നാൽ സാക്ഷികളെ ചോദ്യം ചെയ്യുന്നതിനിടയിൽ പോലീസുകാർ അവരെ ഭേദ്യം ചെയ്യുന്നതിനെപ്പറ്റിയാണ് ഈ കുറിപ്പ്. നമ്മുടെ പോലീസുകാരുടെ പ്രവർത്തികളെയും പെരുമാറ്റത്തെയും കുറിച്ച് ആളുകൾക്കുള്ള പേടിയും അവജ്ഞയുമാണ് കുറ്റകൃത്യങ്ങളെപ്പറ്റി അറിയാമെങ്കിലും വിവരമറിയിക്കാൻ ആളുകൾ അവരെ സമീപിക്കാത്തത് എന്ന് നിസ്സംശയം പറയാം. പോലീസുകാർക്ക് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മർദ്ദിക്കാനും താൽക്കാലികമായി ശിക്ഷിക്കാനും അവകാശമുണ്ടെന്ന് എങ്ങിനേയോ ഒരു തോന്നൽ അവരിൽ കടന്നു കൂടിയിട്ടുണ്ട്. മാത്രമല്ല പൊതുജനത്തിനും ആ ധാരണ ഉണ്ടെന്നു തോന്നുന്നു. സിനിമകളിലും മറ്റും അടിച്ചു നിരത്തി ഹീറോ ആകുന്ന പോലീസുകാരന് കൈയടി കൂടുതൽ കിട്ടുന്നുണ്ടല്ലോ.

അടുത്ത കാലത്ത് ഇൻസ്പെക്ടർ ഹീറോ ബിജു എന്ന സിനിമയിൽ വഴിയിൽ നിന്നു പിടിച്ച ഒരു പാവം കള്ളുകുടിയൻ വഴക്കാളിയെ ചൊറിയണ്ണത്തിന്റെ (കൊടുത്തൂവ) ഇല കൊണ്ടു് ഉഴിയുന്നതിന്റെ സീനുണ്ടു്. അതേ പ്രയോഗം എന്റെയൊരു സുഹൃത്തിന്റെ ജ്യേഷ്ഠൻ സർക്കിൾ ഇൻസ്പെക്ടർ ചെയ്യുന്നതൊരിക്കൽ നേരിട്ടു കാണാനിടയായി. അത് ഏകദേശം മുപ്പത് കൊല്ലം മുൻപാണ്. സുഹൃത്തിന്റെ ചേട്ടനെക്കാണാൻ സ്റ്റേഷനിൽ ചെന്നപ്പോഴാണത്. സിനിമയിലെപ്പോലെ അഭിനയമല്ല ശരിയ്ക്കുള്ള ചൊറിയണ്ണം ഒരു പീസിയെക്കൊണ്ടു് പറിച്ചെടുപ്പിച്ച് പ്രതിയെ ഉഴിയുന്നത് കണ്ടു് സഹിക്കാതെ 'എന്തിനാ ചേട്ടാ ഇതൊക്കെ? ' എന്നു ചോദിച്ചത് പിടിക്കാതെ  'ക്വാർട്ടേഴ്സിൽ പോയി ചായ കുടിച്ചിട്ടേ പോകാവൂ' എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പെട്ടെന്ന് യാത്രയാക്കി.

മൂന്നാംമുറ സമൂഹം അംഗീകരിച്ചതും നിയമകാര്യങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട വക്കീലൻമാർ പോലും എതിർക്കില്ല എന്നുറപ്പുള്ളതുകൊണ്ടുമായിരിക്കണം പോലീസുകാർ ഇക്കാലത്തും അത് തുടരുന്നത്.

രണ്ടു മൂന്നു കൊല്ലം മുൻപുള്ള മറ്റൊരനുഭവം പറയാം. അത് വക്കീലൻമാരുമായി ബന്ധപ്പെട്ടാണ്. വടക്കേയിൻഡ്യയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മലയാളികളുടെ ഒരു സംഘത്തിനൊപ്പം സകുടുംബം ഞാൻ ഒരു യാത്ര പോയിരുന്നു. നീണ്ട  ബസ്സുയാത്രയിലെ വിരസത പോക്കാനായി യാത്രയിലുള്ള ഓരോരുത്തരേയും ഇൻറർവ്യൂ ചെയ്യാൻ തീരുമാനിച്ചു. അവരവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പറയുക എന്നതാണ് പരിപാടി. ആർക്കും ചോദ്യങ്ങൾ ചോദിക്കാം. അങ്ങിനെ സഹയാത്രികരെ പരിചയപ്പെടാൻ അവസരവുമാകും. ഇത്തവണ ഹാന്റ് മൈക്കെടുത്തത് ഒരു ചെറുപ്പക്കാരിയാണ്. ക്രിമിനൽ ലോയറാണ് ആ കുട്ടി.  ഒരു സീനിയർ വക്കീലിന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നു. പഠിച്ചിറങ്ങിയിട്ട് ഒരു കൊല്ലമേ ആയുള്ളൂ.
‘പ്രതികളെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാനായി മൂന്നാം മുറയും മര്‍ദ്ദനവും പാടുണ്ടോ?’ എന്നാണ് അവരോട് ഒരാൾ ചോദിച്ച ചോദ്യം. ഉടനെ മറുപടി വന്നു. 'തീർച്ചയായും. നല്ല അടി കൊടുത്ത് മര്യാദ പഠിപ്പിച്ചു വേണം അവനെയൊക്കെ നിലയ്ക്ക് നിർത്താൻ. ' ഇക്കാര്യത്തിൽ യുവ അഭിഭാഷകയ്ക്ക് സംശയമേയില്ല.

അതു കേട്ടപ്പോൾ എന്റെയടുത്തിരുന്ന പത്തു വയസ്സുകാരൻ മകൻ എന്നെയൊന്നു തോണ്ടി. ‘അച്ഛാ, ഈ ചേച്ചിക്ക് ഹ്യൂമൻ റൈറ്റ്സിനെപ്പറ്റി ഒന്നും അറിയില്ലേ?' ബസ്സില്‍ വച്ച് അപ്പോളത് ചർച്ചയാക്കാൻ അവന് മടിയായിരുന്നു.  പിന്നീടു് ഭക്ഷണ സമയത്ത് ഞാൻ അവരോട് പറഞ്ഞു: 'ദാ ഇവന് കുട്ടിയോട് ചിലത് ചോദിക്കാനുണ്ട് '.  പത്തു വയസ്സുകാരന്റെ വാദത്തിനു മുന്നിൽ അവർ സമ്മതിച്ചു. ‘ഞാനതോർത്തില്ല  കുട്ടാ'. മകൻ കാനഡയിൽ മനുഷ്യാവകാശത്തെപ്പറ്റി ചെറുപ്രായത്തില്‍ത്തന്നെ സ്കൂളിൽ പഠിച്ച കാര്യമാണിത്. അവൻ മിനി-യുഎൻ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴും അവിടെ ഇത് ഒരു പ്രധാന വിഷയമായിരുന്നു.

ആ വക്കീൽ ഹ്യൂമൻ റൈറ്റ്സിനെപ്പറ്റി പഠനകാലത്ത് ഓടിച്ചൊന്നു വായിച്ചിട്ടേയുള്ളൂ എന്നാണ് പറഞ്ഞത്.  അവരുടെ സീനിയർ വക്കീൽ പറഞ്ഞു കേട്ട അഭിപ്രായം അവരും ചോദ്യം ചെയ്യാതെ വിഴുങ്ങിയാണ് ലോക്കപ്പ് മർദ്ദനത്തെ പിൻതാങ്ങി അഭിപ്രായം പറഞ്ഞത്.

മൂന്നാം മുറ എന്നത് അധികാര ദുര്‍വിനിയോഗം  (systemic abuse) എന്ന രീതിയിൽ മനുഷ്യാവകാശ നിഷേധമായി കണക്കാക്കി പോലീസുകാർക്ക് വ്യക്തിപരമായ ശിക്ഷകൾ വാങ്ങിക്കൊടുക്കുന്ന നിയമവും അതു കൃത്യമായി നടപ്പാക്കലും ഉണ്ടായാൽ മാത്രമേ സാദാ പോലീസുകാർ ഇതിൽ നിന്നു പിൻമാറുകയുള്ളു. നീതിന്യായം നടത്താൻ ചുമതലപ്പെട്ടവർ ആളുകളെ ഉപദ്രവിച്ചാൽ (‘അനാവശ്യമായ’ ഉപദ്രവം എന്ന്‍ പറയേണ്ടതില്ല. എല്ലാ ഉപദ്രവവും അനാവശ്യം തന്നെ) അതിനുള്ള പ്രതിവിധി ചെയ്യാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. 

പ്രതിയാണെന്നുറപ്പുണെങ്കിൽ പ്പോലും ചോദ്യം ചെയ്യലിൽ മൂന്നാംമുറ പ്രയോഗിക്കാൻ ആർക്കും അവകാശമില്ല. മൂന്നാം മുറയെ ക്രിമിനൽ കുറ്റമായി പരിഗണിക്കുക തന്നെ വേണം. പ്രതിയല്ലാത്ത സാക്ഷികള്‍ക്ക് കേസിന്‍റെ ആവശ്യങ്ങള്‍ക്കായി വന്നു പോവുന്നതിന്റെ ചിലവും ജോലി നഷ്ടപ്പെട്ടാൽ അതിനുള്ള പരിഹാരവും കോടതി നല്‍കണം. ജിഷ കേസിൽ അധികാരികളാൽ പീഡിപ്പിക്കപ്പെട്ട സാബുവിനും കുടുംബത്തിനും ഉചിതമായ നഷ്ടപരിഹാരം കൊടുക്കാൻ പോലീസ് ഡിപ്പാർട്ടുമെന്റ് തന്നെ മുന്നിട്ടിറങ്ങണം.