Monday, September 16, 2019

മരട് പ്രശ്നത്തിന് “ബ്ലഡ് മണി” ഒരു പരിഹാരം


മരട് പ്രശ്നത്തിന്  “ബ്ലഡ് മണി”  ഒരു പരിഹാരം 

ഡോ സുകുമാര്‍ കാനഡ 
ഗള്‍ഫിലും മറ്റും കൊലക്കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍  അവസാനത്തെ പ്രതീക്ഷയായി കണക്കാക്കുന്നത് കൊലചെയ്യപ്പെട്ടയാളിന്റെ കുടുംബത്തിന്‍റെ ദയാവായ്പ്പോടെ വലിയൊരു തുക അവര്‍ക്ക്  ബ്ലഡ് മണിയായി നല്‍കി കൊലക്കയറില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാം എന്നതാണ്. മരടില്‍ ഫ്ലാറ്റുകള്‍ പണിതത് ഗുരുതരമായ കുറ്റം തന്നെയാണ്. അതിനുള്ള ശിക്ഷയായി കെട്ടിടങ്ങള്‍ പോളിച്ചുമാറ്റുക എന്നത് സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഉടനെ നടത്തേണ്ടതുമാണ്. ഈ കുറ്റത്തിലെ പ്രതികള്‍ ആരൊക്കെയാണ്? കെട്ടിടം നിര്‍മ്മാണം ബിസിനസ് ആക്കിയവര്‍, കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിട്ടെക്ടുകള്‍, മുനിസിപ്പാലിറ്റി-പഞ്ചായത്ത്, ഉദ്യോഗസ്ഥന്മാര്‍, ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കിയവര്‍, അതിന് ഒത്താശ ചെയ്ത രാഷ്ട്രീയക്കാര്‍, ഓരോ ഫ്ലാറ്റുകളും വാങ്ങിയ ഉടമകള്‍, ഇങ്ങിനെ അനേകം പേര്‍ ഇതില്‍ പ്രതികളാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കിയിട്ട് അത് നടപ്പിലാക്കാന്‍ ചുമതലയുണ്ടായിട്ടും നടപ്പിലാക്കാത്ത, അല്ലെങ്കില്‍ അതിനു കഴിവില്ലാത്ത, ഓരോ ഉദ്യോഗസ്ഥരും ഇതിനുത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്‌. വാദികളോ? ഇന്ത്യന്‍ പൌരന്മാര്‍ എല്ലാവരും ഇതില്‍ വാദികളാണ്. പ്രകൃതിയെ വഞ്ചിച്ചും ചൂഷണം ചെയ്തും നാട്ടിലെ എല്ലാവരെയും ഒരുപോലെ വഞ്ചിച്ച പ്രതികള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ കിട്ടുക തന്നെ വേണം. എന്നാല്‍ കെട്ടിട സമുച്ചയം പോളിച്ചുമാറ്റുക എന്ന ‘ശിക്ഷ’ നടപ്പിലാക്കിയാല്‍ ഉണ്ടാവുന്ന അപകടം എത്ര വലുതാണെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. സാമൂഹ്യപരമായും പരിസ്ഥിതിപരമായും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഒരു നടപടിയാവും അതെന്നു തോന്നുന്നു.

പ്രകൃതിയെ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാക്കുക, കുറ്റവാളികളെ ഒരു പാഠം പഠിപ്പിക്കുക, നിയമം അതിന്‍റെ വഴിയേ നടപ്പിലക്കുന്നതുവഴി ഭാവിയില്‍ ഇങ്ങിനെയൊരു കുറ്റകൃത്യം നാട്ടില്‍ ഉണ്ടാവാതിരിക്കുക എന്നതെല്ലാം വളരെ നല്ല കാര്യമാണ്. പക്ഷെ ഇനി ഇതിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്നും വലിയൊരു തുക ചിലവാക്കുന്നതിന്റെ ഔചിത്യം കൂടി കണക്കാക്കേണ്ടതുണ്ട്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഉടന്‍ നടപ്പാക്കാന്‍ പോവുന്നു എന്നെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്ത് നടപടികളാണ് മൊത്തത്തില്‍ സമൂഹത്തിനു ഗുണകരം (common good) എന്നത് വളരെ ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. കെട്ടിടങ്ങള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് വിശദമായി ആലോചിച്ച് വേണം ഇക്കാര്യങ്ങള്‍ ചെയ്യാന്‍. പണിയുന്നതുപോലെ തന്നെ എന്ജിനീയറിംഗ് വൈദഗ്ധ്യം ആവശ്യമുള്ള കാര്യമാണ് പൊളിക്കുക എന്നതും. പൊളിച്ചു കഴിഞ്ഞു വരുന്ന കോണ്‍ക്രീറ്റ് വേസ്റ്റ് എവിടെ എങ്ങിനെ വേണ്ട രീതിയില്‍ ഒഴിവാക്കും എന്നതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. റോഡുപണി (കേരളത്തിലെ മിക്കവാറും എല്ലാ റോഡുകളും),  പാലം പണി (പാലാരിവട്ടം ഉദാഹരണം), ടണല്‍ പണി (കുതിരാന്‍), കെട്ടിട നിര്‍മ്മാണം (കോണ്‍ക്രീറ്റ് ടെറസ്സിന്  മുകളില്‍ ഉള്ള സ്റ്റീല്‍ റൂഫ്) ഇവയില്‍ ഒക്കെ ഒരു സിവില്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ എനിക്ക് വിഷമം (അതോ നാണക്കേടോ?) തോന്നിയ അനേക ഉദാഹരണങ്ങള്‍ ഈയിടെ നാട്ടില്‍ വന്നപ്പോള്‍ കാണുകയുണ്ടായി. അതൊന്നും സാമ്പത്തീകമായി ഇന്ത്യ ക്ഷീണിതമായതുകൊണ്ടല്ല, കാര്യപ്രാപ്തിയും ആത്മാര്‍ഥതയും ചുമതലാബോധവും കുറവായതുകൊണ്ട് തന്നെയാവുമെന്ന് തോന്നുന്നു. അങ്ങിനെയുള്ള ഒരിടത്ത് കെട്ടിടം പൊളിക്കാന്‍ 30 കോടി അനുവദിച്ചാല്‍ അത് പൂര്‍ണ്ണമായും വേണ്ട രീതിയില്‍ വിനിയോഗിക്കും എന്ന് എങ്ങിനെ ഉറപ്പാക്കും?. പാതി പൊളിഞ്ഞു നശിച്ച ഒരിടമായി മരട് ഫ്ലാറ്റ് നിലകൊണ്ട സ്ഥലം മാറും എന്നല്ലാതെ പഴയ രീതിയില്‍ പ്രകൃതി വൈവിദ്ധ്യം പുനസ്ഥാപിക്കപ്പെടും എന്നതിന് വിശ്വാസയോഗ്യമായ ഒരുദാഹരണവും എനിക്കറിയില്ല. ഈ സാദ്ധ്യതയും സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തണം.

അതുകൊണ്ട് മരട് കെട്ടിടം പൊളിക്കല്‍ പദ്ധതിയെപ്പറ്റി സമഗ്രമായി പഠിച്ചതിനുശേഷം മാത്രം ഒരു തീരുമാനത്തില്‍ എത്തണം എന്നുള്ളതാണ് എന്‍റെ അഭിപ്രായം. പ്രധാനമായും ഒരു കെട്ടിട നിര്‍മ്മിതി അല്ലെങ്കില്‍ കെട്ടിടം പൊളിക്കല്‍ നടത്തുന്നത് മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളെ അവലംബിച്ചാണ്. 1. സാമ്പത്തീകം, 2, സാമുദായികം, 3. പരിസ്ഥിതി. ഈ മൂന്നു പ്രധാന കാര്യങ്ങളാണ് നാടിനു സുസ്ഥിരമായി നിലനിര്‍ത്താനാവുന്ന (sustainable) വികസനത്തിന്റെ മാനദണ്ഡം. മരട് കെട്ടിടസമുച്ചയത്തെപ്പറ്റി ഈ മൂന്നു കാര്യങ്ങളിലും രാഷ്ട്രീയം, മതം എന്നിവയൊന്നും ചേര്‍ക്കാതെ, സങ്കുചിതമായ വികാരങ്ങള്‍ക്ക് വഴിപ്പെടാതെ, മുഴുവന്‍ സാദ്ധ്യതകളും പരിശോധിക്കുക. എന്നിട്ട് ആ സാദ്ധ്യതകളുടെ വരും വരായ്കകള്‍ (consequences) വിശദമായിത്തന്നെ ചര്‍ച്ചചെയ്ത് അവയ്ക്കെല്ലാം പൊതുവേ സമ്മതമായ വിലയിടുക. അങ്ങിനെ ഓരോരോ സാദ്ധ്യതകള്‍ക്കും (options) സമഗ്രമായി കണക്കാക്കി കിട്ടുന്ന തുകകള്‍ തമ്മില്‍ താരതമ്യം ചെയ്ത് ഒരു സമവായത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. എന്നിട്ട് ഏറ്റവും സമ്മതമായ ഓപ്ഷന്‍ അനുസരിച്ചുള്ള തുക പ്രതികളില്‍ നിന്നും ഈടാക്കുക. ഈ ഓപ്ഷന്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ച് നടപ്പിലാക്കുക. ഏതൊരു പ്രശ്നത്തിന്‍റെയും പരിഹാരത്തിനായി  തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുവാനായി പരക്കെ അംഗീകരിച്ച മാര്‍ഗ്ഗമാണ് ഇത് (strategic dicision making methodology). അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന്‍റെ രീതി മനസ്സിലാക്കാന്‍ ഒരു സാമ്പിള്‍ താഴെ കൊടുത്തിട്ടുണ്ട്. അതിലെ തുകയും മറ്റും വെറും സങ്കല്‍പ്പം മാത്രമാണ്. വേണ്ടത്ര പഠനം നടത്തിയാല്‍ മാത്രമേ ശരിയായ തുക എത്രയെന്നുപോലും എസ്റ്റിമേറ്റ് ചെയ്യാന്‍ സാധിക്കൂ.

ഈ പ്രശ്നത്തിന് പരിഹാരമായി  പ്രതികളില്‍ നിന്നും ഈടാക്കേണ്ടത് വലിയൊരു തുകയായിരിക്കും. പ്രതികള്‍ എല്ലാവരും  വ്യക്തിപരമായി അവരവരുടെ വിഹിതം അടയ്ക്കാന്‍ കോടതി ഉത്തരവുണ്ടാവണം. അവര്‍ തുക അടയ്ക്കുന്നതുവരെ അവരുടെ സ്വത്ത് വകകള്‍ മരവിപ്പിക്കണം. ഇങ്ങിനെ എല്ലാ പ്രതികളില്‍ നിന്നുമായി സമയബദ്ധമായി സമാഹരിക്കുന്ന തുക പൊതു ഖജനാവിലേയ്ക്ക് പോവാതെ ഉത്തരവാദിത്വമുള്ള ഒരു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യണം. അത് മരടിനും ചുറ്റുപാടുമുള്ള സമാനമായ സ്ഥലങ്ങളുടെ പ്രകൃതിസമതുലിതാവസ്ഥ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കണം. നമ്മുടെ മെട്രോ ശ്രീധരന്‍സാറിനെ പോലെ സമ്മതരായ ആളുകള്‍ വേണം ട്രസ്റ്റിന്റെ ചുമതലയേല്‍ക്കാന്‍. സുപ്രീംകോടതി വഴി, ഈ കേസിന്‍റെ വിധി ഒരു കീഴ് വഴക്കം (precedent) ആവാത്ത രീതിയില്‍ നിയമം ബലപ്പെടുത്തണം. അതായത് മരട് കേസില്‍ കെട്ടിടം പൊളിച്ചില്ല എന്നത് ദൃഷ്ടാന്തമായി ആരും കാണിക്കരുത് എന്നര്‍ത്ഥം. പിന്നെ കൊച്ചിന്‍ യൂനിവെര്‍സിറ്റിയിലോ മറ്റോ നല്ലൊരു അക്കാദമിക് ചെയര്‍ സ്ഥാപിച്ച് കായല്‍ തീരങ്ങളുടെ ലോലപരിസ്ഥിതി പഠനങ്ങള്‍ നടത്തണം. ഈ “ബ്ലഡ് മണി”യും ഇതിലൂടെ നാം പഠിച്ച പാഠവും ഒരിക്കലും വൃഥാവിലാവരുത്. 

27 സെപ്തംബര്‍  2019 
ഇന്ന് കിട്ടിയ വിവരം അനുസരിച്ച് സുപ്രീംകോടതി വിധിയനുസരിച്ച് ഓരോ ഫ്ലാറ്റ് ഉടമയ്ക്കും സര്‍ക്കാറില്‍ നിന്നും  25 ലക്ഷം രൂപ വീതം നല്കുമത്രേ! അതും പൊതുജനം വഹിക്കണം. ! അപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന സാമ്പിള്‍ കണക്കില്‍ ഏകദേശം 100 കോടി രൂപ കൂടി ചേര്‍ക്കാം.  ഈ കേസിലെ പ്രതികള്‍ എല്ലാവരും അങ്ങിനെ രക്ഷപ്പെട്ടു!  


ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയറും പ്രോജക്റ്റ് മാനെജരുമാണ്. മരട് ഫ്ലാറ്റ് നിർമിതിയുമായോ ഉടമസ്ഥരായോ യാതൊരു ബന്ധവും ഇല്ല.