Friday, October 31, 2014

സദാചാരം! (വെജിറ്റേറിയന്‍)

സദാചാരം! (വെജിറ്റേറിയന്‍)




ദിനപ്പത്രങ്ങളിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളാണല്ലോ പെണ്‍കുട്ടികളുടെ ജീന്‍സും നാട്ടിലെ ചുംബനമഹാമഹവും സദാചാരപ്പോലീസുമെല്ലാം. കുറച്ചു ദിവസം ഇതിനെപ്പറ്റി ഒന്നും മിണ്ടാതെ ഭൂരിപക്ഷം ബുദ്ധിജീവികളില്‍ ഒരാളെപ്പോലെ ഞാനും വാര്‍ത്തകള്‍ വായിച്ചും അതിലെ ഉപ്പും മധുരവും നുണഞ്ഞും ചിലപ്പോള്‍ അകത്തൊരു ‘ലഡ്ഡു’ പൊട്ടിച്ചുമൊക്കെ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ പണ്ടത്തെ ഒരു സംഭവകഥയോര്‍ത്തത്. കോളേജില്‍ പഠിച്ചുനടക്കുന്ന കാലം. 

എണ്‍പതുകളുടെ തുടക്കം. പ്രായം, ഇരുപതിന്റെ ആരംഭം. ഇപ്പോഴത്തെ പിള്ളാരെപ്പോലെയല്ലാ, ഇരുപതായിട്ടും സൌന്ദര്യാസ്വാദനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി അന്വേഷണം തുടങ്ങുന്നതെയുള്ളു. അന്ന് പ്രഫഷണല്‍ കോളേജുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടന്നാലോ കപ്പികുടിക്കാന്‍ കയറിയാലോ ആ നാട്ടിന്‍പുറത്തെ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മാത്രമല്ല, ഞങ്ങളെല്ലാം സാദാ ‘വെജിറ്റേറിയന്‍സ്’ ആയിരുന്നു. ‘കാപ്പി മാത്രം’ കുടിച്ച് കുറച്ചു വര്‍ത്തമാനം പറഞ്ഞു മാനമായി പുറത്തുവരുന്ന ഇടപാടുകാരുമായിരുന്നു. ആണ്‍കുട്ടികളുടെ കൂടെകൂട്ടാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ മാത്രമേ ഞങ്ങള്‍ക്ക് അന്ന് കൂട്ടുകാരായി ഉണ്ടായിരുന്നുള്ളുതാനും. അതായത്, അത്യാവശ്യം സിനിമ (അരവിന്ദന്‍-അടൂര്‍ ലൈന്‍, ഏറിവന്നാല്‍ ഒരു ഭരതനോ പത്മരാജനോ ആവാം), സാഹിത്യവാരഫലം, കടമ്മനിട്ട, ഇങ്ങിനെയൊക്കെയുള്ള വാക്കുകള്‍ കേട്ടാല്‍ ഓടാത്തവരുടെ ഒരു കൂട്ടമാണ് കേട്ടോ. പിന്നെ രാഷ്ട്രീയമായിപ്പറഞ്ഞാല്‍ സ്ഥിരം അമ്പലത്തില്‍ ‘ശാഖ’യ്ക്ക് പോവുന്ന  ഒരു ആറെസ്സെസ്സുകാരന്‍, നക്സല്‍ ആണോ എന്ന് എസ്എഫ് ഐക്കാര്‍ സംശയത്തോടെ നോക്കിയിരുന്ന മറ്റൊരാള്‍, രാജന്‍ കേസില്‍ കരുണാകരന്‍ നിരപരാധിയാണെന്നുറപ്പുള്ള ഒരപ്പാവി മേനോന്‍, ഇങ്ങിനെയെല്ലാമുള്ള ‘സമാന’-സഹൃദയര്‍ക്കൊപ്പം രണ്ടു മൂന്നു പെണ്‍കൊടികളും ചേര്‍ന്നാണ് നടപ്പ്. ആകെ എല്ലാവരും ചേര്‍ന്നൊരു കമ്പനിയെന്നല്ലാതെ  ‘ഇന്നാര്‍ക്ക് ഇന്നാരെന്ന്’ എഴുതി വച്ചിട്ടുള്ള കൂട്ടുകാര്‍ ആയിരുന്നുമില്ല ഞങ്ങള്‍. അങ്ങിനെയുള്ള റൊമാന്‍സൊന്നും ഇല്ലാതെ തന്നെ ജീവിതം ‘സുരഭില’മാണെന്ന് തോന്നിയിരുന്ന കാലം.

ക്ലാസ്സുകഴിഞ്ഞ് ഒരു വൈകുന്നേരം, കൂട്ടത്തിലൊരാളുടെ പിറന്നാള്‍ പ്രമാണിച്ച് ബ്രാഹ്മണാള്‍ ഹോട്ടലില്‍ നിന്നും മസാലദോശ സഹിതമായിരുന്നു കാപ്പി. അതുകഴിഞ്ഞ് ഓരോരുത്തരായി അവരവരുടെ വഴിക്കുള്ള ബസ്സുകളില്‍ കയറി. ബസ്റ്റാന്റിനടുത്തുള്ള ജവുളിക്കടയ്ക്ക് മുന്നിലെത്തിയ ബെന്നി ഒന്ന് നിന്നു. ‘എനിക്കൊരു സാധനം വാങ്ങണം, നീ വരുന്നോ?’ അവന്റെ കയ്യില്‍ ചെറിയൊരു കഷണം തുണിയുണ്ട്. സാമാന്യം തെറ്റില്ലാത്ത കടയാണ്. സെയില്‍സ്ഭാഗം മുഴുവന്‍ മദ്ധ്യവയസ്കരായ, മുണ്ട് മടക്കിക്കുത്തിയ അച്ചായന്മാര്‍. പിന്നെ കടയിലുള്ളത് തുണിവാങ്ങാനെത്തിയ കുറച്ചു കുടുംബങ്ങള്‍. ബെന്നി കയ്യിലുള്ള തുണിക്കക്ഷണം  കാണിച്ചിട്ട് പറഞ്ഞു. ‘ഈ നിറത്തിലുള്ള ഒരു ബ്ലൌസ് പീസ്‌ വേണം’. ഉടനെതന്നെ നാലഞ്ചു തരം തുണികള്‍ പുറത്തെടുത്ത് നിരത്തി അവര്‍ വിലയും മറ്റും പറഞ്ഞു തുടങ്ങി. ഞാനാണെങ്കില്‍ യാതൊരു താല്‍പ്പര്യവുമില്ലാതെ നില്‍ക്കുന്നു. അടുത്ത ബസ്സുപിടിക്കണം! ‘ഇതെങ്ങിനെയുണ്ട്‌?’ ബെന്നി എന്നോടു ചോദിച്ചു. ചുവപ്പ് കൂടിയ മെറൂണ്‍ നിറത്തിലൊരു തുണി, ബെന്നിക്കിഷ്ടപ്പട്ടു. ‘നോക്കട്ടെ’, ഞാന്‍ തുണിയെടുത്ത് ട്യൂബ് ലൈറ്റിന് നേരെ പിടിച്ചു നോക്കി. തുണിയിലൂടെ നോക്കുമ്പോള്‍ അപ്പുറത്തുള്ള എല്ലാം വ്യക്തമായി കാണാം. ‘നിറമൊക്കെ എനിക്കും ഇഷ്ടപ്പെട്ടു. ആട്ടെ, ആര്‍ക്കുവേണ്ടിയാണിത്? നമ്മുടെ മോളിച്ചേച്ചിക്കാണോ? എന്നാല്‍ നമുക്കിത് വേണ്ടടാ. ഇതൊക്കെ മറ്റുള്ളവരുടെ ചേച്ചിമാരിട്ടു നടക്കട്ടെ. നമ്മുടെ പെങ്ങമ്മാര്‍ക്കിതു പറ്റില്ല.’ കടയില്‍ വലിയൊരു കൂട്ടച്ചിരി. ചട്ടയും മുണ്ടുമിട്ട ചില അമ്മച്ചിമാര്‍ സ്നേഹത്തോടെ ഞങ്ങളെ നോക്കി. എന്റെ പറച്ചില്‍ ഒരല്‍പം ഉറക്കെയായിപ്പോയോ എന്നൊരു സംശയം. പിന്നെ അവിടെ നിന്നിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നത് നല്ല കട്ടിയുള്ള തുണിയാണ്. അതേ നിറം! മോളിച്ചേച്ചിക്ക് അതിഷ്ടമായോ ആവോ!

No comments:

Post a Comment