ചെറുകഥ
ഹാറ്റ്സ് ഓഫ് ഡേ
സുകുമാർ കാനഡ
ഈ വർഷവും ജൂൺ
മാസത്തിലെ ആദ്യ ശനിയാഴ്ച ബേർണബിയിലേക്കെത്തിയത് ചാരനിറമുള്ള ഒരു ഷാളും
കഴുത്തിൽ ചുറ്റിയായിരുന്നു. രാവിലെ
പത്തുമണിയാകാറായിട്ടും മഴമേഘങ്ങൾ
ഹേസ്റ്റിങ്സ് സ്ട്രീറ്റിനുമേൽ പരന്നു
കിടന്നു. അപ്പോഴും
ഒരു ചെറുതണുപ്പുണ്ടായിരുന്നു. ആഘോഷത്തിനായി എത്തിയെങ്കിലും
നിൽക്കണോ പോകണോ
എന്നു തീർച്ചപ്പെടുത്താതെ ചുറ്റിത്തിരിയുന്ന അതിഥികളെപ്പോലെ
കുറേ മേഘശകലങ്ങൾ മുകളിൽ പതുങ്ങി
നിന്നു. പത്തു മണിയോടെ ബാരിക്കേഡുകൾ
ഉയർന്നു. ഫ്ലോട്ടുകൾ സൈഡ് റോഡുകളിൽ
നിരന്നു. ഭക്ഷണസ്റ്റാളുകളിൽനിന്ന് കാപ്പിയുടെയും പൊരിച്ച ഉള്ളിയുടെയും ബർഗറിന്റെയും
മണം ഒഴുകിത്തുടങ്ങി. മുഖത്ത്
നിറങ്ങൾ പൂശിയ കുട്ടികൾ ഇതിനകം തന്നെ നിരത്തിലെ
തിരക്കിലേക്ക് കൊണ്ടുപോകാൻ
അച്ഛനമ്മമാരെ
വലിച്ചിഴക്കുന്നുണ്ടായിരുന്നു.
കുഹൻ മഹേശൻ നടപ്പാതയുടെ അരികിൽ നിന്നു.
ഒരു കൈ വടിയുടെ പിടിയിൽ താങ്ങി,
മറ്റേ കൈ ജാക്കറ്റിന്റെ പോക്കറ്റിൽ
ഒളിപ്പിച്ചു.
“തണുക്കുന്നുണ്ടോ?” ജെന്നിഫർ ചോദിച്ചു.
അയാൾ അവളെ
നോക്കി പുഞ്ചിരിച്ചു.
“ഇതാണ്
ഇവിടുത്തെ വേനൽക്കാലം
അറിയില്ലേ? കാലം കുറച്ചായില്ലേ കാനഡയിൽ എത്തിയിട്ട്?.”
അവൾ ചിരിച്ചു. കുഹന്റെ കൈ ചേർത്തുപിടിച്ചു.
തലേദിവസം വൈകുന്നേരമാണ് അവർ
ഒക്കനാഗനിൽനിന്ന് കാർ ഓടിച്ചെത്തിയത്. മൂന്നു മണിക്കൂറെടുത്തു ബേർണബിയിലെത്താൻ. ബ്രെന്ട് വുഡ് മാളിനടുത്തുള്ള
ചെറിയൊരു ഹോട്ടലിലാണ് അവർ
മുറിയെടുത്തത്. ഈ വരവ്
തന്നെ ജെന്നിഫറിന്റെ പ്ലാനാണ്.
“നീ
വർഷങ്ങളായി അവിടെ പോയിട്ടില്ല,”
യാത്രയ്ക്കുള്ള സ്വെറ്റർ ബാഗിലിടുമ്പോൾ അവൾ പറഞ്ഞിരുന്നു.
“ഞാൻ
എത്ര ഹാറ്റ്സ് ഓഫ് ഡേ കണ്ടിട്ടുളളതാണ്! .”
“ഇല്ല,”
അവൾ മൃദുവായി പറഞ്ഞു. “വാസ്തവത്തിൽ നീ
എത്രയെത്ര ഹാറ്റ്സ്
ഓഫ് ഡേകൾ ഒഴിവാക്കിയിട്ടുണ്ട് എന്നേ ഞാൻ
പറയൂ.”
കുഹൻ
മറുപടി പറഞ്ഞില്ല.
ഇപ്പോൾ, ഗാമ അവന്യുവിനടുത്തുള്ള ഹേസ്റ്റിങ്സ്
സ്ട്രീറ്റിൽ, ഏകദേശം പത്ത് വർഷങ്ങൾക്കു ശേഷം
നിൽക്കുമ്പോൾ, പഴയകാര്യങ്ങൾ
നല്ല തെളിവോടെ എല്ലാ ദിശകളിൽനിന്നും
തന്റെ നേർക്കു നടന്നുവരുന്നതുപോലെ
കുഹന് തോന്നി.
ഹേസ്റ്റിങ്സ്
സ്ട്രീറ്റ് അവൻ ഓർത്തിരുന്ന അതേ റോഡല്ല
ഇപ്പോൾ. റോഡ് സൈഡിലെ
കടകളുടെ മുഖപ്പുകൾ മാറിയിരുന്നു.
പുതിയ അപ്പാർട്ട്മെന്റുകൾ വന്നിട്ടുമുണ്ട്. പഴയ
കഫേകളിൽ ചിലത് ഇല്ലാതെയായി. പുതിയ ബോർഡുകൾ വന്നിരിക്കുന്നു. പരേഡിലെ സംഗീതം കൂടുതൽ ഉച്ചത്തിലായി. എല്ലാം കൂടുതൽ
തിളക്കമുള്ളതായി. തനിക്ക് പൂർണ്ണമായി മനസ്സിലാക്കാനാവാത്ത ഡിജിറ്റൽ ശബ്ദങ്ങളും അതിൽ
ചേർന്നിരുന്നു. പണ്ടിവിടെ
അച്ഛന്മാരുടെ ചുമലിൽ കയറി വന്നിരുന്ന കുട്ടികൾ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ
തോളിലേറ്റി തിരക്കിലൂടെ
വേഗത്തിൽ നടക്കുന്നു.
എന്നിട്ടും, ആ പുതുമകളുടെ അടിയിൽ
എന്തോ പഴയത് നിലനിന്നിരുന്നു. മഴ തൊട്ടുഴിഞ്ഞ പാതയുടെ
പഴയ മണം കുഹന്
പിടികിട്ടി. ജനക്കൂട്ടത്തിന്റെ
സന്തോഷകരമായ ബഹളം. ഒരു
കുട്ടിയുടെ പെട്ടെന്നുള്ള ചിരി. എവിടെയോ ഒരു ട്രംപറ്റ് ടെസ്റ്റ്
ചെയ്യുന്ന ശബ്ദം.
കുഹൻ
പെട്ടെന്ന് തല തിരിച്ചു.
ജെന്നിഫർ
ശ്രദ്ധിച്ചു.
“എന്താ?”
“ഒന്നുമില്ല.”
പക്ഷേ ട്രംപറ്റിന്റെ
ആ ശബ്ദം വന്നത് സ്ട്രീറ്റിന്റെ അറ്റത്ത് മാഡിസൺ റോഡിനടുത്തുള്ള മാസുല്ലോ മ്യൂസിക്കിന്റെ ഭാഗത്തുനിന്നായിരുന്നു. ഒരു
നിമിഷത്തേക്ക് അയാൾ
കമ്പളിത്തൊപ്പി ധരിച്ച് ഭാര്യയുടെ
അരികിൽ പതുക്കെ നടക്കുന്ന ഒരു വൃദ്ധനല്ലാതെയായി. പണ്ട് കാനഡയിലെത്തിയപ്പോൾ ഉണ്ടായിരുന്ന
ആ മെലിഞ്ഞു കറുത്ത അഭയാർത്ഥി
യുവാവായി. ഒരു പഴയ ബാക്ക്
പാക്ക്, ഇടതു തോളിലേക്കു
നീണ്ട ഒരു മുറിവിന്റെ പാട്, സ്വയം ഇല്ലാതാകുമോ
എന്നു പേടി തോന്നുന്ന നിമിഷങ്ങളിൽ ഉള്ളിൽ
ആവർത്തിച്ചിരുന്ന ഒരു വാക്ക്മുരുകാ! മുരുകാ! മുരുകാ! —ഇവ മാത്രം
കയ്യിൽ കരുതി വന്ന മനുഷ്യൻ.
---------------
കുഹൻ ആദ്യമായി കാനഡയിലെത്തിയപ്പോൾ
അവനെ ആകുലപ്പെടുത്തിയത്
നിശ്ശബ്ദതയായിരുന്നു. വെറും നിശ്ശബ്ദതയല്ല;
ബേസ്മെന്റ് മുറികളിൽ മാത്രം കാണുന്ന ആ പ്രത്യേക തരം നിശ്ശബ്ദത.
നിസ്സഹായതയുടെ മൌനം.
ജാഫ്നയിൽ നിശ്ശബ്ദതയ്ക്കുപോലും ഒരു
രൂപമുണ്ടായിരുന്നു. പുലർച്ചയിലെ ക്ഷേത്രമണികൾ. തെങ്ങുകളുടെ
ഉയരത്തിൽനിന്ന് കരയുന്ന കാക്കകൾ.
പച്ചക്കറിക്കടകളിൽ വിലപേശുന്ന മാമിമാർ.
സൈക്കിൾ ബെല്ലുകൾ. ആകാശത്തിലേക്കു സ്വർണ്ണനൂലുപോലെ ഉയരുന്ന നാഗസ്വരം. ആരെങ്കിലും എപ്പോഴും
ആരുടേയെങ്കിലും പേര് ഉറക്കെ വിളിക്കുമായിരുന്നു. എടാ
ശെൽവം, കണേശാ എന്നൊക്കെ
മുഴങ്ങിക്കേൾക്കുന്നു.
ബേർണബിയിൽ കുഹന്റെ ആദ്യത്തെ മുറി
മിക്കവാറും എല്ലാ കുടിയേറ്റക്കാരുടേതും പോലെയൊരു പഴയ വീടിന്റെ ബേസ്മെന്റിലായിരുന്നു. കാർലോ എന്നു പേരുള്ള
ഇറ്റാലിയൻ വീട്ടുടമ വലിയ ഗൗരവത്തോടെയാണു
അതു കാണിച്ചുതന്നത്. അയാളും
കാനഡയിൽ എത്തിയിട്ട് അധികം നാളായിക്കാണില്ല.
“ചെറുത്,”
കാർലോ പറഞ്ഞു. “എങ്കിലും
നല്ല വൃത്തിയുള്ളതാണ്. ഹീറ്റിനു
വേറെ പൈസ വേണ്ട. പക്ഷേ ഈ വീട്ടിൽ വലിയ പാർട്ടിയൊന്നും പാടില്ല. ബഹളവും”
“ഇല്ല,”
കുഹൻ ഉറപ്പുനൽകി.
കാർലോയുടെ ഭാര്യ മരിയ പിന്നിൽ ഒരു
തൂവാലയുമായി നിന്നു.
“നിങ്ങൾ
സ്പൈസി ഫുഡ് പാചകം ചെയ്യുമോ?” അവൾ ചോദിച്ചു.
ആദ്യം കുഹന് കാര്യം മനസ്സിലായില്ല. കാർലോ മൂക്കിനടുത്ത്
വിരലുകൾ കൊണ്ട് ഒരു ചിഹ്നം കാണിച്ചു.
“വലിയ മണമുള്ള
കറികൾ?”
കുഹൻ
പരിഭ്രമത്തോടെ ചിരിച്ചു.
“വളരെ കുറച്ചു മാത്രം.”
മരിയ
സംശയത്തോടെ നോക്കി.
ആ ബേസ്മെന്റ് സ്യൂട്ട് അവന്റെ ലോകമായി.
ഇടുങ്ങിയ കിടക്ക. ഒരു കാൽ തളർന്ന
മേശ. ചെറിയ അടുക്കള. പഴയ വിമാനത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന
എക്സോസ്റ്റ് ഫാൻ ഉള്ള ബാത്ത്റൂം.
നടപ്പാതയിലൂടെ കടന്നുപോകുന്ന ചെരുപ്പുകൾ മാത്രം മുറിക്കകത്തുനിന്നും
കാണാൻ കഴിയുന്ന ഉയർന്നൊരു
ജനൽ.
ആദ്യം
കുറച്ചുനാൾ സർക്കാർസഹായമാണ് കുഹനെ തീറ്റിപ്പോറ്റിയത്. അത് അവസാനിച്ച ശേഷം കിട്ടുന്ന ജോലി
എന്തായാലും ഏറ്റെടുക്കാൻ തയാറായി. രാത്രി
പന്ത്രണ്ടുവരെ പാത്രം കഴുകി. ഗോഡൗണുകളിൽ പെട്ടികൾ ഇറക്കി. ആളുകൾ വീട്ടിലേക്കുപോയശേഷം
ഓഫീസുകൾ വൃത്തിയാക്കി. അതിവേഗം സംസാരിക്കുകയും തന്നെ
അവഗണിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെയും
സ്ത്രീകളുടെയും മാലിന്യക്കുപ്പികൾ ഒഴിച്ചു
കഴുകിവച്ചു. ചിലപ്പോൾ മരപ്പലകകൊണ്ടുള്ള
വേലികൾക്ക് പെയിന്റടിച്ചു.
ചിലപ്പോൾ മണ്ണ് കിളച്ച് പൂന്തോട്ടം
വയ്ക്കാൻ സഹായിച്ചു. ചിലപ്പോൾ
രണ്ട് ദിവസം ജോലി കിട്ടി; പിന്നെ അടുത്ത വിളിക്കായി പത്ത് ദിവസം കാത്തിരുന്നു.
രാത്രിയിൽ അവൻ ബേസ്മെന്റിലേക്കു മടങ്ങി,
നനഞ്ഞ സോക്സുകൾ ഊരി ഉണക്കാനിട്ടു,
നോട്ടുകൾ എണ്ണി,
കൃത്യസമയത്തിന് കാർലോസിനെ കണ്ടു വാടക കൊടുത്തു.
ഒരു സന്ധ്യയിൽ മരിയ വാതിൽ തട്ടിയിട്ട്
ഒരു പാത്രം സൂപ്പ് മേശപ്പുറത്ത് വച്ചു.
“ഇത് നിങ്ങൾക്കായി
ഉണ്ടാക്കിയതാണ്. ഇറച്ചിയൊന്നും ഇട്ടിട്ടില്ല,”
അവൾ പറഞ്ഞു.
“നന്ദി.”
“നിങ്ങൾ
വളരെ മെലിഞ്ഞിരിക്കുന്നു.”
അവൻ
പുഞ്ചിരിച്ചു.
അവൾ പോയശേഷം അവൻ സൂപ്പ് രുചിച്ചു നോക്കി. അതിൽ ഉപ്പും മുളകുമില്ലായിരുന്നു. ജീരകമില്ലായിരുന്നു.
കറിവേപ്പിലയില്ലായിരുന്നു. പക്ഷേ അതിന് നല്ല ചൂടുണ്ടായിരുന്നു.
കുഹനു മനസ്സിലാവുന്ന കരുതലിന്റെ
ഒരു ഭാഷയിലായിരുന്നു ആ
സൂപ്പിന്റെ ചൂട്. അതിലെവിടെയോ താൻ കാരണം ജാഫ്നാ പോലീസ്
വിളിച്ചു കൊണ്ടു പോയിട്ട് ഒരിക്കലും തിരിച്ചു വരാതിരുന്ന അമ്മയുടെ മണം ഉണ്ടായിരുന്നു.
കിടക്കയുടെ മുകളിലെ ചുവരിൽ കുഹൻ നല്ലൂർ
മുരുകന്റെ ഒരു ചെറിയ ചിത്രം പതിച്ചിരുന്നു. ശ്രീലങ്ക വിട്ടു വന്ന യാത്രയിൽ ആ ചിത്രം
അവന്റെ ഷർട്ടിനുള്ളിൽ മടക്കി വെച്ചിരുന്നതാണ്.
പടത്തിന്റെ മൂലകൾ മടങ്ങി തേഞ്ഞിരുന്നു. നിറങ്ങൾ മങ്ങിയിരുന്നു.
എങ്കിലും മുരുകൻ തന്റെ വേലുമായി ഇപ്പോഴും അവിടെ നിന്നിരുന്നു—പ്രകാശത്തോടെയാ നിത്യയുവാവ്,
ഭയത്തെ അറുത്തുമാറ്റാൻ എപ്പോഴും
സജ്ജനായിരുന്നു; കുഹന്റെ മുരുകൻ.
ഭസ്മക്കുറിയണിഞ്ഞ വേലായുധൻ.
മുരുകന്റെ
പടത്തിന് മുമ്പിൽ കുഹൻ വിളക്ക്
കൊളുത്താറില്ല. തീപിടിക്കാനുള്ള
സാദ്ധ്യതയുണ്ടെന്ന് കാർലോ
മുന്നറിയിപ്പ് നൽകിയിരുന്നു.
അതുകൊണ്ട് ചിത്രത്തിനുമുമ്പിൽ കൈകൂപ്പി പതുക്കെ
പറയും:
“ഞാൻ
ഇവിടെ എത്തി. നീയും കൂടെ വന്നുവല്ലോ.”
പിന്നെ ഉറക്കം വരുമെങ്കിൽ ഉറങ്ങും.
പലപ്പോഴും ഉറക്കം വന്നില്ല. അതിന്
പകരം ഭൂതകാലം തെളിഞ്ഞും ഒളിഞ്ഞും വന്നു.
യുദ്ധം അവന്റെ ജീവിതം മറ്റൊരു രൂപത്തിലാക്കുന്നതിനു
മുമ്പ് കുഹൻ അറിയപ്പെട്ടിരുന്നത് സംഗീതത്തിലൂടെയായിരുന്നു. മഹത്തായ സംഗീതമൊന്നുമല്ല—അത് കുഹൻ തന്നെ എപ്പോഴും പറയും. വലിയ കോൺസർട്ട് ഹാളുകൾ നിറയ്ക്കുന്ന,
ബിരുദങ്ങളും പട്ടങ്ങളും സമ്പാദിക്കുന്ന സംഗീതമല്ല. ക്ഷേത്രസംഗീതം. ഉത്സവസംഗീതം. പൊടി,
വിയർപ്പ്, പൂക്കൾ, ഭക്തി, വിശപ്പ്—ഇവയിൽനിന്ന് ഉയരുന്ന സംഗീതം.
----------------
ജാഫ്നായിലെ
നല്ലൂർ കന്ദസ്വാമി ക്ഷേത്രത്തിനടുത്താണ്
കുഹൻ ജനിച്ചത്.
മഹേശൻ കുഗനാഥൻ എന്നായിരുന്നു പേര്. പക്ഷേ എല്ലാവരും അവനെ കുഹൻ എന്നു വിളിച്ചു. മുരുകന്റെ
പേരിൽ അവനെ വിളിച്ചത്
യാദൃശ്ചികമല്ലെന്ന് അമ്മ പറയുമായിരുന്നു. “നീ ജനിച്ചത് ചൊവ്വാഴ്ചയാണ്,” അമ്മ പറയും.
“ക്ഷേത്രമണിയടി
നിൽക്കുമ്പോഴേ നീ കരച്ചിൽ
നിർത്താറുള്ളൂ. പിന്നെ
മുരുകന്റെ പേരല്ലേ വിളിക്കാൻ പറ്റൂ?”
കുട്ടിയായിരുന്നപ്പോൾ കുഹൻ ക്ഷേത്രവീഥികളിലൂടെ
ചെരിപ്പില്ലാതെ ഓടിനടന്നു. ചൂടും കല്ലും ചേർന്ന് അവന്റെ കാലുകൾ കരുത്തുറ്റതാക്കി. വാർഷികോത്സവകാലത്ത്
നല്ലൂർ ലോകത്തിന്റെ കേന്ദ്രമായി മാറും. ഇരുപത്തഞ്ച് ദിവസം നിറവും ശബ്ദവും ഭക്തിയും
ചൂടും സംഗീതവും ചേർന്ന മഹാസമുദ്രം. ദേവന്റെ തേര് ഉത്സവകാലത്തെ മഹിമ മുഴുവൻ
ഉൾക്കൊണ്ട് കാവടികളോടെ പുറപ്പെടും. പന്തങ്ങളും
വിളക്കുകളും
തെളിയും. നനഞ്ഞ മുടിയോടെ
സ്ത്രീകൾ മുരുകനെ കൈകൂപ്പി
നിൽക്കും. മധുരപാനീയങ്ങളും പൊരിച്ച പലഹാരങ്ങളും വിൽക്കുന്നവർ അവരുടെ
വിഭവങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. രാത്രി വൈകിയും സംഗീതക്കച്ചേരികൾ നീളുമ്പോൾ കുട്ടികൾ അമ്മമാരുടെ
മടിയിൽ ഉറങ്ങും. രഥം ദേവനെ വഹിച്ച് വീഥികളിലൂടെ നീങ്ങും; നാഗസ്വരം ആകാശം നിറയ്ക്കും.
അത്തരം ഒരു കച്ചേരിയിലാണ് കുഹൻ ആദ്യമായി
മുഖർശ്ശംഘ് എന്ന മോർസിങിന്റെ ശബ്ദം
കേട്ടത്. അതു വായിച്ച സംഗീതജ്ഞൻ ചെറിയ ശരീരവും
തിളങ്ങുന്ന കണ്ണുകളും കട്ടിയുള്ള മീശയുമുള്ള ആളായിരുന്നു. മോർസിങ് കാണുമ്പോൾ വലിയ
ഭംഗിയൊന്നും തോന്നിയില്ല—ചുറ്റി വളഞ്ഞ ഒരു ലോഹക്കഷണംപോലെ. അതിനു
നടുവിൽ ഒരു നാക്കും. പക്ഷേ അദ്ദേഹം
അത് ചുണ്ടിൽ വച്ച് ലോഹനാവിനെ
ചൂണ്ടു വിരൽ കൊണ്ട് തട്ടിയപ്പോൾ,
ഭൂമിയുടെ അസ്ഥികളിൽനിന്ന് ഉയരുന്നതുപോലൊരു ശബ്ദം പിറന്നു. ട്വാങ്.
ട്വാങ്-ട്വാങ്. ട്വാങ്. അങ്ങിനെ വായിച്ചു വായിച്ചു മൃദംഗത്തിന്റെ ഉപവാദ്യമായി അത്
തിളങ്ങി.
പിന്നെ വിരൽ
കൊണ്ട് ലോഹം വീണ്ടും തട്ടാതെ, ശ്വാസത്തിലൂടെ
മാത്രം തുടർച്ചയായ താളക്കണക്കുകളും പെരുക്കങ്ങളും പിറന്നു—വ്യക്തവും
മൃദുവുമായി, പതുക്കെ പതുക്കെ മാഞ്ഞുപോകുന്ന
ശബ്ദം. ആ
കുട്ടി അതിൽ മുഴുകിപ്പോയി.
കച്ചേരി കഴിഞ്ഞ് അവൻ ആ സംഗീതജ്ഞന്റെ
പിന്നാലെ നടന്നു.
“അയ്യാ,”
അവൻ പറഞ്ഞു. “എന്നെ പഠിപ്പിക്കണം.”
അദ്ദേഹം
തിരിഞ്ഞുനോക്കി. “എന്ത്?”
“മോർസിങ് എന്നെ പഠിപ്പിക്കണം.”
സംഗീതജ്ഞൻ
ചിരിച്ചു. “നിന്റെ
പല്ല് പൊട്ടിപ്പോകും മോനേ.”
“എനിക്ക് പുതിയ
പല്ല് വന്നോളും അയ്യാ.”
അദ്ദേഹം
ചിരിച്ചു. വാത്സല്യത്തോടെ തലയിൽ തലോടി.
വർഷങ്ങൾക്കുശേഷം അതേ കലാകാരൻ
കുഹനെ സ്റ്റേജിൽ ഓപ്പമിരുത്തി
ആളുകളോട് പറയുമായിരുന്നു: “ഈ പയ്യന്റെ രക്തത്തിൽ താളമുണ്ട്.
ഇവനെ മുറിച്ചാൽ,
മുറിച്ച മുറിയിൽ നിന്നും ആദിതാളം
പുറത്തുചാടും.”
പതിനാറാം വയസ്സിൽ കുഹൻ ക്ഷേത്രകച്ചേരികൾക്ക്
മോർസിങ് വായിക്കാൻ തുടങ്ങി. ഇരുപതു വയസ്സാകുമ്പോഴേക്കും
ഇന്ത്യയിൽനിന്ന് ശ്രീലങ്കയിൽ വരുന്ന
കർണ്ണാടക സംഗീതജ്ഞർ കുഹനെ തിരിച്ചറിയാൻ തുടങ്ങി. മഹാന്മാരായ
പാട്ടുകാരോടൊപ്പം വേദിയിൽ തുല്യനായി ഇരുന്നുവെന്ന് അയാൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നു.
വേദിയുടെ ഒരു വശത്ത് മുട്ടുമടക്കി, മോർസിങ്
കൈയിൽ പിടിച്ചു, രാഗവിസ്താരത്തിന്റെ സാമ്രാജ്യത്തിലേക്ക് മഹാന്മാർ
കടക്കുന്നത് നേരിൽ കണ്ടിരുന്നു,
കേട്ടിരുന്നു.
മധുരൈ മണി അയ്യരുടെ കച്ചേരികൾ,
സീർകാഴി
ഗോവിന്ദരാജന്റെ ഭക്തിഗാന സദിരുകൾ
വീരമണിയുടെ
ശബ്ദം ഇവയെല്ലാം ക്ഷേത്രമണ്ഡപത്തിന്റെ
മേൽക്കൂര തന്നെ ഉയർത്തുമായിരുന്നു.
ആ കച്ചേരികൾ നല്ലൂരിൽ വന്നപ്പോൾ,
അനുവദിച്ചിടത്തൊക്കെയും കുഹൻ വായിച്ചു. പലപ്പോഴും രാത്രി വളരെ വൈകി വായിച്ചുതീരുമ്പോൾ ചുണ്ടുകൾ തീവ്രതയോടെ വിറച്ചിരുന്നു.
അന്ന്
ആളുകൾ അവനെ “നല്ലൂർ കുഹൻ” എന്നു വിളിച്ചു. ആ പേര് അവൻ ഒരു മാലപോലെ ധരിച്ചു.
-----------------
പിന്നെ
അവന്റെ നാടായ ദ്വീപ്
ഇരുണ്ടുപോയി. വാക്കുകൾ
അപകടകരമായി. പേരുകൾ അപകടകരമായി. വീഥികൾ അപകടകരമായി. ഏതൊരു യുവാവും അവൻ ഉദ്ദേശിക്കാതെ
തന്നെ ഇരുളടഞ്ഞ ചരിത്രത്തിനകത്തേക്ക്
വലിച്ചിഴക്കപ്പെടാം. ഒരു ദിവസം അവൻ സംഗീതജ്ഞൻ. അടുത്ത ദിവസം സന്ദേശങ്ങൾ കൊണ്ടുപോകുന്നവൻ.
പിന്നെ സാധനങ്ങൾ കൊണ്ടു കൊടുക്കാൻ നിർബ്ബന്ധിക്കപ്പെട്ടവൻ. പിന്നെ ഭയമായിരുന്നു
ജീവിതത്തെ നയിച്ചത്.
ആ വർഷങ്ങളെക്കുറിച്ച് സംസാരിക്കാൻ
അവന് ഇഷ്ടമുണ്ടായിരുന്നില്ല. “അപകടം,” എന്നു
മാത്രം കുഹൻ പറയും.
വർഷങ്ങൾക്കുശേഷം ഒരിക്കൽ മാത്രം ജെന്നിഫർ
ചോദിച്ചു: “നീ
പോരാളിയായിരുന്നോ?”
അവൻ ഏറെനേരം കൈകളിലേക്കു നോക്കി. “ഞാൻ
ഒരു വിഡ്ഢിയായിരുന്നു,” അവൻ
പറഞ്ഞു. “പിന്നെ ഞാൻ പേടിച്ചു. ചിലപ്പോൾ
രണ്ടും ഒന്നുതന്നെയാണ്.” അവൾ വീണ്ടും ചോദിച്ചില്ല.
-----------------
ഹാറ്റ്സ് ഓഫ് ഡേയെക്കുറിച്ച് കുഹൻ
ആദ്യം കേട്ടത് പണി ചെയ്യുന്ന ഗോഡൗണിലെ
ഒരാളിൽനിന്നാണ്. “ഹേസ്റ്റിങ്സിൽ വലിയ ഒരു പരിപാടിയുണ്ട്,” ആ മനുഷ്യൻ ഒരു പെട്ടിയിൽ
പാക്കിങ് ടേപ്പ് ഒട്ടിച്ചുകൊണ്ട് പറഞ്ഞു.
“നീ അതിനടുത്തല്ലേ താമസിക്കുന്നത്?”
“അതെ.”
“പോകണം.
സ്ട്രീറ്റ് കാർണിവൽ. ഭക്ഷണം. വിന്റേജ് കാറുകൾ.
സംഗീതം.”
കുഹൻ
തലകുലുക്കി.
“എനിക്ക്
അവിടുത്തെ ആളുകളെ ആരെയും അറിയില്ല.”
“അതാണ്
കാര്യം. സ്ട്രീറ്റ് കാർണിവലിൽ ആരും ആരെയും അറിയുന്നില്ല.”
ശനിയാഴ്ച രാവിലെ മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ
കുഹൻ ഹേസ്റ്റിങ്സിലേക്കു നടന്നു.
ആദ്യം തിരക്കിൽപ്പെടാതെ
റോഡരികിൽ മാറിനിന്നു—മറ്റൊരാളുടെ വീട്ടിലേക്ക്
ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന
ഒരുവനെപ്പോലെ. കുടുംബങ്ങൾ
കലപിലെ സംസാരിച്ചു ചെറുകൂട്ടങ്ങളായി
കടന്നുപോയി. അച്ഛന്മാർ കുട്ടികളെ ചുമലിൽ ഉയർത്തി കാഴ്ചകൾ
കാണിച്ചു. അമ്മമാർ കുഞ്ഞുങ്ങളുടെ
താടിയിൽനിന്ന് ഐസ്ക്രീം തുടച്ചു കളഞ്ഞു.
മുതിർന്നവർ പഴയ കാറുകളെക്കുറിച്ച് കസേരകളിൽ ഇരുന്നു ഗൗരവത്തോടെ
സംസാരിച്ചു.
കൌബോയ്ത്തൊപ്പി
ധരിച്ച ഒരു ബാലൻ ഓടി വന്ന് കുഹന്റെ കാലിൽ തട്ടി.
“സോറി!”
അവൻ വിളിച്ചു.
അച്ഛൻ
പിന്നാലെയെത്തി. “ശരിയായി സോറി പറയൂ, ലിയം.”
“ഞാൻ
പറഞ്ഞല്ലോ!”
കുഹൻ
പുഞ്ചിരിച്ചു. “സാരമില്ല സർ.”
അച്ഛൻ
തലയാട്ടി വേഗം നടന്നു. അവർ തിരക്കിനകത്ത് മറയുന്നത് കുഹൻ
നോക്കി നിന്നു. തനിക്കില്ലാത്ത
മക്കളെപ്പറ്റി
ചിന്തിച്ചു. താൻ ഉണ്ടാക്കാതെ പോയ കുടുംബത്തെപ്പറ്റി.
തനിക്ക് തുടർന്ന് നിലനിൽക്കാൻ കഴിയാതെ പോയ രാജ്യത്തെപ്പറ്റി.
ഒരു പേപ്പർകപ്പിൽ കാപ്പി വാങ്ങി കുഹൻ മുന്നോട്ടു നടന്നു.
അവിടെ പാവകൾ
വിൽക്കുന്നവരുണ്ടായിരുന്നു.
മുഖത്ത് ചായം തേച്ച് കൊടുക്കുന്നവർ, കുട്ടികളുടെ ചെവിക്കുപിന്നിൽനിന്ന്
നാണയങ്ങൾ എടുത്തുകാണിക്കുന്ന മജീഷ്യൻ,
നെഞ്ച് ഉയർത്തിക്കാട്ടുന്ന
കുതിരകളെപ്പോലെ
ഹുഡ് ഉയർത്തി അഭിമാനത്തോടെ തിളങ്ങുന്ന പഴയ കാറുകൾ
കാണിക്കുന്ന വിന്റേജ് കാർ കളക്ടർമാർ.
ഹോട്ട് ഡോഗ്, ഫലാഫൽ, സമോസ, മിനി ഡോണട്ട്, പിന്നെ
തിരിച്ചറിയാനാകാത്ത മറ്റു
പലതും വിൽക്കുന്ന ഭക്ഷണസ്റ്റാളുകൾ, എല്ലാം അവിടെയുണ്ടായിരുന്നു.
അപ്പോഴാണ് മാസുല്ലോ മ്യൂസിക് സ്റ്റോറിന്റെ മുന്നിൽ നാല് പേർ സംഗീതോപകരണങ്ങൾ ഒരുക്കുന്നത് കണ്ടത്. ഒരു
ബേസ് ഗിറ്റാർ. ഒരു
ട്രംപറ്റ്. ഒരു
ചെല്ലോ. ഒരു
ഡ്രം സെറ്റ്.
ഡ്രമ്മർ ചെറുപ്പക്കാരനായിരുന്നു—പതിനെട്ട്
വയസുണ്ടാകാം. ച്യൂയിംഗ് ഗം ചവച്ചുകൊണ്ട് വിരലുകൾക്കിടയിൽ അവൻ ഡ്രംസ്റ്റിക്ക്
കറക്കുകയായിരുന്നു. ബേസ് വായിക്കുന്നയാൾക്ക് നല്ല
പ്രായം തോന്നും. വീതിയുള്ള തോളുകൾ. പുഞ്ചിരിക്കാനായിത്തന്നെ ഉണ്ടാക്കിയതുപോലെ തോന്നുന്ന
തെളിച്ചമുള്ള മുഖം. ട്രംപറ്റ്
വായിക്കുന്നവൻ അസ്വസ്ഥനായി അതിൽ തിരുപ്പിടിച്ചുകൊണ്ട് ചില സ്വരങ്ങൾ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ചെല്ലോ വായിക്കുന്നവൻ ബോ തന്തിയിൽ
സ്പർശിച്ചു; ആ താഴ്ന്ന ശബ്ദം കുഹന്റെ നെഞ്ചിനുള്ളിൽ വിറച്ചു.
കുഹൻ
അവിടെ കാത്തുനിന്നു. ബേസ്
വായിക്കുന്നവൻ അവനെ ശ്രദ്ധിച്ചു.
“ഗുഡ്
മോണിംഗ്,” അയാൾ പറഞ്ഞു.
“ഗുഡ്
മോണിംഗ്.”
“ആർക്കെങ്കിലും
വേണ്ടി കാത്തുനിൽക്കുകയാണോ?”
കുഹൻ
ഉപകരണങ്ങളിലേക്കു വിരൽചൂണ്ടി. “സംഗീതത്തിനായി കാത്തുനിൽക്കുന്നു.”
ആ
മനുഷ്യൻ ചിരിച്ചു. “അങ്ങനെയെങ്കിൽ ശരിയായ സ്ഥലത്താണ് നിങ്ങൾ
വന്നിട്ടുള്ളത്.”
കുഹൻ
അവിടെ നിന്നു.
ബാന്റിൽ ആദ്യ ട്യൂൺ വളരെ സ്ലോ
ആയി തുടങ്ങി. പിന്നെ ട്രംപറ്റ് നാദം മുകളിലേക്കു അലഞ്ഞുയർന്നു. ചെല്ലോ
മറുപടി നൽകി. ബേസ് നിലം പിടിച്ചു. ഡ്രം വഴി തീർത്തു. കുഹന് ജാസ് അറിയില്ലായിരുന്നു.
അവിടെ പാടിയ
പാട്ടിന്റെ പേര് അറിയില്ലായിരുന്നു.
പക്ഷേ അവരുടെ സംഗീത വിനിമയം
അവന് മനസ്സിലായി. ഒരാൾ പാടുകയും മറ്റുള്ളവർ അനുസരിക്കുകയും
ചെയ്യുന്ന രീതി അല്ല. നാലുപേർ സംസാരിക്കുന്നു, ഇടയ്ക്കു കയറുന്നു, കേൾക്കുന്നു, കളിയാക്കുന്നു,
ഓർക്കുന്നു. എല്ലാം സംഗീതത്തിലൂടെ.
കുഹന്റെ വിരലുകൾ സ്വയം നീങ്ങിത്തുടങ്ങി.
കാലിയായ കാപ്പിക്കപ്പിന്റെ വശത്ത് അവ താളമിട്ടു.
ത-ക-ധി-മി...
ത-ക-ജ-ണു
താ
കു തം തജം തതുകു തം തജം...
ആദിതാളം ആരോടും
അനുവാദം ചോദിക്കാതെ അവിടെയെത്തി. യുവ
ഡ്രമ്മർ അവനെ നോക്കി. കുഹൻ ലജ്ജയോടെ താളമടി നിർത്തി നിശ്ചലനായി. ഡ്രമ്മർ
പുഞ്ചിരിച്ചു; അവൻ പാട്ടിനനുസരിച്ച് തല വെട്ടിച്ച് വായിച്ചുകൊണ്ടേയിരുന്നു. അടുത്ത
മൂന്ന് മണിക്കൂർ നേരം കുഹൻ
അവിടെനിന്ന് നീങ്ങിയില്ല.
ബാൻഡ് ഇടവേളയെടുത്തപ്പോൾ പോലും അവൻ
അവിടെ നിന്നു. കുട്ടികൾ
കാഴ്ച മറച്ചപ്പോൾ അവൻ ഒന്നു മാറി. മഴ വരുമെന്ന ഭീഷണി വന്നപ്പോൾ അവനത് അവഗണിച്ചു.
ആ സംഗീതം അവന്റെയുള്ളിലെ
പൂട്ടിയിട്ട ഒരു മുറി കണ്ടെത്തി
വാതിൽ തുറന്ന് അകത്തു കയറി ഇരുന്നു.
വൈകുന്നേരം
മൂന്നുമണിയോടെ തിരക്ക് കുറഞ്ഞു.
ബാന്റ് സംഗീതോകരണങ്ങൾ ഒതുക്കിത്തുടങ്ങി. അവിടം
വിട്ടുപോകേണ്ടതുണ്ടെന്ന് കുഹന് അറിയാമായിരുന്നു. പകരം
അവൻ മുന്നോട്ടു ചെന്നു.
“സർ,”
അവൻ പറഞ്ഞു.
ബേസ്
വായിക്കുന്നവൻ തല ഉയർത്തി.
“ഏസ് ?”
“വളരെ
നല്ല പാട്ട് .”
“നന്ദി.
നിങ്ങൾ ആസ്വദിച്ചതിൽ സന്തോഷം.”
“ഞാനും...”
കുഹൻ വാക്കുകൾ തേടി. “ഞാനും ഒരു മ്യുസിഷനാണ്.
വളരെ മുമ്പ്.”
വിയർപ്പ്
തുടച്ചുകൊണ്ടിരുന്ന ഡ്രമ്മർ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു:
“ഡാഡ്,
ഇദ്ദേഹം മുഴുവൻ സമയവും നമ്മോടൊപ്പം കാപ്പിക്കപ്പിൽ കൊട്ടുകയായിരുന്നു.”
ബേസ്
വായിക്കുന്നവൻ അവനെ നോക്കി.
“നിങ്ങൾ
പ്ലേ ചെയ്യുമോ?”
“കുറച്ച്.”
“ഏത്
ഉപകരണം?”
“മോർസിങ്.”
നാലുപേരും
പരസ്പരം നോക്കി. ശൂന്യമായ മുഖങ്ങൾ.
കുഹൻ
കൈ ഉയർത്തി മോർസിങ്
പോലെ ആംഗ്യം കാണിച്ചു, വായിലൂടെ ശബ്ദമുണ്ടാക്കി.
“ട്വാങ്-ട്വാങ്ട്വാങ്. ട്വാങ്-”
ട്രംപറ്റ്
വായിക്കുന്നവൻ ചിരിച്ചു.
“ഓ...ജൂസ് ഹാർപ്പ്!”
കുഹന്റെ
മുഖം തെളിഞ്ഞു.
“അതെ.
ജ്യൂയിഷ് ഹാർപ്പ്.”
ബേസ്
വായിക്കുന്നവൻ കൈ നീട്ടി.
“ഞാൻ ജോൺ മാസുല്ലോ. ഇത് എന്റെ
ഷോപ്പാണ്.”
“കുഹൻ
മഹേശൻ.”
“ഇവൻ
മാത്യു”, ട്രംപറ്റ് വായിക്കുന്നവനെ കാണിച്ച്
ജോൺ പറഞ്ഞു. “ചെല്ലോയിൽ സൈമൺ. ആ ട്രബിൾ മേക്കർ പയ്യൻ, എന്റെ
മകൻ, കിർക്ക്.”
ഡ്രം
സെറ്റിനു പിന്നിൽനിന്ന് കിർക്ക് കൈ ഉയർത്തി കാണിച്ചു.
“അറ്റ് യുവർ
സർവീസ് .”
ജോൺ
കുഹനെ ശ്രദ്ധിച്ച് നോക്കി.
“ഇപ്പോഴും
മോർസിങ് വായിക്കുമോ?”
കുഹൻ
മടിച്ചു. “വളരെ
നാളായി വായിച്ചിട്ടില്ല.”
“നിൽക്കൂ.” ജോൺ
കടയ്ക്കുള്ളിലേക്കു മറഞ്ഞു.
കുഹൻ
അസ്വസ്ഥനായി ബാക്കിയുള്ളവരെ നോക്കി നിന്നു.
കിർക്ക്
പറഞ്ഞു: “പേടിക്കേണ്ട. ഡാഡ് ഇങ്ങനെയാണ്.
ചിലർ തെരുവുപൂച്ചകളെ വീട്ടിൽ കൊണ്ടുപോകുന്നതുപോലെ
സംഗീതമറിയാവുന്ന എല്ലാവരെയും കൂടെ കൂട്ടും.”
ജോൺ
ചെറിയ ഒരു ജ്യൂസ് ഹാർപ്പുമായി മടങ്ങിവന്നു. “ഇത് ഒന്ന്
വായിച്ചു നോക്കൂ.”
കുഹൻ
അത് കയ്യിൽ എടുത്തു. ലോഹത്തിന്റെ തണുപ്പ്
കുഹന്റെ വിരലിനെ ഉണർത്തി.
മോർസിങ് വായിക്കാതെ
തന്നെ കുറച്ചു നേരം അത് പിടിച്ചുനിന്നു.
ജോണിന്റെ
ശബ്ദം മൃദുവായി. “നിങ്ങൾ ഓക്കേയാണോ? ഇത് പ്ലേ ചെയ്യാൻ പറ്റുമോ?”
“തീർച്ചയായും,” കുഹൻ പറഞ്ഞു.
കുഹൻ മോർസിങ്
പല്ലുകൾക്കിടയിൽ വച്ചു. ചൂണ്ടു
വിരൽകൊണ്ട് ലോഹനാവിനെ തട്ടിയുണർത്തി.
ആദ്യ
ശബ്ദം കരടായിരുന്നു. രണ്ടാമത്തേത് ശ്വാസം കണ്ടെത്തി. അഞ്ചാമത്തേയ്ക്ക് എത്തുമ്പോഴേക്കും
പഴയപോലെ ശബ്ദപ്രവാഹം മടങ്ങിവന്നു. “ട്വാങ്-ട്വാങ്ട്വാങ്. ട്വാങ്-”
കുഹൻ സുതാര്യവും
മന്ദവുമായ എട്ടുമാത്രയുള്ള താളചക്രത്തിൽ
തുടങ്ങി, പിന്നെ അതിനെ പാളികളാക്കി, തിരിച്ചു,
മുറുക്കി, പറത്തി വിട്ടു.
വിരലുകൾ അത്ഭുതകരമായ കൃത്യതയോടെ ലോഹനാവിനെ
തട്ടിക്കൊണ്ടിരുന്നു. വായ്ക്കുള്ളിൽ
അത് പ്രതിധ്വനിച്ച്
ഉച്ചസ്ഥായികൾ കണ്ടെത്തി. ശ്വാസം
അകത്തേക്കെടുക്കുമ്പോഴും പുറത്തേക്ക് പോവുമ്പോഴും മോർസിങ്ങിൽ പുതുജീവൻ ഉണർന്നു.
സ്ട്രീറ്റിലൂടെ കടന്നുപോകുന്നവർ
അവിടെ നിന്നുപോയി. കിർക്ക് വീണ്ടും ഡ്രമ്മിൽ ഇരുന്നു.
മാത്യു
ട്രംപറ്റ് ഉയർത്തി. സൈമൺ ചെല്ലോ എടുത്തു. ജോൺ ബേസ് എടുത്തു പറഞ്ഞു: “ലെറ്റ് അസ്
ഗോ”
ഏത്
കീ എന്നാരും ചോദിച്ചില്ല.
ഏത് പാട്ട് എന്നും ചോദിച്ചില്ല. അവർ
ഒരുമിച്ച് പാട്ടിലേക്കു
കടന്നു.
തുടർന്ന്
ഉണ്ടായ സംഗീതം ഒട്ടും തേച്ചു മിനുക്കിയതായിരുന്നില്ല.
എന്നാൽ മിനുക്കിയതിനെക്കാൾ
മെച്ചമായിരുന്നു. ജീവനുള്ളതായിരുന്നു. മോർസിങ് ക്ലിക്ക്
ചെയ്തു, സ്ട്രീറ്റ് നിറയെ മുഴങ്ങി.
ബേസ് അതിനടിയിൽ ഉരുണ്ടൊഴുകി. ഡ്രമ്മർ കിർക്ക്, താളങ്ങളേക്കാൾ
അവക്കിടയിലെ ഇടവേളകൾ കണ്ടെത്തി.
സൈമണിന്റെ ചെല്ലോ വിളക്കിന് ചുറ്റും കറങ്ങുന്ന പുകയെപ്പോലെ കുഹന്റെ താളത്തെ ചുറ്റിപ്പറ്റി
നിന്നു. മാത്യുവിന്റെ
ട്രംപറ്റ് തിളക്കമുള്ള, അപ്രതീക്ഷിതമായ സ്വരവിന്യാസമായി
ഉയർന്നു താണു.
കടയ്ക്ക് മുമ്പിൽ ഒരു
ജനക്കൂട്ടം രൂപപ്പെട്ടു.
ഒരു
കുട്ടി വിളിച്ചു ചോദിച്ചു: “അത്
എന്താണ്?”
അവന്റെ അമ്മ
മന്ദമായി പറഞ്ഞു: “എനിക്കറിയില്ല, മോനേ. കേൾക്കൂ എന്താ
രസം! .”
കുഹൻ
കണ്ണടച്ചു. കാനഡയിലെത്തിയതുമുതൽ ആദ്യമായി കുഹൻ സ്വയം
തന്റെ വാക്കുകൾ വിവർത്തനം
ചെയ്യുകയായിരുന്നില്ല. വർത്തമാനം പറയുമ്പോൾ സ്വന്തം
ആക്സെന്റിനെപ്പറ്റി ക്ഷമാപണത്തോടെ വിശദീകരിക്കുകയായിരുന്നില്ല.
താൻ എത്രമാത്രം
ഉപകാരിയാണെന്ന്
സമൂഹത്തിനു വേണ്ടി
തെളിയിക്കുകയായിരുന്നില്ല. അപ്പോൾ കുഹൻ
അഭയാർത്ഥിയല്ലായിരുന്നു.
ശബ്ദമായിരുന്നു.
സംഗീതമായിരുന്നു.
ഇരുപതു മിനിറ്റ് എടുത്തു ആ ഒരു പാട്ട് അവസാനിക്കാൻ.
പെട്ടെന്നു ജനക്കൂട്ടത്തിന്റെ
കൈയടി മഴപോലെ പരന്നുവീണു. ജോൺ
ബേസ് താഴെവെച്ച് അവനെ ചേർത്തുപിടിച്ചു. “കുഹൻ,” അവൻ പറഞ്ഞു, “നിങ്ങൾ ഇത്രയും
നാൾ എവിടെയായിരുന്നു ഒളിച്ചിരുന്നത്?”
എന്ത്
മറുപടി പറയണമെന്ന് കുഹന് അറിയില്ലായിരുന്നു. അതിനാൽ
അവൻ ചിരിച്ചു. ജോൺ
കടയടച്ച് പോകുമ്പോൾ ബാൻഡിനൊപ്പം
കുഹനെ ബിയർ ഗാർഡനിൽ കൊണ്ടുപോയി.
കുഹൻ
മുമ്പും ബിയർ രുചിച്ചിരുന്നു. പക്ഷേ അന്നായിരുന്നു ആദ്യമായി ഒരു കനേഡിയനായി ബിയർ കഴിച്ചത്. സംശയങ്ങൾ ഇല്ല, കൗതുകത്താൽ ചോദ്യങ്ങൾ ചോദിക്കുന്ന
പുരുഷന്മാരുടെ നോട്ടവും ഇല്ല .
“അപ്പോൾ
ഈ മോർസിങ്,” മാത്യു ചോദിച്ചു,
“നിങ്ങൾ ക്ഷേത്രങ്ങളിൽ
വായിച്ചിരുന്നോ?”
“എസ്സ്.”
“ഗായകരോടൊപ്പം?”
“അതെ.
കർണാടകസംഗീതം. ഇന്ത്യയിൽനിന്നു വരുന്ന വലിയ സംഗീതജ്ഞരുടെ ഭക്തി കച്ചേരികൾക്ക് ഞാൻ
വായിക്കാറുണ്ട്.”
കിർക്ക്
മുന്നോട്ടു ചാഞ്ഞു “ഇത് എന്തിനോടും കൂടെ വായിക്കാനാകുമോ?”
കുഹൻ
ഒന്നു ചിന്തിച്ചു. “താളത്തിന് ഹൃദയം ഉണ്ടെങ്കിൽ, ഏസ്, ഏത്
ഗ്രൂപ്പിലും ഇത് വായിക്കാം.”
ജോൺ
ഗ്ലാസ് ഉയർത്തി. “അപ്പോൾ നിങ്ങൾ ഞങ്ങളോടൊപ്പം വീണ്ടും
വായിക്കുന്നു, ഓകെ?.”
കുഹൻ
കണ്ണടച്ചു തുറന്നു.“വീണ്ടും?”
“അടുത്ത
ശനിയാഴ്ച.”
“എനിക്ക്
ജോലിക്ക് പോകണം.”
“ജോലിക്കുശേഷം.”
“എനിക്കറിയില്ല...”
ജോൺ
കുഹന്റെ അടുത്തേക്ക്
നീങ്ങിയിരുന്നു .“കേൾക്കൂ,
സുഹൃത്തേ. സംഗീതം ഇന്ന് നിങ്ങളെ കണ്ടെത്തി. അവളിൽ
നിന്നും ഓടിപ്പോയി നിങ്ങൾ അവളെ അപമാനിക്കരുത്.”
കുഹൻ
കൈയിലെ ഗ്ലാസിലേക്കു നോക്കി. പിന്നെ തലകുനിച്ചു. “ശരി.”
-------------
കുഹന് കിട്ടിയ സൗഹൃദങ്ങൾ ഒറ്റയടിക്കല്ല
എത്തിയത്. ജോൺ അവന്റെ ഇംഗ്ലീഷ് മൃദുവായി തിരുത്തിക്കൊടുത്തു; ഒരിക്കലും പരിഹസിച്ചില്ല. കിർക്ക്
കാസറ്റ് ടേപ്പുകളുമായി ബേസ്മെന്റിൽ വന്നു. മാത്യു ജാസ് സ്റ്റാൻഡേർഡുകളുടെ പേരുകൾ കുഹനെ പഠിപ്പിച്ചു. സൈമൺ അവനെ പഴയ പുസ്തകക്കടയിലേക്കു
കൊണ്ടുപോയി; “ഓരോ മ്യൂസിഷ്യനും അവന്റെ ഷെൽഫിൽ ആവശ്യത്തിലധികം
പുസ്തകങ്ങൾ ഉണ്ടായിരിക്കണം,” എന്നു പറഞ്ഞുകൊണ്ട്.
മഴയുള്ള
ഒരു വൈകുന്നേരം റിഹേഴ്സലിന് ശേഷം ജോൺ കുഹനെ കാറിൽ വീട്ടിലെത്തിച്ചു. ബേസ്മെന്റിലേക്കുള്ള
പ്രവേശനം കണ്ടു. “നീ ഇവിടെയാണോ താമസിക്കുന്നത്?”
“അതെ.”
“എത്രകാലമായി?”
“രണ്ടുവർഷം.”
ജോൺ
ഒന്നും പറഞ്ഞില്ല.
അടുത്ത
ആഴ്ച അവൻ ചോദിച്ചു: “നീ വേറെ നല്ല ജോലി വല്ലതും നോക്കുന്നുണ്ടോ?”
“ഞാൻ
എപ്പോഴും ജോലി നോക്കുകയാണ്. ഒന്നും
ശരിയാവുന്നില്ല.”
“ഇവിടുത്തെ റിഫൈനറിയിലെ ഒരു
സൂപ്പർവൈസറെ എനിക്ക്
അറിയാം. കഠിനമായ ജോലിയാണ്.
ചിലപ്പോൾ രാത്രി ഷിഫ്റ്റ്.
പക്ഷേ നല്ല ശമ്പളം കിട്ടും. സ്ഥിരജോലി. ഞാൻ ചോദിക്കട്ടേ?”
കുഹൻ
അവനെ നോക്കി. “എന്തിനാണ്
നിങ്ങൾ എനിക്കിത്ര സഹായം
ചെയ്യുന്നത്?”
ജോൺ
തോളുയർത്തി. “ഇതെല്ലാം
നിനക്കുവേണ്ടി ആരെങ്കിലും
നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു.
കനേഡിയൻസ് അത്ര മോശക്കാരൊന്നുമല്ല.”
റിഫൈനറി
ജോലി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. കുഹൻ എല്ലാ ദിവസവും കുറച്ചു നേരത്തെ എത്തി. പറഞ്ഞതിനേക്കാൾ കൂടുതൽ കേട്ടു. വേഗം പഠിച്ചു.
ഷിഫ്റ്റുകളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ, അസുഖകരമായ
ജോലികളെക്കുറിച്ചോ,
ഒരിക്കലും പരാതിപ്പെട്ടില്ല.
മൂന്ന്
മാസത്തിനു ശേഷം സൂപ്പർവൈസർ അവനെ ഓഫീസിലേക്ക് വിളിച്ചു. “കുഹൻ,
നിനക്ക് ഇവിടെ സ്ഥിരം
ജോലിയെടുക്കാൻ താത്പ്പര്യമുണ്ടോ?”
കുഹൻ
അവനെ നോക്കി നിന്നു. “സ്ഥിരം?”
“അതെ.
ബെനിഫിറ്റ്സ്. യൂണിയൻ. നീ വേണ്ടത്രനാൾ
ജോലിക്ക് നിന്നാൽ പിരിയുമ്പോൾ
പെൻഷനും കിട്ടും.”
ആ
വൈകുന്നേരം അവൻ നേരെ മാസുല്ലോ മ്യൂസിക്കിലേക്കു പോയി. ജോൺ ഒരു ഗിറ്റാർ റീസ്ട്രിംഗ് ചെയ്യുകയായിരുന്നു.
“എനിക്ക്
കിട്ടി,” കുഹൻ പറഞ്ഞു.
ജോൺ
തല ഉയർത്തി. “എന്ത്
കിട്ടി?”
“സ്ഥിരം
ജോലി.”
ജോൺ
കൗണ്ടറിനു ചുറ്റും വന്ന് അവനെ
ചേർത്തുപിടിച്ചു.
പിന്നിലെ
മുറിയിൽനിന്ന് കിർക്ക് വിളിച്ചു ചോദിച്ചു:
“ഡാഡ്, ഇതിന്റെ അർത്ഥം ഇന്നത്തെ ഡിന്നർ കുഹൻ വാങ്ങിത്തരുമെന്നാണോ?”
കുഹൻ
ചിരിച്ചു. വർഷങ്ങൾക്കുശേഷം ആദ്യമായി അവൻ സുഹൃത്തുക്കൾക്കായി ഭക്ഷണം വാങ്ങി.
-------------
കുഹൻ
ബേസ്മെന്റിൽനിന്ന് മാറി. ഒരു പഴയ കാർ വാങ്ങി. കനേഡിയൻ മഴയിലും
വാൻകൂവറിലെ അപൂർവമായ
മഞ്ഞിലും ഡ്രൈവ് ചെയ്യാൻ പഠിച്ചു.
മറ്റുള്ളവർ
നമ്മുടെ കാലിൽ ചവിട്ടിയാലും കനേഡിയൻസ് “സോറി”
പറയുമെന്ന് അവൻ പഠിച്ചു. “ഹൗ ആർ യൂ?” എന്ന ചോദ്യത്തിന് പലപ്പോഴും യഥാർത്ഥ മറുപടി ആവശ്യമില്ലെന്ന്
പഠിച്ചു.
ഏകാന്തത
അപ്രത്യക്ഷമാകാതെ തന്നെ എങ്ങിനെ സഹിക്കാമെന്നും ഒരു പക്ഷേ ആസ്വദിക്കാമെന്നും പഠിച്ചു.
ഓരോ
ജൂണിലും മാസുല്ലോ ബാൻഡ്, ഹാറ്റ്സ്
ഓഫ് ഡേയിൽ പങ്കെടുത്തു.
വർഷം മുഴുവൻ മറ്റു പരിപാടികളും അവർക്ക് ഉണ്ടായിരുന്നു;
കുഹൻ ബാന്റിലെ സ്ഥിരാംഗമായി. ഒരിക്കൽ
ഹാറ്റ്സ് ഓഫ് ഡേ നടക്കുന്ന അതേ
വാരാന്ത്യത്തിൽ സിയാറ്റിലിലെ ഒരു ജാസ് ഫെസ്റ്റിവൽ അവരെ ക്ഷണിച്ചു. പക്ഷേ ജോൺ ആ ക്ഷണം നിരസിച്ചു.
“നിനക്കു
ഭ്രാന്താണോ?” മാത്യു ചോദിച്ചു. “അത് വലിയ അവസരമാണ്.”
ജോൺ
പറഞ്ഞു: “നമുക്ക് അന്നേക്ക് ബുക്കിംഗ്
ഉണ്ട്.”
“സ്ട്രീറ്റ്
ഫെയറിലോ?”
“അതെ.
നമ്മുടെ സ്ട്രീറ്റ് ഫെയറിൽ.”
ബാൻഡ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആദ്യം
നാട്ടിൽ. പിന്നെ ബ്രിട്ടീഷ് കൊളംബിയയിൽ പിന്നെ
കാനഡയിലുടനീളം. കുഹന്റെ
മോർസിങ് ചേർന്നതോടെ മറ്റാർക്കും ഇല്ലാത്ത
ഒരു ശബ്ദം ബാൻഡിന് ലഭിച്ചു. മോൺട്രിയലിൽ ഒരു നിരൂപകൻ അതിനെ “ജാസിനകത്ത് ഒളിപ്പിച്ചുവെച്ച ലോഹമിന്നൽ” എന്നു വിളിച്ചു.
ഹാലിഫാക്സിൽ ഒരു ഫിഡിൽ വാദകൻ
കുഹനോട് പറഞ്ഞു: “ആ ചെറിയ വസ്തുവിന് ചില ഓർക്കസ്ട്രകളേക്കാൾ വലിയ ആത്മാവുണ്ട്.”
ടൊറോന്റോയിൽ സൌത്ത് ഇൻഡ്യയിൽ നിന്നു വന്ന ഒരു
യൂണിവേർസിറ്റി വിദ്യാർത്ഥി കണ്ണുനീരോടെ ബാക്ക്സ്റ്റേജിൽ
വന്നു. “എന്റെ
മുത്തച്ഛൻ ചെന്നൈയിൽ മോർസിങ്
വായിക്കുമായിരുന്നു,” അവൻ
പറഞ്ഞു. “ഇവിടെ ഇത് കേൾക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.”
കുഹൻ
ഒരു പഴയ മോർസിങ്
ആ യുവാവിന്റെ കൈയിൽ വെച്ചുകൊടുത്തു. “അപ്പോൾ
ഇന്ന്മുതൽ നീ ഇത് പഠിക്കണം. എന്താ?”
അവൻ
പരിഭ്രമിച്ച് ചിരിച്ചു.“ഞാനോ?”
“എന്തുകൊണ്ടു
നിനക്ക് പറ്റില്ല?”
-------------------
ജെന്നിഫർ
കുഹന്റെ ജീവിതത്തിലേക്ക്
വന്നത് ഒരു ദുഃഖാചരണത്തിലൂടെയായിരുന്നു. ഒരു
തണുപ്പുകാലത്ത്
ഉച്ചതിരിഞ്ഞ് അവൾ മാസുല്ലോ
മ്യൂസിക്കിലേക്ക് ഫോൺ ചെയ്തു.
“എന്റെ
പേര് ജെന്നിഫർ റോസൻ,” അവൾ പറഞ്ഞു. “എന്റെ ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചു. അദ്ദേഹത്തിന്
ജാസ് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു ചെറിയ മ്യൂസിക്കൽ
ഈവിനിംഗ് ഒരുക്കണം.”
ജോൺ
റിസീവർ കൈകൊണ്ട് മൂടി വിളിച്ചു:
“കുഹൻ!
മെമ്മോറിയൽ ഗിഗ്. ലൈബ്രറി ഹാൾ. ശനിയാഴ്ച്ച, നീ
ഫ്രീയാണോ?”
സംഗീതത്തിന്
കുഹൻ എപ്പോഴും ഫ്രീയായിരുന്നു. പരിപാടി നടന്നത്
ബേർണബി പബ്ലിക് ലൈബ്രറിയുടെ കമ്മ്യൂണിറ്റി റൂമിലായിരുന്നു. ഏകദേശം നാല്പത് പേർ വന്നു.
മാന്യതയോടെ ദുഃഖം വഹിക്കുന്ന,
സ്നേഹമുള്ള, നല്ല വസ്ത്രം
ധരിച്ച ആളുകൾ. പ്രവേശനത്തിന് സമീപമുള്ള മേശപ്പുറത്ത് ജെന്നിഫറിന്റെ മരിച്ച ഭർത്താവ്
ഡേവിഡ് റോസന്റെ ചിത്രം—ചിരിക്കുന്ന
മുഖം—വെച്ചിരുന്നു.
ജെന്നിഫർ അന്ന് നാല്പതുകളുടെ മദ്ധ്യത്തിലായിരുന്നു.
ബുദ്ധിയുള്ള കണ്ണുകൾ. കവിളരികിൽ വെള്ളി നിറം തുടങ്ങുന്ന മുടിയിഴകൾ. ഓരോ അതിഥിയെയും അവൾ ശ്രദ്ധയോടെ സ്വീകരിച്ചു. അവളുടെ കൈ പലതവണ കഴുത്തിലെ ലോക്കറ്റിലേക്ക് പോകുന്നത് കുഹൻ ശ്രദ്ധിച്ചു.
സംഗീതം
തുടങ്ങുന്നതിന് മുമ്പ് അവൾ ബാൻഡിനരികെ വന്നു. “ഇതിന്
വളരെ നന്ദി.”
ജോൺ
പറഞ്ഞു: “ഞങ്ങൾ ഇതൊരു ബഹുമതിയായി
എടുക്കുന്നു.”
അവൾ
കുഹന്റെ മോർസിങ് നോക്കി. “അത്
എന്താണ്?”
കുഹൻ
പുഞ്ചിരിച്ചു.“മോർസിങ്.”
“ക്ഷമിക്കണം?”
“ജ്യൂയിഷ്
ഹാർപ്പ്,” ജോൺ വിവർത്തനം ചെയ്തു.
ജെന്നിഫറിന്റെ
മുഖം തെളിഞ്ഞു. “ജ്യൂയിഷ്
ഹാർപ്പ്?”
“അതെ,”
കുഹൻ പറഞ്ഞു. “പക്ഷേ എന്റേത് ഇന്ത്യയിൽനിന്നാണ്.
ശ്രീലങ്കയിലും അതുണ്ട്. ഞങ്ങൾ മോർസിങ് എന്നു
വിളിക്കും.”
അവൾ
മൃദുവായി ചിരിച്ചു. “ഒരു തമിഴ് ഹിന്ദു വായിക്കുന്ന ജ്യൂയിഷ്
ഹാർപ്പ്, അതും ജൂതനായ
ഒരു മനുഷ്യന്റെ സ്മരണയ്ക്കായി. ഡേവിഡിന് അത് വളരെ ഇഷ്ടമായേനെ.”
ജാസ് കച്ചേരി
മന്ദഗതിയിലുള്ള ഒരു കൃതിയോടെ
തുടങ്ങി. മുറിയിലെ
ദുഃഖത്തെ അലോസരപ്പെടുത്താതിരിക്കാനായി കുഹൻ വളരെ സൂക്ഷിച്ചാണ്
കച്ചേരിയിലേക്ക് വായിച്ചു കയറിയത്.
അന്ന് മോർസിങ് അത്ര തിളങ്ങിയില്ല എന്നാണ്
കുഹന് തോന്നിയത്. അത് ശ്വാസം
പോലെ സ്വച്ഛമായിട്ടാണല്ലൊ നീങ്ങിയത്.
കച്ചേരിക്ക് ശേഷം ജെന്നിഫർ കുഹന്റെ അടുത്തേക്ക് വന്നു. “ഒരാൾ
ശാന്തമായി ഓർമ്മിക്കുന്നതുപോലെ ആ ചെറിയ ഉപകരണത്തെ നിങ്ങൾ എത്ര സ്വച്ഛമായാണ് ശബ്ദിപ്പിച്ചത്.”
കുഹൻ താഴേക്കു നോക്കി നിന്നു. അഭിനന്ദനങ്ങൾ എപ്പോഴും അവനെ ലജ്ജിപ്പിച്ചിരുന്നു.
“സംഗീതത്തിന് മനുഷ്യരെക്കാൾ
നന്നായി ഓർക്കാനാകും,”
അവൻ പറഞ്ഞു.
അവൾ
അവനെ നിരീക്ഷിച്ചു. “അത് വളരെ മനോഹരമായ ഒരു
പ്രയോഗമാണ്.”
“പക്ഷേ എനിക്ക് അധികം മനോഹരമായ ഇംഗ്ലീഷ്
വാക്കുകൾ ഒന്നും അറിയില്ലല്ലൊ.”
അതിനു
ശേഷം ജെന്നിഫർ മാസ്സുലോ മ്യൂസിക്കിന്റെ പരിപാടികൾക്കെല്ലാം വരാൻ തുടങ്ങി.
ആദ്യം
അവൾ ഒറ്റയ്ക്ക് വന്നു. പിന്നെ സുഹൃത്തുക്കളെ കൊണ്ടുവന്നു. പിന്നെ വീണ്ടും ഒറ്റയ്ക്ക്
വന്നു.
ഒരു
ചെറിയ കഫേയിലെ കച്ചേരിക്ക് ശേഷം ഒരു രാത്രി അവൾ ചോദിച്ചു:
“നിന്റെ
നാട്ടിലെ സംഗീതം ഒരിക്കലെങ്കിലും വായിക്കുമോ?”
“തീർച്ചയായും.”
“ഒരിക്കൽ
എനിക്കായി മാത്രം വായിക്കുമോ?”
അവൻ
മടിച്ചു. “എന്റെ
നാട്ടുസംഗീതം ജാസ് അല്ല.”
“ഞാൻ
ജാസ് ചോദിച്ചില്ലല്ലൊ.”
കുഹൻ
അവളെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചു.
രണ്ടുദിവസമെടുത്ത് കുഹൻ
അവന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കി.
പൂക്കൾ വാങ്ങി വച്ചു.
പക്ഷേ അതെവിടെ വെയ്ക്കണമെന്നറിയാതെ നിന്നു. സാമ്പാറിന്റെ
മണം ഫ്ലാറ്റിൽ അധികം
പരന്നിട്ടുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടു.
ശ്രീലങ്കയിൽനിന്നുള്ള പഴയ കത്തുകൾ മേശക്കുള്ളിൽ ഒളിപ്പിച്ചു.
ജെന്നിഫർ
ഒരു ബ്രെഡും ഒരു കുപ്പി വൈനും
കൊണ്ടുവന്നു.
മുറിയുടെ
കോണിലെ ചെറിയ ഷെൽഫിൽ അവൾ നല്ലൂർ മുരുകന്റെ ചിത്രം കണ്ടു.
“ഇത്
ആരാണ്?”
“മുരുകൻ.
എന്റെ നാട്ടിലെ ക്ഷേത്രത്തിലെ ദേവൻ.”
“അദ്ദേഹം
നിനക്കൊപ്പം വന്നോ?”
കുഹൻ
തലകുനിച്ചു. “എനിക്കുമുമ്പേ
അദ്ദേഹം വന്നതാവാം.”
ജെന്നിഫർ
പുഞ്ചിരിച്ചു.
അന്ന്
വൈകുന്നേരം കുഹൻ പുല്ലാങ്കുഴലിൽ ലളിതമായ ഒരു കർണാടക ഭക്തിഗാനം വായിച്ചു. പിന്നെ ഒരു
റെക്കോർഡിംഗിനൊപ്പം മോർസിങ്
വായിച്ചു. അവളുടെ കൈത്തലത്തിൽ
തട്ടിക്കൊണ്ട് താളം വിശദീകരിച്ചു.
“ഒന്ന്,
രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്.” അവൾ
ശ്രമിച്ചു.
“അല്ലല്ല, മാർച്ച് ചെയ്യുന്നതുപോലെ അല്ല,”
അവൻ പറഞ്ഞു. “ശ്വാസം പോലെ ക്രമീകമായി വേണം.” അവൾ
വീണ്ടും ശ്രമിച്ചു.
മാസങ്ങൾക്കുശേഷം,
അവൾ കുഹനോട് തന്റെ കൂടെ താമസിക്കാമോ എന്നു ചോദിച്ചപ്പോൾ,
അവന്റെ ആദ്യത്തെ
ആശങ്ക തന്റെ
നല്ലൂർ മുരുകനെക്കുറിച്ചായിരുന്നു.
“എനിക്ക്
മുരുകൻ കൂടെ ഉണ്ട്,” അവൻ പറഞ്ഞു.
“എനിക്കറിയാം.”
“അദ്ദേഹത്തിന്
ഇടം വേണം.” ജെന്നിഫർ
അവനെ ജനലിനരികിലെ ശാന്തമായ കോണിലേക്കു കൊണ്ടുപോയി.
“ഇവിടെയാവാം എന്നു
ഞാൻ വിചാരിച്ചു,” അവൾ പറഞ്ഞു.
കുഹൻ
അവിടെ നോക്കി നിന്നു.
ജെന്നിഫർ
ഇതിനകം ഒരു ചെറിയ മരമേശ അവിടെ വെച്ചിരുന്നു. ഒരു
പിത്തളവിളക്ക്. പുതിയ
പൂക്കൾ. ശുദ്ധമായ
ചുവന്ന തുണി.
കുഹന്
സംസാരിക്കാൻ കഴിഞ്ഞില്ല.
ജെന്നിഫർ
അവന്റെ കൈയിൽ തൊട്ടു, “ഞാൻ
എന്തെങ്കിലും തെറ്റ് ചെയ്തോ?”
അവൻ
തലകുലുക്കി. “ഇല്ല.
നീ എനിക്ക് ഇടം തന്നു.
എന്റെ മുരുകനും.”
--------------
പിന്നെയുള്ള വർഷങ്ങളിൽ ജീവിതം
ഏതാണ്ട് ഉദാരമായി നീങ്ങി. റിഫൈനറിയിലെ ജോലി അവന്
സ്ഥിരത നൽകി. സംഗീതം സന്തോഷം നൽകി. ജെന്നിഫർ ജീവിതത്തിന്
കൂട്ടായി. കുഹൻ ഒരിക്കലും
ശ്രീലങ്കയിലേക്കു തിരിച്ചുപോയില്ല.
ആളുകൾ എന്തുകൊണ്ടെന്ന് ചോദിക്കും. “അവിടെ എന്നെക്കാത്തിരിക്കാൻ
വളരെയേറെ ഭൂതങ്ങളുണ്ട്;
ഭവിയാണെങ്കിൽ ഒട്ടും ഇല്ല താനും”.
എങ്കിലും ഓരോ വർഷവും നല്ലൂർ ഉത്സവകാലത്ത്
അവൻ പുലർച്ചെ എഴുന്നേറ്റ് കുളിക്കും. മുരുകന്റെ മുമ്പിൽ വിളക്ക് കൊളുത്തും. മോർസിങ് മൃദുവായി
വായിക്കും. ആ പ്രഭാതങ്ങളിൽ കുഹനെ ഒന്നുകൊണ്ടും വിഷമിപ്പിക്കരുതെന്ന്
ജെന്നിഫർ മനസ്സിലാക്കി. ചിലപ്പോൾ അവൾ അവന്റെ പിന്നിൽ നിശ്ശബ്ദമായി
നിൽക്കും. ചിലപ്പോൾ വിളക്കിനരികിൽ പൂക്കൾ വെക്കും.
“നിനക്ക്
നിന്റെ നാട് ഏറെ
മിസ്സ് ചെയ്യാറുണ്ടോ?” ഒരിക്കൽ
അവൾ ചോദിച്ചു.
“എസ്സ് .”
അവൻ
വിളക്കിലെ ജ്വാലയിലേക്കു
നോക്കി. “അവിടെയുണ്ടായിരുന്ന ഒരു
ചെറുപ്പക്കാരനെയാണ് ഞാൻ മിസ്സ്
ചെയ്യുന്നത്.”
അവൾ
അവന്റെ അരികിൽ ഇരുന്നു. “പക്ഷേ ഇപ്പോൾ
നീ ഇവിടത്തുകാരനാണ്.” അവൻ
പുഞ്ചിരിച്ചു.
“അതെ.
പക്ഷേ പ്രായമാകുമ്പോൾ ഉള്ള കാത്തിരിപ്പ്
ഒന്ന് വേറെത്തന്നെയാണ്. മറ്റൊരാൾ നെയ്ത സ്വെറ്റർ ധരിക്കുന്നതുപോലെ.
ചൂടുണ്ട്, പക്ഷേ അമ്മയുടെ കൈകളേ
നമുക്ക് ഓർമ്മയിൽ വരൂ.”
ജെന്നിഫർ
തല അവന്റെ തോളിൽ ചായ്ച്ചു. “അപ്പോൾ രണ്ടിന്റെയും ചൂട് നമൂക്ക് സൂക്ഷിക്കാം.”
---------------
പിന്നെ
കോവിഡ് വന്നു.
ആദ്യം
അത് എവിടെയോ ദൂരെയുള്ള വാർത്തപോലെ തോന്നി. പിന്നെ ബാന്റ് കച്ചേരികൾ
റദ്ദായി. റിഹേഴ്സലുകൾ നിന്നു. റിഫൈനറി ഷിഫ്റ്റുകൾ മാറ്റി, തൊഴിലാളികളെ കുറച്ചു. പിന്നെ
ആളുകൾ മരിക്കാൻ തുടങ്ങി.
രണ്ടാം
വർഷം ജോൺ മാസുല്ലോ രോഗിയായി.
കിർക്ക്
ഫോൺ ചെയ്തു.
“ഡാഡ്
ആശുപത്രിയിലാണ്.”
കുഹൻ
ഫോൺ മുറുകെ പിടിച്ചു. “എനിക്ക് വരാമോ?”
“സന്ദർശകരെ
അനുവദിക്കുന്നില്ല.”
“ഞാൻ
പുറത്തുനിൽക്കാം.”
“കുഹൻ...”
“ഞാൻ
പുറത്തുനിൽക്കാം.”
പക്ഷേ
അതുപോലും സാധിച്ചില്ല. നിയമങ്ങൾ ദിനംപ്രതി മാറി. ഭയം എല്ലാവരെയും ഭരിച്ചു.
ഒരു
ആഴ്ചയ്ക്കു ശേഷം കിർക്ക് വീണ്ടും വിളിച്ചു. അവൻ ഹലോ പോലും പറഞ്ഞില്ല.
കുഹന്
മനസ്സിലായി.
ജോണിന്റെ ഫ്യുനെറൽ വളരെ ചെറുതായിരുന്നു,
ചടങ്ങായി ഒന്നും ഉണ്ടായിരുന്നില്ല എന്നു പറയാം.
ജോണിന് അർഹമായ ഒരു വിടപറച്ചിൽ
ആയിരുന്നില്ല അത്. നിറഞ്ഞ
ഹാൾ ഇല്ല. ചുവരുകൾ
വിറപ്പിക്കുന്ന സംഗീതമില്ല. ജോണിന്റെ കഥകൾ
പറയാനെത്തുന്ന സംഗീതബന്ധുക്കളുടെ നീണ്ട
നിരയില്ല. കണ്ണീരിന്നിടയിലെ
ചിരികളില്ല.
ആഴ്ചകളോളം കുഹൻ മോർസിങ് വായിച്ചില്ല.
ഒരു സന്ധ്യയിൽ മുരുകന്റെ വിളക്കിന് മുമ്പിൽ ഇരിക്കുന്ന അവനെ ജെന്നിഫർ
കണ്ടു.
“എന്നോട്
എന്തെങ്കിലും പറയൂ,” അവൾ
പറഞ്ഞു. അവൻ
തലകുലുക്കി. അവൾ
അരികിൽ ഇരുന്നു.
വളരെ
നേരത്തിനു ശേഷം അവൻ പറഞ്ഞു: “ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് മുന്നോട്ട്
നീങ്ങാൻ ഒരു വഴിയില്ലായിരുന്നു.
ജോൺ എനിക്കൊരു വഴി കാണിച്ചുതന്നു.”
“അതെ.”
“ഞാൻ
അദ്ദേഹത്തിന് ഒരിക്കലും വേണ്ടത്ര
നന്ദി പറഞ്ഞില്ല.” ജെന്നിഫർ
അവന്റെ കൈ പിടിച്ചു.
“ജോണിനെപ്പോലെയുള്ളവർ നന്ദിക്കു
വേണ്ടിയാണോ സഹായിക്കുന്നത്
? അല്ലല്ലൊ.”
“എനിക്കറിയാം.”
“നീ
ജീവിച്ചുകൊണ്ട് അദ്ദേഹത്തിന് നന്ദി പറഞ്ഞു. അതുമതി.”
കുഹൻ
കണ്ണടച്ചു. ആരും പറഞ്ഞേക്കാവുന്നതിൽ
ഏറ്റവും കരുണയുള്ള വാക്കുകളായിരുന്നു
അത്.
-------------
റിഫൈനറി, തൊഴിലാളികളുടെ എണ്ണം
കുറച്ചപ്പോൾ, പ്രതീക്ഷിച്ചതിനേക്കാൾ
നേരത്തെ കുഹൻ റിട്ടയർമെന്റ് പാക്കേജ് എടുത്തു.
മാസപെൻഷൻ സമയത്ത് കിട്ടുന്നു.
അതിനൊപ്പം കാനഡ പെൻഷനും ഓൾഡ് ഏജ് സെക്യൂരിറ്റി അലവൻസും. ജെന്നിഫറിന്
ഒരു അമ്മാവനിൽനിന്ന് പാരമ്പര്യസ്വത്തായി
ലഭിച്ച ഒക്കനാഗനിലെ ചെറിയ
ആപ്പിൾതോട്ടം അവർക്ക്
അഭയമായി.
ആപ്പിൾ
മരങ്ങളും പെയർ
മരങ്ങളും വരണ്ട വേനൽവെളിച്ചവും ട്രാക്ടറുകളിൽനിന്ന് കൈവീശുന്ന അയൽക്കാരും നിറഞ്ഞ ജീവിതത്തിലേക്കു
അവർ മാറി. അടുത്തുള്ള സിഖ് കുടുംബങ്ങൾ ഫാംജീവിതത്തിന്റെ
താളം പഠിപ്പിച്ചു. ആദ്യത്തെ ആഴ്ച
തന്നെ സർദാർ ഹർഭജൻ സിംഗ് നല്ല
തുടുത്ത പീച്ചുകൾ നിറച്ച ഒരു
കൊട്ടയുമായി എത്തി.
“നിങ്ങൾ
പുതിയ ആളുകളല്ലെ?,”
അദ്ദേഹം പറഞ്ഞു. “പുതിയ ആളുകൾക്ക് ഫ്രൂട്ട് കൊടുക്കണം അതാണ് ഓക്കനാഗന്റെ നിയമം.”
കുഹൻ
ചിരിച്ചു. “ഞങ്ങളും ആപ്പിളും
പെയറും ഒക്കെ കൃഷിചെയ്യുന്നവരല്ലേ.”
“അപ്പോൾ
നിങ്ങൾക്ക് നല്ല ഫ്രൂട്ട്കൾ
വേണം. അത്
വേണമെങ്കിൽ എന്റെ ഫാമിൽ നിന്നു തന്നെ വേണം” അയാൾ
സ്വന്തം തമാശയിൽ പൊട്ടിച്ചിരിച്ചു.
ചൂടുള്ള
ചില സന്ധ്യകളിൽ ഹർഭജൻ ചോദിക്കും: “കുഹൻജി, ആ ചെറിയ മ്യൂസിക് ഉപകരണം വായിക്കൂ.”
“മോർസിങ്.”
“അതെ,
അതെ, തുമാരാ മൗത്ത് തബല.”
ജെന്നിഫർ
ചായ ഒഴിക്കുമ്പോൾ, കുന്നുകൾക്കുമുകളിൽ ആകാശം പിങ്ക് നിറമാകുമ്പോൾ, മരങ്ങൾക്കടിയിൽ കുഹന്റെ
മോർസിങ് ശബ്ദം മുഴങ്ങും.
പക്ഷേ
പിന്നീട് കുഹൻ
ഹാറ്റ്സ് ഓഫ് ഡേയിലേക്കു
മടങ്ങിയില്ല. ഓരോ വർഷവും ജെന്നിഫർ അത് പറയും. ഓരോ വർഷവും അവൻ ഒരു കാരണം കണ്ടെത്തും. വളരെ
ദൂരം. വളരെ
തിരക്ക്. വളരെ
ക്ഷീണം. എന്നാൽ
ജെന്നിഫറിന് അതിന്റെ യഥാർത്ഥ
കാരണം അറിയാം—വളരെ അധികം
ഓർമ്മകൾ. കുഹന്റെ ഹാറ്റ്സ്
ഓഫ് ഡേയ്ക്ക് മുപ്പത്തിരണ്ടാം വർഷം തികയുന്ന ആ വസന്തത്തിൽ, ജെന്നിഫർ രണ്ട് ദിവസത്തെ ഹോട്ടൽ റിസർവേഷൻ കൺഫേം ചെയ്ത്
അതിന്റെ പേപ്പർ അടുക്കളമേശപ്പുറത്ത്
വെച്ചു.
“ഇത്
എന്താണ്?”
“ബേർണബി – ഹോട്ടൽ
റിസർവേഷൻ .”
“എന്തിന്?”
“എന്തിനെന്ന്
നിനക്കറിയാം.”
അവൻ
നെറ്റി ചുളിച്ചു. “ജെന്നിഫർ...”
“ഇല്ല.
ഞാൻ പറയുന്നത് കേൾക്കൂ.
നിനക്ക് ജോണിനെ നഷ്ടപ്പെട്ടു. പഴയ ബാൻഡിനെ
നഷ്ടപ്പെട്ടു. പലതും നഷ്ടപ്പെട്ടു. പക്ഷേ സന്തോഷം നിന്നെ കണ്ടെത്തിയ ആ ഇടത്തെ നീ നഷ്ടമാക്കിക്കളയരുത്.”
അവൾ
ഒന്നു നിശ്ശബ്ദമായി നിന്നു.
കുഹൻ
ആപ്പിൾ മരങ്ങളിലേക്കു നോക്കി.
“ഞാൻ
വൃദ്ധനാണ്.”
“അതെ.”
“മുമ്പത്തെപ്പോലെ
മോർസിങ് വായിക്കാനാവില്ല.”
“ആരും
നിന്നോട് വായിക്കാൻ പറഞ്ഞിട്ടില്ല.”
“എന്നെ ആരും ഓർക്കുന്നില്ലെങ്കിൽ?”
അവൾ
പുഞ്ചിരിച്ചു.
“അപ്പോൾ
നാം പരസ്പരം ഓർക്കും. എന്താ
പോരേ?”
------------
ഇപ്പോൾ
ഹേസ്റ്റിങ്സ് സ്ട്രീറ്റിൽ ഓർമ്മ അവന്റെ അരികിലൂടെ നടന്നു. ഭക്ഷണവണ്ടികളും
ചിരിക്കുന്ന കുട്ടികളും കടന്നുപോകുമ്പോൾ ജെന്നിഫർ അവന്റെ കൈ പിടിച്ചിരുന്നു. അരികിൽ
ഒരു പഴയ ചുവന്ന ഷെവ്രലേ
കാർ വെട്ടിത്തിളങ്ങുന്നു. ദൂരെ എങ്ങോ ഒരു
ജാസ് ബാൻഡ് സന്തോഷമുണ്ടാക്കുന്ന
ഒരു ട്യൂൺ വായിച്ചു. പക്ഷേ
കുഹൻ അത് കേട്ടില്ല. അവർ മാസുല്ലോ മ്യൂസിക്കിനരികെ എത്തുകയായിരുന്നു.
കടയുടെ മുഖം മാറിയിരുന്നു. പുതിയ ബോർഡ്. തെളിഞ്ഞ ജനാലകൾ. ഫ്രണ്ട്
ഡോറിനരികിൽ ഡിജിറ്റൽ കീബോർഡുകൾ.
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള സംഗീതക്ലാസുകളുടെ പോസ്റ്ററുകൾ. ഗ്ലാസ്സിനുള്ളിൽ
നിറമുള്ള മത്സ്യങ്ങളെപ്പോലെ ഗിറ്റാറുകൾ തൂങ്ങി.
പുറത്ത്
ഒരു ബാൻഡ് വായിച്ചുകൊണ്ടിരിക്കുന്നു. യുവാക്കളാണ്. ഇലക്ട്രിക് ഉപകരണങ്ങൾ. കീബോർഡ്
സിന്തസൈസർ,
ട്രംപറ്റ്, ചെല്ലോ, പിന്നെ ഡ്രംസ്. ഡ്രംസിന്
പിന്നിൽ ഇരുന്നത് കിർക്ക് മാസുല്ലോ തന്നെ. ഇപ്പോൾ
പ്രായമായിരിക്കുന്നു. വെളുപ്പ്
വീണ നീണ്ട മുടി വൃത്തിയായി പിന്നിൽ
കെട്ടി വച്ചിരിക്കുന്നു. ബാന്റ്
ഏതെങ്കിലും താളവട്ടത്തിലേക്കു ചായുമ്പോൾ അവന്റെ തോളുകൾ
ജോൺ ബേസ് വായിക്കുമ്പോൾ നീങ്ങിയിരുന്നതുപോലെ തന്നെ നീങ്ങി. തലയുടെ ചെറു ചരിവിൽ, പകുതി
പുഞ്ചിരിയിൽ, കേൾക്കുന്ന മുഖത്തിൽ—രക്തത്തിലൂടെയും കാലത്തിലൂടെയും ജോൺ തിരിച്ചുവരുന്നതുപോലെ
എന്തോ ഉണ്ടായിരുന്നതായി കുഹന് തോന്നി.
കുഹൻ
നിന്നു. ജെന്നിഫർ
മന്ദമായി ചോദിച്ചു: “അത് കിർക്കാണോ?”
“അതെ.”
“ഹലോ
പറയണോ?”
“വേണ്ട.”
“കുഹൻ.”
“എനിക്ക്
കഴിയില്ല.”
ശാന്തമായി
കടന്നുപോകാൻ അവൻ ചെറുതായി തിരിഞ്ഞു. അന്നേരം കിർക്ക് തല ഉയർത്തി നോക്കി. ഒരു
നിമിഷം അവന്റെ മുഖം ശൂന്യമായി. പിന്നെ അത്ഭുതമായി. അവൻ ഡ്രം വായിക്കുന്നത് നിർത്തി. ബാൻഡ് ഇടറി. കിർക്ക്
എഴുന്നേറ്റു, സ്റ്റിക്കുകൾ താഴെയിട്ടു, പ്ലാറ്റ്ഫോമിൽനിന്ന്
ഇറങ്ങി.
“കുഹൻ?” കുഹൻ
നിശ്ചലനായി.
“കുഹൻ!”
ഡ്രമ്മർ
ജനക്കൂട്ടം തള്ളി കടന്ന് അവനെ ചേർത്തുപിടിച്ചു. “എവിടെയായിരുന്നു
നീ, മനുഷ്യാ? എവിടെയായിരുന്നു?” കുഹന്റെ വടി അല്പം വഴുതി. ജെന്നിഫർ
അത് പിടിച്ചു.
“ഞാൻ
ഇവിടെ,” കുഹൻ പറഞ്ഞു. ശബ്ദം വിറച്ചു.
കിർക്ക്
കുറച്ച് പിന്നോട്ടുമാറി അവന്റെ തോളുകൾ പിടിച്ചു.“നിങ്ങളെ നന്നായി ഒന്ന് നോക്കട്ടെ.”
“വല്ലാതെ
വയസ്സനായി, അല്ലേ?.”
“ഞാനും
അങ്ങനെ തന്നെ. വിഷയം മാറ്റരുത്.”
ജെന്നിഫർ
പുഞ്ചിരിച്ചു. “ഹലോ,
കിർക്ക്.”
“ജെന്നിഫർ!”
അവൻ അവളെയും ചേർത്തുപിടിച്ചു. “നിങ്ങളാണോ ഇദ്ദേഹത്തെ കൊണ്ടുവന്നത്?”
“പിന്നല്ലാതെ!
വലിച്ചിഴച്ചുകൊണ്ടുവന്നു.”
“നല്ലത്.
വിവേകമുള്ള ഒരാളെങ്കിലും ഉണ്ടല്ലോ.”
കുഹൻ
ബാൻഡിലേക്കു നോക്കി.
“എന്നെക്കൂടാതെ അവർക്കു
ഒരു മിനിറ്റ് കഴിയാം!.”
കിർക്ക് സ്റ്റേജിലേക്കു തിരിഞ്ഞു നോക്കിപ്പറഞ്ഞു.
“ശരിക്കും പറഞ്ഞാൽ, ഒരുപക്ഷേ അതുപോലും കഴിയില്ല.”
ട്രംപറ്റ്
വായിക്കുന്ന യുവാവ്
വിളിച്ചു: “കിർക്ക്,
നമ്മൾ എന്താണ് ചെയ്യുന്നത്?”
കിർക്ക്
തിരികെ വിളിച്ചു: “ഇത് ചരിത്രമാണെടോ!”
പിന്നെ
കുഹനെ നോക്കി. “നിന്റെ
കൈയിൽ മോർസിങ് ഉണ്ടെന്ന് പറയൂ.”
കുഹൻ
തലകുലുക്കി. “ഇല്ല, ഞാൻ ഇനി വായിക്കുന്നില്ല.”
അവൻ
അർത്ഥമില്ലാത്ത എന്തോ പറഞ്ഞതുപോലെ
കിർക്ക് നോക്കി. “നീ മാസുല്ലോ മ്യൂസിക്കിന്റെ മുന്നിൽ
നിൽക്കുന്നു. കൈയിൽ ഉപകരണമില്ലെന്ന് പറയുന്നോ?”
അയാൾ കടയ്ക്കുള്ളിലേക്കു
ഓടി. കുഹൻ
നിസ്സഹായനായി
ജെന്നിഫറിനെ നോക്കി.
അവൾ
അവന്റെ കൈ പിടിച്ചു ഞെരിച്ചു. “എന്നെ
നോക്കേണ്ട. ഞാൻ കിർക്കിന്റെ കൂടെയാണ്.”
കിർക്ക്
ഒരു ചെറിയ കേസുമായി മടങ്ങി.
“പ്രധാനപ്പെട്ട
ആളുകൾക്കായി ഞാൻ ഇന്നും ചിലത് സൂക്ഷിക്കുന്നു.”
അവൻ
കേസ് തുറന്നു. അകത്ത് പല സ്കെയിലുകളിൽ ഉള്ള ജ്യൂസ്
ഹാർപ്പുകൾ കിടന്നു.
കുഹന്റെ
വിരലുകൾ വിറച്ചു. കിർക്ക് ഒന്ന് തെരഞ്ഞെടുത്തു.
“ഡി-ഷാർപ്പ്.
നിങ്ങൾക്ക് എപ്പോഴും
ഡി-ഷാർപ്പിൽ വായിക്കാൻ
ഇഷ്ടമായിരുന്നു.”
കുഹൻ
മന്ദമായി പറഞ്ഞു: “നിനക്ക് ഇതൊക്കെ
നല്ല ഓർമ്മയാണല്ലൊ?”
കിർക്കിന്റെ
മുഖം മൃദുവായി. “ഡാഡ്
ഓർത്തുവച്ചിരുന്നു.
അതുകൊണ്ട് ഞാനും ഓർക്കുന്നു.”
ആ
വാക്കുകൾ കുഹനെ കരുതിയതിലും ആഴത്തിൽ തൊട്ടു.
കിർക്ക്
അവനെ പ്ലാറ്റ്ഫോമിലേക്കു നയിച്ചു. “ഇല്ല, ഇല്ല,” കുഹൻ എതിർത്തു. “എനിക്കാവില്ല.”
“നിനക്ക്
ഇരിക്കാം.”
“ശ്വാസം
ശക്തമല്ല.”
“അപ്പോൾ
മൃദുവായി വായിക്കൂ.”
“കൈകൾ
മുറുകിയിരിക്കുന്നു.”
“അപ്പോൾ
പതുക്കെ വായിക്കൂ.”
“കിർക്ക്...”
“കുഹൻ,”
കിർക്ക് ശബ്ദം താഴ്ത്തി പറഞ്ഞു, “നീ ഈ കടയുടെ മുന്നിലൂടെ ബാന്റിൽ
കൂടെ വായിക്കാതെ
കടന്നുപോകാൻ ഞാൻ അനുവദിച്ചാൽ
ഡാഡ് എന്നെ കൊന്നുകളയും.”
കുഹൻ
അവനെ നോക്കി. ഒരു
നിമിഷത്തേക്ക് ജനക്കൂട്ടവും വീഥിയും വർഷങ്ങളും എല്ലാം മാഞ്ഞു.
ജോൺ
മാത്രം ശേഷിച്ചു.
അവന്റെ പുഞ്ചിരി. ബേസ് ഗിറ്റാർ. കുഹന്റെ
തോളിൽ ചുറ്റിയ കൈ.
“സംഗീതം ഇന്ന് നിന്നെ കണ്ടെത്തി. അതിനെ
ഉപേക്ഷിച്ച് ഓടിപ്പോയി അപമാനിക്കരുത്.”
കുഹൻ
തലകുനിച്ചു.
---------------
കിർക്ക്
മൈക്രോഫോൺ എടുത്തു. “സുഹൃത്തുക്കളേ, നാം ഇപ്പോൾ ഒരു സ്പെഷ്യൽ ജാസ്
നമ്പറിലേക്ക് കടക്കുന്നു.” ജനക്കൂട്ടം ശാന്തമായി.
“എന്റെ
അരികിലിരിക്കുന്നത് കുഹൻ മഹേശൻ.
പഴയ ബേർണബിക്കാരിൽ ചിലർ അദ്ദേഹത്തെ ഓർക്കുന്നുണ്ടാകാം. പക്ഷേ വർഷങ്ങളോളം, ഇവിടെത്തന്നെ, ഹാറ്റ്സ് ഓഫ് ഡേയിൽ, അദ്ദേഹം മാസുല്ലോ
ബാൻഡിനൊപ്പം വായിച്ചു. അദ്ദേഹം ഈ വഴിയിലേക്ക്
ഒരു അഭയാർഥിയായിട്ടാണ് വന്നത്. എന്നാൽ
ഇവിടെ മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത
ഒരു ശബ്ദം അദ്ദേഹം നൽകി.”
കുഹൻ
താഴേക്കു നോക്കി. കിർക്ക് തുടർന്നു. “എന്റെ ഡാഡി ജോൺ
മാസുല്ലോ ഇദ്ദേഹത്തെ
ഇവിടെയാണ് കണ്ടുമുട്ടിയത്. അവരുടെ സൗഹൃദം ഞങ്ങളുടെ സംഗീതത്തെ മാറ്റി. ഞങ്ങളുടെ കുടുംബത്തെ
മാറ്റി. സത്യമായി പറഞ്ഞാൽ, എന്റെ ജീവിതത്തെയും മാറ്റി.”
അവന്റെ
ശബ്ദം ചെറുതായി മുറിഞ്ഞു. “അതുകൊണ്ട് ഇന്ന്, വളരെ നീണ്ട ഇടവേളയ്ക്കുശേഷം,
കുഹൻ സ്വന്തം വീട്ടിലെത്തി എന്നാണ്
ഞാൻ പറയുന്നത്.”
ജനക്കൂട്ടത്തിന്റെ കയ്യടി
മൃദുവായി തുടങ്ങി. പിന്നെ വളർന്നു വലുതായി.
ജെന്നിഫർ
മുന്നിൽ നിന്നു; ഒരു കൈ വായ്ക്കരികിൽ അമർത്തി. കുഹൻ ഒരു കസേരയിൽ ഇരുന്നു. കിർക്ക്
ശ്രദ്ധയോടെ ഒരു മൈക്രോഫോൺ അവന്റെ അരികിൽ വെച്ചു. “എന്ത്
വേണം?” കിർക്ക് ചോദിച്ചു.
കുഹൻ
മോർസിങ് പിടിച്ചു. “മന്ദം.
മന്ദം എട്ട് മാത്ര.”
കിർക്ക്
പുഞ്ചിരിച്ചു. “ഓ! ആദി താളം?”
കുഹൻ
അതിശയത്തോടെ നോക്കി. “അതും നീ ഓർക്കുന്നുണ്ടോ?”
“പ്രധാനപ്പെട്ടതെല്ലാം
ഞാൻ ഓർക്കും.”
ചെല്ലോ
തുടങ്ങി. നീണ്ട താഴ്ന്ന ഒരു സ്വരം. ട്രംപറ്റ് മൃദുവായി പ്രവേശിച്ചു. കിർക്ക്
സ്നെയർ സാവധാനം ബ്രഷ് ചെയ്തു. കീബോർഡ് വായിക്കുന്ന യുവാവ് ശ്രദ്ധയോടെ
നോക്കി നിന്നു; എന്തുചെയ്യണമെന്ന് പൂർണ്ണമായി അറിയാതെയെങ്കിലും ബഹുമാനത്തോടെ.
കുഹൻ മോർസിങ് ചുണ്ടുകളിലേക്കുയർത്തി.
ആദ്യ വിറയൽ നിശ്ശബ്ദമായിരുന്നു. ഏതാണ്ട് സ്വകാര്യമായത്. പിന്നെ
താളം സ്വരൂപം കണ്ടെത്തി.
ത-ക-ധി-മി.
ത-ക-ജ-ണു
എട്ട് മാത്ര. ഒരു വൃത്തം. പഴയതെങ്കിലും
എപ്പോഴും പുതുമയുള്ള
താളവട്ടം.
യൗവനത്തിൽ
ഉണ്ടായിരുന്നതുപോലെ കുഹനുണ്ടാക്കിയ ആ
ശബ്ദം കനം നിറഞ്ഞതല്ലായിരുന്നു. പക്ഷേ യൗവനത്തിന് ഒരിക്കലും വഹിക്കാനാകാത്ത എന്തോ അതിലുണ്ടായിരുന്നു.
പ്രായം അതിനെ അകത്തുനിന്ന് പൊള്ളയാക്കിയിരുന്നു. കുഹൻ നല്ലൂർ അവിടെ മോർസിങ്
വായിച്ചു. ബേസ്മെന്റ് സ്യൂട്ട്
വായിച്ചു. ആദ്യത്തെ കനേഡിയൻ
ബിയർ വായിച്ചു. ജോണിന്റെ
ചിരി വായിച്ചു. മുരുകന്റെ മുമ്പിൽ ജെന്നിഫർ പൂക്കൾ ക്രമപ്പെടുത്തിയതിനെ വായിച്ചു. റിഫൈനറിയിലെ രാപ്പകലുകൾ, ഉത്സവരാത്രികൾ, മോൺട്രിയലിലേക്കുള്ള
ട്രെയിൻ യാത്രകൾ, ഹാലിഫാക്സിലെ
മഴ, ടൊറോന്റോയിലെ കയ്യടി, ഒക്കനാഗനിലെ ആപ്പിൾപൂക്കൾ—എല്ലാം വായിച്ചു.
ജനക്കൂട്ടം
കൂടിവന്നു. ചിലർ ആ സംഗീതം
വിചിത്രമായതിനാൽ കേട്ടു. ചിലർ കിർക്ക് അത് പ്രധാനമാണെന്ന് പറഞ്ഞതിനാൽ കേട്ടു. ചിലർ
എന്തുകൊണ്ടെന്നറിയാതെ, തങ്ങൾ മഹത്തായ എന്തോ സാക്ഷ്യം വഹിക്കുകയാണെന്ന് തോന്നിയതിനാൽ
കേട്ടു. ഏഴ്
മിനിറ്റിനുശേഷം കുഹൻ ഉപകരണം താഴ്ത്തി. ഒരു നിമിഷം വീഥി നിശ്ശബ്ദമായി. പിന്നെ
നീണ്ടൊരു കയ്യടിയവിടെ പരന്നു.
കിർക്ക് കണ്ണുകൾ തുടച്ചു; അത് മറയ്ക്കാനായി സിംബൽ ശരിയാക്കുന്നതുപോലെ നടിച്ചു.
ആരോ
വിളിച്ചു കൂവി: “ബ്രാവോ!”
ഒരു
കുട്ടി ചോദിച്ചു: “അദ്ദേഹം ഒരു
പ്രാവശ്യം കൂടി ഇത്
പ്ലേ ചെയ്യുമോ?”
ജെന്നിഫർ
ഒരു കുപ്പിയിൽ വെള്ളവുമായി
മുന്നോട്ടുവന്നു. ശീലംപോലെ
കിർക്ക് സ്റ്റേജിന്റെ പിന്നിൽനിന്ന് എങ്ങനെയോ ഒരു ബിയർ എടുത്ത് ഉയർത്തിക്കാട്ടി.
ജെന്നിഫർ
അവനെ നോക്കി. “കിർക്ക്.”
അവൻ
ഉടനെ കീഴടങ്ങി. “വെള്ളം.
ഓക്കെ, വെള്ളം മാത്രം.”
ജനക്കൂട്ടം
ചിരിച്ചു. കുഹൻ പതുക്കെ കുടിച്ചു. പിന്നെ എഴുന്നേറ്റു. ജെന്നിഫർ നെറ്റി
ചുളിച്ചു.
“കുഹൻ?”
“ഒന്ന്
കൂടി.”
“ഇല്ല.
മതി.”
“ഒരു
കോമ്പൊസിഷൻ കൂടി-
മന്ദഗതിയിൽ.”
കിർക്ക്
അവനെ ശ്രദ്ധിച്ചു. “നിനക്കുറപ്പാണോ?”
കുഹൻ
തലകുനിച്ചു. “വളരെ
മന്ദം. എട്ട് മാത്ര. ഞാൻ ആദ്യം ചടുലമായി
തുടങ്ങാം. പിന്നെ നിങ്ങൾ
ഫോളോ ചെയ്താൽ മതി.”
ജെന്നിഫർ
അടുത്തുവന്നു. “കുഹൻ,
പ്ലീസ്, ഒന്നുകൂടി ആലോചിച്ചിട്ടു മതി.”
അവൻ
അവളിലേക്ക് തിരിഞ്ഞു. അവന്റെ കണ്ണുകൾ പ്രകാശിച്ചു; ഏതാണ്ട് യൗവനത്തിന്റെ തിളക്കത്തോടെ. “ജെന്നിഫർ,”
അവൻ മൃദുവായി പറഞ്ഞു, “ജോൺ ഇവിടെ ഉണ്ട്.”
അവൾക്ക്
മറുപടി പറയാനായില്ല. കാരണം അവൾക്കും അത് അനുഭവപ്പെട്ടു. കിർക്ക്
വീണ്ടും ഡ്രംസിലേക്ക് മടങ്ങി. ചെല്ലോ വീണ്ടും തുടങ്ങി, ഇത്തവണ കൂടുതൽ മന്ദഗതിയിൽ. ട്രംപറ്റ്
പിന്നിലിരുന്നു. കീബോർഡ് മന്ദമായി മിന്നുന്ന ഒരു കോർഡ് ചേർത്തു. കുഹൻ
മോർസിങ് ചുണ്ടുകളിൽ വെച്ചു. ഇത്തവണ ശക്തിയോടെ
തുടങ്ങി. ആദ്യ മൂവ്മെന്റുകൾ
വിസ്മയകരമായിരുന്നു. മൂർച്ചയുള്ളതും വ്യക്തവും.
പഴയ
നല്ലൂർ കുഹൻ അവിടെ പ്രത്യക്ഷപ്പെട്ടു—ഓർമ്മയായി
അല്ല, നിറസാന്നിധ്യമായി. കുഹന്റെ
ചൂണ്ടുവിരൽ അസാധ്യമായ
കൃത്യതയോടെ നീങ്ങി. ഇരുമ്പിൽ മിന്നൽ പതിച്ചതുപോലെ മോർസിങ് മുഴങ്ങി.
താളം ചുറ്റി, മുറുകി, വികസിച്ചു.
കിർക്ക്
അതിനെ ഒരിക്കലും മൂടിക്കളയാതെ അത്യന്തം സൌമ്യമായി പിന്തുടർന്നു.
ചെല്ലോ ഓരോ വാക്യത്തിനും മറുപടി നൽകി. കുറച്ച് നിമിഷങ്ങൾക്ക് സമയം തന്റെ
പിടി വിട്ടു. പിന്നെ
ശബ്ദം മങ്ങിത്തുടങ്ങി.
ആദ്യം
ജെന്നിഫറിന് മാത്രമേ അത് മനസ്സിലായുള്ളൂ. സംഗീതത്തിന്റെ നിശ്ശബ്ദ ഇടവേളയും ശരീരത്തിന്റെ
ക്ഷീണവും തമ്മിലുള്ള വ്യത്യാസം അവൾക്കറിയാമായിരുന്നു.
“കുഹൻ,”
അവൾ മന്ദമായി വിളിച്ചു.
അവൻ
തുടർന്നു. മോർസിങ്
വിറച്ചു. വിരലുകൾ പതുക്കെയായി. എട്ടുമാത്രയിലെ താളചക്രം നിലച്ചില്ല. പക്ഷേ അത് ഇപ്പോൾ വളരെ ദൂരത്തുനിന്ന്
വരുന്നതുപോലെയാണു
തോന്നിയത്.
ത-ക-ധി-മി.
ത-ക-ജ-ണു
ഉപകരണത്തിന്റെ
ലോഹനാവ് പരിക്ഷീണമാർന്നു വിറച്ചു.
പിന്നെ മറ്റൊരു താളം കടന്നുവന്നു.
ഡ്രംസിൽനിന്നല്ല.
വീഥിയിൽനിന്നല്ല. കുഹന്റെ നെഞ്ചിൽനിന്ന്.
കിർക്ക്
ഡ്രം വായിക്കുന്നത്
നിർത്തി. ചെല്ലോ
ഒരു സ്വരം പിടിച്ചുനിന്നു. ട്രംപറ്റ് താഴ്ന്നു.
കുഹന്റെ
കൈ സാവധാനം മടിയിലേക്കു വീണു. മോർസിങ് വിരലുകൾക്കിടയിൽ
വിശ്രമിച്ചു. മറ്റാർക്കും
കേൾക്കാനാകാത്ത എന്തോ ശ്രവിക്കുന്നതുപോലെ കുഹന്റെ
തല അല്പം ചരിഞ്ഞു.
ജെന്നിഫർ
മറ്റാരേക്കാളും മുമ്പ് അവന്റെ അടുത്തെത്തി. “കുഹൻ…”
കുഹൻ
ഒരിക്കൽ അവളെ നോക്കി. ആ
മുഖത്ത് ഭയം ഉണ്ടായിരുന്നില്ല. വിസ്മയം മാത്രം. വഴി തിരിച്ചറിഞ്ഞ മനുഷ്യന്റെ
വിസ്മയംപോലെ. അവന്റെ
ചുണ്ടുകൾ ചലിച്ചു. ഒരുപക്ഷേ ‘മുരുകാ’ എന്നു
പറഞ്ഞിരിക്കാം. ഒരുപക്ഷേ ‘ജോൺ’ എന്നാവാം. താളം അവസാനിച്ചു. അതിനു
ശേഷമുള്ള നിശ്ശബ്ദത ആരുടെയും പ്ലാനിങ്ങിന്റെ ഭാഗമായിരുന്നില്ല.
ഹേസ്റ്റിങ്സ്
സ്ട്രീറ്റിലുടനീളം, സംഗീതം
അനുഭവിച്ച് നിന്ന
ആളുകളുടെ സംഭാഷണങ്ങൾ
നിന്നു. കുട്ടികൾ നിശ്ശബ്ദരായി. സംഗീതജ്ഞർ നിശ്ചലരായി നിന്നു. കിർക്ക്
തന്റെ തൊപ്പി ഊരി. പിന്നെ ജനക്കൂട്ടത്തിലെ ഒരു വയോധികൻ തന്റെ തോപ്പിയും
ഊരി. പിന്നെ മറ്റൊരാൾ. പിന്നെ
വേറൊരാൾ. അൽപനേരത്തിനകം
എല്ലായിടത്തും തൊപ്പികൾ ഉയർന്നു.
ബേസ്ബോൾ
ക്യാപ്പുകൾ, സൺ
ഹാറ്റുകൾ, ഉത്സവത്തൊപ്പികൾ.
ജെന്നിഫർ
കുഹന്റെ കൈ പിടിച്ച് തലകുനിച്ചിരുന്നു.
മൃദുവായ ഒരു ചാറ്റൽമഴ
തുടങ്ങി, സ്നേഹത്തോടെ
പെയ്തൊഴിയാനെന്നപോലെ. അത് ആ
നിരത്തിനെയും ഉപകരണങ്ങളെയും
പഴയ കാറുകളെയും ഭക്ഷണസ്റ്റാളുകളെയും പൂക്കളെയും വിറയുന്ന കൈകളിൽ ഉയർത്തിപ്പിടിച്ച തൊപ്പികളെയും
സൌമ്യമായി നനച്ചു.
കിർക്ക്
മൈക്രോഫോണിനരികിലേക്ക് നടന്നു. സംസാരിക്കാൻ എന്തൊക്കെയോ
ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ
ഇത്രമാത്രം പറഞ്ഞു:
“ഹാറ്റ്സ്
ഓഫ് മൈ ഫ്രണ്ട്!.”

No comments:
Post a Comment