Sunday, July 26, 2026

വാല്മീകിരാമായണത്തിലെ കൈകേയി - Kalakoumudi Weekly - 26 July 2026

 


വാല്മീകിരാമായണത്തിലെ കൈകേയി

ഡോ. സുകുമാർ കാനഡ

വാല്മീകിരാമായണത്തിൽ കൈകേയിയെ ആദ്യംമുതൽ ദുഷ്ടയായ സ്ത്രീയായല്ല കവി അവതരിപ്പിക്കുന്നത്. ധീരതയും സ്നേഹവും സൗന്ദര്യവും ബുദ്ധിയും ഉള്ള രാജ്ഞിയായിരുന്നെങ്കിലും, ഭയത്തിനും പുത്രവാത്സല്യത്തിൽനിന്നുയർന്ന സ്വാർത്ഥചിന്തയ്ക്കും വഴങ്ങി ധർമ്മബോധം നഷ്ടപ്പെടുന്ന ഒരു ദുരന്തകഥാപാത്രമാണ് കൈകേയി.

രാമന്റെ യുവരാജാഭിഷേകവാർത്ത അറിഞ്ഞപ്പോൾ കൈകേയി ആദ്യം വളരെയധികം സന്തോഷിക്കുകയും വാർത്ത അറിയിച്ച മന്ഥരയ്ക്ക് വിലയേറിയ ഒരാഭരണം സമ്മാനിക്കുകയും ചെയ്യുന്നു. “രാജാവിന്റെ തീരുമാനം എത്ര ഉചിതമാണ്!  ധർമ്മജ്ഞനും സത്യവാദിയും സദാചാരിയുമാണ് രാമൻ മാത്രമല്ല, ഭരതനെപ്പോലെതന്നെ, ഒരുപക്ഷേ അതിലധികവും, രാമൻ എനിക്കു വളരെ പ്രിയപ്പെട്ടവനാണ്.” എന്നാണ് കൈകേയി പറഞ്ഞത്.

ദേവാസുരയുദ്ധത്തിൽ പരിക്കേറ്റ് ബോധരഹിതനായ ദശരഥനെ യുദ്ധഭൂമിയിൽനിന്ന് രക്ഷിച്ചത് കൈകേയിയായിരുന്നു. അതിൽ സന്തോഷിച്ചാണ്  ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ നൽകിയത്. ദശരഥന്റെ പ്രിയപ്പെട്ട പട്ടമഹിഷിയായിരുന്നു കൈകേയി. ദുർബലയോ നിസ്സഹായയോ ആയ സ്ത്രീയല്ല വാല്മീകിയുടെ കൈകേയി. രാജാവിനൊപ്പം യുദ്ധഭൂമിയിൽ പോകുകയും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്ത ധീരയായ രാജകുമാരിയാണ്. എന്നാൽ കൈകേയി, മന്ഥര സൃഷ്ടിച്ച ഭയത്തിന്റെ ഇരയായത് എങ്ങിനെയെന്ന് നോക്കാം. രാമൻ രാജാവായാൽ കൗസല്യയുടെ ആധിപത്യം വർധിക്കുമെന്നും കൈകേയിയുടെ മകനായ ഭരതൻ രാജകൊട്ടാരത്തിൽനിന്ന് പുറത്താക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നും മന്ഥര കൈകേയിയെ ഭയപ്പെടുത്തുന്നു. ആദ്യം ആ വാദങ്ങളെ നിരസിച്ച കൈകേയിയുടെ മനസ്സ് ക്രമേണ മാറുന്നു. അയോദ്ധ്യാകാണ്ഡം ഒൻപതാം സർഗത്തിന്റെ ആമുഖംതന്നെ മന്ഥരയാണു കൈകേയിയുടെ മനസ്സിനെ നന്മയിൽനിന്ന് തിന്മയിലേക്ക് തിരിച്ചുവിട്ടതെന്നു വ്യക്തമാക്കുന്നു. സ്വഭാവത്തിൽ നേർബുദ്ധിയുള്ളവളായിരുന്ന കൈകേയി, മന്ഥരയുടെ വാക്കുകൾ കേട്ട് ഒരു ബാലികയെപ്പോലെ തെറ്റായ വഴിയിലേക്കു പോയതാണ്.  എളുപ്പം സ്വാധീനിക്കപ്പെടുന്ന മനസ്സ്, പെട്ടെന്നുയരുന്ന കോപം, സ്വന്തം ബുദ്ധിയിലുള്ള അമിതവിശ്വാസം, ഭരതന്റെ ഭാവിയെക്കുറിച്ചുള്ള അനാവശ്യഭയം, സ്ഥാനമാനങ്ങളോടുള്ള മോഹം, ഇവയായിരുന്നു കൈകേയിയുടെ പ്രധാന ദൗർബല്യങ്ങൾ.

വാല്മീകി രാമായണത്തിൽ എല്ലാ കുറ്റവും മന്ഥരയിൽ ചുമത്തി കൈകേയിയെ നിരപരാധിയാക്കുന്നില്ല. മന്ഥരയുടെ വാക്കിനാൽ മനസ്സ് മാറിയ കൈകേയി വളരെ കൃത്യതയോടെ ചോദിക്കുന്നു: “ഭരതന് രാജ്യം ലഭിക്കുകയും രാമന് ലഭിക്കാതിരിക്കുകയും ചെയ്യാനുള്ള മാർഗം ഏതാണ്?

പിന്നെ നമ്മൾ കാണുന്നത് കോപഗൃഹത്തിൽ പ്രവേശിച്ച് ദശരഥനെ മാനസികമായി സമ്മർദത്തിലാക്കുകയും രണ്ടു വരങ്ങൾ ഉപയോഗിച്ച് ഭരതന് രാജ്യം, രാമന് പതിനാലു വർഷത്തെ വനവാസം എന്നിവ ആവശ്യപ്പെടുകയും ചെയ്യുന്ന കൈകേയിയെയാണ്.  കൈകേയിയെയെ രാമനാണ് ഭരതനേക്കാൾ അധികം സ്നേഹിക്കുന്നതെന്നും സേവിക്കുന്നതെന്നും ദശരഥൻ  ഓർമ്മിപ്പിച്ചിട്ടും അവളുടെ തീരുമാനം മാറുന്നില്ല.  അതിനാൽ കൈകേയി മന്ഥരയുടെ വെറും പാവയായല്ല ഭയത്താലും മോഹത്താലും അധാർമ്മികമെന്നു തോന്നുന്ന തീരുമാനം നടപ്പിലാക്കിയ വ്യക്തിയായാണ് നാം കാണേണ്ടത് .

വനവാസത്തിനു പോകുന്ന രാമനും ലക്ഷ്മണനും വൽക്കലം നൽകുന്ന രംഗത്ത് കൈകേയിയുടെ പെരുമാറ്റത്തെ “ലജ്ജയില്ലാത്ത” പ്രവൃത്തി എന്നാണ് വാല്മീകി വിശേഷിപ്പിക്കുന്നത്. വസിഷ്ഠൻ കൈകേയിയെ കുലത്തിന് അപകീർത്തി വരുത്തിയവളെന്നു ശകാരിക്കുന്നുമുണ്ട്.

വാല്മീകി ബാലകാണ്ഡത്തിൽ പുത്രകമേഷ്ടി യാഗം കഴിഞ്ഞ് കിട്ടിയ ദിവ്യമായ പായസം ദശരഥൻ രാജ്ഞിമാർക്ക് വീതിച്ചു നല്കുന്നതെങ്ങിനെയെന്ന് പറയുന്നുണ്ട്. കൌസല്യക്ക് പയാസത്തിന്റെ പകുതി ഭാഗം നല്കി. അത് ശ്രീരാമന്റെ ജന്മത്തിന് കാരണമായി. പിന്നീട് സുമിത്രയ്ക്ക് കാൽ ഭാഗവും (ലക്ഷ്മണൻ), കൈകേയിക്ക് എട്ടിൽ ഒരു ഭാഗവും (ഭരതൻ) ആണ് നല്കിയത്. പിന്നീട് വളരെ ആലോചിച്ചശേഷം ദശരഥൻ പായസത്തിൽ ബാക്കി വന്ന എട്ടിൽ ഒരു ഭാഗം കൂടി സുമിത്രയ്ക്ക് നല്കി (ശത്രുഘ്നൻ). അതായത് കൈകേയിക്ക് പായസത്തിന്റെ എട്ടിൽ ഒന്ന് ഭാഗം മാത്രമേ കിട്ടിയുള്ളൂ. എന്നാൽ ആ പായസഭാഗത്തിന്റെ  ഫലമായുണ്ടായ രാജകുമാരൻ, ഭരതനുവേണ്ടിയിട്ടാണ് കൈകേയി രാജാധികാരം നേടിക്കൊടുത്തത്. എന്തൊക്കെയാണെങ്കിലും പായസത്തിന്റെ ഏറ്റവും ചെറിയ വിഹിതം മാത്രം ലഭിച്ചതിലുള്ള കൈകേയിയുടെ പരിഭവമാണ് പിന്നീട് രാമനോടുള്ള വിരോധത്തിനു കാരണമായത് എന്ന വാദത്തിന് വാല്മീകിരാമായണത്തിൽ അടിസ്ഥാനമില്ല. പായസം ലഭിച്ചതിനെ മൂന്നു രാജ്ഞിമാരും വലിയ ആദരമായി കരുതി സന്തോഷിച്ചു. അവർ അവരവർക്കു ലഭിച്ച ദിവ്യപായസം കഴിച്ചു. തുടർന്ന് അവർ അഗ്നിയെയും സൂര്യനെയുംപോലെ തേജസ്സോടെ വിളങ്ങുകയും അധികം താമസിയാതെ ഗർഭം ധരിക്കുകയും ചെയ്തുവെന്ന് പതിനാറാം സർഗത്തിന്റെ അവസാനത്തിൽ പറയുന്നു. പായസം പങ്കിട്ടുനൽകിയതിലെ അളവുവ്യത്യാസം രാമനെ ഏറ്റവും ഉയർന്ന ഭഗവദ് അംശമോ ഭരതനെ ഏറ്റവും കുറഞ്ഞ ഭഗവദ് അംശമോ ആക്കുന്നില്ല. പരബ്രഹ്മത്തെ വിവിധ ഭാഗങ്ങളായി വിഭജിക്കാനാവുകയില്ലല്ലോ.  അവതാരം സാദ്ധ്യമാക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമായി നാമിത്  മനസ്സിലാക്കണം.

യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ഭരതനോട് കൈകേയി താൻ ചെയ്തതെല്ലാം വലിയൊരു കാര്യമായി അവതരിപ്പിക്കുകയും ഉടൻതന്നെ രാജ്യഭരണം എൽക്കാൻ മകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഭരതൻ അതിനെ ശക്തമായി നിരാകരിച്ച് രാജ്യമോഹിയും ക്രൂരയുമായി അമ്മയെ കുറ്റപ്പെടുത്തുന്നു. അച്ഛന്റെ അകാലമരണത്തിനും രാമന്റെ വനവാസത്തിനും അമ്മയാണ് കാരണമെന്ന് പറഞ്ഞു ഭരതൻ കൈകേയിയെ ഭർസിക്കുന്നു. ഈ അമ്മയുടെ വയറ്റിൽ പിറക്കാനാണല്ലോ തന്റെ ദുര്യോഗമെന്നു പരിതപിക്കുന്നു.

അഭിഷേകവിഘ്നമുണ്ടായപ്പോഴും രാമൻ കൈകേയിയെ സ്വന്തം മാതാവിനേപ്പോലെയാണു  കാണുന്നതും ബഹുമാനിക്കുന്നതും. വനവാസകല്പന അറിയുന്നതിന് മുമ്പും അതിനുശേഷമുള്ള സംഭാഷണ സമയത്തും രാമൻ കൈകേയിയുടെ പാദങ്ങളിൽ ആദരപൂർവം നമസ്കരിക്കുന്നുമുണ്ട്.  രാമന്റെ നോട്ടത്തിൽ കൈകേയി അമ്മ വെറുക്കപ്പെടേണ്ട ശത്രുവല്ല.

വാല്മീകി അവതരിപ്പിക്കുന്ന കൈകേയി, ധീരയും സുന്ദരിയും ദശരഥന്റെ പ്രിയപത്നിയും രാമനെ സ്നേഹിച്ചിരുന്ന അമ്മയും ആയിരുന്ന കൈകേയി,  ജന്മനാ ദുഷ്ടയായ സ്ത്രീയല്ല, മറിച്ച്, മന്ഥരയെന്ന ബുദ്ധിമതിയായ തോഴി ഉണർത്തിയ ഭയം, പുത്രവാത്സല്യത്തിന്റെ വികലഭാവം, സ്ഥാനമോഹം, കോപം, അമിതാഭിമാനം എന്നിവയാൽ വിവേകം നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്.  ഒരു നിമിഷത്തിലെ വിവേകഭ്രംശംകൊണ്ട് സ്വന്തം കുടുംബത്തെയും രാജ്യത്തെയും തന്നെയും ദുരന്തത്തിലാഴ്ത്തിയ സങ്കീർണ്ണമായ ദുരന്തനായിക എന്ന മട്ടിലാണ് വാല്മീകി  കൈകേയിയെ അവതരിപ്പിക്കുന്നത്. വാല്മീകിയുടെ കഥയിൽ കൈകേയിയുടെ പ്രവൃത്തി മന്ഥരയുടെ ദുഷ്പ്രേരണയും സ്വന്തം മോഹഭയങ്ങളും മൂലമുണ്ടായ ധാർമ്മികപതനമാണ്.

എന്നാൽ ദശരഥന്റെ വിവാഹകാലവാഗ്ദാനമായ പ്രതിജ്ഞ നടപ്പാക്കാൻ മാത്രമാണ് കൈകേയി രാമാഭിഷേകം തടഞ്ഞത്, എന്നു പറയുന്നത്തിലും കാര്യമുണ്ട്.  ചിത്രകൂടത്തിൽ ഭരതനോട് സംസാരിക്കുമ്പോൾ രാമൻ ഇങ്ങനെ പറയുന്നു:

പുരാ ഭ്രാതഃ പിതാ നഃ സ മാതരം തേ സമുദ്വഹൻ
മാതാമഹേ സമാശ്രൗഷീദ് രാജ്യശുൽകമനുത്തമം

അയോധ്യാകാണ്ഡം 107.3

അനിയാ, പണ്ട് നമ്മുടെ അച്ഛൻ നിന്റെ അമ്മയെ വിവാഹം ചെയ്യുമ്പോൾ, നിന്റെ മൂത്തച്ഛനോട് ഒരു വാഗ്ദാനം നല്കിയിരുന്നു. കൈകേയിക്കു ജനിക്കുന്ന പുത്രനായിരിക്കും രാജ്യമെന്ന്. ‘രാജ്യശുൽകം’ എന്നത്  അതുല്യമായ ഒരു വിവാഹശുൽകമാണ്. കൈകേയി അമ്മ അത് നടപ്പിലാക്കുകമാത്രമേ ചെയ്തുള്ളൂ.”

അടുത്ത ശ്ലോകങ്ങളിൽ രാമൻ രണ്ടു കാര്യങ്ങൾ വേർതിരിച്ചുപറയുന്നുമുണ്ട്. ഒന്ന്, കൈകേയിയെ വിവാഹം ചെയ്യുമ്പോൾ ദശരഥൻ കേകയരാജാവിന്  നൽകിയ രാജ്യവാഗ്ദാനം. രണ്ട്, ദേവാസുരയുദ്ധത്തിനുശേഷം കൈകേയിക്ക് നൽകിയ രണ്ടു വരങ്ങൾ.

ആ വരങ്ങൾ ഉപയോഗിച്ചാണ് കൈകേയി ഭരതന് രാജ്യം നൽകണമെന്നും രാമനെ വനത്തിലയക്കണമെന്നും ആവശ്യപ്പെട്ടതെന്ന് രാമൻ പറയുന്നു. “അനിയാ നീ  രാജാവാകുന്നതിലൂടെ നമ്മുടെ പിതാവിനെ നീ സത്യവാനാക്കണം.” രാമൻ ആവശ്യപ്പെട്ടു.

രാമാഭിഷേകത്തിന്റെ വാർത്ത ആദ്യം കേട്ടപ്പോൾ കൈകേയി സന്തോഷിക്കുന്നു. അവൾ പഴയ വിവാഹവാഗ്ദാനം ഓർത്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല. പിന്നീട് മന്ഥരയാണ് അവളെ ഭയപ്പെടുത്തുന്നത്. രാമൻ രാജാവായാൽ പിന്നീട് രാമന്റെ പുത്രൻ രാജാവാകുമെന്നും, ഭരതൻ രാജപരമ്പരയിൽനിന്നുതന്നെ മാറ്റിനിർത്തപ്പെടുമെന്നും, കൗസല്യയുടെ അധികാരം വർദ്ധിക്കുമെന്നും കൈകേയി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് “ഭരതന് രാജ്യം ലഭിക്കുകയും രാമന് ലഭിക്കാതിരിക്കുകയും ചെയ്യാനുള്ള മാർഗമെന്താണ്?” എന്ന് കൈകേയി ചോദിക്കുന്നത്. ഈ സംഭാഷണത്തിൽ കൈകേയിയോ മന്ഥരയോ വിവാഹസമയത്തെ രാജ്യശുൽകവാഗ്ദാനം എടുത്തുപറയുന്നില്ല. അവർ ആശ്രയിക്കുന്നത് യുദ്ധകാലത്ത് ലഭിച്ച രണ്ടു വരങ്ങളെയാണ്.

രാജതോഴിയായ മന്ഥരയുടെ രാജതന്ത്രജ്ഞത വെളിവാക്കുന്ന മറ്റൊരു കാര്യം, രാമനെ പതിനാലുവർഷം വനത്തിലയക്കണം എന്ന ആവശ്യമാണ്. വ്യക്തമായ രാഷ്ട്രീയമാണത്.  പതിനാല് വർഷത്തിനുള്ളിൽ ഭരതന് ജനങ്ങളുടെ സ്നേഹം നേടി രാജ്യത്തിൽ വേരുറപ്പിക്കാൻ കഴിയണം. അതിനാൽ വനവാസം തന്നെ വേണമെന്ന ആവശ്യം പഴയ വാഗ്ദാനം നടപ്പാക്കുക എന്നതിലുപരി, ഭരതന്റെ അധികാരം ഉറപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രം കൂടിയായിരുന്നു.

ദശരഥൻ കൈകേയിയെ വിവാഹം ചെയ്യുമ്പോൾ അവളിൽ ജനിക്കുന്ന പുത്രന് രാജ്യം നൽകാമെന്ന വാഗ്ദാനം കൈകേയിയുടെ പിതാവിനോട് ചെയ്തിരുന്നു എന്നത് ശരിയാണ്. പിന്നീട് രാമൻ അത് ഭരതനോട് പറയുന്നുമുണ്ട്. എന്നാൽ ആ പഴയ പ്രതിജ്ഞയെക്കുറിച്ചുള്ള ധാർമ്മികബോധംകൊണ്ടുമാത്രമാണ്, അങ്ങിനെ രാജാവിന്റെ അഭിമാനവും ധാർമ്മികതയും രക്ഷിക്കാനായി മാത്രമാണ്  കൈകേയി രാമാഭിഷേകം തടഞ്ഞതെന്ന് വാല്മീകി നേരിട്ട് വ്യക്തമാക്കുന്നില്ല. ചിത്രകൂടത്തിൽ വച്ച് രാമൻ ആ പഴയ വിവാഹവാഗ്ദാനം ഓർമ്മിപ്പിക്കുന്നത് കൈകേയിയുടെ പ്രവൃത്തിക്ക് ഒരു ധാർമ്മിക പശ്ചാത്തലം നൽകാനും, ഭരതനെ രാജ്യം സ്വീകരിക്കാൻ പ്രേരിപ്പിക്കാനും, ദശരഥന്റെ സത്യപ്രതിജ്ഞ സംരക്ഷിക്കാനുമാണ് എന്നു തോന്നുന്നു.

------------------------------------------------------

സൂചിക: വാല്മീകി രാമായണം

ബാലകാണ്ഡം – സർഗ്ഗം 16  

അയോദ്ധ്യാ കാണ്ഡം സർഗ്ഗം 7,8,9, 17, 37,70, 72, 107