നാരായണീയം സാന്ദ്രമായ സൌഖ്യം - മേൽപ്പുത്തൂരിന്റെ ശൂർപ്പനഖിയും കൂട്ടിവായനയും ഡോ സി. ടി. ഫ്രാൻസിസ്
- (ഡോ സുകുമാർ കാനഡയുടെ ഭാഷാനാരായണീയം പാരായണയജ്ഞം സമാപിച്ചതിനോടനുബന്ധിച്ച് നടത്തിയ ഡോ ഫ്രാൻസിസ് നടത്തിയ പ്രഭാഷണത്തിൽ നിന്ന് സംഗ്രഹിച്ചത്–
നാരായണീയം നൽകുന്നത് സാന്ദ്രമായ
സൗഖ്യമാണ്
ഡോ സി. ടി. ഫ്രാൻസിസ്
ഭഗവദ് ഗീത എന്താണെന്ന് ചോദിച്ചാൽ അത് ധർമ്മം തന്നെയാണ് എന്നു നാം
പറയാറുണ്ട്. സംസ്കൃതവ്യാകരണത്തിൽ അനേകം
അക്ഷരങ്ങളെയോ പ്രത്യയങ്ങളെയോ ഒന്നിച്ചു സംഗ്രഹിച്ചു പറയുന്നതിന്ന് പ്രത്യാഹരിക്കൽ
എന്നൊരു സമ്പ്രദായമുണ്ട്. ഒരു വർണ്ണമോ പ്രത്യയമോ തൊട്ട്, തുടർന്നു വരുന്ന ഏതാനും വർണ്ണങ്ങളെയോ
പ്രത്യയങ്ങളെയോ ഉൾപ്പെടുത്തിക്കൊണ്ട് പറയുന്ന സാങ്കേതിക സംജ്ഞയാണ് പ്രത്യാഹാരം.
നമുക്ക് ഒരു ഉദാഹരണം നോക്കാം. സംസ്കൃത വ്യാകരണത്തിന്റെ ഏറ്റവും പ്രാമാണികനായ
ആചാര്യൻ പാണിനി സംസ്കൃതത്തിലെ അക്ഷരങ്ങൾ 14
മാഹേശ്വരസൂത്രങ്ങൾ ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തെ നാലു സൂത്രങ്ങൾ
ഇവയാണ് -
അഇഉണ്, ഋഌക്,
ഏഓങ്, ഐഔച്.
ഇവയിലെ ആദ്യത്തെ അക്ഷരമായ അകാരവും ഏറ്റവും ഒടുവിലെ വർണ്ണമായ ച് എന്നതും
ചേർത്തുപറഞ്ഞാൽ അച് എന്നാകും. ഈ അച് എന്ന് പറഞ്ഞാൽ അ മുതൽ ച് എന്ന വർണ്ണം വരെയുള്ള
എല്ലാ അക്ഷരങ്ങളെയും - അ, ഇ, ഉ,
ഋ, ഌ, ഏ, ഓ, ഐ, ഔ എന്നിവയെ - ഗ്രഹിക്കുന്ന ഒരു പ്രത്യാഹാരമാണ്. (ണ്, ക്, ങ്, ച് എന്നിവ
പ്രത്യാഹാരങ്ങൾ ഉണ്ടാക്കുവാനുള്ള “ഇത്തുകൾ” ആയതുകൊണ്ട് അവയെ സ്വീകരിക്കുകയില്ല.) അപ്പോൾ അച് എന്നു പറഞ്ഞാൽ
അത് സംസ്കൃതത്തിലെ എല്ലാ സ്വരാക്ഷരങ്ങളെയും ഉൾക്കൊള്ളുന്ന പ്രത്യാഹാരമാണ്.
മലയാളത്തിൽ തന്നെ അച്ചടി, അച്ചു കുത്തൽ, അച്ചുകൂടം മുതലായ പദങ്ങളൊക്കെ സംസ്കൃതത്തിലെ ഈ പ്രത്യാഹാരത്തെ ആധാരമാക്കി
ഉണ്ടായവയാണ്.
ഇതുപോലെ “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന് തുടങ്ങുന്ന ഭഗവത്ഗീതയുടെ ആദ്യത്തെ “ധർ” എന്നതും, ഗ്രന്ഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ശ്ലോകം അവസാനിക്കുന്ന “മതിർമമ” എന്നതിലെ മകാരവും ചേർത്തുപറഞ്ഞാൽ ധർമ എന്നാകും. അപ്പോൾ ധർ എന്ന് തുടങ്ങി മ വരെ—ധർമ. ധർമ്മമാണ്, ശാശ്വതമായ ധർമ്മമാണ്, അഥവാ സനാതനമായ ധർമ്മമാണ് ഭഗവദ്ഗീത പറയുന്നത്. (സംസ്കൃതത്തിൽ ധർമ്മം വർണ്ണം മുതലായ പദങ്ങളിൽ മകാരത്തിന്നും ണകാരത്തിന്നും ഇരട്ടിപ്പില്ല). ഇതേ മാനം വച്ച് നോക്കിയാൽ, നാരായണീയം ആരംഭിക്കുന്നത് “സാന്ദ്രാനന്ദാവബോധാത്മകം” എന്നും അവസാനിക്കുന്നത് “ആയുരാരോഗ്യ സൗഖ്യം” എന്നുമാണ്. അപ്പോൾ ഭഗവദ്ഗീത നമ്മൾ നോക്കിയത് പോലെ നോക്കുന്ന പക്ഷം ഇവിടെ “സാഖ്യം” എന്നൊരു പദം ലഭിക്കും. സാഖ്യം എന്നതിന്ന് സഖീഭാവം, അഥവാ സഖിത്വം എന്നർത്ഥം. ഭഗവാനുമായുള്ള സഖീഭാവമാണ് നാരായണീയത്തിൽ നാം കാണുന്നത് എന്നു പറയാം. സഖാ എന്ന പദത്തിന്ന് ‘സമാനം ഖ്യായതേ’— തുല്യമായി അറിയപ്പെടുന്നവൻ എന്നാണർത്ഥം. ഇനി നമ്മൾ ഇതിൽ ഏറ്റവും അവസാനത്തെ ശ്ലോകത്തിൽ പറഞ്ഞതുപോലെ “ദ്വേധാ നാരായണീയം ശ്രുതിശുദ്ധജനുഷാ” എന്ന് പറഞ്ഞതനുസരിച്ചിട്ട് ആദ്യത്തെ രണ്ടക്ഷരവും അവസാനത്തെ രണ്ടക്ഷരവും എടുത്തു നോക്കുക. അങ്ങനെ എടുത്തു നോക്കിയാൽ “സാന്ദ്ര” എന്നും “സൗഖ്യം” എന്നുമാണ് ലഭിക്കുക. സാന്ദ്രമായ സൗഖ്യമാണ് നാരായണീയത്തിലൂടെ നമുക്ക് ഉണ്ടാകുന്നത് എന്നും നമുക്ക് പ്രത്യാശാപൂർവ്വം ആശ്വസിക്കാം. കാരണം, മേൽപ്പുത്തൂർ നാരായണ ഭട്ടതിരി തന്റെ അദമ്യമായ - ദമനം ചെയ്യാൻ (അമർച്ച ചെയ്യാൻ) കഴിയാത്ത രോഗത്തെ പ്രശമിപ്പിക്കുന്നതിന് വേണ്ടിയാണ് ഗുരുപവനപുരത്തിൽ ഭജനമിരുന്ന് തന്റെ അനുഭൂതികളെ ഓരോ ദിവസവും ഓരോ ദശകത്തിലൂടെ നാരായണീയമായി എഴുതിയത്. അദ്ദേഹം നാരായണീയത്തിലൂടെ തന്റെ ലക്ഷ്യം നേടുകയും ചെയ്തു. ഇതൊരു ഐതിഹ്യമായി എടുക്കേണ്ടതല്ല, മറിച്ച് ഇത് ശാസ്ത്രമനുസരിച്ച് സാധ്യമെന്ന് രേഖപ്പെടുത്താവുന്ന ഒരു ചരിത്രസത്യം തന്നെയാണ്. കാരണം അനിർവചനീയമായ ആനന്ദാനുഭൂതി, ശരീരാവയവങ്ങളുടെ തകരാറിലായ പ്രവർത്തനങ്ങളെ നേർ ദിശയിലേക്ക് നയിക്കുവാൻ പര്യാപ്തമാണെന്നത് ശാസ്ത്രസമ്മതമായ ഒരു വസ്തുതയാണ്. മന:ശാസ്ത്രചികിത്സാരംഗത്തും മനോഗാത്ര ചികിത്സാരീതികളിലും (psychosomatic treatments) ഈ തത്ത്വം അംഗീകരിക്കപ്പെടുന്നുണ്ടല്ലോ!
നാരായണീയത്തിൽ 100 ദശകങ്ങളാണ് ഉള്ളതെങ്കിലും, നാരായണീയത്തിലെ ശ്ലോക സംഖ്യ 1033 ആണ്. ചില ദശകങ്ങളിൽ
പത്തിൽ അധികം ശ്ലോകങ്ങൾ ഉണ്ട്; എന്നാൽ അറുപത്തഞ്ചാം ദശകത്തിൽ
ഒൻപതു ശ്ലോകങ്ങൾ മാത്രമേ ഉള്ളൂ. ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ ഉള്ളത് അഷ്ടാംഗയോഗം
വർണ്ണിക്കുന്ന നാലാമത്തെ ദശകത്തിലാണ്; അതിൻ 15 ശ്ലോകങ്ങളുണ്ട്. അറുപത്തിയഞ്ചാം ദശകത്തിൽ പ്രതിപാദിക്കുന്നത്, രാസക്രീഡക്കായി ഭഗവത് സന്നിധിയിലേക്ക് ഓടിവരുന്ന ഗോപികമാരെ കുറിച്ചാണ്.
ഭാഗവതകഥയാണ് നാരായണീയത്തിൽ
അതീവ സംക്ഷിപ്തമായി വർണ്ണിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. (ഡോ. സുകുമാർ
കാനഡയുടെ നാരായണീയശ്ലോകങ്ങളുടെ മലയാള തർജ്ജമകൾ ഇവിടെ ചൊല്ലിക്കേട്ടതിൽ എനിക്കു
വളരെയേറെ മതിപ്പു തോന്നി. അതൊരു പദാനുപദ തർജ്ജമയല്ല; അത് നാരായണീയത്തിലെ ആശയപ്രപഞ്ചത്തിന്റെ ഒരു സ്വതന്ത്ര
തർജ്ജമയാണ് എന്നൊരു സവിശേഷത അതിനുള്ളതു കൊണ്ടാണ്, ഞാൻ വളരെ
മതിപ്പോടുകൂടി അതിനെ കാണുന്നത്.)
മേൽപ്പുത്തൂരിന്റെ
സംഗ്രഹണ പാടവം അത്യന്തം മഹത്തരമാണ്. രാമായണകഥയെ നാരായണീയത്തിൽ
സംഗ്രഹിച്ചിട്ടുള്ളത് രണ്ട് ദശകങ്ങളിലായി 20 ശ്ലോകങ്ങൾ കൊണ്ടാണ്. ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ വാൽമീകി പറഞ്ഞ
കാര്യങ്ങളെ, കാച്ചിക്കുറുക്കി എടുത്ത് അവതരിപ്പിക്കുകയാണ്
ഭട്ടതിരിപ്പാട് ചെയ്തിട്ടുള്ളത്.
സംസ്കൃത ഭാഷയിലും
വ്യാകരണത്തിലും അഗാധമായ പാണ്ഡിത്യമുള്ള
ഒരു മഹാനുഭാവനാണ് മേൽപ്പുത്തൂർ എന്ന് നാരായണീയം വായിക്കുമ്പോൾ നമുക്ക് ബോധ്യമാകും.
മൂപ്പത്തിനാലാമത്തെ ദശകത്തിലെ എട്ടാമത്തെ ശ്ലോകത്തിൽ ശൂർപ്പണഖയെ “ശൂർപനഖീ“ എന്നു
പറയുന്നിടത്ത് അദ്ദേഹത്തിന്റെ സംസ്കൃതം വ്യാകരണത്തിലുള്ള സൂക്ഷ്മദർശിത്വവും
നർമ്മബോധവും പ്രകടമാകുന്നുണ്ട്. ശൂർപണഖ,
രാക്ഷസചക്രവർത്തിയായ രാവണന്റെ സഹോദരിയാണെന്നത് സുവിദിതമാണല്ലോ!
എന്നാൽ ആ രാക്ഷസിയെ മേൽപ്പുത്തൂർ, ശൂർപനഖീ എന്ന്
വിശേഷിപ്പിക്കുമ്പോൾ, അത് ഒരു പേരെന്ന അവസ്ഥ വിട്ട് ശൂർപ്പം
അഥവാ മുറം പോലെ നഖം ഉള്ളവൾ എന്ന അർത്ഥത്തിലേക്ക് സംക്രമിക്കുന്നു. അതിലൂടെ അവളിലെ
വിജൃംഭികമായ രാക്ഷസഭാവം
അഭിവ്യഞ്ജിക്കപ്പെടുകയും ചെയ്യുന്നു. സംസ്കൃതം വ്യാകരണത്തിൻ്റെ
സൂക്ഷ്മാംശഗ്രാഹിയായ മേല്പത്തൂരിൻ്റെ കവിത്വശക്തിയും ഇവിടെ മറനീക്കി പുറത്തു
വരുന്നു! നൂതനങ്ങളായ അർത്ഥതലങ്ങളെ അഭിവഞ്ജിപ്പിക്കുന്നതിനുള്ള ശക്തിയാണല്ലോ
കവിത്വത്തിന്റെ കാതൽ!
മേൽപ്പുത്തൂരിന്റെ
നർമ്മബോധത്തിന് ദൃഷ്ടാന്തമായി ഇങ്ങനെ ഒരു കഥ പ്രസിദ്ധമാണല്ലോ - മേൽപ്പുത്തൂർ തന്റെ
ചെറുപ്പകാലത്ത് ഒരിക്കൽ ചമ്പകശ്ശേരി രാജാവിനെ കാണാൻ പോയി. അദ്ദേഹം വിദ്യാഭ്യാസം
ഒക്കെ കഴിഞ്ഞ് ഒരു ജോലി അന്വേഷിച്ച് നടക്കുന്ന കാലമാണത്. നല്ല ഒരു കഷണ്ടിക്കാരൻ
കൂടിയായിരുന്ന ചെമ്പകശ്ശേരി പൂരാടം തിരുനാൾ മഹാരാജാവ് മേൽപ്പുത്തൂരിനോട്
ആഗമനോദ്ദേശ്യം ചോദിച്ചു. മേൽപ്പുത്തൂർ വളരെ വിനയാന്വിതനായി പറഞ്ഞു, തനിക്ക് ഒരു തൊഴിൽ വേണം, അത് വായിക്കുന്ന തൊഴിലായാൽ ഏറ്റവും നന്നായി എന്ന്. അന്ന് നീലകണ്ഠ ദീക്ഷിതരാണ് രാജാവിന്നു വേണ്ടി മഹാഭാരതവും
മറ്റും വായിച്ചിരുന്നത്.
രാജാവ് ചോദിച്ചു - “കൂട്ടി വായിക്കാൻ അറിയാമോ?” മേല്പുത്തൂർ മറുപടി പറഞ്ഞു -
“അറിയാം.” “എങ്കിൽ നാളെ തൊട്ട് വന്നോളൂ” -
രാജാവു കല്പിച്ചു.
പിറ്റേദിവസം വായിക്കാനായി
ചെന്ന മേൽപ്പുത്തൂരിന് വായിക്കാൻ ലഭിച്ചത് മഹാഭാരതത്തിലെ യുദ്ധകാണ്ഡം ആയിരുന്നു.
അതി സമർത്ഥവും നിർബാധവുമായി മേൽപ്പുത്തൂർ വായിച്ചു കൊണ്ടിരിക്കേ, ഒരു ശ്ലോകം രാജാവിൻ്റെ ശ്രദ്ധയിൽ
പ്രത്യേകമായി പതിഞ്ഞു! ആ ശ്ലോകം ഇപ്രകാരമായിരുന്നു -
“ഭീമസേനഭയത്രസ്തോ ദുര്യോധനവരുഥിനീ ।
ശിഖാ ഖർവാടകസ്യേവ കർണമൂലമുപാശ്രിതാ ॥”
ഈ ശ്ലോകത്തിന്റെ അർത്ഥം ഇപ്രകാരമാണ് - ഭീമസേനനെ കണ്ടു ത്രസിച്ചു പോയ
ദുര്യോധനസേന കഷണ്ടിക്കാരൻ്റെ കുടുമ പോലെ കർണ്ണമൂലത്തെ ആശ്രയിച്ചു. കഷണ്ടിക്കാരനായ
രാജാവിന്റെ കുടുമ ചെവിക്ക് പിന്നിലെ മുടിയെ ആശ്രയിച്ചാണ് കെട്ടപ്പെട്ടിരുന്നത്!
അതുപോലെ ദുര്യോധനസേന യുദ്ധവീരനായ കർണ്ണന്നു സമീപം ചെന്ന് അഭയം തേടി. ഈ ശ്ലോകത്തിന്റെ
അർത്ഥം മനസ്സിലാക്കിയ മഹാരാജാവ് ഉടനെ പറഞ്ഞു: “ഏയ്, നിർത്തു, അവിടെ നിർത്തു; ഏതാണ് ഈ ശ്ലോകം? ഇതും മഹാഭാരതത്തിൽ ഉണ്ടോ?” മഹാഭാരതത്തിൽ അങ്ങനെ ഒരു ശ്ലോകം ഉണ്ടായിട്ടും കഷണ്ടിക്കാരനായ രാജാവിനെ
വിഷമിപ്പിക്കേണ്ട എന്ന് കരുതി, ഒരുപക്ഷേ നീലകണ്ഠദീക്ഷിതർ ആ
ശ്ലോകം വായിക്കാതെ പോകുന്നതായിരിക്കാം എന്നാണ് മഹാരാജാവ് വിചാരിച്ചത്! എന്നാൽ മേൽപ്പുത്തൂർ
വളരെ സരസമായി മറുപടി പറഞ്ഞു - “ഇല്ല ഞാൻ കൂട്ടി വായിച്ചതാണ്.” മേൽപ്പുത്തൂർരിനെ
കുറിച്ച് കേട്ടറിവ് മാത്രം ഉണ്ടായിരുന്ന മഹാരാജാവ് ചോദിച്ചു - “അവിടുന്നാണോ മേല്പുത്തൂർ?”
ആത്മവിദ്യ കൊണ്ട്
സമുദ്ഭാസിതാന്തരംഗനായ ഈ പണ്ഡിതനിൽ നർമ്മബോധവും കൂടി വന്നു ചേർന്നു എന്ന് പറയുമ്പോൾ
‘സ്വർണ്ണത്തിന് സുഗന്ധം വന്നു’ എന്ന് പറയുന്നതുപോലെയുള്ള ഒരു ഹൃദ്യത
അനുഭവപ്പെടുന്നു. ഈ ഹൃദ്യത നാരായണീയത്തിൽ നിറഞ്ഞു നിൽക്കുന്നു!
സാഹിത്യോപാസകർക്കും
ഭക്തർക്കും സാഹിത്യവിദ്യാർത്ഥികൾക്കും
മാത്രമല്ല, വ്യാകരണശാസ്ത്രകുതുകികൾക്കും
സാമൂഹ്യ വിമർശകർക്കും എല്ലാം വേണ്ട നിരവധി അറിവുകളും ചിന്താശകലങ്ങളും നൽകാൻ
നാരായണീയം ശക്തമാണ്. ഭട്ടതിരിപ്പാട് ശൂർപണഖയെ ശൂർപനഖീ എന്നു വിശേഷിപ്പിച്ച ആ
ശ്ലോകത്തിലേക്ക് നമുക്കൊന്നു കടന്നു നോക്കാം.
ഈ ഒരൊറ്റ പദപ്രയോഗം കൊണ്ട് മേൽപ്പുത്തൂർ, നാരായണീയത്തിൽ
ആവിഷ്കരിച്ച ആശയപ്രപഞ്ചത്തെക്കുറിച്ച് നാം അത്ഭുതപരതന്ത്രരാകാരിരിക്കുകയില്ല.
നാരായണീയത്തിലെ മൂപ്പത്തിനാലാംദശകത്തിലെ എട്ടാമത്തെ ആ ശ്ലോകം ഇങ്ങനെയാണ്
“പ്രാപ്തായാ: ശൂർപ്പനഖ്യാ മദനചലധൃതേ - രർത്ഥനൈർനിഃസഹാത്മാ
താം സൗമിത്രൗ വിസൃജ്യ പ്രബലതരരുഷാ തേന നിർലൂനനാസാം।
ദൃഷ്ട്വൈനാം രുഷ്ടചിത്തം ഖരമഭിപതിതം ദൂഷണഞ്ച ത്രിമൂർദ്ധം
വ്യാഹിംസീരാശരാനപ്യയുതസമധികാം -
സ്തത്ക്ഷണാദക്ഷതോഷ്മാ॥”
‘തളരാത്ത പൗരുഷശക്തിയോടു കൂടിയ
അങ്ങുന്ന്, കാമ വിവശയായി വന്നുചേർന്ന ആ ശൂർപനഖിയുടെ അപേക്ഷ
കേട്ട്, സഹിക്കാനാവാതെ, അവളെ അങ്ങയുടെ
അനുജനായ ലക്ഷ്മണന്നു സമീപത്തേക്കയച്ചു. ലക്ഷ്മണൻ ക്രുദ്ധനായി അവളുടെ നാസിക
വിച്ഛേദിച്ചു കളഞ്ഞു. വികൃതമായ രൂപത്തോടുകൂടിയ അവളെ കണ്ടു ഗോപാകുലരായി എതിർത്തു
വന്ന ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ
രാക്ഷസന്മാരെയും പതിനായിരക്കണക്കിന് സൈന്യങ്ങളെയും ആ ക്ഷണത്തിൽത്തന്നെ അങ്ങുന്ന്
കൊന്നുകളയുകയും ചെയ്തു!
ഇവിടെ പല സാമൂഹ്യ -
സാംസ്കാരിക വിമർശകരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് - ഒരു സ്ത്രീ ഒരു പുരുഷനെ
ഇഷ്ടപ്പെട്ട് അയാളെ സമീപിക്കുമ്പോൾ, അവിടെ എന്താണ് തെറ്റ്? അവളെ സ്വീകരിക്കാൻ
കഴിയുമെങ്കിൽ സ്വീകരിക്കുകയും അല്ലെങ്കിൽ, ഒഴിവാക്കുകയും
ആകാം. പക്ഷേ അവളെ മറ്റൊരാളുടെ അടുത്തേക്ക് അയയ്ക്കുകയും അയാൾ വീണ്ടും
തിരിച്ചയയ്ക്കുകയും ഒടുവിൽ അവളെ അംഗഭംഗം വരുത്തി വിരൂപയാക്കുകയും ചെയ്യുക എന്നത്
വലിയ അനീതിയല്ലേ എന്നാണ് അവരുടെ ചോദ്യം! ഈ ചോദ്യത്തിനുള്ള മറുപടി, അവൾ ശൂർപ്പണഖയല്ല ശൂർപ്പനഖിയാണ് എന്നതു തന്നെയാണ്.
ഈ രണ്ടു പദങ്ങളും
തമ്മിലുള്ള അർത്ഥവ്യത്യാസം വളരെ പ്രകടമാണ്. സംസ്കൃത വ്യാകരണം അനുസരിച്ച് ശൂർപ്പണഖാ
എന്നതിലെ ണകാരവും അന്ത്യത്തിലെ ദീർഘമായ
ആകാരവും വലിയ അർത്ഥവ്യത്യാസം വരുത്തുന്നവയാണ്. ശൂർപണഖാ എന്ന് പറയുമ്പോൾ അത് ഒരു
പേരാണ്; അവൾക്ക് ശൂർപം
അഥവാ മുറം പോലെ നഖം ഉണ്ടായിക്കൊള്ളണമെന്നൊന്നും ഇല്ല. സുലോചന എന്ന് പേരുള്ള
എല്ലാവരുടെയും കണ്ണുകൾ അത്രയേറെ കുറ്റമറ്റതൊന്നും ആയിരിക്കണമെന്നില്ലല്ലോ! എന്നാൽ
ശൂർപനഖീ എന്ന പദത്തിന്നർത്ഥം മുറം പോലെ നഖം ഉള്ളവൾ എന്നാണ്. അപ്പോൾ അവളിലെ ആ
ആക്രമണപ്രവണതയെ എടുത്തു കാട്ടുകയാണ് ഈ പദപ്രയോഗത്തിലൂടെ മേല്പുത്തൂർ. മുറം
പോലെയുള്ള നഖവുമായി സമീപിക്കുന്നവൾ എന്ന് പറയുമ്പോൾ അവളുടെ ലക്ഷ്യം പാവനമായ
വിവാഹമെന്ന സംസ്കാരത്തിലൂടെ ഒരു കുടുംബജീവിതം നയിക്കലല്ല എന്ന ആശയം പ്രകടമാകുന്നുണ്ടല്ലോ! അപ്പോൾ എത്രയേറെ
കൗശലത്തോടെയാണ് ഇങ്ങനെ ഒരു മറുപടി, സഹൃദയചിത്തത്തിൽ
വ്യംഗ്യമരാദയാ പ്രതീതമാകും വിധം നിഗൂഢമാക്കി മേല്പുത്തൂർ
പ്രതിഷ്ഠിച്ചിരിക്കുന്നത്!
പല പുരുഷന്മാരും
സ്ത്രീകളോടും, സ്ത്രീകൾ
പുരുഷന്മാരോടും വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടാകും; അവയിൽ
സ്വീകരണവും തിരസ്കരണവും ഉണ്ടായിട്ടുമുണ്ടാകാം. പക്ഷേ, തിരസ്കാരമാണെങ്കിൽ
പോലും ആ തിരസ്കാരം അസഹിഷ്ണുതയോടുകൂടിയാകാൻ പാടില്ല. സ്ത്രീപുരുഷന്മാർ പരസ്പരം ബഹുമാനാതിരേകത്തോടെയാകണം
പെരുമാറുവാൻ എന്ന് കാളിദാസൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട് -
“ഭവന്തി സാമ്യേപി നിവിഷ്ടചേതസാം
വപുർവശേഷേഷ്യതിഗൗരവാ: ക്രിയാ:”
ബ്രഹ്മനിഷ്oമായ
മനസ്സോടു കൂടിയ ആളുകൾ,തങ്ങളുടെതിൽ നിന്ന് ഭിന്നമായ
ശരീരപ്രകൃതിയോട് കൂടിയ ആളുകളോട് കൂടുതൽ ബഹുമാനത്തോടെ പ്രവർത്തിക്കുന്നു എന്നാണ് ഈ
ശ്ലോകാദ്ധർത്തിന്റെ താത്പര്യാർത്ഥം. ജീവികളുടെ ശരീരം സ്ത്രീപ്രകൃതികമായും
പുരുഷപ്രകൃതികമായും ഭിന്നപ്രകൃതികമായും ഉണ്ട്. (ലിംഗമെന്ന പദം വ്യാകരണപരമായി
ശരിയാണെങ്കിലും, ലോകവ്യവഹാരത്തിൽ പ്രകൃതിയെന്ന പദമായിരിക്കും
കൂടുതൽ ശരി എന്ന് തോന്നുന്നു.) അതിൽ ഒരേ പ്രകൃതിയിലുള്ള ആളുകൾ തമ്മിൽ
പെരുമാറുന്നതിനേക്കാൾ കൂടുതൽ ബഹുമാനം തങ്ങളുടെതിൽ നിന്ന് വ്യത്യസ്തമായ
പ്രകൃതിയിലുള്ള ആളുകളോട് കാണിക്കേണ്ടതുണ്ട്. ഒരു പുരുഷൻ മറ്റൊരു പുരുഷനോട്
പെരുമാറുന്നതിനെക്കാൾ കൂടുതൽ ബഹുമാനത്തോടെ വേണം സ്ത്രീകളോടും ഭിന്ന പ്രകൃതികൾ
ആയിട്ടുള്ളവരോടും (transgender) പെരുമാറുവാൻ. അപ്രകാരം തന്നെ
മറ്റു രണ്ടു കൂട്ടരും. ആത്മാവിന്ന് സ്ത്രീപുംനപുംസക ഭേദങ്ങളില്ല; ആത്മാവ് ഒന്നു തന്നെയാണ്; അതിനാൽ ആത്മാംശത്തിൽ
ആർക്കുംവ്യത്യാസമില്ല. വ്യത്യാസമുള്ളത് ശരീരത്തിൻ്റെ പ്രകൃതിയിൽ മാത്രം —
പുരുഷപ്രകൃതിയും സ്ത്രീപ്രകൃതിയും രണ്ടിൽ നിന്നും ഭിന്നപ്രകൃതിയുമായി
ശരീരങ്ങളുണ്ട്.
അപ്പോൾ ശ്രീരാമൻ ഇവിടെ
എങ്ങനെയാണ് ശൂർപ്പണഖയോട് പെരുമാറേണ്ടിയിരുന്നതെന്ന ചോദ്യം അവശേഷിക്കുന്നു.
ശൂർപ്പണഖയോട് പെരുമാറേണ്ടിയിരുന്നത് വളരെ ബഹുമാനത്തോടുകൂടിയാണ്. പക്ഷേ ഇവിടെ അവൾ ഒരു സാധാരണ സ്ത്രീയല്ല, അവൾ “ശൂർപ്പനഖി”യാണ് — ശൂർപ്പം പോലെ
നഖങ്ങളോടുകൂടിയവളാണ്. ഈ ഒരൊറ്റ പ്രയോഗത്താൽ തന്നെ അവളിലെ രാക്ഷസീയ ഭാവവും
അതിനാൽത്തന്നെ അവൾ ഹേയയാണെന്ന വസ്തുതയും മേല്പുത്തൂർ സൃഷ്ടമാക്കുന്നു. കേവലം
വികാരപരമാണ് അവളുടെ സമീപനം. ശ്രീരാമൻ സീതയെ വീര്യ ശുല്കയായാണ്
സ്വീകരിച്ചിട്ടുള്ളത്. ശുല്കം, വിവാഹം നടക്കുന്ന സമയത്തു വരൻ
വധുവിൻ്റെ അച്ഛന്നു നൽകുന്ന ധനമോ വസ്തുവകകളോ മറ്റെന്തെങ്കിലും വ്യവസ്ഥകളോ ആകാം.
അതിന്ന് പൂർണ്ണമായ അവകാശം വധുവിന്നാണ്. അപ്പോൾ സീതക്കു ശുല്കമായി നൽകിയ വീര്യം
മറ്റൊരു സ്ത്രീയുടെ വികാരപ്രശമനത്തിന്നായി വിനിയോഗിക്കുവാൻ പാടില്ലാത്തതാണ്. വിവാഹ
സമയത്ത് അങ്ങനെ ഒരു ശുല്കം ഉടമ്പടി ചെയ്തിട്ടില്ലാത്ത ലക്ഷ്മണന്നു വേണമെങ്കിൽ
ശൂർപണഖയെ സ്വീകരിക്കാം എന്നതിനാലാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമൻ അവളെ
ലക്ഷ്മണസമീപത്തേക്കയക്കുന്നത്.
ലക്ഷ്മണൻ ആണെങ്കിൽ തന്റെ
സഹോദരനെ അനുകരിച്ചുകൊണ്ട് പൂർണമായും ബ്രഹ്മചര്യം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ
ഊർമ്മിളയല്ലാതെ മറ്റൊരു സ്ത്രീയെ തനിക്ക് ഇഷ്ടപ്പെടുവാൻ കഴിയുകയില്ല എന്ന ആ
പുരുഷോത്തമൻ്റെ നിലപാടും അത്യന്തം ശ്ലാഘനീയം തന്നെ. ശൂർപ്പണഖയ്ക്കാണെങ്കിൽ
രാമനെത്തന്നെ വേണമെന്നില്ല, ലക്ഷ്മണനെ ലഭിച്ചാലും മതി; കാരണം അവളുടെ ലക്ഷ്യം തന്റെ
കാമപൂരണം മാത്രമാണല്ലോ! അത് നടക്കില്ലെന്ന് വന്നപ്പോൾ അവൾ ക്രോധപരപശയായി
“കാമാത് ക്രോധോ അഭിജായതേ” എന്ന ഗീതാവാക്യം ഇവിടെ സുസംഗതമായിരിക്കുന്നു. അവളുടെ ക്രോധപരവശമായ പരാക്രമങ്ങൾ ഏറി വന്ന
അവസ്ഥയിലാണ് ലക്ഷ്മണൻ അവളുടെ കർണ്ണനാസകൾ വിച്ഛേദിച്ചത്. വാല്മീകി രാമായണം
അനുസരിച്ച് ലക്ഷ്മണൻ ശുർപ്പണഖയുടെ ചെവിയും മൂക്കുമാണ് വിച്ഛേദിക്കുന്നത്. കാരണം,
വാല്മീകി ശരിയായ ഒരു ദാർശനികന്റെ നിലയിൽ നിന്നാണ് രാമായണം
രചിച്ചിട്ടുള്ളത്. സ്ത്രീയുടെ സ്വത്വമായ സ്തനകേശങ്ങൾ സ്പർശിക്കുവാൻ ഒരു രാജാവിനും
അധികാരമില്ല. അതുകൊണ്ടാണ് വാല്മീകി കൃത്യമായി “കർണ്ണനാസേ ചിച്ഛേദ”എന്ന്
എഴുതിയിരിക്കുന്നത്. ഈ ദർശനം ഉൾക്കൊള്ളാത്ത മറ്റു രാമായണങ്ങളെ ആശ്രയിച്ചും ഒരു
പരിധി വരെ പ്രാസഭംഗി നോക്കിയുമായിരിക്കണം എഴുത്തച്ഛൻ മൂക്കും മുലയും വിച്ഛേദിച്ചു
എന്ന് എഴുതിയിരിക്കുന്നത്. ഇത് ഒരു ചക്രവർത്തിക്കു ചേർന്നതല്ല. സ്ത്രീയെ
വധിക്കുന്നതും ന്യായമല്ല. അതുകൊണ്ട് ആക്രമണോന്മുഖയായ അവളെ കർണ്ണവും നാസികയും ഛേദിച്ച്
മടക്കി അയക്കുക എന്നുള്ള പ്രായോഗിക ബുദ്ധിയാണ് ശ്രീരാമചന്ദ്രൻ ലക്ഷ്മണനിലൂടെ അവിടെ
പ്രയോഗിച്ചത്.
ഇങ്ങനെ നാരായണീയത്തിന്റെ ഓരോ ഭാഗവും ശ്രദ്ധിക്കുന്നതായാൽ, നാരായണ ഭട്ടതിരി ഭാഗവതകഥയെ
അതിസംക്ഷിപ്തമായി നാരായണീയത്തിൽ പ്രതിപാദിക്കുമ്പോഴും, തന്റെ
വ്യാകരണാവബോധത്തിൻ്റെയും ഇതര ശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിന്റെയും
നർമ്മബോധത്തിന്റെയും ബലത്തിൽ അതിവിപുലമായ ഒരു ആശയ പ്രപഞ്ചം തന്നെ നമ്മുടെ മുൻപിൽ
തുറന്നു കാട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ചിന്തിക്കുന്ന
പക്ഷം, ശ്രദ്ധാപൂർവ്വം പാരായണം ചെയ്യുന്നവർക്ക് ആയുസ്സും
ആരോഗ്യവും സൗഖ്യവും നൽകുവാൻ പര്യാപ്തമായതു തന്നെയാണ് നാരായണ ഭട്ടപാദർ സാക്ഷാത്
ശ്രീനാരായണനെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയിരിക്കുന്ന നാരായണീയം എന്ന്
മനസ്സിലാക്കാൻ സാധിക്കും.
പതിനെണ്ണായിരത്തിൽ പരം ശ്ലോകങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥം, അതിന്റെ സാരാംശം വിട്ടുപോകാതെ
ആയിരത്തിൽ പരം ശ്ലോകങ്ങളിലേക്ക് സംക്ഷേപിച്ച് എഴുതുക എന്ന അതിക്ലേശകരമായ ഒരു
പ്രവൃത്തി ചെയ്ത മേല്പുത്തൂർ, ഒരുപക്ഷേ
പതിനെണ്ണായിരത്തിലുമധികം ശ്ലോകങ്ങളിൽ വർണ്ണിച്ച് തീർക്കാൻ പറ്റാത്ത വിധമുള്ള
ആശയപ്രപഞ്ചം ഉൾക്കൊള്ളും വിധമാണ് തന്റെ ഭാഷയെ ഈ മഹത്തായ പ്രവൃത്തിക്ക്
പാകപ്പെടുത്തിയെടുത്തത് എന്ന വസ്തുത അനുവാചകന്റെ മനസ്സിൽ വിസ്മയത്തിൻ്റെയും
ഭക്തിയുടെയും അമൃതവർഷം പൊഴിക്കാതിരിക്കുകയില്ല. നാരായണ ഭട്ടതിരിയുടെ ആ
പ്രതിഭാവിലാസത്തിന് മുന്നിൽ നാം നമ്രശിരസ്കരാവുക;
ശുഭം ഭൂയാത്.
(ഡോ സുകുമാർ കാനഡയുടെ ഭാഷാനാരായണീയം പാരായണയജ്ഞം
സമാപിച്ചതിനോടനുബന്ധിച്ച് നടത്തിയ ഡോ ഫ്രാൻസിസ് നടത്തിയ പ്രഭാഷണത്തിൽ നിന്ന് സംഗ്രഹിച്ചത്–
ഡോ ഫ്രാൻസിസ്: 91 80782 89702;
ഡോ സുകുമാർ കാനഡ 1 7787072719)

No comments:
Post a Comment