ഭൂട്ടാനിലെ
ടൈഗേഴ്സ് നെസ്റ്റ് - തക്ത്സാങ് ബുദ്ധവിഹാരം
ലേഖനവും
ചിത്രങ്ങളും: ഡോ. സുകുമാർ കാനഡ

തക്ത്സാങ് ബുദ്ധവിഹാരം
ഭൂട്ടാനിലെ
ടൈഗേഴ്സ് നെസ്റ്റ് പോലെ സാഹസികതയും, ആത്മീയതയും, അത്ഭുതവും ഒരുപോലെ സമന്വയിക്കുന്ന ഇടങ്ങൾ നമ്മുടെയീ ഭൂമിയിൽ
അധികം ഉണ്ടെന്ന് തോന്നുന്നില്ല. പാറോ താഴ്‌വരയ്ക്ക് മുകളിൽ കുത്തനെയുള്ള ഒരു
മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്നപോലെ അത്യത്ഭുതകരമായി നിലകൊള്ളുന്ന പ്രസിദ്ധമായ ഈ
മൊണാസ്ട്രിയിലേക്കുള്ള അഞ്ച് മണിക്കൂർ കയറ്റം ഓരോ ചുവടുവയ്പ്പിലും നമുക്ക്
നല്കുന്നത് ശുദ്ധമായ വിസ്മയത്തിന്റെയും ക്ഷമയുടെയും, കാഴ്ചപ്പാടിന്റെയും, പാഠങ്ങൾ തന്നെയാണ്.
സമുദ്രനിരപ്പിൽനിന്ന്
ഏതാണ്ട് മൂവായിരം മീറ്റർ ഉയരത്തിൽ ഉള്ള തക്ത്സാങ്
മൊണാസ്ട്രി ബുദ്ധിസ്റ്റ് ശിൽപ്പകലയുടെ കേദാരമായ ഒരു കെട്ടിടസമുച്ചയമെന്നതിനുപരി
ആകാശംമുട്ടേ ഉയർന്നു നിൽക്കുന്ന ഒരു ദൃശ്യവിസ്മയം തന്നെയാണ്. പതിനേഴാം
നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു കരിങ്കൽപ്പാറയിലെ ഗുഹയ്ക്ക് ചുറ്റുമായി നിർമ്മിച്ച ഈ
ബുദ്ധവിഹാരം ഭക്തിവിശ്വാസങ്ങളുടെയും പുരാതനമായ എഞ്ചിനീയറിംഗ് വൈഭവത്തിന്റെയും ഉദാഹരണമായി
നിലകൊള്ളുന്നു.
ബുദ്ധമതവിശ്വാസികളുടെ
ഐതിഹ്യം അനുസരിച്ച്, ഭരതീയനായ എട്ടാം
നൂറ്റാണ്ടിലെ ബുദ്ധസന്യാസി ഗുരു പദ്മസംഭവൻ (ഗുരു റിൻപോച്ചെ) തന്റെ ശിഷ്യന്മാരിൽ
ഒരാൾ രൂപം മാറി ഒരു പെൺകടുവയായപ്പോൾ അതിന്റെ പുറത്ത് കയറി വനത്തിലൂടെ മലകയറി ഇവിടെയെത്തിയെന്ന്
പറയപ്പെടുന്നു. അദ്ദേഹം മൂന്ന് വർഷവും, മൂന്ന് മാസവും, മൂന്ന് ദിവസവും, മൂന്ന് മണിക്കൂറും ഇവിടെയിരുന്നു ധ്യാനിച്ചു, അതോടെ ഈ ഗുഹ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിൽ
ഒന്നായി മാറി. ഇന്ന് തക്ത്സാങ് ഒരു മൊണാസ്ട്രി മാത്രമല്ല - അത് ഭൂട്ടാന്റെ ആത്മീയ
ഹൃദയം തന്നെയാണ്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഏറ്റവും പ്രശസ്തമായ,
ചരിത്രപ്രധാനമായ ചിഹ്നവുമാണ്.
താഴ്‌വരയ്ക്ക്
മുകളിലെ പ്രഭാതകിരണങ്ങളെ പിന്തുടർന്ന് ഞങ്ങൾ രാവിലെ അഞ്ചരമണിക്ക് തന്നെ പാറോയിൽ
നിന്ന് യാത്ര തിരിച്ചു. അന്തരീക്ഷം തണുപ്പുള്ളതായിരുന്നുവെങ്കിലും ഏറെ ദൂരം നടന്നു
കയാറാനുള്ളതുകൊണ്ട് അധികം കട്ടിയുള്ള കമ്പിളിവസ്ത്രങ്ങൾ ഞങ്ങൾ കരുതിയിരുന്നില്ല. താഴ്‌വരയിലെ
ബുദ്ധവിഹാരത്തിൽനിന്നുള്ള മണിനാദങ്ങളും ഇടയ്ക്ക് കേൾക്കുന്ന കിളിനാദങ്ങളും ഒഴികെ അവിടമാകെ ശാന്തമായിരുന്നു. ഞങ്ങളുടെ ഗൈഡ്
സൗമ്യമായി ഓർമ്മിപ്പിച്ചു: “ഇവിടത്തെ കാലാവസ്ഥ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ
മാറിമറയും. അതുകൊണ്ട് വെയിലുള്ളപ്പോൾ അത് നന്നായി ആസ്വദിക്കുക. മഴയ്ക്ക് നല്ല
സാധ്യതയുണ്ട്. ഞാൻ നിങ്ങൾക്കുവേണ്ട കുടകൾ കയ്യിലെടുക്കാം.”
താഴെ നിന്ന്
ഞങ്ങൾ ഓരോരുത്തരും മരത്തിന്റെ ഊന്നുവടികൾ നൂറു രൂപവീതം വാടകയ്ക്ക് എടുത്തു. കയറ്റത്തിന്റെ പകുതി വഴി വരെ വേണമെങ്കിൽ
കുതിരകളെയും കുതിരക്കാരെയും കിട്ടും. എങ്കിലും ഞങ്ങൾ വടികുത്തി നടക്കാൻ തന്നെ തീരുമാനിച്ചു.
പകുതി ദൂരവും കയറ്റവും കഴിഞ്ഞിട്ടാണ് കൂടുതൽ ചെങ്കുത്തായ കയറ്റം. അതിനപ്പുറം
കുതിരയയ്ക്ക് ഭാരം കേറ്റി പോകനാകില്ല. ഇടയ്ക്കിടയ്ക്ക്
നിറപ്പകിട്ടാർന്ന പ്രാർത്ഥനക്കൊടികൾ തൂങ്ങിക്കിടക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ
വനത്തിലൂടെ ഒരു ചെറിയ കയറ്റത്തോടെയാണ് മുകളിലേക്കുള്ള വഴി ആരംഭിച്ചത്. താമസിയാതെ വഴി
കുത്തനെയുള്ളതായി. പാറകളും, വേരുകളും, കാട്ടുവഴിയിലെ ചെറിയ വെള്ളക്കെട്ടുകളും കടന്നു ഞങ്ങൾ
ട്രെക്കിംഗ് തുടർന്നു. ഇടയ്ക്കിടയ്ക്ക് ചിലപ്പോൾ ശ്വാസമെടുക്കാൻ നിന്നുനിന്നാണ്
ഞങ്ങൾ കയറ്റം കയറിയത്. പക്ഷേ ഗൈഡിന്റെ നിർദ്ദേശപ്രകാരം ഒരിക്കലും ഇരുന്നു
വിശ്രമിച്ചില്ല.
ഏകദേശം രണ്ട്
മണിക്കൂർ നടന്നശേഷം, കാട്ടുപാത ഒരു ചെറിയ
ടീ ഹൗസിലേക്കും കാഴ്ച പോയിന്റിലേക്കും എത്തിച്ചേർന്നു. അവിടെ കാപ്പിയും ബട്ടർ
ടീയും ബിസ്ക്കറ്റും കിട്ടും. ഞങ്ങൾ ഹോട്ടലിൽ നിന്നും പ്രാതൽ കൊണ്ടുവന്നിരുന്നു.
സഞ്ചാരികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു പരിചയമുള്ള ഹോട്ടൽ ജീവനക്കാർ
കുറച്ചു ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ പാക്ക് ചെയ്തിരുന്നു. ദൂരെ
താഴ്‌വരയ്ക്ക് കുറുകെ നമുക്ക് എത്തേണ്ട ബുദ്ധവിഹാരം മേഘപാളികൾകൾക്കിടയിലൂടെ മിന്നി കാണുന്നുണ്ടായിരുന്നു
— മലഞ്ചെരുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വെളുത്ത മരീചിക പോലെയത് കാണപ്പെട്ടു.
ഞങ്ങൾക്ക് കൂട്ടായി
പക്ഷികളും ഉണ്ടായിരുന്നു. മഞ്ഞക്കൊക്കൻ
നീല മേപ്പിൾ എന്ന ഈ പക്ഷി ഞങ്ങൾ ഫോട്ടോ എടുക്കുന്നതിൽ പ്രതിഷേധമുള്ളവനായിരുന്നില്ല.
ട്രെക്കിന്റെ
രണ്ടാം പകുതി കൂടുതൽ കഠിനമായിരുന്നു. വനപാത പലയിടത്തും കുത്തനെയുള്ളതായിരുന്നു. ടൈഗേഴ്സ്
നെസ്റ്റ് മൊണാസ്ട്രിയുടെ ആദ്യത്തെ വ്യക്തമായ കാഴ്ച നമ്മുടെ ദൃഷ്ടിപരിധിയിൽ
വരുന്നതിന് മുൻപ് പാത വീണ്ടും താഴ്ന്നുയർന്ന് മരങ്ങൾ നിറഞ്ഞ ചരിവുകളിലൂടെ വളഞ്ഞുതിരിഞ്ഞുപോയിരുന്നു.
ഒരു
വെള്ളച്ചാട്ടത്തിനരികിലുള്ള മലയിടുക്കിന് കുറുകെ ഒരു ഇടുങ്ങിയ കൽപാതയും പാലവും
ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിൽ നിന്നും തെറിക്കുന്ന വെള്ളം ഞങ്ങളുടെ മുഖങ്ങളെ
തണുപ്പിച്ച് ക്ഷീണമകറ്റി മലകയറ്റത്തിന്റെ അവസാന ഘട്ടത്തിനായി ഞങ്ങളെ
ഉത്തേജിപ്പിക്കുകതന്നെ ചെയ്തു. ചെരിഞ്ഞു കയറിപ്പോകുന്ന മലയിലേക്ക് കൊത്തിയെടുത്ത
നൂറുകണക്കിന് പടികൾ, വീണ്ടും മുകളിലേക്ക് നമ്മെ
നയിക്കുന്നു.
ഒടുവിൽ, മണിക്കൂറുകളോളം കയറിയും ഇറങ്ങിയും നടന്നശേഷം ബുദ്ധവിഹാരം
ഞങ്ങൾക്ക് മുന്നിൽ കാണായി — ഭൂമിക്കും ആകാശത്തിനും ഇടയിൽ തൂങ്ങിക്കിടക്കുന്നതുപോലെ
മലഞ്ചെരുവിന്റെ അറ്റത്ത് അവിശ്വസനീയമാംവിധം ആ വിശാലമായ കെട്ടിട സമുച്ചയം സ്ഥിതി
ചെയ്യുന്നു. ബുദ്ധവിഹാരത്തിന്റെയും ക്ഷേത്രങ്ങളുടെയും ഉള്ളിൽ ക്യാമറകൾക്ക്
വിലക്കുണ്ടായിരുന്നത് ആദ്യം ഞങ്ങളെ നിരാശപ്പെടുത്തിയെങ്കിലും, ഫോട്ടോയെടുക്കുന്നവരുടെ ശല്യമില്ലാതെ കൂടുതൽ ആഴത്തിലുള്ള, ആത്മീയ അനുഭവം ഉണ്ടായിയെന്നതാണ് സത്യം. ഞങ്ങൾ ക്ഷേത്രസമുച്ചയത്തിലെ
തണുത്ത കൽത്തളങ്ങളിലേക്ക് ചെരിപ്പില്ലാതെ പ്രവേശിച്ചു. ഞങ്ങളുടെ തേജസ്സുറ്റ യുവഗൈഡ് ലോബ്സാങ് ഞങ്ങളെ ഒരോ
ക്ഷേത്രങ്ങളിലേയ്ക്കും കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ ഒരോ കാഴ്ചകളും
വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ ശാന്തമായ നനുത്ത ശബ്ദം ബുദ്ധസന്യാസിമാരുടെ
മന്ത്രോച്ചാരണത്തിൽ ലയിച്ചു ചേർന്നപോലെ തോന്നി.
അവിടെയുള്ള ഏഴ്
ക്ഷേത്രങ്ങൾക്കുള്ളിലെയും വായു തണുത്ത് സുഗന്ധപൂരിതമായിരുന്നു, അന്തരീക്ഷത്തിൽ ഭക്തി നിറഞ്ഞിരുന്നു. ഞങ്ങളുടെ ഗൈഡ് ഓരോ ബുദ്ധ അവതാരകഥകളും വിവരിച്ചപ്പോൾ, ഓരോ ശ്രീകോവിലിന്റെയും പവിത്രമായ പ്രാധാന്യം ഞങ്ങൾക്ക്
മുന്നിൽ അനാവൃതമായി. വിശാലമായ പാറയുടെ ഗുഹകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന
ക്ഷേത്രങ്ങളിൽ ബുദ്ധ സന്യാസിമാരുടെ സങ്കീർണ്ണമായ ശിൽപ്പങ്ങൾ ഉണ്ടായിരുന്നു — ഗൗതമ
ബുദ്ധൻ, ഗുരു പദ്മസംഭവൻ, ഡ്രുക്പ കുൻലി എന്ന "ദിവ്യനായ ഭ്രാന്തൻ സന്യാസി", തുടങ്ങി മറ്റ് പലരും ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുന്നു.
അവയ്ക്ക് ചുറ്റും, ദേവന്മാരുടെയും, ദേവതകളുടെയും, രക്ഷാധികാരികളുടെയും ഒരു സംഘം മനുഷ്യജീവിത ചക്രങ്ങളെ നിരീക്ഷിച്ചു
നിലകൊള്ളുന്നു. അവരുടെ സാന്നിധ്യം ഭക്തരെ അവരവരുടെ നിലയ്ക്ക് അനുസൃതമായ ജീവിതയാത്രയെ
ശാന്തമായി നയിക്കുന്നു.
ഒരു
ശില്പിയുടെ വിസ്മയം
നാല്പത്
വർഷത്തെ അനുഭവപരിചയമുള്ള ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ, ഞാൻ നിശബ്ദമായ വിസ്മയത്തോടെ അവിടെ നിന്നു. നൂറ്റാണ്ടുകൾക്ക്
മുമ്പ് — ആധുനിക യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ, ഒരു കുത്തനെയുള്ള പാറയുടെ ചെരുവോരത്ത് പറ്റിപ്പിടിപ്പിച്ച് ഇത്രയും മഹത്തായ ഒരു കെട്ടിട സമുച്ചയം എങ്ങനെ ആങ്കർ ചെയ്ത് നിർമ്മിക്കപ്പെട്ടു? കെട്ടിടത്തിന്റെ ഓരോ തൂണും ഭിത്തിയും പാറയിൽ മാത്രമല്ല, വിശ്വാസത്തിൽ ഉറപ്പിച്ചതുപോലെയാണ് തോന്നിയത്. ഒരു വലിയ
പാറക്കഷ്ണം പ്രധാന കെട്ടിടങ്ങളിൽ രണ്ടെണ്ണത്തെ ബന്ധിപ്പിക്കുന്നു; അത് കെട്ടിടനിർമ്മാണത്തിന്റെ
ഭാഗമായിരുന്നോ അതോ പ്രകൃതിയുടെ സംഭാവനയായിരുന്നോ എന്നത് ഉറപ്പില്ല. മേൽക്കൂരകളിൽ മരം
കൊണ്ടുള്ള എല്ലാ സന്ധികളും പരമ്പരാഗത ചൈനീസ് അല്ലെങ്കിൽ പഗോഡ ശൈലിയിലാണ്
നിർമ്മിച്ചിരിക്കുന്നത്, മോർട്ടൈസ്-ആൻഡ്-ടെനോൺ
ഫിറ്റിംഗുകളും സങ്കീർണ്ണമായ ഡൗഗോങ് ഇന്റർലോക്കിംഗ്
ബ്രാക്കറ്റുകളുംഉപയോഗിച്ചിരിക്കുന്നു. പൊതുവേ ജോയിന്റ്കളിൽ ആണികളുടെ ആവശ്യം
ഇല്ലാതാക്കുന്ന, കരുത്തും സൗന്ദര്യവും ഉറപ്പാക്കുന്ന അതീവ നിർമ്മാണകുശലതയാർന്ന ഡിസൈൻ
നമ്മെ അത്ഭുതപ്പെടുത്തും.
ഞങ്ങൾ
താഴേക്കുള്ള മടക്കയാത്ര ആരംഭിച്ചപ്പോൾ, മേഘങ്ങൾ വീണ്ടും ഒത്തുകൂടി, ടൈഗേഴ്സ്
നെസ്റ്റിനെ കാഴ്ചയിൽ നിന്ന് കുറച്ചുനേരം മറച്ചുവച്ചു. സന്യാസിമാരുടെ
മന്ത്രോച്ചാരണം താഴ്‌വരയിലൂടെ നേർത്ത ശബ്ദത്തിൽ പ്രതിധ്വനിച്ചു കേട്ടു. പിന്നീട്
അത് മാഞ്ഞുപോയിയെങ്കിലും എങ്ങനെയോ അത് ശാശ്വതമായി നിലകൊളളുന്നതുപോലെ
അന്തരീക്ഷത്തിൽ തങ്ങിനിന്നു. ഏതാണ്ട് ഒൻപത് മണിക്കൂർ നീണ്ടുനിന്ന ട്രെക്കിംഗ്
ഞങ്ങളുടെ കാലുകളെ ഭാരമുള്ളതാക്കിയെങ്കിലും ഞങ്ങളുടെ മനസ്സ് അപ്പോഴേക്കും ലഘുവായിരുന്നു. ഭൂട്ടാനിൽ, മലകയറ്റം പോലും ഒരു ധ്യാനം പോലെ തോന്നുന്നു; അതേ, നിങ്ങളെ
നിശബ്ദമായി ഉള്ളിന്റെയുള്ളിലേയ്ക്ക് ആനയിക്കുന്ന ഒരു യാത്രതന്നെയാണത്.
ഞങ്ങൾ
താഴേക്ക് വരുമ്പോൾ, ടൈഗേഴ്സ് നെസ്റ്റ്
പതുക്കെ മേഘങ്ങളിലേക്ക് വിലയിച്ചുപോയി, നിശബ്ദതയിലേക്ക് പിൻവാങ്ങുന്ന ഒരു കാഴ്ച.
സന്യാസിമാരുടെ മന്ത്രോച്ചാരണത്തിന്റെ പ്രതിധ്വനി മലയിലെ വായുവിൽ തങ്ങിനിന്ന് ഓരോ ക്ഷീണിച്ച ചുവടുവയ്പ്പിനെയും അനുഗ്രഹിക്കുന്നതുപോലെ
തോന്നി. ആ മങ്ങുന്ന വെളിച്ചത്തിൽ, ഞാൻ നടന്നുകയറിയത്
ഒരു ബുദ്ധവിഹാരത്തിലേക്കണോ അതോ എന്റെ ഉള്ളിൽ, വിശ്വാസവും വിസ്മയവും ജീവിതവും
പ്രശാന്തമായി സംഗമിക്കുന്ന ആ സവിധത്തിലേക്കായിരുന്നുവോ?

യാത്രയുടെ ആരംഭം – കുറ്റിച്ചെടികൾ നിറഞ്ഞ
തുറസ്സായ ഇടം

പ്രാർത്ഥനാ പതാകകൾ വിരിച്ച കാനന പാത

പ്രാർത്ഥനാ ചക്രങ്ങൾ ഉള്ള വിശ്രമകേന്ദ്രം

മഞ്ഞക്കൊക്കൻ നീല മേപ്പിൾ പക്ഷി
ബുദ്ധവിഹാരം - വഴിയിൽ നിന്നുള്ള കാഴ്ച്ച

ബുദ്ധവിഹാരത്തിന്റെ പടികൾ കയറും മുൻപ് ദേവതാപ്രതിഷ്ഠ

നീണ്ടു നീണ്ടു പോകുന്ന ആയിരത്തിൽപ്പരം കൽപ്പടികൾ

അവസാനത്തെ 700 ഓളം കൽപ്പടികൾക്കു മുന്പുള്ള
വെള്ളച്ചാട്ടം

മോർട്ടൈസ്-ആൻഡ്-ടെനോൺ ഫിറ്റിംഗുകളും
സങ്കീർണ്ണമായ ഡൗഗോങ് ഇന്റർലോക്കിംഗ് ബ്രാക്കറ്റുകളും

ടൈഗേഴ്സ് നെസ്റ്റ് - തക്ത്സാങ് ബുദ്ധവിഹാരം
– ഒരു ശിൽപ്പകലാ വിസ്മയം

ബുദ്ധവിഹാരം കണ്ടു മടങ്ങും മുന്പ് ഒരു സെൽഫി.
No comments:
Post a Comment