Wednesday, January 24, 2024

നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ

നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ

ഡോ. സുകുമാർ കാനഡ

 

കാണുന്നൂ ഞാൻ കൃഷ്ണശിലയിൽ

അഭൌമസുന്ദരം അപ്രമേയനാം

ആത്മാരാമ പ്രോജ്വല പ്രഭാപൂരം!

സുവർണ്ണാഭ തിങ്ങിത്തിളങ്ങും

തേജ:പുഞ്ഛം കമനീയമാം

ദിവ്യബാലകരൂപം മനോമോഹനം

 

"അനിദം ചൈതന്യ"1 മിതറിയുന്നു

ഞാൻ ആചാര്യ വാക്യത്തിലൂടെ,

എങ്കിലും ചക്ഷുരുന്മീലനം ചെയ്തതാം

മുഖകമലം ദർശിക്കുമ്പോൾ

ചൈതന്യ സഫുരണമെന്നിലുമേതിലും

നിറഞ്ഞനുഭവിക്കുന്നൂ ഞാൻ

സ്വയം ചൈതന്യമായിത്തന്നെ.

 

കായാമ്പൂക്കളെ, മഴമേഘങ്ങളെ,

വെല്ലുന്ന സൌന്ദര്യപൂരം നീയേ!.

ശങ്കയന്യേ ലക്ഷ്മീദേവിയെന്നും

മുദാ രമിക്കുന്നു നിന്റെ ഗേഹേ.

കുതിരുന്നൂ അമൃതധാരയിൽ

ധ്യാനനിമഗ്നം ഭക്തഹൃദയമാകേ.

സുകൃതിജനക്കൺകൾക്കു ഭഗവൻ,

പൂർണ്ണപുണ്യാവതാരം, നീയേ!.

രൂപരഹിതം, നിതാന്തം, സമസ്തം

പരബ്രഹ്മതത്വസ്വരൂപം, നീയേ! 2

  

ധ്യാനിക്കുന്നൂ ഞാനെന്നുള്ളിലെന്നും

പൊൽക്കിരീടം ചൂടിസൂര്യതേജസ്സു  

തോൽക്കും തിളക്കമോടെ

നിറവാർന്ന ഭഗവദ് സ്വരൂപത്തെ.

ഗോപിക്കുറിയണിഞ്ഞ നെറ്റിയോടെ,

കരുണാർദ്ര കടാക്ഷമോടെ,

പുഞ്ചിരിപ്രഭ തൂകും മുഖത്തോടെ,

സുന്ദരതരമാം നാസികയോടെ,

സുവർണ്ണമകരകുണ്ഡലങ്ങൾ

തിളക്കമേറ്റും കവിൾത്തടങ്ങളോടെ,

കൌസ്തുഭരത്നം തിളങ്ങും കഴുത്തോടെ,

വനമാലകൾമുത്തുകളിവ ചാർത്തിയ 

മാറിടത്തിൽ ശ്രീവൽസമഴകിൽ

വിളങ്ങുന്ന മൂർത്തിയെ. 3

 

കേയൂരംഅംഗദംകങ്കണമിത്യാദികൾ,

തോൾവളയുംകൈവളകളുമായ് 

കമനീയമായണിഞ്ഞുംഅംഗുലികളിൽ

രത്നമോതിരങ്ങൾ ധരിച്ചും

കൈകൾ നാലിലുമോരോന്നിലും

ശംഖചക്രഗദാപങ്കജങ്ങൾ പിടിച്ചും

സ്വർണ്ണാരഞ്ഞാണ,മരയിൽക്കെട്ടിയും

മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്തും

ചെന്താമരപ്പൂവിന്നഴകു തോൽക്കും

പാദകമലങ്ങളുമായ്പ്രോജജ്വലം

അനിർവചനീയമാ തത്വസ്വരൂപമൂർത്തി 4

 

മഹതാം വസ്തുക്കളിലേറ്റം മഹത്തരം

മൂന്നുലോകത്തിലും ഏറ്റവും മനോമോഹനം,
മാധുര്യമുള്ളവകളിൽ വച്ചു മധുരതരം

സുന്ദരവസ്തുക്കളിലേറ്റമതിസുന്ദരം

അത്യത്ഭുതങ്ങളിൽ വച്ചേറ്റവും അത്യത്ഭുതം

ഹാ! വിശ്വം നിറഞ്ഞു നിതരാം വിളങ്ങും

ഭഗവദ്സ്വരൂപമൂർത്തിയിൽ,

ദിവ്യതയിലാകൃഷ്ടവശ്യരാവാത്ത-

വരായിട്ടാരുണ്ടാവും വിഭോ ! 5

 

യോഗീന്ദ്രൻമാർക്കേറ്റമാനന്ദരസമേകുന്നൂ

ഭഗവദംഗങ്ങളിൽ വച്ചങ്ങേ തൃക്കാലടിദ്വയം

അവർക്കാ പാദങ്ങൾതന്നെ നിത്യധ്യാനസ്വരൂപം.  

സംസാരത്തിൽനിന്നു മുക്തരായ്  സായൂജ്യമാർന്ന

ഭാഗ്യശാലികൾക്കവ തന്നെ സ്വന്തം ഗൃഹം.  

ഭക്തർക്കായ് അഭീഷ്ടങ്ങൾ അളവില്ലാതെ പൊഴിക്കും

കൽപ്പവൃക്ഷത്തളിരുകളാണാ ചരണകമലങ്ങൾ. 6

 

കാണുന്നൂ ഞാൻ കൃഷ്ണശിലയിൽ

അഭൌമസുന്ദരം അപ്രമേയനാം

ആത്മാരാമ പ്രോജ്വല പ്രഭാപൂരം!

സുവർണ്ണാഭ തിങ്ങിത്തിളങ്ങും

തേജ:പുഞ്ഛം കമനീയമാം

ദിവ്യബാലകരൂപം മനോമോഹനം

 

-------------------------------------------------

1       ‘ഇത്’ എന്ന് പറയാവുന്ന വസ്തുവല്ല ചൈതന്യം - ആദി ശങ്കരാചാര്യർ

2      നാരായണീയം 1.6. തത്തേ പ്രത്യഗ്രധാരാ....

3      നാരായണീയം 2.1. സൂര്യസ്പർദ്ധികിരീട..

4     നാരായണീയം 2.2. കേയൂരാംഗദകങ്കണ...

5      നാരായണീയം 2.3. യദ് ത്രൈലോക്യമഹീയസോ

6      നാരായണീയം 100.10.  യോഗീന്ദ്രാണാം....

No comments:

Post a Comment