ബ്ലൊഗ്ഗൈന് വില്ല. ഇതില് പലതും വരും.. പോകും ബോഗ്ഗൈയിന്വില്ല പൂക്കുംപോലെ ചിലപ്പോള് ആടും, തിളങ്ങും, വിവിധ നിറത്തില്
Friday, December 13, 2024
Monday, September 9, 2024
ചെറുകഥ: ജന്മഭൂമി ഓണപ്പതിപ്പ്, 2024 "ഓം മണി പത്മേ ഹും"
ചെറുകഥ: ജന്മഭൂമി ഓണപ്പതിപ്പ്, 2024
ഓം മണിപത്മേ ഹും
“ഓം മണിപത്മേ ഹും, ഓം മണിപത്മേ
ഹും” എന്ന പതിഞ്ഞ താളത്തിലുള്ള മന്ത്രജപം
കേട്ടുകൊണ്ടു കുതിരപ്പുറത്തിരുന്നു കുമാർ വർമ്മ ലേശം മയങ്ങിപ്പോയി. മയക്കം എന്ന്
പറഞ്ഞാൽ, ഉറക്കമൊന്നുമല്ല, ചെറിയൊരു
മറവിയുടെയത്രയേ ഉള്ളൂ. എന്നാൽ അതിനെപ്പറ്റി ബോധ്യമുണ്ട് താനും. കുതിരപ്പുറത്ത്
യാത്രചെയ്ത് പരിചയമില്ലാത്തതുകൊണ്ട് വലിയ പുറം വേദനയാണ്. അതും വച്ച് ഉറങ്ങാനൊന്നും
പറ്റില്ല. നല്ല കയറ്റമാണ് ഡോൾമ ലാ പാസ്സ്. കുതിരയുടെ ഓരോ കാലും പാറക്കല്ലുകളിൽ
പതിക്കുമ്പോൾ നടുവിലെ അസ്ഥികൾ നൂറുങ്ങുന്നത്പോലെ, അരക്കെട്ട് വേദനിച്ചു വിങ്ങുന്നു.
ശരീരത്തിന്റെ വേദന മറക്കാൻ പ്രകൃതി തന്നെ ചെറിയൊരു ബോധമയക്കം ചെയ്തുതന്നതാവും.
ടെൻസിൻ ഡാവ എന്ന് പേരുള്ള നല്ല
ഉശിരൻ ടിബറ്റൻ ചെറുപ്പക്കാരനാണ് കുതിരക്കാരൻ. ഏറിയാൽ ഇരുപതോ ഇരുപത്തിരണ്ടോ
വയസ്സുണ്ടാവും. കുമാറിന്റെ ബാക്ക് പായ്ക്ക് ടെൻസിൻ അവൻ്റെ പിറകിലും തോളത്തുമായി തൂക്കി
ഇട്ടിരുന്നു. അത്യാവശ്യം മരുന്നുകളും ഉണക്കിയ ആപ്പിളും ബദാമും കശുവണ്ടിപ്പരിപ്പും
അതിനുള്ളിലുണ്ട്. പാസ്പോർട്ടും കുറച്ച് ഡോളർ ഉള്ളതും ആ ബാഗിലാണ്. കുതിരയുടെ കയർ
പിടിച്ച് ടെൻസിൻ വേഗത്തിൽ മല കയറുകയാണ്. അതിനു കടിഞ്ഞാൺ എന്ന് പറയാൻ പറ്റില്ല.
കുതിര ടെൻസിൻ വരച്ച വരയിലാണ് എപ്പോഴും നടക്കുക. അതിനു കടിക്കാൻ പാകത്തിന്
പുല്ലൊന്നും ഈ വരണ്ട പാറക്കല്ലുകൾക്കിടയിൽ കാണാനുമില്ല. പിന്നെ വല്ലപ്പോഴും
കുതിരയെ നിർത്തി ടെൻസിൻ പാറകൾക്ക് മറവിലേയ്ക്ക് പോകുന്നത് കാണാം.
മൂത്രമൊഴിക്കാനാവും എന്നാണ് വിചാരിച്ചത്. ഇന്നലത്തെ ട്രെക്കിനിടയ്ക്ക് ഒരിക്കൽ കയ്യിൽ കുറച്ചു പ്രത്യേകതരം പുല്ലു
കൊണ്ടുവന്നു കാണിച്ചു അയാൾ. “ഇത് വെള്ളം തിളപ്പിച്ച് ചായയുണ്ടാക്കി കഴിച്ചാൽ വിശപ്പറിയില്ല;
പത്തുമണിക്കൂർ ഉറങ്ങാനും പറ്റും.” ടെൻസിൻ അറിയാവുന്ന മുറി ഇംഗ്ലീഷിൽ പറഞ്ഞിരുന്നു.
കുതിര അവനൊപ്പമെത്താൻ
പാടുപെടുന്നതു പോലെ അൽപ്പമൊന്നു കിതച്ചു നിന്നു. അപ്പോഴാണ് ടെൻസിൻ തിരിഞ്ഞു
നോക്കിയത്. സാബ് അതാ കുതിരപ്പുറത്തിരുന്ന് ഉറക്കം തൂങ്ങുന്നു.
“നോ നോ സാബ്, ഡേഞ്ചർ!, ഡേഞ്ചർ!”
അവൻ മുന്നറിയിപ്പ് നൽകി.
കതിരപ്പുറത്തു നിന്ന് തിരിഞ്ഞു നോക്കുമ്പോൾ
കാണുന്നത് കടന്നുവന്ന കുത്തനെയുള്ള താഴ്‌വാരമാണ്.
മുമ്പിൽ കുത്തനെ കയറ്റവും. വഴിത്താരയെന്നു
പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. പിന്നെ മുന്നിൽ നടന്നു പോയവരുടെ ബൂട്ടിന്റെ
പാടുകൾ കല്ലിന്റെ മുകളിൽ കണ്ടെങ്കിലായി, അത്ര തന്നെ. പച്ചപ്പിൻ്റെ തരിമ്പു പോലും എങ്ങും
കാണാനില്ല. പല വലിപ്പത്തിലുള്ള കല്ലുകളാണ് ചുറ്റും നിറയെ. കാൽ വച്ചാൽ ഉറയ്ക്കുമോ
എന്നുറപ്പില്ലാത്ത കല്ലുകൾ. കുതിരകൾ എങ്ങിനെയാണാവോ ഇതിലൂടെ ഭാരവും താങ്ങി
നടക്കുന്നത്.
രണ്ടു ദിവസം മുൻപാണ് ഡാർച്ചിനിൽ
എത്തിയത്. അവിടെ നിന്നും ബസ്സിൽ പുറപ്പെടുമ്പോൾ ഒരേയൊരു പ്രാർത്ഥന മാത്രമേ
ഉണ്ടായിരുന്നുള്ളു. കൈലാസപരിക്രമണം പൂർത്തിയാക്കണം. അൻപത്തിനാല് കിലോമീറ്റർ ദൂരമാണ്
കോറ പരിക്രമം. നടന്നും കുതിരയുടെ സഹായത്തോടെയും എല്ലാം ആയിക്കോള്ളട്ടെ, ജീവിതത്തിൽ ഒരുപക്ഷേ ഒരിക്കൽ മാത്രം സാധിക്കുന്ന കാര്യമാണ്.
പതിനെണ്ണായിരം അടി ഉയരത്തിൽ വരെ മല കയറി ഡോൽമാ ലാ
പാസ്സ് കയറി പോയാലേ കൈലാസനാഥനെ വലം വയ്ക്കാനാവൂ.
നേപ്പാൾ-ടിബറ്റ് ബോർഡർ കടന്നയുടനേ
ടെന്നോർ എന്നു പേരുള്ള ടിബറ്റൻ ഗൈഡിനെ കിട്ടി. അപരിചിതനായ അയാളോട് സംസാരിക്കാൻ
മടിച്ചു നിന്നപ്പോൾ അയാൾ പറഞ്ഞു.
“ഡോണ്ട് വറി സർ, എനിക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാം. ഗുജറാത്തിൽ നിന്നും
വരാറുള്ള തീർത്ഥാടകരെ കൊണ്ടുവന്ന് കുറച്ചൊക്കെ ഗുജറാത്തിയും പറയാനാവും.”
സമാധാനമായി. സാധാരണ ടിബറ്റൻ കുതിരക്കാരും
നമ്മുടെ ബാഗ് പിടിക്കുന്ന പോർട്ടർമാരും ആംഗ്യഭാഷയിലാണ് യാത്രികരുമായി സംവദിക്കുക. ഇനിയിപ്പോൾ
അതു വേണ്ടല്ലോ. ടെന്നോർ വരുന്നത് ലാസയിൽ
നിന്നാണ്. നേപ്പാൾ ടിബറ്റ് ബോർഡർ ടൌൺ രസുവ ഗഡിയിൽ നിന്നും എണ്ണൂറു
കിലോമീറ്റർ അകലെ നിന്ന് വന്ന് കൈലാസ
മാനസസരോവർ യാത്രയ്ക്ക് ആളുകളെ ഗൈഡ് ചെയ്യുന്ന പണിയാണ് ടെന്നോറിന്റേത്. നൂറു തവണയിൽ
കൂടുതൽ കൈലാസയാത്ര ചെയ്ത പരിചയമുണ്ട് ടെന്നോറിന്.
“ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള
യാത്രികർ ഇല്ലാത്തതു കൊണ്ട് തിരക്കൽപ്പം കുറവുണ്ട്.” ടെന്നോർ പറഞ്ഞു. കോവിഡ് കാലം
കഴിഞ്ഞ് ബോർഡർ തുറന്നതിൽപ്പിന്നെ ഇന്ത്യൻ പൌരന്മാർക്ക് ടിബറ്റൻ വിസ
കൊടുക്കുന്നില്ല.
ടിബറ്റിലെ കാര്യങ്ങൾ പറഞ്ഞു
വന്നപ്പോൾ അയാൾ വാചാലനായി. “ഞങ്ങളുടെ കൾച്ചറും ഭാഷയും ഇനി അധികകാലം നിലനിൽക്കുമെന്ന്
തോന്നുന്നില്ല. ചൈനീസ് ഭാഷയാണ് സൂളുകളിൽ പ്രധാനമായും പഠിപ്പിക്കുന്നത്. പേരിന്
ബുദ്ധിസ്റ്റ് മൊണാസ്ട്രികളും സ്തൂപങ്ങളുമൊക്കെ നശിപ്പിക്കാതെ വച്ചിട്ടുണ്ടന്നേയുള്ളു.
അതും ടൂറിസ്റ്റ്കൾക്കു വേണ്ടിയാണ്. നല്ല വരുമാനമാണ് ഇതിൽ നിന്നും ചൈനീസ്
ഗവർമെന്റിന് കിട്ടുന്നത്.”
ബോർഡർ
കടക്കുന്ന സമയത്ത് ടിബറ്റിലെ കാര്യങ്ങൾ ഏതാണ്ട് ഇങ്ങിനെയായിരിക്കാം എന്ന് തോന്നിയിരുന്നു. നേപ്പാളിലെ ഇമ്മിഗ്രേഷൻ
ചെക്ക് ചെയ്ത് എക്സിറ്റ് സ്റ്റാമ്പടിച്ച പാസ്പോർട്ട് വാങ്ങി ചൈനീസ് ഇമ്മിഗ്രേഷൻ
ഓഫീസിലേയ്ക്ക് പോവുമ്പോൾ കൂടെയുള്ള നേപ്പാളി ഷെർപ്പ വീർ ബഹാദൂർ പറഞ്ഞിരുന്നു.
“സാബ്, ഫോണിൽ ദലയ് ലാമയുടെ
ഫോട്ടോകൾ ഒന്നുമില്ലല്ലോ അല്ലേ? നമ്മളെ
കടത്തിവിടാതിരിക്കാൻ അതു മാത്രം മതി ഒരു കാരണം.”
ഇമ്മിഗ്രേഷൻ ഓഫീസർ
നിർവ്വികാരനായി മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ട് ഫോൺ ഓൺ ചെയ്തു കൊടുക്കാൻ
ആംഗ്യം കാണിച്ചു. പിന്നെ പത്തു മിനുട്ടോളം ഫോണിലെ ഫോട്ടോ ആൽബങ്ങൾ മറിച്ചു നോക്കി അവസാനം
ഒന്നും മിണ്ടാതെ പാസ്പോർട്ടും ഫോണും തിരികെ തരികയാണ് ചെയ്തത്.
കുതിര മൂക്ക് ചീറ്റിക്കൊണ്ട് പതുക്കെപ്പതുക്കെ മലകയറുകയാണ്. ടെൻസിൻ കയ്യിലെ മുത്തുമാലയിൽ പിടിച്ചുകൊണ്ട് മണി പദ്മേ ഹും ജപിച്ചുകൊണ്ടേയിരുന്നു. ഇടക്ക് നാലഞ്ചു യാക്കുകൾ വളരെയേറെ ഭാരമുള്ള ഭാണ്ഡക്കെട്ടുകളുമായി കല്ലുകൾക്ക് മുകളിലൂടെ വേഗത്തിൽ ചവിട്ടിക്കയറുന്നുണ്ടായിരുന്നു. ടെൻസിൻ പറഞ്ഞു. “സാബ്, ഹോൾഡ് ബാഗ് പ്ലീസ്.” അവനും കുറച്ചു തളർന്നിരുന്നു. എൻ്റെ ബാഗ് കുറച്ചു നേരം കുതിരപ്പുറത്ത് വയ്ക്കണം. അത് ഞാൻ പിടിച്ച് ഇരിക്കുകയും വേണം. ഞാൻ ഉറക്കംതൂങ്ങി താഴെ വീഴാതിരിക്കാൻ വേണ്ടിയാണോ അവനീ ജോലിയെന്നെ ഏൽപ്പിച്ചത്?
ഡാർച്ചിനിൽനിന്ന് യമദ്വാരം കടന്ന് ദെഹ്റാപുക്ക് വരെയുള്ള
ട്രെക്കിങ്ങായിരുന്നു ആദ്യ ദിവസം. പകുതി ദൂരം
കുതിരപ്പുറത്തും പിന്നെ നടന്നുമാണ് ആ എട്ടൊൻപതു മണിക്കൂറുകൾ കടന്നു പോയത്. യമദ്വാർ
കടക്കും മുൻപേ ടെന്നോർ കൂട്ടം കൂടിനിന്ന കുതിരക്കാരെയെല്ലാം നിരത്തി നിർത്തി അവരുടെ
നമ്പറും പേരും കുറിച്ച കടലാസ്സുകൾ ചുരുട്ടി ഒരു തൊപ്പിയിലിട്ട് യാത്രക്കാരോട് അതിൽ
ഒരോന്നെടുക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ തിരഞ്ഞെടുത്ത കുതിരക്കാരനാണ് ടെൻസിൻ ഡാവ.
വീർ ബഹാദൂർ ബസ്സിറങ്ങുമ്പോഴേ
പറഞ്ഞു. “സാബ് ഞാൻ
കഴിഞ്ഞ തവണ കൈലാസ യാത്രയ്ക്ക് സഹായിയായി വന്നത് ഇരുപത്തിരണ്ടു കൊല്ലം മുൻപാണ് .
അന്നിത്ര സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ലോഡ്ജിന് പകരം ടെന്റ്കളായിരുന്നു.
വഴി ഇതിലും വളരെ മോശമായിരുന്നു. പത്തിൽ മൂന്നു നാലുപേർ യാത്ര മുഴുമിപ്പിക്കാതെ
മടങ്ങുമായിരുന്നു. ചുറ്റും നടന്നു കോറ ചെയ്യാൻ ആയില്ലെങ്കിലും കൈലാസപർവ്വതം കണ്ടു
മടങ്ങുന്നതും പുണ്യം തന്നെ. ചിലർ മാനസസരോവരം കണ്ടു മടങ്ങും.”
വീർ ബഹാദൂർ സ്കൂൾ പഠനം കഴിഞ്ഞ്
പത്തു കൊല്ലത്തോളം കൈലാസയാത്രക്കാർക്ക് സഹായിയായി പോയിരുന്നു. എത്ര തവണ
കൈലാസപര്യടനം ചെയ്തിട്ടുണ്ടെന്ന് അയാൾക്ക് ഓർമ്മയില്ല. “അൻപത് അറുപത് തവണ പോയിട്ടുണ്ടാവും.”
അയാൾ പറഞ്ഞു.
ബസ്സ് യാത്രയ്ക്കിടയിൽ ഭക്ഷണം
വിളമ്പുമ്പോൾ വീർ ബഹാദൂർ തമിഴിൽ ചോദിച്ചു. "സർ ശാപ്പാട് എപ്പടിയിരിക്ക്?”
അതെങ്ങിനെ? ഈ നേപ്പാളി ഷെർപ്പയ്ക്ക് തമിഴറിയാമോ.
ഇരുപത്തിരണ്ടുകൊല്ലം മുൻപ് കൈലാസ
യാത്രയ്ക്ക് വന്ന ഒരു വർമ്മാ സാറിൻ്റെ കൂടെ മദ്രാസ്സിൽ പോയതും അവിടെയൊരു കമ്പനിയിൽ
ഗൂർഖാ സെക്യൂരിറ്റിയായി ഏറെക്കാലം കഴിഞ്ഞതും വീർ പറഞ്ഞു. തമിഴ് അത്യാവശ്യം
മനസ്സിലാവുമെങ്കിലും പറയാൻ ബുദ്ധിമുട്ടാണ്. വർമ്മാസാറിൻ്റെ
സഹായത്തിലാണ് ഇരുപതു കൊല്ലത്തോളം അവിടെ പിടിച്ചു നിന്നത്. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ പോഖ്റയിൽ നിന്നും വീർ
ബഹാദൂർ കല്യാണം കഴിച്ചെങ്കിലും ഭാര്യയെ
ഇന്ത്യയിലേക്ക് കൊണ്ടു പോയിട്ടില്ല. വർഷത്തിൽ രണ്ടു തവണയെങ്കിലും വീർ ബഹാദൂർ
നേപ്പാളിലേക്ക് വരാറുണ്ട്. വർമ്മാ സാർ മരിച്ചപ്പോഴാണ് നേപ്പാളിലേക്ക് മടങ്ങാൻ
തീരുമാനമായത്. ജോലിയിൽ നിന്നുള്ള പെൻഷൻകൊണ്ട് ചിലവിന് തികയുന്നില്ല. അയാൾക്ക് അൻപതു
വയസ്സേ ആയിട്ടുള്ളു. ഇനിയും ജോലി ചെയ്യാനുള്ള ആരോഗ്യവുമുണ്ട്. രണ്ടു
പെൺകുട്ടികളാണ് വീട്ടിൽ. മൂത്തവൾ നേഴ്സിംഗ് പഠിക്കുന്നു. പാസ്സായിട്ട്
ആസ്ത്രേലിയയിലേയ്ക്കോ കാനഡയ്ക്കോ പോകാൻ തയ്യാറായിരിക്കുന്നു.
“സാറിൻ്റെ കൂടെ കൈലാസ യാത്രയ്ക്ക്
പോകുമ്പോൾ വഴികളെല്ലാം വളരെ മോശമായിരുന്നു.
ടിബറ്റിൽ ജാപ്പനീസ് ട്രക്കുകളിലാണ് എല്ലാവരും കഠിനമായ വഴിയിലൂടെ പോയിരുന്നത്. റോഡെന്നു
പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും അത്തരം വഴികളുണ്ട് ഇടയ്ക്കിടക്ക്. പക്ഷേ
ബോർഡർ കടന്നുകഴിഞ്ഞുള്ള ചൈനീസ് റോഡുകൾ ഇപ്പോൾ ഒന്നാന്തരമാക്കിയിട്ടുണ്ട്.”
വീർ ബഹാദൂർ തന്റെ അച്ഛനെപ്പറ്റിയാണ്
പറയുന്നതെന്ന് വർമ്മയ്ക്ക് മനസ്സിലായി. കുമാർ അമേരിക്കയിൽ പഠിക്കുന്ന കാലത്താണ്
അച്ഛൻ കൈലാസയാത്ര ചെയ്യുന്ന കാര്യം അമ്മ വിളിച്ച് പറയുന്നത്. ഈ വയസ്സുകാലത്ത് ഇത്ര
വലിയ അഡ്വെഞ്ചർ വേണോ എന്ന് വീട്ടുകാരും നാട്ടുകാരും ചോദിച്ചിരുന്നു. ഇൻഡ്യാ ഗവർമെൻ്റ് യാത്രക്കാരിൽ നിന്നും ആപ്ലിക്കേഷൻ
വിളിച്ച് സൈന്യത്തിൻ്റെ സഹായത്തോടെയാണ് അന്നൊക്കെ കൈലാസയാത്ര നടത്തിയിരുന്നത്.
അച്ഛൻ തിരികെ വന്ന് ഒരുമാസത്തിനകം ഒരു ഗൂർഖ അച്ഛനെ കാണാൻ വന്ന കാര്യവും അമ്മയാണ്
പറഞ്ഞത്. അപ്പോഴും കുമാർ വർമ്മ വീർബഹാദൂറിനോട് അച്ഛനെപ്പറ്റി ഒന്നും പറഞ്ഞില്ല.
ബസ്സിലിരിക്കുമ്പോൾ
വീർ ബഹാദൂർ വീണ്ടും അടുത്തു വന്നിരുന്ന് വർത്തമാനം പറഞ്ഞപ്പോൾ വർമ്മ ഫോണിൽ നിന്നും പഴയൊരു ഫോട്ടോ
തപ്പിയെടുത്തു. സ്കാൻ ചെയ്ത് സൂക്ഷിച്ചിരുന്ന ഫോട്ടോകളിലൊന്ന്. വീർ ബഹാദൂറിനെ
ഫോട്ടോ കാണിച്ചു കൊടുത്തു. അയാളുടെ മുഖം വിടർന്നു. “വർമ്മാ സർ! വർമ്മാ സർ!
ഉങ്കളുടെ അപ്പാ?അപ്പാ?”
വിസ്മയത്തിൽ അയാളുടെ മുഖം ചുവന്നു. രണ്ടു
കയ്യുമെടുത്ത് പിടിച്ച് കുലുക്കി അയാൾ പറഞ്ഞു. ''സർ, എനിക്കു
തോന്നിയിരുന്നു സാറിനെ എങ്ങിനെയോ എനിക്കറിയാമെന്ന്. അമേരിക്കയിൽ പഠിക്കാൻ പോയ മകനെപ്പറ്റി
സാർ പറഞ്ഞിട്ടുണ്ട്.”
ഗീറെംഗ് പട്ടണത്തിലായിരുന്നു ബോർഡർ കഴിഞ്ഞയുടനേ താമസം ഏർപ്പാടാക്കിയിരുന്നത്. കൃത്യം ആറു മണിക്കേ നാരങ്ങാ നീരൊഴിച്ച ചായ റെഡി. പിന്നെ ബ്രേക്ക് ഫാസ്റ്റും - ഒരു ദിവസം മുഴുവൻ റോഡു യാത്ര ചെയ്ത് മറ്റൊരു നഗരമായ സാഗയിലും താമസിച്ചിട്ടാണ് മാനസസരോവരത്തിൻ്റെ അടുത്ത് ബസ്സു നിർത്തിയത്. നല്ല തെളിഞ്ഞ ശുദ്ധജലം ഏറെ പരന്നു കിടക്കുന്ന തടാകം. ദേവീദേവൻമാരുടെ വിഹാര ഭൂമി. നല്ല തണുപ്പുണ്ടെങ്കിലും വെയിലുള്ളതുകൊണ്ട് ബുദ്ധിമുട്ടറിയുന്നില്ല.
“ചൈനീസ് പട്ടാളം ഇടയ്ക്ക് വന്ന്
നോക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ അവർ സമ്മതിക്കില്ല.” ടെന്നോർ
എല്ലാവരോടുമായി പറഞ്ഞു. കുറച്ചുകൂടി പോവുമ്പോൾ മറ്റൊരു തടാകം കണ്ടു. ചെറുതാണ്.
കരയിൽ മൃഗങ്ങളുടെ എല്ലുകളും കൊമ്പുകളും കൂട്ടി വച്ചിരിക്കുന്നു. "ആ
തടാകത്തിലെ ജലത്തിൽ ആരും തൊടാറില്ല. രാക്ഷസ് താൾ ആണത്. രാവണൻ നീരാടി സന്ധ്യാ
കർമ്മങ്ങൾ ചെയ്ത ഇടം.” ടെന്നോർ പറഞ്ഞു.
മാസസരോവരത്തിലെ രാത്രി
അതിസുന്ദരമായിരുന്നു. പൂർണ്ണചന്ദ്രൻ ഉദിച്ച് നീല നിറത്തിൽ പരന്നുകിടക്കുന്ന സരോവരത്തെയാകെ
പ്രകാശമാനമാക്കി. അറിയാതെതന്നെ ദിവ്യാനുഭൂതികൊണ്ടുള്ളു നിറയ്ക്കുന്ന ദൃശ്യാനുഭവം.
കുറച്ചു ദൂരെ കൈലാസപർവ്വതം കാണാം. പ്രഭാതമായപ്പോഴേയ്ക്കും മാനസസരോവരത്തിന്റെ
തീരത്ത് പൂജയും ഹവനവും നടത്താനുള്ള ഏർപ്പാടുകൾ വീർ ബഹാദൂറും കൂട്ടരും
ചെയ്തിരുന്നു.
ടെൻസിൻ, ഓം മണിപദ്മേ ഹൂം
ജപിച്ചുകൊണ്ട് കുതിരയുടെ കയറിൽ പിടിച്ച് മല കയറുകയാണ്. ഡോൽമ ലാ പാസ്സിൻ്റെ ഏറ്റവും
ഉയരത്തിൽ എത്തിയപ്പോൾ ടെൻസിൻ പറഞ്ഞു. “സാമ്പ്, ഡൌൺ, ഡൌൺ; വാക്ക്, വാക്ക്”. ടെൻസിൻ, വർമ്മയുടെ
ബാഗ് വാങ്ങി തോളിലിട്ടു. ഇനി കുതിരയ്ക്ക് ഭാരം വഹിച്ചുകൊണ്ട് താഴേയ്ക്ക് നടക്കാൻ
പറ്റില്ല. ബാക്കി പത്തുകിലോമീറ്റർ വടിയും കുത്തിപ്പിടിച്ച് നടക്കുക തന്നെ. ടെൻസിൻ
കുതിരയെ കൂട്ടിക്കൊണ്ട് താഴേയ്ക്ക് നടന്നുതുടങ്ങി.
കല്ലുകൾ നിറഞ്ഞ മലമുകളിൽ ബൗദ്ധൻമാരുടെ
വർണ്ണക്കൊടികൾ നിറയെ വിതാനിച്ചിരിക്കുന്നു. നീണ്ട അഴകൾ കെട്ടി തൂക്കിയതുപോലെ
തോരണങ്ങൾ. ഓരോ നിറത്തിലുള്ള തോരണത്തിനും ഓരോ ബൌദ്ധന്മാരും കെട്ടിത്തൂക്കിയ പ്രാർത്ഥനയുടെ
പ്രതീക്ഷയുണ്ടെന്നു ടെന്നോർ പറഞ്ഞുതന്നിരുന്നു. ബൌദ്ധൻമാർക്കും ജൈനൻമാർക്കും, ബോൺ മതക്കാർക്കും ഹിന്ദുക്കൾക്കും ഒരുപോലെ പ്രധാനപ്പെട്ട ഇടമാണ്
കൈലാസം.
പരമശിവൻ വാണരുളുന്ന കൈലാസം ബുദ്ധമതക്കാർക്ക് കാരുണ്യത്തിന്റെ
പ്രതീകമായ ഡെംചോക്ക്, ബോധിസത്വന്റെ ഇരിപ്പിടമാണ്. അവർക്ക് കൈലാസം പിതാവും
മാനസസരോവരം മാതാവുമാണ്. ഡോൾമ ലാ പാസ് മുകളിൽ നിന്ന് വടി കുത്തിപ്പിടിച്ച് ഇറങ്ങാൻ
ഉടങ്ങുമ്പോഴാണ് അഭൗമമായ ഒരു ദൃശ്യം കണ്ടത്. പച്ച നിറത്തിൽ ഉള്ള ജലം ഒരു വലിയ വട്ടപാത്രത്തിൽ
വച്ചിരിക്കുന്നതു പോലെ ഗൗരീകുണ്ഡ്. പാർവ്വതീ ദേവിക്ക് നീരാടാൻ പ്രകൃതി തീർത്ത
സ്റ്റാനതടാകം. മലമുകളിൽ നിന്നും വളരെ താഴെയാണ് ഗൗരീകുണ്ഡ്. അങ്ങോട്ട് ആരും തന്നെ
ഇറങ്ങിപ്പോകാറില്ല.
ഡോൾ മ ലാ
പാസ്സ് താണ്ടി വരുമ്പോൾ വീർ ബഹാദൂറിനെ വീണ്ടും കണ്ടു. പുറത്ത് കുറച്ച് വലിയൊരു
ബാഗുണ്ട്. ടൂർ ഗ്രൂപ്പിലെ എല്ലാവർക്കുമുള്ള വെള്ളം കുപ്പികളിലാക്കിയത് കൊണ്ടുവന്ന്
കൊടുക്കുകയാണ്, ടെൻസിനെ നോക്കി വീർ
പറഞ്ഞു. “എന്തൊരു ചുറുചുറുക്കാണ് ആ ചെറുക്കന്? നല്ല കാലത്ത് കല്യാണം കഴിച്ചിരുന്നെങ്കിൽ എനിക്ക്
അങ്ങിനെയൊരു മകനുണ്ടാവുമായിരുന്നു.”
വീണ്ടും താഴേക്ക് ഇറങ്ങുമ്പോൾ പെട്ടെന്ന് വീർ ബഹാദൂർ തികച്ചും മൗനിയായി. ക്ഷീണിതനെപ്പോലെ വടി കുത്തി ഒരു പാറമേൽ ഇരുന്നു. “വെള്ളം കുടിക്കണോ?” ഞാൻ ചോദിച്ചു.
“വേണ്ട. ഞാൻ
ഓർക്കുകയായിരുന്നു ഇരുപത്തിരണ്ട് വർഷം മുൻപ് സാറിന്റെ പിതാജിക്കൊപ്പം വന്ന
യാത്രയെപ്പറ്റി, ആ യാത്ര എനിക്ക്
മറക്കാൻ പറ്റില്ല. എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്.”
“എന്തു പറ്റി?”
“ഞാൻ പറഞ്ഞല്ലോ പണ്ടത്തെ യാത്ര
ഇപ്പേഴത്തേതിനേക്കാൾ ഏറെ ബുന്ധിമുട്ടായിരുന്നു. നടന്ന് നടന്ന് ഇടത്താവളങ്ങളിൽ
എത്തുമ്പോഴേക്കും ഇരുട്ടും തണുപ്പും വിശപ്പും കാരണം കണ്ണു കാണാത്ത അവസ്ഥയാവും.
അന്ന് ദിറാപുക്കിൽ നിന്നും വർമ്മാ സാറിൻ്റെ സഹായത്തിന് പോർട്ടറായി ഞാനാണ്
കൈലാസത്തിൻ്റെ അടിത്തട്ടിലെ ഭഗവദ് ചരണസ്പർശത്തിനായി പോയത്. എട്ടോ ഒൻപതോ മണിക്കൂർ
എടുക്കും അവിടെയെത്തി മടങ്ങാൻ. കുത്തനെയുള്ള കയറ്റവും പിന്നെ ഇറക്കവും, മഞ്ഞുരുകി വരുന്ന ചെറിയ അരുവികളും ആയി വളരെ ബുദ്ധിമുട്ടാണെങ്കിലും
രസകരമാണ് ചരൺ സ്പർശിലേക്കുള്ള യാത്ര. നടന്നു കുറേ കഴിഞ്ഞപ്പോൾ പെട്ടെന്ന് വർമ്മാസാർ
കുഴഞ്ഞു വീണു. കൂടെയുള്ള മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. പെട്ടെന്ന് മറ്റൊരു
ഗ്രൂപ്പിലെ പോർട്ടർ, ഒരു ടിബറ്റൻ സുന്ദരി പെൺകുട്ടി ഓടി വന്ന് ചെറിയൊരു ഓക്സിജൻ
സിലിണ്ടർ തുറന്ന് സാറിൻ്റെ ശ്വാസതടസ്സം മാറ്റി. പിന്നെ അവിടെ അല്പം വിശ്രമിച്ചിട്ടാണ്
ഞങ്ങൾ കൈലാസനാഥൻ്റെ ചരണം തൊട്ടതും
അവിടുത്തെ തീർത്ഥം കുപ്പിയിലാക്കിയെടുത്തതും. വൈകുന്നേരം തിരികെ
നടന്നെത്തിയപ്പോഴേക്ക് സാർ കൂടുതൽ ഉല്ലാസവാനായിരുന്നു. ആ പെൺകുട്ടി ഓക്സിജൻ
സിലിണ്ടർ എന്റെ കയ്യിൽ തന്നു ചിരിച്ചിട്ട് അവൾ സഹായിക്കുന്ന യാത്രക്കാരൻ്റെയൊപ്പം
നേരത്തെ മടങ്ങിപ്പോയിരുന്നു.
ദേറാപുക്കിലെ ക്യാമ്പിൽ
എത്തിയപ്പോൾ വർമ്മാ സാർ പറഞ്ഞു. “വീർ ബഹാദൂർ, ഓക്സിജൻ സിലിണ്ടർ എവിടെ? അത് തിരിച്ചു കൊടുക്കണം. ആ
പെൺകുട്ടിക്ക് കുറച്ച് പൈസയും കൊടുക്കണം. എൻ്റെ ജീവൻ രക്ഷിച്ചവളാണ്.”
“വർമ്മാ സാർ ടെൻ്റിൽ
വിരമിക്കുമ്പോൾ കൈയ്യിൽ മൂവായിരം രൂപയുമായി ഞാൻ അവളെ തേടി നടന്നു. ഒടുവിൽ
ദേറാപുക്കിൽത്തന്നെ മലയടിവാരത്തുള്ള ഒരു ടിബറ്റൻ ടീ ഷോപ്പിൽ അവളെ കണ്ടു. “യാഗ് പോ സേദാ - താങ്ക് യൂ”, എന്ന് പറഞ്ഞ് രൂപ അവളെ ഏൽപ്പിക്കുമ്പോൾ ഞങ്ങളുടെ കൈകൾ അറിയാതെ പരസ്പരം
തൊട്ടു. അതൊരു ജന്മജന്മാന്തര ബന്ധം പോലെ തോന്നി. ചെറിയൊരു നാണത്തോടെ അവൾ എന്നെ
നോക്കി പുഞ്ചിരിച്ചു. സ്വന്തമായി വീടുകൾ ഇല്ലാത്ത നാടോടിക്കൂട്ടത്തിൽ പെട്ട
പെൺകുട്ടിയാണവൾ. അവളോട് “കാലേ ഷൂ-യാത്ര” പറഞ്ഞ് പോരാൻ എനിക്ക് വല്ലാത്ത വിഷമം
തോന്നി. തിരിച്ച് വർമ്മാ സാറിൻ്റെ അടുത്ത് വരുമ്പോഴേക്ക് നിറനിലാവിൽ കുളിച്ച
കൈലാസം കാണാമായിരുന്നു.”
പാലഭിഷേകം
ചെയ്തതിൻ്റെ ബാക്കി പറ്റിപ്പിടിച്ചിരിക്കുന്നpole വെള്ള നിറത്തിൽ മഞ്ഞുപതിഞ്ഞ കൈലാസപർവ്വതം ഉയർന്നു നിൽക്കുന്ന കാഴ്ച! ഭഗവദ് ചരണ
സ്പർശം ചെയ്തതിൻ്റെ ദിവ്യാനുഭവം, എല്ലാം വീർ ബഹാദൂർ പറഞ്ഞതുപോലെതന്നെ കുമാർ
വർമ്മയ്ക്കും ഇന്നലെ അനുഭവപ്പെട്ടിരുന്നു. ചരൺ സ്പർശ് ട്രെക്കിംഗ് കഴിഞ്ഞു
തിരിച്ചു വന്നപ്പോഴേക്കും വല്ലാതെ തളർന്നിരുന്നു. കൈലാസനാഥന്റെ സാമീപ്യം കൊണ്ടാവണം
ക്ഷീണിച്ചു കിടന്നിട്ടും ഉറക്കം വന്നില്ല. വല്ലാത്തൊരു ഊർജ്ജവലയം ഉടലാകെ
പൊതിഞ്ഞിരിക്കുന്നു. കൈലാസത്തിലെ ഐസ് മലയിൽ നിന്നും ശിവതീർത്ഥം
കുപ്പിയിലെടുത്തിട്ടുണ്ടു്. നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകാൻ നോക്കണം. കയറ്റവും
ഇറക്കവും എന്നാൽ നാലഞ്ചു ശബരിമല കയറ്റം, വലിയ തണുപ്പിൽ ഐസിലൂടെ നടന്നു എന്നു പറഞ്ഞാൽ മതിയല്ലോ. ശംഭോ
മഹാദേവാ! എല്ലാവർക്കും വേണ്ടി ബലി അർപ്പിക്കുന്നുവെന്ന സങ്കൽപ്പത്തിൽ ഉരുളൻ
കല്ലുകൾ അടുക്കി വച്ചു സമർപ്പിച്ചു. അവിടെയിരുന്നു പൊതിഞ്ഞു കയ്യിൽ കരുതിയിരുന്ന
പഴവും മറ്റും പ്രസാദമായി കഴിച്ചു. തണുത്ത വെള്ളം തലയിൽ തളിച്ചു. അതിസുന്ദരമായ ഒരു
ദിനം.
“എന്നിട്ട്? പിന്നീടവളെ കണ്ടോ?” കുമാർ വർമ്മ ചോദിച്ചു.
“കണ്ടു, അതൊരു നിയോഗം തന്നെയായിരുന്നു. പാതിരാത്രിക്ക് ഉറക്കം വരാതെ
ഞാൻ അവളെ കാണാൻ ആഗ്രഹിച്ചു ടെൻറിനു വെളിയിലിറങ്ങി. പൂർണ്ണചന്ദ്രനിൽ കുളിച്ച
കൈലാസപർവ്വതം നോക്കി കുറച്ചു നേരം നിന്നു. ടെന്റുകൾക്ക് വെളിയിൽ മറ്റാരും
ഉണ്ടായിരുന്നില്ല. കുതിരക്കാരും ടിബറ്റൻ ഗൈഡുകളും മറ്റൊരിടത്ത് ഒരു ടിബറ്റൻ
ടീഷോപ്പിനടുത്താണ് താമസം എന്നെനിക്ക് അറിയാമായിരുന്നു. ഇതിനു മുൻപുള്ള
യാത്രയിലൊന്നും അവളെ കണ്ടിട്ടില്ലല്ലോ എന്നാലോചിച്ചു കൈലാസം നോക്കി നിൽക്കുമ്പോൾ പെട്ടെന്ന്
പിറകിലൊരു മന്ദമായ കാലൊച്ച കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ അവളാണ്. പെട്ടെന്നവൾ
എൻ്റെ കമ്പിളിപ്പുതപ്പിനുള്ളിലേയ്ക്ക് ചേർന്ന് നിന്നു.
“എന്താ പേര്?”
“വാങ്മോ” അവൾ
പറഞ്ഞു.
“വീട്?”
“ഞങ്ങൾക്ക് സ്ഥിരമായി
വീടില്ല. നാടോടികളാണ് ഞങ്ങൾ. സീസണായാൽ എന്റെ ചേട്ടനും മറ്റും ഇവിടെയും മറ്റു
സ്ഥലങ്ങളിലും പോർട്ടർ പണിക്ക് എത്തും. ഞാൻ
ഇവിടെ പോർട്ടറായി ആദ്യമായാണ്.”
“അവൾ എന്നെ ടിബറ്റൻ
ടീ ഷോപ്പിനരികിൽ അവൾ താമസിച്ചിരുന്ന ചെറിയൊരു ചായ്പ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
കമ്പിളിക്കുള്ളിൽ ഒരുമിച്ച് പുതച്ചുകിടന്നു തണുപ്പുമാറ്റി ഹൃദയവും ദേഹവും ഒന്നായ നിമിഷങ്ങൾ.
ജീവിതത്തിൽ ആദ്യമായാണ് ഇത്രമേൽ സ്നേഹം ഞാൻ അനുഭവിക്കുന്നത്.
ടീഷോപ്പിനു പുറത്ത് ചെറിയൊരു ബഹളം കേട്ടു. ടിബറ്റൻ പോർട്ടർമാർ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതുപോലെയാണ് തോന്നിയത്. അവൾ എഴുന്നേറ്റ് വേഷം ധരിച്ച് എന്നോട് പെട്ടെന്നോടി രക്ഷപ്പെട്ടോളാൻ ആംഗ്യം കാട്ടി. ടിബറ്റൻസിന്റെ മുന്നിൽ ചെന്നുപെട്ടാൽ അപകടമാണെന്ന് അവൾക്കറിയാമായിരുന്നു. അവിടന്ന് അവൾ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ ടിബറ്റൻ ചെറുപ്പക്കാർ ചിലപ്പോൾ എന്നെ കൊന്നുകളഞ്ഞേനെ. നേപ്പാളികളായും മറ്റു ഗോത്രക്കാരുമായുള്ള ബന്ധം ടിബറ്റൻ ജനതയ്ക്ക് ഇഷ്ടമല്ല അന്നും ഇന്നും. വംശശുദ്ധി വളരെ പ്രധാനമാണവർക്ക്. എൻ്റെ കമ്പിളി അവൾക്ക് സമ്മാനിച്ച് പിറകിലെ വാതിലിലൂടെ ആരും ശ്രദ്ധിക്കാതെ തണുത്തു വിറച്ചെങ്കിലും പതുക്കെ നടന്ന് ഞാൻ വർമ്മാ സാറിൻ്റെ ടെൻ്റിലെത്തി.
‘എന്താ തന്റെ കണ്ണു
നിറഞ്ഞിരിക്കുന്നത്?’ വർമ്മാ സാർ ചോദിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു. സാറിനോട്
ഞാനൊന്നും പറഞ്ഞില്ല. ജീവിതത്തിൽ അദ്ദേഹത്തോട് മാത്രമാണ് ഞാനീ കാര്യം പറയുന്നത്.
തുടർന്നും കൈലാസ യാത്രയ്ക്ക്
സഹായിയായി പോയാൽ പ്രശ്നമാവുമോ എന്നു ഭയന്നിരിക്കുമ്പോഴാണ് വർമ്മാസാർ ചെന്നൈയിൽ
ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞതു കൂട്ടിക്കൊണ്ടുപോയതും.
സാറിന്റെ കുതിരക്കാരൻ ടെൻസിനെ കാണുമ്പോൾ
ഉള്ളിലൊരു വിങ്ങലാണ് . അവനെന്റെ മുഖഛായയുണ്ടോ സർ?” വീർ ബഹാദൂർകരഞ്ഞേക്കുമോ
എന്ന് കുമാർ വർമ്മയ്ക്ക് തോന്നി.
“നമുക്ക് നടക്കാം സർ.”
വീർ ബഹാദൂറിന് കഥ പറഞ്ഞു കഴിഞ്ഞപ്പോൾ
ഏറെക്കുറെ ആശ്വാസമായി എന്ന് തോന്നുന്നു. അയാൾ ടെൻസിൻ കുതിരയെ തെളിച്ചു നടക്കുന്നത്
സൂക്ഷിച്ചു നോക്കിയാണ് മലയിറങ്ങുന്നത്. ഇടയ്ക്ക് ഒരിക്കൽ അവൻ കുതിരയെ വെള്ളം കുടിപ്പിക്കാൻ
മഞ്ഞുരുകിയ ഒരു ചെറിയ ചാലിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീർ ബഹാദൂറുമൊത്തു മലയിറങ്ങി
വന്നപ്പോൾ പാടെ ടെൻസിൻ ഡാബ കുതിരയെ കൊണ്ടുവന്ന് മുന്നിൽ നിർത്തി. അടുത്തുള്ള
ഉയരമുള്ള ഒരു പാറക്കല്ലിനരികിൽ കുതിരയെ നിർത്തിയിട്ട്, സർ, എന്നു വിളിച്ച് കുമാറിനെ കുതിരപ്പുറത്ത് കയറാൻ സഹായിച്ചു. ടെൻസിനും വീർ ബഹാദൂറും പരസ്പരം കൈകൊടുത്തു പിരിഞ്ഞു. കുറച്ച് മാറി
നിന്ന് വീർ ബഹാദൂർ ടെൻസിനെത്തന്നെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുകയാണ്.
കുതിര നടന്ന് പത്തൻപതടി നീങ്ങിയപ്പോഴേക്കും
അടുത്തുനിന്നാണോ അകലെനിന്നാണോ എന്നറിയില്ല, “ഓം മണിപദ്മേ ഹും, ഓം മണിപദ്മേ ഹും”
എന്ന് മുഴങ്ങുന്നത് പതിയെയെങ്കിലും വ്യക്തമായി
കേട്ടു. മനസ്സിൽ ഞാനും അതിനൊത്തു പറഞ്ഞുകൊണ്ടിരുന്നു.
“ഓം നമ:ശിവായ, ഓം നമ:ശിവായ”.
Wednesday, January 24, 2024
നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ
നാരായണീയത്തിൽ കാണുന്നു ഞാൻ രാമ ലല്ലാ വിഗ്രഹത്തെ
ഡോ. സുകുമാർ കാനഡ
കാണുന്നൂ ഞാൻ കൃഷ്ണശിലയിൽ
അഭൌമസുന്ദരം
അപ്രമേയനാം
ആത്മാരാമ
പ്രോജ്വല പ്രഭാപൂരം!
സുവർണ്ണാഭ തിങ്ങിത്തിളങ്ങും
തേജ:പുഞ്ഛം കമനീയമാം
ദിവ്യബാലകരൂപം മനോമോഹനം
"അനിദം ചൈതന്യ"1 മിതറിയുന്നു
ഞാൻ ആചാര്യ വാക്യത്തിലൂടെ,
എങ്കിലും ചക്ഷുരുന്മീലനം ചെയ്തതാം
മുഖകമലം ദർശിക്കുമ്പോൾ
ചൈതന്യ സഫുരണമെന്നിലുമേതിലും
നിറഞ്ഞനുഭവിക്കുന്നൂ ഞാൻ
സ്വയം ചൈതന്യമായിത്തന്നെ.
കായാമ്പൂക്കളെ, മഴമേഘങ്ങളെ,
വെല്ലുന്ന
സൌന്ദര്യപൂരം നീയേ!.
ശങ്കയന്യേ
ലക്ഷ്മീദേവിയെന്നും
മുദാ
രമിക്കുന്നു നിന്റെ ഗേഹേ.
കുതിരുന്നൂ
അമൃതധാരയിൽ
ധ്യാനനിമഗ്നം
ഭക്തഹൃദയമാകേ.
സുകൃതിജനക്കൺകൾക്കു
ഭഗവൻ,
പൂർണ്ണപുണ്യാവതാരം, നീയേ!.
രൂപരഹിതം, നിതാന്തം, സമസ്തം
പരബ്രഹ്മതത്വസ്വരൂപം, നീയേ! 2
ധ്യാനിക്കുന്നൂ
ഞാനെന്നുള്ളിലെന്നും
പൊൽക്കിരീടം
ചൂടി, സൂര്യതേജസ്സു
തോൽക്കും തിളക്കമോടെ
നിറവാർന്ന ഭഗവദ് സ്വരൂപത്തെ.
ഗോപിക്കുറിയണിഞ്ഞ
നെറ്റിയോടെ,
കരുണാർദ്ര കടാക്ഷമോടെ,
പുഞ്ചിരിപ്രഭ
തൂകും മുഖത്തോടെ,
സുന്ദരതരമാം
നാസികയോടെ,
സുവർണ്ണമകരകുണ്ഡലങ്ങൾ
തിളക്കമേറ്റും
കവിൾത്തടങ്ങളോടെ,
കൌസ്തുഭരത്നം
തിളങ്ങും കഴുത്തോടെ,
വനമാലകൾ, മുത്തുകളിവ ചാർത്തിയ
മാറിടത്തിൽ ശ്രീവൽസമഴകിൽ
വിളങ്ങുന്ന
മൂർത്തിയെ. 3
കേയൂരം, അംഗദം, കങ്കണമിത്യാദികൾ,
തോൾവളയും, കൈവളകളുമായ്
കമനീയമായണിഞ്ഞും, അംഗുലികളിൽ
രത്നമോതിരങ്ങൾ
ധരിച്ചും
കൈകൾ
നാലിലുമോരോന്നിലും
ശംഖചക്രഗദാപങ്കജങ്ങൾ
പിടിച്ചും
സ്വർണ്ണാരഞ്ഞാണ,മരയിൽക്കെട്ടിയും
മഞ്ഞപ്പട്ട്
ഞൊറിഞ്ഞുടുത്തും
ചെന്താമരപ്പൂവിന്നഴകു
തോൽക്കും
പാദകമലങ്ങളുമായ്, പ്രോജജ്വലം
അനിർവചനീയമാ
തത്വസ്വരൂപമൂർത്തി 4
മഹതാം
വസ്തുക്കളിലേറ്റം മഹത്തരം,
മൂന്നുലോകത്തിലും
ഏറ്റവും മനോമോഹനം,
മാധുര്യമുള്ളവകളിൽ വച്ചു
മധുരതരം;
സുന്ദരവസ്തുക്കളിലേറ്റമതിസുന്ദരം;
അത്യത്ഭുതങ്ങളിൽ
വച്ചേറ്റവും അത്യത്ഭുതം,
ഹാ!
വിശ്വം നിറഞ്ഞു നിതരാം വിളങ്ങും
ഭഗവദ്സ്വരൂപമൂർത്തിയിൽ, ആ
ദിവ്യതയിലാകൃഷ്ടവശ്യരാവാത്ത-
വരായിട്ടാരുണ്ടാവും
വിഭോ ! 5
യോഗീന്ദ്രൻമാർക്കേറ്റമാനന്ദരസമേകുന്നൂ
ഭഗവദംഗങ്ങളിൽ വച്ചങ്ങേ തൃക്കാലടിദ്വയം
അവർക്കാ പാദങ്ങൾതന്നെ നിത്യധ്യാനസ്വരൂപം.
സംസാരത്തിൽനിന്നു മുക്തരായ് സായൂജ്യമാർന്ന
ഭാഗ്യശാലികൾക്കവ തന്നെ സ്വന്തം ഗൃഹം.
ഭക്തർക്കായ് അഭീഷ്ടങ്ങൾ അളവില്ലാതെ പൊഴിക്കും
കൽപ്പവൃക്ഷത്തളിരുകളാണാ ചരണകമലങ്ങൾ. 6
കാണുന്നൂ
ഞാൻ കൃഷ്ണശിലയിൽ
അഭൌമസുന്ദരം
അപ്രമേയനാം
ആത്മാരാമ
പ്രോജ്വല പ്രഭാപൂരം!
സുവർണ്ണാഭ തിങ്ങിത്തിളങ്ങും
തേജ:പുഞ്ഛം കമനീയമാം
ദിവ്യബാലകരൂപം മനോമോഹനം
-------------------------------------------------
1 ‘ഇത്’ എന്ന് പറയാവുന്ന വസ്തുവല്ല ചൈതന്യം - ആദി ശങ്കരാചാര്യർ
2 നാരായണീയം 1.6. തത്തേ പ്രത്യഗ്രധാരാ....
3 നാരായണീയം 2.1. സൂര്യസ്പർദ്ധികിരീട..
4 നാരായണീയം 2.2. കേയൂരാംഗദകങ്കണ...
5 നാരായണീയം 2.3. യദ് ത്രൈലോക്യമഹീയസോ
6 നാരായണീയം 100.10. യോഗീന്ദ്രാണാം....