Friday, August 29, 2025

കഥ ജന്മഭൂമി ഓണപ്പതിപ്പ് 2025 വാസാംസി ജീര്‍ണ്ണാനി....

 കഥ

ജന്മഭൂമി ഓണപ്പതിപ്പ് 2025 



വാസാംസി ജീര്‍ണ്ണാനി....

ഡോ സുകുമാർ കാനഡ

ഇനിയും സമയമില്ല. എല്ലാക്കാര്യങ്ങള്‍ക്കും ഒരു തീരുമാനമായി. എണ്ണിത്തീര്‍ക്കാനുള്ള  ദിവസങ്ങള്‍ മാത്രമേ ഇനിയുള്ളൂ. ഒരു മാലയ്ക്ക് ഏകദേശം ഒരു മണിക്കൂര്‍ നേരമെടുത്ത് വിശദമായിത്തന്നെയാണ് സാധാരണ ജപിക്കാറുള്ളത്. ഇനിയും അതില്‍ കുറവൊന്നും വരുത്തുന്നില്ല. മനോജപം തന്നെയാണല്ലോ മറ്റേതു ജപത്തേക്കാളും നല്ലത്. മാല പിടിക്കാന്‍ കൈകള്‍ക്ക് കരുത്തു പോരാ. ജപസഞ്ചിയില്‍ എത്രകാലം താനറിയാതെ വിരലുകള്‍ നീങ്ങിയിരുന്നതാണ്. പിന്നെ ‘ജപിക്കാത്ത ജപമായ’ അജപജപത്തെപ്പറ്റി വേദാന്തികള്‍ക്ക് എന്തൊക്കെയാണ് പറയാന്‍ പാടില്ലാത്തത്. അല്ലെ? 

ജെന്നിഫര്‍ വന്നു ചോദിച്ചു. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്. എല്ലാ പേപ്പറുകളും അവളുടെ കയ്യിലാണ് കൊടുത്തേല്‍പ്പിച്ചിരിക്കുന്നത്. സ്ക്രീനില്‍ ഓരോരോ അക്ഷരങ്ങള്‍ കണ്ണുകൊണ്ട് ഉറപ്പിച്ചു വാക്കുകളുണ്ടാക്കി പതുക്കെപ്പതുക്കെ അവയെ വാചകങ്ങളാക്കുമ്പോള്‍ ഈയിടെയായിട്ട് അവളായിരുന്നു ഒരേയൊരു കൂട്ട്. വായും നാവും അനക്കാതായപ്പോള്‍ കമ്പ്യൂട്ടറായി തന്റെ നാവ്. വാചകങ്ങളെ ഓഡിയോ സെറ്റപ്പില്‍ ഇട്ടു തന്നിട്ട് ഇത് തന്നെയല്ലേ തനിക്കു വേണ്ടിയിരുന്നത് എന്നവള്‍ കൂടെക്കൂടെ ചോദിക്കുകയും ചെയ്തിരുന്നു. അതും മടുപ്പൊന്നും കൂടാതെ. അവള്‍ക്ക് താനുമായി എന്തു ബന്ധമാണുള്ളത്! 

ചിലപ്പോള്‍ വാഴനാരുപോലുള്ള ഏതെങ്കിലും കര്‍മ്മബന്ധത്തിന്റെ കണ്ണിയാവണം അവളെ ഹോസ്പീസിന്റെ ഈ മുറിയില്‍ എത്തിച്ചത്. മെഡിസിന്‍ പഠിക്കുന്നതിന് മുന്നോടിയായി ‘വോളണ്ടിയര്‍ അവേര്‍സ്’ കിട്ടാനായിട്ടാണ് അവള്‍ ഹോസ്പീസില്‍ എത്തുന്നത്. അന്നത്തെ ഡ്യൂട്ടി നേഴ്സ് പഞ്ചാബി സ്ത്രീയായിരുന്നു. ഉറക്കെ സെല്‍ഫോണില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്ന സുമീന്ദര്‍ കൌര്‍. 

‘ടുഡേ വീ ഹാവ് ജെന്നിഫര്‍.’ സുമിന്ദര്‍ പറഞ്ഞു. അവളുടെ കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരി വന്നിട്ടുണ്ട്. പുതിയ വോളണ്ടിയര്‍ സ്റ്റുഡന്‍റ്.  

‘അവള്‍ക്ക് മൂന്നുനാല് മാസത്തിനകം മെഡിക്കല്‍ പഠനത്തിനു പോകാനുള്ളതാണ്.  അവളുടെ കുടുംബത്തെ എനിക്കറിയാം. ‘സാധാരണ ഗോരേ ലോഗ് പോലെയല്ല അവളുടെ കുടുംബം” സുമീന്ദര്‍ ഉറപ്പു തന്നു. 

അവളെ കട്ടിലിനരികില്‍ നിര്‍ത്തി സുമിന്ദര്‍ വീണ്ടും സെല്‍ഫോണിലേയ്ക്ക് തിരിഞ്ഞു

സുമീന്ദര്‍ അടുത്തുവരുമ്പോഴേ ചോദിക്കും, ‘പ്രഭുജീ ക്യാ ഹാല്‍ ഹേ? ഇന്നലെ നന്നായി ഉറങ്ങിയോ?’ എന്നൊക്കെ. സുമിന്ദറിന്റെ കൂടെ ജോലിചെയ്യുന്ന നര്‍സിംഗ് അസിസ്റ്റന്റ് സലീന ഫിലിപ്പിനോയാണ്. വയറ്റിലേയ്ക്കുള്ള കുഴലില്‍ വൈറ്റമിനും പ്രോട്ടീനുമൊക്കെ മിക്സ് ചെയ്ത ദ്രാവകം കുത്തിവയ്ക്കുന്നതവളാണ്. നേരിട്ട് വായ്‌ വഴിയുള്ള ഭക്ഷണം നിര്‍ത്തിയിട്ടു മാസങ്ങളായി. വിശപ്പറിയുന്നുമില്ല. ഇനിയീ ദ്രാവകവും പതുക്കെ കുറച്ചുകൊണ്ട് വരണം. ദേഹത്തെ വെറുതെ നിലനിര്‍ത്തിച്ച് എന്തിനു കഷ്ടപ്പെടുത്തുന്നു? തൊണ്ടയില്‍ നിന്നും ഉമിനീരുപോലും താഴേയ്ക്ക് പോവില്ല. നാവു വായില്‍ ഉണ്ടെന്നു തോന്നുന്നതേയില്ല. ദിവസവും ചൂടുവെള്ളത്തില്‍ മുക്കിയ തുണികൊണ്ട് മേല് തുടച്ചുതരുന്നതും സലീനയാണ്. ഇതിനെല്ലാമുള്ള ചിലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കുന്നതുകൊണ്ട് ആരോടും കടപ്പാടില്ലാതെ ജീവിക്കാം. വര്‍ത്തമാനം പറയാതായിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു. ‘സംസാരദുഖശമനം’ ഉണ്ടായി എന്ന് കുമാർ വർമ്മ കാണാന്‍ വന്നപ്പോള്‍ തമാശ പറഞ്ഞിരുന്നു. ഇവിടെ വരുന്നതിനു മുന്‍പ് വരെ ഒരു മാജിക് സ്ലേറ്റ്‌ കയ്യില്‍ കൊണ്ട് നടക്കുമായിരുന്നു. അതില്‍ എഴുതി മായ്ച്ചാണ് എല്ലാവരോടും ‘സംസാരിച്ചിരുന്നത്’. ഇപ്പോള്‍ അതുമില്ലാതെയായി. 

പരിചരിക്കുന്നതിനിടയിൽ സലീനാ ക്രൂസ് തന്റെ വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ജീവിതത്തോടുതന്നെ വളരെ നല്ല ആറ്റിറ്റ്യൂഡാണവള്‍ക്ക്. പണിയെടുക്കുമ്പോള്‍ ചിലപ്പോള്‍ വളരെ നേര്‍പ്പിച്ച സ്വരത്തില്‍ പാടുകയും ചെയ്യും. ഇന്ത്യയിലെ ഏതോ ക്രിസ്ത്യന്‍ വിഭാഗത്തിലെ പുരോഹിതനാണ് വിചാരിച്ചാവും, സലീനയ്ക്ക് തന്നോട് വലിയ ബഹുമാനവുമാണ്. അവളുടെ മകള്‍ മനിലയ്ക്കടുത്ത് ഒരു ഹൈസ്ക്കൂളില്‍ പഠിക്കുന്നു. ഇവിടുത്തെ പണി കൂടാതെ സലീന രണ്ടു വീടുകളില്‍ക്കൂടി പണിക്കു പോകുന്നുണ്ട്. കിട്ടുന്ന പണം മുഴുവന്‍ വീട്ടിലയക്കാനേ തികയൂ. സ്വന്തമായി ഒന്നും വാങ്ങില്ല അവള്‍. ഈയിടയ്ക്ക് എപ്പോള്‍ നാട്ടിലേയ്ക്ക് വിളിച്ചാലും മോള്‍ക്ക് ഐപാഡ് വേണമെന്ന് പറയുമത്രേ. ഭര്‍ത്താവിനു പണിയൊന്നുമില്ല. മാസം തോറും സലീനയുടെ പൈസ വാങ്ങാന്‍ മനിലയിലെ വെസ്റ്റേണ്‍ യൂണിയനില്‍ വരുമ്പോഴാണ് അയാള്‍ അവളോടു സംസാരിക്കുന്നത്. തമ്മില്‍ സ്നേഹമൊക്കെയാണ്. പക്ഷെ കിട്ടുന്ന പൈസയുടെ കണക്കുമുഴുവനും അയാള്‍ക്കറിയണം. 

 ‘സര്‍, ഞാന്‍ ബൈബിള്‍ വായിച്ചുതരാം’. ജന്നിഫറാണ്. കണ്ണുകള്‍ മാത്രം ചലിപ്പിച്ചുകൊണ്ട് വേണം തനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ എന്നീ കുട്ടിക്ക് മനസ്സിലായോ ആവോ? ഏതായാലും മോണിട്ടറില്‍ നോക്കി അവള്‍ ചോദിച്ചു. ‘ക്യാന്‍ യു ഹിയര്‍ മി, പ്രഭുജി?’ അവളും വിചാരിച്ചിരിക്കുന്നത് പ്രഭുജി തന്റെ പെരെന്നാണ്. ‘യെസ്’ എന്ന് കണ്ണുകൊണ്ട് താന്‍ തിരിച്ചു പറഞ്ഞു.

അവള്‍ ബൈബിള്‍ തുറന്ന് അതിലെ ഒരു പേജു വായിച്ചു തുടങ്ങി. രണ്ടു ചെറിയ പാരഗ്രാഫ്കള്‍ കഴിഞ്ഞ് തന്റെ മുഖത്തും മോണിട്ടറിലും നോക്കിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി. അതല്ല ഇപ്പോള്‍ വേണ്ടിയിരുന്നതെന്ന്. 

പിന്നെയവള്‍ ചോദിച്ചു. ‘പ്രഭുജി,  ഇതിനുമുന്‍പ് ബൈബിള്‍ വായിച്ചിട്ടുണ്ടോ? തന്റെ നെറ്റിയിലെ നീണ്ട ചന്ദനക്കുറിയും അനക്കാന്‍ വയ്യെങ്കിലും കയ്യില്‍ എപ്പോഴും കാണുന്ന ജപസഞ്ചിയും തലയിലെ ശിഖയും അവള്‍ നോക്കി വച്ചിരുന്നു. 

അവളോടു കമ്പ്യൂട്ടറിലൂടെ പറഞ്ഞു. ‘ബൈബിള്‍ നോക്കിയിട്ടുണ്ട്. അതിലെ സങ്കീര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. പക്ഷെ ഇപ്പോള്‍ അവിടെ ഷെല്‍ഫിന്റെ താഴത്തെ തട്ടില്‍ ഒരു ബുക്കുണ്ട്. അതെടുക്കൂ.’ 

മൈക്രോസോഫ്റ്റ് സര്‍ഫസിന്റെ കമ്പ്യൂട്ടറാണ് എഎല്‍എസ് 1 സൊസൈറ്റി തന്നിട്ടുള്ളത്. അതിന്റെ കൂടെയുള്ള ഒപ്ടിക്കല്‍ സ്കാനറും ഓഡിയോ കണ്‍വേര്‍ട്ടറും ഇല്ലെങ്കില്‍ ആരോടും ഒന്നും പറയാന്‍ ആവില്ലായിരുന്നു. ഏഎല്‍എസ് വന്നതിനു ശേഷം കണ്ണിനും ചെവിക്കും പണ്ടത്തേതിലും കൂടുതല്‍ സാമര്‍ത്ഥ്യം വച്ചതുപോലെ തോന്നാറുണ്ട്. ദൂരെയുള്ളൊരു കിളിയുടെ ശബ്ദവും മൂന്നുനാല് മൈല്‍ അകലെ റെയില്‍വേ ട്രാക്കില്‍ക്കൂടിപ്പോകുന്ന ഗുഡ്സ് വണ്ടിയുടെ കുലുക്കവും ഇപ്പോള്‍ കൃത്യമായി കേള്‍ക്കാം. അടുത്ത മുറിയിലെ ഹാരിസിനെ കാണാന്‍ വന്നു പോകുന്ന ആളുകളുടെ നിഴല്‍പ്പാടുകള്‍ എല്ലാം അപ്പപ്പോള്‍ കാണാനാകുന്നു. 

‘ഈസ്‌ ഇറ്റ്‌ ദി ഭഗവഡ് ഗീത – ആസ് ഇറ്റ്‌ ഈസ്’ ? 

‘അതെ. അതില്‍ രണ്ടാം ചാപ്റ്റര്‍ രണ്ടാം ശ്ലോകം മുതല്‍ വായിക്കൂ.’ 

ജെന്നിഫര്‍ വായിച്ചു തുടങ്ങി. ‘വാസംസി ജീര്‍ണ്ണനി യാഡാ വിഹയ .. നവാനി....’ പാവം സംസ്കൃതത്തെ കൊല്ലാക്കൊല ചെയ്യുകയാണ്. ആദ്യമായാണ്‌ അവൾ അങ്ങിനെയൊരു പുസ്തകം കാണുന്നത് തന്നെ. അവള്‍ ശ്ലോകം വായിച്ച് അത്ഭുതത്തോടെ നോക്കി. തുടര്‍ന്ന് അതിന്റെ അര്‍ത്ഥം വായിക്കാന്‍ അവള്‍ക്ക് കണ്ണുകൊണ്ട് സിഗ്നല്‍ നല്‍കി. 

‘ആസ് എ പേര്‍സന്‍ ഡിസ്കാര്‍ഡ്സ് ഓള്‍ഡ്‌ ഗാര്‍മെന്റ്സ് ആന്‍ഡ്‌ ....(ജീർണ്ണവസ്ത്രം ഉപേക്ഷിച്ച് ഒരുവൻ എങ്ങിനെയാണോ പുതിയ വസ്ത്രം ധരിക്കുന്നത് അങ്ങിനെയാണ് ജീവൻ തന്റെ ദേഹം ഉപേക്ഷിച്ച് മറ്റൊരു ദേഹം സ്വീകരിക്കുന്നത്) അവൾ വായിച്ചു. തന്നെ അവള്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ക്ക് ‘പറഞ്ഞു കൊടുത്തു’, ‘ഞാനിവിടെ കുപ്പായം അഴിച്ചു വച്ച് മറ്റൊന്നു ധരിക്കാന്‍ വന്നു കിടക്കുകയാണ്. ഇന്നോ നാളെയോ എന്നറിയില്ല. എന്നായാലും യാതൊരു വിഷമവുമില്ല. നിനക്ക് ഇനിയും ഇവിടെ എന്റെയടുക്കല്‍ വോളണ്ടിയര്‍ ആയി നില്‍ക്കണോ? മെഡിക്കല്‍ പഠനത്തിലൂടെ നിനക്ക് ചെയ്യാന്‍ പറ്റുന്നത് മനുഷ്യന്റെ ഈ കുപ്പായം മാറ്റുന്ന ഈ പ്രോസസ്സിനെ ഒന്ന് പ്രശാന്തമാക്കുക എന്നത് മാത്രമാണ്. ഈ അറിവുമായി മെഡിസിന്‍ പഠിച്ചാല്‍ നിനക്കത് ഏറെ പ്രയോജനപ്പെടും. നിന്റെ സേവനം സ്വീകരിക്കുന്നവര്‍ക്കും. ശാന്തമായി ആലോചിച്ചു പറഞ്ഞാല്‍ മതി.’ 

ജെന്നിഫറിന്റെ കണ്ണ് നിറഞ്ഞു. പുസ്തകം മടക്കി വെച്ച് യാത്ര പറയാതെതന്നെ അവള്‍ പോയി. കണ്ണുകളില്‍ തിളക്കവും ഓജസ്സുമുള്ള മിടുക്കി. 

സുമീന്ദര്‍ വന്നപ്പോള്‍ ചോദിച്ചു. ‘പ്രഭുജീ, അവളെയും ഓടിച്ചുവിട്ടോ? ഗീത-കിത്താബ് വായിച്ചു പെണ്ണിന്റെ നാക്കുളുക്കിക്കാണും അല്ലെ? അതിപ്പോള്‍ ഗുരുഗ്രന്ഥ് സാഹിബ് വായിച്ചാലും അങ്ങിനെ തന്നെയാണ്. ...കര്‍ത്താ പുരുഖ്.. .നിര്‍വൈര്‍ .നിരഹങ്കാര്‍.. അകാലമൂര്‍ത്തി’. 

      സുമീന്ദറിന്റെ മുതുമുത്തശ്ശന്‍ കാനഡയിലെത്തിയിട്ടു നൂറു കൊല്ലം ആവാറായി. കഴിഞ്ഞകൊല്ലം അബോട്സ്ഫോര്‍ഡില്‍ സിക്ക്കാര്‍ വന്നതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു. കുടുംബം മുഴുവന്‍ കൃഷിക്കാരാണ്. ചോളവും ക്രാന്‍ബറിയും ഉരുളക്കിഴങ്ങും വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍ മിക്കവാറും സിക്കുകാരുടേതാണ്. വീട്ടില്‍ സുമിന്ദര്‍ മാത്രമേ പഠിക്കാന്‍ പോയുള്ളൂ. രണ്ടു ചേട്ടന്മാര്‍ക്കും സ്വന്തമായി ട്രക്കുണ്ട്. ഞായറാഴ്ച്ചകളില്‍ എല്ലാവരും ഒത്തുകൂടിയാൽ വീട്ടിൽ ഭജന്‍സേവ നിര്‍ബ്ബന്ധം. തന്നെ പ്രഭുജീ എന്ന് വിളിച്ച് അവള്‍ ഇടക്ക് ഒഴിവുള്ളപ്പോള്‍ വന്നു കഥകള്‍ പറയും. കാലു തൊട്ടു തൊഴും. പാവം, അവള്‍ക്ക് ഒരു കുട്ടിയുണ്ട്. ഊമയാണ്. വെള്ളക്കാരന്‍ ഭര്‍ത്താവുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിച്ചല്ല. യൂനിവേര്‍സിറ്റിക്കാലത്തെ പ്രണയം. സകല ചിലവും ഏറ്റെടുത്ത് സുമിന്ദറിന്റെ പിതാജിയാണ് വിവാഹം നടത്തിയത്. സ്റ്റീവന്‍ കെന്നഡിയെന്ന സ്റ്റീവന്, സന്ദീപ്‌ എന്ന് പേരും കൊടുത്ത് കുതിരപ്പുറത്തിരുത്തിയാണ് ബാരാത്ത് നടന്നത്. പേപ്പറില്‍ പടവും വന്നു. അവളുടെ കയ്യില്‍ ഇപ്പോഴും ആ ന്യൂസ് പേപ്പറിന്റെ കോപ്പിയുണ്ട്.

ഈയാഴ്ച ഇതിപ്പോള്‍ നാലാമത്തെ വോളണ്ടിയര്‍ സ്റ്റുഡന്റാണ്. എല്ലാവരും രോഗികള്‍ക്ക് എന്തെങ്കിലുമൊക്കെ വായിച്ചു കൊടുക്കാന്‍ ഉത്സാഹത്തോടെയാണ് വരിക. ഹോസ്പീസ് നിവാസികള്‍ മിക്കവാറും പേര്‍, കേട്ടാലും കേട്ടില്ലെങ്കിലും ഒരു ബൈബിള്‍ വായനകൊണ്ട്‌ മാത്രം തൃപ്തരാകും എന്നാല്‍ ഈ മുറിയില്‍ അങ്ങിനെയല്ല. ഇംഗ്ലീഷ് ആണെങ്കിലും ഭഗവദ്ഗീതയാണ് വായിക്കേണ്ടതെന്നറിയുമ്പോള്‍ ചെറുപ്പക്കാര്‍ പതുക്കെ വലിഞ്ഞു കളയും. 

‘ഹി ഈസ്‌ എ വിയേര്‍ഡ് ഗൈ.’ നെറ്റിയില്‍ കുറിയും തലയില്‍ കുടുമയും കയ്യില്‍ ഒരു തുണി സഞ്ചിയും, ആകെക്കൂടി അത്ര പന്തിയല്ല കാര്യങ്ങള്‍. സുമീന്ദറിനെ കുറി വരക്കാന്‍ പഠിപ്പിച്ചത് ഗോരങ്കബാബു തന്നെ കാണാന്‍ വന്നപ്പോഴാണ്. അപ്പോള്‍ തന്റെ കൈവിരലുകള്‍ കുറച്ചൊക്കെ അനങ്ങുമായിരുന്നു. വിരലുകള്‍ പണിമുടക്കിത്തുടങ്ങിയപ്പോള്‍ മനസ്സിലായി ഇനി ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. സോഷ്യല്‍ സര്‍വ്വീസസില്‍ നിരഞ്ജനയുടെ കാലം മുതലേ പരിചയമുള്ള ഐറീന സാംസന്‍ പെട്ടെന്ന് തന്നെ ഹോസ്പീസ് അഡ്മിഷന്‍ ശരിയാക്കിത്തന്നതിനാല്‍ രക്ഷപ്പെട്ടു. സാധാരണ ഒരു കൊല്ലമെങ്കിലും വെയിറ്റിംഗ് ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.  

പ്രതീക്ഷിച്ചില്ലെങ്കിലും പിറ്റേ ദിവസവും ജെന്നിഫര്‍ വന്നു. പിന്നീട് സമയം കിട്ടുമ്പോള്‍ എല്ലാം അവള്‍ വന്നുകൊണ്ടിരുന്നു. ഭഗവദ്ഗീതയെടുത്ത് ഓരോന്ന് വായിക്കും, തന്നെത്താന്‍ ചോദ്യം ചോദിക്കും അതിനുള്ള ഉത്തരം മിക്കവാറും അവള്‍ തന്നെ അടുത്ത ശ്ലോകങ്ങളില്‍ നിന്നും കണ്ടെത്തും അല്ലെങ്കില്‍ പ്രഭുജി കണ്ണുകള്‍കൊണ്ട് കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ പെറുക്കിയെടുത്തു കൊടുക്കും. 

മെഡിസിന്‍ സമ്പ്രദായങ്ങളെപ്പറ്റി, ഭാരതത്തിലെ ആയുര്‍വേദത്തെപ്പറ്റിയെല്ലാം അവളോടു പറഞ്ഞു. ആയുര്‍വേദത്തില്‍ രോഗിയെയാണ് ചികിത്സിക്കുന്നത്, രോഗത്തെയല്ല എന്നൊക്കെ അവള്‍ മനസ്സിലാക്കി. അവള്‍ ഇതുവരെ അതൊന്നും കേട്ടിട്ടേയില്ല. 

സുമിന്ദര്‍ എന്തിനാണ് പ്രഭുജിയുടെ കാല്‍തൊട്ടു വന്ദിക്കുന്നതെന്ന് അവളൊരിക്കല്‍ ചോദിച്ചു. ‘വെറുതെ. ഷി ലൈക്സ് മി എ ലോട്ട്, ദാറ്റ്സ്  ആള്‍’ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. 

പ്രഭുജി അന്ന് സുമേഷ് മേനോന്‍ ആണ്. കാനഡയിലെ ജീവിതം തുടങ്ങിയിട്ട് കാലം കുറെയായി. അത് തികച്ചും അവിചാരിതമായി സംഭവിച്ചതാണ്. വെറും ആറുമാസത്തെ ഫെലോഷിപ്പ് നീണ്ടുനീണ്ട് ഇപ്പോൾ മുപ്പതു കൊല്ലത്തോളമായി. നാട്ടിലെ യുനിവേഴ്സിറ്റിയില്‍ നിന്നും പുറത്തുവരാന്‍ കിട്ടിയ ഒരവസരം പഠിക്കാനും പഠിപ്പിക്കാനും ചിലവഴിക്കാം എന്നേ വിചാരിച്ചുള്ളൂ. ആദ്യത്തെ ആഴ്ചയില്‍ത്തന്നെ ഡോ. കുമാർവർമ്മയെ പരിചയപ്പെട്ടു. അടുത്തുള്ള ഇന്ത്യന്‍ കടയില്‍ പോകാനും അത്യാവശ്യം തന്നെ കൊണ്ടുനടക്കാനും കുമാർ നല്ല ഉത്സാഹം കാണിച്ചു. പിന്നെയാണ് അയാളുടെ കൂടെ ഞായറാഴ്ചയുള്ള മഹാപ്രസാദത്തിനു ക്ഷേത്രത്തില്‍ പോയത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ആദ്യകാല കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്ന് വാന്‍കൂവറില്‍ സ്ഥാപിച്ചത് ശ്രീല പ്രഭുപാദര്‍ നേരിട്ടാണ്. അവിടെ നിന്നാണ് ചലപിലെ സംസാരിക്കുന്ന നിരഞ്ജനയെ കൂട്ട് കിട്ടിയത്. നിരഞ്ജനയ്ക്ക് ദീക്ഷ കൊടുത്തതും പ്രഭുപാദരാണ്.  

ജന്നിഫര്‍ കൂടെയുള്ള ആ ശനിയാഴ്ച പ്രഭുജി നല്ല മൂഡിലായിരുന്നു. മനസ്സില്‍ തോന്നിയത് ഇനി മൂന്നുനാലു മാസങ്ങളേ ബാക്കിയുള്ളൂ എന്നാണ്. എങ്കിലും തീരെ അങ്കലാപ്പ് തോന്നിയില്ല. ആരോ പറഞ്ഞതുപോലെ മരണം ഒരു വിഷയമല്ല. ജനനവും മരണവും മറ്റും വെറും ‘ഭൌതിക വിഷയം’ മാത്രമല്ലേ? അതൊന്നും ശാശ്വതമല്ല. നീണ്ടൊരു യാത്രയിലെ വിശ്രമസങ്കേതങ്ങള്‍ മാത്രമാണ് വീടും കുടുംബവും ഈ ജീവിതവുമെല്ലാം. 

എന്നുമെന്നും ഒറ്റത്തടിയായി ജീവിക്കാനാഗ്രഹിച്ചയാള്‍ക്ക് ഒരു പെണ്‍കൂട്ടുണ്ടായത് ഈ നാട്ടില്‍ വന്നതിനുശേഷം മാത്രമാണ്. നിരഞ്ജനാദേവിദാസി. ഹരേകൃഷ്ണപ്രസ്ഥാനത്തില്‍ ചേരുന്നതിനു മുന്‍പ് അവള്‍ ഷാനന്‍ ന്യൂഹുക്ക് ആയിരുന്നു. മറ്റു പൂര്‍വ്വചരിത്രങ്ങള്‍ ഒന്നും ചോദിച്ചില്ല. മറ്റാരും പറഞ്ഞ് അതൊന്നും അറിഞ്ഞതുമില്ല. നിരഞ്ജനയുമൊത്താണ്  പ്രഭുജി ഹരേകൃഷ്ണ ക്ഷേത്രത്തിനു തൊട്ടടുത്ത് വലിയൊരു കൃഷ്ണതുളസിത്തോട്ടം ഉണ്ടാക്കിയെടുത്തത്. ‘തുളസി വെറുമൊരു ചെടിയല്ല, അവള്‍ ശ്രീകൃഷ്ണന്റെ സ്വന്തം തുളസീദേവിദാസിയാണ്’. അവള്‍ പറയാറുണ്ട്‌. ദിവസവും ഹരേകൃഷ്ണമന്ത്രം അഖണ്ഡനാമമായി കേള്‍പ്പിച്ച്, വെള്ളമൊഴിച്ചാണ് അവര്‍ തുളസിച്ചെടികളെ വളര്‍ത്തി കാടുപോലെ വലുതാക്കിയത്. മൈനസ് പത്തും ഇരുപതും ഡിഗ്രി സെന്റിഗ്രേഡ്‌ തണുപ്പുള്ള കാനഡയില്‍ തുളസിയ്ക്കായി ഒരു ഗ്രീന്‍ഹൌസ് പണിതതും രണ്ടുപേരും ചേര്‍ന്നാണ്. ആ ഗ്രീന്‍ഹൌസ് ഒരിന്റ്റര്‍നാഷണല്‍ മാഗസീനില്‍ ഫീച്ചര്‍ ആയി വരികപോലും ഉണ്ടായി. 

കാലം എത്രയായി! അതേ അമ്പലത്തില്‍ വെച്ചാണ്, കുമാറിന്റെ വിവാഹം ഉറപ്പിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അക്കാര്യം അയാള്‍ ആദ്യമായി  പറഞ്ഞത് പ്രഭുജിയോടാണ്. ‘താന്‍ ആ കുട്ടിയെ നേരിട്ട് വിളിച്ച് ചോദിക്കണം. വെറുതെ അമ്മയും അപ്പായും പെണ്‍കുട്ടിയെ കണ്ടതുകൊണ്ടായില്ല എന്ന് അയാളെ ഓര്‍മ്മിപ്പിച്ചു. അടുത്ത വീക്കെന്റില്‍ കാണുമ്പോള്‍ കുമാറിന് പതിവില്ലാത്ത ഒരു ചിരി. ആ ചിരി ആഘോഷിക്കാന്‍ നിരഞ്ജന ഉണ്ടാക്കിയ സേമിയാപായസത്തിനോപ്പം സുമേഷിന്റെ കയ്യില്‍ നല്ലൊരു വിഡിയോ ക്ളിപ്പുണ്ടായിരുന്നു. ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി, ഒരു തുണ്ട് തുണി വാങ്ങിത്തന്നാല്‍ മതി ...’ എന്ന പാട്ട് ഒരു വിഡിയോ കാസ്സറ്റിലാക്കി വച്ചിരുന്നത് എടുത്തിട്ടു. അതിന്റെ അര്‍ത്ഥം നിരഞ്ജനയ്ക്ക് വിശദമായി പറഞ്ഞും കൊടുത്തു. സുകുമാരിയും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച ‘വേലുത്തമ്പിദളവ’ സിനിമയിലെ ആ ഗാനരംഗം എത്ര കണ്ടാലും തമാശയാണ്. ഈയിടെ കുമാർ ഹോസ്പീസില്‍ വന്നപ്പോള്‍ യൂട്യൂബില്‍ അത് തിരഞ്ഞു കണ്ടു പിടിച്ചു വീണ്ടും കണ്ടു. ജന്നിഫറിനത് ഏതോ പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് മൂവിയാണെന്ന് മാത്രമേ മനസ്സിലായുള്ളൂ. പ്രഭുജിയും ഉള്ളില്‍ നന്നായി ചിരിച്ചാണ് ആസ്വദിച്ചത്. പുറമേയ്ക്ക് ചിരി കാണിക്കാന്‍ മുഖത്തിനാവുന്നില്ലല്ലോ. കണ്ണ് തിളങ്ങിയത് ജന്നിഫര്‍ കണ്ടുവോ എന്തോ. പക്ഷെ കുമാർ അതറിഞ്ഞു. 

മയങ്ങിപ്പോയി എന്ന് തോന്നുന്നു. ജെന്നിഫര്‍ വന്നു വിളിച്ചു. ‘ഇനി എന്താണ് എഴുതേണ്ടത്?’ വില്ലെഴുതാന്‍ പാകത്തിന് വസ്തുക്കളോ ഡിപ്പോസിറ്റ്കളോ ഇല്ല. ഗവര്‍മെന്റ് പെന്‍ഷന്‍ ആര്‍ക്കും എഴുതിക്കൊടുക്കാന്‍ ആവില്ല. ആകെയുള്ളത് ഒരു ലാപ്‌ടോപ്പും ചെറിയൊരു ഐപ്പാഡും മാത്രം. പിന്നെയുള്ളത് പുസ്തകങ്ങളാണ്. അവ പലര്‍ക്കുമായി കൊടുത്തു കഴിഞ്ഞു. കുമാർ ഒരിക്കല്‍ പറഞ്ഞു, ‘ഓ ഇത് ഐപദ്മിനി (ipadmini) യാണ് അല്ലെ? ഒരിന്ത്യന്‍ കണക്ഷന്‍ ഇതിനു തീര്‍ച്ചയായും ഉണ്ട്’. 

‘അത് സലീനയുടെ മകള്‍ക്ക് കൊടുക്കണം.’ സുമീന്ദറിനോടു പറയാം. 

പണ്ടൊക്കെ ഐപാഡുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! ആദ്യമായി എഴുതിയ തിരക്കഥയുമായി പലരെയും കാണാന്‍ പോയിരുന്ന കാലം ഓര്‍ത്ത്‌ പോയി. നാനൂറോളം പേജുള്ള രണ്ടു കോപ്പികള്‍ കയ്യില്‍ തൂക്കിയാണ് നടപ്പ് – ഫുള്‍സ് ക്യാപ്പില്‍ കയ്യെഴുത്തു പ്രതിയും കാര്‍ബണ്‍ കോപ്പിയും. ഇപ്പോള്‍ അവ എവിടെയാണാവോ? ഇന്നാണെങ്കില്‍ ഐപാഡിലെ ഒരു പിഡിഎഫ്. കൊണ്ട് കാര്യങ്ങള്‍ നടത്താം. അത്രതന്നെ. കാനഡാ യാത്രയ്ക്ക് മുന്‍പ് അത് കൂടെ റിസര്‍ച്ച് ചെയ്തിരുന്ന ലത്തീഫിനെ അവ ഏല്‍പ്പിച്ചിരുന്നു. ആദ്യമൊക്കെ അവനുമായി കൃത്യമായി കത്തിടപാടുകള്‍ ഉണ്ടായിരുന്നു. 

‘മധുവും ശാരദയും ലീഡ് റോളുകളില്‍, ഓക്കേ?. ശങ്കരാടിയും സുകുമാരിയും തീര്‍ച്ചയായും വേണം’. വയലാറിനെക്കെണ്ട് പാട്ടെഴുതിക്കാന്‍ അഡ്വാന്‍സ് കൊടുത്തിരുന്നു. സ്വാമിയോട് സംഗീതത്തിന്റെ കാര്യം സംസാരിക്കണം എന്നും ലത്തീഫ് എഴുതിയിരുന്നു. കാനഡക്കാരനായ ഒരു  എന്‍ആര്‍ഐക്കാരന്‍ പൈസ മുടക്കാന്‍ വരും എന്ന പ്രതീക്ഷയിലായിരുന്നു ലത്തീഫ്. സുമേഷ് അതിനു മുന്നിട്ടിറങ്ങും എന്നവന് പ്രതീക്ഷയും കൊടുത്തിരുന്നു. പിന്നെ ഒന്നും നടന്നില്ല. അതിനെപ്പറ്റി പിന്നീട് ഒന്നും അന്വേഷിച്ചുമില്ല. ലത്തീഫ് പിണങ്ങിക്കാണും. അപ്പോഴേയ്ക്കും താല്പര്യം മറ്റു കാര്യങ്ങളിലേയ്ക്ക് മാറിയിരുന്നു.     

ജന്നിഫര്‍ ഇന്നും വന്നിട്ടുണ്ട്. അവളുടെ ക്ലാസുകള്‍ തുടങ്ങാറായിട്ടില്ല. 

‘ക്രിമേഷനുള്ള ഏര്‍പ്പാടെന്തായി?’ 

‘റെഡിയാണ്. അതിനുള്ള പൈസയും തന്നിരുന്നല്ലോ? അത് അഡ്വാന്‍സായി കൊടുത്തിട്ടുണ്ട്. അവര്‍ ആദ്യമത് വാങ്ങാന്‍ മടിച്ചു. ആള് ജീവിച്ചിരിക്കുമ്പോള്‍ വാങ്ങാന്‍ പാടില്ല എന്ന് പറഞ്ഞു’. ഓഷ്യന്‍വ്യൂ സെമറ്ററിയോട് ചേര്‍ന്നാണ് അവരുടെ സ്ഥാപനം.

‘ഒന്ന് വിളിച്ചാല്‍ അവരുടെ വണ്ടി വരും. തിരികെ വരാന്‍ ആളില്ലാത്തതുകൊണ്ട് കുഴപ്പമില്ല.’ എന്ന് തമാശയും പറഞ്ഞു. ‘അവിടെ ചടങ്ങുകള്‍ ഒന്നും വേണ്ട’. 

‘ആഷസ് എടുക്കാന്‍ മറക്കരുത്. അവര്‍ ഒരു ചെറിയ ചെപ്പിലാക്കിത്തരും കേട്ടോ? അത് സുമീന്ദറിന്റെ അമ്മാവന്‍ കുല്‍വിന്ദര്‍ വരുമ്പോള്‍ കൊടുക്കണം. അങ്ങേരുടെ അബോട്സ്ബോര്‍ഡിലെ ഓര്‍ഗാനിക് ഫാമില്‍ അത് വിതറാമെന്ന് അദ്ദേഹം നേരത്തേ സമ്മതിച്ചിട്ടുണ്ട്’. 

സലീനയുടെ മകള്‍ക്ക് കൊടുക്കാനുള്ള ഐപാഡിനെപ്പറ്റി സലീനയോട് ഇതുവരെ പറഞ്ഞിട്ടില്ല. ജന്നിഫറിനറിയാമല്ലോ. സുമീന്ദറിനും. 

ഫാമിന്റെ കാര്യം പറഞ്ഞപ്പോഴാണ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രിന്‍സ് ജോര്‍ജിനടുത്ത് ഹരേകൃഷ്ണ വകയായുള്ള ഫാമില്‍ നിരഞ്ജനയുമൊത്ത് ആദ്യമായി പോയ കാര്യം സുമേഷ് ഓര്‍മ്മിച്ചത്. ചെറുപ്പം എന്ന് പറയാന്‍ വയ്യ. രണ്ടാള്‍ക്കും അപ്പോള്‍ നാല്‍പ്പതു കഴിഞ്ഞിരുന്നു. മനസ്സൊന്നാകാന്‍ തീരുമാനിച്ചപ്പോള്‍ അമ്പലത്തില്‍ വെച്ച് പരസ്പരം തുളസിമാലയിട്ടു എന്നല്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്നില്ല. അതിനു പ്രത്യേകിച്ചൊരു താല്‍പര്യം രണ്ടാള്‍ക്കും തോന്നിയിട്ടില്ല എന്നേയുള്ളു. അവിടെ ഫാംഹൌസില്‍ ചെന്നപ്പോള്‍ രാത്രിയായി. കറണ്ടില്ല. കൂടെവന്ന ജഗന്നാഥന്‍ എന്ന ‘ജാനി’ന് ഇംഗ്ലീഷു വലിയ പിടിയില്ല. സ്പെയിനില്‍ നിന്നാണയാള്‍. അയാള്‍ അമ്പലത്തില്‍ നിന്നും നേദിച്ച രണ്ടുമൂന്നു പഴങ്ങളും കുറച്ചു റവ ഹലുവയും കൊണ്ട് വന്നു വച്ചു. ‘ഹരേ കൃഷ്ണ’ പറഞ്ഞു ജാന്‍ അയാളുടെ മുറിയിലേയ്ക്ക് പോയി. അമ്പലത്തോടു ചേര്‍ന്നാണ് താമസം. അയാള്‍ക്ക് ബ്രാഹ്മണ ദീക്ഷയാണ്. രാവിലെ രണ്ടുമണിക്ക് അമ്പലം തുറന്നു കഴുകി വൃത്തിയാക്കി പൂജയ്ക്ക് തയ്യാറാവണം. 

ആകെയുള്ളത് ഒരു മെഴുകുതിരിയാണ്. മറ്റു വിളക്കുകള്‍ എവിടെയെന്ന് അറിയില്ല. ആ വീട്ടില്‍ താമസിക്കുന്ന ‘മുരാരി’യും കുടുംബവും വാന്‍കൂവറിലെ ഹരേകൃഷ്ണക്ഷേത്രത്തില്‍ പോയിരിക്കുന്നു. അവിടെ രഥയാത്രാ ഫെസ്റ്റിവലുണ്ട്. വീക്കെന്റ് കഴിഞ്ഞേ അവര്‍ വരൂ. തണുപ്പകറ്റാനും ഉള്ളത് പങ്കുവെച്ചു കഴിക്കാനും നിരന്ജനയുടെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നതേ ഓര്‍മ്മയുള്ളൂ. പെട്ടെന്ന് രണ്ടാള്‍ക്കും ഉടലിന്റെ വിശപ്പ്‌ വയറിന്റെ വിശപ്പിനേക്കാള്‍ കൂടുതലായിത്തോന്നി. ആവേശത്തിര ഉയര്‍ന്നു പൊങ്ങി ഒന്നടങ്ങിയപ്പോഴാണ് ബാത്ത്റൂമിന്റെ ആവശ്യം വന്നത്. പക്ഷെ ആ വീട്ടിനുള്ളില്‍ ബാത്ത് റൂം ഉണ്ടായിരുന്നില്ല. ഇത് കാനഡയാണെന്നും കാലം എണ്‍പതുകള്‍ ആണെന്നും ആ വീട്ടില്‍ താമസിക്കുന്നവര്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. കാര്യം സാധിക്കാന്‍ ഇരുട്ട് തന്നെ ശരണം! നല്ല തണുപ്പത്ത് രണ്ടാളുംകൂടി ഇറങ്ങി നടന്നു. മെഴുകുതിരി വീടിനു പുറത്തു കൊണ്ടുവന്നപ്പോഴേയ്ക്ക് കെട്ടും പോയി!

കഥായോർത്ത് മുഖത്ത് പുഞ്ചിരി വരേണ്ടതാണ്. പക്ഷെ ഏഎല്‍എസ് കനിഞ്ഞ്‌ അനുഗ്രഹിച്ചാല്‍പ്പിന്നെ യാതൊരു വികാരവും പേശികളില്‍ വരില്ല. ജെന്നിഫര്‍ കാത്തുനില്‍ക്കുന്നു. അവള്‍ ആ പുഞ്ചിരി കണ്ടില്ല. എങ്കിലും എന്തോ അറിഞ്ഞതുപോലെ അവള്‍ ചോദിച്ചു. 

‘എന്താ കണ്ണിലൊരു തിളക്കം?

‘നതിംഗ് ഡിയര്‍’ എന്ന് കണ്ണ് കാണിച്ചു. കമ്പ്യൂട്ടര്‍ അതെഴുതിക്കാണിച്ചു. അവള്‍ക്ക് ഇന്ന് നേരത്തേ വീട്ടില്‍ പോവണം. ഇവിടെയെത്തിയിട്ട് മാസം നാലാകുന്നു. ജന്നിഫറിന്റെ വോളണ്ടിയര്‍ പണി മൂന്നുമാസമായി. ഇനിയും ഒരു മാസം കഴിഞ്ഞാല്‍ അവളുടെ മെഡിക്കല്‍ അഡ്മിഷന്‍ ശരിയായേക്കും.

നിരഞ്ജന നേരത്തേ തന്നെ യാത്രയായിരുന്നുവല്ലോ. അവള്‍ക്കും ‘പഴയവസ്ത്രം മാറുന്ന’ ഈ പരിപാടിയെപ്പറ്റി വലിയ പേടിയൊന്നുമില്ലായിരുന്നു. സുമേഷിന്റെ കൂടെ കൂടിയ ശേഷം പ്രത്യേകിച്ചും. അവളുടെ കൂടെയുള്ള സമയങ്ങള്‍ ആകെ ഒരുല്ലാസത്തിലായിരുന്നു. ആ മെലിഞ്ഞ ദേഹത്തില്‍ വേദനയും അസുഖങ്ങളും ഇല്ലാത്ത ഒരിടവും ബാക്കിയുണ്ടായിരുന്നില്ലെങ്കിലും വല്ലപ്പോഴും വീട്ടില്‍ വരുന്ന കുമാറിനോടവള്‍ തമാശ പറയുന്നത് കേള്‍ക്കാം. 

‘ഹലോ, നമസ്കാരം.. എന്നുപറഞ്ഞാണ് വാചകമടി തുടങ്ങുക. മലയാളമായി അതും, പിന്നെ ‘കനികാനും നേരം...’ എന്ന പാട്ടിനെ കൊല്ലലുമാണ് കുമാറുമായുള്ള സൊള്ളലിലെ പ്രധാന പരിപാടി. അതൊന്നും കേള്‍ക്കാത്തതുപോലെ താനിരിക്കും. പിന്നെ കുമാർ കൊണ്ടുവരുന്ന ഒരു ചോക്ലേറ്റ് ബാര്‍ ഒളിച്ചു വച്ചു കഴിക്കലാണ്. മധുരം പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞാലും നിരഞ്ജന പറയും – ‘അധരം മധുരം.. മധുരാധിപതേരഖിലം മധുരം എന്നല്ലേ, അപ്പോള്‍ ഒരു ചോക്ലേറ്റൊക്കെ ആകാം.’

കാല്‍മുട്ട്, അരക്കെട്ട്, കൈമുട്ട്, ആമാശയം എന്നുവേണ്ട എല്ലായിടത്തും സര്‍ജന്‍മാര്‍ പയറ്റിത്തെളിഞ്ഞ ദേഹമാണ് അവളുടേത്. ഹൈസ്ക്കൂള്‍ മാത്രം കഷ്ടിച്ചു പാസായ അവള്‍ ഒരിക്കല്‍ കുമാറിനോടു വീരസ്യം പറയുകയാണ്.

‘ലുക്ക്, എനിക്കിനി സര്‍ജറി ഏതു വേണമെങ്കിലും സ്വയം ചെയ്യാന്‍ പറ്റും. ഞാന്‍ നോളജ് നെറ്റ് വര്‍ക്കില്‍ എല്ലാ സര്‍ജ്ജറിയും കണ്ടു പഠിച്ചിട്ടുണ്ട്. മാത്രമല്ല, ആ സര്‍ജ്ജറികള്‍ എല്ലാം എന്റെ ദേഹത്ത് ചെയ്തിട്ടുമുണ്ട്. അപ്പോള്‍ എനിക്ക് തിയറിയും പ്രാക്ടിക്കലും അറിയാം. എന്താ ശരിയല്ലേ?’

 അവസാനം ഡോക്ടര്‍മാര്‍ അവളില്‍ നടത്തിയ ഒരു സര്‍ജ്ജറി കഴിഞ്ഞ് നിരഞ്ജന വീട്ടിലേയ്ക്ക് തിരിച്ചു വന്നില്ല. പഴയ വസ്ത്രം അവള്‍ ഉപേക്ഷിച്ചു കടന്നുപോയി.

ജന്നിഫറിനെ അന്നും സന്തോഷത്തോടെ യാത്രയാക്കി. ഇനി എന്തൊക്കെ ചെയ്തു തീര്‍ക്കണം എന്നുള്ളത് അടുക്കടുക്കായി ഓര്‍മ്മിക്കട്ടെ. നാട്ടിലുള്ള അമ്മയെ ഒന്നും അറിയിക്കണ്ട. ആകെയുള്ള അനിയനോട് ഈമെയില്‍ വഴി കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അമ്മയെ കാശിക്ക് കൊണ്ടുപോകാനാണല്ലോ അവസാനമായി നാട്ടില്‍ പോയത്. പത്തുകൊല്ലമായിക്കാണണം. ഇപ്പോള്‍ അമ്മയുടെ ഓര്‍മ്മയൊക്കെ മങ്ങിപ്പോയിരിക്കുന്നു. എങ്കിലും അന്ന് വഞ്ചിയിലിരുന്നു സന്ധ്യാസമയത്ത് കണ്ട ഗംഗാ ആരതിയെപ്പറ്റി അടുത്ത കാലം വരെ എപ്പോള്‍ വിളിച്ചാലും അമ്മ പറയാറുണ്ട്‌.  മറവി രോഗം ബാധിച്ച അച്ഛനെ പതിനാല് കൊല്ലം നോക്കി നോക്കി അമ്മയ്ക്കും അതിന്റെ ഒരംശം കിട്ടിക്കാണണം. അച്ഛന്‍ യാത്രയായിട്ടേ താന്‍ എങ്ങോട്ടും പോകുന്നുള്ളൂ എന്നമ്മയ്ക്ക് നിര്‍ബ്ബന്ധമായിരുന്നു. ‘മക്കള് നോക്കിയാല്‍ ഒന്നും അങ്ങട് ശരിയാവില്യ. അദ്ദേഹത്തെ ഇവിടെ ഇട്ടിട്ട് ഞാനെങ്ങോട്ടും ഇല്ല.’ എന്നായിരുന്നു വാശി.

കാശി യാത്രയെപ്പറ്റി താന്‍ പറഞ്ഞതു കേട്ട് ഡോക്ടര്‍ കുമാറിനും ആ ദിവ്യനഗരം കാണാന്‍ വലിയ താല്പര്യമായി. രണ്ടാഴ്ചമുന്‍പ് കാശിയിലേക്ക് ടൂറുപോയ കുമാറിനോട് പറഞ്ഞത് ‘താന്‍ പോയി വരുമ്പോഴേയ്ക്ക് എന്റെ തീര്‍ത്ഥയാത്ര തുടങ്ങിയിട്ടുണ്ടാവും’ എന്നാണ്. ദീര്‍ഘയാത്രയുടെ സമയം അടുത്തെത്തി എന്ന തോന്നലിപ്പോള്‍ കൂടുതലാണ്.

യാത്രയ്ക്ക് മുന്‍പ് കുമാർ  വന്നപ്പോള്‍ ഒരതിഥി കൂടി ഉണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പും കുമാർ  തന്നിരുന്നില്ല. ‘നമസ്തേ! എന്ന് പറഞ്ഞുകൊണ്ട് കിടക്കയില്‍ പതിഞ്ഞു കിടന്ന കൈകള്‍ അദ്ദേഹം കടന്നു പിടിച്ചു. മനസ്സിലായി! പത്തുപതിനഞ്ചുകൊല്ലം മുന്‍പ് വാഷിംഗ്‌ടണ്‍ ഡീസിയില്‍ നടന്ന ഭാഗവതസമ്മേളനത്തില്‍ വെച്ച് പരിചയപ്പെട്ട കാര്‍ത്തി ഇപ്പോള്‍ കാവിയുടുത്ത സന്യാസിയാണ്. കണ്ണുകളിലെ തിളക്കവും നെറ്റിയുടെ വീതിയും കാര്‍ത്തിയെ മറ്റുള്ളവരില്‍ നിന്നും അന്നേ വ്യത്യസ്തനാക്കി യിരുന്നു. കംപ്യൂട്ടര്‍സയന്‍സില്‍ ഡോക്ടരേറ്റ് ഉള്ള കാര്‍ത്തി  ഭാഗവതത്തിലെ ശാസ്ത്രസംബന്ധിയായ കാര്യങ്ങളായിരുന്നു അന്നവിടെ പ്രസംഗിച്ചത്. പിന്നീട് കുമാറുമായി സംസാരിക്കുമ്പോള്‍ തമാശയായി പറയാറുണ്ട്‌. ‘കാര്‍ത്തിയെക്കണ്ടില്ലേ, പറഞ്ഞുപറഞ്ഞു കളി കാര്യമായി’. ആളിപ്പോള്‍ ലോകപ്രശസ്തനായ സന്യാസിയാണ്. കാശിയിലും  ആശ്രമത്തിനു ശാഖയുണ്ട്. സ്വാമിയുടെ വാക്കുകള്‍ മാത്രമായിരുന്നു കുറച്ചു നേരം ആ കട്ടിലിനു ചുറ്റും. ഭാഗവതകഥകള്‍ എത്ര കേട്ടാലും മതിവരലില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു. ‘എല്ലാം കാശീവിശ്വനാഥന്റെ കൃപ. ഇപ്പോളീ കൂടിക്കാഴ്ചയോ അത് കുമാറിന്റെ കൃപ.’

കുമാർ കാശിയില്‍ എത്തിയ ആദ്യദിവസം തന്നെ ബലിതര്‍പ്പണം ചെയ്യാന്‍ പോയി. ക്ഷേമേശ്വര്‍ഘാട്ടില്‍ ഒരു തെലുഗു സ്വാമിയുടെ വീട്ടിലേയ്ക്കാണ് ആദ്യം ചെന്നത്. ആ ഘാട്ടിന്റെ യജമാനന്‍ അനുവദിക്കാതെ ബലിയിടല്‍ എന്നല്ല, യാതൊന്നും അവിടെ നടക്കില്ല. നാലഞ്ചടി വീതിയുള്ള നീണ്ട ഗലികളാണ് കാശി നഗരം മുഴുവന്‍. അതിലൂടെ പശുവും മനുഷ്യനും ഓട്ടോയും, സൈക്കിള്‍ റിക്ഷയും മോട്ടോര്‍ സൈക്കിളും എല്ലാം തിരക്കില്‍ നീങ്ങുന്നു. ബേലുപുരയിലെ റോഡില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകത്ത് മാറിയാണ് മഠം. അവിടെ നിന്ന് കടവിലേയ്ക്ക് വീണ്ടും ഒരര കിലോമീറ്റര്‍ നടക്കണം. 

ഗംഗാതീരത്ത്‌ രംഗനാഥശാസ്ത്രിക്ക് മുന്നില്‍ കുമാർ ചമ്രം പടിഞ്ഞിരുന്നു. നല്ല ഒഴുക്കുണ്ട്. മണ്ണുകലങ്ങിയ വെള്ളം മുകളിലത്തെ പടിവരെ കയറിയിരിക്കുന്നു. തനിക്ക് മുന്‍പ് ബലിയിടാന്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീയോട് ശാസ്ത്രികള്‍ പറഞ്ഞു. ‘മാജി, നിങ്ങള്‍ കയ്യില്‍ ഉള്ളതുപോലെ എന്തെങ്കിലും ദക്ഷിണയായി തന്നാല്‍ മതി. എന്നെയല്ല, ഗംഗാമാതാവിനെ മാത്രം പ്രസാദിപ്പിക്കൂ. അതാണ്‌ മുഖ്യം.’

രംഗനാഥശാസ്ത്രികള്‍ തെലുഗുനാട്ടില്‍ നിന്നാണ്. മലയാളം  അറിയില്ലെങ്കിലും അവിടുത്തെ രീതികള്‍ കുറച്ചൊക്കെ അറിയാം. ശാസ്ത്രികള്‍ കുമാറിനോട് പറഞ്ഞു. ‘കേരളനാട്ടില്‍ നിന്നാവു മ്പോള്‍ നിങ്ങള്‍ ഇനിയും കുറച്ചുപിണ്ഡം കൂടി വയ്ക്കണം. അത് സ്ത്രീകള്‍ക്കായാണ്. ചോറല്ല, ഇവിടെ ഗോതമ്പ് കൊണ്ടാണ് പിണ്ഡം. കേരളത്തില്‍ നിന്നും വരുന്നവര്‍ മാത്രമേ സ്ത്രീകള്‍ക്ക് വേണ്ടി പിണ്ഡം വയ്ക്കൂ. മുപ്പത്തിരണ്ട് പിണ്ഡങ്ങള്‍ കൂടി വേണം. മരിച്ചു മുകളില്‍ നില്‍ക്കുന്ന ബന്ധുക്കള്‍ക്ക്, മിത്രങ്ങള്‍ക്ക്, ഗുരു ജനങ്ങള്‍ക്ക്, കൂടെക്കഴിഞ്ഞും നമ്മെ സേവിച്ചും കഴിഞ്ഞ ജന്തുജീവികള്‍ക്ക്, കഴിഞ്ഞുപോയ ഏഴു തലമുറയ്ക്ക്, പിന്നെ വരാന്‍ പോകുന്ന ഏഴു തലമുറയ്ക്ക്. മരങ്ങള്‍ക്ക്, ചെടികള്‍ക്ക്.’ കുമാറിന്റെ മനസ്സു നിറഞ്ഞു. ഒന്നുകൂടി മുങ്ങി നിവര്‍ന്നു വന്നപ്പോഴേയ്ക്ക് ഗംഗ പ്രസാദിച്ചതുപോലെ മനസ്സും ദേഹവും കുളുര്‍ത്തു.

അന്ന് ജന്നിഫര്‍ ഹോസ്പീസില്‍ വന്നപ്പോള്‍ നാലരമണിയായി. സുമീന്ദറും സലീനയും അവിടെയില്ലായിരുന്നു. കൌണ്ടറിലും ആരുമില്ല. പ്രഭുജിയുടെ വെള്ളക്കുപ്പായത്തിനു പകരം കട്ടിലില്‍ മഞ്ഞനിറത്തില്‍ പുതിയ കുപ്പായം ധരിച്ച നീണ്ടൊരു രൂപം. അവള്‍ പതുക്കെ കട്ടിലിനടുത്ത് ചെന്നു. എന്നിട്ട് അലമാരയിലേയ്ക്ക് പതിവുപോലെ കൈ നീട്ടി നോക്കി. അവിടെയിരുന്ന ഭഗവദ്ഗീത കാണാനില്ല. പകരം മറ്റേതൊക്കെയോ പുസ്തകങ്ങള്‍. കട്ടിലില്‍ പുതുമയുള്ള വസ്ത്രമണിഞ്ഞു വേറൊരാള്‍ അവളെ നോക്കി പുഞ്ചിരിക്കുന്നു.

ജെന്നിഫര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രഭുജിയെ കാണാന്‍ വന്നപ്പോള്‍ വായിച്ച ഭാഗം പുസ്തകമില്ലെങ്കിലും കൃത്യമായി ഓര്‍ത്തെടുത്തു. ഇപ്പോള്‍ ആ വാക്കുകള്‍ക്ക് നല്ല തെളിച്ചമുണ്ട്. ആ ശ്ലോകം നന്നായി ചൊല്ലാന്‍ അവള്‍ക്കറിയാം.

“വാസാംസി ജീര്‍ണ്ണാനി യഥാവിഹായ, നവാനി ഗൃഹ്ണാതി നാരോ പരാനി,

തഥാ ശരീരാണി വിഹായ ജീര്‍ണ്ണാനി,  അന്യാനി സംയാതി നവാനി ദേഹീ” 

‘ആസ് എ പേര്‍സന്‍ ഡിസ്കാര്‍ഡ്സ് ഓള്‍ഡ്‌ ഗാര്‍മെന്റ്സ്........

 

 

ALS - Amyotrophic Lateral Sclerosis: നാഡീവ്യൂഹം തളര്‍ന്ന് പേശികളെ തീരെ അവശമാക്കുന്ന രോഗമാണിത്. കൈകാലുകളേയും മറ്റ് മാംസപേശികളെയും ഇത് ബാധിക്കാം. ഈ രോഗമുള്ള മിക്കവാറും പേര്‍ക്ക് മനസ്സ് നന്നായി ഉണര്‍ന്നിരിക്കും. ചുറ്റുപാടുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും കേള്‍ക്കാനും കാണാനും പറ്റും. പക്ഷെ പ്രതികരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഏഎല്‍എസ് സൊസൈറ്റികള്‍ രോഗികളെ ആശയവിനിമയത്തിന് സഹായിക്കാന്‍ കമ്പ്യൂട്ടറും മറ്റും കൊടുക്കാറുണ്ട്. ലോകപ്രശസ്തനായ സ്റ്റീവന്‍ ഹോക്കിന്‍സിനും ഇതുപോലുള്ള ഒരു ന്യൂറോളജിക്കല്‍ അസുഖമാണുണ്ടായിരുന്നത്.

 


Wednesday, May 14, 2025

കവിയാണ് കവിതയുടെ ആദ്യരസികൻ - സുകുമാർ കാനഡയുടെ കവിതാ സമാഹാരം "ഞാനതിൻ രസികനേകൻ"

 Book Review in Manorama Literature Section




കവിയാണ് കവിതയുടെ ആദ്യരസികൻ

ജേക്കബ് ജോൺ, ന്യൂയോർക്ക്

 ഇക്കഴിഞ്ഞ ഒക്ടോബർ 20ന്  ഡോ. സുകുമാർ കാനഡയുടെ കവിതാസമാഹാരം “ഞാനതിൽ രസികനേകൻ” നാഷ് വില്ലിൽ (യു എസ് എ)  നടന്ന ലാനയുടെ  രജതജൂബിലി സമ്മേളനത്തിൽ സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ കെ. പി രാമനുണ്ണി പ്രകാശനം ചെയ്യുകയുണ്ടായി.

 ഇരുന്നൂറോളം പേജുകളിൽ കവിതകൾ, ഭാവഗീതങ്ങൾ, ഗാനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി പരന്നു കിടക്കുന്ന രചനകൾ ചേർന്ന ഒരു കാവ്യസരസാണ് ഡോ. സുകുമാർ കാനഡയുടെ 'ഞാനതിൽ രസികനേകൻ' എന്ന കാവ്യസമാഹാരം. അനിൽ കാവാലത്തിന്റെ ആമുഖം, ശ്രീമതി സാവിത്രി പുറത്തിന്റെ അവതാരിക ഇവയോട് കൂടിയാണ് ഈ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.


“മധുരമ,ൽപ്പം ചവർപ്പും പുളിയുമി,

ത്തിരി കൈപ്പുമാവട്ടെ,

നമ്മിലിഴചേരുന്ന നിത്യജീവിത

ക്കാഴ്ച്ചതന്നുപ്പാവട്ടെ,

കണ്ണുനീരിറ്റുന്ന നീറ്റമാവട്ടെ, നാം

നെഞ്ചേറ്റും  തണുപ്പാവട്ടെ,

സൂര്യനു കീഴിലെന്തിനേയും തുറന്നു

പാടിപ്പരത്താനാഞ്ഞടിക്കുന്ന 

കാറ്റാവട്ടെ; ഭൂമികുലുക്കങ്ങളെ,

മുൻകൂട്ടിക്കണ്ടുണർത്തിക്കുന്ന

തോറ്റമാകട്ടെ, കവിത: മനനത്തിനു

മനുഷ്യനു കൂട്ടായ് തുടരട്ടെ.

നേരിന്റെ ഉർവ്വരതയുമായ് പാടട്ടേ കവി;

കേൾക്കുവാൻ മറ്റാരുമില്ലെങ്കിലും

കവിതന്നെയാണതിന്നാദ്യരസികൻ” 

ഇങ്ങിനെ തനിക്ക് കവിത എന്താണ് എന്ന പ്രസ്താവനയോടെയാണ് കവി തന്റെ സമാഹാരം അവതരിപ്പിക്കുന്നത്.

                  

ഡോ. സുകുമാർജിയുടെ കാവ്യസമാഹാരം, “ഞാനതിൻ രസികനേകൻ” എന്ന തലക്കെട്ടിന്റെ സാരസ്യം രസം,  രസത്തിന് ആധാരമായ വസ്തു,  രസിക്കുന്ന വ്യക്തി ഇത് മൂന്നും മൂന്നല്ല ഏകമാണ് എന്ന ഭാരതീയ ദർശനമാണ്.  അറിവിനെക്കുറിച്ചാണ് സാധാരണ അങ്ങിനെ പറഞ്ഞു നാം കേട്ടിട്ടുള്ളത്. അറിവ്, യാതൊന്നിനെ അറിയാൻ ശ്രമിക്കുന്നുവോ ആ വസ്തു, അറിയാൻ ശ്രമിക്കുന്ന വ്യക്തി ഇത് മൂന്നും ഒന്നാണ് എന്ന് ഒരാൾ തിരിച്ചറിയുമ്പോൾ അയാൾ പരമമായ അറിവിൽ എത്തിച്ചേരുന്നു.  ത്രിപുടി മുടിയുന്ന അവസ്ഥ എന്നാണ് ശ്രീനാരായണ ഗുരു ഇതിനെപ്പറ്റി പറയുന്നത്. ആ ദർശനം തന്നെയാണ് ഈ കാവ്യസമാഹാരത്തിന്റെ അന്തസത്ത.

“കാലദേശാവധിഭ്യാം നിർമുക്തനായ” ഭഗവാനെ അറിഞ്ഞാൽ, ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ, നമ്മുടെ നിത്യപ്രവാസം തീരും എന്ന് കവിക്ക് ഉറപ്പാണ്. ആ ‘ഭഗവാൻ’ സംഘടിത മതങ്ങളുടെ പരിമിതപ്രഭാവമുള്ള ഈശ്വരസങ്കൽപ്പമല്ല സുകുമാറിന്. 

"പ്രവാസം" എന്ന കവിത മനോഹരവും അർത്ഥഗര്‍ഭവുമായിരിക്കുന്നു. അതിൽ

“കേവലം കാലവേഗാദി പ്രവാസമീ

ഉടലിന്നുലാവും പ്രസക്തി”

എന്ന്  കവി തത്വചിന്താത്മകമായി ജീവിതത്തെ സമീപിക്കുന്നു.

മറ്റുചില കവിതകൾ നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നു. പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും എല്ലാം എല്ലാം ഈ കവിതകളിൽ വന്നു മറയുന്നുമുണ്ട്.

“സുപ്രസാദസങ്കീർത്തനം” എന്ന കവിതയക്ക് കവിയുടെ ജീവിതവീക്ഷണം എന്തെന്നു വായന ക്കാരിലേക്ക്  പകരാൻ കഴിയുന്നുണ്ട്. 

"അപ്രതീക്ഷിതം സുപ്രസന്നമീ

സുപ്രസാദസങ്കീർത്തനം

അപ്രമേയ നിന്നാത്മചൈതന്യ

മാകവേ ഭുവിപൂരിതം

സർവസാഗര, മന്തരീക്ഷദ്യോവിലും

ക്ഷീരപഥത്തിലും

സത്യമാനന്ദ ചിന്തയാലുന്നതം

നിൻ സ്മരണയും ." 

പിന്നീട്  കവി സ്വയം കണ്ടെത്തിയ സനാതനസത്യമായ "ഞാനതിൻ രസികനേകനിൽ” എത്തുമ്പോൾ നിസ്സംഗനായി ജീവിതത്തെ നോക്കികാണുന്ന ഒരുവന്റെ ദാർശനിക ചിന്തയാണ്  തെളിഞ്ഞു കാണുന്നത്.

"നിരനിരയടുക്കിയ ഗ്രന്ഥശേഖരത്തിലൊന്നിൽ

കനമുള്ള പുസ്തകത്തൂവെള്ളത്താൾകളിൽ

ആരെഴുതി വച്ചീ ജീവിതമഹാകാവ്യം?" എന്നാണ് കവി ആശ്ചര്യപ്പെടുന്നത്.

സൂര്യന് കീഴിലുള്ളതെന്തും കവിതയ്ക്ക് വിഷയമാക്കാം എന്ന് കവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂര്യന് കീഴിലുള്ളത് മാത്രമല്ല സൂര്യന് മുകളിലുള്ളതും താൻ കവിതയ്ക്ക് വിഷയമാക്കും എന്ന് സുകുമാർജി പ്രഖ്യാപിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് താൻ എഴുതും എന്നുമാത്രമല്ല അതിന്റെ അർത്ഥം. വേദാന്തഭാഷയിൽ പറഞ്ഞാൽ സൂര്യനും സൂര്യനായിട്ടുള്ളതിനെയും താൻ കവിതയ്ക്ക് വിഷയമാക്കും എന്നാണ് അതിന്റെ അർത്ഥം.  അതിലാണ് കവിയുടെ കാവ്യനിർവൃതി എന്ന് വായനക്കാർ തിരിച്ചറിയുന്നു.

ഏതൊരു കവിക്കും അയാളുടെ കവിതയെ തന്റെ ആത്മാവിനോട് ചേർത്ത് ബന്ധിക്കുന്ന ഒരു പ്രധാന തന്തു അഥവാ ഒരു പൊൻചരടുണ്ടായിരിക്കും. ശ്രീ സുകുമാറിന്റെ കവിതകളിൽ ആ പൊൻചരട് ഭക്തിയാണ് അല്ലെങ്കിൽ ആത്മീയതയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഭക്തി എന്ന് പറയുമ്പോൾ ആർഷഭാരതസംസ്ക്കാരത്തിൽ ഉരുത്തിരിഞ്ഞ വേദാന്തപ്രോക്തമായ ഈശ്വരഭക്തി എന്ന് എടുത്ത് പറയണം. ഭക്തകവികൾ നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരു പുതുമയല്ല.  എഴുത്തച്ഛൻ ഭക്തകവിയാണ്.  ആശാൻ ഭക്തകവിയാണ്, പിന്നീട് തത്വജ്ഞാനിയായ കവി എന്ന് അദ്ദേഹത്തിനു സ്ഥാനക്കയറ്റം കിട്ടുന്നുണ്ടെങ്കിൽകൂടി തുടക്കം ഭക്തിയിലാണ്.  ഒന്നാന്തരം ഒരു കാൽപ്പനീക കവിയായ പി.  കുഞ്ഞിരാമൻ നായർ ഭക്തകവിയാണ്.  വള്ളത്തോൾ ഭക്തകവിയാണ്, പക്ഷേ അദ്ദേഹത്തിൽ മുന്നിട്ട് നിൽക്കുന്നത് ദേശഭക്തിയാണ് എന്നൊരു വ്യത്യാസം ഉണ്ട്.  

ഭക്തന്മാർ സക്തന്മാരും ആയിരിക്കും എന്ന ഫോർമുല അനുസരിച്ച് ജീവിതാസക്തിയെ വെളിപ്പെടുത്തുന്ന ശൃംഗാരരസപ്രധാനമായ കവിതകളും ഈ സമാഹാരത്തിൽ ഉണ്ട്. 

‘സുഖദം’ എന്ന കവിതയിൽ, 

"പേലവമെങ്കിലും കൈകൾ മുറുകെയെൻ

തനുവിന്റെ ഭൂമികയാകെ തിരഞ്ഞും

തരളിതമാം ഗാത്രമറിയാതെയുതിരുന്ന

പനിനീരരുവിയിൽ മുങ്ങിനീർന്നും

പെട്ടെന്നു പൂത്തും ഉലഞ്ഞും ചിറകടിച്ചാർത്തും

പെരുമ്പറകൊട്ടി മുഴക്കിയും പേർത്തും

പെരുമഴ, യൊഴി, ഞ്ഞഴിഞ്ഞാടിയുലയുന്നതാം

ശാഖിയെപ്പോലൊന്നുലാവി ലാസ്യം." 

എന്ന് പറയുമ്പോൾ വേദന്തത്തിലെന്നപ്പോലെ ജീവിതരതിയിലും ആനന്ദം കണ്ടെത്തുന്ന കവിയെ നമുക്ക് കാണാം. 

എലിസബെത്ത്  രാജ്ഞി അന്തരിച്ചപ്പോൾ “മഹാത്മാ തുന്നിയ കൈത്തൂവാല” എന്ന കവിതയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യശക്തിക്ക് നഷ്ടമായ ഒരു സന്ദേശത്തിന്റെ കഥയാണ് സുകുമാർ പറയുന്നത്. ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയും സമാഹാരത്തിൽ കൊടുത്തിട്ടുണ്ട്. 

അവതാരിക എഴുതിയ ശ്രീമതി സാവിത്രി പുറം കവിതകളിൽ  കണ്ടെത്തിയത് ആത്മീയതയുടെ വിവിധ മാനങ്ങളാണ്. അവർ എഴുതുന്നു: “കവിതകളില്‍ വിവേകാനന്ദസ്വാമിയേയും, ചിന്മയാനന്ദസ്വാമിയേയും, മാതാ അമൃതാനന്ദമയിയേയും, ക്രിസോസ്റ്റം തിരുമേനിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. "അഹം" എന്ന ഓ.എൻ.വി. കവിതയോടുള്ള വിയോജനക്കുറിപ്പായ മറുകവിതയിലെ വരികൾ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സുകുമാറിന്റെ സ്വകാര്യനോവ് പലവായനക്കാരേയും സ്പർശിക്കും എന്നതിലെനിക്ക് സംശയമില്ല്യ.”

ആഴമുള്ള ആശയങ്ങൾ ഉൾക്കൊളളുന്ന കവിതകളുടെ കൂടെ ലളിതമായ ഗാനങ്ങളും ഗസലുകളും ഈ സമാഹാരത്തിൽ കാണാം. ഈണമിട്ട് പാടാൻ പറ്റിയ വരികൾ പല കവിതകളിലും ഉണ്ട്. വൃത്തനിബദ്ധമല്ലെങ്കിലും തന്റെ കവിത താളനിബദ്ധമാവണം എന്നൊരു നിർബ്ബന്ധബുദ്ധി കവിക്കുണ്ടെന്ന് തോന്നുന്നു. ഒന്നു രണ്ടു ഗദ്യകവിതകൾ സമാഹാരത്തിൽ ഉള്ളത് വളരെയധികം ശ്രദ്ധിക്കപ്പെടുമെന്ന് തോന്നുന്നില്ല. 

പ്രസിദ്ധ എഴുത്തുകാരൻ അനിൽ  കാവാലം തന്റെ ആമുഖത്തിൽ കാലവറയില്ലാതെ ഈ സമഹാരത്തെ പ്രശംസിക്കുന്നത് ഇങ്ങിനെയാണ്: “കവിതയും അനുവാചകനും തമ്മിലുള്ള ലയനം സാദ്ധ്യമാക്കുന്ന കവിതകൾ രചിക്കുന്ന ഈ കവിക്ക് മലയാളകവിതാവേദിയിൽ കടന്നുനിൽക്കാൻ ഇടമുണ്ട് എന്നുതന്നെ പറയാം. പ്രവാസികളാണ് നാടിനെക്കുറിച്ച് മനോഹരമായി എഴുതുന്നതെന്ന് ഈ കവിതകൾ വിളിച്ചു പറയുന്നുണ്ട്.”

താളത്തിൽ ചൊല്ലാവുന്ന കവിതകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഈ കവിതാ സമാഹാരം. ഇതിലെ കവിതകളിലൂടെ കടന്നുപോകുമ്പോൾ നാമും അനിൽ കാവാലത്തിന്റെ അഭിപ്രായത്തോട്  യോജിക്കുകതന്നെചെയ്യും.

--------------------------------------------------------------------

“ഞാനതിൻ രസികനേകൻ” - ഡോ സുകുമാർ കാനഡ

www. pothi.com  Alatiyam publication – print & ebook

Rs 299/-

Sunday, March 23, 2025

ഒരു കയ്യിൽ മാലയും മറുകയ്യിൽ ഭാലയും - ആത്മീയതയുടെ കർമ്മകാണ്ഡം

 ഒരു കയ്യിൽ മാലയും മറുകയ്യിൽ ഭാലയും

നാഗ സന്യാസിമാർ - ആത്മീയതയുടെ കർമ്മകാണ്ഡം

പരമപൂജ്യ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി
മലയാളിക്ക് കുംഭമേള എന്തെന്ന് മനസിലാക്കിക്കൊടുത്തയാൾ
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി -പൂർവ്വാശ്രമത്തിൽ ക്ഷുഭിതയൌവ്വനത്തിളപ്പിൽ സമൂഹത്തെ മാറ്റത്തിന്റെ പാതയിൽ കൊണ്ടുവരുവാൻ മാർക്സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി പരിശ്രമിച്ചയാളാണ്. എസ് എഫ് ഐ നേതാവ്, ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം രാഷ്ട്രീയത്തിന്റെ എല്ലാത്തരം പ്രവർത്തനങ്ങളിലും – കയ്യാങ്കളിയടക്കം, പയറ്റിത്തെളിഞ്ഞ ആളാണ് ഇപ്പോൾ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി അവരോധിക്കപ്പെട്ട് ദക്ഷിണഭാരതത്തിന് പുതിയൊരു ആത്മീയ ഉണർവ്വു നല്കാൻ നിയുക്തനായിരിക്കുന്നത്. അറിയപ്പെടുന്ന പത്രപ്രവർത്തകൻ - ജേർണലിസത്തിൽ റാങ്ക് നേടിയ ആളാണ്, ഗ്രന്ഥകാരൻ, ഇപ്പോളിതാ സത്യാന്വേഷി, കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ നാഗസന്യാസപരമ്പരയിലെത്തി സമൂഹത്തിനായി സ്വയം സമർപ്പിച്ചയാൾ.
സന്യാസിമാരുടെ കൈകളിൽ ഒന്നിൽ മാലയും മറ്റേതിൽ ഭാലയും (ആയുധവും) ഉണ്ടെങ്കിൽ മാത്രമേ കർമ്മസന്യാസിയായി സമൂഹത്തെ സേവിക്കുവാനാവൂ എന്ന ബോദ്ധ്യത്തിൽ പന്ത്രണ്ട് വർഷത്തെ കഠിനപരിശീലനങ്ങൾക്കു ശേഷം ജൂനാ അഖാഡയിൽ ചേർന്ന ആളാണ് സ്വാമി ആനന്ദവനം ഭാരതി. പതിമൂന്ന് അഖാഡകളാണ് കുംഭമേളയിലെ പ്രധാന സന്യാസി സമൂഹം. അഖാഡ എന്ന് പറഞ്ഞാൽ ‘കളരി’ എന്ന് മലയാളത്തിൽ പറയാമെന്ന് തോന്നുന്നു. കർമ്മ സന്യാസികളാണ് അവയിലുള്ളത്. അഖാഡകളിൽ ലക്ഷക്കണക്കിന് സന്യാസിമാരും മറ്റ് അംഗങ്ങളും ഉണ്ട്. അതിൽ ജൂനാ അഖാഡയിൽ മാത്രം ഇത്തവണത്തെ കുംഭമേളയിൽ പതിനായിരം പേർ സന്യാസം സ്വീകരിച്ചു. ആദിശങ്കരൻ ഉത്തരഭരതത്തിലേക്ക് സഞ്ചരിച്ച് ഭാവന ചെയ്ത അഖാഡ സമ്പ്രദായത്തിൽ കേരളത്തിൽ നിന്നുള്ള ചുരുക്കം ചിലർ മാത്രമേയുള്ളൂ. കേരളത്തിൽ നിന്നുള്ള നാഗസന്യാസി ആനന്ദവനം ഈ കുംഭമേളയിൽ വച്ച് ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ ആയി സ്ഥാനമേറ്റതോടെ, ശങ്കരാചാര്യർ സന്യാസ സമ്പ്രദായങ്ങൾ സ്ഥാപിച്ചിട്ട് പിന്നീട് അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന നോർത്ത് ഇൻഡ്യക്കാരുടെ പരാതി തീർക്കുവാനും ഈ മഹാമണ്ഡലേശ്വർ പദവിയ്ക്ക് സാധിക്കുന്നുണ്ട്.

കുംഭമേളയിൽ ജൂനാ അഖാഡ കാളികാ പീഠത്തിലെ ശ്രീചക്രപൂജ.

കുംഭമേളയിൽ സ്വാമിജിയുടെ ശിബിരത്തിൽ ലേഖകനും ഡോ ധർമ്മപാലനും
ഇക്കഴിഞ്ഞ പ്രയാഗ് രാജ് – മഹാകുംഭമേളയിലൂടെ ദക്ഷിണഭാരതത്തെ, പ്രത്യേകിച്ച് കേരളത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നിമിത്തമായത് സ്വാമി ആനന്ദവനത്തിന്റെ പ്രവർത്തനങ്ങളാണ്. ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന ഒരു സാംസ്കാരിക, ആത്മീയ ആഘോഷം; ചരിത്രപരമായും പുരാണപരമായും ഭാരതത്തിന്റെ ദേശീയതയിൽ അലിഞ്ഞുചേർന്ന കൂട്ടായ്മ, 144 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നക്ഷത്ര-ഗ്രഹനിലകളുടെ ദിവ്യ മുഹൂർത്തനാളുകൾ, എന്നിങ്ങിനെ അത്യപൂർവ്വമായ ഒരു പ്രതിഭാസത്തിൽ മലയാളികളെ പങ്കാളികളാക്കുക, അവരെ ദേശീയതയിൽ അഭിമാനമുള്ളവരാക്കുക എന്നതായായിരുന്നു സ്വാമിജിയുടെ ലക്ഷ്യവും നിയോഗവും. ഏതാണ്ട് 65 കോടി ജനങ്ങൾ രണ്ടുമാസത്തിൽ പ്രയാഗ്രാജിൽ വന്ന് മേളയിൽ പങ്കെടുത്തു എന്നതാണ് ഔദ്യോഗികമായ കണക്ക്. അമേരിക്കൻ ജനസംഖ്യയുടെ ഇരട്ടി ആളുകൾ! സാധാരണയായി കുംഭമേളകൾക്ക് ഒന്നോ രണ്ടോ ആയിരം മലയാളി സാന്നിദ്ധ്യമേ ഉണ്ടാവാറുള്ളൂ. എന്നാൽ ഇത്തവണ അത് രണ്ടു ലക്ഷത്തോളമായി എന്നാണറിഞ്ഞത്. ഇതിന് കാരണക്കാരനായത് സ്വാമി ആനന്ദവനം തന്നെയാണ്
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം പേരെ സ്വാമിജിയുടെ നേതൃത്വത്തിൽ ജൂനാ അഖാഡ – കാളികാപീഠത്തിന്റെ കൂടാരങ്ങളിൽ ദിവസവും നൂറോളം പേർക്ക് താമസസൌകര്യവും, മൂന്നുനേരം ഭക്ഷണവും ഒരുക്കിയിരുന്നു. കാളികാപീഠത്തിന്റെ യജ്ഞശാലയിൽ വിവിധ സംഘടനകൾ നടത്തുന്ന യാഗങ്ങളും പഠനശിബിരങ്ങളും നടത്തുന്നതിന്റെ നേതൃത്വവും സ്വാമിജിക്കായിരുന്നു.
കുംഭമേളയിൽ അദ്ദേഹത്തിന്റെ കുടിലിൽ നാലുദിവസം താമസിച്ചു നാലിടങ്ങളിൽ മുങ്ങിക്കുളിക്കുവാൻ എനിക്കു സാധിച്ചു. ഓരോദിവസവും മേളാ നഗരിയിൽ ഇരുപതു കിലോമീറ്ററിൽ അധികം നടന്നും ഓരോ ആശ്രമശിബിരങ്ങളിലും കയറിയിറങ്ങിയും കുംഭമേളയിൽ പങ്കെടുത്ത എനിക്ക് ഏറെ പ്രചോദനമായത് സ്വാമിജിയുടെ സാന്നിദ്ധ്യവും നിർദ്ദേശങ്ങളുമാണ്.
വിപ്ലവത്തിന്റെ ചൂടിൽനിന്നും എങ്ങിനെ സന്യാസത്തിന്റെ പാതയിലേക്ക് എത്തി എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “വായനയുടെയും സ്വതന്ത്രചിന്തയുടെയും വാതായനങ്ങൾ പരക്കെ തുറന്നപ്പോൾ പരിമിതവീക്ഷണങ്ങൾ മാത്രമുള്ള ഇസങ്ങളിൽ ആരും കുടുങ്ങിക്കിടക്കേണ്ടതില്ലായെന്ന തിരിച്ചറിവാണ് നമ്മെ സന്യാസത്തിലേക്ക് നയിച്ചത്” എന്നാണ് പറഞ്ഞത്. ഈ തിരിച്ചറിവ് ചിലർക്ക് നേരത്തേയുണ്ടാവും. ചിലർക്ക് ഏറെ വൈകിയും!

കേരളമൊഴികെ, രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സർക്കാർവകയായും സംഘടനകൾ, ആശ്രമങ്ങൾ എന്നിവയുടേതായും ധാരാളം സ്റ്റാളുകളും ടെന്റ്കളും താമസസൌകര്യങ്ങളും ഉണ്ടായിരുന്നു. കേന്ദ്രവുമായി നിരന്തരം മല്ലിടുന്ന തമിഴ്നാടുപോലും അവരുടെ സാന്നിദ്ധ്യം നന്നായി അവതരിപ്പിച്ചിരുന്നു. “ദൈവത്തിന്റെ സ്വന്തം നാട്” എന്നൊരു ടൂറിസ്റ്റ് പരസ്യം പോലും വയ്ക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മേള അധികാരികൾ തിരുവനന്തപുരത്ത് പോയി നേരിട്ട് ക്ഷണിച്ചിരുന്നു എന്നാണ് അറിഞ്ഞത്.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മുന്നണികളും പ്രകടനപത്രികയിൽ അവരവരുടെ നിലപാട് വ്യക്തമാക്കണം – സ്വാമി ആനന്ദവനം
മാഘ പൗർണ്ണമി സ്നാനത്തിനു ശേഷം നൽകിയ സത്സംഗ - അഭിമുഖത്തിൽ. ജൂന അഖാഡയുടെ തെക്കേ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം കേരളത്തിലെ മൂന്നു മുന്നണികളും ഭാരതീയ സംസ്കാരത്തേയും ഹിന്ദു ആചാരങ്ങളേയും അവഗണിക്കുന്ന തരത്തിലാണ് പ്രവർത്തിച്ചുവരുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി. ഉത്തർപ്രദേശ് സർക്കാർ ഡെലിഗേഷനെ വിട്ട് കുംഭമേളയ്ക്ക് പങ്കെടുക്കാൻ കേരള സർക്കാരിനെ ക്ഷണിക്കുകയുണ്ടായി. ടൂറിസം പ്രമോഷനു വേണ്ടിപ്പോലും സർക്കാർ അറുപതുകോടി ജനങ്ങൾ പങ്കെടുക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിൽ പങ്കെടുക്കുകയുണ്ടായില്ല.
കേരളത്തിൽ നിന്നും കുംഭമേളയിൽ പങ്കെടുത്തവരിൽ, ബിജെപി ഹിന്ദുവും, സി പി.എം ഹിന്ദുവും, കോൺഗ്രസ് ഹിന്ദുവും ഉണ്ടു്. ഓരോ മുന്നണിയിലേയും കേവല ഭൂരിപക്ഷം ഇപ്പോഴും ഹിന്ദുക്കൾക്ക് തന്നെയാണല്ലോ. അപ്പോൾ അവർക്ക് പൊതു താൽപ്പര്യമുള്ള, നാടിൻ്റെ സംസ്ക്കാരവുമായി അഭേദ്യബന്ധമുള്ള കുംഭമേള പോലുള്ള ആഘോഷങ്ങളെ ഓരോ മുന്നണിയും എങ്ങിനെ കാണുന്നു എന്നറിയാൻ താൽപ്പര്യമുണ്ട് എന്ന് സ്വാമിജി പറഞ്ഞു. 2027 ലെ നാസിക്ക് കുംഭമേളയ്ക്ക് ഓരോ മുന്നണിയും അതിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്കായി എന്തൊക്കെയാണ് ചെയ്യുക, എന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചുകൊണ്ടാവട്ടെ അടുത്ത തിരഞ്ഞെടുപ്പ്. ദേശീയ മുഖ്യധാരയിൽ നിന്ന് കേരളം ഒഴിഞ്ഞു നിൽക്കുന്നത് കേരളത്തിൻ്റെ സാംസ്ക്കാരിക - സാമ്പത്തിക പുരോഗമനത്തിന് വിലങ്ങുതടിയായി നിൽക്കുമെന്നും സ്വാമിജി വിലയിരുത്തി.
കർമ്മ സന്യാസത്തിൻ്റെ വഴിയിൽ സഞ്ചരിക്കുന്ന ജൂന അഖാഡ കേരളത്തിൽ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾത്തന്നെ രാഷ്ട്രീയ പാർട്ടികളോട് അവരുടെ നിലപാട് വ്യക്തമാക്കാനായി ആവശ്യപ്പെടണമെന്ന് കുംഭമേളയിൽ സ്വാമിജിയുടെ നേതൃത്വത്തിൽ നടന്ന മലയാളികളുടെ സത്സംഗം തീരുമാനിച്ചു.
ജൂനാ അഖാഡ ഇനിമുതൽ കേരളത്തിലും!
ഒരു കയ്യിൽ മാലയും മറുകയ്യിൽ ഭാലയുമായി സനാതനധർമ്മത്തെ നായിക്കുവാൻ ആത്മീയതയുടെ കർമ്മകാണ്ഡം എന്തെന്ന് നമ്മെ പഠിപ്പിക്കുവാൻ സ്വാമി ആനന്ദവനത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും ജൂനാ അഖാഡ പ്രവർത്തനമാരംഭിക്കുന്നു. സ്വാഭിമാനികളായി എല്ലാ രാഷ്ട്രീയങ്ങൾക്കും ഉപരി ഭാരതത്തിന്റെ മുഖ്യധാരയിൽ നിന്നും പുറം തിരിഞ്ഞു നിൽക്കാത്ത യുവജനങ്ങളുടെ കൂട്ടായ്മയാണ് അല്ലെങ്കിൽ ഒരു പഠന-പ്രവർത്തന കളരിയാണ് ജൂനാ അഖാഡ.
ഇപ്പോൾ കേരളം മുഴുവൻ മഹാമണ്ഡലേശ്വർക്ക് സ്വീകരണം നൽകിവരുന്നു. കേരളാ ഗവർണർ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.




Thursday, March 6, 2025

മഹാകുംഭമേളയുടെ കുളിരും അനുഗ്രഹങ്ങളും!


മഹാരാഷ്ട്രയിൽ നിന്നുള്ള സേവിക, ദേവിയുടെ അനുഗ്രഹം 


ഇക്കഴിഞ്ഞ പ്രയാഗ്രാജ് – മഹാകുംഭമേള എനിക്ക് അത്യപൂർവ്വമായ ഒരനുഭവം തന്നെയായിരുന്നു. അതെന്നെ മറ്റൊരു മനുഷ്യനാക്കിമാറ്റി. ചെറിയൊരു ഭയത്തോടെ കുംഭമേളയക്ക് പങ്കെടുക്കാൻ പോയ ഞാനല്ല തിരിച്ചുവന്ന ഞാൻ. ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന ഒരു സാംസ്കാരിക, ആത്മീയ ആഘോഷം; ചരിത്രപരമായും പുരാണപരമായും ഭാരതത്തിന്റെ ദേശീയതയിൽ അലിഞ്ഞുചേർന്ന കൂട്ടായ്മ, 144 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നക്ഷത്ര-ഗ്രഹനിലകളുടെ ദിവ്യ മുഹൂർത്തനാളുകൾ, എന്നിങ്ങിനെ അത്യപൂർവ്വമായ ഒരു പ്രതിഭാസത്തിൽ പങ്കാളിയാവുക എന്നതായായിരുന്നു എന്റെ ലക്ഷ്യം; ഒരുപക്ഷേ നിയോഗവും. ഏതാണ്ട് 65 കോടി ജനങ്ങൾ രണ്ടുമാസത്തിൽ പ്രയാഗ്രാജിൽ വന്ന് മേളയിൽ പങ്കെടുത്തു എന്നതാണ് ഔദ്യോഗികമായ കണക്ക്. അമേരിക്കൻ ജനസംഖ്യയുടെ ഇരട്ടി ആളുകൾ!

 കാനഡയിൽ നിന്നും മേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ എന്നെയും ചെറിയൊരു ഭയം ഗ്രസിച്ചിരുന്നു എന്ന് പറയാൻ എനിക്ക് മടിയില്ല. ഇത്രയധികം ജനങ്ങൾ വരുന്നയിടത്ത് എങ്ങിനെയെത്തും? റെയിൽവേസ്റ്റേഷനിലോ എയർപ്പോർട്ടിലോ എത്തിയാൽ മേളനഗരിയിലേക്ക് എങ്ങിനെ പോകും എന്നതെല്ലാം എന്നെ അലട്ടിയിരുന്നു. അവിടുത്തെ താമസം, ഭക്ഷണം, ബാത്ത്റൂമുകൾ, കൊതുക് ശല്യം, എന്ന് വേണ്ട ആധുനിക സമൂഹത്തിലെ എല്ലാവിധ സൌകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന ഒരാൾക്കുള്ള എല്ലാ സംശയങ്ങളും എന്നിലും ഉണ്ടായിരുന്നു. കാമാഖ്യയിൽ നിന്നും ഫെബ് 9ന് പ്രയാഗ് രാജ് സ്റ്റേഷനിൽ വന്നിറങ്ങിയ എന്നെ കാത്തിരുന്നത് സ്റ്റേഷൻ നിറഞ്ഞുതിങ്ങി കവിയുന്ന ജനസമുദ്രമാണ്. ബാക്ക്പാക്കുമായി പുറത്തിറങ്ങിയ എനിക്ക് അധികം നടക്കും മുന്പേ ഒരു ബൈക്ക് ടാക്സി കിട്ടി. ബിഎഡ് വിദ്യാർഥിയായ ഗൌരവ് പാഠക് ആണു സാരഥി. മേള പ്രമാണിച്ചു മൂന്നുമാസം പഠനത്തിൽ നിന്നും വിട്ടുനിന്ന്  ഈ പണിയിലൂടെ സ്വന്തമായി നല്ലൊരു ബൈക്ക് വാങ്ങാനാണ് പരിപാടിയെന്ന് അവൻ പറഞ്ഞു. ഒരുദിവസം അയ്യായിരം മുതൽ പതിനായിരം വരെ അവനുണ്ടാക്കുന്നുണ്ട്.  മേളാനഗരിയിലെ പന്ത്രണ്ടാം സെക്ടറിൽ എത്തിക്കാനായി അവനുമായി ഒരു തുക പറഞ്ഞുറപ്പിച്ച്, കൂടെ രണ്ടു രണ്ടരമണിക്കൂർ ട്രാഫിക് ബ്ലോക്കുകളുള്ള നഗരത്തിലൂടെയും ഇടവഴികളിലൂടെയും സഞ്ചരിച്ച് മലയാളികളായ സന്യാസിയും കൂട്ടരും താമസിക്കുന്ന കളികാപീഠം ടെന്റിനു മുന്നിൽ അയാൾ എന്നെ കൊണ്ടുവന്നാക്കി. നാലുദിവസം കഴിഞ്ഞ്, 13 ന് അതിരാവിലെ അഞ്ചുമണിക്ക് വീണ്ടും എത്തണം എന്നുപറഞ്ഞ് അവനെത്തന്നെ തിരികെ എയർപ്പോർട്ടിലേക്ക് പോകാനും എർപ്പാടാക്കി. (അവൻ നാലരമണിക്ക് തന്നെ ഹാജരായി. വൈകിയാൽ ചിലപ്പോൾ വലിയ ട്രാഫിക് ബ്ലോക്ക് കിട്ടും, ഗൌരവ് പറഞ്ഞു.)

അതിശയകരമായ പ്ലാനിംഗ്

കുംഭമേള നടക്കുന്നത് ഗംഗയിലെ ഇപ്പോൾ ഉണങ്ങിക്കിടക്കുന്ന വിസ്താരമേറിയ മണൽപ്പരപ്പിലാണ്. നോക്കെത്താദൂരം നീണ്ടു പരന്നുകിടക്കുന്ന മണൽപ്പുറത്ത് ഒരു താൽക്കാലിക നഗരം നിർമ്മിച്ചിരിക്കുകയാണ്. ഏതാണ്ട് മൂന്നു ലക്ഷം ടെന്റ് ഗ്രൂപ്പുകൾ, അവയിലേക്കെല്ലാം ശുദ്ധജലം, കറന്റ് എന്നിവ എത്തിച്ചിട്ടുണ്ട്. മലിനജലവും കക്കൂസ് മലിന്യവും നീക്കാനുള്ള സൂവർ സംവിധാനവുമുണ്ട്. ഇരുപത്തിയെട്ട് സെക്ടറുകളിലായി മേളാ നഗരം തിരിച്ചിട്ടുണ്ട്. ഓരോ സെക്ടറിലും ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, റേഷൻ  ഡിപ്പോ, ആശുപത്രി, ഭരണത്തലവൻ, എല്ലാമുണ്ട്.  എന്നെ ഏറ്റവും അമ്പരപ്പിച്ചത് മണൽപ്പരപ്പിൽ നിർമ്മിച്ച റോഡുകളാണ്. പൊടിമണലിൽ വണ്ടിയോടിക്കാൻ പറ്റാത്തത്കൊണ്ട്, റോഡ് മുഴുവൻ സ്റ്റീൽ പ്ലേറ്റ് വിരിച്ചിരിക്കുന്നു. കണ്ടിട്ട് മൂന്നടിവീതിയും പതിനാറടി നീളവുമുള്ള നാലു സ്റ്റീൽ പലകകളാണ് എന്ന് തോന്നുന്നു. ഇത്തരം ആയിരം കിലോമീറ്ററിൽ അധികം റോഡുകളാണ് മണൽപ്പുറത്ത് ഉണ്ടാക്കിയിട്ടുള്ളത്. നേരത്തെ പറഞ്ഞ മൂന്നുലക്ഷത്തോളം കുടിലുകളും യജ്ഞമണ്ഡപങ്ങളും പ്രഭാഷണത്തിനുള്ള തീയേറ്ററുകളും റോഡിന്റെ ഇരുവശങ്ങളിലും പണിതിരിക്കുന്നു. ഓരോ മുക്കിലും മൂലയിലും സൌജന്യമായി ഭക്ഷണം നല്കുന്ന സ്റ്റാളുകൾ. അതിൽ അംബാനിമുതൽ കേരളത്തിൽ നിന്നുള്ള കാളികാപീഠം വരെയുള്ള സ്ഥാപനങ്ങൾ ഉണ്ട്. അവിടെ താമസിച്ച നാലുദിവസവും ഞാൻ ഭക്ഷണം വിലകൊടുത്തു വാങ്ങിയില്ല. ഓരോ ടെന്റ് ഗ്രൂപ്പും രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിട്ടാണ് അവിടെ കഴിയുന്നത്.  മേളയുടെ അവസാനം എല്ലാം പൊളിച്ചെടുത്ത് കൊണ്ട് പോയി വൃത്തിയാക്കി കൊടുത്താൽ മാത്രമേ ഇി ഡെപ്പോസിറ്റ് തിരികെ കൊടുക്കൂ. വരുന്ന ജൂൺ ആവുമ്പോഴേക്ക് നാല്-അഞ്ചു മീറ്റർ പൊക്കത്തിൽ വെള്ളം നിറയുന്ന നദീതടമാണിത്.

 വൃത്തിയുളള ആത്മീയാന്തരീക്ഷം

മാഘപൌർണ്ണമിക്ക് (12 ഫെബ്) ഏതാണ്ട് കേരളത്തിലെ അത്രയും ജനം (മൂന്നരക്കോടി) ഞാനുൾപ്പടെ, അവിടെ സ്നാനം ചെയ്തു. കൂട്ടത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമുജിയും ഉണ്ടായിരുന്നു. (നേരിട്ട് കണ്ടില്ല ഞാൻ). എല്ലാ സ്നാനഘാട്ടുകളും നല്ല വൃത്തിയുള്ളതായി അനുഭവപ്പെട്ടു. ഒരു കടലാസ് കഷണം വീണാൽ പെറുക്കി കളയാൻ ആളുണ്ട്. 'എറണാകുളത്തിന്റെ മണം' എങ്ങും ഉണ്ടായിരുന്നില്ല. ഒരു കൊതുകുപോലും എന്നെ കടിച്ചില്ല. പുണ്യനദിയിൽ മുങ്ങാൻ ഇറങ്ങുമ്പോൾ ഞാൻ കരയിൽ വച്ച ഫോണും പേർസുമൊന്നും ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. വഴിയിൽ നിറയെ നിരനിരയായി ബയോ ടോയ് ലറ്റുകൾ ഉണ്ടായിരുന്നു, അവയിൽ എല്ലാത്തിലും ക്യൂആർ കോഡ് വച്ച് അവ വൃത്തിയല്ലെങ്കിൽ അറിയിക്കാനുള്ള സംവിധാനവും ഉണ്ട്. സാനിട്ടറി ജോലിക്കാരെ കാലുതൊട്ട് വന്ദിച്ചു ദക്ഷിണ കൊടുക്കുന്നവരുടെ കൂടെ -അവരിൽ സന്യാസിമാരും ഗൃഹസ്ഥരും ഉണ്ട്- ഞാനും കൂടി. അവരെന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. മഹാരാഷ്ട്രയിൽ നിന്നും കുടുംബസമേതം മേളയക്ക് ക്ലീനിംഗ് സേവനം ചെയ്യാൻ വന്ന ഒരു സ്ത്രീയായിരുന്നു എന്നെ അനുഗ്രഹിച്ചത്. ദക്ഷിണകൊടുത്തപ്പോൾ സന്തോഷത്തോടെ ഒരുകുപ്പി കുടിവെള്ളം അവരെനിക്ക് സമ്മാനിക്കുകയും ചെയ്തു.  ഇരുപത് കിലോമീറ്ററോളം മേളാനഗരം ചുറ്റി നടന്നുവന്ന എനിക്ക് അത് അമൃത് തന്നെയായിരുന്നു.

 അഖാഡകളും സന്യാസികളും

പതിമൂന്ന് അഖാഡകളാണ് കുംഭമേളയിലെ പ്രധാന സന്യാസി സമൂഹം. അഖാഡ എന്ന് പറഞ്ഞാൽ ‘കളരി’ എന്ന് മലയാളത്തിൽ പറയാമെന്ന് തോന്നുന്നു. കർമ്മ സന്യാസികളാണ്  അവയിലുള്ളത്.  അഖാഡകളിൽ ലക്ഷക്കണക്കിന് സന്യാസിമാരും മറ്റ് അംഗങ്ങളും ഉണ്ട്. അതിൽ ജൂന അഖാഡയിൽ മാത്രം ഇത്തവണ പതിനായിരം പേർ സന്യാസം സ്വീകരിച്ചുവത്രെ! കേരളത്തിൽ നിന്നുള്ള സ്വാമി ആനന്ദവനം ഈ കുംഭമേളയിൽ വച്ച് ജൂന അഖാഡയിലെ മഹാ മണ്ഡലേശ്വർ ആയി സ്ഥാനമേറ്റു.  അഖാഡകളിൽ ഒന്നായ “കിന്നര അഖാഡ” വളരെ പ്രത്യേകതകൾ ഉള്ളതാണ്. ട്രാൻസ് ജണ്ടർ വിഭാഗത്തിലുള്ള മഹന്തുക്കളും മഹാമണ്ഡലേശ്വരൻമാരുമാണ്  കിന്നരഅഖാഡയെ നയിക്കുന്നത്. ട്രാൻസ്ജണ്ടർസ് അല്ലാത്തവരും ഇതിൽ അംഗങ്ങളാണ്. മുഖ്യധാരയിലെ അഖാഡകളിലും ഇവർക്ക് പ്രമുഖസ്ഥാനം ഉണ്ട്. പടിഞ്ഞാറൻ നാടുകളിൽ ട്രാൻസ്ജെൻഡർ അവകാശങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ലല്ലോ. എന്നാൽ ആത്മീയതയുടെ ഉന്നതിയിൽ അഭിരമിക്കുന്നവർക്ക് ലിംഗം, വർണ്ണം, കുലം, നിറം എന്നിവയൊന്നും പ്രശ്നമേയല്ല. കിന്നര അഖാഡയിലെ മഹാമണ്ഡലേശ്വറും എന്നെ അനുഗ്രഹിച്ചു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഒരാപ്പിൾ സ്പെഷ്യൽ പ്രസാദമായി തരികയും ചെയ്തു. പല ആശ്രമങ്ങളിലും വിപുലമായ തോതിൽ യാഗങ്ങളും പൂജകളും സത്സംഗങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും എത്തിപ്പെടാൻ നാലുദിവസമൊന്നും പോര.

കിന്നര അഖാഡയിലെ മഹാമണ്ഡലേശ്വരുടെ അനുഗ്രഹം 


കുംഭമേളയും കേരളവും

കേരളമൊഴികെ, രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സർക്കാർവകയായും സംഘടനകൾ, ആശ്രമങ്ങൾ എന്നിവയുടേതായും ധാരാളം സ്റ്റാളുകളും ടെന്റ്കളും താമസസൌകര്യങ്ങളും ഉണ്ടായിരുന്നു. കേന്ദ്രവുമായി നിരന്തരം മല്ലിടുന്ന തമിഴ്നാടുപോലും അവരുടെ സാന്നിദ്ധ്യം നന്നായി അവതരിപ്പിച്ചിരുന്നു. “ദൈവത്തിന്റെ സ്വന്തം നാട്” എന്നൊരു ടൂറിസ്റ്റ് പരസ്യം പോലും വയ്ക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മേള അധികാരികൾ തിരുവനന്തപുരത്ത് പോയി നേരിട്ട് ക്ഷണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ജമ്മു കാശ്മീർ ടൂറിസം പരസ്യം വച്ചിരുന്ന വലിയൊരു ബിൽബോർഡിന്റെ വലതുവശം ഒഴിഞ്ഞുകിടന്നിരുന്നു. അവിടെയൊരു കഥകളിയും ആനയും പൂരവും ചേർന്നൊരു കേരളാ ടൂറിസം പോസ്റ്റർ ഞാൻ വെറുതെ സ്വപ്നം കണ്ടു.  അറുപത് കോടിയിൽ അധികം പേർ കാണുമായിരുന്ന ഒരു പോസ്റ്റർ! സാധാരണയായി കുംഭമേളകൾക്ക് ഒന്നോ രണ്ടോ ആയിരം മലയാളി സാന്നിദ്ധ്യമേ ഉണ്ടാവാറുള്ളൂ. എന്നാൽ ഇത്തവണ അത് രണ്ടു ലക്ഷ്യത്തോളമായി എന്നാണറിഞ്ഞത്. 



കുംഭമേളയിലെ സാമ്പത്തീക ശാസ്ത്രം

കുംഭമേള യൂപി സർക്കാരിന് ഒരു ലോട്ടറിയടിച്ചതുപോലെയാണ്. 6200 കോടിയാണ് അവർ മുടക്കിയത്. നേരിട്ടുള്ള വരുമാനം മാത്രം 30,000 കോടി കവിയുമത്രേ. നേരിട്ടല്ലാതെ രണ്ടുലക്ഷം കോടിയുടെ വരുമാനം ഉണ്ടാവുമെന്നാണ് പറയുന്നത്! ടാക്സി, ഇലക്ട്രിക് ആട്ടോ, ബൈക്ക് ടാക്സി, വഴിയോര കച്ചവടക്കാർ എന്നിവർക്കെല്ലാം ചാകര തന്നെ. സംഗമത്തിൽ സ്നാനം ചെയ്തു കഴിയുമ്പോഴേക്കും നെറ്റിയിൽ ചാർത്താൻ  ചന്ദനവും കുറിക്കൂട്ടുമായി ആളുകൾ എത്തുകയായി. ഞാൻ നാലുതവണയും സ്നാനശേഷം നെറ്റിയിൽ കുറിയിട്ടു. “എന്തെങ്കിലും തന്നാൽ മതി സാബ്” എന്ന് പറഞ്ഞ അവർക്ക് 25 രൂപ വീതം നല്കി. അറുപതുകോടി യാത്രികരിൽ 30 കോടി ആളുകൾ 10 രൂപ വച്ച് ചന്ദനക്കുറിയിടാൻ ചിലവാക്കിയാൽത്തന്നെ 300 കോടി രൂപ അവിടെ സർക്കുലേഷനിൽ ആയി. അതുപോലെയാണ് ഗംഗാജലം ശേഖരിക്കാനുള്ള പ്ലാസ്റ്റിക് കുപ്പികൾ, രുദ്രാക്ഷ മാല, കരിക്ക്, കുപ്പി വെള്ളം തുടങ്ങിയ മറ്റു കച്ചവടങ്ങളും.  


സ്നാനം കഴിഞ്ഞാൽ ഒരു ചന്ദനക്കുറി! (300 കോടി വരുമാനം!)


 പ്രശ്നരഹിതമായ സംഘാടനം

ഇത്രയധികം പേർ ഒന്നിച്ചുകൂടുന്ന ഒരാഘോഷം ഏറെക്കുറെ പ്രശ്നരഹിതമായി നടന്നു. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ മേളയിൽ പങ്കെടുത്ത് മടങ്ങി. മേളയിൽ ഒരുദിവസം നാഗസന്യാസിമാരുടെ സ്നാനസമയത്ത് ആൾക്കൂട്ടം ഇരച്ചുകയറി മുപ്പതോളം പേർ മരിക്കാനിടയായ സാഹചര്യം, ആരൊക്കെയോ മനപ്പൂർവ്വം ഉണ്ടാക്കിയതാണ് എന്ന് പറയപ്പെടുന്നു. മലയാളികൾ അടക്കം നാൽപ്പതോളം പേരെ അതിന്റെ പേരിൽ പിടികൂടിയിട്ടുമുണ്ട്.  കുംഭമേളാനഗരിയിൽ നാലുദിവസം ചുറ്റിക്കറങ്ങി സംഗമത്തിൽ നാലിടത്തായി നാലുദിവസവും - ഓരോ തവണയും മൂന്നോ അഞ്ചോ തവണ മുങ്ങി വന്ന എനിക്ക് മനസ്സും ശരീരവും കുളിരുന്ന അനുഭവമാണ് ഉണ്ടായത്. വിശ്വാസത്തിന്റെ തലത്തിലല്ല, അനുഭവതലത്തിലാണാ കുളിര്. ഫൈവ്സ്റ്റാർ ഹോട്ടലിൽ ആണെങ്കിലും ബാത്റൂമിൽ കയറിയാൽ മുഖം കഴുകുന്നത് വാഷ്ബേസിനിലെ പൈപ്പിൽ നിന്ന് വേണമോ അതോ കമ്മോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വേണമോ എന്നത് ഓരോരുത്തരുടെ ചോയ്സ് ആണ്. അങ്ങിനെ കമ്മോഡിൽ നിന്ന് വെള്ളം കുടിച്ചവർക്ക് ചൊറിച്ചിൽ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും  ചോരതന്നെ കൊതുകിന്നു കൌതുകം”

വസുധൈവ കുടുംബകം

നല്ല 916 കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്, ഡിഫി, എസ്എഫ് ഐ നേതാവായിരുന്ന ഒരാളാണ് എന്നെ കുംഭമേളയക്ക് കൊണ്ടുപോയത്. മഹാമണ്ഡലേശ്വര സ്ഥാനമലങ്കരിക്കുന്ന സന്യാസിയാണിന്നദ്ദേഹം.  അവിടെ അദ്ദേഹത്തിന്റെ കുടിലിൽ നാലുദിവസം താമസിച്ചു നാലിടങ്ങളിൽ മുങ്ങിക്കുളിക്കുവാൻ എനിക്കു സാധിച്ചു. എങ്ങിനെ സന്യാസിയായി എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, വായനയുടെ വാതായനങ്ങൾ പരക്കെ തുറന്നപ്പോൾ പരിമിതവീക്ഷണങ്ങൾ മാത്രമുള്ള ഇസങ്ങളിൽ ഇനി കുടുങ്ങിക്കിടക്കേണ്ടതില്ലായെന്ന തിരിച്ചറിവാണ് തന്നെ സന്യാസത്തിലേക്ക് നയിച്ചത് എന്നാണ് പറഞ്ഞത്. ഈ തിരിച്ചറിവ് ചിലർക്ക് നേരത്തേയുണ്ടാവും. ചിലർക്ക് ഏറെ വൈകിയും! “വസുധൈവകുടുംബക”മെന്ന ഉദാത്തസങ്കൽപ്പം ഇനിയും അന്യം നിന്ന്പോയിട്ടില്ല എന്നും അത് ഒരുട്ടോപ്പിയൻ തിയറിയല്ല എന്നും ഈ കുംഭമേളയുടെ അനുഭവം എന്നെ പഠിപ്പിച്ചു.  




സ്നാന ഘാട്ടുകൾ 


പ്രയാഗ് രാജിലെ ഗംഗാ ആരതി 


ഗായത്രീ പൂജ - കാളികാ പീഠം 


കാളികാ പീഠം - ജൂനാ അഖാഡയിലെ  മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം


സത്സംഗ ഹാളുകൾ  


ശ്രീചക്ര പൂജ - കാളികാ പീഠം 


പ്രയാഗ് രാജ്  - രാത്രികാഴ്ച


താൽക്കാലിക ടെന്റ്കൾ, ക്ഷേത്രങ്ങൾ, ഹാളുകൾ 


കുംഭമേളയുടെ കുളിര്