Saturday, April 4, 2020

ഹാ ! കോഴിക്കോടന്‍ അലുവ! – കൊറോണിയന്‍ വേര്‍ഷന്‍


ഹാ ! കോഴിക്കോടന്‍ അലുവ! – കൊറോണിയന്‍ വേര്‍ഷന്‍

കൊറോണക്കാലത്ത് വീട്ടിലിരുന്നു ജോലിചെയ്യുന്നു എന്നാണു ഭാവം. പക്ഷെ അങ്ങിനെ പതിവില്ലാത്തതുകൊണ്ട് ജോലിസമയത്ത് ഇടയ്ക്കിടയ്ക്ക് ചായകുടി, അസമയത്തുള്ള നടക്കാന്‍ പോക്ക്, സൈക്കിളുമെടുത്ത് ഒരു കറക്കം, എല്ലാത്തിനും സമയം കണ്ടെത്തുന്നു. സ്പ്രിംഗ് തുടങ്ങാറായി എന്ന് മരങ്ങള്‍ വിളിച്ചു പറഞ്ഞിട്ടും അധികമാരും പടമെടുക്കാനും മറ്റും വരാത്തതുകൊണ്ട് പൂത്തുലഞ്ഞ ചെറിമരങ്ങള്‍ ലേശം പിണക്കത്തിലാണ്. അങ്ങിനെ വിടുന്നത് ശരിയല്ലല്ലോ. നടക്കാന്‍ പോയപ്പോള്‍ ഒരു പടവും എടുത്തു. സൈക്കിള്‍ സവാരിക്കിടയ്ക്കാണ് “കാകതാലീയ”ത്തിന്‍റെ ലോജിക്ക് മാത്രം വച്ച് അലുവയുടെ മണം മൂക്കിലെത്തിയത്. ഇനി അയല്‍പക്കത്ത് ആരെങ്കിലും കേക്കുണ്ടാക്കി കൊതിപ്പിച്ചതാണോ എന്നും നിശ്ചയമില്ല.

അടുക്കളയില്‍ കയറിയത് എണ്‍പതുകളില്‍ കോഴിക്കോട്ടെ മിട്ടായിത്തെരുവില്‍ നിന്നും കഴിക്കാറുള്ള അലുവയുടെ മധുരസ്മരണയുമായാണ്. അവിടെയുള്ള കടകളില്‍ പല നിറത്തിലും സ്വാദിലുമുള്ള അലുവകള്‍ ടേസ്റ്റ്‌ നോക്കാന്‍ കിട്ടും. വലിയൊരു കത്തികൊണ്ട് ചെറിയ കനത്തില്‍ പൂളിയാണ് അവരത് തരിക. “വാങ്ങോന്നും വേണ്ട  സാറേ, ജസ്റ്റ് ടേസ്റ്റ്‌ നോക്ക്” എന്നവര്‍ നിര്‍ബ്ബന്ധിക്കും

എങ്ങിനെയെങ്കിലും അതുപോലെ ഹലുവയൊന്ന് ഉണ്ടാക്കണമെന്ന മോഹവുമായി യൂട്യൂബ് എന്നൊരു ചടുലസിംഹത്തിന്റെ മുന്നില്‍ മൌസുമായി കുറച്ചു നേരം ചുറ്റിപ്പറ്റി ഇരുന്നു. എന്നിട്ടും ഒന്നും വ്യക്തമായില്ല. പിന്നെ പാചകത്തിന്റെ ആദ്യപാഠം പഠിപ്പിച്ച വിദേശ വിദ്യാഭ്യാസകാലത്തെ ഓര്‍മ്മിച്ചെടുത്ത് അടുപ്പിനടുത്തേയ്ക്ക് നീങ്ങി.

കുച്ഛ്‌ കാം കരോണാ?

ഗോതമ്പ് മാവ് - ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
200 ഗ്രാം ശര്‍ക്കര വെള്ളത്തില്‍ കലക്കിയത് – ഒരു കപ്പ്
വാങ്ങാന്‍ കിട്ടുന്ന ഫിലിപ്പീന്‍ തേങ്ങാപ്പാല്‍ - ഒരു കപ്പ്
കുറച്ച് ഉണക്ക മുന്തിരിയും ഈത്തപ്പഴവും അരച്ചത് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് ഒരു സ്പൂണ്‍. 
വെളിച്ചെണ്ണ – ഒരു കപ്പ്വീട്ടിലെ ബോസ് ചപ്പാത്തിക്ക് വേണ്ടി കുഴച്ചു വച്ചിരുന്ന ഗോതമ്പ് മാവില്‍  നിന്നും ഒരുരുള മോഷ്ടിച്ച് നാല് കപ്പ് വെള്ളത്തില്‍ കലക്കി വച്ചു. അരമണിക്കൂര്‍ കഴിഞ്ഞു തെളിയൂറ്റി ഗോതമ്പ് പാല്‍ എടുത്തു. പിന്നെ അടുപ്പിനുമുന്നില്‍ നില്‍ക്കുന്ന സമയമത്രയും. “താഴമ്പൂ മണമുള്ള” പഴയ പാട്ടുകള്‍ കേട്ടു. ‘സരിഗമപ’യുടെ ബ്ലൂടൂത്ത് പ്ലേയര്‍ ഹിന്ദിയും തമിഴും വേര്‍ഷന്‍സ് വാങ്ങാന്‍ കിട്ടും. മലയാളം യുഎസ്ബിയില്‍ പകര്‍ത്തിയാണ് പാടിക്കുന്നത്.

ഗോതമ്പുപാല്‍ അടി കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്തു വച്ച് കുറുകാന്‍ തുടങ്ങിയപ്പോള്‍ ശര്‍ക്കരപ്പാനിയും പഞ്ചസാരയും ചേര്‍ത്തു. അതും കുറുകി വന്നപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു. അപ്പോഴേക്കും പാട്ടുകള്‍ ആറെണ്ണം തീര്‍ന്നു. മറ്റാരും കേള്‍ക്കാനില്ലാതെയും കൂടെ പാടി തളര്‍ന്നു. പിന്നെ ഇരുണ്ടു കുറുകിയ മിശ്രിതത്തിലേയ്ക്ക്  കുറച്ച് വീതം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തുവരട്ടി. ഈത്തപ്പഴ മിശ്രിതവും ചേര്‍ത്തു. ആറു പാട്ടുകള്‍ വീണ്ടും. ഒടുവില്‍ വെളിച്ചെണ്ണ പുറത്തു വരുന്നതുവരെ ഇളക്കിയിളക്കി കൈ ഒരു പരുവമായി. പക്ഷെ യൂട്യൂബ് വിഡിയോയില്‍ കാണുന്നതുപോലെ അലുവ അത്രയ്ക്കങ്ങ് കട്ടിയാവുന്നില്ല. അടുപ്പില്‍ നിന്നും മാറ്റി ഒരു ട്രേയിലാക്കി. ചൂടാറിയപ്പോള്‍ ഫ്രിഡ്ജിലേയ്ക്കും വച്ചു.
മുറിച്ചു കഷണങ്ങളാക്കി കോഴിക്കോടന്‍ ഹലുവയെന്ന സങ്കല്‍പ്പത്തില്‍ നാവില്‍ വയ്ക്കുമ്പോള്‍ അത് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. തികച്ചും മായ. ഇപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്നു, ഉടനെ ഇല്ലാതായി. അത് തന്നെയല്ലേ, മായ? എങ്കിലും മിട്ടായിത്തെരുവിലെ ഹലുവയുടെ കട്ടിയില്ലാകടുപ്പത്തില്‍ കടിക്കുമ്പോള്‍ കിട്ടുന്ന ‘ഒരിത്’ ഇല്ല. അതിന്‍റെ ഹിക്കുമത്ത് അറിയാവുന്നവര്‍ പറഞ്ഞുതരണേ.ഈ പ്രായത്തില്‍, അതും കൊറോണക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജിന്റെ സമീപത്തേയ്ക്ക് പോകാന്‍ തോന്നുന്നത് ഒരസുഖമാണോ ഡോക്ടര്‍?   
---------------------------------------
"കാകതാലീയം" - ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ കാക്കയുടെ തലയില്‍ വീഴുന്നു എന്നിരിക്കട്ടെ. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവുമില്ല എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. 

No comments:

Post a Comment