Monday, April 27, 2020

തിരുമേനിയില്‍ തെളിഞ്ഞ ദീപപ്രഭ

(ഈ കവിത തിരുമേനിയുടെ നൂറാം പിറന്നാളിന് എഴുതിയതാണ്. ഇന്ന് അദ്ദേഹത്തിനു നൂറ്റിമൂന്നാം പിറന്നാള്‍. ഇനിയും അദ്ദേഹത്തിന്‍റെ അനേകം പിറന്നാളുകള്‍ ആഘോഷിക്കാന്‍ നമുക്കാവട്ടെ.
(കവിത കേള്‍ക്കാം)
https://www.youtube.com/watch?v=xo6JKLfWXJo



നൂറിന്റെ നിറവിലൊരു പുഞ്ചിരിപ്പൂവുമായ്
നില്‍ക്കുന്നു കൈകൂപ്പി നല്ലിടയന്‍
നര്‍മ്മത്തില്‍, നിര്‍മ്മമ സ്നേഹത്തില്‍ നന്മതന്‍
സൌരഭ്യമാര്‍ന്നുള്ള ധന്യതയില്‍
ക്രിസ്തുവിന്‍ നാമം1 സ്വയം വരിച്ചൂ ആ
ഗുരുവിന്‍റെ പാതയില്‍ നൂറു വര്‍ഷം
മറ്റുള്ള കൂട്ടരും താനും വെവ്വേറെ-
യെന്നൊട്ടും കരുതാതെ ചേര്‍ന്നു നിന്നൂ
ഉയിര്‍ത്തെഴുന്നേല്‍പ്പിനും നോമ്പിനുമൊപ്പം
മണ്ഡലക്കാല പവിത്രതയും
പെസഹാ നിവേദിച്ച അപ്പത്തിനൊപ്പമാ
നെയ്യപ്പവും, പിന്നെ അരവണയും2
ഒരുപോലെ കണ്ടൂ തിരുമേനിയാദ്ധ്യാത്മ
ഭാരതപ്പഴമയെ നെഞ്ചിലേറ്റി
മള്ളിയൂരുള്ള സതീര്‍ത്ഥ്യഹംസത്തിനെ3
കണ്ടുമാ കണ്ണന്‍റെ കഥകള്‍ കേട്ടും
ഉറിയുടച്ചതിലുള്ള വെണ്ണയെല്ലാം കണ്ണന്‍
കൂട്ടര്‍ക്ക് നല്‍കും സഹജവായ്പ്പില്‍
യജ്ഞവും കണ്ടു നിരാലംബ സ്നേഹവും4
കണ്ണുനീരൊപ്പുന്ന കൈവല്യവും.
കര്‍മ്മയോഗിനിയാകുമമ്മയെ5 കണ്ടതും
ധര്‍മ്മത്തിനായ്, ലോകകാര്യാര്‍ത്ഥമായ്
ക്രിസ്തുവിന്‍ ദൌത്യം നടപ്പില്‍ വരുത്തുവാന്‍
മാര്‍ഗ്ഗം പലതെന്നു വഴികാട്ടിയായ്.6
ഉപദേശസാരമാം മധുര മരുന്നുകള്‍
എന്നും ചിരിയില്‍ പൊതിഞ്ഞു നല്‍കി
കത്തും നിലവിളക്കേന്തി സന്ധ്യാദീപ
സാന്നിദ്ധ്യമേകുന്ന ധോരണിയില്‍
പ്രകാശപ്രഹര്‍ഷത്തിന്‍ നോബല്‍ പുരസ്കാര7
ജേതാവിന്‍ വാക്കുകള്‍ നെഞ്ചിലേറ്റി 
വേദിയില്‍, നേര്‍ക്കുനേര്‍, വാക്കിലും നോക്കിലും
വാചസ്പതിയായ് ശതാഭിഷിക്തന്‍8
ആത്മീയസായൂജ്യ സംപൂജ്യജീവിതം
സാര്‍ത്ഥകം സഫലമാം പുണ്യജന്മം.

1. ക്രിസോസ്റ്റം എന്നാണല്ലോ തിരുമേനിയുടെ പേര്.
2. അരവണപ്രസാദത്തോടുള്ള തിരുമേനിയുടെ താല്‍പ്പര്യം പ്രസിദ്ധമാണ്.
3. ഭാഗവത ഹംസം എന്ന് പ്രശസ്തനായ മള്ളിയൂര്‍ തിരുമേനിയും ക്രിസോസ്റ്റം തിരുമേനിയും വളരെ അടുത്ത സതീര്‍ത്ഥ്യരായിരുന്നു. അവര്‍ പല ആത്മീയ സമ്മേളനങ്ങളിലും ഒരുമിച്ചു പങ്കെടുത്തു. അതിനെപ്പറ്റി ക്രിസ്റ്റോസം തിരുമേനി ഇങ്ങിനെ തമാശ പറഞ്ഞു. “നമ്മുടെ മള്ളിയൂര്‍ തിരുമേനിക്ക് കുറച്ചു വസ്ത്രമേ ധരിക്കേണ്ടതായുള്ളു. പക്ഷെ ഞാന്‍ അതിനും കൂടിയുള്ള തുണിയെല്ലാം വാരി ചുറ്റിയിട്ടുണ്ട്”.
4. കണ്ണന്‍ ഉറിയുടച്ച് വെണ്ണ വിതരണം ചെയ്യുന്നതിനെപ്പറ്റി തിരുമേനി പ്രസംഗിച്ചിട്ടുണ്ട്. “സമ്പത്തങ്ങിനെ വെറുതേ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.”
5. ക്രിസോസ്റ്റം തിരുമേനി മാതാ അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് അവിടെ പലതവണ പോയി പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു വരുന്നു.
6. ക്രൈസ്തവ വേദചിന്താപദ്ധതികളില്‍ പ്ലൂറലിസത്തിന്റെ വഴിയാണ് ക്രിസ്റ്റോസം തിരുമേനി നടപ്പിലാക്കുന്നത്.
7. തിരുമേനിയും നോബല്‍ ജേതാവ് സര്‍ സി.വി.രാമനുമായുണ്ടായ സംഭാഷണം. പ്രകാശഗവേഷണത്തെപ്പറ്റി സര്‍ സിവി രാമന്‍ തിരുമേനിയോട് പറഞ്ഞത് “ദീപം, ദീപം എന്ന് പറഞ്ഞ് സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തുന്ന തന്‍റെ മകള്‍ ആ ദീപപ്രഭയെ അറിയുന്നത്ര തെളിച്ചത്തില്‍ എനിക്കത് മനസ്സിലായിട്ടില്ല” എന്നാണത്രേ!.
8. ശതാഭിഷിക്തന്‍ എന്നാല്‍ സാധാരണ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ ദര്‍ശിച്ചയാള്‍ (84 വയസ്സ്) എന്ന് പറയും. എന്നാല്‍ നൂറു പിറന്നാളുണ്ടയാള്‍ എന്ന അര്‍ത്ഥമാണിവിടെ. 

Wednesday, April 22, 2020

ഓർമ്മകൾ ഉണ്ടായിരിക്കണം


ർമ്മകൾ ഉണ്ടായിരിക്കണം!
നമ്മെ ഒരു "പാഠം പഠിപ്പിക്കുക " എന്ന ലക്ഷ്യമാണ് പലപ്പോഴും രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും അവരുടെ പ്രവർത്തനങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. പ്രഗത്ഭനായ ഒരദ്ധ്യാപകൻ അദ്ദേഹത്തിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ആർജ്ജവത്തിന് യാതൊരു കുറവും വരാത്ത രീതിയിൽ ക്ലാസ്സ് റൂമിൽ വച്ച് ചെയ്ത ഒരു സാധാരണ പ്രവൃത്തിയിൽ സാമുദായിക രാഷ്ട്രീയം കണ്ടു പിടിച്ചവർ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് അവരുടെ സങ്കൽപ്പത്തിലുള്ള ''ഈശ്വര സന്ദേശവും ആദേശവും" നടപ്പിലാക്കി. അതിലൂടെ അവർ നടപ്പിലാക്കാൻ ശ്രമിച്ചത് സമൂഹത്തെ ഒന്നു "പഠിപ്പിച്ചെടുക്കല്‍" മാത്രമാണ്. മാസശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന, സാധാരണക്കാരനായ ഒരു വാദ്ധ്യാർ ആക്രമികൾക്ക് ഒരു ഭീഷണിയുമല്ല. അദ്ദേഹത്തിന് ദൂരവ്യാപകമായ ഒരു പ്രശ്നവും ഉണ്ടാക്കാൻ ആവില്ല എന്ന് അക്രമികൾക്ക് നന്നായറിയാം . എന്നാൽ അതൊരു symbolic action മാത്രമാണ്. 9/11 ന് വലിയൊരു അക്രമം ഉണ്ടായതിൻ്റെ പരിണിത ഫലം ലോകമെമ്പാടും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിച്ചു എന്നതാണല്ലോ. മനുഷ്യർക്ക് എത്ര വിലപ്പെട്ട സമയവും സ്വത്തുമാണ് ഇപ്പോഴും അതുമൂലം ചിലവാകുന്നത്! അതെന്നും ഓര്‍മ്മിക്കപ്പെടണം എന്ന് അക്രമികള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്.
ജോസഫ് സാറിൻ്റെ കൈകാലുകൾ വെട്ടിനുറുക്കിയ അക്രമികൾക്ക് കൂട്ടായി എന്ന പോലെ അദ്ദേഹത്തിൻ്റെ സ്വന്തമതത്തിലെ, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 'സ്നേഹസമ്പന്നർ ' നടത്തിയ 'വെട്ടിക്കൂട്ടലുകൾ' ആയിരിക്കണം അറ്റുപോകാത്ത ഓർമ്മകളായി ജോസഫ് സാറിനെ ഇപ്പോഴും അലട്ടുന്നത്. ആത്മകഥയിലെ എഴുത്തിൻ്റെ ഒഴുക്ക് അനുഭവങ്ങളിലെ നേരു കൊണ്ടാവണം വളരെ ഹൃദയാവർജകമാണ്. 'കഥ' പറയുന്നതിൻ്റെ ഇടയിൽ കടന്നു വരുന്ന നർമ്മം വായനക്കാർക്കും ഒരാശ്വാസം തന്നെയാണ്. മലയാളം അദ്ധ്യാപകനായത് മറ്റൊന്നും കിട്ടാത്തതു കൊണ്ടല്ല, ഭാഷയോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്ന് നമുക്ക് പുസ്തകത്തിൻ്റെ തുടക്കത്തിലേ മനസ്സിലാവുന്നു. ഒളിവിൽ താമസിക്കുന്നതും തുടർന്ന് പോലീസ് കസ്റ്റഡിയിൽ കഴിയുന്നതും , ജെയിൽവാസവും, അക്രമികളുടെ വെട്ടിനിരത്തലും, ജോലിയിൽ നിന്നുള്ള പിരിച്ചുവിടലും, ആശുപത്രി വാസവും,, പ്രത്യാശയാടെ അന്യേഷണ കമ്മീഷനുകളുമായി സഹകരിക്കുന്നതും, ഇതൊക്കെക്കഴിഞ്ഞിട്ടും നീതി കിട്ടാതെ തൻ്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നതും, എല്ലാം വായിക്കുമ്പോൾ 'വിധി വിഹിതമേവനും ലംഘിച്ചു കൂടുമോ " എന്നു മാത്രമേ ആ നെടുവീർപ്പോടെ നമുക്കും അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് പറയാനാവൂ.

താനറിയാത്ത 'കുറ്റം' മൂലമുണ്ടായ ദുർഘട അവസ്ഥകളിൽ സാംസ്ക്കാരിക നായകൻമാരും, നായൻമാരും, നസ്രാണികളും, ഒന്നും ജോസഫ് സാറിനെ തുണച്ചില്ല. കൈകാലുകൾ മുറിക്കാൻ നിയോഗിക്കപ്പെട്ടവർ വെറും കൂലിപ്പടയാളികൾ ആയതുകൊണ്ടാവും അവരോട് ക്ഷമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. പക്ഷേ ശമ്പളമില്ലാതെ വിഷമിച്ച് കൂലിപ്പണിക്ക് പോവാൻ തയ്യാറായിരുന്ന മാഷ്ക്ക് കൊടുക്കാനായി ഒരു മറുനാടൻ മലയാളി സംഘടന കൊടുത്ത ധനസഹായം മാഷിലേക്ക് എത്തിക്കാതെ തിരിച്ചയച്ച സംസ്ക്കാരിക നായകനെ നമുക്ക് മറക്കാനാവില്ല. പിന്നെ മാഷിൻ്റെ സ്വന്തം സമുദായത്തിൽപ്പെട്ട അത്യാധുനികനും പ്രസിദ്ധനുമായ എഴുത്തുകാരനെ ഞാനും മറക്കില്ല. ജോസഫ് സാറിനെ അക്രമിച്ച സംഭവം കഴിഞ്ഞ് അധികം ആവും മുൻപേ ഇദ്ദേഹം കാനഡയിലും വന്നു. വായനാ ദുശ്ശീലമുള്ള സാധാരണ മലയാളിയായ എനിക്ക് അദ്ദേഹത്തെ കൊണ്ടു നടക്കാനുള്ള യോഗമുണ്ടായി.ഓടിക്കുന്ന വാനില്‍ തനിച്ച് കിട്ടിയപ്പോൾ "സാറിനെപ്പോലുള്ളവർ ജോസഫ് സാറിൻ്റെ കൈ വെട്ടിയ സംഭവത്തിൽ പ്രതികരിക്കാതിരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി ' എന്ന് ഞാൻ വിഷയം അവതരിപ്പിച്ചു. 'ഞാനൊക്കെ അതിനെതിരെ എഴുതി അങ്ങിനെയുള്ള അക്രമികൾക്ക് മൈലേജുണ്ടാക്കി കൊടുക്കണോ" എന്നദ്ദേഹം പൊടുന്നനെ ക്രുദ്ധനായി. 'അല്ലാതെ പേടിച്ചിട്ടൊന്നും അല്ലല്ലോ അല്ലേ സർ ', എന്ന് ഞാന്‍ വിനയാന്വിതനായി ചർച്ച അവസാനിപ്പിച്ചു. ദോഷം പറയരുതല്ലോ 'അറ്റു പോകാത്ത ഓർമകൾ " പ്രകാശിപ്പിക്കാൻ ഇദ്ദേഹം മുന്നിൽത്തനെ ഉണ്ടായിരുന്നു. അപ്പോഴേക്ക് ജോസഫ് സാറും ഒരു സെലിബ്രിറ്റി ആയി മാറിയിരുന്നു.

ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന 'ഓർമ്മകളിൽ'. കേരളത്തിലെ 1970- മുതൽ 2010 വരെയുള്ള വിദ്യാഭ്യാസ രംഗത്തിൻ്റെയും ഇടത്തരക്കാരൻ്റെ ജീവിതത്തിൻ്റെയും കാഴ്ചയും നിസ്സഹായതയും തെളിഞ്ഞു കാണാം.


Monday, April 6, 2020

വീണ്ടുമൊരു ഹിമാലയയാത്രയുടെ അനുരണനം

വീണ്ടുമൊരു ഹിമാലയയാത്രയുടെ അനുരണനം .....


മഴപെയ്തു തോര്‍ന്നിട്ടും മരം പെയ്യുന്നതുപോലെ; വാഴ നനയ്ക്കുമ്പോള്‍    ചീരയും നനയുന്നതുപോലെയൊരു യാത്ര - ഹിമാലയത്തിലേയ്ക്ക്. ഷൗക്കത്തിൻ്റെ "ഹിമാലയം" വായിച്ച് അടച്ചു വച്ചു. ഇനിയും പല തവണ തുറക്കാനും അടക്കാനുമുള്ളതാണീ പുസ്തകം.

യാത്രാനുഭവം മനസ്സിലിരുന്നു പാകപ്പെട്ട് പുറത്തുവരണമെന്നു തോന്നിയതു മാത്രമേ ഷൌക്കത്ത്  ഇതില്‍ എഴുതിയിട്ടുള്ളൂ. ഹിമാലയ പര്യടനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലേക്കോ യാത്ര പ്ലാൻ ചെയ്യാനുള്ള ട്രാവൽ ഗൈഡായോ ഈ പുസ്തകം ഒരു പക്ഷേ ഉപകാരപ്പെടില്ല. ഒരു പക്ഷേ ഈ സഞ്ചാരം മനസ്സിലാണ് ഓടിത്തീർക്കുന്നത്. ഷൗക്കത്ത് പോയ സ്ഥലങ്ങളിൽ മിക്കയിടത്തും ഒരു മിന്നായം പോലെ സന്ദർശനം നടത്തിയിട്ടുള്ള എനിക്ക് കിട്ടിയ ദർശന വിശേഷങ്ങൾ എത്ര ശുഷ്ക്കം!


ഷൗക്കത്ത് യാത്രക്ക് മുൻപു് നടത്തിയ തയ്യാറെടുപ്പുകൾ ഗുരു നിത്യചൈതന്യയതിയുടെ കീഴിൽ ഗുരുകുലത്തിൽ ചെയ്ത സാധനകൾ, എല്ലാം അദ്ദേഹത്തിൻ്റെ കാഴ്ചകൾക്ക് കരുത്തേകുന്നു. യാത്രാനുഭവം വായിക്കുന്നവരിൽ പ്രത്യേകിച്ച് അവിടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക്,  അത് പല മടങ്ങായി അനുഭവവേദ്യമാവുന്നു. 2005 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാവുമ്പോള്‍ യത്ര അതിനു രണ്ടോ മൂന്നോ കൊല്ലം മുന്പ് ആവണം. എന്‍റെ യാത്ര കഴിഞ്ഞിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അല്ലെങ്കില്‍ മനോയാത്രയ്ക്ക് കാലഗണന എന്തിനാണ്? "മനോജവം മാരുത തുല്യവേഗം" എന്നാണല്ലോ!


ചാർധാം എന്ന് പ്രസിദ്ധിയാർജ്ജിച്ച യാത്രയാണ് പ്രധാനമായും "ഹിമാലയം" എന്ന ഈ പുസ്തകത്തില്‍  ഉള്ളത്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ ധാമങ്ങളാണ് ചാർധാം യാത്രയിൽ ഒരാൾ കടന്നു പോവുക. ഷൗക്കത്തും, സഹയാത്രിക ഗായത്രി എന്ന ഗുരു പെങ്ങളും  ചേർന്ന് നടത്തിയ ചാർധാം യാത്രയ്ക്ക് ശേഷം ഏറെക്കാലം  കഴിഞ്ഞ്  മറ്റൊരു യാത്രയിൽ അവർ അമർനാഥ് ദർശനവും നടത്തി.

ആന്തരീകമായി ഒരാളെ 'ബാധിക്കുന്ന'  യാത്രകൾ ഒന്നും തന്നെ മുൻകൂട്ടി തീരുമാനിച്ച് കുറ്റമറ്റ രീതിയിൽ പ്ലാൻ ചെയ്തിട്ടല്ല സംഭവിക്കുന്നത്. എൻ്റെ അനുഭവവും കുറയൊക്കെ അങ്ങിനെയായിരുന്നു. കൈലാസ യാത്രയ്ക്ക് പണമടച്ച് കാഠ് മണ്ഡു വരെയെത്തിയ എനിക്ക് അതിനു സമയമായിട്ടില്ലായിരുന്നു. ഭൂമികുലുക്കത്തിന്റെ ഭാവത്തില്‍ അതിനൊരു തടസ്സം ഉണ്ടായി. പക്ഷെ അതെന്നെ ലുംബിനിയിലേയ്ക്ക് നയിച്ചു. അതി ഹൃദ്യമായ ഒരനുഭവം സമ്മാനിച്ച് അത് മനസ്സില്‍ നന്നായി പതിഞ്ഞു നിന്നു.

 യമുനോത്രി ധാം 


 ഗംഗോത്രി ധാം 


 ഷൗക്കത്തും ഗായത്രിയും ഒരു ദിവസം പൊടുന്നനെ യാത്ര തുടങ്ങുകയായിരുന്നു. ഹരിദ്വാർ, ഋഷീകേശ്, എന്നിവിടങ്ങളിൽ പോയിട്ട് നേരേ യമുനോത്രിയിലേക്ക്. അവിടെ നിന്ന് ഉത്തരകാശി വഴി ഗംഗോത്രി. അവിടെയെത്തിയ ശേഷം ഗോമുഖിലും തപോവനത്തിലും നടത്തിയ യാത്രയുടെ ചാരുതയും തണുപ്പും വായനയുടെ ബന്ധനത്തിനും അപ്പുറമാണ്. അവിടെ നിന്നും കേദാർനാഥിലേക്ക്. അവസാനമാണ് ബദരീനാഥിലക്ക് പോയി ചാർധാം യാത്ര പൂർത്തിയാക്കുന്നത്. ഈ അപൂർവ്വ യാത്രികർ ഹേംകുണ്ഡ് സാഹിബ് കൂടി ദർശിച്ച ശേഷമാണ് ബദരിയിൽ എത്തുന്നത്. ഒടുവിൽ ഒട്ടും പ്ലാനിംഗില്ലാതെ ചെയ്ത മറ്റൊരു യാത്രയിൽ അവർ അമർനാഥ ദർശനവും നടത്തി.

കേദാര്‍നാഥ് ധാം 




ബദരീനാഥ് ധാം 

ഇത്തരം യാത്രകളിൽ നാം പ്ലാൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായിട്ടാവും കാര്യങ്ങൾ നടപ്പിലാവുക എന്ന് പറഞ്ഞുവല്ലോ, എങ്കിലും അവ  തികച്ചും ഹൃദയഹാരിയാവുകയാണ് പതിവ്. ഒരിടത്തെ താമസം ഒരു രാത്രിയെന്നത് നാലോ അഞ്ചോ ദിനരാത്രങ്ങളാവുക ഷൗക്കത്തിന് ഒരുവിധം  എല്ലായിടത്തും തന്നെ ഉണ്ടായ അനുഭവമാണ്. എൻ്റെ യാത്രയിലും കേദാർനാഥിൽ ഒരു ദിവസവും രാത്രിയും കഴിഞ്ഞുകൂടിയത് ഒട്ടും പ്ലാനില്ലാതെയാണ്. എൻ്റെ ചാർധാം യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവം കേദാർനാഥിലെ ആ തണുത്ത രാത്രിയായിരുന്നു. നല്ല മഴയും തണുപ്പും. ആർമിയിൽ നിന്നു റിട്ടയർ ചെയ്ത എഴുപതു വയസ്സായ ഒരു ബാബയുണ്ടായിരുന്നു അവിടെ. ആറടിയിലധികം പൊക്കമുള്ള ഒരു യോഗാഭ്യാസി. തനിക്ക് കിട്ടുന്ന പെൻഷൻ പണം പഞ്ചാബിൽ തൻെറ ഗ്രാമത്തിലെ ഗോശാല നടത്താൻ ഉപയോഗിക്കുന്നു. ഇവിടെ വരുന്ന യാത്രികർ ഭക്ഷണം വാങ്ങിക്കൊടുത്താൽ കഴിക്കും. കൂടുതൽ പൈസ കൊടുത്താൽ വേണ്ടെന്ന് മറുപടി. നിർബ്ബന്ധമാണെങ്കിൽ രണ്ടുറോട്ടി വാങ്ങിത്തന്നോളൂ എന്ന്!

വ്യാസഗുഹ (ബദരീ നാഥ്)

ഈ യാത്രയിലുടനീളം ഷൗക്കത്ത് നടത്തുന്ന മാനസസഞ്ചാരം ഹൃദ്യമായാണ് നമുക്ക് അനുഭവപ്പെടുന്നത്. അവസ്ഥാത്രയങ്ങൾ, പുരുഷാർത്ഥങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം  ശില്പഭദ്രമായ ഒരു തനത് കാഴ്ചപ്പാട് ഷൗക്കത്തിനുണ്ട്. ഗുരുവില്‍ നിന്നും സ്വായത്തമാക്കിയ ജ്ഞാനമാവാം അത്. വാച്യാർത്ഥത്തിൽ എടുക്കേണ്ട കാര്യങ്ങളല്ലാ അവയെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഗണപതിയുടെ കഥ പറയുന്നിടത്ത് യുക്തിയും മിത്തും ഭംഗിയായി കോർത്തിണക്കിപ്പറയുന്നത് ഏതൊരാൾക്കും സമ്മതമാവും.

ചില  ആദ്ധ്യാത്മിക സദസ്സുകളില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നതും അതിനിടയില്‍  സ്വയം 'വിദ്വാനായി' മാറുന്ന അവസരങ്ങളിലെല്ലാം 'മുകളിലേക്ക്' അറിയാതെ  കയറിപ്പോയ തന്നെ നിയതി സമയാസമയങ്ങളിൽ നിലത്തിറക്കിവച്ചതായി അദ്ദേഹം സ്വയം തിരിച്ചറിയുന്നുമുണ്ട്. നാരായണ ഗുരുവും, ഗുരു നിത്യയും, ഗീതയും, ഭാഗവതവും ഇടയ്ക്കിടെ തലകാണിക്കുന്നു.  "നാണമേതും  കൂടാതെ വീണു വണങ്ങേണ്ട" കാലടികളെ കണ്ടുമുട്ടുന്നു. അനുഭവമില്ലാത്ത വേദാന്ത പഠനം എത്ര വ്യർത്ഥമാണന്ന് തിരിച്ചറിഞ്ഞ മഹാത്മാക്കള്‍  അവരോട് ഒന്നും പറയാതെയും ഏറെ പറഞ്ഞും പറയിപ്പിച്ചും  പലയിടത്തും യാത്രികരോടു  സംവദിച്ചു. പ്രസന്നതയാണ് ആത്മീയതയുടെ പ്രകടഭാവമെന്നും തിരിച്ചു യാതൊന്നും വേണമെന്ന് നിര്‍ബ്ബന്ധമില്ലാത്ത സൌഹൃദമാണ് അതിന്‍റെയൊരു നിഴല്‍ത്തെളിവെന്നും യാത്രികരായ സാധകര്‍ മനസ്സിലാക്കുന്നു. വായനയിലൂടെ നമുക്കതൊരു വെളിച്ചമായിത്തീരുന്നു.

യാത്രകളിൽ ഉടനീളം സാധക യാത്രികരായ ഇവർക്ക് തുണയായി സത്രങ്ങളും സേവാസദനങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. പലയിടത്തും അവർക്ക് താമസവും ഭക്ഷണവും സൗജന്യമായി കിട്ടി. സ്വയം മറന്ന് അവരെ സേവിച്ച തികച്ചും നിസ്വാർത്ഥരായ തപസ്വികളും അവിടെല്ലാം ഉണ്ടായിരുന്നു. ഭാരതത്തിൽ മാത്രമേ ഇങ്ങിനെ സത്യാന്യോഷികളെ ആദരിക്കുന്ന മനുഷ്യരെ കാണാൻ കഴിയൂ എന്നു തോന്നുന്നു.  ഈ "തപ:സ്വാദ്ധ്യായനിരതൻമാരുടെ' സേവനവ്യഗ്രതയും സ്നേഹവും വേണ്ടത്ര ആഴത്തിൽ ഷൗക്കത്തിന് മനസ്സിലായോ എന്ന് ചിലപ്പോൾ സംശയം തോന്നും. സാമ്പ്രദായികമായ പലതും ആചരിക്കുകയും ആസ്വദിക്കുകയും, ശ്രവണ-മനന-നിധിധ്യാസനം ശീലമാകുമ്പോഴും  തനിക്ക് അവയോടുള്ള കലഹം  ഷൗക്കത്ത് മറച്ചുവയ്ക്കുന്നില്ല. ബഹുസ്വരതയില്‍ നിയന്ത്രണ രാഹിത്യം പോലെ തന്നെ നിയന്ത്രണവും ഉള്‍ക്കൊള്ളുന്നു എന്നത് മലയാള മനസ്സിന് അന്യമാണെന്ന് തോന്നുന്നു. നാനാത്വത്തിന്‍റെ ഭൂമികയാണല്ലോ ഏകത്വത്തെ തിരിച്ചറിയാന്‍ നമ്മെ പര്യാപ്തരാക്കുന്നത്.

കോഴിക്കോട്  വച്ച്   ചെറുപ്പകാലത്ത് നിത്യ ചൈതന്യയതിയെന്ന മഹാമനീഷിയെ കാണാൻ എനിക്കും ഒരിക്കൽ യോഗമുണ്ടായി. അന്ന് എന്തുകൊണ്ടോ അദ്ദേഹം എൻ്റെ മനസ്സിൽ പതിഞ്ഞതേയില്ല. എന്നാൽ ഷൗക്കത്ത് എന്ന ശിഷ്യനിലൂടെ നിത്യയുടെ നിത്യതയുടെ ചെറിയൊരു ഭാവം ഇന്ന് എന്നിലും വന്നണയുന്നു.

എന്നെ ഒരിക്കൽ കൂടി ഹിമാലയത്തിൽ കൂട്ടിക്കൊണ്ടുപോയതിലുള്ള നന്ദിയാണീ കുറിപ്പ്. ഒരു പക്ഷേ ഇനിയും തുടരാനിരിക്കുന്ന യാത്രകളുടെ നാന്ദിയും ആകാമിത്.

യമുനോത്രിയിലേയ്ക്ക് കുതിരസ്സവാരി. കുതിരക്കാരന്‍ ബാംഗ്ലൂരില്‍  IT  രംഗത്ത് ജോലി ചെയ്തിരുന്നുവത്രേ! അല്‍പം തമിഴും പേശും.



Saturday, April 4, 2020

ഹാ ! കോഴിക്കോടന്‍ അലുവ! – കൊറോണിയന്‍ വേര്‍ഷന്‍


ഹാ ! കോഴിക്കോടന്‍ അലുവ! – കൊറോണിയന്‍ വേര്‍ഷന്‍

കൊറോണക്കാലത്ത് വീട്ടിലിരുന്നു ജോലിചെയ്യുന്നു എന്നാണു ഭാവം. പക്ഷെ അങ്ങിനെ പതിവില്ലാത്തതുകൊണ്ട് ജോലിസമയത്ത് ഇടയ്ക്കിടയ്ക്ക് ചായകുടി, അസമയത്തുള്ള നടക്കാന്‍ പോക്ക്, സൈക്കിളുമെടുത്ത് ഒരു കറക്കം, എല്ലാത്തിനും സമയം കണ്ടെത്തുന്നു. സ്പ്രിംഗ് തുടങ്ങാറായി എന്ന് മരങ്ങള്‍ വിളിച്ചു പറഞ്ഞിട്ടും അധികമാരും പടമെടുക്കാനും മറ്റും വരാത്തതുകൊണ്ട് പൂത്തുലഞ്ഞ ചെറിമരങ്ങള്‍ ലേശം പിണക്കത്തിലാണ്. അങ്ങിനെ വിടുന്നത് ശരിയല്ലല്ലോ. നടക്കാന്‍ പോയപ്പോള്‍ ഒരു പടവും എടുത്തു. സൈക്കിള്‍ സവാരിക്കിടയ്ക്കാണ് “കാകതാലീയ”ത്തിന്‍റെ ലോജിക്ക് മാത്രം വച്ച് അലുവയുടെ മണം മൂക്കിലെത്തിയത്. ഇനി അയല്‍പക്കത്ത് ആരെങ്കിലും കേക്കുണ്ടാക്കി കൊതിപ്പിച്ചതാണോ എന്നും നിശ്ചയമില്ല.

അടുക്കളയില്‍ കയറിയത് എണ്‍പതുകളില്‍ കോഴിക്കോട്ടെ മിട്ടായിത്തെരുവില്‍ നിന്നും കഴിക്കാറുള്ള അലുവയുടെ മധുരസ്മരണയുമായാണ്. അവിടെയുള്ള കടകളില്‍ പല നിറത്തിലും സ്വാദിലുമുള്ള അലുവകള്‍ ടേസ്റ്റ്‌ നോക്കാന്‍ കിട്ടും. വലിയൊരു കത്തികൊണ്ട് ചെറിയ കനത്തില്‍ പൂളിയാണ് അവരത് തരിക. “വാങ്ങോന്നും വേണ്ട  സാറേ, ജസ്റ്റ് ടേസ്റ്റ്‌ നോക്ക്” എന്നവര്‍ നിര്‍ബ്ബന്ധിക്കും

എങ്ങിനെയെങ്കിലും അതുപോലെ ഹലുവയൊന്ന് ഉണ്ടാക്കണമെന്ന മോഹവുമായി യൂട്യൂബ് എന്നൊരു ചടുലസിംഹത്തിന്റെ മുന്നില്‍ മൌസുമായി കുറച്ചു നേരം ചുറ്റിപ്പറ്റി ഇരുന്നു. എന്നിട്ടും ഒന്നും വ്യക്തമായില്ല. പിന്നെ പാചകത്തിന്റെ ആദ്യപാഠം പഠിപ്പിച്ച വിദേശ വിദ്യാഭ്യാസകാലത്തെ ഓര്‍മ്മിച്ചെടുത്ത് അടുപ്പിനടുത്തേയ്ക്ക് നീങ്ങി.

കുച്ഛ്‌ കാം കരോണാ?

ഗോതമ്പ് മാവ് - ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
200 ഗ്രാം ശര്‍ക്കര വെള്ളത്തില്‍ കലക്കിയത് – ഒരു കപ്പ്
വാങ്ങാന്‍ കിട്ടുന്ന ഫിലിപ്പീന്‍ തേങ്ങാപ്പാല്‍ - ഒരു കപ്പ്
കുറച്ച് ഉണക്ക മുന്തിരിയും ഈത്തപ്പഴവും അരച്ചത് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് ഒരു സ്പൂണ്‍. 
വെളിച്ചെണ്ണ – ഒരു കപ്പ്



വീട്ടിലെ ബോസ് ചപ്പാത്തിക്ക് വേണ്ടി കുഴച്ചു വച്ചിരുന്ന ഗോതമ്പ് മാവില്‍  നിന്നും ഒരുരുള മോഷ്ടിച്ച് നാല് കപ്പ് വെള്ളത്തില്‍ കലക്കി വച്ചു. അരമണിക്കൂര്‍ കഴിഞ്ഞു തെളിയൂറ്റി ഗോതമ്പ് പാല്‍ എടുത്തു. പിന്നെ അടുപ്പിനുമുന്നില്‍ നില്‍ക്കുന്ന സമയമത്രയും. “താഴമ്പൂ മണമുള്ള” പഴയ പാട്ടുകള്‍ കേട്ടു. ‘സരിഗമപ’യുടെ ബ്ലൂടൂത്ത് പ്ലേയര്‍ ഹിന്ദിയും തമിഴും വേര്‍ഷന്‍സ് വാങ്ങാന്‍ കിട്ടും. മലയാളം യുഎസ്ബിയില്‍ പകര്‍ത്തിയാണ് പാടിക്കുന്നത്.

ഗോതമ്പുപാല്‍ അടി കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്തു വച്ച് കുറുകാന്‍ തുടങ്ങിയപ്പോള്‍ ശര്‍ക്കരപ്പാനിയും പഞ്ചസാരയും ചേര്‍ത്തു. അതും കുറുകി വന്നപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു. അപ്പോഴേക്കും പാട്ടുകള്‍ ആറെണ്ണം തീര്‍ന്നു. മറ്റാരും കേള്‍ക്കാനില്ലാതെയും കൂടെ പാടി തളര്‍ന്നു. പിന്നെ ഇരുണ്ടു കുറുകിയ മിശ്രിതത്തിലേയ്ക്ക്  കുറച്ച് വീതം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തുവരട്ടി. ഈത്തപ്പഴ മിശ്രിതവും ചേര്‍ത്തു. ആറു പാട്ടുകള്‍ വീണ്ടും. ഒടുവില്‍ വെളിച്ചെണ്ണ പുറത്തു വരുന്നതുവരെ ഇളക്കിയിളക്കി കൈ ഒരു പരുവമായി. പക്ഷെ യൂട്യൂബ് വിഡിയോയില്‍ കാണുന്നതുപോലെ അലുവ അത്രയ്ക്കങ്ങ് കട്ടിയാവുന്നില്ല. അടുപ്പില്‍ നിന്നും മാറ്റി ഒരു ട്രേയിലാക്കി. ചൂടാറിയപ്പോള്‍ ഫ്രിഡ്ജിലേയ്ക്കും വച്ചു.




മുറിച്ചു കഷണങ്ങളാക്കി കോഴിക്കോടന്‍ ഹലുവയെന്ന സങ്കല്‍പ്പത്തില്‍ നാവില്‍ വയ്ക്കുമ്പോള്‍ അത് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. തികച്ചും മായ. ഇപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്നു, ഉടനെ ഇല്ലാതായി. അത് തന്നെയല്ലേ, മായ? എങ്കിലും മിട്ടായിത്തെരുവിലെ ഹലുവയുടെ കട്ടിയില്ലാകടുപ്പത്തില്‍ കടിക്കുമ്പോള്‍ കിട്ടുന്ന ‘ഒരിത്’ ഇല്ല. അതിന്‍റെ ഹിക്കുമത്ത് അറിയാവുന്നവര്‍ പറഞ്ഞുതരണേ.



ഈ പ്രായത്തില്‍, അതും കൊറോണക്കാലത്ത് ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജിന്റെ സമീപത്തേയ്ക്ക് പോകാന്‍ തോന്നുന്നത് ഒരസുഖമാണോ ഡോക്ടര്‍?   
---------------------------------------
"കാകതാലീയം" - ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ കാക്കയുടെ തലയില്‍ വീഴുന്നു എന്നിരിക്കട്ടെ. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവുമില്ല എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു.