Wednesday, June 21, 2017

ഗൃഹപ്രവേശം

 ഗൃഹപ്രവേശം

     പറഞ്ഞുവരുമ്പോള്‍ ഇക്കഥയുടെ കാതല്‍ കുറച്ചു പഴയതാണ്. . എന്നാല്‍ പുതുമയൊരിക്കലും ചോരാത്തതുമാണ്. ചിലപ്പോള്‍ പണ്ട് കേട്ടിട്ടുള്ള ഏതെങ്കിലും കഥയുമായി ബന്ധവും കണ്ടേക്കാം. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കുറെയേറെ പണവുമായി ഏറെക്കാലം കാത്തിരുന്ന്‍ നരേന്ദ്രമേനോന്‍ നാട്ടിലേയ്ക്ക് തിരിച്ചുവന്നു. നല്ലൊരു വീടുണ്ടാക്കണം. പണ്ട് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരു വീടിന്‍റെ നിഴലായി തറവാട് മനസ്സില്‍ എന്നും ഉണ്ടായിരുന്നു. അക്കാലത്ത് അതിന്‍റെ വലുപ്പത്തിലും അവിടെ താമസിച്ചിരുന്ന അമ്മാവന്മാരുടെ പ്രൌഢിയിലും ഒട്ടും കുറവുണ്ടായിരുന്നില്ലല്ലോ. ഒരുവിധം കൊള്ളാവുന്ന വലിയൊരു നാലുകെട്ടായിരുന്നു അത്. ഗള്‍ഫില്‍ നിന്നും മേനോന്‍ മടങ്ങിയെത്തിയപ്പോഴെയ്ക്ക് തറവാട് ചെറിയൊരു നെടുംപുര മാത്രമായിക്കഴിഞ്ഞിരുന്നു. പ്രതാപം അല്പം മങ്ങിയാലും മെലിഞ്ഞ ആനയെ കെട്ടാന്‍ പശുത്തൊഴുത്ത് പോരല്ലോ. അതുകൊണ്ട് എങ്ങിനെയും നല്ലൊരു കെട്ടിടമുണ്ടാക്കാന്‍ മേനോന്‍ തീരുമാനിച്ചു. ദൈവം സഹായിച്ച് സ്വപ്രയത്നം കൊണ്ട് ജീവിതം മുഴുവനും സൂക്ഷ്മതയോടെ കരുതിവച്ച സമ്പത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാം കഠിനാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായതുകൊണ്ട്  നല്ല മനസമാധാനവും കൂട്ടുണ്ടായിരുന്നു.

     തനിക്ക് വേണ്ട വീടിനെപ്പറ്റി നരേന്ദ്രമേനോന് കൃത്യമായ ഐഡിയകള്‍  ഉണ്ടെങ്കിലും നല്ലൊരു ആര്‍ക്കിട്ടെക്ടിനെ ഏര്‍പ്പാടുചെയ്താണ് അദ്ദേഹം വീടിന്‍റെ പ്ലാന്‍ ചെയ്യിപ്പിച്ചത്. അപ്പോഴൊക്കെ മനസ്സില്‍ അദ്ദേഹത്തിന്‍റെ വേവലാതി തന്‍റെ ഏറ്റവും ഇളയ അമ്മാവനെപ്പറ്റിയായിരുന്നു. അമ്മാവന്‍ എന്ത് പറയും? എന്ത് ചെയ്താലും അതില്‍ കുറ്റവും കുറവും കണ്ടുപിടിച്ച് വീട്ടില്‍ കലഹമുണ്ടാക്കുന്ന അമ്മാവന്‍ ചെറുപ്പത്തില്‍ കാര്യമായി പഠിക്കാനൊന്നും മിനക്കെട്ടില്ല. എങ്കിലും അത്യാവശ്യം സമ്പത്തുള്ള വീട്ടില്‍ നിന്ന് വിവാഹം ചെയ്തതുകൊണ്ട് അല്ലലില്ലാതെ കഴിയുന്നു. പണ്ട് തന്‍റെ ഗള്‍ഫ് യാത്രക്കായി അല്പം പണം കടം ചോദിച്ചപ്പോള്‍ “ഇനീപ്പോ അതിന്‍റെ ഒരു കൊഴപ്പേ ഒള്ളു. ഇവിടെ വല്ല കൂലിപ്പണിയൊക്കെയായി നിന്നാ പോരേ? അല്ലെങ്കില്‍ നമ്മളൊക്കെ നായന്മാരല്ലേ, ചായ അടിക്കാന്‍ നിക്കാമല്ലോ? സ്കൂളവധിക്ക് നീയാ ഗോവിന്ദന്‍റെ കടയില്‍ ചായയടിക്കാന്‍ നിന്നിട്ടില്ലേ, ഇനിയതങ്ങു തുടര്‍ന്നാല്‍പ്പോരെ? അല്ല, ഇനി ഗള്‍ഫില്‍ പോയി തൊപ്പിയിട്ടു തിരികെ വരാനാണ് പ്ലാനെങ്കില്‍ ഞാന്‍ തറവാട്ടില്‍ കേറ്റില്ല, പറഞ്ഞേക്കാം” എന്ന് പറഞ്ഞ് ഓടിച്ചു വിട്ടയാളാണ്. അതുപോലെ തന്നെ ഏതു കല്യാണാലോചന വരുമ്പോഴും അതെല്ലാം എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് ഒടക്കിയയാളുമാണ് ഇദ്ദേഹം. എവിടെ വീട് പാല്കാച്ചലിന് ക്ഷണിച്ചാലും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് വീടിന്‍റെ പോരായ്മ എടുത്തു പറഞ്ഞ് അതിനൊത്ത് ചാടാന്‍ തയ്യാറായ കുറച്ച് അസ്മാദികളെക്കൂടി സംഘടിപ്പിച്ച് അങ്ങേര്‍ അതൊരു വഴിക്കാക്കും. കുറെ റിട്ടയാര്‍ഡ് പ്രഫസര്‍മാരാണ് കൂട്ട്. അമ്മാവന് ഒരിക്കലും കുറ്റം പറയാനിട നല്‍കാത്ത വീട്. അതാണ് മേനോന്‍റെ ലക്‌ഷ്യം.


     കെട്ടിടത്തിന്‍റെ ഡിസൈനും പ്ലാനിംഗും പണിയും എല്ലാം വിചാരിച്ചതുപോലെ നടന്നു. അമ്മാവന്‍ വീടുപണി കാണണം എന്ന് സൂചിപ്പിച്ചപ്പോഴൊക്കെ വല്ല സൂത്രമൊക്കെ പറഞ്ഞ് ആളെ ഒഴിവാക്കി. ഒരിക്കല്‍ വീടുപണി കാണാതെ അദ്ദേഹം പോവില്ല എന്ന് തോന്നിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചില സാധനങ്ങള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി. “ഇതിനൊന്നും പഴയ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോടാ” എന്ന് പഴിയും കേട്ടു. സാരമില്ല. ഇനി കയ്യില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സ്വയമ്പന്‍ സ്കോച്ച് കുപ്പിയോടെ കൊടുത്താലും പറയും “നമ്മുടെ രായമംഗലം ഷാപ്പിലെ രാജപ്പന്‍റെ വാറ്റിന്‍റെ ഏഴയലത്ത് വര്വോ സായ്പ്പിന്‍റെ ഈ ചൊറവെള്ളം?” എന്നാവും. പക്ഷെ ഇപ്പോള്‍ തറവാട്ടില്‍ നേര്‍ ബന്ധുവായി ഇദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹം തലകുലുക്കി സമ്മതിക്കുന്ന തരത്തില്‍ ഒരു വീട്, അതാണ്‌ തന്‍റെ ലക്ഷ്യം. ആരും കുറ്റം പറയാത്ത ഒരു വീട്.


     ടൌണില്‍ നിന്നും അകലെയല്ലാതെ പുഴയുടെ കരയ്ക്കുള്ള നല്ലൊരു ‘കണ്ണായ’ സ്ഥലത്താണ് കെട്ടിടം. കുറച്ചുനാള്‍ മുന്‍പേ അരയേക്കര്‍ സ്ഥലം വാങ്ങിയിട്ടിരുന്നു. അവിടെ മുഴുവന്‍ തെങ്ങ് നട്ടു. കാഫലം കണ്ടുതുടങ്ങി. വീടിനു രണ്ടുനിലകളാണ്. അയ്യായിരം സ്ക്വയര്‍ ഫീറ്റില്‍ താഴത്തെനിലയില്‍ നാലുകെട്ടിന്‍റെ രീതിയില്‍ ഒരകത്തളവും മഴപെയ്താല്‍ അതിരുന്നാസ്വദിക്കാന്‍ പറ്റുന്ന ചാരുപടികളും എല്ലാമായി നരേന്ദ്രന്‍റെ സ്വപ്നക്കൂടുതന്നെയായിരുന്നു അത്. നിലത്ത് മുഴുവന്‍ മാര്‍ബിള്‍ വിരിച്ചു. കോണ്‍ക്രീറ്റ് പണിക്കും മറ്റും മഹാരാഷ്ട്രയില്‍ നിന്നും ആളെ കൊണ്ടുവന്നു. സാധാരണ ബംഗാളികളാണല്ലോ കേരളത്തിലെ പണിക്കാര്‍. പൂനെയില്‍ നിന്നുള്ള മറാട്ടികള്‍ നല്ല ഒന്നാന്തരം പണിക്കാരാണ്. പണിയെന്നു വച്ചാല്‍ അവര്‍ക്കവരുടെ ചോറാണ്; ദൈവവും. ഒന്നാന്തരം ഫിനിഷിംഗ് വര്‍ക്കും, മരപ്പണിയും, പെയ്ന്റിങ്ങും അവര്‍ തന്നെ ചെയ്തു. അടുക്കളയാണെങ്കില്‍ മോസ്റ്റ്‌ മോഡേണ്‍. എല്ലാമുറിയിലും ഒന്നാന്തരം ഫര്‍ണ്ണിച്ചര്‍ വാങ്ങിയിട്ടു. ജനാലകളില്‍ നല്ല കര്‍ട്ടനുകള്‍ ചാര്‍ത്തി അലങ്കരിച്ചു. നരേന്ദ്രമേനോന്‍ എല്ലാടവും ഒന്ന് കൂടി കണ്ട് ഉറപ്പിച്ചു. ഇത് തന്‍റെ മനസ്സിലുള്ള വീട് തന്നെ. ‘ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമാവും. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് മരണശേഷം ഇത് നാട്ടുകാര്‍ക്കായി എഴുതി വയ്ക്കാം. അവരിതൊരു പഞ്ചായത്ത് വായനശാലയോ റെസ്റ്റ്ഹൌസോ ആക്കട്ടെ.’

     വീടിന്‍റെ പാലുകാച്ചിന് ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ആദ്യത്തെ പേര് അമ്മാവന്‍റെതന്നെയാണ്. അതങ്ങിനെയാവണമല്ലോ!  തന്‍റെ ഉയര്‍ച്ചയ്ക്കെല്ലാം കാരണമായത് അമ്മാവന്‍റെ സ്വഭാവവിശേഷങ്ങളാണ്. അച്ഛനില്ലാതെ വളര്‍ന്ന തന്നെ അമ്മാവന്‍ ഓരോരോ കാര്യങ്ങളിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തന്‍റെ വാശി കൂടിക്കൂടി വന്നു. അന്നൊക്കെ അദ്ദേഹം എന്തെങ്കിലും നക്കാപ്പിച്ചയും തന്ന് വല്ല ചായക്കടയും ഇട്ടുതന്നിരുന്നെങ്കില്‍ താനിപ്പോഴും അതും നോക്കി നടന്നേനെ.

     അമ്മാവനെ പാലുകാച്ചിന്‍റെ തലേദിവസം പുതിയ വീട്ടില്‍ വരാനായി വീട്ടില്‍പ്പോയി ക്ഷണിച്ചു. “അമ്മാവന്‍ നേരത്തേ വന്നു നോക്കി അനുഗ്രഹിക്കണം. ഞാന്‍ കാറ് പറഞ്ഞയക്കാം.” തലേ ദിവസം തന്നെ നോക്കി കുറ്റമെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോവട്ടെ. പിറ്റേദിവസം നാട്ടുകാര്‍ എല്ലാം കൂടുമ്പോള്‍ മറ്റൊരു കശപിശ വേണ്ടല്ലോ.

     രാവിലെതന്നെ അമ്മാവനും കൂട്ടുകാരായ രണ്ടു റിട്ടയാര്‍ഡ്‌ പ്രഫസര്‍മാരും വന്നു. അതിലൊരാള്‍ അറിയപ്പെടുന്ന കവിയുമാണ്. നരേന്ദ്രമേനോന്‍ അവരെ വീടെല്ലാം ചുറ്റിനടന്നു കാണിച്ചുകൊടുത്തു. പണിതുവച്ച ഓരോ ഐറ്റവും എവിടെ നിന്നും വാങ്ങിച്ചു, എങ്ങിനെ പണിതു എന്നെല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കി. ചുമരിലും വാതിലിലും ഫര്‍ണ്ണിച്ചറുകളിലും എല്ലാം കൈയോടിച്ചു നോക്കി. മുകളിലും താഴെയും എല്ലാടവും നോക്കിയിട്ടും അമ്മാവന് ആ വീട്ടില്‍ ഒരു കുറവും കണ്ടപിടിക്കാന്‍ കഴിഞ്ഞില്ല. പ്രഫസര്‍മാരും ആകെയൊരു സംത്രാസത്തിലാണ്. ഇങ്ങിനെയൊരു പരാജയം ആദ്യമായാണ്‌. കുറ്റം കണ്ടുപിടിച്ച് കൂട്ടുകാരോടെങ്കിലും പറഞ്ഞ് രസിക്കാന്‍ പറ്റിയില്ലെങ്കില്‍ പാലുകാച്ചിനും കല്യാണത്തിനും അടിയന്തിരത്തിനും പോകുന്ന സമയം വ്യര്‍ത്ഥമാണെന്നവര്‍ക്കറിയാമായിരുന്നു.

     “ഒന്നും ആയില്ല അല്ലേ?” പ്രഫസര്‍, കവിയോടു ചോദിച്ചു. ചിന്താമഗ്നനായി ഒരല്‍പം മാറി നിന്ന അമ്മാവന്‍ പെട്ടെന്നു മുഖപ്രസാദം വീണ്ടെടുത്ത് കൂട്ടുകാരോട് പറഞ്ഞു. “കിട്ടിപ്പോയി”!

     “എന്താ, എന്താ?”

     “അതവനോടു തന്നെ നേരിട്ട് പറയാം. അല്ലെങ്കിലും ഈയിടെയായി അവനല്‍പ്പം അഹങ്കാരമുണ്ടോ എന്ന് സംശയം. നമ്മുടെ അടുത്തു കാണിക്കുന്ന ഈ വിനയമൊക്കെ കപടമല്ലേ മാഷേ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു?”

     മൂന്നാളും കൂടി ഉമ്മറത്ത് സെല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മേനോന്‍റെയടുത്ത് ചെന്നു. നരേന്ദ്രമേനോന്‍ ഫോണ്‍ കട്ട് ചെയ്ത് ആകാംഷയോടെ ചോദിച്ചു. “അമ്മാവാ, എന്ത് പറയുന്നു? എല്ലാവരുടെയും അനുഗ്രഹം വേണം. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയൂ. ആവുന്നതുപോലെ ഞാന്‍ അത് ശരിയാക്കാം”

     “എടാ, നിന്‍റെ പുതിയ വീടൊക്കെ തരക്കേടില്ല. ഡിസൈന്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് കൊതി തോന്നും. കെട്ടിടത്തിന്‍റെ നിലവും പെയ്ന്റിങ്ങും എല്ലാം ഒരുവിധം നന്നായി എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ ആണ് കെട്ടിടമുണ്ടാക്കാനും ഫര്‍ണ്ണിഷ് ചെയ്യാനും ഉപയോഗിച്ചതെന്ന് തോന്നില്ല. അത്ര തിളക്കമുണ്ട് എല്ലാറ്റിനും. എങ്കിലും ഒരു കെട്ടിടമാവുമ്പോ ഇത്രയ്ക്ക് ഉറപ്പ് വേണോ? ഇതൊന്നു പൊളിച്ചടക്കണമെങ്കില്‍ എന്താ പാട്? കാശെത്ര ചെലവാകും? നിന്‍റെ കാലശേഷം അതിനും ഞങ്ങളൊക്കെത്തന്നെ വേണ്ടേ?”
___________________________________________________________________________________

ശ്രീ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനവുമായി ഇക്കഥയ്ക്ക് ബന്ധമൊന്നുമില്ല.       

Friday, June 16, 2017

സുകൃതം

തൃശ്ശൂര് നിന്നും അതിരാവിലെ ഒരു കാർ വാടകയ്‌ക്കെടുത്ത് പുറപ്പെട്ടതാണ്. ഒന്‍പതുമണിക്കാണ് അപ്പോയിന്‍റ്മെന്‍റ്. വളരെ തിരക്കുള്ള ആളെയാണ് കാണാന്‍ പോകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദേട്ടന്‍ ആദ്യമൊക്കെ തീരെ സമയമില്ല എന്ന് പറഞ്ഞുവെങ്കിലും പ്രത്യേകിച്ചു ബിസിനസ്സ് കാര്യങ്ങള്‍ ഒന്നും നടത്താനല്ല, അവധികഴിഞ്ഞ് കാനഡയിലേയ്ക്ക് മടങ്ങും മുന്‍പ് ഒന്ന് കാണാന്‍ മാത്രമാണ് എന്ന് അറിയിച്ചപ്പോള്‍ ഞായറാഴ്ചയാണെങ്കിലും വന്നുകൊള്ളാന്‍ പറഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചത്. 

കാറിന്‍റെ ഡ്രൈവര്‍ നൌഷാദ് നമ്മുടെ കുടുംബത്തിലെ ഒരംഗംപോലെയാണ്. എപ്പോഴെങ്കിലും കാര്‍ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. സ്വന്തം വണ്ടി മറ്റ് ഓട്ടത്തിന് പോയിരിക്കുകയാണെങ്കില്‍ നമ്മുടെ കുടുംബത്തിനു പറ്റിയ മറ്റൊരാളെ പറഞ്ഞയക്കും. വല്ലാതെ തിരക്ക് കൂട്ടി വെടിമരുന്നിന് തീകൊളുത്തിയപോലെ ധൃതിക്കാരായ ഡ്രൈവര്‍മാരെ നൌഷാദ് നമ്മുടെ വീട്ടിലേയ്ക്ക് അയക്കില്ല. ഈ ഞായറാഴ്ച മൂപ്പര് തന്നെയാണ് വന്നത്. ബിന്ദുവും ഞാനും നേരത്തേ തന്നെ തയാറായി. അവളുടെ അച്ഛന്‍റെ മരണശേഷം അടിയന്തിരവും ബലിയിടലും മറ്റുമായി രണ്ടാഴ്ച നല്ല തിരക്കിലും ക്ഷീണത്തിലുമായിരുന്നു ഞങ്ങള്‍. എങ്കിലും ഈയൊരു സന്ദര്‍ശനം ഒഴിവാക്കാന്‍ പറ്റില്ല. ഈ അവസരം ഇനിയുണ്ടാവുമോ എന്ന് ആര്‍ക്കറിയാം?.

നേരേ പൊന്നാനിയിലേയ്ക്ക്. ‘മടങ്ങും വഴിക്ക് കാടാമ്പുഴയിലും ഒന്ന് കയറണം’ എന്ന് നൌഷാദിനോടു പറഞ്ഞിരുന്നു. “അതിനെന്താ നമുക്ക് പെട്ടെന്നു പോയി വരാം, മിക്കവാറും നടയടയ്ക്കും മുന്‍പ് തൊഴാനൊക്കും.” 

രാവിലത്തെ ഭക്ഷണത്തിനൊന്നും സമയം കിട്ടിയിരുന്നില്ല. ഒന്ന് രണ്ടു ലെവൽ ക്രോസിംഗ് കിട്ടിയതിനാൽ പുറത്തുനിന്നു കഴിക്കാനും പറ്റിയില്ല. പറഞ്ഞ സമയത്തിനു രണ്ടുമിനുട്ട്‌ മുന്‍പേ പോന്നാനിയിലെ വീട്ടിന്‍റെ പടിക്കലെത്തി. വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. വീടിനു വെളിയില്‍ ചെറിയൊരു സെക്യൂരിറ്റി പുരയുണ്ട്. അവിടെ ഒരാളിരുന്നു പേപ്പര്‍ വായിക്കുന്നു. വിവരം ചോദിച്ച ഉടനെ ഗേറ്റ് തുറന്നു. പടര്‍ന്നു കിടക്കുന്ന ഒരു മരത്തിന്‍റെ ചുവട്ടില്‍ കാര്‍ ഒതുക്കിയിട്ടോളാന്‍ പറഞ്ഞു. ഞങ്ങള്‍ വീടിന്‍റെ പൂമുഖത്ത് ചെന്നു കാളിംഗ് ബെല്‍ അടിക്കാന്‍ തുടങ്ങും മുന്‍പ് അദ്ദേഹം വാതില്‍ തുറന്ന് ഇറങ്ങി വന്നു. കുളിച്ച് ചന്ദനവും ഭസ്മവും തൊട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു “ഗോവിന്ദന്‍ മെന്‍ഷന്‍ ചെയ്തിരുന്നു”

പെട്ടെന്നു തന്നെ ഞങ്ങള്‍ രണ്ടാളും സ്വയമറിയാതെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടു വന്ദിച്ചു. അതിനു മുന്‍പ് ഇതുപോലെ സ്വയമറിയാതെ വന്ദിച്ച കാലടികള്‍ സ്വാമി ചിന്മയാനന്ദയുടേതാണ്. 1993-ല്‍ കാലിഫോര്‍ണിയയിലെ പിയേര്‍സിയിലായിരുന്നു അത്. സ്വാമിജിയുടെ സമാധിക്കു മുന്‍പ്.




“വരൂ..” എന്ന് അദ്ദേഹം ഞങ്ങളെ സ്വീകരണ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ആര്‍ഭാടം തീരെയില്ലാത്ത മുറി. കുറച്ചു പുസ്തക ഷെല്‍ഫുകള്‍, കസേരകള്‍ പിന്നെ ഭിത്തിയില്‍ ഫ്രെയിം ചെയ്ത കുറച്ചു ഫോട്ടോകള്‍. അതില്‍ അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ പ്രസിഡന്‍റ്മാരും പ്രധാനമന്ത്രിമാരുമൊക്കെയാണ്. ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യയും മുറിയിലേയ്ക്ക് വന്നു. അവര്‍ വാല്‍സല്യത്തോടെ ബിന്ദുവിന്‍റെ കൈ പിടിച്ചു. കുശലം ചോദിച്ചു. 

കാനഡയില്‍ ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ഓരോ ചോദ്യങ്ങളും അതിനുള്ള മറുപടിയും അദ്ദേഹം കേള്‍ക്കുന്നത് പൂര്‍ണ്ണമായ ശ്രദ്ധയോടെയാണ്. നമ്മോടു സംസാരിക്കുന്ന സമയത്ത് നാം മാത്രമേ അദ്ദേഹത്തിന്‍റെ മുന്നില്‍ ഉള്ളു. നമ്മള്‍ പറയുന്ന കാര്യമാണ് അപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സെല്‍ഫോണോ അതുപോലുള്ള യാതൊരു distractions-ഉം അദ്ദേഹത്തെ അലട്ടുന്നില്ല. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മ്യൂണിക്കേഷന്‍റെ കാര്യത്തില്‍  ഈ “one pointed attention” ഞാന്‍ സ്വയം പ്രാക്ടീസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. (പലപ്പോഴും വിജയിക്കാറില്ലെങ്കിലും) 

പറഞ്ഞ് വന്നപ്പോള്‍ ബിന്ദുവിന്‍റെ അച്ഛന്‍റെ മരണവൃത്താന്തവും അറിയിച്ചു. അദ്ദേഹം ഭംഗിവാക്കിലുള്ള സാന്ത്വനമൊന്നും പറഞ്ഞില്ല. “yes, it is the ripe old age to go. – I am also eighty’” എന്നാണദേഹം പറഞ്ഞത്. പിന്നെ എന്ജിനീയറിംഗ്പ്രോജക്ടുകളെപ്പറ്റിയും സ്ട്രക്ച്ചറല്‍ എന്ജിനീയറിംഗ് കാര്യങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആന്‍റി സ്വയം കാപ്പിയും ഇഡലിയും ഉരുളക്കിഴങ്ങ് ബോണ്ടയും ടീപ്പോയില്‍ കൊണ്ടുവന്നുവച്ചു. “ഇവിടെയിരുന്നു സംസാരിച്ചുകൊണ്ട് കഴിക്കാം”. രണ്ടാളും കൂടി നിര്‍ബന്ധിച്ച് അത് മുഴുവന്‍ ഞങ്ങളെക്കൊണ്ട് കഴിപ്പിച്ചു. 

വീണ്ടും സംഭാഷണം വാല്യൂ എന്ജിനീയറിംഗ്, പോല്ല്യൂഷന്‍ കണ്ട്രോള്‍, സസ്റ്റെയ്നബിലിറ്റി എന്നിവയിലൂടെയൊക്കെ കടന്നുപോയി.
പറഞ്ഞ് വച്ചിരുന്ന അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. വാച്ച് നോക്കിയ എന്നെ നോക്കി ആന്‍റി പറഞ്ഞു – “ഉച്ചവരെ വേറെ അപ്പോയിന്റ്മെന്റ് ഒന്നുമില്ല. ഞായറാഴ്ച വല്ലതും വായിക്കാനും മറ്റുമുള്ള സമയമാണ്”. അവിടെ ടീപ്പോയ്മേല്‍ രാവിലെ വായിച്ച് വച്ച ഭഗവദ്ഗീത തുറന്നു കിടന്നിരുന്നു. 

“ഭഗവദ്ഗീതയിലും ഭാഗവതത്തിലും യോഗവാസിഷ്ഠത്തിലും എനിക്ക് താല്പര്യമുണ്ട്, അത്യാവശ്യം ട്രാന്‍സ്ലേഷന്‍ ഒക്കെ ചെയ്യുന്നുണ്ട്, അതിപ്പോള്‍ ജന്മഭൂമിയില്‍ നിത്യവും സംസ്കൃതിയില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “ഞാനും യോഗവാസിഷ്ഠം പഠിക്കുകയാണ്. സമയമാണ് പ്രശ്നം”. കുറച്ചു നേരം വേദാന്തം പ്രാക്ടിക്കല്‍ ജീവിതത്തില്‍ എങ്ങിനെ പ്രയോജനപ്പെടും എന്നതിനെക്കുറിച്ച് വര്‍ത്തമാനം പറഞ്ഞിരുന്നു. “ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. അതില്‍ സ്വാര്‍ത്ഥതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. കാരണം ആരാണ് ചെയ്തത് എന്നതല്ല, എന്താണ് accomplished ആയത് എന്നതാണ് കാര്യം.” വസിഷ്ഠോപദേശം നന്നായി മനസ്സിലാക്കിയും പ്രായോഗികമാക്കിയും തഴക്കം വന്നയാളുടെ ശബ്ദം എന്‍റെയുള്ളിലും മുഴങ്ങിക്കേട്ടു.
  
‘ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാം’ എന്ന് പറഞ്ഞപ്പോള്‍ “അതിനെന്താ ആയിക്കോളൂ” എന്ന് പറഞ്ഞ് കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോസ് ചെയ്തു. ആന്റിയെക്കൊണ്ടും ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുപ്പിച്ചു. 

ഓരോന്ന് പറഞ്ഞ് പറഞ്ഞ് സമയം പന്ത്രണ്ടാവുന്നു. അപ്പോള്‍ സ്വയം തോന്നിയ ഔചിത്യം കൊണ്ട് മാത്രം അവിടെനിന്നും പോകാന്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ ആന്‍റി പറഞ്ഞു. ‘”കാനഡയില്‍ നിന്നും ഒരു ഡോ.സുകുമാര്‍ കാണാന്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നോടു പറഞ്ഞു, “മിക്കവാറും പുതിയൊരു എന്ജിനീയറിംഗ് കോളേജു തുടങ്ങാനോ മറ്റോ ആയിരിക്കും വരവ്. ഇനിയിവിടെ ഒരു കോളേജും വേണ്ട, ഉള്ളത് നന്നായി നടത്തിയാല്‍ മാത്രം മതി എന്ന് പറഞ്ഞ് നമുക്കയാളെ പെട്ടെന്നു പറഞ്ഞ് വിടാം”. അത് കേട്ട് അദ്ദേഹത്തിനും ചിരി വന്നു. 

“ജീവിതത്തിലും പ്രഫഷനിലും നല്ലബുദ്ധി തോന്നാന്‍ അനുഗ്രഹിക്കണം” എന്ന് മനസ്സിൽ പറഞ്ഞ് ഞങ്ങള്‍ ഒന്ന്കൂടി അദ്ദേഹത്തിന്‍റെ കാല്‍തൊട്ടു വണങ്ങി പുറത്തു കടന്നു. അദ്ദേഹവും കൂടെ വന്ന് ഞങ്ങളെ യാത്രയാക്കി. നൌഷാദിനോട് കുശലം ചോദിച്ചു. ‘കാപ്പി കുടിച്ചില്ലേ?” കാര്‍ പിറകോട്ടെടുക്കാന്‍ അദ്ദേഹം തന്നെ കൈകൊണ്ട് ഡയറക്ഷൻ  കാണിച്ചുകൊടുത്തു. 

മടങ്ങുമ്പോള്‍ നൌഷാദ് ചോദിച്ചു. “ആരാണദ്ദേഹം? അദ്ദേഹം മാത്രമല്ല, അവിടെ എനിക്ക് കാപ്പി തരാന്‍ വിളിച്ച ജോലിക്കാരന്‍ പോലും എത്ര വിനയത്തോടെയാണ് സംസാരിച്ചത്? ‘ഒരു കാപ്പി മാത്രം ഇങ്ങു പുറത്തേയ്ക്ക് തന്നാല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്, ‘ഏയ്‌ അത് പറ്റില്ല, അകത്തു മേശപ്പുറത്ത് വച്ച് കസേരയില്‍ ഇരുത്തിവേണം ഭക്ഷണം കൊടുക്കാന്‍ എന്ന് ഇവിടെ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമാവില്ല.” 

(this photo is by others)

“നൌഷാദേ, ഒന്നോര്‍ത്തു നോക്കൂ, ഇദ്ദേഹത്തെ ടീവിയിലും മറ്റും കണ്ടിട്ടുണ്ടാവും”.

“അല്ല, ശരിയാണല്ലോ! നമ്മുടെ ശ്രീധരൻ സാറല്ലേ അത്? അത്ര ഫേമസ് ആയ ആളാണോ നമ്മുടെയടുത്ത് ഇങ്ങിനെ പെരുമാറിയത്?”

ഞങ്ങൾക്ക് ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ കിട്ടിയ ഒരു inspirational appointment തന്നെയായിരുന്നു അത്. ഇപ്പോള്‍ നാലഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു (10 August 2012). എന്നുമുള്ളില്‍ തെളിവോടെ നിറഞ്ഞു നില്‍ക്കുന്നതും ഒരു ബ്ലോഗിലൂടെപോലും പങ്കുവയ്ക്കാന്‍ തോന്നാത്തത്ര സ്വകാര്യസ്വത്തുമായിയിരുന്നു ഇതുവരെ ഈ അനുഭവം. ഇനിയെന്‍റെ കൂട്ടുകാരും അതിനെപ്പറ്റി വായിച്ചറിയട്ടെ.

കാടാമ്പുഴയില്‍ എത്തിയപ്പോള്‍ നടയടച്ചിരുന്നു. ഒട്ടും വിഷമം തോന്നിയില്ല. പുറത്തുനിന്ന് തൊഴുതു.  സാക്ഷാല്‍ ദേവീകടാക്ഷം വേണ്ടുവോളം ലഭിച്ച ഒരാളെ കണ്ടുമുട്ടാനായല്ലോ! സുകൃതജന്മങ്ങളെ കണ്ടുമുട്ടാന്‍ ഇനിയും നമുക്കെല്ലാം അവസരങ്ങള്‍ ഉണ്ടാകട്ടെ. അല്ലേ?