Monday, April 6, 2020

വീണ്ടുമൊരു ഹിമാലയയാത്രയുടെ അനുരണനം

വീണ്ടുമൊരു ഹിമാലയയാത്രയുടെ അനുരണനം .....


മഴപെയ്തു തോര്‍ന്നിട്ടും മരം പെയ്യുന്നതുപോലെ; വാഴ നനയ്ക്കുമ്പോള്‍    ചീരയും നനയുന്നതുപോലെയൊരു യാത്ര - ഹിമാലയത്തിലേയ്ക്ക്. ഷൗക്കത്തിൻ്റെ "ഹിമാലയം" വായിച്ച് അടച്ചു വച്ചു. ഇനിയും പല തവണ തുറക്കാനും അടക്കാനുമുള്ളതാണീ പുസ്തകം.

യാത്രാനുഭവം മനസ്സിലിരുന്നു പാകപ്പെട്ട് പുറത്തുവരണമെന്നു തോന്നിയതു മാത്രമേ ഷൌക്കത്ത്  ഇതില്‍ എഴുതിയിട്ടുള്ളൂ. ഹിമാലയ പര്യടനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലേക്കോ യാത്ര പ്ലാൻ ചെയ്യാനുള്ള ട്രാവൽ ഗൈഡായോ ഈ പുസ്തകം ഒരു പക്ഷേ ഉപകാരപ്പെടില്ല. ഒരു പക്ഷേ ഈ സഞ്ചാരം മനസ്സിലാണ് ഓടിത്തീർക്കുന്നത്. ഷൗക്കത്ത് പോയ സ്ഥലങ്ങളിൽ മിക്കയിടത്തും ഒരു മിന്നായം പോലെ സന്ദർശനം നടത്തിയിട്ടുള്ള എനിക്ക് കിട്ടിയ ദർശന വിശേഷങ്ങൾ എത്ര ശുഷ്ക്കം!


ഷൗക്കത്ത് യാത്രക്ക് മുൻപു് നടത്തിയ തയ്യാറെടുപ്പുകൾ ഗുരു നിത്യചൈതന്യയതിയുടെ കീഴിൽ ഗുരുകുലത്തിൽ ചെയ്ത സാധനകൾ, എല്ലാം അദ്ദേഹത്തിൻ്റെ കാഴ്ചകൾക്ക് കരുത്തേകുന്നു. യാത്രാനുഭവം വായിക്കുന്നവരിൽ പ്രത്യേകിച്ച് അവിടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക്,  അത് പല മടങ്ങായി അനുഭവവേദ്യമാവുന്നു. 2005 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാവുമ്പോള്‍ യത്ര അതിനു രണ്ടോ മൂന്നോ കൊല്ലം മുന്പ് ആവണം. എന്‍റെ യാത്ര കഴിഞ്ഞിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അല്ലെങ്കില്‍ മനോയാത്രയ്ക്ക് കാലഗണന എന്തിനാണ്? "മനോജവം മാരുത തുല്യവേഗം" എന്നാണല്ലോ!


ചാർധാം എന്ന് പ്രസിദ്ധിയാർജ്ജിച്ച യാത്രയാണ് പ്രധാനമായും "ഹിമാലയം" എന്ന ഈ പുസ്തകത്തില്‍  ഉള്ളത്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ ധാമങ്ങളാണ് ചാർധാം യാത്രയിൽ ഒരാൾ കടന്നു പോവുക. ഷൗക്കത്തും, സഹയാത്രിക ഗായത്രി എന്ന ഗുരു പെങ്ങളും  ചേർന്ന് നടത്തിയ ചാർധാം യാത്രയ്ക്ക് ശേഷം ഏറെക്കാലം  കഴിഞ്ഞ്  മറ്റൊരു യാത്രയിൽ അവർ അമർനാഥ് ദർശനവും നടത്തി.

ആന്തരീകമായി ഒരാളെ 'ബാധിക്കുന്ന'  യാത്രകൾ ഒന്നും തന്നെ മുൻകൂട്ടി തീരുമാനിച്ച് കുറ്റമറ്റ രീതിയിൽ പ്ലാൻ ചെയ്തിട്ടല്ല സംഭവിക്കുന്നത്. എൻ്റെ അനുഭവവും കുറയൊക്കെ അങ്ങിനെയായിരുന്നു. കൈലാസ യാത്രയ്ക്ക് പണമടച്ച് കാഠ് മണ്ഡു വരെയെത്തിയ എനിക്ക് അതിനു സമയമായിട്ടില്ലായിരുന്നു. ഭൂമികുലുക്കത്തിന്റെ ഭാവത്തില്‍ അതിനൊരു തടസ്സം ഉണ്ടായി. പക്ഷെ അതെന്നെ ലുംബിനിയിലേയ്ക്ക് നയിച്ചു. അതി ഹൃദ്യമായ ഒരനുഭവം സമ്മാനിച്ച് അത് മനസ്സില്‍ നന്നായി പതിഞ്ഞു നിന്നു.

 യമുനോത്രി ധാം 


 ഗംഗോത്രി ധാം 


 ഷൗക്കത്തും ഗായത്രിയും ഒരു ദിവസം പൊടുന്നനെ യാത്ര തുടങ്ങുകയായിരുന്നു. ഹരിദ്വാർ, ഋഷീകേശ്, എന്നിവിടങ്ങളിൽ പോയിട്ട് നേരേ യമുനോത്രിയിലേക്ക്. അവിടെ നിന്ന് ഉത്തരകാശി വഴി ഗംഗോത്രി. അവിടെയെത്തിയ ശേഷം ഗോമുഖിലും തപോവനത്തിലും നടത്തിയ യാത്രയുടെ ചാരുതയും തണുപ്പും വായനയുടെ ബന്ധനത്തിനും അപ്പുറമാണ്. അവിടെ നിന്നും കേദാർനാഥിലേക്ക്. അവസാനമാണ് ബദരീനാഥിലക്ക് പോയി ചാർധാം യാത്ര പൂർത്തിയാക്കുന്നത്. ഈ അപൂർവ്വ യാത്രികർ ഹേംകുണ്ഡ് സാഹിബ് കൂടി ദർശിച്ച ശേഷമാണ് ബദരിയിൽ എത്തുന്നത്. ഒടുവിൽ ഒട്ടും പ്ലാനിംഗില്ലാതെ ചെയ്ത മറ്റൊരു യാത്രയിൽ അവർ അമർനാഥ ദർശനവും നടത്തി.

കേദാര്‍നാഥ് ധാം 
ബദരീനാഥ് ധാം 

ഇത്തരം യാത്രകളിൽ നാം പ്ലാൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായിട്ടാവും കാര്യങ്ങൾ നടപ്പിലാവുക എന്ന് പറഞ്ഞുവല്ലോ, എങ്കിലും അവ  തികച്ചും ഹൃദയഹാരിയാവുകയാണ് പതിവ്. ഒരിടത്തെ താമസം ഒരു രാത്രിയെന്നത് നാലോ അഞ്ചോ ദിനരാത്രങ്ങളാവുക ഷൗക്കത്തിന് ഒരുവിധം  എല്ലായിടത്തും തന്നെ ഉണ്ടായ അനുഭവമാണ്. എൻ്റെ യാത്രയിലും കേദാർനാഥിൽ ഒരു ദിവസവും രാത്രിയും കഴിഞ്ഞുകൂടിയത് ഒട്ടും പ്ലാനില്ലാതെയാണ്. എൻ്റെ ചാർധാം യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവം കേദാർനാഥിലെ ആ തണുത്ത രാത്രിയായിരുന്നു. നല്ല മഴയും തണുപ്പും. ആർമിയിൽ നിന്നു റിട്ടയർ ചെയ്ത എഴുപതു വയസ്സായ ഒരു ബാബയുണ്ടായിരുന്നു അവിടെ. ആറടിയിലധികം പൊക്കമുള്ള ഒരു യോഗാഭ്യാസി. തനിക്ക് കിട്ടുന്ന പെൻഷൻ പണം പഞ്ചാബിൽ തൻെറ ഗ്രാമത്തിലെ ഗോശാല നടത്താൻ ഉപയോഗിക്കുന്നു. ഇവിടെ വരുന്ന യാത്രികർ ഭക്ഷണം വാങ്ങിക്കൊടുത്താൽ കഴിക്കും. കൂടുതൽ പൈസ കൊടുത്താൽ വേണ്ടെന്ന് മറുപടി. നിർബ്ബന്ധമാണെങ്കിൽ രണ്ടുറോട്ടി വാങ്ങിത്തന്നോളൂ എന്ന്!

വ്യാസഗുഹ (ബദരീ നാഥ്)

ഈ യാത്രയിലുടനീളം ഷൗക്കത്ത് നടത്തുന്ന മാനസസഞ്ചാരം ഹൃദ്യമായാണ് നമുക്ക് അനുഭവപ്പെടുന്നത്. അവസ്ഥാത്രയങ്ങൾ, പുരുഷാർത്ഥങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം  ശില്പഭദ്രമായ ഒരു തനത് കാഴ്ചപ്പാട് ഷൗക്കത്തിനുണ്ട്. ഗുരുവില്‍ നിന്നും സ്വായത്തമാക്കിയ ജ്ഞാനമാവാം അത്. വാച്യാർത്ഥത്തിൽ എടുക്കേണ്ട കാര്യങ്ങളല്ലാ അവയെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഗണപതിയുടെ കഥ പറയുന്നിടത്ത് യുക്തിയും മിത്തും ഭംഗിയായി കോർത്തിണക്കിപ്പറയുന്നത് ഏതൊരാൾക്കും സമ്മതമാവും.

ചില  ആദ്ധ്യാത്മിക സദസ്സുകളില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നതും അതിനിടയില്‍  സ്വയം 'വിദ്വാനായി' മാറുന്ന അവസരങ്ങളിലെല്ലാം 'മുകളിലേക്ക്' അറിയാതെ  കയറിപ്പോയ തന്നെ നിയതി സമയാസമയങ്ങളിൽ നിലത്തിറക്കിവച്ചതായി അദ്ദേഹം സ്വയം തിരിച്ചറിയുന്നുമുണ്ട്. നാരായണ ഗുരുവും, ഗുരു നിത്യയും, ഗീതയും, ഭാഗവതവും ഇടയ്ക്കിടെ തലകാണിക്കുന്നു.  "നാണമേതും  കൂടാതെ വീണു വണങ്ങേണ്ട" കാലടികളെ കണ്ടുമുട്ടുന്നു. അനുഭവമില്ലാത്ത വേദാന്ത പഠനം എത്ര വ്യർത്ഥമാണന്ന് തിരിച്ചറിഞ്ഞ മഹാത്മാക്കള്‍  അവരോട് ഒന്നും പറയാതെയും ഏറെ പറഞ്ഞും പറയിപ്പിച്ചും  പലയിടത്തും യാത്രികരോടു  സംവദിച്ചു. പ്രസന്നതയാണ് ആത്മീയതയുടെ പ്രകടഭാവമെന്നും തിരിച്ചു യാതൊന്നും വേണമെന്ന് നിര്‍ബ്ബന്ധമില്ലാത്ത സൌഹൃദമാണ് അതിന്‍റെയൊരു നിഴല്‍ത്തെളിവെന്നും യാത്രികരായ സാധകര്‍ മനസ്സിലാക്കുന്നു. വായനയിലൂടെ നമുക്കതൊരു വെളിച്ചമായിത്തീരുന്നു.

യാത്രകളിൽ ഉടനീളം സാധക യാത്രികരായ ഇവർക്ക് തുണയായി സത്രങ്ങളും സേവാസദനങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. പലയിടത്തും അവർക്ക് താമസവും ഭക്ഷണവും സൗജന്യമായി കിട്ടി. സ്വയം മറന്ന് അവരെ സേവിച്ച തികച്ചും നിസ്വാർത്ഥരായ തപസ്വികളും അവിടെല്ലാം ഉണ്ടായിരുന്നു. ഭാരതത്തിൽ മാത്രമേ ഇങ്ങിനെ സത്യാന്യോഷികളെ ആദരിക്കുന്ന മനുഷ്യരെ കാണാൻ കഴിയൂ എന്നു തോന്നുന്നു.  ഈ "തപ:സ്വാദ്ധ്യായനിരതൻമാരുടെ' സേവനവ്യഗ്രതയും സ്നേഹവും വേണ്ടത്ര ആഴത്തിൽ ഷൗക്കത്തിന് മനസ്സിലായോ എന്ന് ചിലപ്പോൾ സംശയം തോന്നും. സാമ്പ്രദായികമായ പലതും ആചരിക്കുകയും ആസ്വദിക്കുകയും, ശ്രവണ-മനന-നിധിധ്യാസനം ശീലമാകുമ്പോഴും  തനിക്ക് അവയോടുള്ള കലഹം  ഷൗക്കത്ത് മറച്ചുവയ്ക്കുന്നില്ല. ബഹുസ്വരതയില്‍ നിയന്ത്രണ രാഹിത്യം പോലെ തന്നെ നിയന്ത്രണവും ഉള്‍ക്കൊള്ളുന്നു എന്നത് മലയാള മനസ്സിന് അന്യമാണെന്ന് തോന്നുന്നു. നാനാത്വത്തിന്‍റെ ഭൂമികയാണല്ലോ ഏകത്വത്തെ തിരിച്ചറിയാന്‍ നമ്മെ പര്യാപ്തരാക്കുന്നത്.

കോഴിക്കോട്  വച്ച്   ചെറുപ്പകാലത്ത് നിത്യ ചൈതന്യയതിയെന്ന മഹാമനീഷിയെ കാണാൻ എനിക്കും ഒരിക്കൽ യോഗമുണ്ടായി. അന്ന് എന്തുകൊണ്ടോ അദ്ദേഹം എൻ്റെ മനസ്സിൽ പതിഞ്ഞതേയില്ല. എന്നാൽ ഷൗക്കത്ത് എന്ന ശിഷ്യനിലൂടെ നിത്യയുടെ നിത്യതയുടെ ചെറിയൊരു ഭാവം ഇന്ന് എന്നിലും വന്നണയുന്നു.

എന്നെ ഒരിക്കൽ കൂടി ഹിമാലയത്തിൽ കൂട്ടിക്കൊണ്ടുപോയതിലുള്ള നന്ദിയാണീ കുറിപ്പ്. ഒരു പക്ഷേ ഇനിയും തുടരാനിരിക്കുന്ന യാത്രകളുടെ നാന്ദിയും ആകാമിത്.

യമുനോത്രിയിലേയ്ക്ക് കുതിരസ്സവാരി. കുതിരക്കാരന്‍ ബാംഗ്ലൂരില്‍  IT  രംഗത്ത് ജോലി ചെയ്തിരുന്നുവത്രേ! അല്‍പം തമിഴും പേശും.No comments:

Post a Comment