Sunday, March 15, 2020

വൈറസ്സുമുതല്‍ വേദാന്തസാരം വരെ - - കാര്‍ക്കടിയെന്ന രാക്ഷസിയുടെ കഥ യോഗവാസിഷ്ഠത്തില്‍ നിന്ന്

വൈറസ്സുമുതല്‍ വേദാന്തസാരം വരെ



- കാര്‍ക്കടിയെന്ന രാക്ഷസിയുടെ കഥ
യോഗവാസിഷ്ഠത്തില്‍ നിന്ന്

ഹിമാലയ പര്‍വ്വതസാനുക്കള്‍ക്കും വടക്കായി ഒരിടത്ത്‌ കാര്‍ക്കടി എന്നുപേരായ ഒരു രാക്ഷസി ജീവിച്ചിരുന്നു. കറുത്തിരുണ്ടു വലിപ്പമേറിയ അവളുടെ രൂപം ഭയങ്കരമായിരുന്നു. വിശപ്പായിരുന്നു അവള്‍ക്ക്‌.

അവള്‍ വിചാരിച്ചു: “ജംബുദ്വീപില്‍ (ഭൂമിയില്‍) നിവസിക്കുന്ന എല്ലാവരേയും ഒന്നിച്ചു തിന്നാന്‍ കിട്ടിയിരുന്നുവെങ്കില്‍ എന്‍റെ വിശപ്പ്‌ പെരുമഴയ്ക്കുശേഷം മരീചികയെന്നപോലെ അപ്രത്യക്ഷമായേനെ! എന്നാല്‍ അത്തരം ഒരു പ്രവര്‍ത്തനം ഒരുവന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഉചിതമാവുകയില്ല. മാത്രമല്ല ജംബുദ്വീപിലെ നിവാസികള്‍ ധര്‍മ്മിഷ്ഠരും സഹാനുഭൂതിയുള്ളവരും ഈശ്വരഭക്തിയുള്ളവരും പച്ചമരുന്നുകളെപ്പറ്റി അറിവുള്ളവരുമാണ്‌.

ഇങ്ങിനെ സമാധാനമായി ജീവിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ ശരിയല്ല. അതുകൊണ്ട്‌ ഞാന്‍ ഒരു തപസ്സിലേര്‍പ്പെടാന്‍ പോവുകയാണ്‌.  കിട്ടാന്‍ വളരെ ദുഷ്കരമായ കാര്യം സാദ്ധ്യമാക്കാന്‍ തപസ്സിനോളം ഉത്തമമായി മറ്റൊന്നുമില്ല.”

കാര്‍ക്കടി, മഞ്ഞുമലയുടെ ഉത്തുംഗശിഖരങ്ങളിലൊന്നില്‍പ്പോയി ഒറ്റക്കാലില്‍ തപസ്സു തുടങ്ങി. അവളുടെ തീരുമാനം കല്ലുപോലെ ഉറച്ചതും ശ്രദ്ധ സുദൃഢവുമായതിനാല്‍ ദിവസങ്ങളും മാസങ്ങളും കടന്നുപോയത്‌ അവളറിഞ്ഞില്ല. കാലക്രമത്തില്‍ അവളുടെ ദേഹം ശോഷിച്ച്‌ അവള്‍ സുതാര്യമായ ചര്‍മ്മത്തില്‍ പൊതിഞ്ഞ ഒരസ്ഥിപഞ്ചരം മാത്രമായി.

അവളങ്ങിനെ ഒരായിരം കൊല്ലം തപസ്സുചെയ്തു. ഒടുവില്‍ ബ്രഹ്മാവ്‌ അവളില്‍ സംപ്രീതനായി പ്രത്യക്ഷപ്പെട്ടു.

മനസാ ബ്രഹ്മാവിനെ വന്ദിച്ച്‌ എന്തു വരമാണു ചോദിക്കേണ്ടതെന്ന് അവള്‍ ചിന്തിച്ചു. “ഓ കിട്ടിപ്പോയി!, എനിക്കൊരു ജീവനുള്ള സൂചികയാവണം (സൂചി - രോഗത്തിന്‍റെ മൂര്‍ത്തിമദ്‌ഭാവം) എന്ന വരം ആവശ്യപ്പെടാം. ഈ വരം ലഭിച്ചാല്‍ അതുമായി എനിക്ക്‌ എല്ലാജീവജാലങ്ങളുടേയും ഹൃദയത്തില്‍ക്കയറി എന്‍റെ ആഗ്രഹം നടപ്പാക്കാം, എന്‍റെ വിശപ്പും തീരും.”

ബ്രഹ്മാവു പറഞ്ഞു: “നിന്‍റെ തപസ്സില്‍ നാം സംപ്രീതനാണ്‌. നിന്‍റെ ആഗ്രഹമെന്താണ്‌? അവള്‍ തന്‍റെ ആഗ്രഹമറിയിച്ചു.

“തഥാസ്തു!” ബ്രഹ്മാവു പറഞ്ഞു.  “അങ്ങിനെയാവട്ടെ, നിനക്ക്‌ ഒരു വിഷൂചികയാവാം. സൂക്ഷ്മമായി നിലകൊണ്ട്‌ മോശപ്പെട്ട ആഹാരം കഴിക്കുന്നവരിലും ദുര്‍ന്നടത്ത ശീലമാക്കിയവരിലും, അവരുടെ ഹൃദയത്തില്‍ക്കയറി നിനക്ക്‌ ആധിയുണ്ടാക്കാം.”

വിഷൂചികയുടെ പ്രഭാവം
ആ പര്‍വ്വതാകാരയായിരുന്ന രാക്ഷസി ചുരുങ്ങിച്ചുരുങ്ങി ഒരു സൂചിമുനയുടെയത്ര (സൂചിക) ചെറുതായി. അവളുടെ രൂപം ഭാവനയില്‍ മാത്രം കാണാവുന്ന തരത്തില്‍ അതി സൂക്ഷ്മമായിരുന്നു. നട്ടെല്ലിന്‍റെ അടിമുതല്‍ ശിരസ്സിന്‍റെ മുകളറ്റംവരെ ബന്ധിപ്പിക്കുന്ന സുഷുമ്നാനാഡി പോലെ അവള്‍ അതിസൂക്ഷ്മമായി നിലകൊണ്ടു. അവള്‍ ബൌദ്ധന്മാര്‍  പറയുമ്പോലെ 'അലയ' ബോധത്തിലായിരുന്നു. അവള്‍ അതിസൂക്ഷ്മവും അദൃശ്യയും ആയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയതയ്ക്ക്‌ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ ആവശ്യപ്പെട്ട വരം ലഭിച്ചുവെങ്കിലും എല്ലാ ജീവികളേയും ആഹരിക്കണമെന്ന അവളുടെ ആഗ്രഹം മാത്രം നടപ്പായില്ല. കാരണം അവള്‍ രൂപത്തില്‍ സൂചിയുടെയത്ര ചുരുങ്ങിപ്പോയിരുന്നല്ലോ. എത്ര വിചിത്രം! മോഹവിഭ്രമത്തില്‍പ്പെട്ടവര്‍ക്ക്‌ ദീര്‍ഘവീക്ഷണം എങ്ങിനെയുണ്ടാവാനാണ്‌?

സ്വാര്‍ത്ഥന്‍റെ, തന്‍കാര്യം നേടാനുള്ള ഉഗ്രകര്‍മ്മങ്ങള്‍ അവനെ മറ്റു ഫലങ്ങളിലേയ്ക്കു നയിക്കുന്നു. ഒരാള്‍ ഏറെദൂരം ഓടിക്കിതച്ചുവന്ന് മുഖക്കണ്ണാടി നോക്കിയാല്‍ തന്‍റെ മുഖം വ്യക്തമായി കാണാന്‍ കഴിയില്ല. കാരണം അവന്‍റെ ഉഛ്വാസനീരാവി കണ്ണാടിയില്‍ മങ്ങലുണ്ടാക്കുമല്ലോ. ഈ രാക്ഷസിക്ക്‌ വലിയൊരു രൂപമുണ്ടായിരുന്നു. അവളാ രൂപമുപേക്ഷിച്ചത്‌ സൂക്ഷ്മരൂപിയാകാനാണ്‌.

വിഷൂചിക, അതിസൂക്ഷ്മമായിരുന്നു. മറ്റുള്ള ജീവനുകള്‍ കൊണ്ട്‌ അവള്‍ കര്‍മ്മനിഷ്ഠയായി വാണു. സൂചികയും വിഷൂചികയുമായി അവള്‍ എല്ലാവരേയും ബാധിച്ചുകൊണ്ട്‌ ലോകം മുഴുവന്‍ ചുറ്റിനടന്നു. അവളുടെ സ്വേഛപ്രകാരമാണ്‌ അവള്‍ സൂക്ഷ്മരൂപിയായത്‌. എന്താവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുവോ, ഒരുവന്‍ അതായിത്തീരുന്നുവല്ലോ. ഹീനചിന്തയുള്ളവര്‍ തുലോം തുച്ഛമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ രാക്ഷസി ആഗ്രഹിച്ചത്‌ ക്രൂരയായ സൂചികയാകാനാണല്ലോ. ഒരാളുടെ ജന്മസ്വഭാവം തപസ്സുകൊണ്ടുപോലും മാറ്റുക ദുഷ്കരം!

സ്ഥൂലശരീരമുള്ളവരുടേയും രോഗങ്ങള്‍ക്കടിപ്പെട്ടവരുടേയും ദേഹത്ത്‌ സൂചിക പ്രവേശിച്ച്‌ സ്വയം വിഷൂചികയായി പരിണമിക്കുന്നു. സൂചിക ഏത്‌ അരോഗദൃഢഗാത്രന്റേയും ഹൃദയത്തില്‍ പ്രവേശിച്ച്‌ അവന്‍റെ ബുദ്ധിയെ വഴിതെറ്റിക്കുന്നു. ചിലരുടെ കാര്യത്തില്‍, ചികില്‍സ കൊണ്ടോ മന്ത്രബലംകൊണ്ടോ മരുന്നുകൊണ്ടോ അവള്‍ രോഗിയെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാവുന്നു.

അവള്‍ ഏറെക്കാലം ഭൂമി യില്‍ ചുറ്റിനടന്നു.

വിഷൂചികയുടെ ഭൂമിക 
നിലത്തുള്ള ചെളിയിലും പൊടിയിലും, വൃത്തിഹീനമായ വിരലുകളില്‍, തുണികളിലെ നൂലിഴകളില്‍, ദേഹത്തിലെ പേശികള്‍ക്കുള്ളില്‍, പൊടികൊണ്ടുമൂടിയ വൃത്തിഹീനമായ തൊലിപ്പുറത്ത്‌, കൈകള്‍ വിണ്ടുകീറിയ ഇടങ്ങളില്‍, ജരബാധിച്ച ശരീരഭാഗങ്ങളില്‍, ഈച്ചയാര്‍ക്കുമിടങ്ങളില്‍, ശവശരീരങ്ങളില്‍, ജീര്‍ണ്ണിച്ച ഇലകള്‍ കൂട്ടിയിട്ടയിടങ്ങളില്‍, നല്ല മരങ്ങളില്ലാത്തയിടങ്ങളില്‍, വൃത്തിയില്ലാത്ത വസ്ത്രം ധരിക്കുന്നവരില്‍, ആരോഗ്യശീലം ഇല്ലാത്തവരില്‍, കാടുവെട്ടിത്തെളിച്ച്‌ ബാക്കിയായ മരകുറ്റികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ പെരുകി കൃമികീടങ്ങളുണ്ടായതില്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍, മലിനജലത്തില്‍, നഗരവീഥിയ്ക്കു നടുവിലെ തുറന്ന ഓടകളില്‍, വഴിയാത്രക്കാര്‍ തങ്ങുന്ന സത്രങ്ങളില്‍, ആനയും കുതിരയും ഏറെയുള്ള നഗരങ്ങളില്‍ എല്ലാം സൂചിക ഒളിച്ചുതാമസിക്കുന്നു.

സ്വയം അവളൊരു സൂചി -തുന്നാനുള്ളത്‌- ആയതിനാല്‍ പാതയോരത്തു കിടക്കുന്ന അഴുക്കുതുണികള്‍ കൂട്ടിത്തുന്നി അവളണിയുന്നു. രോഗികളുടെ ദേഹത്തിലവളോടിക്കളിക്കുകയാണ്‌.  തുന്നല്‍ക്കാരന്‍റെ സൂചിയും കഠിനമായ, തുടര്‍ച്ചയായ, അദ്ധ്വാനം കാരണം തളര്‍ച്ച അനുഭവപ്പെട്ട്‌ നിലത്തുവിഴാം. അതുപോലെ സൂചികയ്ക്കും ഈ നശീകരണം മടുത്തു. സൂചിയുടെ സ്വഭാവം കുത്തിത്തുളയ്ക്കലാണെന്നതുപോലെ സൂചികയുടെ സ്വഭാവം ക്രൂരതയാണ്‌.  തന്നിലൂടെ കടന്നുപോവുന്ന നൂലിനെ സൂചി വിഴുങ്ങുന്നതുപോലെ സൂചിക അവളുടെ ഇരകളെ നശിപ്പിച്ചുകൊണ്ടേയിരുന്നു.

അതിക്രൂരരായവര്‍ പോലും ചിലപ്പോള്‍ മറ്റുള്ളവരുടെ പട്ടിണിയും ദയനീയാവസ്ഥയും ഏറെനാള്‍ കണ്ടുകണ്ട്‌ ദയയുള്ളവരാകുന്നതായി കാണാറുണ്ട്‌. സൂചികയും എണ്ണമറ്റ നൂലുകള്‍ തന്‍റെ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്‌. അതവളെ അലോസരപ്പെടുത്തി. അവളുടെ മുഖം അവള്‍തന്നെ തുന്നിയ ഒരു കറുത്തതുണികൊണ്ട്‌ മൂടപ്പെട്ടതായി അവള്‍ക്കു തോന്നി. അവളുടെ കണ്ണുകള്‍ കെട്ടിയിരുന്നു. 'ഈ കണ്‍കെട്ട്‌ ഞാനെങ്ങിനെ കീറിക്കളയും?' എന്നവള്‍ ആലോചിച്ചു. അവള്‍ സൂചിയെന്നനിലയില്‍  ശുഭ്രവസ്ത്രത്തിലും (സദ്ജനങ്ങള്‍) ജീര്‍ണ്ണവസ്ത്രത്തിലും (ദുര്‍ജ്ജനങ്ങള്‍) യഥേഷ്ടം കയറിയിറങ്ങി.

ആരുടേയും ശല്യമോ പ്രകോപനമോ കൂടാതെ സൂചിക മറ്റുള്ളവരുടെ നാശത്തിനും മരണത്തിനുമായി പ്രവര്‍ത്തിക്കുന്നു. ആപത്കാരിയായ ഈ നൂലിന്‍റെ ബന്ധനം കൊണ്ട്‌ അതും തൂക്കിയിട്ട്‌ അവള്‍ അലയുന്നു.

ജീവസൂചിക എന്നും അവള്‍ അറിയപ്പെടുന്നു. എല്ലാ ജീവജാലങ്ങളിലും പ്രാണന്റേയും അപാനന്റേയും സഹായത്താല്‍ ജീവശക്തിയായി അവള്‍ ജീവനെ ദുരിതപ്പെടുത്തുന്നു. തീവ്രവും സൂചി കുത്തുന്നതുപോലെയുമുള്ള വേദനകൊണ്ട്‌ വാതമായും, രക്തവാതം മുതലായവയായും ഒരുവന്‍റെ മനസ്സു കെടുത്തുന്നു. കാലുകളില്‍ സൂചിപോലെ തുളഞ്ഞുകയറി രക്തം കുടിക്കുന്നു. എല്ലാ ദുഷ്ടരേയും പോലെ അന്യരുടെ ദുരിതത്തില്‍ അവള്‍ സന്തോഷിക്കുന്നു.

രാക്ഷസിയുടെ മന:പരിവര്‍ത്തനം
ഇപ്രകാരം ഏറെക്കാലം കഴിഞ്ഞ കാര്‍ക്കടി രാക്ഷസിക്ക്‌ മോഹഭംഗവും മന:പരിവര്‍ത്തനവും വന്നു. അവള്‍ അളുകളെ തിന്നണമെന്ന തന്‍റെ മൂഢമോഹത്തെപ്പറ്റിയോര്‍ത്ത്‌ പശ്ചാത്തപിച്ചു. ഈ ആര്‍ത്തി തീരാന്‍വേണ്ടി താന്‍ ആയിരംകൊല്ലം തപസ്സുചെയ്തു, വിഷൂചികയായി അധമജീവിതം നയിക്കുകയും ചെയ്തു. അവള്‍ സ്വയംകൃതാനര്‍ത്ഥത്തെച്ചൊല്ലി വേവലാതി പറഞ്ഞു: എന്‍റെ പര്‍വ്വതാകാരശരീരമെവിടെ? ഈ സൂചിയെവിടെ? ചിലപ്പോള്‍ ചെളിയിലും മലത്തിലുമാണു ഞാന്‍.  ആളുകള്‍ എന്നെ ചവിട്ടി മെതിക്കുന്നു. എന്തുചെയ്യണമെന്നെനിക്കറിയില്ല. എനിക്കാരും കൂട്ടുകാരായില്ല. എന്നില്‍ ആര്‍ക്കും അനുകമ്പയുമില്ല. എനിക്കു  വീടില്ല, കാണാന്‍ തക്ക വലുപ്പത്തില്‍ ഒരു ശരീരം പോലുമില്ല. എന്‍റെ മനസ്സും ഇന്ദ്രിയ ങ്ങളും വൃഥാവിലായിരിക്കുന്നു.

കൊടും ദുരിതത്തിലേയ്ക്കു നടന്നടുക്കുന്നവര്‍ ആദ്യം മോഹവിഭ്രമവും ദുഷ്ടതയും സൃഷ്ടിക്കുന്നു. അവയാണ്‌ പിന്നീട്‌ ദു:ഖവും നിര്‍ഭാഗ്യവുമാവുന്നത്‌. ഞാന്‍ ഒരിക്കലും സ്വതന്ത്രയല്ല. മറ്റുള്ളവരുടെ ദയവിലാണ്‌ എന്‍റെ അസ്തിത്വം. അവര്‍ എന്നേക്കൊണ്ടു ചെയ്യിക്കുന്നതൊക്കെ ഞാന്‍ ചെയ്തു കൂട്ടുകയാണ്‌. എല്ലാവരേയും തിന്നൊടുക്കാനുള്ള അത്യാര്‍ത്തിയെന്ന പിശാചിനെ പ്രീണിപ്പിക്കാനായി ചെയ്ത മരുന്ന്, രോഗത്തേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ എന്നെ എത്തിച്ചിരിക്കുന്നു. മുന്‍പത്തേതിലും വലിയ പിശാച്‌ ഉണ്ടായിരിക്കുന്നു. തീര്‍ച്ചയായും ഞാനൊരു ബുദ്ധിയില്ലാത്ത മൂഢ തന്നെ. വലിയൊരു ശരീരം വേണ്ടെന്നുവച്ചിട്ട്‌ ഈ സൂചികപോലെ ഒരു വൃത്തികെട്ട രൂപമെടുത്തുവല്ലോ!. പുഴുവിനേക്കാള്‍ കഷ്ടമായുള്ള എന്‍റെയീ അവസ്ഥയില്‍നിന്നും ആരാണെന്നെ മോചിപ്പിക്കുക? മാമുനിമാരുടെ ഉള്ളിലൊന്നും എന്നേപ്പോലൊരു നികൃഷ്ടജീവിയെപ്പറ്റി ആലോചനകളേയുണ്ടാവില്ല. എനിക്കിനിയെന്നാണ്‌ പണ്ടത്തെപ്പോലെ ഭീമാകാരം പൂണ്ട്‌ വലിയ വലിയ ജീവികളുടെ രക്തം കുടിക്കുവാനാവുക? ഞാന്‍ വീണ്ടും തപസ്സു ചെയ്യാന്‍ പോവുന്നു.

കാര്‍ക്കടിയുടെ രണ്ടാം തപസ്സ് 
കാര്‍ക്കടി, ജീവജാലങ്ങളെ ഭക്ഷിക്കാനുള്ള കൊതിയെല്ലാമുപേക്ഷിച്ച്‌ ഹിമാലയപര്‍വ്വതത്തില്‍പ്പോയി തീവ്രതപസ്സു തുടങ്ങി. ഒറ്റക്കാലിലാണവള്‍ നിന്നത്‌. തീവ്രതപം കൊണ്ട്‌ അവളുടെ തലയില്‍നിന്നും പുക വമിക്കാന്‍ തുടങ്ങി. അതുമൊരു സൂചികയായി, അവളുടെ സഹചാരിയായി. അവളുടെ നിഴലും മറ്റൊരു സൂചികയായി. മറ്റൊരു സുഹൃത്ത്‌. മരങ്ങളും വള്ളിച്ചെടികളും അവളുടെ തപസ്സുകണ്ട്‌ അഭിനന്ദനപൂര്‍വ്വം അവള്‍ക്ക്‌ ഭക്ഷണമായി പരാഗവിതരണം ചെയ്തു. എന്നാല്‍ അവള്‍ ഭക്ഷണമേതും കഴിച്ചില്ല. അവള്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സ്വര്‍ഗ്ഗാധിപന്‍ അവള്‍ നിന്നിടത്ത്‌ മാംസത്തിന്‍റെ ചെറുതുണ്ടുകള്‍ ഇട്ടുകൊടുത്തു. അതുമവള്‍ തൊട്ടില്ല. അങ്ങിനെയവള്‍ കാറ്റിലോ, കാട്ടുതീയിലോ മഴയിലോ കൂസലൊന്നും കൂടാതെ ഏഴായിരം കൊല്ലം തപസ്സുചെയ്തു. അവളിലെ പപപങ്കിലമായ എല്ലാ വാസനകളും ഇല്ലാതായി. കാര്‍ക്കടിയുടെ സമഗ്രജീവന്‍ നിര്‍മ്മലമായി ഭവിച്ചു. അവളില്‍ പരമജ്ഞാനോദയമുണ്ടായി. അവളിലെ തപോര്‍ജ്ജം ഹിമാലയപര്‍വ്വതത്തെ ജാജ്വല്യമാനമാക്കി.

ദേവരാജാവായ ഇന്ദ്രന്‍ നാരദമുനിയില്‍നിന്നും കാര്‍ക്കടിയുടെ അനിതരസാധാരണമായ ഈ തപസ്സിനെപ്പറ്റി അറിഞ്ഞു.

ഇന്ദ്രന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ നാരദന്‍ കാര്‍ക്കടിയുടെ കഥ വിവരിച്ചു: “ഈ നികൃഷ്ടയായ കാര്‍ക്കടി ജീവനുള്ള ഒരു സൂചിയായി ലോഹസൂചിയുടെ രൂപത്തില്‍ ഇരിക്കുന്നു. പാപപങ്കിലരായ ആളുകളുടെ പേശികളെ കുത്തിത്തുളച്ച്‌ അവരുടെ സന്ധികളേയും രക്തത്തേയും ദുഷിപ്പിക്കുന്നു. അവള്‍ കാറ്റുപോലെ ശരീരങ്ങളില്‍ക്കടന്ന് കുത്തിപ്പിളര്‍ക്കുന്ന, തുളച്ചു കയറുന്ന തരം വേദനയുളവാക്കുന്നു. ശുദ്ധമല്ലാത്ത, മാംസം മുതലായ ഭക്ഷണങ്ങളാല്‍ പരിപോഷിക്കപ്പെട്ട ശരീരങ്ങളിലവള്‍ ഈ വേദനയുമായി ആഴ്ന്നിറങ്ങുന്നു. കഴുകന്‍ മുതലായ ജീവികളുടെ ശരീരത്തിലും അവള്‍ പ്രവേശിച്ച്‌ അവയെ ആര്‍ത്തിയോടെ ആഹരിക്കുന്നു.

തീവ്രതപസ്സനുഷ്ഠിച്ചതിന്‍റെ ഫലമായി തന്‍റെ ഇരകളുടെ മനസ്സിലും ഹൃദയത്തിലും അവള്‍ക്കു പ്രവേശനമുണ്ട്‌. അതുകൊണ്ട്‌ ആതിഥേയന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുന്നു. സ്വയം വായുപോലെ സൂക്ഷ്മരൂപിയും അഗോചരവും ആണെങ്കില്‍ ഒരാള്‍ക്ക്‌ എന്താണസാദ്ധ്യം? എങ്കിലും അവള്‍ക്ക്‌ തന്‍റെ വാസനാമാലിന്യം കാരണം ചിലജീവികളോട്‌ ഏറെ പ്രിയവും മറ്റുചിലതിനോട്‌ അപ്രിയവും ഉണ്ടായി. അവയോട്‌ ബന്ധപ്പെട്ട്‌, അവള്‍ അവരെച്ചുറ്റിപ്പറ്റിനിന്നു. അവള്‍ സ്വതന്ത്രയായി ചുറ്റി നടന്നുവെങ്കിലും ചിലപ്പോളൊക്കെ തന്‍റെ സൂചികാരൂപത്തിലേയ്ക്കവള്‍ മടങ്ങിവന്നു.

"അസ്തിത്വമുള്ളതിനു മാത്രമേ അനുഭവങ്ങളിലൂടെ കടന്നുപോവാന്‍ കഴിയൂ. ശരീരമില്ലാത്ത ഒരു സത്വത്തിന്‌ എങ്ങിനെയാണ്‌ സംതൃപ്തിയെന്ന അനുഭവം ഉണ്ടാവുക?" അങ്ങിനെ സൂചിക അതീവ ദു:ഖിതയായിരുന്നു. തന്‍റെ ഭീമാകാരരൂപം തിരികെ കിട്ടാന്‍ അവള്‍ വീണ്ടും തപസ്സു തുടര്‍ന്നു. അവള്‍ ഒരു കഴുകന്‍റെ ശരീരത്തില്‍ക്കയറി. കഴുകന്‍ അവളെ ഹിമാലയത്തില്‍ ഉപേക്ഷിച്ചു പറന്നുപോയി. ഖരരൂപത്തിലുള്ള ആ സൂചിയെ അവലംബമാക്കി ഇപ്പോഴും അവള്‍  തപസ്സു തുടരുന്നു. അല്ലയോ ഇന്ദ്രാ, അവളുടെ തപസ്സിനു വിഘ്നം വരുത്തിയില്ലെങ്കില്‍ തപശ്ശക്തികൊണ്ട്‌ അവള്‍ ലോകം മുടിക്കും.”

ഇതുകേട്ട്‌ കാര്‍ക്കടി തപസ്സുചെയ്യുന്ന ഇടം കൃത്യ മായി കണ്ടുപിടിക്കാന്‍ ഇന്ദ്രന്‍ വായുവിനെ നിയോഗിച്ചു. പ്രപഞ്ചമെല്ലാം, വിവിധ സൌരയൂഥങ്ങളടക്കം ചുറ്റിയടിച്ചുവന്ന കാറ്റ്‌ അവസാനം ഭൂമിയില്‍ ഹിമാലയപരിസരത്ത്‌ വന്നു. അവിടം സൂര്യതാപം കൊണ്ട്‌ ചെടികളൊന്നുമില്ലാതെ ഉണങ്ങിവരണ്ട്‌ മരുഭൂമിപോലെ ആയിരുന്നു.
സൂചിക ഹിമാലയത്തില്‍ മറ്റൊരു പര്‍വ്വത ശിഖരംപോലെ നില്‍ക്കുന്നത്‌ വായു കണ്ടു. അവള്‍ ആഹാരമൊന്നും കഴിക്കാതിരുന്നതുകൊണ്ട്‌ ദേഹം ഏതാണ്ടു മുഴുവനായിത്തന്നെ ഉണങ്ങി വരണ്ടിരുന്നു. വായു അവളുടെ വായില്‍ക്കയറിയപ്പോഴൊക്കെ അവളതിനെ പുറത്തേയ്ക്കു കളഞ്ഞു. പ്രാണവായുവിനെ ശിരസ്സിലേയ്ക്കു വലിച്ച്‌ ഉത്തമയായ ഒരു യോഗിനിയായി അവള്‍ നിലകൊണ്ടു. അവളെക്കണ്ട്‌ വായു അത്ഭുതസ്തബ്ധനായിപ്പോയി. അവളോടൊന്നു സംസാരിക്കാന്‍ പോലും വായുവിനായില്ല. തീവ്രതപസ്സില്‍ നിന്നുമവളെ ഇളക്കുക അസാദ്ധ്യമെന്നുകണ്ട്‌ വായു സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ തിരിച്ചു ചെന്ന് ഇന്ദ്രനെ വിവരങ്ങള്‍ അറിയിച്ചു.

"ജംബുദ്വീപ ഭൂഖണ്ഡത്തില്‍ സൂചിക അനിതരസാധാരണമായ ഒരു തപസ്സിലാണ്‌.  അവള്‍ വായിലേയ്ക്ക്‌ കാറ്റിനെപ്പോലും കടത്തിവിടുന്നില്ല. വിശപ്പിനെ അതിജീവിക്കാന്‍ അവള്‍ തന്‍റെ വയറിനെ കട്ടിലോഹമാക്കി മാറ്റി. ദയവായി അങ്ങെഴുന്നേറ്റ്‌ പോയി ബ്രഹ്മാവിനെ സമീപിച്ച്‌ അവള്‍ക്കു വേണ്ട വരം കൊടുത്ത്‌ ഈ കൊടുംതപം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആ താപത്തില്‍ നാമെല്ലാം എരിഞ്ഞടങ്ങും."

നേരറിവിന്‍റെ  സാക്ഷാത്കാരം 
ഇന്ദ്രന്‍റെ അഭ്യര്‍ത്ഥനമാനിച്ച്‌ ബ്രഹ്മാവ്‌ സൂചിക തപസ്സനുഷ്ഠിച്ചിരുന്നയിടത്തു ചെന്നു. അപ്പോഴേയ്ക്ക്‌ സൂചികയാകട്ടെ പരിപൂര്‍ണ്ണ നിര്‍മ്മലയായിക്കഴിഞ്ഞിരുന്നു. സ്വന്തം നിഴലും തപശ്ചര്യകളുടെ അഗ്നിയും അവള്‍ക്ക്‌ സാക്ഷികളായിരുന്നു. സാമീപ്യംകൊണ്ട്‌ അവള്‍ക്കു ചുറ്റുമുള്ള പൊടിപടലങ്ങളും കാറ്റും പരമമോക്ഷപദം പൂകി. അപ്പോളവളുടെ മേധാശക്തിയുടെ പ്രഭാവത്തില്‍ എല്ലാത്തിന്റേയും അഹൈതുകഹേതുവിനെപ്പറ്റി അവള്‍ക്ക്‌ നേരറിവുണ്ടായി. തീര്‍ച്ചയായും ബോധതലത്തില്‍ അവനവന്‍റെ ചിന്താഗമനങ്ങളെ ആത്മാന്വേഷണത്തിലൂടെ അറിയുന്ന പ്രക്രിയ മഹാഗുരു തന്നെ.

ബ്രഹ്മാവ്‌ അവളോടു പറഞ്ഞു: “നിനക്കെന്തു വരം വേണം, ചോദിച്ചാലും.”
അവള്‍ക്ക്‌ ഇന്ദ്രിയങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഇതവള്‍ സ്വയം അനുഭവിച്ചറിയുകയാണുണ്ടായത്‌. ഇതിനു മറുപടിപറയാന്‍ അവള്‍ കുറച്ചാലോചിച്ചു: “ഞാന്‍ പരംപൊരുളിനെ സാക്ഷാത്കരിച്ചിരിക്കുന്നു. എന്നില്‍ യാതൊരു സംശയങ്ങളും ആവശ്യങ്ങളും ഇല്ല. വരം കിട്ടിയിട്ട്‌ ഞാന്‍ എന്തു ചെയ്യാനാണ്‌? ഞാന്‍ അജ്ഞാനം നിറഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നപ്പോള്‍ ആശകളെന്ന പിശാചെന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആത്മജ്ഞാനത്തിലൂടെ ആശാപിശാചിനെ ഞാന്‍ അടക്കം ചെയ്തു കഴിഞ്ഞു.”

നിയതമായ ലോകനിയമം
ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ താപസശ്രേഷ്ഠേ, ശാശ്വതമായ ലോക നിയമം മാറ്റാന്‍ കഴിയില്ല. അതിനാല്‍ നീ പഴയരൂപം ധരിക്കേണ്ടതുണ്ട്‌. ഏറെക്കാലം സന്തോഷത്തോടെ ജീവിച്ച്‌ മുക്തിപദം പ്രാപിച്ചാലും. നീ പ്രബുദ്ധമായ ജീവിതമാണിനി നയിക്കുക. ദുഷ്ടരേയും പാപികളേയും മാത്രം ബാധിച്ച്‌, വളരെക്കുറച്ചുമാത്രം ദുരിതം വിതച്ച്‌ - അതും വിശപ്പടക്കാന്‍ മാത്രം - നിനക്കു കഴിയാം.”

സൂചിക ബ്രഹ്മാവിന്‍റെ അനുഗ്രഹമായി ഇതു സ്വീകരിച്ചു. ഉടനേ തന്നെ സൂചികയുടെ ദേഹം വളര്‍ന്നുപൊന്തി പര്‍വ്വതാകാരമായി.

കാര്‍ക്കടിക്ക്‌ പഴയ ഭീകരരൂപം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയത തീരെ ഇല്ലാതായിപ്പോയിരുന്നു. അവളുടെ അവബോധം അതിഭൌതീകമായി നിലകൊണ്ടു. അവള്‍ അതേയിടത്ത്‌ പത്മാസനത്തിലിരുന്ന് ധ്യാനനിരതയായിക്കഴിഞ്ഞു. ആറുമാസം കഴിഞ്ഞപ്പോഴെയ്ക്ക്‌ അവള്‍ക്ക്‌ പുറം ലോകത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ബോധമുണ്ടായി. ഉടനേ അവള്‍ക്ക്‌ വിശപ്പനുഭവപ്പെട്ടു. ശരീരമുള്ളിടത്തോളം അതിന്‍റെ നിയത നിയമങ്ങള്‍ - വിശപ്പ്‌, ദാഹം എന്നിവയടക്കം - ഏവര്‍ക്കും ബാധകമാകാതെ വയ്യല്ലോ.

കാര്‍ക്കടി ആലോചിച്ചു: “ഞാന്‍ എന്താണു തിന്നേണ്ടത്‌? ആരെയാണു ഞാന്‍ വിഴുങ്ങേണ്ടത്‌? ജീവികളെ കൊല്ലുന്നത്‌ വിവേകശാലികളായ മാമുനിമാര്‍ വിലക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈ നിഷിദ്ധഭക്ഷണം കഴിക്കാതിരുന്നാല്‍ ഞാന്‍ എന്‍റെ ശരീരം ഉപേക്ഷിക്കുന്നു എന്നര്‍ത്ഥം. ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല. ഉത്തമമല്ലാത്ത ഭക്ഷണം വിഷത്തിനു സമം. മാത്രമല്ല, പ്രബുദ്ധതയിലഭിരമിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക്‌ ജീവിതവും മരണവും തമ്മില്‍ വ്യത്യാസ മൊന്നുമില്ല.'

കാര്‍ക്കടി ഇപ്രകാരം ചിന്തിക്കേ ഒരശരീരി ആകാശത്തില്‍നിന്നു കേള്‍ക്കായി. "കാര്‍ക്കടീ, നീ അജ്ഞാനികളേയും മോഹവിഭ്രാന്തരേയും സമീപിച്ച്‌ അവരില്‍ വിവേകമുണ്ടാക്കിയാലും. പ്രബുദ്ധതയിലേക്കുണര്‍ന്നവര്‍ക്ക്‌ ചെയ്യാന്‍ ഇതല്ലാതെ മറ്റ്‌ കര്‍മ്മങ്ങളൊന്നുമില്ല. അങ്ങിനെ നീ സമീപിച്ചു നോക്കിയിട്ടും സത്യത്തിലേയ്ക്കുണരാന്‍ കൂട്ടാക്കാത്തവരെ നിനക്കു ഭക്ഷണമാക്കാം. അങ്ങിനെയുള്ളവരെ പാപഭീതിയൊന്നും കൂടാതെ നിനക്ക്‌ വിഴുങ്ങാം."

രാജാ വിക്രമനും മന്ത്രിയും 
ഇതുകേട്ട്‌ കാര്‍ക്കടി മലയിറങ്ങിവന്ന് ഒരു നിബിഢവനത്തില്‍ പ്രവേശിച്ചു. അവിടെ ആദിവാസികളായ നായാട്ടുകാരാണു വസിച്ചിരുന്നത്‌. രാത്രിയായി. അവരുടെ രാജാവാണ്‌ വിക്രമന്‍. രാത്രി തന്‍റെ മന്ത്രിയോടൊപ്പം കാട്ടില്‍, ഇരുട്ടിന്‍റെമറവില്‍പ്പോയി തന്‍റെ പ്രജകളെ ദ്രോഹിക്കുന്ന കൊള്ളക്കാരേയും പിടിച്ചുപറിക്കാരേയും കീഴടക്കുന്നത്‌ വിക്രമന്‍റെ പതിവായിരുന്നു. ഈ രണ്ടു ധീരയോധാക്കള്‍ -രാജാവും മന്ത്രിയും- വനദേവതമാര്‍ക്കു പൂജ ചെയ്യുന്നത്‌ കാര്‍ക്കടി കണ്ടു.

അവളാലോചിച്ചു: “എന്‍റെ വിശപ്പുമാറ്റാനാണ്‌ ഇവരിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്‌. അവര്‍ അജ്ഞരും ഭൂമിക്കൊരു ഭാരവുമാണ്‌. അവര്‍ ഇഹജന്മത്തിലും പരജന്മത്തിലും ദുരിതമനുഭവിക്കുന്നു. ദുരിതം മാത്രമാണവരുടെ ജന്മലക്ഷ്യമെന്നു തോന്നുന്നു. മരണം അവര്‍ക്കൊരനുഗ്രഹമായിരിക്കും, കാരണം അവര്‍ക്കീ ദുരിതത്തില്‍നിന്നു മോചനമാകുമല്ലോ. മാത്രമല്ല മരണശേഷം ചിലപ്പോള്‍ അവര്‍ക്ക്‌ വിവേകബോധമുദിക്കാനും മുക്തിപദം പ്രാപിക്കാനും അവസരം ലഭിച്ചേക്കാം. പക്ഷേ അവര്‍ രണ്ടാളും നല്ല ജ്ഞാനികളാണെങ്കിലോ? ജ്ഞാനികളെ കൊല്ലുന്നത്‌ എനിക്കിഷ്ടമല്ല. കറപുരളാത്ത ആനന്ദം ആഗ്രഹിക്കുന്നവര്‍ ഏതുവിധേനെയും സജ്ജനങ്ങളെ വന്ദിച്ചു ബഹുമാനിക്കണം. അവര്‍ക്ക്‌ ഹിതമായതെല്ലാം ആവുന്നത്ര കൊടുക്കുകയുംവേണം. അവരുടെ ജ്ഞാനത്തെ ഒന്നു പരീക്ഷിച്ചുകളയാം. അവര്‍ ജയിച്ചാല്‍ ഞാനവരെ ഉപദ്രവിക്കുകയില്ല. വിവരമുള്ള സജ്ജനങ്ങള്‍ മാനവീകതയ്ക്കൊരനുഗ്രമാണല്ലോ.”

രാജാവിനേയും മന്ത്രിയേയും ഒന്നു പരീക്ഷിക്കാന്‍ കാര്‍ക്കടി കാതു തുളയ്ക്കുന്ന ഒരലര്‍ച്ച പുറപ്പെടുവിച്ചു. എന്നിട്ടവള്‍ ആക്രോശിച്ചു: “ഹേയ്‌, നിങ്ങള്‍ രണ്ടു കീടങ്ങള്‍! ഈ നിബിഢവനത്തില്‍ എന്തിനാണു ചുറ്റിനടക്കുന്നത്‌? ആരാണു നിങ്ങള്‍? വേഗം മറുപടി പറഞ്ഞില്ലെങ്കില്‍ ഞാനിപ്പോള്‍ നിങ്ങളെ വിഴുങ്ങിക്കളയും.”

രാജാവ്‌ ചോദിച്ചു: 'ഹേ, പിശാചിനീ, നീയാരാണ്‌? നീയെവിടെയാണ്‌? എനിക്കു നിന്നെ കേള്‍ക്കാമെങ്കിലും കാണാനാവുന്നില്ല. നീയാരാണെന്ന് വെളിപ്പെടുത്തുക.' രാജാവിന്‍റെ ശാന്തവും ഉചിതവുമായ മറുപടികേട്ട്‌ തൃപ്തയായ കാര്‍ക്കടി അവളുടെ സ്വരൂപം വെളിപ്പെടുത്തി. രാജാവും മന്ത്രിയും അവളുടെ ഭീകരരൂപം കണ്ടിട്ടും ഭയലേശം പോലും പ്രകടിപ്പിച്ചില്ല.

മന്ത്രി അവളോടു ചോദിച്ചു: “നിനക്കെന്താണിത്ര ക്രോധം? ജീവികള്‍ ഇരതേടുക എന്നത്‌ സാധാരണമാണ്‌. അവരവരുടെ സഹജകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ക്രോധഭാവമെന്തിനാണ്‌?” സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍പോലും വിവേകശാലികള്‍ നേടുന്നത്‌ ഉചിതവും ഉത്തമവുമായ കര്‍മ്മങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ്‌. അവരതിനുവേണ്ടി ക്രോധവും മനസിന്‍റെ ചാഞ്ചല്യവും കളഞ്ഞ്‌ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു."

നിന്നേപ്പോലുള്ള ആയിരക്കണക്കിനു കീടങ്ങളെ ഞങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ട്‌. ദുഷ്ടശിക്ഷണവും ശിഷ്ടപരിപാലനവും രാജധര്‍മ്മമാണല്ലോ. ക്രോധമെല്ലാം കളഞ്ഞ്‌ നീ നിന്‍റെ ലക്ഷ്യം നേടുന്നതിനായി പ്രശാന്തയാകൂ. തന്‍റെ ലക്ഷ്യം നേടിയാലുമില്ലെങ്കിലും ഒരുവന്‍ തന്‍റെ പെരുമാറ്റം സമാധാനപരവും കുറ്റമറ്റതുമാക്കണം. പറയൂ, നിനക്ക്‌ എന്തു വേണം? ഞങ്ങള്‍ ഒരു യാചകനേയും വെറുംകയ്യോടെ തിരിച്ചയച്ചിട്ടില്ല.”

കാര്‍ക്കടിക്ക്‌ അവരുടെ ധൈര്യത്തേയും അറിവിനെയും കുറിച്ച്‌ മതിപ്പുണ്ടായി. അവര്‍ സാധാരണ മനുഷ്യരല്ലെന്നും അവര്‍ പ്രബുദ്ധരാണെന്നും അവളറിഞ്ഞു. അവരെ കണ്ട മാത്രയില്‍ അവളില്‍ ശാന്തി നിറഞ്ഞു. രണ്ടു ജ്ഞാനികളുടെ സദ്സംഗമുണ്ടാവുമ്പോള്‍ അവരുടെയുള്ളം ശാന്തിയും സമാധാനവും കൊണ്ടു നിറയും. മലമുകളില്‍നിന്നുള്ള രണ്ടരുവികള്‍ സംഗമിക്കുന്നതുപോലെയത്രേ ഇത്‌. മരണത്തിനുമുന്നില്‍പ്പോലും പ്രശാന്തനിര്‍ഭയനായിരിക്കാന്‍ ജ്ഞാനിക്കല്ലാതെയാര്‍ക്കു സാധിക്കും?

അവളാലോചിച്ചു: “ഞാനീ അവസരം എന്‍റെയുള്ളിലെ സംശയനിവാരണത്തിനായി ഉപയോഗിക്കട്ടെ. മഹാത്മാക്കളുടെ സദ് സംഗം  ഉണ്ടായിട്ടും തന്‍റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആ അവസരം ഉപയോഗിക്കാത്തവര്‍ തുലോം വിഡ്ഢികളത്രേ.”

അവള്‍ ചോദിച്ചതിനുത്തരമായി മന്ത്രി രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവളെ അറിയിച്ചു.

കാര്‍ക്കടി പറഞ്ഞു: “രാജാവേ നിങ്ങളുടെ മന്ത്രിക്ക്‌ വിവരമുണ്ടെന്നു തോന്നുന്നില്ല. നല്ലൊരു മന്ത്രിയാണ്‌ രാജാവിനെ വിജ്ഞാനിയാക്കുന്നത്‌. 'യഥാ രാജാ; തഥാ പ്രജാ'. പ്രഭുത്വവും സമതയും രാജവിദ്യയായ ആത്മവിദ്യയില്‍നിന്നും ലഭിക്കുന്നു എന്ന  അറിവില്ലാത്തവന്‍ നല്ലൊരുമന്ത്രിയോ വിവേകമുള്ള രാജാവോ ആവില്ല. നിങ്ങള്‍ രണ്ടും ആത്മജ്ഞാനികള്‍ അല്ലെങ്കില്‍ എന്‍റെ സഹജസ്വഭാവമനുസരിച്ച്‌ എനിക്കു നിങ്ങള്‍ രണ്ടാളേയും ഭക്ഷിക്കാം. അതിനായി ഞാന്‍ നിങ്ങളോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുന്നു. എനിക്കതുമാത്രം മതി.”

കാര്‍ക്കടിയുടെ ചോദ്യങ്ങള്‍ 
രാക്ഷസി ചോദിച്ചു:
"രാജാവേ, എന്താണ്‌ ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്‌?
ഏതൊന്നിലാണ്‌ കോടിക്കണക്കിനു പ്രപഞ്ചങ്ങള്‍ തിരമാലകള്‍ സമുദ്രജലത്തില്‍ വിലീനമാകുമ്പോലെ വിലീനമാവുന്നത്‌?"
എന്താണ്‌ ശുദ്ധാകാശം?,
എന്നില്‍ ഉള്ള നീയും നിന്നിലുള്ള ഞാനും എന്താണ്‌?
എന്താണ്‌ ചലിക്കുന്നുണ്ടെങ്കിലും അചലമായിരിക്കുന്നത്‌?
എന്താണ്‌ ബോധത്തില്‍ പാറപോലെ ഉറച്ചിരിക്കു ന്നതും എന്നാല്‍ ആകാശത്ത്‌ മാസ്മരികവിദ്യകള്‍ ലീലയായി ആടുന്നതും?
സൂര്യചന്ദ്രന്മാരും അഗ്നിയുമല്ലെങ്കിലും എപ്പോഴും പ്രഭാപൂരമായുള്ളതെന്താണ്‌?
ഏറെ അകലെയെന്നുതോന്നുമെങ്കിലും ഏറ്റവും അടുത്തുള്ള ആ അണു എന്താണ്‌?
എന്താണ്‌ ബോധസ്വഭാവമുള്ളതെങ്കിലും അറിയാന്‍ കഴിയാത്ത വസ്തു?
എന്താണ്‌ എല്ലാമായിരിക്കുമ്പോഴും യാതൊന്നും അല്ലാതിരിക്കുന്നത്‌?
എന്താണ്‌ എല്ലാറ്റിന്റേയും ആത്മസത്തയാണെങ്കിലും അവിദ്യയാല്‍ മൂടിയതും പലേ ജന്മങ്ങളിലെ നിരന്തരവും തീവ്രവുമായ സാധനയിലൂടെ മാത്രം ലഭ്യമാവുന്നത്‌?
എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും മലകളെ ഉള്‍ക്കൊള്ളാന്‍ പോന്ന വസ്തു?
എന്തിനാണ്‌ ത്രിലോകങ്ങളേയും വെറും പുല്‍ക്കൊടിയാക്കാന്‍ കഴിയുക?
എന്താണ്‌ അപരിമേയമെങ്കിലും അണുസമാനമായുള്ളത്‌?
എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും ഏറ്റവും വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നത്‌?
വിശ്വപ്രളയ സമയത്ത്‌ വിത്തില്‍ ചെടിയെന്നപോലെ വിശ്വത്തെമുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരമാണു എന്താണ്‌?
പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുമ്പോഴും യാതൊരു കര്‍മ്മവും ചെയ്യാതിരിക്കുന്നതാരാണ്‌?
സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണമെന്നപോലെ, കാണുന്നവന്‍, കാഴ്ച്ച, കാണല്‍ എന്നീ ത്രിപുടികളുടെ അടിസ്ഥാനമെന്താണ്‌?
ഈ ത്രിപുടികളുടെ പ്രത്യക്ഷഭാവത്തെ മൂടിമറച്ച്‌ പിന്നീട്‌ വെളിപ്പെടുത്തുന്ന പ്രതിഭാസമെന്താണ്‌?
വിത്തില്‍ മരമെന്നപോലെ എന്തിലാണ്‌ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്‌?
വിത്തില്‍നിന്നു മരവും മരത്തില്‍നിന്നു വിത്തും ഇടവിട്ടിടവിട്ട്‌ സംജാതമാകുന്നതുപോലെ എന്താണ്‌ പ്രകടീകൃതമായി മറഞ്ഞ്‌ വീണ്ടും പ്രത്യക്ഷമാവുന്നത്‌?
രാജാവേ ഈ പ്രപഞ്ചസൃഷ്ടാവെന്താണ്‌?
ആരുടെ ശക്തിയിലാണങ്ങു ദുഷ്ടജനശിക്ഷയും ശിഷ്ടജനപരിരക്ഷയും നടത്തി രാജാവായി വിലസുന്നത്‌?
ആരുടെ ദര്‍ശനത്താലാണ്‌ അങ്ങയുടെ ദൃഷ്ടി നിര്‍മ്മലമാവുന്നത്‌?
ആരാണ്‌ അങ്ങയുടെ അവിച്ഛിന്നമായ നിലനില്‍പ്പിനു കാരണമായുള്ളത്‌?
ജീവനില്‍ കൊതിയുണ്ടെങ്കില്‍ രാജാവേ, ഈ ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടിയേകിയാലും. അങ്ങയുടെ ജ്ഞാനത്തിന്‍റെ പ്രഭയില്‍ എന്‍റെ സംശയത്തിന്‍റെ ഇരുട്ട്‌ നീങ്ങട്ടെ. അവിദ്യയുടേയും സംശയത്തിന്റേയും വേരറുക്കാനുതകുന്ന ഉത്തരം നല്‍കാത്തവന്‍ ജ്ഞാനിയല്ല. അങ്ങേയ്ക്കെന്‍റെ സംശയങ്ങള്‍ ദൂരീകരിക്കാനായില്ലെങ്കില്‍ തീര്‍ച്ചയായും അങ്ങയുടെ ദേഹത്തിന് എന്‍റെ വിശപ്പടക്കാനാവും.

മന്ത്രിയുടെ ഉത്തരങ്ങള്‍ 
മന്ത്രി മറുപടിയായി പറഞ്ഞു: “തീര്‍ച്ചയായും ഞാന്‍ ഉത്തരം പറയാം. താങ്കളുടെ ചോദ്യങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പരമാത്മാവിലേയ്ക്കാണ്‌.
ആ അത്മാവ്‌ ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്‌.  അതിന്‌ നാമമില്ല; അതു വിവരണാതീതവുമാണ്‌. മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അതിനെ സമീപിക്കാനോ അറിയാനോ കഴിയില്ല. അതു ശുദ്ധബോധമാണ്‌.
ഒരു വിത്തിനുള്ളില്‍ എങ്ങിനെയാണോ വലിയൊരു മരം അതിസൂക്ഷ്മായി കുടികൊള്ളുന്നത്‌, അപ്രകാരം ഈ വിശ്വം മുഴുവന്‍, ബോധമെന്ന അണുവിലാണുള്ളത്‌.
വിശ്വത്തിന്‌ ബോധമായിമാത്രമേ നിലനില്‍പ്പുള്ളു.
ആ ബോധം മാത്രമേ ഉണ്മയായുള്ളു.
എല്ലാവരുടേയും അനുഭവം വച്ചു നോക്കിയാലും ആ ബോധം തന്നെയാണ്‌ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ്‌. അതുള്ളതുകൊണ്ട്‌ മറ്റ്‌ എല്ലാമുണ്ട്‌.
ആത്മാവ്‌ ആകാശം പോലെ ശൂന്യമാണ്‌. എന്നാല്‍ അത്‌ 'ഒന്നുമില്ലായ്മ' അല്ല. കാരണം അത്‌ ബോധമാണല്ലോ. മനസ്സേന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്ത ഒന്നായതിനാല്‍ അതിനെ ഉണ്ടെന്നും ഇല്ലെന്നും പറയാം.
എല്ലാറ്റിന്റേയും ആത്മസത്തയാകയാല്‍ അത്‌ ആര്‍ക്കും 'അനുഭവിക്കാവുന്ന' ഒരു വസ്തുവല്ല.
ഏകമാണെങ്കിലും അനേകം അണുക്കളില്‍ പ്രതിഫലിക്കുന്നതുകൊണ്ട്‌ അവയ്ക്കെല്ലാം ഉണ്മയുള്ളതുപോലെ തോന്നുന്നു.
ഒന്ന് പലതായി കാണപ്പെടുന്നു. എന്നാല്‍ കാണപ്പെടുന്നവ സത്തായ വസ്തുവല്ല - സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണം മാത്രമാണു മൂല്യവസ്തു എന്നതുപോലെയാണത്‌.
അത്‌ നിശ്ശൂന്യമായ ഒന്നുമില്ലായ്മയല്ല, കാരണം അതെല്ലാവരുടേയും ആത്മാവാണ്‌. അതങ്ങിനെയാണെന്നു പറയുന്നവന്റേയും അതംഗീകരിക്കാത്തവന്റേയും സത്ത ആത്മാവുതന്നെയാണ്‌".
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കര്‍പ്പൂരഗന്ധത്തില്‍നിന്നും അതിന്‍റെ അസ്തിത്വം അനുഭവിക്കുന്നതുപോലെ ആത്മാവിന്‍റെ അസ്തിത്വം അനുഭവിക്കാനാകും. അതുതന്നെയാണ്‌ എല്ലാവരുടേയും അത്മാവ്‌- ബോധം. അതാണ്‌ പദാര്‍ത്ഥങ്ങളുടെ സഞ്ചയമായ ഈ ദൃശ്യപ്രപഞ്ചത്തിനു കാരണമാകുന്നതും.
ഒഴുക്കുവെള്ളത്തിന്‍റെ സ്വഭാവമായ ചുഴികളും വെള്ളം തന്നെ; അതുപോലെ സഹജമായി, അനന്തമായ വിശ്വാവബോധസമുദ്രത്തിലെ ചുഴികളായി ത്രിലോകങ്ങള്‍ ഉണ്ടായി മാറിമറയുന്നു.
ഈ ബോധം, മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അറിയാനാവാത്തതുകൊണ്ട്‌ നിശ്ശൂന്യമാണെന്നു തോന്നാമെങ്കിലും അതു ശരിയല്ല. ആത്മാന്വേഷണത്തിലൂടെ അതിനെ അറിയാമല്ലോ.
ബോധമെന്നത്‌ ഭാഗിക്കാനരുതാത്തതായതുകൊണ്ട്‌ ഞാന്‍ നീയും; നീ, ഞാനുമാണ്‌. എന്നാല്‍ ആ അവിച്ഛിന്നബോധം ഞാനോ, നീയോ ഒന്നും ആയി മാറിയിട്ടില്ല.
'നീ', 'ഞാന്‍', എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ചാല്‍ ഉണരുന്ന അവബോധം, നീയോ ഞാനോ, മറ്റ്‌ എല്ലാമോ അല്ല.
അവബോധം മാത്രമേ സത്തായിട്ടുള്ളു.
അനന്തമായതുകൊണ്ട്‌ ആത്മാവ്‌ ചലിക്കുന്നുവെങ്കിലും ചലിക്കുന്നില്ല. എന്നാല്‍ ഓരോ അണുക്കളിലും അതു ദൃഢീകരിച്ചിരിക്കുന്നു.
ആത്മാവ്‌ വരുന്നും പോവുന്നുമില്ല; കാരണം കാലവും ദൂരവും പോലുള്ള ആശയങ്ങള്‍ക്കുറവായതും ഈബോധം മാത്രമാണ്‌.
എല്ലാം ഉള്‍ക്കൊണ്ടിരിക്കേ ആത്മാവിന്‌ എങ്ങോട്ടുപോകാന്‍ കഴിയും? ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു മാറ്റിയതുകൊണ്ട്‌ ഒരു കുടത്തിനകത്തെ ആകാശത്തിന്‌ സ്ഥലമാറ്റം ഉണ്ടാകുന്നില്ല. എല്ലാം സ്ഥിതിചെയ്യുന്നത്‌ ആകാശത്തിലാണല്ലോ.
ആത്മാവ്‌ നിര്‍മ്മല ബോധമാണെങ്കിലും ജഢതയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ അത്‌ ചൈതന്യരഹിതമായും ജഢമായും തോന്നുന്നു.
അനന്തമായ ആകാശത്തില്‍ ഈ അനന്താവബോധം എണ്ണമറ്റ പദാര്‍ത്ഥങ്ങളെ പ്രകടമാക്കുന്നു.
ഇങ്ങിനെയെല്ലാം വൈവിദ്ധ്യമാര്‍ന്ന നിര്‍മ്മിതികള്‍ സത്യമാണെന്നു തോന്നുന്നുവെങ്കിലും സത്യത്തില്‍ അതെല്ലാം വെറും ഭ്രമം മാത്രമാണ്‌.
ആത്മാവ്‌ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്‌ ആത്മാവ്‌ ബോധവും ജഢവുമാണ്‌.  കര്‍ത്താവും അകര്‍ത്താവുമാണ്‌.
അഗ്നിയിലെ ഉണ്മ ആത്മാവാണ്‌.  എന്നാല്‍ അത്‌ ഒന്നിനേയും എരിക്കുന്നില്ല. സ്വയം എരിയുന്നുമില്ല.
അത്‌ എല്ലാറ്റിന്റേയും അന്ത:സത്തയാണ്‌. സൂര്യചന്ദ്രന്മാര്‍ക്കും അഗ്നിക്കും ദീപ്തിയേകുന്ന ശാശ്വതപ്രഭയായിരിക്കുമ്പോഴും അത്‌ അവയില്‍നിന്നും സ്വതന്ത്രമാണ്‌.
ഈ പ്രകാശവസ്തുക്കള്‍ അണഞ്ഞാലും ആത്മാവിന്‍റെ പ്രഭ അണയുന്നതേയില്ല. അത്‌ എല്ലാറ്റിന്റേയും ഉള്ളില്‍നിന്ന് പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.
മരങ്ങളിലും വള്ളിച്ചെടികളിലും സ്ഥിതിചെയ്ത്‌ അവയെ പരിരക്ഷിക്കുന്ന പ്രജ്ഞ അതുതന്നെയാണ്‌.
ആ അനന്താവബോധം സാധാരണ വ്യാവഹാരിക തലത്തില്‍ നിന്നുനോക്കുമ്പോള്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ചെയ്യുന്നയാളാണ്‌.
എന്നാല്‍ പാരമാര്‍ത്ഥിക തലത്തില്‍, എല്ലാറ്റിന്റേയും ആത്മാവായതിനാല്‍ അതിന്‌ സൃഷ്ടിസ്ഥിതിസംഹാരം മുതലായ പരിമിത ജോലികള്‍ ഒന്നുമില്ല.
ഈ ബോധത്തില്‍നിന്നും സ്വതന്ത്രമായി ലോകമില്ല.
മാമലകള്‍പോലും അണുമാത്രമായ ആത്മാവിലാണു നിലകൊള്ളുന്നത്‌. സ്വ
പ്നാവസ്ഥയില്‍ കാണുന്ന വസ്തുക്കള്‍ സത്യമായിത്തോന്നുന്നപോലെ ആത്മാവില്‍ ക്ഷണനേരത്തേയ്ക്ക്‌ കാണപ്പെടുന്ന ഭ്രമം യുഗദൈര്‍ഘ്യം ഉള്ളതായും ഉണ്മയായും തോന്നുന്നു.
ഇമചിമ്മുന്ന നേരത്തിനിടയില്‍ ഒരുയുഗം കടന്നു പോകുന്നു.
വലിയൊരു നഗരം കണ്ണാടിയില്‍ പ്രതിഫലിക്കുന്നു.
അടുത്തായും അകലെയായും ഞൊടിയിടയായും യുഗമായും കാണപ്പെടുന്നത്‌ ആ അനന്താവബോധം തന്നെയാണ്‌. ഒന്നും അതില്‍നിന്നു വേറിട്ടല്ല നിലകൊള്ളുന്നത്‌.
ഒരുകൈവളയെ കൈവള മാത്രമായി കാണുമ്പോള്‍ സ്വര്‍ണ്ണമായി ആരും അതിനെ  പരിഗണിക്കുന്നില്ല. എന്നാല്‍ കൈവള എന്നത്‌ വെറുമൊരു നാമ-രൂപ 'വസ്തുവായി' കാണുമ്പോള്‍ സ്വര്‍ണ്ണം കാണാകുന്നു. "അതുപോലെ ഈ ലോകം സത്യമെന്നു കരുതുമ്പോള്‍ ആത്മാവിനെ കാണുന്നില്ല. എന്നാലീ വിചാരം മാറുമ്പോള്‍ ബോധം വെളിപ്പെടുന്നു."
എല്ലാം അതാണ്‌.  അതിനാല്‍ അതുമാത്രമാണുണ്മ.
അതനുഭവവേദ്യമല്ലാത്തതിനാല്‍ അത്  ഉണ്മയുമല്ല എന്നും പറയാം.
വിഷയം, വിഷയി എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ മായയുടെ ജാലവിദ്യയെന്നപോലെ ബോധത്തെ വിഭജിക്കുന്നതായി തോന്നുകയാണ്‌.
സ്വപ്നനഗരം എന്നപോലെ അയാഥാര്‍ത്ഥമാണത്‌.  അത്‌ സത്തോ അസത്തോ അല്ല.
ദീര്‍ഘമായ ഒരു ഭ്രമദൃശ്യമാണത്‌.  ഈ വിഭജനമെന്ന തോന്നലാണ്‌ ബ്രഹ്മാവു മുതല്‍ കീടങ്ങള്‍വരെയുള്ള സൃഷ്ടികളെ ഉണ്ടാക്കുന്നത്‌.
ഒരൊറ്റവിത്തില്‍ വന്മരത്തിന്‍റെ എല്ലാ സ്വഭാവ സവിശേഷതകളും നിര്‍ലീനമായിരിക്കുന്നതുപോലെ ബോധമായി ഈ ആത്മാവില്‍ നാനാത്വം നിലകൊള്ളുന്നു.

രാജാവിന്‍റെ ഉത്തരങ്ങള്‍ 
കാര്‍ക്കടി പറഞ്ഞു: “രാജാവേ അങ്ങയുടെ മന്ത്രിയുടെ ഉത്തരങ്ങളില്‍ ഞാന്‍ സംപ്രീതയാണ്‌. ഇനി അങ്ങയുടെ ഉത്തരങ്ങള്‍ എന്തെന്നറിയണം.”

രാജാവ്‌ പറഞ്ഞു: ഭവതിയുടെ ചോദ്യങ്ങള്‍ ശാശ്വതമായ ബ്രഹ്മത്തെക്കുറിച്ചാണ്‌. അത്‌ ശുദ്ധ അസ്തിത്വമാണ്‌.
ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ അവസാനിച്ച്‌ മാനസീകവ്യാപാരങ്ങള്‍ എല്ലാം നിലയ്ക്കുമ്പോള്‍ അതിനെ അറിയാന്‍ കഴിയും.
ബ്രഹ്മത്തിന്‍റെ പ്രത്യക്ഷഭാവമായ വിക്ഷേപവും ആവരണവുമാണ്‌ സൃഷ്ടിയും പ്രളയവുമായി പൊതുവേ പറഞ്ഞുവരുന്നത്‌.
നിശ്ശബ്ദതയുടെ ആഴത്തില്‍ 'അറിവിന്‍റെ' ഭാരമെല്ലാമൊഴിഞ്ഞ്‌, എല്ലാ ആവിഷ്കാരങ്ങള്‍ക്കും അതീതമായി അതു നിലകൊള്ളുന്നു.
അതിന്‍റെ മദ്ധ്യഭാഗം അതീവ സൂക്ഷ്മമത്രേ. ഈ മദ്ധ്യത്തിനു രണ്ടു വശങ്ങളുണ്ട്‌.
ഇക്കാണുന്ന വിശ്വം അതിന്‍റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ്‌.
കാണപ്പെടുന്നതായ നാനാത്വമായി അറിയുന്നുവെങ്കിലും അത്‌ അവിച്ഛിന്നമാണ്‌.
ഈ ബ്രഹ്മം ഇച്ഛിക്കുമ്പോള്‍ വായു ഉണ്ടാവുന്നു. ഈ വായുവോ, അതും ശുദ്ധബോധം തന്നെ.
അതുപോലെ ശബ്ദത്തെപറ്റി അത് ആലോചിക്കുമ്പോള്‍ ശബ്ദമുണ്ടാവുന്നു.
എന്നാല്‍ സത്യത്തില്‍ ശബ്ദമായോ ശബ്ദമെന്നു വിവക്ഷിക്കുന്നതിന്‍റെ അര്‍ത്ഥമായോ വസ്തുവായോ ബ്രഹ്മത്തിനു ബന്ധമൊന്നുമില്ല.
ആ പരമാണു എല്ലാമാണ്‌; എന്നാല്‍ ഒന്നുമല്ല. ഞാന്‍ അതാണ്‌; എന്നാല്‍ ഞാനല്ല.
അതു മാത്രമേ ഉണ്മയായുള്ളു. അത്‌ സര്‍വ്വശക്തമാകയാല്‍ ഇക്കാണായതെല്ലാം നമുക്ക്‌ പ്രത്യക്ഷമാണ്‌.
" ആത്മാവിനെ പ്രാപിക്കാന്‍ നൂറു കണക്കിനു മാര്‍ഗ്ഗങ്ങളുണ്ട്‌. എന്നാലോ സാക്ഷാത്കാരമായിക്കഴിഞ്ഞാല്‍ യാതൊന്നും ആരും 'നേടിയിട്ടില്ല'.
അതു പരമാത്മാവാണ്‌. എങ്കിലും അത്‌ 'ഒന്നും' അല്ല".
സംസാരമെന്ന ഈ കാനനത്തില്‍ അലയാന്‍, ചാക്രികമായ ഈ ചരിതം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്‌ ഇല്ലാത്തതിനെ ഉള്ളതാണെന്നു തോന്നുന്ന അവിദ്യകൊണ്ടാണ്‌.
അറിവിന്‍റെ സൂര്യോദയം മാത്രമേ ഈ രൂഢമൂലമായ അവിദ്യയെ ഇല്ലാതാക്കാന്‍ ഉതകൂ.
ജലദൃശ്യംകാരണം മരുപ്പച്ചയിലേക്ക്‌ ആകര്‍ഷിക്കപെടുന്ന അജ്ഞാനിക്കെന്നപോലെ അജ്ഞാനിക്ക്‌ ലോകദൃശ്യം സത്യമായിത്തോന്നുന്നു.
അനന്താവബോധം ഈ വിശ്വത്തെ ഭാവനചെയ്ത്‌ സ്വന്തം മായാശക്തിയാല്‍ പ്രത്യക്ഷമാകുകയാണ്‌. ബോധമണ്ഡലത്തിനകമേ കാണുന്ന ലോകം പുറത്തു പ്രതിബിംബിക്കുകയാണ്‌.
ആത്മാവ്‌ അണുപോലെ സൂക്ഷ്മമായ ശുദ്ധ അവബോധമായതിനാല്‍ വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു.
സര്‍വ്വവ്യാപിയായതിനാല്‍ ദൃശ്യപ്രപഞ്ചം മുഴുവന്‍ അതിന്‍റെ താളത്തിനു തുള്ളാന്‍ പ്രചോദിതമാവുന്നു.
അതിനു മുടിനാരിന്‍റെ നൂറിലൊരംശം വലുപ്പമില്ലെങ്കിലും സഹജമായ സര്‍വ്വവ്യാപിത്വം കാരണം അതിനേക്കാള്‍ വലുതായി ഒന്നുമില്ല.
ആത്മജ്ഞാനത്തിന്‍റെ വെളിച്ചത്തിലാണ്‌ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നത്‌. എന്നാല്‍ ആത്മജ്ഞാനം സ്വപ്രകാശിതമാണ്‌.
സൂര്യന്‍ മുതലിങ്ങോട്ട്‌ എല്ലാ വെളിച്ചവും ഇല്ലാതായാല്‍ ഏതു വെളിച്ചംകൊണ്ടാണൊരുവന്‍ കാണുക (അറിയുക)? ആ ഉള്‍വെളിച്ചം മാത്രമുണ്ടാവും.
ആ വെളിച്ചം പുറത്തുള്ള വസ്തുക്കളെ പ്രകാശിപ്പിക്കുന്നു എന്നു തോന്നുകയാണ്‌.
മറ്റ്‌ എല്ലാ വെളിച്ചങ്ങളും അജ്ഞാനാന്ധകാരത്തില്‍ നിന്നും വിഭിന്നമല്ല.
അവയെല്ലാം തിളങ്ങുന്നു എന്നു തോന്നുന്നു എന്നു മാത്രം. മൂടല്‍മഞ്ഞും മേഘവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലും (രണ്ടും വസ്തുക്കളെ മറയ്ക്കുന്നു) കാഴ്ച്ചയില്‍ മേഘം വെളിച്ചത്തെ മറയ്ക്കുന്നതായും മൂടല്‍മഞ്ഞ്‌ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതായും കാണുന്നു.
എന്നാല്‍ ബോധമെന്ന ഉള്‍വെളിച്ചം അകത്തുള്ളതിനേയും പുറത്തുള്ളതിനേയും രാത്രിയോ പകലോ എന്ന ഭേദമില്ലാതെ പ്രദീപ്തമാക്കുന്നു.
അത്ഭുതമെന്നു പറയട്ടെ ഈ വെളിച്ചമാണ്‌ അവിദ്യയുടെ ഇരുട്ടിനെ നീക്കാതെ തന്നെ അജ്ഞാനത്തിന്‍റെ ഫലങ്ങളെ പ്രകാശിപ്പിക്കുന്നത്‌. (അറിയാന്‍ ഇടയാക്കുന്നത്‌).
രാത്രിപകലുകള്‍ എന്ന സങ്കല്‍പ്പത്തെക്കൊണ്ട്‌ എപ്പോഴും ജാജ്വല്യമാനമായ സൂര്യന്‍ തന്‍റെ പ്രാഭവം വെളിവാക്കുന്നു. അതുപോലെ ആത്മാവ്‌ സ്വരൂപം വെളിപ്പെടുത്തുന്നത്‌, ബോധം, അജ്ഞാനം എന്നീ സങ്കല്‍പ്പങ്ങളെക്കൊണ്ടാണ്‌.
അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു.
ഒരു തേന്‍തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ.
 ആ ബോധത്തില്‍നിന്നാണ്‌ എല്ലാ  അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്‌.
അനുഭവമെന്നത്‌ ഒരേയൊരു 'അനുഭവി' (ബോധം) തന്നെയാണ്‌.
ഒരനുഭവത്തെ എങ്ങിനെയെല്ലാം വിവരിച്ചാലും അവയെല്ലാം ബോധമണ്ഡലത്തിലെ അനുഭവം മാത്രമാണ്‌. എല്ലാം അനന്താവബോധം മാത്രം.
എല്ലാ കൈകാലുകളും ആ ബോധത്തിനധീനമാണെങ്കിലും അതീവസൂക്ഷ്മമായതിനാല്‍ അതിന്‌ അവയവങ്ങളില്ല.
ഇമവെട്ടുന്നനേരംകൊണ്ട്‌ ഈ അനന്താവബോധം യുഗങ്ങളെ അനുഭവിച്ച്‌ തീര്‍ക്കുന്നു.
ചെറിയൊരു സ്വപ്നത്തില്‍ ഒരാള്‍ യുവത്വവും ജരാനരയും, മരണവും അനുഭവിക്കുന്നതുപോലെയാണത്‌.
ബോധമണ്ഡലത്തില്‍ കാണപ്പെടുന്ന എല്ലാം ബോധം തന്നെയാണ്‌.
കല്ലില്‍കൊത്തിയുണ്ടാക്കിയ ശില്‍പ്പം കല്ലു തന്നെയാണല്ലോ.
വന്മരത്തിന്‍റെ ഭാവി സാദ്ധ്യതകള്‍ എല്ലാം ഒരു ചെറുവിത്തില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെ അണുമാത്രയായ ബോധത്തില്‍ ഭൂത-ഭാവി വര്‍ത്തമാനങ്ങളോടുകൂടിയ വിശ്വം ഉള്‍ക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട്‌ ആത്മാവ്‌ സ്വയം കര്‍ത്താവോ ഭോക്താവോ അല്ല എന്നിരിക്കിലും എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവും ബോധത്തില്‍നിന്നും വിഭിന്നമല്ല.
ബോധാണുവില്‍ കര്‍മ്മം ചെയ്യുന്നവനും ഫലങ്ങള്‍ അനുഭവിക്കുന്നവനും സഹജമായി കുടികൊള്ളുന്നു.
ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ അപ്രത്യക്ഷമാവുകയുമില്ല. അതിനെ 'അയഥാര്‍ത്ഥ്യം' എന്ന് ആപേക്ഷികമായി പറയുന്നു.
നിരുപാധികമായി നോക്കിയാല്‍ ലോകവും ബോധമണ്ഡലവും വിഭിന്നങ്ങളല്ല.
മാമുനിമാര്‍ ‘അകത്തേതും പുറത്തേതും’ എന്നൊക്കെപ്പറയുന്നത്‌ വെറും വാക്കുകള്‍ മാത്രം. അവയില്‍ 'വസ്തു' ഇല്ല. അത്തരം വിവരണങ്ങളെല്ലാം അജ്ഞാനികള്‍ക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ്‌.
ദൃഷ്ടാവ്‌, അദൃശ്യനായിരുന്നുകൊണ്ട്‌ സ്വയം കാണുന്നു. അയാള്‍ സ്വയം ബോധത്തിലെ ഒരു വിഷയമായിത്തീരുന്നില്ലതാനും.
ദൃഷ്ടാവും ദൃശ്യവും ഒന്ന്.
ലീനമായ മനോവാസനകള്‍ അവസാനിക്കുമ്പോള്‍ ദൃഷ്ടാവിനു ശുദ്ധവസ്തുപ്രാപ്തി യുണ്ടാവുന്നു. പുറംവസ്തുക്കളെ ഭാവന ചെയ്യുമ്പോള്‍ ദൃഷ്ടാവിന്‍റെ ജനനമായി.
വിഷയി ഇല്ലെങ്കില്‍, വിഷയം ഇല്ല.
ദൃഷ്ടാവില്ലെങ്കില്‍ ദൃശ്യവുമില്ല.
മകനാണല്ലോ ഒരാളെ അച്ഛനാക്കുന്നത്‌.
ദൃഷ്ടാവാണ്‌ സ്വയം ദൃശ്യമാവുന്നത്‌. കാരണം, കാണുന്നവനില്ലെങ്കില്‍ കാണപ്പെടുന്ന വസ്തുവും ഇല്ല.
അച്ഛനില്ലാതെ മകനുണ്ടാവുക സാദ്ധ്യമല്ലല്ലോ.
ദൃഷ്ടാവെന്നത്‌ ശുദ്ധബോധമായതിനാല്‍ അതിന്‌ പദാര്‍ത്ഥങ്ങളെ ഇന്ദ്രജാലത്തില്‍ എന്നപോലെ ഉണ്ടാക്കിയെടുക്കാന്‍ ആവുന്നു. ഇതു തിരിച്ചാവുക വയ്യ.
ദൃശ്യത്തിന്‌ ദൃഷ്ടാവിനെ സൃഷ്ടിക്കുക വയ്യ. അതുകൊണ്ട്‌ ദൃഷ്ടാവു മാത്രമാണുണ്മ.
പദാര്‍ത്ഥങ്ങള്‍ വെറും ഭ്രമം. സ്വര്‍ണ്ണം മാത്രം സത്യം.
കൈവള എന്നത്‌ ഒരു നാമവും രൂപവുമാണ്.  കൈവളയിലെ ബോധസാന്നിദ്ധ്യം മൂലം സ്വര്‍ണ്ണം അതിന്‍റെ സ്വര്‍ണ്ണസ്വരൂപം തിരിച്ചറിയുന്നു.
ദൃഷ്ടാവ്‌ ദൃശ്യമായി പ്രകടിപ്പിക്കപ്പെടുമ്പോള്‍ സ്വയം ബോധസാക്ഷാത്കാരമുണ്ടാവുന്നു."
ഒന്ന് മറ്റേതിന്‍റെ പ്രതിഫലനമാണ്‌. അത്‌ ശരിക്കും ദ്വന്ദതയല്ല.
ദൃഷ്ടാവ്‌ ദൃശ്യത്തിനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വയം (കാണുന്നില്ല) അറിയുന്നില്ല.
അതിനാല്‍ സ്വയം ഉണ്മയാണെന്നറിയാതെ അയാഥാര്‍ത്ഥ്യമായി കാണപ്പെടുന്നു.
ആത്മജ്ഞാനലാഭമുണ്ടായാല്‍ കാഴ്ച്ചകള്‍ ഇല്ലാതായി ദൃഷ്ടാവ്‌ സ്വയം പരമ്പൊരുളായി സാക്ഷാത്കാരം നേടുന്നു.
വിഷയം നിലനില്‍ക്കുന്നത്‌ വിഷയി ഉള്ളതുകൊണ്ടാണ്‌.
വിഷയം വിഷയിയിലെ ഒരു പ്രതിഫലനം മത്രം.
രണ്ടില്ലാത്തയിടത്ത്‌ ദ്വന്ദത ഉണ്ടാവുക വയ്യ.
ഒന്നേയുള്ളൂ എങ്കില്‍ ഏകാത്മകത എന്ന ആശയത്തിന്‌ എന്താണു പ്രസക്തി?
ഇങ്ങിനെ വിചാരം ചെയ്തു ശരിയായ ആറിവുണര്‍ന്നാല്‍, പരമ വിജ്ഞാനമായി.
അത്‌ വാക്കുകള്‍കൊണ്ട്‌ വിവരിക്കാവുന്നതല്ല. അത്‌ ഒന്നെന്നോ പലതെന്നോ പറയുക വയ്യ.
അത്‌ ദൃശ്യമോ ദൃഷ്ടാവോ അല്ല.
വിഷയമോ വിഷയിയോ അല്ല.
അതും ഇതുമൊന്നും അല്ല.
ഏകത്വമോ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല.
ഏതു നിലപാടെടുത്താലും അതിനൊരെതിര്‍ നിലപാടുണ്ടാവും.
എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്നും വിഭിന്നമല്ല.
അലകളില്‍നിന്നും ജലം വിഭിന്നമല്ലാത്തതുപോലെ.
കൈവള സ്വര്‍ണ്ണത്തില്‍ നിന്നും വിഭിന്നമല്ലാത്തതു പോലെ.
ഈ വിഭജനം എന്നതും ഏകാത്മകത എന്നതും തമ്മില്‍ വിരോധാഭാസമേതുമില്ല.
നാനാത്വത്തേയും ഏകത്വത്തേയും കുറിച്ചുള്ള ഈ അനുമാനങ്ങളെല്ലാം ദു:ഖനിവാരണത്തിനുള്ളതാണ്‌.
ഇവകള്‍ക്കെല്ലാമപ്പുറമാണ്‌ പരം പൊരുളായ സത്യം.

രാജാവിന്‍റെ ഈ വാക്കുകള്‍കേട്ട്‌ കാര്‍ക്കടി പരമ ശാന്തിയെ പ്രാപിച്ചു. അവളുടെ രാക്ഷസീയരൂപം അവളെ വിട്ടുപോയി.

അവള്‍ അവരോടു പറഞ്ഞു: “ജ്ഞാനികളേ, നിങ്ങള്‍ രണ്ടും ആരാദ്ധ്യരാണ്‌. നിങ്ങളുടെ സദ്സംഗം കൊണ്ട്‌ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. മഹത്തുക്കളുടെ സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ഇഹലോകദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല. കയ്യില്‍ ദീപമുള്ളവന്‌ ഒരിടത്തും ഇരുട്ട്‌ കാണാനാവാത്തതു പോലെയാണത്‌". പറയൂ, നിങ്ങള്‍ക്കുവേണ്ടി എന്താണു ഞാന്‍ ചെയ്യേണ്ടത്‌?”

രാജാവു പറഞ്ഞു: “മഹിളാമണീ, എന്‍റെ രാജ്യത്ത്‌ അനേകജനങ്ങള്‍ രക്തവാതം കൊണ്ടും ഹൃദയരോഗങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്നുണ്ട്‌. രാജ്യത്ത്‌ അതിസാരവും പടര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ്‌ പരിഹാരം തേടാനാണ്‌ ഞാനും മന്ത്രിയും ഈ രാത്രിയില്‍ കൊട്ടാരംവിട്ട്‌ പുറത്തുവന്നത്‌. എന്‍റെ വിനീതമായ അഭ്യര്‍ത്ഥന ഇത്രമാത്രം: എന്‍റെ പ്രജകളുടെ ജീവനെടുക്കരുത്‌.”

കാര്‍ക്കടി രാജാവിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ചു.

കാര്‍ക്കടി ഇന്നും വിലസുന്നു.

രാജാവ് ചോദിച്ചു: “ഭവതി ഇനി പറഞ്ഞാലും, നിന്‍റെ ദയവിന്‌ ഞാനെന്തു പകരം തരും? നിന്‍റെ വിശപ്പെങ്ങിനെയാണകറ്റുക?”

കാര്‍ക്കടി പറഞ്ഞു: “ഒരിക്കല്‍ ഹിമാലയത്തില്‍പ്പോയി തപസ്സുചെയ്ത്‌ ഈ ദേഹമുപേക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാ ആഗ്രഹം ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ എന്‍റെ ജീവിതകഥ നിങ്ങള്‍ക്കായി പറയാം. പണ്ട്‌ ഞാന്‍ ഭീമാകാരയായ ഒരു രാക്ഷസിയായിരുന്നു. എനിക്ക്‌ മനുഷ്യരെ തിന്നാന്‍ ആര്‍ത്തിയുണ്ടായിട്ട്‌ അതു തീര്‍ക്കാന്‍ ഞാന്‍ തപസ്സിലേര്‍പ്പെടുകയും ചെയ്തു. ബ്രഹ്മാവില്‍ നിന്നുകിട്ടിയ വരത്താല്‍ ഞാന്‍ ഒരു വിഷൂചികയായി. അതുകൊണ്ട് ഞാന്‍ ജനങ്ങളില്‍  പറയാനരുതാത്ത ദുരിതങ്ങള്‍ വിതച്ചു. മാതാപിതാക്കളില്‍ നിന്നും മക്കളിലേയ്ക്ക്‌ ഞാന്‍ അണുക്കളെ പകര്‍ച്ച വ്യാധിയായി കടത്തിവന്നിരുന്നു. ബ്രഹ്മാവിനാല്‍ രചിതമായ ഒരു മന്ത്രത്താലാണ്‌ എന്നെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചത്‌. നിങ്ങളും ഈ മന്ത്രം പഠിച്ചാലും- ഇതുകൊണ്ട്‌ വാതം, ഹൃദയ രോഗങ്ങള്‍, രക്തസംബന്ധിയായ ദോഷങ്ങള്‍ എല്ലാം ഇല്ലാതാക്കാം.”

മൂവരും നദീതീരത്തു പോയി. അവിടെവച്ച്‌ കാര്‍ക്കടിയില്‍ നിന്നും രാജാവിന്‌ മന്ത്രോപദേശം കിട്ടി. ഈ മന്ത്രം ജപത്തിലൂടെയാണ്‌ പ്രാബല്യത്തിലാവുക.

നന്ദിപൂര്‍വ്വം രാജാവു പറഞ്ഞു: “അല്ലയോ ദയാശീലേ, നീയെന്‍റെ സുഹൃത്തും ഗുരുവുമാണ്‌. സജ്ജനങ്ങള്‍ സൌഹൃദത്തിനെ വിലമതിക്കുന്നു. ദയവായി സൌമ്യസുന്ദരമായ ഒരു രൂപം സ്വീകരിച്ചാലും. എന്നിട്ട്‌ എന്‍റെ കൊട്ടാരത്തില്‍ വന്ന് ആതിഥ്യം സീകരിച്ചു വസിച്ചാലും. സജ്ജനങ്ങളെ തീരെ ബാധിക്കാതെ കഴിയൂ, പാപികളേയും കള്ളന്മാരേയും നിനക്കു ഭക്ഷിക്കാന്‍ തരാം.”

കാര്‍ക്കടി സമ്മതിച്ചു. അവള്‍ ഒരു സുന്ദരയുവതിയായി രാജാവിന്‍റെ കൂടെ അതിഥിയായി താമസം തുടങ്ങി. രാജാവ്‌ കള്ളന്മാരേയും കൊള്ളക്കാരേയും അവള്‍ക്ക്‌ വിട്ടുകൊടുത്തു. എന്നും രാത്രിയില്‍ അവള്‍ തന്‍റെ ഭീമാകാരം പൂണ്ട്‌ അവരെ ആഹരിച്ചുപോന്നു. പകല്‍ സമയം അവള്‍ തന്‍റെ സുന്ദരരൂപത്തില്‍ രാജാവിന്‍റെ സുഹൃത്തായി വിലസി. ഭക്ഷണം കഴിഞ്ഞാല്‍ അവള്‍ പലപ്പോഴും വര്‍ഷങ്ങളോളം സമാധിയില്‍ ആയിരിക്കും. പിന്നീടവള്‍ സാധാരണ ബോധത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചുവരുന്നു.

കാര്‍ക്കടി ഇന്നും രാജാവിന്‍റെ പിന്മുറക്കാരെ സംരക്ഷിച്ചുപോരുന്നു. അവള്‍ ഞണ്ടിന്‍റെ രൂപസാദൃശ്യമുള്ള ഒരു രാക്ഷസന്‍റെ പുത്രിയായിരുന്നു. രാക്ഷസര്‍, വെള്ള, കറുപ്പ്‌, പച്ച, ചുവപ്പ്‌ എന്നീ വിവിധ നിറങ്ങളുള്ളവരും വിവിധ തരക്കാരുമാണ്‌. കാര്‍ക്കടി കറുത്തവളായിരുന്നു. ചെറിയൊരു വിത്തില്‍ വന്മരത്തിന്‍റെ എല്ലാ പ്രഭാവങ്ങളും - ഇലകള്‍, പൂക്കള്‍, കായ്കള്‍ , എല്ലാം.- അടങ്ങിയിരിക്കുമ്പോള്‍ അവിടെ വ്യതിരിക്തത ഇല്ല. അതുപോലെ ഈ വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചം അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. 

No comments:

Post a Comment