അയോദ്ധ്യയിൽ ഉയർന്ന ഭഗവദ് ധ്വജം:
ചരിത്രത്തിന്റെ നീണ്ടിരുണ്ട
നിഴലുകളിൽനിന്നുള്ള മോചനം, നാടിന്റെ
ആത്മീയ നവോത്ഥാനം
2025 നവംബർ 25 — ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനമായി രേഖപ്പെടുത്തപ്പെടും. 2024-ൽ ശ്രീരാമവിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നുവെങ്കിലും, ശ്രീരാമക്ഷേത്രസമുച്ചയത്തിന്റെ സമ്പൂർണ്ണ നിർമ്മിതിയും അതിന്റെ കൊടിയേറ്റവും 500 വർഷത്തെ കാത്തിരിപ്പിനും വേദനയ്ക്കും പ്രതീക്ഷകൾക്കും അവസാനം കുറിച്ചുകൊണ്ടുള്ള ഒരു ദേശീയപുനർജ്ജനിയുടെ പ്രതീകമായി.
ഈ ചരിത്രനിമിഷം, ഇന്ത്യയുടെ സാംസ്കാരികസ്മരണയിൽ മൂടി വയ്ക്കപ്പെട്ടിരുന്ന ദീർഘനാളത്തെ വിദേശാക്രമണ, ആഘാതങ്ങൾക്കുള്ള മറുപടിയും ആത്മാഭിമാനത്തിന്റെ പുനരുദ്ധാനവും കൂടിയാണ്.
ഭാരതത്തിന്റെ പുരാതന സ്മൃതികളിൽ പതിഞ്ഞൊരു നഗരം — അയോദ്ധ്യ. ആയിരത്താണ്ടുകളായി ഇതിഹാസങ്ങളുടെ, ആശയങ്ങളുടെ, സമ്പ്രദായങ്ങളുടെ അധിഷ്ഠാനസാക്ഷ്യത്തിൽ നിലകൊണ്ടിരുന്ന ഈ നഗരത്തിന്റെ ആഗ്രഹങ്ങൾ, പ്രാർത്ഥനകൾ, ത്യാഗങ്ങൾ എല്ലാമിപ്പോൾ സഫലമായിരിക്കുന്നു. തലമുറകളായി വായിച്ചും പറഞ്ഞും പഠിച്ച കഥകളിലെ രാമരാജ്യ സങ്കൽപ്പം ഒരു ജനതയുടെ ആത്മാവിൽ നിറഞ്ഞുനിന്ന പ്രതീക്ഷയെ പുനരുജ്ജീവിപ്പിച്ച നിമിഷമായിരുന്നു അത്. മറക്കപ്പെടേണ്ട ഒരു കാലഘട്ടത്തിന്റെ അവസാനമല്ല – ഒരു പുതിയ കാലത്തിന്റെ തുടക്കമായിട്ടാണ് നാമിതിനെ കാണേണ്ടത്.
രാമമന്ദിരത്തിന്റെ പുനർനിർമ്മാണം ഒരു മതവിഷയമോ പ്രദേശിക
ആചാരമോ അല്ല; അത്
സംസ്കാരത്തിന്റെ, നന്മയുടെ,
സാംസ്കാരികമായ ആത്മനിർഭരതയുടെ പുനർസ്ഥാപനമാണ്.
നിരവധി വർഷങ്ങളായി നിയമപോരാട്ടങ്ങളിലൂടെ കടന്നുപോയ ദേശീയമായ അഭിവാഞ്ഛ നിയമപരമായ തീരുമാനങ്ങളുടെ
പിന്തുണയോടെയും ഗരിമയോടെയും രാജാധിരാജനായ
ശ്രീരാമചന്ദ്രന്റെ ദിവ്യപതാക ഉയർന്നത് കേവലം
ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് മാത്രമല്ല,
ഒരു നാടിന്റെ ഹൃദയം തൊട്ടുകൊണ്ടാണ്
ഉയർന്നത്. അനുനിമിഷം പ്രാർത്ഥിച്ചിരുന്ന
അനവധി ദേശസ്നേഹികളുടെ മനസ്സുകളിലാണ് ആ ഭഗവദ് ധ്വജം പാറിപ്പറന്നത്.
ധർമ്മത്തിന്റെ പ്രതീകവും, സമഗ്രസമാധാനത്തിന്റെ സന്ദേശവുമാണത്. അയോദ്ധ്യയിൽ ഉയർന്ന ധ്വജം, യുദ്ധവിജയത്തിന്റെ ചിഹ്നമല്ല, പകരം, ധർമ്മത്തിന്റെ, സമാധാനത്തിന്റെ, സമത്വത്തിന്റെ പ്രതീകമാണ്. രാമായണത്തിന്റെ മുഴുവൻ ഭാഷ്യവും ഒടുവിൽ പറയുന്നത് “ധർമ്മം വിജയിക്കുന്നു” എന്ന് തന്നെയാണല്ലോ. രാമരാജ്യത്തിന്റെ പ്രതീകം.
ചരിത്രത്തിൽ ഉടനീളം കാണാവുന്ന വിദേശ- അധിനിവേശാക്രമങ്ങളുടെ പിന്നിലുള്ള തന്ത്രം, ഏറെക്കുറെ ഒന്നാണ്. അതിക്രമിച്ചു കീഴടക്കി സമ്പത്ത് കൊള്ളയടിക്കുക, പിന്നെ മതപ്രചാരം നടത്തി കീഴടക്കിയ സമൂഹത്തിലെ കുറേപ്പെരെയെങ്കിലും അവരുടെ കൂടെക്കൂട്ടി, സമൂഹത്തെ മതപരമായി മാറ്റി, സാംസ്കാരികമായും അവരെ കീഴടക്കുക. ആക്രമികളോട് എതിർക്കുന്നവരെ വകവരുത്താൻ അവരുടെ തന്നെ കൂട്ടത്തിലെ മതം മാറിയ ഇക്കൂട്ടരെ ഉപയോഗിക്കുക. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ എല്ലാം നടന്ന അധിനിവേശങ്ങളിൽ കാണുന്ന സ്ഥിരം രീതിയാണിത്. ആക്രമോത്സുകമായ ഒരു രാജ്യം മറ്റ് രാജ്യങ്ങളെ കീഴടക്കിയിട്ട് അവരുടെ അധികാരം ഉറപ്പാക്കുന്നത് മതവിജയത്തിലൂടെയാണ്.
ഇന്ത്യയിൽ ഇസ്ലാമികഭരണത്തിൽ ഇത് വ്യക്തമായിരുന്നു. മുഹമ്മദ് ഗസ്നിയുടെ കാലം മുതൽ ഔറംഗസീബ് കാലഘട്ടം വരെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും, മൂർത്തികൾ തകർത്ത് ആ ഇടങ്ങളിൽ മസ്ജിദുകൾ പണിയുകയും, ചില സ്ഥലങ്ങളിൽ അത് കൂട്ട മതംമാറ്റങ്ങൾക്കും മതപരമായ പീഡനങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യയിൽ കാശി, മഥുര, അയോദ്ധ്യ തുടങ്ങിയ സുപ്രധാന ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും മതം അടിച്ചേൽപ്പിച്ചു ജനതയെ കീഴടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. ആഫ്ഗാനിസ്ഥാനിൽ അടുത്ത കാലത്ത് താലിബാൻ തകർത്ത ബാമിയാൻ ബുദ്ധപ്രതിമകൾ ആദ്യ അധിനിവേശക്കാരേക്കാൾ ആവേശം മൂത്ത നാട്ടുകാരുടെ ഉത്സാഹമാണ്.
പ്രാദേശിക ധാർമിക-സാംസ്കാരിക ഘടനയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ അധിനിവേശവും ഉണ്ടായത്. പല തലമുറകൾക്ക് ശേഷവും അവരിലെ മുറിവുകൾ അവശേഷിച്ചു. കൂട്ട മതം മാറ്റങ്ങൾക്കു ശേഷം പല സമൂഹങ്ങളും പഴയ പാരമ്പര്യങ്ങളിൽനിന്ന് ഏറെ അകന്നു. തലമുറകൾ കഴിയുമ്പോൾ സമൂഹം പുതിയ തിരിച്ചറിവുകളാണ് ഏറ്റെടുക്കുക. അങ്ങിനെ നിർബ്ബന്ധിക്കപ്പെട്ട് മതം മാറിയവർ അവരുടെതന്നെ പൂർവ്വികർ അനുഭവിച്ച പീഡനങ്ങളെ പൂർണ്ണമായും നിഷേധിക്കുകയോ മറക്കുകയോ ചെയ്യുക സാധാരണമാണ്. കയ്യേറ്റക്കാർ ആഗ്രഹിച്ചതും നടപ്പിലാക്കിയതും അതുതന്നെയായിരുന്നു. അമേരിക്കയിലോ ചില ആഫ്രിക്കൻ പ്രദേശങ്ങളിലോ കണ്ടതുപോലുള്ള വ്യാപക മതമാറ്റം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ബഹുസ്വരമായ ഭാരതീയ സംസ്കാരത്തിൽ ജീവിക്കുന്ന ചിന്താശീലർക്ക് ഏകതാന സ്വഭാവമുള്ള ക്രിസ്ത്യൻ, ഇസ്ലാമിക വിദേശസംസ്കാരങ്ങൾ സ്വീകാര്യമാവുകയില്ല. എന്നിരുന്നാലും, മിഷനറിമാരും കോളനിയൽ ഭരണകൂടവും മതത്തെയും, പാശ്ചാത്യ വിദ്യാഭ്യാസത്തെയും അതിനായി വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ! ബ്രിട്ടീഷുകാർക്ക് സാംസ്കാരികമായും ഭരണപരമായും വിശ്വസ്തരായ ഇംഗ്ലീഷ്-വിദ്യാഭ്യാസം നേടിയ ഒരു ഇന്ത്യൻ വർഗ്ഗത്തെ സൃഷ്ടിച്ചത് അവർ പലപ്പോഴും വെള്ളക്കാരെക്കാൾ വെള്ളക്കാരുടെ മനസ്സുമായി ഭാരതീയസമൂഹത്തിൽ വർത്തിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടാണ്. ഇവർ നിയമവ്യവസ്ഥയിലും, സിവിൽ സർവീസിലും വലിയ പങ്ക് വഹിക്കുകയും, പരമ്പരാഗതമായ സാംസ്കാരിക രീതികളിൽ നിന്നും മാറിനിൽക്കുകയും ചെയ്തു.
ഇന്ത്യയിൽ, ശക്തമായ സ്വദേശീയ മത-സാമൂഹിക സ്ഥാപനങ്ങൾ
നിലനിന്നതുകൊണ്ട് ക്രൈസ്തവമതത്തിന്
(മതമാറ്റം ഉൾപ്പെടെ) ചില പ്രത്യേക പ്രദേശങ്ങൾ (ഉദാ., ഗോവ, കേരളം, വടക്കുകിഴക്ക്) ഒഴികെ
വ്യാപകമായ രീതിയിൽ വളരാൻ
കഴിഞ്ഞില്ല. വടക്കേ ഇൻഡ്യയിലാകട്ടെ ക്രിസ്ത്യൻ മിഷനറിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ
കഴിഞ്ഞിട്ടില്ല.
വടക്കേ ഇന്ത്യയിൽ ഇസ്ലാമികമായ അധിനിവേശവും മതം മാറ്റവും സാംസ്കാരിക അധിനിവേശവുമാണ് ഏറെ ആഴത്തിൽ അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് അയോദ്ധ്യയിലെ ശ്രീരാമമന്ദിരത്തിന്റെ പുനർനിർമ്മാണം ഒരു വെറും ക്ഷേത്രം പുതുക്കി നിർമ്മിക്കുക എന്നത് മാത്രമല്ല. ഇത് ചരിത്രപരമായ ദൗർഭാഗ്യങ്ങളെ യഥാതഥമായി അംഗീകരിക്കുന്നതും, ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനം തിരികെ കൈക്കൊള്ളുന്നതുമായ, ഒരു ദീർഘകാല സാംസ്കാരിക-ആദ്ധ്യാത്മിക യുദ്ധത്തിന് ശേഷമുള്ള ആശ്വാസനിശ്വാസം തന്നെയാണ്.
രാജ്യത്ത് ചരിത്രപരമായ അനീതികളുടെ “സത്യസ്വീകാര്യവും-പുനരൈക്യപ്രവർത്തനവും”" (Truth and Reconciliation) എന്ന ആശയം സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് 1947-ൽ തന്നെ സ്വീകരിക്കാമായിരുന്നുവെങ്കിലും, അന്നത് നടന്നില്ല. പക്ഷേ വൈകിയെത്തിയ ഒരു സാംസ്കാരികനീതിയാണ് ഈ പുനർനിർമ്മാണം.
ശ്രീരാമ മന്ദിരത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന ഭഗവദ് ധ്വജം
രാഷ്ട്രചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലും ഉണർവുമാണ്. പഴയ മുറിവുകൾ ഉണക്കി പുതിയ പ്രഭാതത്തിന്റെ
സൂര്യോദയത്തെ സ്വാഗതം ചെയ്യുന്ന ഒരു
പ്രതീകം പോലെയാണിത്. ഇത് ഇന്ത്യൻ ചരിത്രത്തിന്റെ അക്ഷയചിഹ്നമായി എന്നും നിലനിൽക്കട്ടെ.
ഒരു നാട് കീഴടക്കാനും അതിലെ ജനങ്ങളെയും സ്ഥാപനങ്ങളേയും ഇല്ലാതാക്കാനും
അധികം നാൾ വേണ്ട. ഒരു സംസ്കാരത്തെ തീരെ തകർക്കാൻ നൂറ്റാണ്ടുകൾ വേണം. എന്നാൽ അതിനെ
പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമം തുടങ്ങിവയ്ക്കാൻ ശക്തമായ ഒരു കാഴ്ചപ്പാടും നേതൃത്വവും
ഒപ്പം ഒരു തലമുറയുടെ ധൈര്യവും മതിയാകും. ഇന്ന്
ഭാരതത്തിന് അതെല്ലാമുണ്ട്.


No comments:
Post a Comment