വിരാട്
സ്വരൂപം - നാരായണീയത്തിലെ അദ്വൈതദർശനം
ഡോ
സുകുമാർ കാനഡ
നാം കാണുന്ന അനുഭവിക്കുന്ന വിശ്വമെന്ന പ്രതിഭാസം എങ്ങിനെയുണ്ടായി അല്ലെങ്കിൽ എവിടെനിന്നും ഉദ്ഭൂതമായി എന്ന ചോദ്യം ചിന്താശീലരെ എപ്പോഴും അലട്ടുന്നതാണല്ലോ. നാരായണീയം അഞ്ചാം ദശകത്തിൽ (5- 1) നാരായണ ഭട്ടതിരി വിശ്വത്തെ അവതരിപ്പിക്കുന്നത് ഇങ്ങിനെയാണ്: (വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത് ..)
സച്ചിദാനന്ദസ്വരൂപമേകമായ്, ഉണ്മയൊന്നായ് (5. 1)
വിശ്വപ്രപഞ്ചമെന്നത് കേവലം
തുടക്കവും ഒടുക്കവുമുള്ള, ജനിച്ചുമരിച്ച് അവസാനിക്കുന്ന നേർരേഖയിലുള്ള
ക്രമീകപരിണാമമല്ലെന്നും, മറിച്ച് താളാത്മകമായി സ്പന്ദിക്കുന്നതും ചാക്രികമായി
തുടരുന്ന അനന്തവിസ്മയമാണെന്നും ഉള്ള സിദ്ധാന്തം – the concept of pulsating universe - ആധുനിക ശാസ്ത്രത്തിനും സമ്മതമായ ഒന്നാണ്. ചാക്രികപ്രപഞ്ചത്തിന്റെ ഉദ്ഭവം, ഓരോ കാലചക്രത്തിലും എങ്ങിനെയാണ്
ഉരുവായത് എന്നാണ് വിരാട്ടിന്റെ വർണ്ണനയിലൂടെ നാം കാണുന്നത്. വിരാട് സ്വരൂപമെന്നു പറഞ്ഞാൽ അത് വിശ്വപ്രപഞ്ചം
തന്നെയാണ്. കാര്യ,കാരണ,വസ്തു, സ്വഭാവ, ഗുണഗണങ്ങളും, കാലവും കർമ്മവും, എല്ലാം
ചേർന്നു നിലകൊള്ളുന്ന വിരാട്ടായി സാധകനിലുണരുന്ന, ധ്യാനനിമഗ്നമായ ഭാവനയിലൂടെ
പരംപൊരുൾ അല്ലെങ്കിൽ ബ്രഹ്മം അവതീർണ്ണമാവുന്നു. ഭാരതീയമായ വേദവിജ്ഞാനത്തിലൂടെ
മാത്രം കണ്ടെത്താവുന്ന യുക്തിഭദ്രമായ ഉല്പത്തിസിദ്ധാന്തത്തിന്റെ ഉദാത്തമായ വിവരണം തന്നെയാണിത്.
സ്പഷ്ടമായും അസ്പഷ്ടമായും,
സ്ഥൂലമായും സൂക്ഷ്മമായും
മഹാപ്രളയത്തിനു മുൻപ്, അതായത് വിശ്വം പ്രകടമാവുന്നതിന് മുൻപ്, വ്യതിരിക്തമായ
ലോകങ്ങളോ രാത്രിപകലുകളോ കാലമോ മൃത്യുവോ മോക്ഷമോ ഒന്നുമുണ്ടായിരുന്നില്ല. അവയെല്ലാം
കേവലം സാദ്ധ്യതാ സാന്നിദ്ധ്യം മാത്രമായി, സച്ചിദാനന്ദമായി, ഏകമായ ഒരുണ്മയിൽ യാതൊരുവിധ ഗുണങ്ങളുമില്ലാതെ, നിലകൊണ്ടു. മായാ നിർമ്മിതമായ വിശ്വപ്രപഞ്ചമെന്ന
സങ്കൽപ്പം പോലും അപ്പോൾ ഉണ്ടായിരുന്നില്ല. എന്നാലത് കേവലശൂന്യതയാവാൻ തരമില്ല. മഹാപ്രളയത്തിന്
മുന്പ് ഏകമായ ഉണ്മ,
കേവലമായ അസ്തിത്വമായി തീർച്ചയായും
ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. കാരണം, ഇല്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാവുക
വയ്യല്ലോ. ആ അവസ്ഥയിൽ മൂന്നു ഗുണങ്ങൾക്കും യാതൊരു ഇളക്കവുമില്ലാതെ,
അവയ്ക്ക് പ്രകടിപ്പിക്കാൻ ആകാതെ എല്ലാം
സമതാവസ്ഥയിൽ ആയിരുന്നു. ആകാശപുഷ്പം എന്നു പറയും പോലെ ഒരു വൃഥാ സങ്കൽപ്പമല്ല ഇപ്പറയുന്ന
മായാനിർമ്മിതമായ വിശ്വം. കാലഗണനയുടെ പരിമിതികൾക്കപ്പുറം കാരണരൂപത്തിൽ അത് ഉണ്മയിൽ
വിലീനമായിരുന്നു. അതുകൊണ്ടാണ് ഓരോ മഹാപ്രളയാവസാനത്തിലും വിശ്വം സൂക്ഷ്മമായ കൃത്യതയോടെ
വീണ്ടും ഉരുവാകുന്നത്.
താളാത്മകമായി സ്പന്ദിക്കുന്നതും
ചാക്രികമായി തുടരുന്നതുമായ അനേകം മഹാപ്രളയങ്ങളിൽ ഓരോന്നിലും ആ ഏകാത്മകമായ ഉണ്മയിൽ കാരണമൊന്നുമില്ലാതെ,
സ്വയമേവ മഹാശക്തിയുണർന്ന് അത് ചൈതന്യവത്തായിത്തീരുകയാണ്. സ്വയം പ്രകടമാവാനുള്ള
ഇച്ഛ, അതിൽ സ്പന്ദനങ്ങളായി പ്രകടമായി. സമതാവസ്ഥയിലിരുന്ന ത്രിഗുണങ്ങൾ സ്വയമിളകി
ക്രമീകമായി പ്രക്ഷുബ്ധമായിത്തീർന്ന്, വികസ്വരമായ വിശ്വം ഉണ്ടായി. ഈ മായാ നിർമ്മിത
വിശ്വത്താൽ ഒട്ടും ബാധിക്കപ്പെടാതെ, ഉണ്മയുടെ സത്തയായ
ഭഗവാൻ, പരംപൊരുൾ, സാക്ഷീഭാവത്തിൽ വർത്തിക്കുന്നതായി ശാസ്ത്രങ്ങൾ ഭാവന
ചെയ്യുന്നു. ഈ മായക്കാഴ്ചയിൽ
വൈവിദ്ധ്യമാർന്ന ചിത്രപടങ്ങൾ പോലെ അനേകം ജീവജാലങ്ങൾ കാണപ്പെടുന്നതും അതേ ഭഗവാൻ
തന്നെയാണ്.
നിർവ്വചനങ്ങൾക്കു വഴങ്ങാത്ത മായാശക്തിയാലാണ്
അവിടുത്തെ പ്രേരണ കൊണ്ട് ആദ്യമായി മഹത്തെന്ന ബുദ്ധിതത്വം ഉണർന്നത്. സത്വഗുണം
ഘനീഭൂതമായാണ് ഭഗവാൻ ഉരുവായതെങ്കിലും ത്രിഗുണാത്മകതയുണ്ടെങ്കിൽ മാത്രമേ അതിന് സമഷ്ടിയായി
(വിശ്വപ്രപഞ്ചം) പ്രകടമാകാൻ കഴിയൂ. സമഷ്ടി (macrocosm) തന്നെയാണ്
വ്യഷ്ടി (microcrocosm) അല്ലെങ്കിൽ വ്യക്തി. രണ്ടും ഭഗവാൻ തന്നെയാണ്. എന്നാൽ ആദ്യം ദ്വൈതഭാവത്തിൽ ഭഗവാനിൽ നിന്നും
വേറിട്ട് ‘ഞാൻ’ (വ്യഷ്ടി) പ്രകടമാവുമ്പോൾ അത് ഞാനെന്ന ബോധമായി; അതായത് അഹമായി. ഈ
അഹത്തിനൊപ്പം രജസ്തമോഗുണങ്ങൾ ചേർന്ന് പുഷ്ടിപ്പെടുമ്പോൾ വ്യതിരിക്തമായ വ്യക്തി-അഹങ്കാരം
ഉടലെടുക്കുന്നു. അങ്ങിനെ ‘എന്നിൽ’ ഭേദബുദ്ധിയുറയ്ക്കുന്നു.
സാത്വികമായ അഹത്തിൽ നിന്നും
ജ്ഞാനേന്ദ്രിയത്തിൻ്റെ അധിദേവതകളും, കർമ്മേന്ദ്രിയത്തിൻ്റെ അധിദേവതകളും, ബുദ്ധിയും,
ചിത്തവും അഹങ്കാരവും ചേർന്നപ്പോൾ
അന്തക്കരണവും ഉണ്ടായി. ഭഗവദിച്ഛയാൽത്തന്നെ രാജസീകാഹങ്കാരത്തിൽ നിന്നും
കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടായി. താമസാഹങ്കാരത്തിൽ നിന്നും ശബ്ദം
ഉരുവായി, അത്
ആകാശത്തിന് നിദാനമായി. സ്പർശത്തിൽ നിന്നു വായുവുണ്ടായി. രൂപത്തിൽ നിന്ന് അഗ്നിയും, രസത്തിൽ
നിന്ന് ജലവും, ഗന്ധത്തിൽ നിന്ന് ഭൂമി തത്വവും ഉണ്ടായി വന്നു. ഈ പഞ്ചഭൂതങ്ങൾക്കും
പഞ്ചേന്ദ്രിയങ്ങൾക്കും അഞ്ചു കർമ്മേന്ദ്രിയങ്ങൾക്കും വ്യതിരിക്തമായ ഗുണഗണങ്ങൾ
ഉണ്ടെങ്കിലും അവയ്ക്ക് പ്രപഞ്ചത്തെ
നിർമ്മിക്കാനുള്ള സർഗ്ഗസിദ്ധി സ്വയം ഉണ്ടായിരുന്നില്ല. അപ്പോൾ ചൈതന്യലബ്ധിക്കായി അവയുടെ അധിദേവതകൾ
ഭഗവാനിൽ അഭയം തേടി. അവിടുന്ന് സ്വയം പഞ്ചഭൂതങ്ങളിലും, പഞ്ചേന്ദ്രിയങ്ങളിലും പ്രവേശിച്ച് അവയെ കർമ്മസജ്ജമാക്കി.
അങ്ങിനെയാണ് സൃഷ്ടി സാദ്ധ്യതയുള്ള സുവർണ്ണബ്രഹ്മാണ്ഡം ഉണ്ടായത്. ബ്രഹ്മാണ്ഡം ഏറെക്കാലം കാരണജലധിയിൽ നിലകൊണ്ടു.
പിന്നെയതിൽ നിന്നു ഭഗവാൻ വിരാട്ടായി പുറത്തുവന്നു. കേവലചൈതന്യമായ
ബ്രഹ്മത്തിൽനിന്ന് ഉണ്ടായതും സർവവ്യാപിയും ഭൗതികപ്രപഞ്ചത്തിന്റെ സൃഷ്ടിക്കു
നിദാനമായി വർത്തിക്കുന്നതുമായ ശക്തിയായ അതിൽ അതിൽ സമസ്ത ജീവനുകളും
ഉൾക്കൊണ്ടിരുന്നു. അനന്തമായ, അസംഖ്യം കാലുകൾ, കൈകൾ, ശിരസ്സുകൾ എന്നിവയോടെ നിറഞ്ഞു വിളങ്ങിയ വിരാട് പുരുഷൻ
ബ്രഹ്മാണ്ഡത്തെ പിളർന്ന് പതിനാലു ലോകങ്ങളേയും സൃഷ്ടിച്ചു. (“സഹസ്രശീർഷാ പുരുഷ:
സഹസ്രാക്ഷ സഹസ്രപാദ് ..”)
വിരാട്ടായി വിളങ്ങുന്ന
പരംപൊരുളിനെപ്പറ്റി നാരായണീയത്തിലെ ആറാം ദശകത്തിൽ ഭട്ടതിരിപ്പാട് വിശദമായിത്തന്നെ
പറയുന്നുണ്ട്. പതിന്നാല് ലോകങ്ങളുള്ളതിൽ ഏഴെണ്ണം അധോലോകങ്ങളാണല്ലോ. അവയിലെ ഓരോ
ലോകവും ആ വിരാട്ടിൻ്റെ വിഭിന്ന ഭാഗങ്ങളാകുന്നു. വിരാട്ടിന്റെ പാദങ്ങൾ പാതാളവും
പുറവടികൾ രസാതലവും കണങ്കാലുകൾ മഹാതലവുമത്രേ! മുഴങ്കാലുകൾ തലാതലവും,
കാൽമുട്ടുകൾ സുതലവും,
തുടകൾ അതലവിതലങ്ങളുമാണ്. ഇനി ഏഴ്
ഉപരിലോകങ്ങളെ വിരാട്ടിൻ്റെ ഭാഗങ്ങളായി നോക്കിയാലോ, അതിന്റെ അരക്കെട്ട് ഭൂമിയും,
നാഭി ആകാശവും, മാറിടം
സ്വർലോകവുമാകുന്നു. കഴുത്ത് മഹർലോകവും, മുഖം ജനലോകവും, നെറ്റിത്തടം തപോലോകവും,
ശിരസ്സ് സത്യലോകവുമാണ്. ഇങ്ങിനെ ഈരേഴു
പതിന്നാലു ലോകങ്ങളായി വിടർന്നു വികസിച്ചു വിശ്വമായി വിളങ്ങുന്ന വിരാട്ടാണ് ഭഗവാൻ.
എത്ര ഉദാത്തവും വിപുലവുമായ ദർശനമാണ് ഏകാത്മകമായ ഈ വിരാട് പുരുഷവർണ്ണനയിൽ നമുക്ക്
കാണാനാവുക!
ഭൗതികമായി പറയുമ്പോൾ ഭഗവദ്രൂപം
വിശ്വം തന്നെയാണെന്ന് നാരായണീയത്തിൽ നമുക്ക് വ്യക്തമായി കാണാം. എന്നാൽ ഇതുകൂടാതെ പ്രപഞ്ചത്തിൻ്റെ
കാരണവും, ജ്ഞാനസ്രോതസ്സായ
വേദവും, സൂര്യചന്ദ്രൻമാരും
രാത്രിപകലുകളും എല്ലാം വിരാട്ടിൻ്റെ വിവിധങ്ങളായ പ്രകടിത ഭാവങ്ങൾ മാത്രമാണെന്ന് പൂർവ്വശാസ്ത്രങ്ങളുടെ
വെളിച്ചത്തിൽ നാരായണീയം നമുക്ക് മനസ്സിലാക്കിത്തരുന്നു. കൂടാതെ അഞ്ച്
കർമ്മേന്ദ്രിയങ്ങളും വിരാട്ടിൻ്റെതന്നെ ഭാഗങ്ങളാണ്. അവിടുത്തെ ഉദരം സമുദ്രവും,
ഉടയാടകൾ സന്ധ്യയും,
പൃഷ്ഠഭാഗം അധർമ്മവും ആണ്. അസ്ഥികൾ
പർവ്വതങ്ങളും രോമങ്ങൾ വൃക്ഷങ്ങളും നാഡികൾ നദികളുമാകുന്നു. മനസ്സ് ചന്ദ്രനും അവ്യക്തമായ മൂലപ്രകൃതി അവിടുത്തെ
ഹൃദയകമലവുമാണ്. അവിടുത്തെ പുഞ്ചിരിയാണ്
മായ, ഇനി
പഞ്ചഭൂതങ്ങളെയെടുത്താലോ, അവിടുത്തെ
ശ്വാസമാണ് വായു. നാവാണ് ജലം,
നിയതവിന്യാസത്തിൽ പറക്കുന്ന
പറവക്കൂട്ടമാണ് ശബ്ദം, അല്ലെങ്കിൽ
വാക്കുകൾ. അവിടുത്തെ വദനം അഗ്നിയാകുന്നു. വിരാട്ടിൻ്റെ കൈകൾ ദേവതകളും സ്തനദ്വയങ്ങൾ
ധർമ്മവുമാകുന്നു.
ഭഗവൻ! നിൻ പൃഷ്ഠഭാഗ,മധർമ്മം,
മനസ്സു
ചന്ദ്രനും
അവ്യക്തമാം മൂലപ്രകൃതിയങ്ങേ
ഹൃദയകമലം.
അവിടുത്തെയുദരം സമുദ്രം; ഉടയാടകൾ സന്ധ്യ;
ജനനേന്ദ്രിയം പ്രജാപതി; വൃഷണങ്ങൾ,
മിത്രദേവൻ. 6.6
ഭഗവൻ! നിൻ മന്ദഹാസം തന്നെ മായ,
ശ്വാസമാകുന്നു വായു, ജലം നാവ്;
ക്രമവിന്യാസത്തിൽ പാറും പറവകൾ
വാക്കുകൾ;
ദിവ്യഗായകരാം സിദ്ധചാരണന്മാർ
അങ്ങേ സ്വരഗണങ്ങൾ; അഗ്നിനിൻ വദനം;
കൈകൾ ദേവതകൾ; ധർമ്മം
സ്തനദ്വയങ്ങൾ 6.7
വിരാട്ടിൽത്തന്നെയാണ് സകല
ജീവജാലങ്ങളും നിലകൊള്ളുന്നത്. ജന്തുക്കൾ അവിടുത്തെ ജഘനമാണ്. കാൽനഖങ്ങൾ,
നാൽക്കാലികളാണ്. കാലമെന്നത്
വിരാട്ടിൻ്റെ ചലനമാണ്. മുഖം ബ്രാഹ്മണരും, കൈകൾ ക്ഷത്രിയരും, തുടകൾ വൈശ്യരും, അവിടുത്തെ പദകമലങ്ങൾ ശൂദ്രരുമാണ്. “ചാതുർവർണ്യം മയാസൃഷ്ടം,
ഗുണകർമ്മ വിഭാഗശ:” എന്ന് ഭഗവദ് ഗീതയിൽ
പറയുമ്പോൾ വിശ്വപുരുഷനായ വിരാട്ടിൻ്റെ ഭാഗമായി സ്വയം ഉരുത്തിരിഞ്ഞു വന്ന
ഗുണകർമ്മാനുസാരിയായ സ്വഭാവ സവിശേഷതകൾ മാത്രമാണ് ഈ നാലു വിഭാഗങ്ങളുടെ ഉത്പത്തിക്ക്
ഹേതുവാകുന്നതെന്നും അവയിൽ ഒന്നിനും പ്രത്യേക പരിഗണനയുടെ ആവശ്യമില്ലെന്നും നമുക്ക്
അറിയാനാവുന്നു. നാലു വർണ്ണങ്ങളും സമതാഭവത്തോടെ ഒന്നിച്ചുനിൽക്കുമ്പോൾ മാത്രമേ
വിരാട്ടിന്റെ പൂർണ്ണരൂപമാകുന്നുള്ളു. ഒരു വർണ്ണം മറ്റേതിനെക്കാൾ മുകളിലോ താഴെയോ
അല്ല. നാലും നാലുതരത്തിൽ, എന്നാൽ സമ്യക്കായി വിരാട്ടിനെ പരിപൂർണ്ണനാക്കുന്നു.
ജനനമരണാദികൾ വിരാട്ടിൻ്റെ
പ്രവൃത്തികൾ മാത്രമാകുന്നു. ആസുരീകമായ പരാക്രമങ്ങൾ വിരാട്ടിൻ്റെ വീര്യമാണ്.
അനന്തവിസ്മയമാർന്ന എല്ലാമെല്ലാം വിരാട്ടുതന്നെയാകുമ്പോൾ അതിനെയെങ്ങിനെയാണ്
വാക്കുകൾ കൊണ്ട് നിർവ്വചിക്കുവാൻ കഴിയുക? വാക്കുകൾ പോലും അതിന്റെ ഭാഗമാണല്ലോ. വിശ്വപ്രപഞ്ചമായി, സ്വയം വിരാട്ടായി വിളങ്ങുന്ന വിശ്വൈകമൂർത്തി ഏവർക്കുമെന്നും
ധ്യാനത്തിന് ഉചിതമായ ശുദ്ധസത്യസ്വരൂപിയും മോക്ഷപ്രദാനിയുമത്രേ! അതേ വിരാട്ടിൻ്റെ പ്രത്യക്ഷഭാവമാണ് ഗുരുവായൂരിൽ
പ്രത്യക്ഷഭാവത്തിൽ വിളങ്ങുന്നത്. കർമ്മയോഗികളുടെ അന്തര്യാമിയായും വിശ്വമായും
നിലകൊള്ളുന്ന, വിരാട്ട്, വിശ്വപ്രപഞ്ചമായി, പ്രകടമായി നിലകൊള്ളുന്ന പരംപൊരുൾ, അദ്വയമായ (രണ്ടല്ലാത്ത) ഒന്നു
തന്നെയെന്ന് സംശയത്തിനിടയില്ലാത്തവണ്ണം നാരായണീയത്തിലൂടെ ഭട്ടതിരിപ്പാട് നമ്മെ
ഉദ്ബോധിപ്പിക്കുന്നു. വേദാന്തചിന്തയിൽ
ഈശ്വരൻ ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഈശ്വരൻ അല്ലാതെ, വിരാട്ടല്ലാതെ
മറ്റൊന്നുമില്ല എന്ന സത്യത്തിന് മുന്നിൽ കേവലബുദ്ധിയിൽ ഉദിക്കുന്ന ഈശ്വരവിശ്വാസവും
നിരീശ്വരവിശ്വാസവും ഏകാത്മകമായ അദ്വൈതചിന്ത ഉള്ളിൽ നിറയുന്നത് വരെ മാത്രമേ
ഉണ്ടാവൂ.
അദ്വൈത
ദർശനത്തിൻ്റേതായ ഈ ഏകത്വപൂർണ്ണതയിൽ അഭിരമിക്കുമ്പോൾത്തന്നെ ഭട്ടതിരിപ്പാട്
സൂര്യകിരണങ്ങളുടെ മഹാശോഭയ്ക്ക് പോലും മങ്ങലേൽപ്പിക്കുവാൻ പോന്നത്ര ശോഭായമാനമായ സ്വർണ്ണക്കിരീടം
ചൂടിയ ഭഗവദ് രൂപം, മഞ്ഞപ്പട്ടുടുത്ത് സകലവിധ
അലങ്കാരങ്ങളോടെ നിൽക്കുന്നതായി ഉള്ളിൽ കണ്ടു് നിർവൃതിയടയുകയാണ്. അനന്തമായ, സർവ്വവും നിറഞ്ഞിരിക്കുന്ന ഉണ്മയ്ക്ക് നിയതരൂപമില്ലായെന്നും
എന്നാൽ, എല്ലാ രൂപങ്ങൾക്കും
അടിസ്ഥാനമായി നിൽക്കുന്നത് പരംപൊരുളിൻ്റെ അനന്തസാദ്ധ്യതകളാണെന്നുമുള്ള തികഞ്ഞ
അറിവിലാണ് കവിയുടെ ഉദീരണങ്ങളെല്ലാം. അദ്വൈതത്തിൻ്റെ അനന്തതാ സിദ്ധാന്തവും
അനന്യത്വവും നിലനിൽക്കുമ്പോൾത്തന്നെ നേരിൽ കാണപ്പെടുന്ന, സകലാഭീഷ്ടങ്ങളും
സാധിപ്പിക്കുന്ന ഈശ്വരനായി അതേ പരംപൊരുൾ നമുക്ക് ക്ഷിപ്രസിദ്ധമാണെന്ന അനുഭവ പ്രസ്താവനയിൽ
വൈരുദ്ധ്യമുണ്ടെന്ന് ഭട്ടതിരിപ്പാട് കരുതുന്നില്ല. കാരണം എല്ലാറ്റിനെയും
ഉൾക്കൊള്ളാൻ അനന്തതയ്ക്ക് ആവുമല്ലോ. അനന്തമായ സമ്പത്തിൻ്റെ നാഥനാണ് ഒരുവൻ എന്നു
പറയുമ്പോൾ അയാളെ മറ്റുള്ളവർക്ക് ഒരു കോടീശ്വരനായി കാണാനും മറ്റ് ചിലർക്ക് ലക്ഷാധിപതിയായി
കാണാനും, ഇനിയും ചിലർക്ക് നിസ്വനായി കാണാനും തടസ്സമൊന്നുമില്ല. കാണുന്നവരുടെ
കാഴ്ചപ്പാടിനനുസരണമാണ് അപരിമിതമായ അറിവുകൾ എല്ലാം.
അനന്തവിഭൂതികൾ ഉറക്കൂടിയ പ്രത്യക്ഷദൈവതമായി ഗുരുവായൂരപ്പനെ ദർശിക്കുവാൻ കഴിഞ്ഞാൽപ്പിന്നെ ആ ദർശനത്തിൻ്റെ മുഗ്ദ്ധതയിൽ വശ്യരാവാത്തതായി ആരുണ്ടാവും എന്ന് അതിശയത്തോടെ ചോദിക്കുന്ന കവിയെ നമുക്ക് കാണാനാവും. വേദാന്ത വിജ്ഞാനത്തിൽ നിഷ്ണാതരായവർ ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം, എന്നിവയേക്കാൾ മഹത്തരമായി ഭക്തിമാർഗ്ഗത്തെ കണക്കാക്കുന്നു. കാരണം ഭക്തിമാർഗ്ഗമെന്നത് ആർക്കുമെപ്പോഴും എളുപ്പത്തിൽ നേടുവാനാവുന്ന, എത്തിച്ചേരാനാവുന്ന ഒരു തലമത്രേ.

No comments:
Post a Comment