Wednesday, November 19, 2025

ഡോ. സുകുമാർ കാനഡയുടെ “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ”

 

ഡോ. സുകുമാർ കാനഡയുടെ  “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ” 

ഗോപിനാഥൻ പിള്ള,  യു എസ് എ


2025 - 2026 മണ്ഡലകാലാരംഭത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാർക്കായി ഡോ. സുകുമാർ കാനഡ നൽകുന്ന പുതിയ ആൽബമാണ് “പടികൾ പതിനെട്ട് - അയ്യപ്പ ഭക്തിഗാനങ്ങൾ”. ഇതിലെ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ മനസ്സിൽ വിരിഞ്ഞ പൂക്കളാണ്. ഇതിനു താളലയങ്ങൾ നല്കിയിട്ടുള്ളതും സുകുമാർ തന്നെയാണ്. 

അടുത്തയിടക്ക് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പസ്വാമിയുടെ ദിവ്യസോപാനം കയറിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ വിരിഞ്ഞ ഒരു ഗാനം ഏഴുതിയ ഉടനെതന്നെ അപ്പോൾ തന്നെ കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.  പടികയറുന്ന ഓരോ അയ്യപ്പഭക്തൻ്റെയും  ഇരുമുടിക്കെട്ടിൽ  നെയ്‌ത്തേങ്ങയോടൊപ്പം നിറയ്ക്കാവുന്ന ദിവ്യാനുഭൂതിയുടെ മധുരസ്വരമാണ് ഇതിലെ ഗാനങ്ങൾ.  മലകയറുന്ന അയ്യപ്പ ഭക്തന്മാർക്കായി ഈ മണ്ഡലക്കാലാരംഭത്തിൽ അദ്ദേഹം ഇത് അവരുടെ മനസ്സിൽ  നിറക്കുന്നു. താളലയ സൗകുമാര്യമാർന്ന ഈ കീർത്തനങ്ങൾ   ഭാവാർത്ഥസംയുക്തം കൂടിയാകുമ്പോൾ അത് നമ്മെ  മറ്റൊരു അലൗകിക സൗകുമാര്യത്തിൻ്റെ അനിർവാച്യമായ അനുഭൂതിയിൽ എത്തിക്കുന്നു.  ഗണപതി സ്തുതിയോടെയാണ് ആൽബം ആരംഭിക്കുന്നത്. അക്ഷരക്രമത്തിൽ ആദ്യത്തേതും മലയാളത്തിൻ്റെ മണമൂറുന്നതുമായ

ആനമുഖനെ ശ്രീഗണനായകാ പാഹിമാം വിഘ്നേശ്വരാ”

എന്ന വേദാദിവന്ദ്യപ്രഭുവായ വിഘ്നേശ്വര സ്തുതിയോടെ ആദ്യഗാനം ആരംഭിക്കുന്നു. അവിടുത്തെ ബുദ്ധിയിൽ വിദ്യയും അവിദ്യയും ആയ എല്ലാംതന്നെ തെളിഞ്ഞുവിളങ്ങുന്നു. ‘ഏകദന്തമാം എഴുത്താണിയിൽ തീർത്തൂ കാവ്യമനേകം’ എന്നു പറയുന്ന കവിയുടെ മനസ്സ് എത്തിച്ചേരുന്നത് മഹാഭാരത രചനയിലേക്കാണ്. “വ്യാസോച്ഛിഷ്ടം ജഗദ് സർവ്വം” എന്നാണല്ലോ! എല്ലാ അറിവുകളും അതിൽ ഉൾക്കൊള്ളുന്നു.  അതിൽ ഇല്ലാത്തത് മറ്റെങ്ങും കാണുകയുമില്ല.

ഈ ആൽബത്തിൽ ഇടം നേടുന്ന അയ്യപ്പ കീർത്തനങ്ങളിൽ  ഏറെ ശ്രദ്ധേയമാണ് ആദ്യത്തെ ഗാനം:  “മണ്ഡലമായാൽ മന്മനമാകും മന്ദിരമാകെ അണിഞ്ഞൊരുങ്ങും” എന്നത്. ഇതുകേൾക്കുമ്പോൾ സ്വാമിഭക്തരുടെ ഹൃദയവും സ്വാമിയെകാണാൻ അണിഞ്ഞൊരുങ്ങും. മാത്രമല്ല ഓരോ അയ്യപ്പഭക്തൻ്റെയും മനസ്സ് സ്വാമിസവിധത്തിൽ അറിയാതെ എത്തിച്ചേരുന്നു. അയ്യനെക്കണ്ട് നരജന്മസാഫല്യം അടയും. ‘അകത്തിരുന്നാരോ ശരണം വിളിക്കുന്നു അയ്യപ്പസ്വാമിയോ ഞാനോ?” എന്ന ചോദ്യത്തോടെയാണ് മൂന്നാമത്തെ ഗാനം തുടങ്ങുന്നത് . ഈ സമസ്യയുടെ ഉത്തരം കണ്ടെത്തിയാൽ  എല്ലാം ആയി. എത്ര ഉദാത്തമായ അദ്വൈതഭാവനയാണ് ഇതിൽ നമുക്കു കാണാനാകുന്നത്!. എല്ലാം ദ്വൈതചിന്തകളെയും മാറ്റിനിർത്തി അകത്തും  പുറത്തും  കേൾക്കുന്നത് ഒരേ ശബ്ദം തന്നെയാണെന്ന് തത്ത്വചിന്തകൻ കൂടിയായ ഗാനരചയിതാവ്   തിരിച്ചറിയുന്നു.. ഇല്ല, ഇത് ഭൗതികജീവിതക്ലേശങ്ങളിൽപെട്ടുഴലുന്ന സാധാരണക്കാരായ നമുക്കത്ര എളുപ്പം പിടികിട്ടുന്ന ഒന്നല്ല. അത് തത്വമസിയുടെ ആന്തരഭാവം തന്നെയാണല്ലോ. “കാലമാകുന്ന മാന്ത്രികൻ വൃശ്ചികപ്പുറത്തിരുന്നു വൃതം നോറ്റ് മണ്ഡലക്കുളിരണിയിക്കുകയാണ്”. വൃശ്ചികം എന്നാൽ തേൾ എന്നും അർത്ഥമുണ്ടല്ലോ! വൃതപരിശീലനം തേളിന്റെ  പുറത്തിരുന്നുള്ള പരിക്ഷീണമായ യാത്രയാണെന്ന് കവി പറയാതെ പരുകയാണ്. ശീതോഷ്ണങ്ങളാകുന്ന  ദ്വൈതങ്ങളിൽ നാം  എത്തിച്ചേരുന്നു. തുടർന്ന് പതിനെട്ടുപടികളുടെയും  ആന്തരികാർത്ഥം പറഞ്ഞുതരുന്ന വരികളാണ്  പത്തിന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും ചേർന്ന് പതിനഞ്ചും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ മൂന്നുംകൂടിച്ചേർന്ന പതിനെട്ടുപടികൾ. സന്ധ്യയായി, പാരിനു പ്രകാശം നൽകിയ സൂര്യൻ അസ്തമിച്ചു, ഇരുൾ എങ്ങും വ്യാപിച്ചു, കവിയുടെ മനസ്സൊഴിച്ച്, അവിടെ ഇപ്പോഴെന്നല്ല, എപ്പോഴും അയ്യപ്പസ്വാമിയുടെ ദിവ്യജ്യോതിസ്സിൻ്റെ തിരുനാളം തെളിഞ്ഞുനിൽക്കുന്നു.

സ്വാമിയുടെ  നാമം ഉള്ളിൽ നിറയുമ്പോൾ എല്ലാ ദുഃഖങ്ങളും മനസ്സിൽനിന്നും വിട്ടകലുന്നു. സ്വാമിയും ഭക്തനും രണ്ട്  എന്ന ദ്വൈതാദ്വൈത ഭാവങ്ങൾ വിട്ടകലുന്നു.  അത് നീ തന്നെ “തത് ത്വം അസി” എന്ന മഹാവാക്യത്തിൻ്റെ പൊരുൾ അറിയുന്ന മുഹൂർത്തം എത്തിച്ചേരുന്നു. ആ അറിവ്  ഭക്തൻ്റെ ഹൃദയസ്പന്ദനമായി മാറുന്നു. “സ്വാമിക്ക് സ്വാമിയേ ഭക്തൻ” എന്ന ഗാനവും ഈ ചിന്തയുടെ ബഹിസ്ഫുരണമാണ്.

 “ജന്മജന്മാന്തര സുകൃതമീ ജന്മം മന്നിലീ മനുഷ്യജന്മം” എന്ന് ഭക്തൻ മനസിലാക്കുന്നു.  കെട്ടുമേന്തി എത്തുന്ന അയ്യപ്പൻ്റെ “അഹം” എന്ന ഭാവമകലുന്നു. ആ ഇരുട്ട് വിട്ടകലുന്നതിനുള്ള വെളിച്ചമായി അയ്യപ്പതിരുനാമം മാറുന്നു. അങ്ങിനെയുള്ള ആ ഭക്തൻ ധന്യധന്യനായി തീരുന്നു. “അഹം ഒടുങ്ങുമ്പോൾ ഞാൻ സ്വാമി ഭക്തൻ”.  “അഹം” ഒടുങ്ങുന്നതിലേക്കാണല്ലോ നമ്മുടെ എല്ലാ ആധ്യാത്മിക വിചിന്തനങ്ങളുടെയും പരമലക്‌ഷ്യം. അങ്ങിനെയുള്ള ഭക്തൻ്റെ ഹൃത്തിൽ അയ്യപ്പൻ്റെ ദിവ്യകാരുണ്യം ആചന്ദ്രതാരം നിറയുന്നു. (ആചന്ദ്രതാരപ്രകാശം ദിവ്യംഅയ്യപ്പ രൂപം മനസ്സിൾ വിരിഞ്ഞാൽ..) ഭക്തപ്രിയനും മുക്തിദായകനുമായ അയ്യപ്പ തിരുനാമം അനിശം മനസ്സിൽ നിറയുന്നു. അത് നല്കുന്നതിലേക്കായി അയ്യപ്പൻ കാലതിവർത്തിയായി കാനനത്തിൽ വാഴുന്നു. (“കാലാതിവർത്തിയായ് കാനനത്തിൽ വാഴും..”)  ഹരിഹര നാമം ഉള്ളിൽ നിറയുന്ന ഭക്തനും അയ്യനും ഒന്നുതന്നെയെന്ന ബോധം ഉള്ളിലുറക്കുന്നു. അജ്ഞാനമാകുന്ന ഇരുൾ പടിയിറങ്ങുന്നു.

അയ്യപ്പ കീർത്തനങ്ങൾ വളരെ സുലഭങ്ങളാണ്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരു സരണിയിലേക്കാണ് സുകുമാറിൻ്റെ ഈ ഗാനങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇത് അദ്ദേഹത്തിൻ്റെ അനുഭൂതിയുടെ നിദർശനമാണ്. ഒറ്റക്കിരുന്നു മൗനമായി ചൊല്ലാനും ഒന്നിച്ചു കൂട്ടായി ഭജനയായി പാടാനും പറ്റുന്നവയാണ് ഇതിലെ ഏതൊരുഗാനവും. ഇത് ഓരോ അയ്യപ്പഭക്തനും കൂട്ടായിത്തീരണേ എന്നാശംസിക്കുന്നു. 

 

രണ്ടുമണിക്കൂറോളം വരുന്ന ഈ ഭക്തിഗാനങ്ങൾ കേൾക്കാൻ   https://www.youtube.com/watch?v=dPn0BiZLlzY

No comments:

Post a Comment