Wednesday, May 20, 2020

ലാലേട്ടാ, വേണമെങ്കില്‍ ഒരു ഫോട്ടോ എടുത്തു തരാം...

ലാലേട്ടാ,  വേണമെങ്കില്‍ ഒരു  ഫോട്ടോ എടുത്തു തരാം....


Happy Birthday, Laletta!






സത്യമായും!  നമ്മുടെ പിറന്നാള്‍ കുട്ടിയായ മോഹന്‍ലാലിനോട് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. മുകേഷിന്‍റെ ഒപ്പം എന്‍റെ  ഒരു ഫോട്ടോ എടുക്കാന്‍ തയാറെടുക്കുമ്പോഴാണ്  മോഹന്‍ലാല്‍  ഊണ് കഴിഞ്ഞു കൈ കഴുകി വരുന്നത്.  ഉടനെ ഫോട്ടോ എടുത്തുകൊണ്ടിരുന്ന സുഹൃത്ത് പറഞ്ഞു.."ലാലേട്ടാ,  വേണമെങ്കില്‍ ഫോട്ടോ എടുത്ത് തരാം...സുകുമാറിന് അടുത്തു നില്‍ക്കൂ---.."  സിനിമാ നടനായതിനു ശേഷം ആരും അദ്ദേഹത്തോട് 'വേണമെങ്കില്‍ ഒരു ഫോട്ടോ എടുത്തു തരാം' എന്ന് പറഞ്ഞിട്ടുണ്ടാവില്ല!

ഷഷ്ടി പൂര്‍ത്തി ക്ലബ്ബില്‍ കയറിയ ലാലേട്ടനെ  ഒരാഴ്ചത്തെ പ്രായക്കുറവുള്ള  ഞാന്‍  ബഹുമാനത്തിനായി ലാലേട്ടന്‍ എന്ന് പറയുന്നു എന്നേയുള്ളൂ. രണ്ടോ മൂന്നോ തവണ   മാത്രമേ ആളെ ഞാന്‍ നേരിട്ട്  കണ്ടിട്ടുള്ളു. 'കാറ്റത്തെ കിളിക്കൂടിന്റെ' സമയം കോഴിക്കോട് ആറീസി കാമ്പസില്‍ വച്ച്.  പച്ചപ്പുല്ല് നിറഞ്ഞ ചെറിയൊരു താഴ്വാരത്തേയ്ക്ക്  ബാല്ക്കണിയുള്ള 
എന്‍റെ മുറിയുടെ  പുറകു വശവും  അതിനു മുകളിലെ പ്രിന്‍സിപ്പാളിന്റെ മുറിയും, കോളേജ് ഗസ്റ്റ്ഹൌസും എല്ലാം ഭരതന്‍റെ ആ സിനിമയില്‍ നിറഞ്ഞു നിന്നു. അന്ന് ലാലിന്  ഇരുപത്തഞ്ചു വയസ്സ്.  (എന്‍റെ പ്രിയ സുഹൃത്ത്  ബഷീറും ഞാനും ആദ്യമായും അവസാനമായും  ഒരു സിനിമയില്‍ അഭിനയിച്ചത്  'കാറ്റത്തെ കിളിക്കൂടില്‍' ആയിരുന്നു.  അതും സാക്ഷാല്‍ ഭരതന്‍ പറഞ്ഞിട്ട്. രേവതിയായിരുന്നു ഞങ്ങളുടെ നായിക. വേണ്ട, ഓളോടു  ചോയ്ക്കാനൊന്നും  നിക്കണ്ട. ഓര്‍മ്മ കാണൂല)





പിന്നീട് ന്യൂയോര്‍ക്കില്‍ വലിയൊരു ഷോയുടെ ഭാഗമായി കാണുമ്പോള്‍  ആള്‍ക്ക് നാല്പതു വയസ്സായിരിക്കണം. അന്ന്  സംസാരിക്കാനൊന്നും പറ്റിയില്ല. പിന്നീട് 2007 ല്‍ ഹ്യൂസ്റ്റനില്‍ വച്ചാണ് ഈ ഫോട്ടോയെടുപ്പ് ഉണ്ടായത്.  കുറച്ചു നേരത്തെ മാത്രം  പരിചയത്തിലും വര്‍ത്തമാനത്തിലും ലാല്‍  ഏതൊരാളെയും 'കയ്യിലെടുക്കും'. അധികം വര്‍ത്തമാനം ഒന്നുമില്ലെങ്കിലും ജാഡയില്ലാത്ത പെരുമാറ്റം. കൈ തന്ന് സംസ്കൃത നാടകത്തില്‍  അഭിനയിച്ച കാര്യം പറയുമ്പോഴാണെങ്കിലും,  കാറ്റത്തെ കിളിക്കൂട്  സൂചിപ്പിച്ചപ്പോള്‍  'അത് കാലം കുറേ ആയല്ലോ. അവിടെ കാമ്പസില്‍ ഉണ്ടായിരുന്നോ' എന്ന് അത്ഭുതം  കൂറുമ്പോഴായാലും ലാല്‍ ഒരു സിനിമാ നടനേയല്ല.  പക്ഷെ ഇതേയാള്‍  വെള്ളിത്തിരയില്‍ 'നരസിംഹ'മാവുമ്പോഴും, 'നരനാ'വുമ്പോഴും, കുഞ്ഞുകുട്ടനെന്ന കഥകളിക്കാരനാവുമ്പോഴും,  'സ്റ്റീഫന്‍ നെടുമ്പള്ളി'യായി നിറഞ്ഞാടുമ്പോഴും ഒന്നും  ഞാന്‍ കൈ കൊടുത്തു വര്‍ത്തമാനം പറഞ്ഞിട്ടുള്ള ഒരാള്‍ ആണ് ആ സ്ക്രീനിലെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല.

ലാലേട്ടാ! ജന്മദിനാശംസകള്‍!








No comments:

Post a Comment