Wednesday, May 27, 2020

നമുക്കും ഒന്നു ‘മോടി’യാവണ്ടേ?

നമുക്കും ഒന്നു ‘മോടി’യാവണ്ടേ?
മോടിയില്‍ ഒരു മോഡിക്കുപ്പായം തുന്നിയാലോ?
27 മേയ് 2020

മാസം തോറും മോഡിജി  പറയുന്ന "മന്‍ കി ബാത്തും" മറ്റും കേട്ടു കേട്ട്, കണ്ടു കണ്ട്  എന്നില്‍ ഒരാഗ്രഹം വന്നു കൂടി. "ഇദ്ദേഹം ധരിക്കുന്ന ജാക്കറ്റ് പോലൊന്ന് വാങ്ങണം." അതില്‍ സ്വന്തം പേര് തുന്നണം എന്ന ദുരാഗ്രഹം ഒന്നും ഉണ്ടായില്ല. അതിനൊക്കെ സ്പോന്‍സര്‍ ചെയ്യാന്‍ നമുക്കാരും ഇല്ലല്ലോ.

അതിഭംഗിയായി വേഷമണിഞ്ഞു  വേദികളില്‍ ‘മേരെ പ്യാരേ ദേശവാസിയോം” എന്ന് മോഡിജി നാട്ടുകാരെ വിളിക്കുമ്പോള്‍  ഇനിയുമൊരു  'നോട്ടുബന്ധി'  ഉണ്ടാവുമോ  എന്ന  മനപ്രയാസം ഉണ്ടാവാന്‍ തക്കവണ്ണം കാഷ് എന്‍റെ കയ്യില്‍ ഇല്ല.  മുപ്പതുകൊല്ലം ഭാര്യയും ഞാനും കാനഡയില്‍  തരക്കേടില്ലാത്ത പ്രഫഷണല്‍  ജോലിചെയ്തിട്ടും നാട്ടിലെ ഒരു സദാ മന്ത്രിയുടെയൊ  മുഖ്യമന്ത്രിയുടെയോ  നിലവാരത്തിലേയ്ക്ക് എന്‍റെ സാമ്പത്തീകം ഉയര്‍ന്നിട്ടുമില്ല.   കണക്കില്‍ പെടാത്ത ഭൂസ്വത്തോ മറ്റു സ്ഥാവരജംഗമസ്വത്തുക്കളോ ഇല്ല. അങ്ങിനെ കരുതിവച്ചു വലുപ്പം വച്ച  ബന്ധുക്കളും ഞങ്ങള്‍ക്ക്  ഉള്ളതായി അറിയില്ല. 

അങ്ങിനെയിരിക്കുന്ന അവസരത്തിങ്കല്‍  മോഡി ജാക്കറ്റ് പോലെയൊരെണ്ണം  വാന്‍കൂവറിന്‍റെ പ്രാന്തപ്രദേശത്തുള്ള 'സറി'യില്‍ കിട്ടുമായിരിക്കും എന്ന് വിചാരിച്ചു ഞാന്‍ രണ്ടു മൂന്നു വീക്കെന്‍ഡ് കറങ്ങി നടന്നു. അവിടെയുള്ള 'ദേശി ചാട്ടു ഹൌസിലും', 'തണ്ടൂരി കിംഗിലും ', 'ശരവണഭവനിലും' കയറിയിറങ്ങി ഒടുവില്‍  ജാക്കറ്റിന്റെ സൈസ് രണ്ടു മൂന്നു നമ്പര്‍ കൂടിയേക്കും എന്നൊരു ഉള്‍വിളി വന്നപ്പോള്‍ ഒരു തീരുമാനമെടുത്തു. ഇനി മോഡി ജാക്കറ്റ് സ്വയം ഉണ്ടാക്കി നോക്കുക തന്നെ.


അളവുകള്‍

പിന്നെ പണ്ടെന്നോ വള്ളിനിക്കര്‍ തുന്നിത്തന്ന ഇരിങ്ങോള്‍ വട്ടോളിപ്പടിയിലെ കൊച്ചുനാരായണന്‍ എന്ന തുന്നല്‍ക്കാരനെ മനസ്സില്‍ ധ്യാനിച്ച്‌ കുപ്പായം തുന്നാനുള്ള തുണി വാങ്ങി വീട്ടിലെത്തി. പിന്നെ 'സര്‍ഗ്ഗസപര്യ'യുടെ നാളുകളായിരുന്നു. തുണി മുറിക്കുന്നത് മുതല്‍ സൂചിയില്‍ നൂല് കോര്‍ക്കുന്നതുവരെ യൂട്യൂബില്‍ നിന്നും തുന്നല്‍ മെഷീന്റെ മാനുവലില്‍ നിന്നും പഠിച്ചെടുത്തു. നല്ല പാതി കണ്‍സല്‍റ്റന്റായി. പത്തിരുപത്തിയഞ്ചു കൊല്ലങ്ങളായി കയ്യിലുണ്ടായിരുന്ന ത്രീ പീസ്‌ സൂട്ടിലെ വെസ്റ്റ്‌ ഒരളവുകോലാക്കി അതിലെ നടുഭാഗത്തെ അളവ് മാത്രം മൂന്നുകൊണ്ട് ഗുണിച്ചു. സ്വന്തം ഷട് സമ്പത്ത്   (സിക്സ് പാക്ക്) ഏകസമ്പത്തായി വികസിച്ചുവരുന്നതിനെ കണക്കിലെടുത്ത് തുണി മുറിക്കാനുള്ള അളവുകള്‍ പവര്‍ പോയിന്‍റില്‍ വരച്ചെടുത്തു. അത് ഒന്നാം പടത്തില്‍ കാണാം. ഇത് കോപ്പി ചെയ്യുന്നവര്‍ അവരവരുടെ ഷട് സമ്പത്തിനെ കണക്കിലെടുത്ത് വേണം തുണി മുറിക്കാന്‍ എന്നോര്‍മ്മിപ്പിക്കട്ടെ.

Main measurements and cuts

Placket - pocket inside

Placket front finish

ജാക്കറ്റിന് ഉള്ളില്‍ ലൈനിംഗ് വേണമല്ലോ. അതിനു പറ്റിയ ലൈറ്റ്  തുണിയും വാങ്ങി മുറിച്ചു വയ്ച്ചു. ഇത്തരം ജാക്കറ്റുകളില്‍ പോക്കറ്റ് വയ്ക്കുന്നത് പ്രത്യേക രീതിയിലാണ്. യൂട്യൂബില്‍  പ്ലാക്കറ്റ് പണിയുന്നതിന്റെ പാഠങ്ങള്‍ ഉണ്ട്. മൂന്നു നാല് പോക്കറ്റുകള്‍ വിലകുറഞ്ഞ തുണികളില്‍ ചെയ്തു പഠിച്ചിട്ട് മോഡി ജാക്കറ്റിന്റെ തുണിയില്‍ പണിയുകയാവും നല്ലത്. അതുപോലെ തന്നെ ലൈനിംഗ് പണി ചെയ്തു ‘മറിച്ചിട്ട് തുന്നിവരുമ്പോള്‍',  പാലം പണിയും മുപ്പതു നിലയുള്ള കെട്ടിടം പണിയലും സല്ഫ്യൂരിക്കാസിഡു ഫാക്ടറിക്കായി സ്ട്രക്ച്ചര്‍ ഉണ്ടാക്കലും, അതിനുള്ള ആളും അര്‍ത്ഥവും മേയ്ച്ചു നടക്കലും (പ്രോജക്റ്റ് മാനെജുമെന്റ്റ്),  ഒന്നും സാരമില്ല എന്നൊക്കെ തോന്നിപ്പോവും. പക്ഷേ വിട്ടുകൊടുക്കരുത്. (ഞാന്‍ ഇവിടെ അരി മേടിക്കുന്നത് എന്ത് പണി ചെയ്തിട്ടാണ് എന്ന് നാലാള്‍ അറിയട്ടെ എന്ന ഉദ്ദേശത്തിലാണ് ഈ 'പ്ലഗ്ഗ്'. എനിക്ക് തുന്നല്‍പ്പണി മുതലാവില്ല എന്നുറപ്പ്.)

സംഗീതം പോലെ തന്നെ  വേണ്ടത്ര സാധകം വേണ്ട കലയാണ്‌ തുന്നല്‍. സാധകമില്ലെങ്കില്‍ 'സംഗതി' മാറിപ്പോവും. പിന്നെ  'ഷഡ്ജം' വേണ്ടിടത്ത് 'അന്തര ഗാന്ധാര'മൊക്കെ വന്നാല്‍ ആകെ പ്രശ്നമാവും. അതുകൊണ്ട് ആരും  മോഡിക്കുപ്പായത്തിന്റെ  ഓര്‍ഡറുമായി വന്നിട്ട് കാര്യമില്ല. വേണമെങ്കില്‍ അത്യാവശ്യം കണ്സല്‍ട്ടിംഗ് ആവാം.

lining and finish

“നാടകാന്തം കവിത്വം” എന്ന് പറയുന്നതുപോലെ കൈപ്പണികളില്‍ ഈ ജാക്കറ്റ് തുന്നല്‍ വിജയിച്ചാല്‍ ‘ജയിച്ചു’ എന്നര്‍ത്ഥം! “മനസ്സെത്തുന്നിടത്ത് കത്രിക, കത്രികയെത്തുന്നിടത്ത് തുണി, തുണി കൂട്ടിത്തുന്നാന്‍ നൂല്” ഇങ്ങിനെ ആചാര്യവചനങ്ങള്‍ സ്വയം ഉണ്ടാക്കുകയും ആവാം. നോവലിസ്റ്റ് വത്സല അവരുടെ ബ്ലൌസും മറ്റും സ്വന്തമായാണ് തുന്നുന്നതെന്ന് അവരുടെ ‘നെല്ല്’ മാതൃഭൂമിയില്‍ കൊയ്യുന്ന കാലത്ത് വായിച്ചതിന്റെ ഒരോര്‍മ്മയുണ്ട്. രണ്ടു മൂന്നു പി.എച്ച്ഡി. ക്കാര്‍ ഇങ്ങിനെ തുന്നലിലേയ്ക്ക് ഗ്രാഡ്വേറ്റ് ചെയ്തതായും അറിയാം. കേരളാ ഹെല്‍ത്ത് മിനിസ്റ്ററെ തുന്നല്‍ ടീച്ചര്‍ എന്ന് വിളിച്ചാല്‍ (അത് തെറ്റാണെങ്കില്‍ പോലും) അത് കളിയാക്കല്‍ അല്ല എന്ന് മോഡി ഫാനായ എനിക്കുപോലും ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയും.


Finished Product

Model - സെല്‍ഫി ചിരി അറിയാതെ വന്നതാണ്.

ഒടുവില്‍ നല്ലൊരു സെറ്റ് ബട്ടനും തയ്ച്ചു, ബട്ടന്‍ ഹോള്‍ ഒപ്പിച്ചു വച്ചു. എല്ലാം റെഡിയാക്കിയെടുത്തപ്പോഴെയ്ക്കും സമയം ശ്ശി ചിലവായി. അതൊന്നു ധരിച്ചു സെല്‍ഫി  പടമെടുക്കാന്‍ തുനിയവേ ‘കാക്ക കുളിച്ചാല്‍ കൊക്കാവ്വോ” എന്നൊരു പഴം ചൊല്ല് ഓര്‍മ്മയില്‍ വന്നത് എനിക്കു മാത്രമാവില്ല. ല്ലേ?

12 comments: