Sunday, September 30, 2018

“നാനാത്വത്തിലെ ഏകത്വം” ബഹുസ്വരതയെ നിരാകരിക്കാനാവരുത്.

“നാനാത്വത്തിലെ ഏകത്വം” ബഹുസ്വരതയെ നിരാകരിക്കാനാവരുത്.

നമ്മുടെ സങ്കല്‍പ്പത്തിലുള്ള സനാതനധര്‍മ്മത്തെ പ്രകടമാക്കി നിലനിര്‍ത്തുന്നത് ആചാരങ്ങളാണ്, ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം, അവയുടെ പരിപാലനം ഒരു സമൂഹത്തിന്റെ ആരോഗ്യലക്ഷണമാണ് കാണിക്കുന്നത്. ബഹുസ്വരതയില്ലാത്ത സനാതനസംസ്കാരം സെമെറ്റിക് മതങ്ങളുടെ ‘കറുപ്പ്-വെളുപ്പ്‌’ ദ്വന്ദങ്ങളുടെ നിലവാരത്തിലായിപ്പോകും. നാനാത്വത്തിലാണ് സനാതനസംസ്കാരം വിഭാവനചെയ്യുന്ന ഏകത്വം നിലനില്‍ക്കുന്നത്. അവരവരുടെ വിശ്വാസ നിര്‍വചനങ്ങള്‍ക്കൊത്ത് നാനാത്വം പ്രകടമാക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമ്പോഴാണ്‌ ആത്മീയസമത്വമുണ്ടാവുന്നത്. എന്നാല്‍ സമത്വം പാലിക്കുന്നത് കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരക്രമങ്ങളെ ഏകപക്ഷീയമായി വികലമാക്കിയിട്ടോ നശിപ്പിച്ചിട്ടോ ആവരുത്. ‘താലിബാന്‍ നശിപ്പിച്ച ബുദ്ധപ്രതിമകളെ’ മറക്കാന്‍ കാലമായിട്ടില്ലല്ലോ!

വിഗ്രഹാരാധനയില്‍ വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഓരോ ക്ഷേത്രങ്ങളിലും ആരാധനാ മൂര്‍ത്തിയെ പ്രാണപ്രതിഷ്ഠ ചെയ്ത് സ്ഥാപിച്ചിട്ടുള്ളത് വിവിധ ഭാവങ്ങളില്‍ ആണെന്ന് മനസ്സിലാവും. അതായത് ഓരോ ക്ഷേത്രങ്ങളില്‍ വ്യത്യസ്ഥസങ്കല്‍പ്പങ്ങളാണ് വിഗ്രഹത്തിന് ആധാരമായിരിക്കുന്നത്. അത് ഒരേ ദേവതയുടെ ക്ഷേത്രമായാലും അങ്ങിനെ വൈവിദ്ധ്യമായ രീതിയാണ് സനാതന്‍ ധര്‍മ്മത്തില്‍ അനുഷ്ടിച്ചു വരുന്നത്. വടക്കെ ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് വിഗ്രഹത്തെ തൊട്ട് പൂജിക്കാം എന്നാല്‍ കേരളത്തിലെ ശിവ ക്ഷേത്രങ്ങളില്‍ അതനുവദിക്കില്ല. ക്ഷേത്രപ്രതിഷ്ഠയുടെ സമയത്തെ ഭാവസങ്കല്‍പ്പമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം.

    ധര്‍മ്മശാസ്താവിന്റെ നാല് പ്രധാന ക്ഷേത്രങ്ങള്‍- കുളത്തുപ്പുഴയിലും ആരിയന്‍ കാവിലും, അച്ചന്‍കോവിലിലും, ശബരിമലയിലും ഭഗവാന്‍ വെവ്വേറെ ഭാവങ്ങളില്‍ ആണ് കുടികൊള്ളുന്നത്. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ പല ഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അനേകം അയ്യപ്പ-ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥനും, ശബരിമലയില്‍ സന്യാസിയുമാണ് അയ്യപ്പന്‍. ഒരേയൊരു ശാസ്താവ് എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം ഒരാള്‍ക്ക് അച്ഛനും, മകനും ഭര്‍ത്താവും ഭക്തനുമാവാന്‍ എന്താണ് തടസ്സം? അയാള്‍ക്ക് ഓരോരുത്തരുമായുള്ള ബന്ധത്തിലും വ്യക്തമായ ഭാവവ്യത്യാസങ്ങള്‍ ഉണ്ടല്ലോ? ഒരുവന് 
 അമ്മയോടും ഭാര്യയോടും മകളോടും ഉള്ള ബന്ധങ്ങള്‍ക്ക്  ഭാവ വ്യത്യാസമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. വിഗ്രഹത്തിന്‍റെ കാര്യത്തിലും അത്തരം 'വിശേഷേണയുള്ള' ഭാവഭേദം ഉണ്ടെന്ന് ണം മനസ്സിലാക്കണം. 

മിക്കവാറും എല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. സന്യാസഭാവത്തില്‍ ഭഗവാന്‍ കുടികൊള്ളുന്ന ശബരിമലയില്‍ മാത്രമേ അതിനു വിലക്കുള്ളു. ആ നിയന്ത്രണവും 
 വാസ്തവത്തില്‍  ഭക്തനുവേണ്ടിയാണ്- ഭഗവാന് വേണ്ടിയല്ല. ഭക്തന് കുറച്ചു നാളെക്കെങ്കിലും സന്യാസഭാവം പരീക്ഷിക്കാനും അതിന്‍റെ ഭാവഗരിമ ജീവിതത്തില്‍ പകര്‍ത്താനും കിട്ടുന്ന ഒരവസരമാണ് മണ്ഡലക്കാലം. ആ സമയം കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ടികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം. ഇപ്പോള്‍ കാണുന്ന ‘ഇന്‍സ്റ്റന്റ് ദര്‍ശനമോഹികളെ’ വച്ച് ഒരു പ്രാചീന സംസ്കാരത്തെ അളക്കുന്നത് ശരിയല്ല എന്നോര്‍മ്മിപ്പിക്കുന്നു.

സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?

സ്ത്രീകള്‍ക്ക് മാത്രമായും ഒരു ക്ഷേത്രം ഉണ്ടാക്കാന്‍ പാടില്ലേ? എന്നാണെങ്കില്‍ ആവാം എന്നാണ് എന്റെ ഉത്തരം. ഭാരതത്തില്‍ (കര്‍ണ്ണാടക, കേരളം, ബംഗാള്‍) അങ്ങിനെയും ക്ഷേത്രങ്ങള്‍ ഉണ്ട്. ചിലയിടത്ത് സ്ത്രീകള്‍ മാത്രമേ പൂജ ചെയ്യാന്‍ പാടുള്ളൂ എന്നുമുണ്ട്. കേരളത്തില്‍ത്തന്നെ സന്യാസഭാവത്തിലുള്ള ഒരു സ്ത്രൈണദേവതാ സങ്കല്പം ഉണ്ടാക്കി ആ ക്ഷേത്രസങ്കേതത്തിലേയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ത്ഥാടനം നടത്തുന്നതിനെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആറ്റുകാല്‍പൊങ്കാല പോലുള്ള ആചാരങ്ങളില്‍ സ്ത്രീകള്‍ മാത്രം ഏറെ ആത്മാഭിമാനത്തോടെ പങ്കെടുക്കുന്നുണ്ടല്ലോ. അത് സ്ത്രീകളുടെ ഉത്സവമായതുകൊണ്ട് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചൊരു പരാതിയുണ്ടെന്നു തോന്നുന്നില്ല. ആറ്റുകാല്‍ അമ്പലം കാട്ടിലാവാഞ്ഞത് നന്നായി എന്നാണെന്റെ പക്ഷം. സ്ത്രീകള്‍ക്ക് (ചിലപ്പോള്‍ പുരുഷന്മാര്‍ക്കും) നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും സമാധാനമായി യഥേഷ്ടം നടക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലല്ലോ!

ശാസ്താവിന്‍റെ നാല് ഭാവങ്ങളെ പറ്റി പണ്ട് എഴുതിയ കവിത താഴെ ചേര്‍ക്കുന്നു. അത്. സനാതനധര്‍മ്മമനുസരിച്ച് മനുഷ്യന്‍ കടന്നു പോകേണ്ട നാല് ആശ്രമങ്ങളെ പറ്റിയാണ് ഇത്. ആ നാല് ആശ്രമങ്ങളിലും മനുഷ്യര്‍ക്ക് ആശ്രയമായ അയ്യപ്പനെപ്പറ്റിയാണ്‌. 

നാലാണാശ്രമങ്ങള്‍
നാലാണാശ്രമങ്ങള്‍ നാലിലുമയ്യന്‍
തുണയായി വന്നാല്‍ സുകൃതം
ജന്മസാഫല്യം ശബരിമലയതു
നലം പെരുമയ്യപ്പ സന്നിധാനം
ചിത്തേ വിളങ്ങും ശ്രീ പദമല്ലോ
പാദബലം തരുമാധാരം
ചുണ്ടിലിണങ്ങും നാമമതല്ലോ
ശാന്തിയണയ്ക്കും സന്ദേശം

കുളത്തൂപുഴയില്‍ ബ്രഹ്മചാരിയായ്‌
മണികണ്ഠനയ്യന്‍ വിളങ്ങുന്നൂ
ആരിയങ്കാവില്‍ ഗാര്‍ഹസ്ത്യത്തിന്‍
രക്ഷകനായതും അയ്യപ്പന്‍
അച്ചങ്കോവിലില്‍ അരചനായയ്യന്‍
വാനപ്രസ്ഥമനുഷ്ടിപ്പൂ

അദ്വൈതമൂര്‍ത്തിയാം പൂര്‍ണ്ണാവതാരം 
ശബരിമലയിതിലവതീര്‍ണ്ണം
പരശുരാമ പ്രതിഷ്ഠിതമയ്യന്‍
ധര്‍മ്മ ശാസ്താവാമഖിലേശന്‍
ജ്ഞാനമുദ്രാങ്കിതം ധ്യാനസ്വരൂപം
സംന്യാസഭാവത്തിലയ്യപ്പന്‍
നാലിലുമാശ്രയമയ്യപ്പ സവിധം
നലം പെരുമയ്യപ്പ സന്നിധാനം

No comments:

Post a Comment