Friday, September 28, 2018

ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....

ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....

ക്ഷേത്രചൈതന്യം ഉണ്ടാവാനും അത് നിലനിര്‍ത്തി വര്‍ദ്ധിക്കാനും അഞ്ചു കാര്യങ്ങളാണ് പ്രാചീനര്‍ പറഞ്ഞ് വച്ചിരിക്കുന്നത്. അതില്‍ ഒന്നാമത് ക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച ആചാര്യന്‍റെ വ്രതമഹിമയും അത് തുടര്‍ന്നുകൊണ്ട് പോകുന്ന തന്ത്രിയുടെ അല്ലെങ്കില്‍ മുഖ്യ പുരോഹിതന്‍റെ അനുഷ്ഠാനനിഷ്ഠയുമാണ്‌. രണ്ടാമത് ക്ഷേത്രത്തില്‍ വിഗ്രഹം സ്ഥാപിച്ച സമയത്ത് അതത് മൂര്‍ത്തീസങ്കല്‍പ്പത്തിന് അനുസൃതമായി നിശ്ചയിച്ച പൂജാക്രമങ്ങളും ആചാരങ്ങളും അനുസ്യൂതമായി തുടര്‍ന്നു കൊണ്ട് പോകുക എന്നതാണ്. അതില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരുന്ന ഭക്തജനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍, വേഷവിധാനമടക്കമുള്ള ആചാരക്രമങ്ങള്‍, മൂര്‍ത്തിയെ ചൈതന്യവത്തായ ഒരു സാന്നിദ്ധ്യമായി കണ്ടു നിവേദ്യമടക്കമുള്ള കാര്യങ്ങള്‍ എന്നിവ കൃത്യമായി അനുഷ്ഠിക്കുക എന്നതാണ്. മൂന്നാമത്തേത് ദിനംതോറും ക്ഷേത്രത്തില്‍ വച്ചു നടത്തേണ്ട വേദപഠനങ്ങള്‍ക്ക് മുടക്കം വരുത്താതെയിരിക്കുക, നാലാമത്തേത് ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷേത്രത്തിന്‍റെ കീര്‍ത്തി വര്‍ദ്ധിക്കുവാനായി കാലാകാലങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക, അഞ്ചാമത്തേത് ഭക്തജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നിത്യവും അന്നദാനം നല്‍കുക. ഇവയില്‍ നാലാമത്തേതും അഞ്ചാമത്തേതും ജനകീയമാണ്. അതില്‍ കാലാനുസൃതം മാറ്റങ്ങള്‍ ആവാം. എന്നാല്‍ ആദ്യത്തെ മൂന്നു കാര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആ ക്ഷേത്രസങ്കല്‍പ്പം തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തികളത്രേ.

ക്ഷേത്രചൈതന്യത്തില്‍ വരുത്തുന്ന അപചയം അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹ ഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ രണ്ടു ഭാഗത്തും ഭക്തര്‍തന്നെയാണ് എന്നുള്ളതാണ് പ്രത്യേകത. ദേവതയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലതന്നെ. സങ്കല്‍പ്പത്തില്‍ അവനവന്‍ തന്നെ വരുത്തുന്ന അപചയം മറ്റു കാര്യങ്ങളില്‍ എന്നപോലെ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അനുഭവിക്കാനും അവന് ബാദ്ധ്യതയുണ്ട്. നമ്മുടെ പാരമ്പര്യത്തില്‍ ഒരു ജീവിതകാലത്തെ മാത്രം അത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നില്ല. അനേക ജന്മങ്ങളില്‍ ഒന്ന് മാത്രമാണ് ഇപ്പോഴത്തെ ഈ ജീവിതം. 'ഇതിന് മുന്‍പും ഞാനുണ്ടായിരുന്നു, ഇനിയും ഞാനുണ്ടാവും'. എന്നതാണ് സനാതനമതം. അതിന്‍റെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരത്തിന്‍റെ പതിനാറു ഘടകങ്ങളില്‍‍ ആദ്യത്തേത് ഗര്‍ഭാധാനം ആകുന്നത്. അതായത് ഈ ജന്മത്തിനു മുന്‍പേതന്നെ തീര്ച്ചയാക്കപ്പെട്ട ചില തിരഞ്ഞെടുപ്പുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന് അടിസ്ഥാനമായി ഉണ്ടെന്നര്‍ത്ഥം. അങ്ങിനെയുള്ള ഷോഡശസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ഷേത്രസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ഷോഡശ സംസ്കാരങ്ങള്‍ ആര്‍ജ്ജിക്കുന്നത് ഈയൊരൊറ്റ ജന്മം കൊണ്ടല്ല എന്നത് സെമിറ്റിക് ‍വിശ്വാസങ്ങളുടെ പരിധിക്ക് വഴങ്ങുകയില്ലല്ലോ.

കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ചിലതിനെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍ എന്നിവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ?

സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ഒരു വിധത്തിൽ മാത്രമേ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടു തീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.

നാം നല്ലൊരു വ്യാപാരസ്ഥാപനം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം സ്വയം തീരുമാനിച്ച് അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് വയ്ക്കുന്നതുപോലെയാണ് ക്ഷേത്ര സങ്കല്‍പ്പരീതികളും. ക്ഷേത്രം ISO 9000 എന്നൊരു ലേഖനം കുറച്ചു നാള്‍ മുന്‍പ് എഴുതിയിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്കായി ലിങ്ക് ഇതാ:  
ക്ഷേത്രം ISO 9000- കലാകൌമുദി
https://drive.google.com/…/0Bznlf5vp9c60eHNrbUgzQ0M5N…/view…

No comments:

Post a Comment