Friday, January 31, 2020

ആസാദി (കവിത)


ആസാദി 
കവിത: ഡോ സുകുമാര്‍ കാനഡ



audio in youtube:

ആസാദി ആഡിയോ

‘ആസാദി’, ‘ആസാദി’
ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ് 
താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍
തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’..

“ദേശത്തെ നൂറ്റൊന്നു കഷണങ്ങളാക്കുന്ന
ദുര്‍ന്നയമേറ്റും വിദേശശാസ്ത്രങ്ങളില്‍
അവഗാഹ,മെന്നേയ്ക്കു,മുള്ളി,ലുറയ്ക്കണം.”

 “ആത്മാഭിമാന,മിന്ന,വരില,പമാനമാക്കണം
യുവതയെ നേരിന്നെതിരാക്കണം; നാടിനെ
പിന്നോട്ടു തള്ളുവാ,നവരെ,യുരുവാക്കണം.”

“പിന്നിട്ട തപ്തമാം അധിനിവേശങ്ങളിലെ
ആത്മാഭിമാനക്ഷതങ്ങളിലു,മഭിമാന,ഭാവ-
മുണ്ടാക്കി,യവര,ന്ധരായ് വലയണം.”

“ലൌകികസുഖമെന്ന കേവലലക്ഷ്യത്തിലുട-
ലുടക്കി,ക്കൊന്നു,തള്ളുന്ന തിന്മതന്‍
ഹുങ്കാരഘോഷത്തില്‍ നിത്യം രമിക്കണം.”

 “പിറന്നൊരീ മണ്ണിന്‍റെ വിദ്യയിലു,മാത്മീയ-
സമ്പത്തിലും, വിശ്വചിന്താസരിത്തിലും
ശ്രദ്ധയൊട്ടെങ്കിലു,മവരി,ലില്ലാതെയാക്കണം.”

“ആസാദിയെന്നുപുകള്‍പെറ്റ സ്വാതന്ത്ര്യ-
ചിന്തതന്‍ വടവൃക്ഷവേരും തുരക്കണം.
ഇരുള്‍മറയിലതിന്നുള്ളില്‍ രാസ‘രസ’മിറ്റണം.”

ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ് 
താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍.
തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’.

എന്നാല്‍
നേരിനെ നേരേ തിരിച്ചറിയാന്‍, തങ്ങളെ
പാവകളാക്കുന്നതാരെന്നറിഞ്ഞുണരാന്‍ 
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നിവിടെ
യുവതയ്ക്ക് വേണ്ടതാത്മാഭിമാനം 

വിശ്വ,മുണക്കും കൊടുംവേനലില്‍ത്തന്‍റെ
പച്ചിലച്ചാര്‍ത്തുകള്‍ നീര്‍ത്തിവച്ച്,
കുളിരും കിനാവും ചേര്‍ത്തനന്യമാം
ഏകാത്മസൌന്ദര്യശാസ്ത്രമേകി;
വടവൃക്ഷങ്ങളായ്‌ നിന്ന പൂര്‍വ്വികര്‍
തന്നൊരൂര്‍ജ്ജത്തോടാര്‍ജ്ജവം ചേര്‍ത്തൊരുക്കി
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നു
വേണം യുവതയിലാസാദി ബോധം
ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,
ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൌത്യം.

ലോകത്തിനൊന്നാകെ ഗുരുവായി നിന്നൊരാ
കാലത്തെയോര്‍ത്തുനാം മാഴ്കരുതൊരിക്കലും
നമ്മിലെ,യാത്മാഭിമാന,മികഴ്ത്തരുതൊരിക്കലും

ഓരോ നെടുവീര്‍പ്പിലും വിദേശവിഷലിപ്ത
പരിമിത,തത്വങ്ങ,ളാശയഗരിമയാല്‍ വെല്ലണം,
സനാതനബഹുസ്വരചിന്താസരിത്തില്‍ നീരാടണം,
ഏകത്വമില്ലാതെ നാനാത്വമില്ലെന്നയറിവിലുറയ്ക്കണം.

സ്വാതന്ത്ര്യനിറവിന്‍റെ നേരു നെഞ്ചേറ്റുവാന്‍
നാടിനെ കാക്കുവാന്‍, ധര്‍മ്മം ജയിക്കുവാന്‍
കരവും കരുത്തുമായ്, യുവതയ്ക്കു വേണ്ടതോ
ദാസ്യം വെടിഞ്ഞൊ,’രാസാദി’ ദൌത്യം
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയാവട്ടെ
വിശ്വത്തി,ലാകെ,യിനി,’യാസാദി’
സമസ്തലോകത്തിനും സൌഖ്യമായ്തീരട്ടെ
വിശാല,വീക്ഷണ,ബോധ,’മാസാദി’.

ഭൌതികസത്യത്തി,ലാത്മസൌന്ദര്യത്തില്‍,
പ്രകൃതിയില്‍, മര്‍ത്ത്യനി,ലവന്‍റെ,യുള്ളങ്ങളില്‍
ചിദാനന്ദമേകും സനാതനസ്ഥലികളില്‍,
നിറയട്ടെ,നമ്മളിലു,’മാസാദി’ നിത്യം.
ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,
ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൌത്യം.

‘ആസാദി’, ‘ആസാദി’
----------------------------------------------------------------------
"തനിക്കു ഹിതമല്ലാത്തതോതുവോരെ ദുഷിപ്പവര്‍
അതോടോന്നിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിപ്പവര്‍"
 ------------കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മഹാനായ സാഹിത്യകാരന്‍ സഞ്ജയന്‍....




No comments:

Post a Comment