ബ്ലൊഗ്ഗൈന് വില്ല. ഇതില്‍ പലതും വരും.. പോകും ബോഗ്ഗൈയിന്വില്ല പൂക്കുംപോലെ ചിലപ്പോള്‍ ആടും, തിളങ്ങും, വിവിധ നിറത്തില്‍
Sunday, March 9, 2014
പൂര്‍ണ്ണവിരാമം.
Wednesday, October 9, 2013
ആളാണുദൈവം! - From Mathrubhumi Newspaper 9 October 2013


ആള്‍ദൈവം, ആളാണുദൈവം. പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണണ് എന്നതുകൊണ്ടാവുമോ ആളുകള്‍ക്ക് ആള്‍ദൈവങ്ങളോടിത്ര വിരോധം?' ആളസുരന്മാര്‍ ' എന്നുകേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാനുണ്ടാക്കിയ പദമാണ്!
'ദൈവദശകം' മുതല്‍ ആത്മീയതയുടെ നേരനുഭവം നിറഞ്ഞ അനേകം കൃതികളെഴുതുകയും ആദിശങ്കരന് തുല്യം വേദാന്തത്തിന്റെ വേരുകണ്ടെത്തി നമുക്ക് മനസ്സിലാവുന്ന രീതിയില്‍ പകര്‍ന്നു കരുത്തു നല്‍കുകയും ചെയ്ത ശ്രീനാരായണഗുരുവിനെപ്പോലും ചിലര്‍ 'ആള്‍ ദൈവമെന്ന' പ്രയോഗത്തിലൂടെ വില കുറച്ചു കാണാന്‍ ശ്രുമിക്കുന്നത് പരിതാപകരം എന്നല്ലേ പറയാനാവൂ?
എന്നാല്‍ ആള്‍ദൈവം എന്ന പ്രയോഗം വാസ്തവത്തില്‍ മോശമായ ഒന്നല്ല. എല്ലാ പ്രവാചകന്മാരും ആള്‍ ദൈവങ്ങള്‍ തന്നെയാണ്. അതത് കാലഘട്ടങ്ങളില്‍ മനുഷ്യരാശിക്കു വഴികാട്ടിയായ ഗുരുഭൂതന്മാര്‍ ദൈവതുല്യരാണ്. ദൈവം എന്ന സങ്കല്‍പ്പ സാദ്ധ്യതയെ നേരിട്ടുകാണാന്‍ , അനുഭവിക്കുവാന്‍ കഴിയാത്തിടത്തോളംകാലം നാമീ പ്രവാചക പ്രതീകങ്ങളില്‍ തൃപ്തരാവുകതന്നെ. ഇതിനുനാം ഈശ്വരവിശ്വാസി ആകണമെന്നോ കാണുന്ന'മഹാന്മാരെ'യെല്ലാം കാലില്‍ വീണു നമസ്‌കരിക്കണമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്.
മലയാളഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും 'ആള്‍ദൈവം' എന്ന് പുച്ഛത്തോടെയുള്ള പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ഇങ്ങിനെ വില കുറച്ചുപരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ . യാതൊരു കുറ്റബോധവും കൂടാതെ അതെല്ലാം അച്ചടിച്ചു വില്ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം. സാംസ്‌കാരിക നായകന്മാരും വിപ്ലവ പ്രതിവിപ്ലവനേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ സുഖം കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമുണ്ട്. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കെല്ലാമറിയാം ദൈവം എന്നത് 'ആള്‍ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ എന്ന്.
എല്ലാവരും ആള്‍ദൈവങ്ങള്‍ തന്നെ. ഒരു നേരിയ വ്യത്യാസമുണ്ട്. എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെയാണ് ദൈവത്വം എന്ന്. മറ്റുള്ളവര്‍ അതുസ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരുപക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുമെന്നു മാത്രം. പിന്നെ 'ആള്‍ ' എന്നു പറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാക്കാം. സര്‍വചരാചരങ്ങളും ഉള്‍പ്പെട്ട ഒരു ജനാധിപത്യ രീതിയിലാണ് ഉയര്‍ന്ന തലത്തിലുള്ള ആത്മീയതയുടെ സാംഗത്യം.
അഹം ബ്രഹ്മാസ്മി, ഞാന്‍ തന്നെ ബ്രഹ്മം. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി. കാര്യകാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഉപനിഷദ് വാക്യം. രണ്ടില്ല, ഒന്നുമാത്രമേയുള്ളു. അതായത്, ഞാനില്ലെങ്കില്‍ ബ്രഹ്മം ഇല്ല. ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്, അതേ ദൈവം തന്നെയാണ് എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ് ഉണരുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ ദൈവങ്ങളായി എന്നിരിക്കട്ടെ) നാം തിരിച്ചറിയുന്നത് കണ്ണാടി നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നുവേണ്ടേ കരുതാന്‍ ? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ് ആള്‍െൈദവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്?
ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകത പോലെ തന്നെ രാക്ഷസീയതയും 'ഞാന്‍ തന്നെ' എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ 'ആള്‍രാക്ഷസന്‍' എന്നോ 'ആളസുരന്‍ ' എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്, ആരൊക്കെയാണ് ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട് നിറയെ അനുയായികളും ആരാധകവൃന്ദവും! ആളസുരന്മാരുടെ കൂട്ടത്തിലുള്ളവരെ കണ്ടുപിടിക്കാന്‍ നമുക്കൊന്ന് ചുറ്റും കണ്ണോടിക്കാം; പത്രങ്ങളിലും മറ്റും അവരങ്ങിനെ നിറഞ്ഞുവിളങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കി, ദു:ഖിതര്‍ക്ക് സാന്ത്വനം നല്‍കി കുറച്ചു പേര്‍ ആള്‍ദൈവങ്ങളും ആയിക്കൊള്ളട്ടെ.
നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. എത്ര വിരൂപമാണെങ്കിലും സ്വന്തം മുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാത്തവര്‍ ആരുണ്ട്? കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം മനസ്സിലുമുള്ളവര്‍ അതുമാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടു കൊണ്ടേയിരിക്കും. നമ്മുടെ നോട്ടത്തില്‍ സൗന്ദര്യം മാത്രം കാണാറാവുമ്പോള്‍ അത് ദൈവീകതയുമായി അടുത്ത ഒന്നാണ്. അങ്ങിനെ നാം മഹാത്മാക്കളിലേക്ക് ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം.
കണ്ണാടി പോലെയാണ് ലോകം. നമ്മെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരുപ്രതിഭാസം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍നിന്നും ഉയരത്തിലെത്തി നില്‍ക്കുന്നുവെന്നും തനിക്കു മനസ്സിലാവാത്ത 'ഭാഷ' പറയുന്നു എന്നതും, 'ആള്‍ദൈവത്തെ' മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ് തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത് റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനാനുഭവങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട് അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല. അതിനാണല്ലോ വിവേചനബുദ്ധിയും വിവേകവും നമുക്കുള്ളത് (അല്ലെങ്കില്‍ നമുക്കുണ്ടാവേണ്ടത്!).
ഭഗവദ്ഗീതയിലെ പതിനാറാം അദ്ധ്യായം ദൈവാസുര സമ്പത്ത് വിഭാഗയോഗത്തില്‍ ദൈവീകതയും ആസുരീകതയും ആത്യന്തികമായി വെളുപ്പ് കറുപ്പ് എന്ന രീതിയിലുള്ള 'വിപരീതദ്വന്ദങ്ങളുടെ' ദര്‍ശനമായല്ല പറയുന്നത്. മറിച്ച് കാലദേശ നിബദ്ധമായി മനുഷ്യരില്‍ കാണപ്പെടുന്നത് നന്മതിന്മകളുടെ വിവിധ അനുപാതങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണെന്നും അവയെ എങ്ങിനെ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യണമെന്നുമാണ്. നന്മകളുടെ എണ്ണം തുലോം കുറവും തിന്മകളുടെ എണ്ണവും വണ്ണവും വളരെ വിപുലവുമാണെന്നു ഗീതാകാരന്‍ പറഞ്ഞു വയ്ക്കുന്നുമുണ്ട്. ഭയരാഹിത്യം, മന:ശ്ശുദ്ധി, ആര്‍ജ്ജവം, ജ്ഞാനം, അഹിംസ, മാന്യത തുടങ്ങിയ സദ്ഗുണങ്ങളും കാമാക്രോധലോഭ മദ മാല്‍സര്യാദി തിന്മകളും നമ്മില്‍ ഇപ്പോഴും പുറത്തുവരാന്‍ തയ്യാറായി ഇരിക്കുന്നു. ഇവയില്‍ ഏതിനെയൊക്കെയാണ് തിരിച്ചറിഞ്ഞു നാം പ്രോജ്വലിപ്പിക്കേണ്ടത്?
'ആളുക' എന്നതിന് ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്. പ്രപഞ്ചത്തിന്റെ തേജസ്സ് ആരിലാണോ (എന്തിലാണോ) ജ്വലിച്ചുനില്ക്കുന്നതായി കാണപ്പെടുന്നത്, അവരത്രേ ദൈവതേജസ്സുള്ളവര്‍ , ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേ പറ്റി പരാമര്‍ശമുണ്ട്. പൊതുവേയൊരു ധാരണയുള്ളത് ഇസ്ലാമിക സമ്പ്രദായത്തില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്ദതുല്‍വുജൂദ്' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം.
യേശുവും പറഞ്ഞിട്ടുണ്ട് 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)' എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു. അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്രതന്നെ. സൂഫിയോഗികള്‍ പലരും (ഉദാഹരണത്തിന് മണ്‌സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്. പ്രപഞ്ചതേജസ്സ് മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത് 'കല്ലിനെ ദൈവമാക്കാം, എന്നാല്‍ ദൈവത്തെ കല്ലാക്കരുത് എന്നാണ്'.
മനുഷ്യന്‍ ദൈവമാണ്, എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്. സത്യമാണ് ദൈവം എന്നു മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദൈവം സത്യമാണ്' എന്ന് ദൈവത്തെ 'നിര്‍വചിക്കാന്‍' ഗാന്ധി തയ്യാറായില്ല. കാരണം നിര്‍വചനങ്ങളാല്‍ തളക്കപ്പെടേണ്ട ഒരു സങ്കല്പ്പമല്ല അത്.

ഇനി ആദ്ധ്യാത്മികവിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്. ഏതു രംഗത്താണ് അത്തരക്കാര്‍ ഇല്ലാത്തത്? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രൊഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കുന്നവരാണ് എന്നു കരുതരുത്. കള്ള സ്വാമി എന്നൊരു പ്രയോഗം പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കള്ളന്‍ സ്വാമിയെന്നുപറഞ്ഞു നടന്നെങ്കില്‍ അതിന്റെ നാണക്കേട് കള്ളനോ അതുപറഞ്ഞു നടന്നവനോ?
നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷെ ഇപ്പോള്‍ എല്ലാവരും 'മറ്റുള്ളവരെ' നന്നാക്കാനുള്ള തിരക്കിലാണ്. 'നിസ്സ്വാര്‍ത്ഥമതികള്‍ ' എന്നാണ് അവരറിയപ്പെടുന്നത്. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. ഞാന്‍ സ്വാര്‍ഥനായതുകൊണ്ട് 'സ്വയം നന്നായി നശിക്കാന്‍ ' അവര്‍ തയ്യാറല്ലതന്നെ.
ആള്‍ദൈവങ്ങള്‍ വാസ്തവത്തില്‍ ഗുരുക്കന്മാരാണ്. ഓരോരുത്തരുടെ മാനസികനിലയ്ക്കനുസരിച്ച് അവരെ ബഹുമാനിക്കാം, പൂജിക്കാം. എന്നാല്‍ അവരോടുള്ള ശരിയായ ഭക്തി, അവര്‍ കാണിച്ചുതന്ന പാതയില്‍ ജീവിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാവുക എന്നതാണ്. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത് നന്നായിരിക്കും. ഏറ്റവും വലിയ 'സ്വാര്‍ത്ഥനെ'യാണ് ഗുരുവായി തിരഞ്ഞെടുക്കേണ്ടത്. തെറ്റിദ്ധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരുഗുണം തന്നെയാണ്. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം.
അതായത് ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധി തന്നെ നല്ലതാണ്. ഭഗവദ്ഗീതയിലെ 'ഉദ്ധരേത് ആത്മനാത്മാനം, ന:ആത്മാനം അവസാധയേത്, ആത്മനൈവഹിബന്ധു:ആത്മൈവരിപുരാത്മന:' എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ, താന്തന്നെയാണ് ഉയര്‍ത്തി ക്കൊണ്ടു വരേണ്ടതെന്നും ഒരു വിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന് ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരു വഴിയും ഇതത്രേ.
ഒരുചോദ്യം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ള പങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാക്കുന്നതല്ല ശരിയായ 'സ്വാര്‍ത്ഥകത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക.
ഇതില്‍ വസ്തുക്കളായവ മാത്രമല്ല, സമയവും പെടുന്നു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട് സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴുംവേണം എന്നാണ്. അവനുള്ളതു കൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്. എന്നാല്‍ ഈ 'അപരന്‍ ' ആരാണ് എന്നതാണ് പ്രശ്‌നം. തന്നില്‍നിന്നും വേറിട്ട ഒന്നാണോ അവന്‍ ?
ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങളാക്കാന്‍ ഭക്തന്മാരെ അനുവദിക്കാറില്ല. യശ:ശരീരനായ ചിന്മയാനന്ദസ്വാമികളോട് ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന് ഈ ലേഖകന്‍ സാക്ഷിയാണ്. 'അങ്ങയുടെ ഗീതാപ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അുനുവദിയ്ക്കുമോ എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. 'ഒരു ഗുരുവിന് താന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനായി ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം. പക്ഷേ, വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വേദപ്രോക്തങ്ങളായ നിത്യസത്യമാണ്. അതാണ് നിങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടത്. വെറുതേ ഗുരുവിനെ അനുകരിക്കുന്നത് കൊണ്ടോ പടംവെച്ച് പൂജിക്കുന്നത് കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടംവെച്ചു പൂജിച്ചുകൊള്ളുക. ദേഹം ഉപേക്ഷിച്ചുവെങ്കിലും നിത്യസത്യത്തിന്റെ കെടാത്തവിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ? ' ഇവിടെയാണ് ദൈവികത ആളുന്നത്. ആള്‍ദൈവമായി മറ്റുള്ളവര്‍ അനുഭവവേദ്യമാവുന്നത്.
എന്നുവെച്ച് ജീവിക്കുന്ന മഹാത്മാക്കളെ പൂജിക്കുന്നത് തെറ്റാണെന്ന് പറയാനും വയ്യ. ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ക്രിസ്തുവോ നബിയോ ബുദ്ധനോ ഉണ്ടായിരുന്നുവെങ്കില്‍, ദൈവികതയുടെ എല്ലാ അടയാളങ്ങളും കാണിച്ചാല്‍പ്പോലും നമ്മില്‍ എത്രപേര്‍ അവരെ തിരിച്ചറിയും? ബഹുമാനിക്കും?
'ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നു' എന്നൊക്കെയുള്ള തെളിമയാര്‍ന്ന നേരറിവ് ശ്രീനാരായണഗുരു കലവറ കൂടാതെ നമുക്കായി വിളമ്പുന്നുണ്ട്. 'ആരായുകില്‍ ' (അന്വേഷിക്കുകില്‍ ) മാത്രം എത്തിച്ചേരുന്ന അറിവാണ് (ജ്ഞാനം) ഈശ്വരനെന്നുളളതു ഭാരതീയ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരുള്‍ക്കാഴ്ച്ചയാണല്ലോ. 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ്. 'താനും അവനും', 'അതും ഇതുമെല്ലാം' ഞാനാണെന്ന, ഒന്നാണെന്ന നിറവ്.
ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വണ്ണം പറയുന്നു
'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന
വഴി തോന്നേണമേ വരദനാരായണായ നമ'.
അപ്പോള്‍ നാരായണഗുരുപറഞ്ഞ ഈ അപരന്‍ , ഞാന്‍ തന്നെ എന്ന ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? പെട്ടെന്ന് നാവിനെ അറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലു മുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നുവെയ്ക്കാം. വേണ്ടി വന്നാല്‍ ശസ്ത്രക്രിയകളും ആവാം.
'ഞാനാര്' എന്ന ചിന്താപദത്തിലേക്കുള്ള കാല്‍ വെയ്പ്പ് 'സത്വസ്വാര്‍ത്ഥക'ത്തിന്റെ ആദ്യപടിയാണ്. ആയതറിഞ്ഞ് അറിവുറച്ചയാളാണ്'ഗുരു'. അതായത് ലഘുവായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു സമ്പൂര്‍ണസ്വാര്‍ത്ഥത ലക്ഷ്യമാക്കിയാല്‍ സമ്പൂര്‍ണ സാക്ഷരരായ നമുക്കും ആള്‍ദൈവങ്ങള്‍ തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കുചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. മറിച്ച് നാം അല്പ സ്വാര്‍ത്ഥികള്‍ ആയി മാറിയാല്‍ നമുക്ക് 'ആളസുരന്മാരും' ആവാം.
'ആളസുരന്‍ 'മാരാണ് ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട് സാധാ ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. ഇക്കാര്യത്തില്‍ എന്നെ ഒരു ജനാധിപത്യവിരോധിയായി കണക്കാക്കിയാലും കുഴപ്പമില്ല.
Saturday, September 7, 2013
മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന്‍ നല്‍കിയ മറുപടി ഞാനോര്‍ക്കുന്നു. മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന്‍ തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന്‍ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ് നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
കഥാരൂപേണ അച്ഛന്‍ പറഞ്ഞ ആ രാജ്യം മുക്തിപദമാണ്. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ് ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ് മന്ത്രി. ഈ മനസ്സാണ് കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന് ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.
ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു. 'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്. ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍. അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.
Thursday, November 29, 2012
ജനനം
ഗര്‍ഭപാത്രത്തിലുള്ള രണ്ടു കുഞ്ഞുങ്ങള്‍ അവരുടെ ഉള്ളു തുറന്നു:
- പിന്നില്ലേ, ജനനം കഴിഞ്ഞാണ് ജീവിതം. നമ്മളിവിടെ കഴിയുന്നത് ജനനം കഴിഞ്ഞുള്ള ആ കാലത്തേയ്ക്ക് തയ്യാറെടുക്കാനായിരിക്കും. അല്ലെ?
- ഹും.. പിന്നെ.. ജനനം കഴിഞ്ഞാല്‍ പിന്നെ ഒരു കുന്തവുമില്ല. അതെങ്ങിനെയിരിക്കുമെന്നാര്‍ക്കറിയാം? അവിടെനിന്നും ആരും തിരിച്ചു വന്നിട്ടില്ലല്ലോ?
- എനിയ്ക്കും നിശ്ചയമൊന്നുമില്ല. പക്ഷെ അവിടെയെല്ലാം ഏതോ വിളക്കുകള്‍ ഉണ്ടെന്നെനിക്ക് തോന്നുന്നു. ചിലപ്പോള്‍ നമുക്ക് നമ്മുടെ കാലുകള്‍കൊണ്ടു നടക്കാന്‍ പറ്റുമായിരിക്കും! സ്വന്തം വായകൊണ്ട് തിന്നാനും പറ്റുമായിരിക്കും!.
- ഇത്രയ്ക്ക് വിഡ്ഢിയാണോ നീ? നടക്കല്‍ പോലും! അതൊരിക്കലും സാധിക്കില്ല. പിന്നെ തിന്നുന്ന കാര്യം- ഈ ചെറിയ വായും വച്ച് എങ്ങിനെയാണതിനു കഴിയുക? നീയീ പൊക്കിളില്‍ ഘടിപ്പിച്ച കേബിള്‍ കണ്ടില്ലേ? ആലോചിച്ചു നോക്ക്. ജനനം കഴിഞ്ഞാല്‍ ഈ ചെറിയ കേബിള്‍ വച്ചുകൊണ്ട് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ജനനം കഴിഞ്ഞുള്ള കാര്യം കട്ടപ്പൊഹ! വെറുതെ സ്വപ്നം കാണണ്ട.
- അത് ശരി തന്നെ, പക്ഷെ ജനനം കഴിഞ്ഞു ജീവിതമെന്നു നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം എന്തെങ്കിലും ഉണ്ടായിരിക്കും.
- നീയൊരു പമ്പരവിഡ്ഢി. ജനനത്തോടെ എല്ലാം കഴിഞ്ഞു! അത്രതന്നെ.
- ഹും.. എന്താണ് സംഭവിക്കുക എന്നെനിക്കറിയില്ല, എങ്കിലും നമ്മുടെ അമ്മ നമ്മെ സഹായിക്കുമായിരിക്കും.- അമ്മ! ഹഹഹ.. നീ അമ്മയില്‍ വിശ്വസിക്കുന്നുണ്ടോ?
- തീര്‍ച്ചയായും.
- നിനക്ക് വട്ടാണ്. അമ്മപോലും അമ്മ! വെറുതെ വീണ്ടും വിഡ്ഢിത്തം വിളമ്പാതിരിക്ക്. നീ അമ്മയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ?
- അതില്ല, പക്ഷെ അമ്മ എല്ലായിടത്തുമുണ്ട്. നമ്മള്‍ അമ്മയുടെ ഉള്ളിലല്ലേ കഴിയുന്നതിപ്പോള്‍ ? അമ്മയുളളതുകൊണ്ടല്ലേ നമ്മള്‍ നിലനില്‍ക്കുന്നത്?
- മതി മതി. ഈ ചര്‍ച്ചയില്‍ എന്നെ ഇനി പങ്കാളിയാക്കണ്ട. ഓക്കേ? അമ്മയെ കാണുമ്പോള്‍ ഞാന്‍ വിശ്വസിക്കാം. കണ്ടു മുട്ടുമ്പോള്‍ നീ എന്നെ അറിയിച്ചാല്‍ മതി.
- അമ്മയെ കാണാനൊക്കില്ല. പക്ഷെ കുറച്ചു ശാന്തനായിരുന്നു നോക്ക്. ആരോ പാടുന്നതു കേള്‍ക്കുന്നില്ലേ? അതമ്മയാണ്. എവിടെനിന്നോ ഒരു നനുത്ത സ്നേഹം നമ്മെ പൊതിയുന്നതായി തോന്നുന്നില്ലേ? അതമ്മയാണ്. ആരുടെയോ കൈകള്‍ നമ്മെ തഴുകുന്നില്ലേ? അതും അമ്മയാണ്. ശാന്തരായാല്‍ നമുക്ക് പേടി കൂടാതെ അമ്മയുടെ കൈകളിലേക്ക് ജനിച്ചു വീഴാം. നമുക്ക് കാത്തിരിക്കാം. അല്ലെ?
Sunday, September 16, 2012
മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ? വീണ്ടും ചില മഹാബലിച്ചിന്തകൾ (Kalakoumudi August 2012)
വീണ്ടും ചില മഹാബലിച്ചിന്തകൾ
ഡോ. എ. പി സുകുമാർ
തിരുവോണത്തെപ്പറ്റി നമ്മൾ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധമങ്ങൾ ചമൽക്കാരത്തോടെ പൊയ്പ്പോയ നല്ല നാളെപ്പറ്റി ഓർത്തോർത്തും ഒരു വിധത്തിൽ നാലു വരികൾ പാട്ടായി എഴുതാവുന്നവർ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ് മഹാബലിയുടെ കഥ. എന്നാൽ നമുക്കത് ശരിയായ രീതിയിൽ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ് ഈ ചെറിയ ലേഖനം. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാൻ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വർഷവും നമ്മൾ ആഘോഷിക്കുകയാണ്, കാരണം മാവേലിമന്നൻ പ്രജകളെക്കാണാൻ വർഷാവർഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ.
പുരാണകഥകൾ മനസ്സിലാക്കാൻ, പ്രത്യേകിച്ച് അതിൽ അർത്ഥതലങ്ങൾ ഉണ്ടെന്നു കരുതിവരുമ്പോൾ ബുദ്ധിയുള്ളവർ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങൾ- മനസ്സിലാക്കാൻ ശ്രമിക്കും. എന്തെന്നാൽ ഇത് ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ട്ടീയക്കാരന്റെ വാചക കസർത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച് തികച്ചും തത്വചിന്തയിൽ അധിഷ്ടിതമായ, ശിൽപ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ് (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധ്യായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്. കേരളവുമായി ഇതിന് പ്രതേകിച്ച് ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്' (കൃതയുഗം) നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉൽകൃഷ്ടതയിലേക്കുയർന്നുയർന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോൾ വെറും ഭൗതീകമായ സുഖങ്ങളിൽ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയർന്ന തട്ടിൽ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാർക്ക് എല്ലാവിധ സൗകരങ്ങളും ചെയ്തു കൊടുത്തു. അത് അങ്ങിനെയുള്ള ഒരു രാജാവിൽ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാൽ രാജാവെന്ന നിലയിൽ, ഒരച്ഛൻ മക്കൾക്കു നൽകേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകൾക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയർന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൗതീക സുഖത്തിന്റെ തലത്തിൽ നിലനിർത്തിയെന്നതാണ് മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയിൽ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവർക്ക് ഭൗതീകതയിൽ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തിൽ പറയുന്ന 'അസുര വർഗ്ഗം' ഇവരത്രെ. 'അസുരനെങ്കിലും' മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താൻ അതീവ വിനയവാനാണ്' എന്ന് അഭിമാനിക്കുന്നവർ. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത് ഈയൊരു ഗർവ്വു മാത്രമാണെന്നറിഞ്ഞ് ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ വന്ന് അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ് അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ് ചെയ്തത്. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട് "അഹോ കുമാര, അങ്ങ് വന്നിട്ടുള്ളത് ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവർ ഇനി മറ്റൊരിടത്തും കൈ നീട്ടാൻ ഇടയാവരുത്. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവർത്തിച്ചു തരും". ഇത്തരത്തിലുള്ള ഗർവ്വു മാത്രമേ ബലിയിൽ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന് ഇതുവരെ കരുതിയതെല്ലാം ഭഗവാന് ദാനം ചെയ്തപ്പോൾ (രണ്ടു ചുവടിൽ ഭൂമിയടക്കം എല്ലാം സമർപ്പിതമായപ്പോൾ) ബലിയുടെ ഭക്തി ഭാവം പൂർണ്ണമായി. എന്നാൽ തന്നെത്തന്നെ സമർപ്പിക്കുകവഴി (മൂന്നാമത്തെ ചുവട്) അദേഹം ജ്ഞാനിയുമായിത്തീർന്നു. തലയിൽ കാൽവയ്ക്കുക എന്നുപറഞ്ഞാൽ അഹങ്കാരത്തെ പരിപൂർണ്ണമായി ഭഗവാന്റെ കാൽക്കൽ സമർപ്പിക്കുക എന്നർത്ഥം.
സുതലം എന്ന ഉചിതമായൊരു ലോകത്താണ് പുരാണപ്രകാരം മഹാബലിയുടെ വാസം. സാവർണ്ണി മന്വന്തരത്തിൽ അദ്ദേഹത്തിന് ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ് - ഇന്ദ്രപദവി കേവലം താൽക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാൻ വാഗ്ദാനം ചെയ്തു. അതായത് ഏതൊരു അസുരനും ഉത്തമമായ മാർഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാൻ പോലും കഴിയും എന്ന് ഭഗവാൻ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വർഷാവർഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക് അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവൽ സാക്ഷാൽ വാമനമൂർത്തിയത്രേ. എപ്പോൾ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന് അനുഗ്രഹം നൽകി. വർഷത്തിലൊരിക്കൽ അദ്ദേഹം വരുന്നത് തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകൾ തന്റെ അനുഭവത്തിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കി "യഥാ രാജാ തഥാപ്രജാ" എന്ന മട്ടിൽ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ് എന്നതാണ്. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ് തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.
ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത് വലിയൊരു ചോദ്യച്ഛിന്നമാണ്. മറ്റൊരു കഥയും പുരാണങ്ങളിൽ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവൽക്കരിക്കുകവഴി മലയാളിക്ക് വലിയൊരറിവിന്റെ ഖനിയാണ് നഷ്ടപ്പെത്. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകൻ ഭഗവാൻ വിഷ്ണുതന്നെയാണ്. എന്നാൽ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കിൽ കുറച്ച് വില്ലത്തരം കാണിക്കണം എന്ന ഒരു നിർബ്ബന്ധ ബുദ്ധി മലയാളികൾക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോൾ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന് അവകാശമുള്ളു.



