മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
ഡോ. എ. പി. സുകുമാര്‍
അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ
ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന് അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം
ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു.
അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ
നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് അനീതി ചെയ്ത മഹാവിഷ്ണുവിന്റെ
അവതാരമാണ് ശ്രീരാമന്. ആ രാമന് സ്വയം അസുരചക്രവര്‍ത്തിയായ
ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍
നമുക്ക് കാണാം.
ദേവന്മാര് കറയേശാത്ത വെളുപ്പിന്റെയും
അസുരന്മാര് പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ
പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും
വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും
പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ
നൂറുശതമാനം ദേവന്, അല്ലെങ്കില്‍ നൂറുശതമാനം അസുരന് എന്ന തരത്തില്‍ ആയിരുന്നിട്ടില്ല
- ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ
ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത
ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്.
ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ
എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്, ദേവകീവസുദേവന്മാര്‍ക്ക് നല്കുന്ന ഉപദേശവും
ഒട്ടും ആസുരീകമേ അല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്
എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.
പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും,
നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍
സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ
സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍
വിവിധ തോതുകളില്‍ ഉണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ പ്രതിഫലിക്കുന്നതനുസരിച്ചാണ്
കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. ഇത്തരം പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്’
ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.
ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി
മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്.
എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം
എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല
എന്ന് പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം
തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്.
ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന് ഒരു സാധാരണ രാജകുമാരന് മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും
ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍
നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ
നിയോഗം. മഹാബലിയുടെ കഥ അങ്ങിനെയാണ് രാമന് ഒരു പാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്റെ
ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെയുള്ള ജീവിതം നയിക്കുന്നതിലൂടെ
നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം
എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ സ്ഥാനം
പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു
മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ബാധിക്കാത്ത രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ
നിറവില്‍ വിരാജിച്ചിരുന്നു. പിന്നീട് വാമനനായി വന്ന് മഹാവിഷ്ണു തന്നില്‍നിന്നും മൂന്നു
ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു
കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍
ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും
ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ
മാതൃകാ പുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക് യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍
ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.
വസിഷ്ഠന് പറഞ്ഞത്, രാമാ,
നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്.
വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി
വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്.
ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും
കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍
തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം
ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ?
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന് നല്കിയ മറുപടി ഞാനോര്‍ക്കുന്നു. മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന് തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന് എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ് നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന് നല്കിയ മറുപടി ഞാനോര്‍ക്കുന്നു. മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന് തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന് എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ് നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
അതുകൊണ്ട് പരിപൂര്‍ണ്ണതയും
ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും
തരണം ചെയ്ത് ഈ മന്ത്രിയെ കീഴടക്കി വരുതിയിലാക്കണം. ഈ മന്ത്രിപുംഗവന് അജയ്യനാണെങ്കിലും
ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തില്‍ പിടികൂടാം. മന്ത്രി
തന്റെ വരുതിയിലായാല്‍പ്പിന്നെ, രാജാവിനെ കൂടുതല്‍ അടുത്തു ചെന്ന് തെളിമയോടെ
ദര്‍ശിക്കം. രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ
ദര്‍ശിക്കാനും കഴിയില്ല. രാജാവിന്റെ ദര്‍ശനം
ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്, ദു:ഖം പരത്തുന്നവനാണ്. മന്ത്രിയെ
പിടിയിലാക്കുംവരെ രാജാവിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരുവന്റെ ബുദ്ധിപൂര്‍വ്വമുള്ള പരിശ്രമം
ഒരേസമയത്ത് രണ്ടു തരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ
കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്രസാധന കൊണ്ട് ഇതു
രണ്ടും സാദ്ധ്യമാണ്. അങ്ങിനെ ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത
ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാര്‍ അവിടെയാണു വാഴുന്നത്.
കഥാരൂപേണ അച്ഛന് പറഞ്ഞ ആ രാജ്യം മുക്തിപദമാണ്. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ് ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ് മന്ത്രി. ഈ മനസ്സാണ് കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന് ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.
കഥാരൂപേണ അച്ഛന് പറഞ്ഞ ആ രാജ്യം മുക്തിപദമാണ്. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ് ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ് മന്ത്രി. ഈ മനസ്സാണ് കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന് ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.
ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി
സംസാരിക്കുന്നു. ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് അനിവാര്യമായ
കാര്യങ്ങളെയാണ്. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍
നില്‍ക്കാത്ത കാര്യങ്ങള്‍, പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍,
എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം,
സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്ക്കും ദൈവകൃപ എന്നു തന്നെയാണ്
പറയുന്നത്. ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ
കാഴ്ച്ചപ്പാട് അല്ലെങ്കില്‍ ഭ്രമമാണ് അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്.
സ്വപ്രയത്നത്താല്‍ മനസ്സ് മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍, മനസ്സ് ആ ഫലസമ്പാദനം അറിയുമ്പോള്‍, സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.
മനസ്സാണ് കര്‍മ്മം ചെയ്യുന്നത്.
നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു
ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും
പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം.
ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന് ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ
വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു.
ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ്
സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ
ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം. ഒരുവന്റെ ബുദ്ധി
ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും കഴിച്ചുകൂട്ടണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍
മനസ്സിന്റെ പകുതി ഗുരുപൂജയ്ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്ക്കണം.
ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍ നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും
മുഴുകിവേണം കഴിയാന്‍. ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന വിജ്ഞാനശ്രവണത്തിന്
ഒരുവന് യോഗ്യനാവുന്നത്. അതുകൊണ്ട് എപ്പോഴും മനസ്സിനെ ശുദ്ധീകരിക്കാന്‍പോന്ന അറിവുകളാണ്
പഠിക്കേണ്ടത്. ശാസ്ത്രപഠനത്തിലൂടെയാണ് മനസ്സിനെ പുഷ്ടിപ്പെടുത്തി ആന്തരീകമായ പരിണാമം
സാധിക്കേണ്ടത്. അങ്ങിനെ മാറ്റംവന്ന മനസ്സിന് വികലമാവാത്ത ചിന്താധാരകളിലൂടെ സത്യത്തെ
അന്വേഷിക്കാന്‍ കഴിവുണ്ടാവും. താമസംവിനാ അങ്ങിനെയുള്ള സാധകന് ആത്മാവിനെ ദര്‍ശിക്കാന്‍
ശ്രമമാരംഭിക്കണം.
ആത്മസാക്ഷാത്കാരവും അനാസക്തിയും
ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ
തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ അല്ല. അത് സാധിക്കുന്നത് അവനവന്റെ
സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്. ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം
തന്നെയാണ്. അതിനാല്‍ സാധകന് ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച്
ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍
അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും. ഈ അന്വേഷണത്വര നിര്‍മമതയെ ഊട്ടിയുറപ്പിക്കുന്നു.
കടലും മേഘവുംപോലെ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അത്മസാക്ഷാത്കാരവും നിര്‍മമതയും,
അന്വേഷണത്വരയും മൂന്നുത്തമ സുഹൃത്തുക്കളാണ്.
അതിനാല്‍ ഒരുവന് ആദ്യമായി ഈശ്വരന്
തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട്
അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട്
ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത്
എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം.
അത്തരം സത്സംഗവും അനാസക്തിയെ
പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും
ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക്
സാധകന് എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്ക്കുമ്പോള്
ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍
അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും
നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും
പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.
വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി
ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി
ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍
അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’
എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു
ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു. 'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്. ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍. അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.
ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു. 'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്. ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍. അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.
ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ
മറ്റൊന്നുമില്ല. ആ ബോധസത്ത ‘ഇത് സൂര്യനാണ്’
എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്
നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത്
ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത്
ബോധമാണ്. ബോധം ഒരു പര്‍വ്വതത്തെ
തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും
മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം
ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം
ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്.
അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു
വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.
‘ഞാന്‍’ ശാശ്വതമായ പരംപൊരുളാണ്. വിഷയങ്ങളും ആഖ്യാനങ്ങളും എനിക്കാവശ്യമില്ല. വശീകരണഗുണമുളള
വസ്തു-വിഷയ സംബന്ധിയായ യാതൊരു ധാരണകള്‍ക്കും വശംവദമാവാത്തതും നിതാന്തസ്വതന്ത്രവുമായ
ആ സര്‍വ്വവ്യാപിയെ- ബോധത്തെ, ഞാന്‍ നമിക്കട്ടെ.
വിഷയ-വിഷയീ വ്യത്യാസമേതുമില്ലാത്ത എന്റെ ആത്മസത്തയേയും ഞാന്‍ പ്രണമിക്കുന്നു. എല്ലാ
പ്രകടിതഭാവങ്ങളിലും ഉള്ള പ്രഭാസ്ഫുരണവും അതുതന്നെയാണെന്ന് നിശ്ചയം. അനുഭവങ്ങള്‍ക്കായുള്ള
ത്വരയടങ്ങിയ ബോധസ്വരൂപമാണ് ഞാന്‍. ആകാശം പോലെ അനന്തമാണു ഞാന്‍. സുഖദു:ഖങ്ങളെന്നെ
ചഞ്ചലപ്പെടുത്തുന്നില്ല. അവയെന്നെ എങ്ങിനെവേണമെങ്കിലും ബാധിക്കട്ടെ. എനിക്കവയില്‍ യാതൊരു
പ്രതിപത്തിയുമില്ല. സുഖത്തോടോ ദു:ഖത്തോടോ, രണ്ടിനോടുമെനിക്ക് പക്ഷപാതവുമില്ല.
ഒരു വസ്തുവില്‍ നിന്നും മറ്റൊരു വസ്തുവിലേയ്ക്കുള്ള ഊര്‍ജ്ജപ്രവാഹം, ചൈതന്യത്തിന്റെ
ചലനം, നഷ്ടലാഭങ്ങളെ ഉണ്ടാക്കുന്നില്ല. ബോധം മാത്രം
ഉള്ളപ്പോള്‍ ചിന്തകളോ അവയുടെ പരിണാമവികാസങ്ങളോ ചുരുങ്ങലോ ഒന്നും ബോധത്തില്‍ മാറ്റമുണ്ടാക്കുന്നില്ല.
അതുകൊണ്ട് ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും. ഇങ്ങിനെ
നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും
ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ,
ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി,
ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ
പ്രശാന്തനായി, മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു
കത്തിച്ച ദീപമെന്നപൊലെ
അദ്ദേഹം പരമപദത്തില് അഭിരമിച്ചു.
ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ അബോധാവസ്ഥയിലാണെന്ന് ശുക്രന് മനസ്സിലാക്കി.
അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം!
ബലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍
വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍
ഇപ്പോഴില്ല. ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബലിരാജന്റെ അവസ്ഥ
അതാണ്. കുറച്ചു കഴിഞ്ഞ് അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്ക്കും. അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍
ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അദ്ദേഹം
ഒരായിരംകൊല്ലം കഴിഞ്ഞു മാത്രമേ ഈ ലോകബോധത്തിലേയ്ക്ക് തിരിച്ചു വരൂ.
ആയിരം ദേവവര്ഷങ്ങള് ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു.
അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ‘ഇപ്പോള്‍ എന്റെ
ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്. ഞാന്‍ ബോധമാണ്. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക് നേടാനോ
എന്തുണ്ട്? എന്ത് തമാശയാണിത്! ഞാന്‍ മുക്തി ആശിച്ചു. പക്ഷെ
ഞാനെപ്പോഴാണ് ബന്ധിതനായത്?ആരാണെന്നെ ബന്ധിച്ചത്? എങ്ങിനെയാണാ ബന്ധനമുണ്ടായത്? ഇപ്പോഴും ഞാനെന്തു കൊണ്ടാണ്
മുക്തി ആശിക്കുന്നത്? ബന്ധവും മുക്തിയും ഒന്നും വാസ്തവത്തില്‍
ഇല്ല. ധ്യാനസപര്യകൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ് ഞാന്‍ നേടാന്‍ പോവുന്നത്?
ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത്
അതില്‍ത്തന്നെ നിലകൊള്ളുന്നതാണ് നല്ലത്. എനിക്ക് നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല.
ഞാന്‍ ധ്യാനാവസ്ഥയും ധ്യാനരഹിതമായ അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ ദുഖമോ
എനിക്ക് വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ജീവിക്കുന്നില്ല,
മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക്
നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ
സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല.
ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും
എല്ലാം ഞാനെന്തു ചെയ്യാനാണ്? കാര്യങ്ങള്‍ എങ്ങിനെയോ
അങ്ങിനെത്തന്നെ നിലനില്ക്കട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല.
എനിക്കാരുമില്ല. ആരുമെന്റേതല്ല.! ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല.
അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങള്‍
എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ?” ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി
രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന
അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും,
ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു. ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം
പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്കി. ദാനധര്‍മങ്ങള്‍ ചെയ്തു.
വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.
അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍
നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി.
യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന് വിഷ്ണു ബലിയുടെ
പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം
പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ്
വിഷ്ണു ഇത് സാധിച്ചത്. എന്നാല്‍ ബലിക്കാണ്
അടുത്ത ഇന്ദ്രപദവി. വിഷ്ണുഭഗവാന് ദാനം കൊടുത്ത് നിസ്വനായ ബലിയെ പാതാളലോകമായ സുതലത്തിലേയ്ക്ക്
അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല.
സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല.
അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ
ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും
പാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നു ചേരുന്നതിനെ
സര്‍വ്വാത്മനാ സ്വീകരിച്ച് സ്വയം പ്രശാന്തയില്‍ അദ്ദേഹം അഭിരമിക്കുന്നു. (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം)
വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്. രാമാ, അദ്ദേഹത്തിനുണ്ടായിരുന്ന പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്
നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന
വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍
സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന്
മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍
വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍
ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്ത സത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും
കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും.
ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട് സ്വതന്ത്രമായി നില്ക്കുന്ന ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ
ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ
അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച്
സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം
നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ
വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ്
നീ മാതൃകയാക്കേണ്ടത്.
തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ)
ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും
മാര്‍ഗ്ഗദര്‍ശിയായ ബലിരാജന്‍ മഹാബലിയായ കഥയാണ് നാം പുതു തലമുറയ്ക്ക് പറഞ്ഞു
കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍ വെറുമൊരു പരിഹാസപാത്രമായി നില്ക്കുന്ന ‘കോമഡി’ കഥാപാത്രമല്ല
മഹാബലി.
അവലംബം: യോഗവാസിഷ്ഠം നിത്യപാരായണം
This comment has been removed by the author.
ReplyDeleteപുരാണം എപ്പോഴും വായിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി എഴുതിയതിനു നന്ദി. ബ്ലോഗിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ വായനക്കാര്‍ കുറയും.ശ്രദ്ധിക്കുക.
ReplyDeleteഎഴുത്തിന്റെ നീളം ഒട്ടും കുറയ്ക്കണ്ടാ. വായനക്കാർ കുറഞ്ഞാലും വായിക്കുന്നവർ പ്രതികരിക്കും. വെറും വായനക്ക് മാത്രം വരുന്നവർ പ്രതികരിക്കില്ല. പ്രതികരിക്കാത്തവരിൽ നീന്നു പ്രയോജനവും ഉണ്ടാകില്ല. ആയതിനാൽ വിശദമായിത്തന്നെ എഴുതുക കുമാർജി.
ReplyDeleteമോഹന്‍ദാസ് സാറിനും പണിക്കര്‍ ചേട്ടനും നന്ദി. വെറും പുരാണം ആണെങ്കില്‍ ചെറുതാക്കി ഒതുക്കിപ്പറയാമായിരുന്നു. എന്നാല്‍ ഇതിലിപ്പോ പുരാണത്തിനു പിറകിലെ തത്വചിന്തയാണല്ലോ വിഷയം. ഇത്തരം കാര്യങ്ങള്‍ക്ക് അധികം ആളുകള്‍ക്ക് താല്‍പ്പര്യം ഉണ്ടാവില്ല എന്ന് നല്ലവണ്ണം അറിയാം. അതിനാലാണ് എഴുത്തിന്റെ നീളത്തെ വകവയ്ക്കാതെ തന്നെ എഴുതിയത്. വായിക്കാന്‍ താല്‍പ്പര്യമുള്ള ആരെങ്കിലും ഒരാള്‍ വായിച്ചേക്കാം എന്നേ വിചാരിച്ചുള്ളൂ. ഏതായാലും ഇതൊരു പോപ്പുലര്‍ വിഷയമല്ല. അതിനാല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി നീളം കുറയ്ക്കണ്ട എന്ന് വയ്ക്കുകയായിരുന്നു.
ReplyDeleteതരക്കേടില്ല എന്ന് മാത്രം ഈ ആശയത്തെകുറിച്ചു പറയുന്നു.കാരണം പ്രത്യേകിച്ച് ന്യായീകരണങ്ങള്‍ ഒന്നും അവതരിപ്പിചിട്ടില്ലല്ലോ.
ReplyDelete