ഹനുമാനും
കാര്യസിദ്ധിയും
ഡോ. സുകുമാര്‍ കാനഡ
സുപ്രസിദ്ധമായ ഹനുമാന്‍ ചാലീസയിലെ പ്രാര്‍ത്ഥന ഇങ്ങിനെയാണ് തുടങ്ങുന്നത്:
ശ്രീ ഗുരുചരണ് സരോജ് രജ്
നിജമന് മുകുര്സുധാരി
ബരനൌ രഘുബര് ബിമലജസു
ജോദായക് ഫല്ചാരി
ഗുരുചരണധൂളികള്‍ കൊണ്ടെന്‍
മന:
കണ്ണാടിയാകെ തുടച്ചു നന്നായ്
പുരുഷാര്‍ത്ഥങ്ങള്‍ നാലും
വരമായ് ലഭിക്കുന്ന
ശ്രീരാമപ്രഭയില്‍ ഞാന്‍ മുങ്ങിടട്ടെ
ശ്രീഗുരുപാദങ്ങളിലെ പരാഗധൂളികള്‍ കൊണ്ട് എന്‍റെ മനസ്സാകുന്ന കണ്ണാടിയിലെ അഴുക്കെല്ലാം പാടേ തുടച്ചു ശുദ്ധമാക്കി, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാകുന്ന നാല് ഫലങ്ങളും പ്രദാനം ചെയ്യുന്ന രഘുകുലപതി ശ്രീരാമദേവന്‍റെ വിമലവും പ്രോജ്വലത്തുമായ ആ ദിവ്യപ്രഭയില്‍ ഞാനും ആമഗ്നനാവട്ടെ.
വാക്കുകളും സ്തോത്രങ്ങളും കൊണ്ട് മനസ്സില്‍ നിര്‍മ്മിക്കുന്ന മന:കോവിലും കല്ലും മണ്ണും മരവും കൊണ്ട് കെട്ടി ഉയര്‍ത്തുന്ന ക്ഷേത്രവും നമുക്ക് ഒരുപോലെ പ്രാധാന്യമുള്ളതാണ്. കാരണം അവ രണ്ടും നമ്മില്‍ സമാന്തരമായി നിലകൊള്ളുന്നവയാണ്. ഉള്ളിലും പുറത്തുമുള്ള ഈ രണ്ടു ലോകങ്ങളിലാണ് എല്ലാ ജീവ-നിര്‍ജ്ജീവജാലങ്ങളും നിലകൊള്ളുന്നത്. മനസ്സും ദ്രവ്യവും പരസ്പരപൂരകങ്ങളാണ്. എന്തുകൊണ്ടെന്നാല്‍ മനസ്സിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ദ്രവ്യത്തിന് സാംഗത്യമുണ്ടാകുന്നുള്ളു. ദേഹിയ്ക്ക് ദേഹം; ശിവന് ശക്തി; പുരുഷന് പ്രകൃതി; ആത്മാവിന് അനാത്മാവ് എന്നിങ്ങിനെ പരസ്പരപൂരകങ്ങളായ ദ്വന്ദങ്ങള്‍ നമ്മുടെ ചിന്തയിലെ അനിവാര്യസാന്നിദ്ധ്യമാണ്.
നമ്മുടെ സംസ്കാരത്തില്‍ വൈവിദ്ധ്യങ്ങളായ ചിന്തകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പല പ്രതീകങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. വേണ്ടത്ര ചിന്താശക്തിയില്ലാത്തവര്‍ ഭൌതികമായ ആ ഛിഹ്നങ്ങളില്‍ മാത്രം അഭിരമിക്കുന്നു. കാണപ്പെടുന്നതുമാത്രമേ സത്യമാവൂ എന്നവര്‍ ശഠിക്കുന്നു. ഭൌതീകത എന്നത് സത്തയുടെ കേവലം ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ എന്ന് കാണാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍ ഭൌതീകവും മാനസീകവുമായ കാര്യങ്ങളെ കോര്‍ത്തിണക്കി കൊണ്ടുപോവുന്നവര്‍ക്ക് കാര്യങ്ങളെ സമ്യക്കായി കാണാന്‍ കഴിയുന്നു. ഭൌതീകമായി മാത്രം കാര്യങ്ങളെ കാണാന്‍ വാശി പിടിക്കുന്നവര്‍ പൊതുവേ അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരാണ്. കാണപ്പെടുന്നവയെ സ്വയം നിയന്ത്രിച്ചാലേ കാര്യങ്ങള്‍ നടത്തുവാന്‍ ആവൂ എന്ന് വാശി പിടിക്കുന്നവരാണ്.
ഹനുമാന്‍ ചാലീസയിലെ ആദ്യ സ്തുതിയായ ശ്ലോകത്തില്‍ മനസ്സിനെ ലോകം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായി ചിത്രീകരിച്ചിരിക്കുന്നു. ചെളി പറ്റിപ്പിടിച്ച കണ്ണാടിയിലെ പ്രതിഫലനം വികലമായിരിക്കുമല്ലോ. അങ്ങിനെയുള്ള മനസ്സ് മനുഷ്യന്‍റെ സഹജസ്വഭാവവും ആണ്. അതുകൊണ്ട് ഗുരുവിന്‍റെ പാദങ്ങളില്‍ നിന്നുള്ള പൊടികൊണ്ടാണ്, അതായത് വിനയപൂര്‍വ്വം ആര്‍ജ്ജിക്കുന്ന അറിവിന്‍റെ കണങ്ങള്‍ കൊണ്ടാണ് ആ കണ്ണാടി വൃത്തിയാക്കേണ്ടത്. ഗുരുപാദങ്ങളിലെ പൊടി വെറും പൊടിയല്ല, അത് പരാഗധൂളിയാണ്. അതായത് പല തുടക്കങ്ങള്‍ക്കും ഫലങ്ങള്‍ക്കും അത് നാന്ദിയാണത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് ഫലങ്ങള്‍ നല്‍കുന്നത് ശ്രീരാമനാണെങ്കിലും അതിനു വിത്താകുന്ന പരാഗധൂളി ഗുരുപാദങ്ങളില്‍ നിന്നുമാണ് കനിഞ്ഞു വീണുകിട്ടേണ്ടത്.
രഘുകുലപതിയായ ശ്രീരാമന്‍ വിമലമായ കണ്ണാടിയാണ്. അതില്‍ നിന്നാണ് ധര്‍മ്മാര്‍ത്ഥകാമമോക്ഷഫലങ്ങള്‍ നമ്മിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്നത്. മുകുരം എന്നതിന് പൂമൊട്ട് എന്നും അര്‍ത്ഥമുണ്ടല്ലോ. പരാഗധൂളിയും പുഷ്പവും ഫലവുമെല്ലാം ചേര്‍ന്നുള്ള ഈ ഉപമ വളരെ അര്‍ത്ഥവത്തും കാവ്യാത്മകവും ആണ്. പരാഗധൂളി ഗുരുവിന്‍റെ ജ്ഞാനവും, പുഷ്പം സാധകന്റെ തെളിഞ്ഞ മനസ്സും, ഫലം ഭഗവദ്കൃപയും ആണ്. ഈ മൂന്നും ചേരുമ്പോള്‍ സാധകന് അഭീഷ്ടഫലം ലഭിക്കുകതന്നെ ചെയ്യും. മനസ്സ് വിമലമാക്കി ഗുരുവിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് ഭഗവദ് കൃപയുടെ പ്രചോദനം പ്രതീക്ഷിച്ചുകൊണ്ട് ഈ സ്തോത്രം ജപിക്കുന്ന സാധകന്റെ സങ്കല്‍പം എന്തെന്ന് വ്യക്തമാക്കുകയാണ് അടുത്ത ശ്ലോകത്തില്‍.
ബുദ്ധിഹീന് തനുജാനികേ
സുമിരൌ പവനകുമാര്
ബലബുദ്ധിബിദ്യാ ദേഹുമൊഹീ
ഹരഹു കലേസ ബികാര്
പരിമിതബുദ്ധിയാം ഞാനുമാഹാ
പവനകുമാരനെ സ്മരിക്കുന്നു
ബലബുദ്ധിവിദ്യകള്‍ തന്നെന്‍റെ
ക്ലേശങ്ങളെല്ലാം പോക്കുമവന്‍
പരിമിതമായ എന്‍റെ ബുദ്ധിയെപ്പറ്റി ബോധവാനാകയാല്‍ ഞാന്‍ പവനകുമാരനെ സ്മരിക്കുന്നു. ബലവും ബുദ്ധിയും വിദ്യയും തന്ന് എന്‍റെ എല്ലാവിധ മന:ക്ലേശങ്ങളേയും ദേഹപീഡകളേയും വായുപുത്രനായ ഹനുമാന്‍ ഇല്ലാതാക്കിത്തരും എന്നെനിക്കുറപ്പുണ്ട്.
ബലം, ബുദ്ധി, വിദ്യ, എന്നിവ മൂന്നും നമുക്കെല്ലാം അത്യാവശ്യമുള്ളവയാണ്. എന്നാല്‍ ഇവയുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള സാംഗത്യം എന്തെന്ന് നാം ശരിക്കും അറിഞ്ഞിരിക്കണം. ബുദ്ധിയില്ലാത്തവനു ബലമേറെയുണ്ടായാല്‍ അവന്‍ മറ്റുള്ളവരുടെ കരുവായിത്തീരുന്നു. ബലമില്ലാത്തവന് ബുദ്ധിയേറെ ഉണ്ടെങ്കില്‍ സ്വബുദ്ധിയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവനു കഴിയാതെയാവും. ബലം എന്ന് പറയുമ്പോള്‍ ദേഹബലം, മന:സ്ഥൈര്യം, ആവശ്യത്തിനുള്ള സമ്പത്ത് എന്നിവയാണ്. ബുദ്ധി അല്ലെങ്കില്‍ വിവേകം കൂടാതെയുള്ള വിദ്യാസമ്പന്നത ലോകത്ത് ജീവിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്നില്ല. അതുപോലെ വിദ്യയറിയാത്തവന് എത്ര ബുദ്ധിയുണ്ടായാലും അവന്‍റെ ജീവിതം വല്ലാതെ ഇടുങ്ങിപ്പോകും. കിണറ്റിലെ തവളയുടെ സ്ഥിതിയാവും അവന്‍റെ ജീവിതം.
വിദ്യ അല്ലെങ്കില്‍ ജ്ഞാനം അപരിമേയമാണ്. അതിനാല്‍ത്തന്നെ അനന്തവും അപരിമേയവുമായ ഒന്നിന്‍റെ ചൈതന്യമായിട്ടാണ് നമ്മുടെ ഈശ്വരസങ്കല്‍പ്പം. എല്ലാവര്‍ക്കും, ബുദ്ധികുറഞ്ഞവര്‍ക്ക് പോലും ആ അപരിമിതജ്ഞാനത്തിന്‍റെ ഒരു ഭാഗമെങ്കിലും അറിയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജ്ഞാനത്തിന്‍റെ എല്ലാ ഭാഗങ്ങളും ഒരുപോലെ അറിയുന്നത് ഭഗവാനു മാത്രമാണ്. ബുദ്ധി, ബലം, വിദ്യ, പ്രശസ്തി, ആകര്‍ഷണത്വം, അധീശത്വം എന്നിവയാണ് ജ്ഞാനത്തിന്‍റെ ആറു ഭാഗങ്ങള്‍, അല്ലെങ്കില്‍ ‘ഭഗ’കള്‍. ഈ ആറ ഭഗകളും തികഞ്ഞതാരോ അയാളാണ് ഭഗവാന്‍.
കമ്പ്യൂട്ടര്‍ ഡേറ്റാബേസുകള്‍ വഴിയും മറ്റും ഭൌതീകലോകത്തിലെ എല്ലാറ്റിനെയും പറ്റിയുള്ള അറിവും സ്ഥിതിവിവരക്കണക്കുകളും സമ്പാദിക്കുന്നത് നല്ലത് തന്നെ. പക്ഷെ അത് സത്യത്തിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന് നാം മനസ്സിലാക്കണം. മനസ്സ് എങ്ങിനെയാണ് അറിവിനെ സ്വാംശീകരിക്കുന്നത്? അളക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പരിമിതങ്ങള്‍ ആണല്ലോ. അതുകൊണ്ട് നാം അറിഞ്ഞു ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ അളക്കാന്‍ പറ്റുന്നവയാണ്. നമുക്കുണ്ടാവുന്ന അനുഭവങ്ങള്‍ ഏതെങ്കിലും അളവുകോല് കൊണ്ട് അളന്നു തിട്ടപ്പെടുത്താന്‍ ആവില്ല. മാനസീക വ്യാപാരങ്ങളുടെ പരിണിതഫലമായ emotional intelligence/ emotional quotient മുതലായവ മനുഷ്യന് മനസ്സിന്‍റെ വ്യാപാരങ്ങളെ അളക്കാനും അവന്‍റെ സ്വഭാവത്തെ നിയന്ത്രിക്കാനുമുള്ള ത്വരയില്‍ നിന്നും ഉണ്ടായിട്ടുള്ള അപൂര്‍ണ്ണസങ്കേതങ്ങളാണ്. ഇത്തരം സാങ്കേതികമായ അറിവ് നല്‍കുന്നത് മനസ്സിനെ മുഴുവനായി ‘അറിഞ്ഞു’ എന്ന ഒരു തോന്നല്‍ മാത്രമാണ്. മനുഷ്യസ്വഭാവത്തിന്‍റെ ഒരേകദേശസ്വഭാവം എന്ന മട്ടില്‍ ഇവയ്ക്ക് അതിന്‍റേതായ സ്ഥാനം ഉണ്ട് താനും.
ഇത്തരം ‘നിയന്ത്രണത്വര’ പൊതുവില്‍ ഒരുവന്‍റെ ഭയത്തെയാണ് കാണിക്കുന്നത്. ബുദ്ധിയാണ് നിയന്ത്രണം ആവശ്യപ്പെടുന്നത്. എന്നാല്‍ ബുദ്ധിയോടൊപ്പം ബലവുമുള്ളവന് നിയന്ത്രണമില്ലായ്മ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാം. ജ്ഞാനമുള്ളവന് നിയന്ത്രണത്തിന്റെ നിഷ്ഫലതയെപ്പറ്റിയും അറിയാം. അതുകൊണ്ടാണ് തനിക്ക് ബലം, ബുദ്ധി, വിദ്യ എന്നിവ മൂന്നും ലഭിക്കാനായി സാധകന്‍ ഹനുമാനോട് പ്രാര്‍ത്ഥിക്കുന്നത്.
മന:ക്ലേശങ്ങള്‍ എന്നാല്‍ കാമം, ക്രോധം, മദം, മാത്സര്യം, രാഗം, ദ്വേഷം എന്നീ ഷഡ് വൈരികളാണ്. ദേഹത്തിനുണ്ടാകുന്നത് വാതം, പിത്തം, കഫം എന്നീ ദോഷങ്ങളുടെ സംതുലനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ദേഹത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത് പ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നീ ‘വായുക്കള്‍’ ആണ്. അവയും വായുപുത്രന്മാര്‍ തന്നെയാണല്ലോ. അപ്പോള്‍ വായുപുത്രനായ ഹനുമാനല്ലാതെ ആരാണ് നമ്മുടെ ദേഹ-മന:ക്ലേശങ്ങള്‍ക്ക് അറുതിവരുത്തി മനസ്സിനും ബുദ്ധിക്കും ആരോഗ്യം നല്‍കാനുള്ളത്?
കാര്യസിദ്ധിക്ക് ഹനുമാന്‍!
ഡാളസില്‍ ഉള്ള ഒരു ഹനുമാന്‍ ക്ഷേത്രത്തെപ്പറ്റി അമേരിക്കയിലെ മിക്കവാറും ഹിന്ദുക്കള്‍ക്ക് അറിയാമായിരിക്കും. അവിടെ ചെന്നു പ്രാര്‍ത്ഥിച്ചാല്‍ “വിസ പ്രോബ്ലംസ്” എല്ലാം പെട്ടെന്നു തീരുമെന്നാണ് പ്രശസ്തി. ഒത്തിരി അനുഭവസ്ഥര്‍ ഉണ്ടത്രേ!. ഒരു തെലുങ്കു സ്വാമിയാണ് അവിടെ അമ്പലം സ്ഥാപിച്ചത്. ദിവസവും “ഐടി”ക്കാരായ ചെറുപ്പക്കാരുടെ വലിയ തിരക്കാണവിടെ.
കാര്യസിദ്ധിക്കായി പ്രാര്‍ത്ഥന നടത്തുന്നതില്‍ എനിയ്ക്ക് വലിയ അഭിപ്രായം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഭഗവല്‍സന്നിധിയില്‍ പോയിട്ട് “എന്നും മനസ്സമാധാനം ഉണ്ടാവണേ, നല്ലത് ആലോചിക്കാനും പറയാനും ചെയ്യാനുമുള്ള ശക്തിയും ബുദ്ധിയും ധൈര്യവും ഉണ്ടാവണേ” എന്നൊരു ‘സ്വാര്‍ത്ഥത’ മാത്രമേ മനസ്സില്‍ പ്രാര്‍ത്ഥനാരൂപത്തില്‍ ഉണ്ടായിട്ടുള്ളൂ. അത് ചെറുപ്പം മുതലുള്ള ശീലമാണ്. ആരും പറഞ്ഞ് തന്നിട്ടല്ല. അതങ്ങിനെ സ്വയം മനസ്സില്‍ ഉരുത്തിരിഞ്ഞുവന്ന പ്രാര്‍ത്ഥനയാണ്. ഒരിക്കല്‍പ്പോലും പ്രത്യേകിച്ചു കാര്യങ്ങള്‍ ഒന്നും നേടാന്‍ വേണ്ടി ഭഗവാനെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയിട്ടില്ല.
വിസ കിട്ടാനുള്ള പ്രാര്‍ത്ഥനയ്ക്കായി ഒരു ചെറുപ്പക്കാരന്‍ ഈ ക്ഷേത്രത്തില്‍പ്പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ ഓര്‍മ്മിപ്പിച്ചു. “ആരോടെങ്കിലും എന്തെങ്കിലും യാചിക്കണം എന്നുണ്ടെങ്കില്‍ അത് ഭഗവാനോട് തന്നെ ആകുന്നതാണ് നല്ലത്. വെറും മനുഷ്യനോട് ഇരന്നിട്ട് കാര്യമുണ്ടോ? പക്ഷെ ഒരു കാര്യം നമ്മള്‍ ഇപ്പോഴും ഓര്‍ക്കണം. ഭഗവാന്‍ അച്ഛനമ്മമാരെപ്പോലെയാണ്. കുട്ടി എത്ര വാശിപിടിച്ചു കരഞ്ഞാലും ചുമതലാബോധവും സ്നേഹവുമുള്ള മാതാപിതാക്കള്‍ കുട്ടി ആവശ്യപ്പെടുന്നതെല്ലാം അപ്പപ്പോള്‍ സാധിച്ചുകൊടുക്കാറില്ലല്ലോ. കുട്ടിക്ക് എന്താണ്, എപ്പോഴാണ് വേണ്ടതെന്ന് അവര്‍ക്കറിയാം. അതുപോലെയാണ് ഭഗവാന്‍. നമുക്ക് എപ്പോഴാണ് എന്താണ് വേണ്ടതെന്ന് ഭഗവാന്‍ തീരുമാനിക്കട്ടെ, എന്ന ഒരു സമര്‍പ്പണമനോഭാവം ഉണ്ടെങ്കില്‍ മന:സമാധാനം ഉണ്ടാവും. കാര്യം നടന്നാലും ഇല്ലെങ്കിലും അമ്പലത്തില്‍ പോകുന്നത് നല്ലത് തന്നെ. പിന്നെ വിസ കിട്ടാന്‍ വൈകി അല്ലെങ്കില്‍ കിട്ടിയില്ല, എന്നുപറഞ്ഞ് ഹനുമാന്‍ സ്വാമിയെ വെറുക്കരുത്.”
“കാര്യസിദ്ധി ഹനുമാന്‍” എന്ന് തന്നെയാണ് അവിടുത്തെ പ്രതിഷ്ഠയ്ക്ക് പേര്. അവിടെയുള്ള മൂന്നു പ്രതിഷ്ഠകളില്‍ നടുവിലത്തെത് ഹനുമാന്‍ പ്രതിഷ്ഠയാണ്. ഇരുവശങ്ങളിലുമായി ദേവിയും ശ്രീരാമനും. കൂടാതെ മൂന്നു പ്രതിഷ്ഠകള്‍ക്ക് ഇരുവശങ്ങളിലുമായി ഓരോന്ന് വീതം, ആകെ നാലു തൂണുകള്‍. അതില്‍ മൂന്നാമത്തെ തൂണിനു ചുറ്റുമാണ് ചെറുപ്പക്കാരുടെ തിരക്ക്. അവിടെയാണ് വിസ കിട്ടാനുള്ള പ്രാര്‍ത്ഥനയത്രേ.
സാധാരണ ചെറുപ്പക്കാര്‍ മൂന്നാമത്തെ തൂണിനരികില്‍ ചെന്നു മന്ത്രം കുറിച്ചെടുത്ത് അവിടെ കുറേ പ്രദക്ഷിണം ചെയ്യുന്നു. ആദ്യത്തെയും നാലാമത്തെയും തൂണുകള്‍ക്കരികിലും മന്ത്രമെഴുതി വച്ചിട്ടുണ്ട്. പക്ഷെ അവിടെ ആരുമില്ല. രണ്ടാമത്തെ തൂണില്‍, മൂന്നാമത്തെതിന്‍റെ അത്രയില്ലെങ്കിലും കുറച്ചു തിരക്കുണ്ട്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നാലു തൂണുകളാണവയെന്ന് ഒന്നാമത്തെ തൂണുമുതല്‍ വായിച്ച് തുടങ്ങിയാല്‍ നമുക്ക് കാണാം. “ധര്‍മ്മത്തിനും മോക്ഷത്തിനും” ഭക്തരില്ല. സമ്പത്ത് കിട്ടാനും, വിസയടക്കമുള്ള ആഗ്രഹങ്ങള്‍ തീര്‍ക്കാനും വേണ്ടി “അര്‍ത്ഥം, കാമം” എന്നിവയുടെ തൂണുകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നു. ഹനുമാനാണെങ്കില്‍ നാലു ഫലങ്ങളും തരുന്ന ദേവതയാണ്. ഹനുമാന്‍ ചാലീസയില്‍ പറയുന്നത് “ജോ ദായക് ഫല് ചാരി” എന്നാണല്ലോ.
“ആ അമ്പലത്തില്‍ വച്ചിട്ടുള്ള പ്രതിഷ്ഠയുടെ ഉദ്ദേശംതന്നെ നമ്മുടെയൊക്കെ
ജീവിതത്തിന്‍റെ ലക്ഷ്യം എന്തെന്നു പറഞ്ഞ്തരാനാണ്. ധാര്‍മ്മികമായി ധനമുണ്ടാക്കുകയും, ധാര്‍മ്മികമായി നമ്മുടെ ആഗ്രഹങ്ങള്‍ നടത്തുകയും അങ്ങിനെ മോക്ഷമാര്‍ഗ്ഗത്തിലേയ്ക്ക്
നീങ്ങുകയും വേണം എന്നതാണ് അതിന്‍റെ സാരം. പക്ഷെ അര്‍ത്ഥം, കാമം എന്നിവയ്ക്ക്
മാത്രമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ്!”
ഏതായാലും മൂന്നുമാസത്തിനകം ആ ചെറുപ്പക്കാരന്റെ വിസ പ്രോബ്ലം സോള്‍വായി. അയാള്‍ ഇപ്പോള്‍ എല്ലാക്കൊല്ലവും കാര്യസിദ്ധി ഹനുമാന്‍ ടെമ്പിളില്‍ പോവുന്നുണ്ടെന്നാണ് പറഞ്ഞത്.
ഹനുമാന്റെ പ്രസക്തി
പുരാണങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല, എന്നാൽ ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ് ഹനുമാൻ. ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. എന്തുകൊണ്ടാണ് ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമപൂജനീയനുമായത്?
ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. സീതാരാമന്മാരുടെ പേരു പറയുമ്പോൾത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ് ശ്രുതി. ഹനുമാനുള്ളിടത്ത് ഭയമെവിടെ? രാമനാമം ഭയമുക്തിദായകമായി പരിശോഭിക്കുന്നത്ഹനുമൽ സാന്നിദ്ധ്യംകൊണ്ടാണ്. ചുരുക്കത്തിൽ ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന് ഇത്രയേറെ പ്രസിദ്ധി ഉണ്ടാവുമായിരുന്നോ എന്നു സംശയം. ആദ്യമായി ഹനുമത്-രാമ സമാഗമം രാമായണത്തിൽ വർണ്ണിക്കുമ്പോൾ എഴുത്തശ്ശൻ ഇങ്ങിനെ പറയുന്നു.
“പശ്യ സഖേ വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വയ്യാകരണൻ വടു നിർണ്ണയം”
സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാർ പമ്പാതീരത്ത് ഹനുമാനെ സന്ധിക്കുന്നത്. നേരേ വാനരവേഷത്തിൽ ചെന്ന് കാട്ടിലൂടെ വരുന്ന തേജസ്സുറ്റ ഈയുവാക്കൾ ആരാണെന്നറിഞ്ഞുവരാനാണ് സുഗ്രീവനിയോഗത്താൽ ഹനുമാൻ പുറപ്പെട്ടത്. എന്നാൽ വിവേകിയായ ഹനുമാൻ ഒരു ബ്രാഹ്മണവേഷത്തിലാണ് രാമനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ സംബോധനയും സംഭാഷണവും കേട്ടപ്പോൾത്തന്നെ ശ്രീരാമനു മനസ്സിലായി ഇതു സാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. ‘നല്ല വയ്യാകരണൻ വടുനിർണ്ണയം’ എന്ന അംഗീകാരം നല്കാൻ രാമനു മടിയേതുമുണ്ടായില്ല. ശബ്ദത്തിൽ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങൾ, സംഭാഷണശൈലി, എല്ലാം ഒരു പണ്ഡിതനു യോജിച്ച വിധം തന്നെ. ‘ഇവൻ ശാസ്ത്രനിപുണനാണ്.’ എന്നാല്‍ ആളൊരു ബാലശാലിയുമാണ്. പിന്നിട് ഹനുമാൻ തന്റെ ആരാധനാപാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവസവിധത്തിലെ ത്തിക്കുന്നത്.
രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള രത്നമാലനൽകാൻ ഏറ്റവും അനുയോജ്യനായി കണ്ടത് ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽത്തന്നെ ശ്രീരാമചന്ദ്രൻ തന്റെ പ്രിയയോട്ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്:
“സുന്ദരരൂപേ, ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമിവൻ
തന്നുള്ളിലഭേദയായുള്ളൊരു ഭക്തി നാഥേ
ധന്യേ, സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ..”
ഭക്തി-ജ്ഞാനം-കര്‍മ്മം
ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കുകാണാം. അതാണ് ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ് ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല.
തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ് ഹനുമാനെന്നു വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്. ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ് ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് ശ്രീരാമൻ ചോദിച്ചു. ‘വായുപുത്രാ, നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്? എന്താണു നാം തമ്മിലുള്ള ബന്ധം?’ ഹനുമാന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:
“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”
വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:
“ദേഹബുദ്ധിയിൽ ഞാനവിടുത്തെ
ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ
ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ
സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും
നിത്യമേകമാം സത്തതൊന്നല്ലോ”
ശരീരബുദ്ധിവച്ചു നോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.
വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചുകൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും. ഇതാണ് ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ. ‘അതു നീയാണ്’, എന്ന നിറവ്.
ആത്മീയതയുടെ മൂന്നു ചിന്താധാരകള്‍
ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം-ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്‍റേതാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്‍റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്. പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല. ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.
രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരുഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ് ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.
എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം – ‘രണ്ടില്ല’, എന്ന അവസ്ഥയാണ്. വേദാന്തികൾപറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന മഹാവാക്യം എഴുതി വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്. അവിടെ എല്ലാവരും അയ്യപ്പന്മാരാണല്ലോ!) ഹനുമാന് ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ് ഹനുമാൻ പറയുന്നത് – ‘ഇതി മേ നിശ്ചിതാ മതി:’ എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ് പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോക്തമായ വിജ്ഞാനത്തിന്റെ നേരറിവാണ് ഹനുമാൻ പറയുന്ന ഈ ആത്മഭാവം.
അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതുസാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർക്കുപോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ ഒരു സമഗ്രമായ ആത്മീയതയായി (Integrated practice of spirituality) അനുവർത്തിക്കാവുന്നതാണല്ലോ. അതാണ് ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.
മനസ്സിന്‍റെയും
ശരീരത്തിന്‍റെയും സംതുലനത്തിനായും സമ്യക്കായ പ്രവര്‍ത്തനത്തിനായി നാം വായുപുത്രനായ
ഹനുമാനെ ആശ്രയിക്കുന്നു. ആരോഗ്യമുള്ള മനസ്സും ദേഹവുമാണ് നാം ആഗ്രഹിക്കുന്നത്.
അവയുണ്ടെങ്കില്‍ മറ്റേതു നേട്ടവും നമുക്ക് സ്വന്തമാക്കാം. ജീവിതത്തില്‍ സന്തോഷവും
സമാധാനവും കണ്ടെത്തുന്നത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. അതിനുവേണ്ടി
ദേഹമനോബുദ്ധികള്‍ ചൈതന്യത്തോടെ പ്രവര്‍ത്തനോന്മുഖമാക്കുവാന്‍ നമുക്ക് വേണ്ടത്
ഈശ്വരകൃപയെന്ന അദൃഷ്ടശക്തിയാണ്. അതിനായി ഹനുമാനെത്തന്നെയാണ് നാം ആശ്രയിക്കേണ്ടത്.
കാര്യസിദ്ധിക്കായി ഹനുമാനെ ആശ്രയിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ആത്മീയാന്വേഷണം
കേവലം ഭൌതീകമായ ഒരു ‘കാര്യസിദ്ധി’യോടെ അവസാനിപ്പിക്കേണ്ട ഒന്നല്ല.
