Monday, February 20, 2023

Mask - Short story in Malayalam - Part of "Deshanthara kathakal"



















കഥ


മാസ്ക്

സുകുമാർ കാനഡ

വീട്ടിന്റെ ബേസ്മെൻറിലുള്ള റ്റൂബെഡ്റൂം സ്യൂട്ട് വാടകയ്ക്ക് കൊടുക്കാനുള്ള പരസ്യം ഫേസ്ബുക്കിലും ക്രേഗ് ലിസ്റ്റിലും കൊടുത്തിട്ട് രണ്ടാഴ്ച്ചയായി. സാധാരണ പരസ്യം കൊടുത്ത് രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽത്തന്നെ ആരെങ്കിലും വന്നു വാടകയ്ക്ക് എടുക്കാറുണ്ട്. ഇത്തവണ അധികം വിളികൾ ഒന്നും വന്നില്ല. പക്ഷേ ഒരു സ്ത്രീ രണ്ടുതവണ വിളിച്ചു മെസേജ് വച്ചിരുന്നു. ഇംഗ്ലീഷ് അത്ര വശമില്ലാത്തവരുടെ ആക്സന്റാണ്. ഒടുവിൽ അവരെ തിരിച്ചു വിളിച്ചപ്പോൾ അറിഞ്ഞത് അവരും ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നാണ്.

 ബേസ്മെന്റാണെങ്കിലും ഫ്ലാറ്റിന് അത്യാവശ്യം വലുപ്പവും രണ്ടു വാഷ്റൂമുകളും ഉണ്ട്. രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ രണ്ടു ബെഡ് റൂം വേണം എന്ന് കാനഡയിൽ നിയമുണ്ട്. അവരോടു വന്നുനോക്കാൻ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അവർ വന്നത്. ഊബർ എടുത്ത് വന്ന് വീട്ടിന്നു പുറകിലെ ഡ്രൈവ് വേയിൽ എത്തി അവർ ഇറങ്ങിയപ്പോഴേ തീരുമാനിച്ചു, ‘ഇത് ശരിയാവും എന്ന് തോന്നുന്നില്ല.’

നീണ്ട താടിയും തലയിൽ തൊപ്പിയമുള്ള ഒരാൾ ആദ്യം ഇറങ്ങി. പിന്നെ പർദയണിഞ്ഞ ഭാര്യയും മൂത്തകുട്ടിയും, പിറകെ ചെറിയൊരു പെൺകുട്ടിയും. ഊബർ കാർ പറഞ്ഞുവിട്ട് പർദ്ദയിട്ട സ്ത്രീ പറഞ്ഞു: “താൻക്യൂ ഫോർ ദിസ്. ആരും ഞങ്ങളെ വാടകവീടോ അപ്പർട്ട്മെന്റോ കാണാൻ പോലും വിളിക്കുന്നില്ലായിരുന്നു. നിങ്ങളെങ്കിലും വിളിച്ചല്ലോ. ദൈവം നിങ്ങൾക്കുള്ള പ്രതിഫലം തരും. ഞാൻ സനാ മുസ്തഫ; ഇത് എന്റെ ഹസ്ബന്റ് മുസ്തഫ. നിങ്ങളും മറുനാട്ടിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നവരല്ലേ? അങ്ങിനെ നാടും വീടും വിട്ടു വന്നിട്ടുള്ളവരുടെ വിഷമം നിങ്ങൾക്ക് മനസിലാവും. ഇൻഡ്യ, അല്ലേ?”

മൂത്തവൾ എട്ടാം ക്ലാസുകാരി. ജീൻസും ഷർട്ടുമാണ് വേഷം. തലയും കഴുത്തും മൂടുന്ന കറുത്ത തട്ടവുമുണ്ട്. പൂമ്പാറ്റയുടെ പടമുള്ള ഫ്രോക്കിട്ട സുന്ദരിക്കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

“യെസ്, പ്ലീസ് കം”, സ്യൂട്ട് കാണിക്കാനായി ഞാൻ മുന്നിൽ നടന്നു. മാലതിയും കൂടെ വന്നു. പകുതി ഭൂമിക്കടിയിലും ബാക്കി തറയ്ക്ക് മുകളിലുമുള്ള ഒരു സ്യൂട്ടാണ്. തൊട്ടുമുന്നിൽ ഗാർഡൻ. പാർക്കിംഗ് ഏരിയയിൽ നിന്നും മുപ്പതടി നടന്ന് എട്ടു കോൺക്രീറ്റ് സ്റ്റെപ്പുകൾ ഇറങ്ങിയാൽ സ്യൂട്ടിലേക്ക് നേരിട്ട് കടക്കാം. വാടകക്കാർക്ക് പ്രത്യേകം വാതിലാണ്. ലിവിംഗ്റൂമിലെ ജനലിന് പൊക്കം കൂടുതലുണ്ട്. അകത്തുകടന്നാൽ തികച്ചും സ്വതന്ത്രമായ ഒരു ഫ്ലാറ്റ് തന്നെ. വാഷിങ് മെഷീനും, ഫ്രിഡ്ജും, ഓവനും, സ്റ്റൌവും, റ്റീവിയും അത്യാവശ്യം ഫർണിച്ചറുകളും എല്ലാമുള്ളതുകൊണ്ട് വാടകയക്ക് എത്തുന്നവർക്ക് പുതുതായി ഒന്നും തന്നെ വാങ്ങേണ്ടിവരില്ല. ബ്രിട്ടീഷ് കൊളംബിയയിൽ സർദാർമാരാണ് വീടുകളുടെ ബേസ്മെന്റിൽ സ്യൂട്ടുകൾ ഉണ്ടാക്കി വാടകയ്ക്ക് കൊടുത്ത് ‘മോർട്ട്ഗേജ് ഹെൽപ്പർ’ എന്ന പേരിൽ വീടു നിർമ്മാണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. പുതിയ വീടുകളിൽ ചിലപ്പോൾ അവർ രണ്ടും മൂന്നും സ്യൂട്ടുകൾ ഉണ്ടാക്കും. മിക്കവാറും കൺസ്ട്രക്ഷൻ പണികളും അവർ തന്നെയാണ് ചെയ്യുന്നത്. അത്തരം വീടുകൾക്ക് എപ്പോഴും ഡിമാന്റ് കൂടുതലാണ്. വിലയും. ബാങ്കിലേക്ക് മാസം തോറുമുള്ള അടവിന് ഈ സ്യൂട്ട് ഞങ്ങളെ ഏറെ സഹായിക്കുന്നുണ്ട്. ഒരുമാസമെങ്കിലും വാടകക്കാർ ഇല്ലാതെ ബേസ്മെന്റ് ഒഴിഞ്ഞു കിടന്നാൽ ആ മാസത്തെ ചിലവുകൾ ഒപ്പിക്കാൻ ബുദ്ധിമുട്ടാണ്.     

സ്യൂട്ട് കാണാൻ വന്നവരിൽ ഭാര്യയാണ് കാര്യങ്ങൾ മുഴുവനും പറയുന്നത്. ഭർത്താവ് താടിയിൽ കൈ വച്ച് കൂടെനിന്നതേയുള്ളൂ. “മൈ ഹസ്ബൻഡ്..” അവർ മടിച്ച് മടിച്ച് പറഞ്ഞുതുടങ്ങി. “എന്റെ ഹസ്ബൻഡ് ഇംഗ്ലീഷ് പഠിച്ചിട്ടില്ല. ഞാൻ എട്ടാം ക്ലാസുവരെ ഇംഗ്ലീഷ് പഠിച്ചു. പിന്നെ ഇവിടെ റെഫ്യൂജി ആയി വന്നപ്പോൾമുതൽ ഒരു ക്രിസ്റ്റ്യൻ പള്ളിയുടെ പാരീഷ് ഹാളിലാണ് ഞങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. അവരിൽ നിന്നാണ് ഞാൻ ഇംഗ്ലീഷ് ഇത്രയെങ്കിലും പറയാൻ പഠിച്ചത്.”

സിറിയയിൽ നിന്നും വന്ന റെഫ്യൂജി കുടുംബങ്ങളിൽ അവരുടെയൊപ്പം വന്നിട്ടുള്ള പലർക്കും സ്വന്തമായി അപ്പാർട്ട്മെന്റുകൾ കിട്ടിക്കഴിഞ്ഞു. അതിന്റെ വാടക ആറുമാസത്തേക്ക് ഗവർമെന്റ് സോഷ്യൽ വെൽഫെയർ കൊടുക്കും. അതിനാണ് ഇവരും ശ്രമിക്കുന്നത്. ഭർത്താവിന് ഒരു ജോലിയും കണ്ടുപിടിക്കണം. സിറിയയിൽ ഇലക്ട്രിക്കൽ വയറിംഗ് പണിയിൽ ഒരാളെ സഹായിച്ച ചെറിയൊരു പരിചയം മാത്രമേ അയാൾക്കുള്ളൂ. അവർ കഥമുഴുവൻ പറഞ്ഞു. അവൾ ക്രിസ്റ്റ്യനും അയാൾ മുസ്ലീമുമാണ്. കല്യാണം കഴിഞ്ഞപ്പോൾത്തന്നെ അവൾക്ക് ഇസ്ലാംമതം സ്വീകരിക്കേണ്ടിവന്നു. അതിനുശേഷം അവളുടെ കുടുംബത്തിലുള്ള ആരുമായും അടുപ്പമില്ല.

“മൈ എൽഡർ ബ്രദർ - അമേരിക്കയിൽ ഉണ്ട്. പക്ഷേ കോണ്ടാക്ട് ഒന്നുമില്ല.” സനാ പറഞ്ഞു. സനായും മുസ്തഫയും റെക്കോർഡിൽ രണ്ടു മതത്തിൽപ്പെട്ടവർ ആയതുകൊണ്ട് കനേഡിയൻ ഗവർമെന്റ് അവർക്ക് ഇങ്ങോട്ട് വരാൻ മുൻഗണന നല്കി. സിറിയയിൽ നിന്നാൽ ജീവനുപോലും അപകടം ഉണ്ടാവുമെന്ന് അവർ ഭയന്നു. ഏതെങ്കിലും മിലിറ്റന്റ് ഗ്രൂപ്പിൽ ചേരേണ്ടി വരുമായിരുന്നു എന്നാണ് പറഞ്ഞത്.

“എനിക്ക് പുറത്തു പോയി ജോലി ചെയ്ത് പരിചയമില്ല. നമ്മൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് ശരിയല്ല എന്നറിയാം നിങ്ങൾ ഇൻഡ്യാക്കാർക്കും അങ്ങിനെയല്ലേ?” അവർ മാലതിയെ നോക്കി തുടർന്നു.

“അല്ലല്ല, ഇവിടെ ഞാനും മകളും ജോലി ചെയ്യുന്നുണ്ട്. ഇൻഡ്യയിലും സ്ത്രീകൾ ജോലിക്ക് പോകും. എന്റെ അമ്മപോലും സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തിട്ട് മൂപ്പതുകൊല്ലത്തോളമായി.” മാലതി പറഞ്ഞു.

“റിയലി? ഇൻഡ്യയിലെ സ്ത്രീകൾ പുറത്തു ജോലിയ്ക്കൊക്കെ പോവുമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോ അവിടെ ശരീയത്ത് ഇല്ലെ?”

എന്തിനാണ് ഇവരോട് ഇതെല്ലാം പറയുന്നതെന്ന് മനസിൽ തോന്നിയെങ്കിലും പറഞ്ഞു, “ഇൻഡ്യയിൽ ജനാധിപത്യഭരണമാണ്. അവിടെ മുസ്ലിം സ്ത്രീകളടക്കം എല്ലാവരും ജോലി ചെയ്യാൻ പോകും. അവർ രാഷ്ട്രീയത്തിലും ഉണ്ട്. ഇൻഡ്യയുടെ പ്രധാനമന്ത്രി ഒരിക്കൽ  സ്ത്രീയായിരുന്നു കുറെക്കാലം – ഇന്ദിരാഗാന്ധി. സുപ്രീം കോടതി ചീഫ് ജഡ്ജ് ആയി ഒരു മുസ്ലിം സ്ത്രീയുണ്ടായിരുന്നു ഇൻഡ്യയിൽ.”

അവർ അത്ഭുതത്തോടെ നോക്കി. എന്നിട്ട് അറബിയിലോ സീറിയനിലോ ഭർത്താവിനോട് എന്തോ പറഞ്ഞു. അയാൾ തല കുലുക്കി സമ്മതിച്ചു.

“ഞങ്ങൾക്ക് ഈ അപ്പാർട്ടുമെന്റ് വളരെ ഇഷ്ടമായി. ഇപ്പോൾത്തന്നെ അഡ്വാൻസ് തരാം. ഇത് മറ്റാർക്കും കൊടുക്കരുത്, പ്ലീസ്.”

“അത്ര പെട്ടെന്ന് തീരുമാനിക്കാൻ പറ്റില്ല. നിങ്ങൾ ആപ്ളിക്കേഷൻ തരണം, പിന്നെ ക്രെഡിറ്റ് ചെക്ക്, റെഫെറൻസ് ചെക്ക് എല്ലാം ചെയ്യണം. അതെല്ലാം ശരിയായാൽ അഡ്വാൻസ് വാങ്ങാം.”

“അതൊന്നും നോക്കണ്ട സർ. ഇത് ഞങ്ങൾക്ക് വേണം. പ്ലീസ്! വാടകയെല്ലാം ആറുമാസത്തേക്ക് കനേഡിയൻ ഗവർമെന്റ് തരും. അപ്പോഴേക്ക് ഹസ്ബന്റിന് ജോലിയാവും.”  

“നോ, എല്ലാം ചെക്ക് ചെയ്യാൻ രണ്ടു ദിവസം വേണം. അത് കഴിഞ്ഞു പറയാം. ഞങ്ങൾക്ക് വേറെ ചില ആപ്ലിക്കേഷൻ കൂടി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് തന്നെ തരും എന്ന് ഇപ്പോൾ പറയാൻ ആവില്ല.”

കാരണങ്ങൾ ഒന്നും പറയാതെ അവരെ എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന തോന്നൽ ഞങ്ങൾ രണ്ടാൾക്കും ഉണ്ടായി. അവരുടെ ഭാഷയോ, മതമോ അതോ വേഷമോ? എന്താണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്?

അടുത്തയാഴ്ച തന്നെ സൈമൺഫ്രേസർ യൂണിവേർസിറ്റിയിലെ രണ്ടു സീനിയർ വിദ്യാർത്ഥികൾക്ക് ഞങ്ങൾ ബേസ്മെന്റ് സ്യൂട്ട് വാടകയ്ക്ക് കൊടുത്തു. ബസ് സ്റ്റോപ്പ് വീട്ടിനു മുന്നിൽത്തന്നെയായതുകൊണ്ട് അവർക്ക് വളരെ സൌകര്യമായി. എട്ടുമാസത്തെ യൂണിവേർസിറ്റിക്കാലം കഴിഞ്ഞപ്പോൾ അവർ വീടൊഴിഞ്ഞുപോയി. ഒരു വർഷത്തെ ലീസ് ഉണ്ടായിരുന്നുവെങ്കിലും, സ്റ്റുഡന്റ്സ് അല്ലേ, അവർ വന്ന് ആവശ്യപ്പെട്ടപ്പോൾ ലീസ് ഒഴിവാക്കി കൊടുത്തു. വീണ്ടും പരസ്യം കൊടുത്ത് പുതിയ വാടകക്കാരെ അന്വോഷിക്കുമ്പോൾ ഒരുദിവസം ഫോൺകോൾ വന്നു. സനാ മുസ്തഫയാണ്.

“ഞങ്ങൾ കഴിഞ്ഞകൊല്ലം സ്യൂട്ട് വാടകയക്ക് എടുക്കാനായി വിളിച്ചിരുന്നു. അവിടെ വന്നു നോക്കുകയും ചെയ്തു. അപ്പോൾ ഞങ്ങൾക്ക് തന്നില്ലല്ലൊ. ഇപ്പോഴും ഞങ്ങൾ ആ പള്ളിയുടെ മൂലയ്ക്ക് അവരുടെ ദയവിൽ കഴിയുകയാണ്. പ്ലീസ്, ഇനിയെങ്കിലും ഞങ്ങൾക്ക് അത് തന്നുകൂടെ? മറ്റാരും ഞങ്ങളെ തിരിച്ചു വിളിക്കുന്നതുപോലുമില്ല. പള്ളിക്കാർ ഞങ്ങളോട് ഒഴിയാൻ പറഞ്ഞിട്ടുമുണ്ട്.” അവരുടെ ഇംഗ്ലീഷ് സംസാരത്തിന് കാര്യമായ മാറ്റമുണ്ടിപ്പോൾ. ചെറിയൊരു കനേഡിയൻ ആക്സന്റ് വന്നിരിക്കുന്നു.

ഇത്തവണയും അവരോടു സ്യൂട്ട് വന്നു നോക്കാൻ പറഞ്ഞു. “മറ്റ് ചിലർ കൂടി അപ്ലൈ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഉറപ്പൊന്നും പറയുന്നില്ല. ഞാൻ അവർ എത്തുന്നതിനു  മുൻപേ അറിയിച്ചു. ഇത്തവണയും മുസ്തഫ ഒന്നും സംസാരിച്ചില്ല. അയാളുടെ താടിക്ക് നീളം കൂടിയിട്ടുണ്ട്. അങ്ങിങ്ങായി അല്പം നരച്ചിട്ടുമുണ്ട്. കുട്ടികളിൽ മൂത്തവളും ഇപ്പോൾ തട്ടമൊന്നും ഇട്ടിട്ടില്ല. ജീൻസും ടോപ്പും തന്നെ വേഷം.

“കണ്ടില്ലേ, ഇവൾ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ തട്ടമിടുന്നത് നിർത്തി. കൂടെയുള്ള കുട്ടികൾ കളിയാക്കും എന്നാണ് പറയുന്നത്. ഇപ്പോൾ ഒന്പതാം ക്ലാസ്സിലാണ്. പർദ്ദയിടേണ്ട പ്രായമായി. അവിടെ പള്ളിയിൽത്തന്നെ നിന്നാൽ ഇവളെ ഡീസിപ്ലിൻ ചെയ്യാൻ ആവില്ല. പ്ലീസ്, ഇത്തവണ സ്യൂട്ട് ഞങ്ങൾക്ക് തരണം. നിങ്ങൾക്ക് ഇതൊക്കെ മനസിലാവുമല്ലോ”

“അടുത്തയാഴ്ച ഒരു കൂട്ടർ കൂടി വരാനുണ്ട്. അതുകഴിഞ്ഞേ ഞങ്ങൾ തീരുമാനിക്കൂ”

“നോ സർ, ഞങ്ങൾക്ക് തന്നെ തരണം. ഇപ്പോൾ ആയിരത്തി അഞ്ഞൂറ് ഡോളറല്ലേ വാടക ചോദിക്കുന്നത്? ഞങ്ങൾ ആയിരത്തി അറുനൂറു തരാം. പ്ലീസ്.”  

ഞങ്ങൾ താമസിക്കുന്നത്തിന് തൊട്ടുതാഴെയുള്ള സ്യൂട്ടിൽ ആ താടിക്കാരൻ മകളെ ഡിസിപ്ലിൻ ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴേ ഒരു ഭയം ഉള്ളിൽ കയറി. ഇവർക്ക് സ്ഥലം വാടകയ്ക്ക് കൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് അപ്പോഴേ മനസിൽ കരുതി. ആപ്പ്ളിക്കേഷൻ തന്ന് അവർ പോയപ്പോൾത്തന്നെ മാലതിയും പറഞ്ഞു. “വേണ്ട, നമുക്കത് ശരിയാവില്ല.”

“പക്ഷേ അവരെപ്പോലെയുള്ളവർക്കും താമസിക്കാൻ സ്ഥലം വേണ്ടേ? നാം ഇങ്ങിനെ ഇൻസെൻസിറ്റീവ് ആയാൽ എങ്ങിനെയാണ്?” ഞാൻ ചോദിച്ചു.

“എന്നാൽ സ്വയം തീരുമാനം എടുത്തോളൂ. എന്നിട്ട് വരുന്നതൊക്കെ അനുഭവിക്കുകയും ചെയ്യാം”

സനാ മുസ്തഫ വിളിച്ചപ്പോളൊക്കെ ഫോൺ എടുക്കാതെ നോക്കി. ഒടുവിൽ ഫോണെടുത്ത് ഒരു കള്ളം പറഞ്ഞു “സ്യൂട്ട് വേറൊരാൾക്ക് വാടകയ്ക്ക് കൊടുത്തു.”

“നിങ്ങളും മറ്റുള്ളവരെപ്പോലെ തന്നെ! വെള്ളക്കാരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല അല്ലേ? പുറത്തുനിന്നു വന്ന് കാനഡയിൽ താമസിക്കുന്ന നിങ്ങൾക്കെങ്കിലും ഞങ്ങളുടെ കാര്യം മനസിലാവും എന്നാണ് കരുതിയത്! സിറിയയിൽ നിന്നും ജീവിതം പറിച്ചുനടാനായി കാനഡയിൽ വന്നതാണ്, പക്ഷേ ആരും അതിന് സമ്മതിക്കുന്നില്ല. താങ്ക് യു ഫോർ നത്തിംഗ്” അവളുടെ ശബ്ദത്തിൽ നീരസം പ്രകടമായിരുന്നു.

മാലതിയോട് പറഞ്ഞപ്പോൾ അവളും നിസ്സഹായയായി “നമുക്ക് എന്തു ചെയ്യാൻ പറ്റും? ഇപ്പോൾ നാം സൂക്ഷിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം? അല്ലേ?”

രണ്ടാഴ്ചകൂടി കഴിഞ്ഞപ്പോഴേക്ക് കൊറോണാ ഭീതിയായി. എല്ലായിടത്തും ലോക്ഡൌണും മാസ്ക് ധരിക്കലുമായി കൊല്ലമൊന്ന് കടന്നു പോയി. കൊറോണയുടെ തീവ്രതയേറിനിന്ന കാലം മുഴുവൻ ബേസ്മെന്റ് ഒഴിഞ്ഞുതന്നെ കിടന്നു. ഇൻഡ്യയിൽ നിന്നും വന്ന വാക്സീനാണ് പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോ അടക്കം പലർക്കും കിട്ടിയത്. എനിക്കും മാലതിക്കും ആദ്യത്തെ ഡോസ് കിട്ടിയത് അതിൽ നിന്നാണ്. കാനഡയുടെ “അമേരിക്കൻ ബ്രദർ” ബൈഡൻ പറഞ്ഞത് അമേരിക്കയിലെ ആവശ്യം കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കിൽ കാനഡയ്ക്ക് വാക്സിൻ തരാം എന്നാണ്.

അസ്ട്ര സെനക്ക വാക്സിനുവേണ്ടി ക്യൂ നിലക്കുന്ന സമയത്താണ് സനാ മുസ്തഫയെ പിന്നീട് കണ്ടത്. പർദ്ദ ഉണ്ടായിരുന്നില്ല. എങ്കിലും മാസ്ക് ഉള്ളതുകൊണ്ട് ആദ്യം അവരെ തിരിച്ചറിയാൻ ആയില്ല. മാലതി, ദൂരെ നിൽക്കുന്ന അവളെ കണ്ടു സംശയം പറഞ്ഞു. “അത് സനാ മുസ്തഫയല്ലേ? ഇപ്പോൾ പർദ്ദയൊന്നും ഇല്ലല്ലോ!”

കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഞങ്ങളെ കണ്ട് അടുത്ത് വന്നു. ആറേഴടി അകലത്തിൽ നിന്നു പറഞ്ഞു. “എനിക്കറിയാം നിങ്ങൾക്ക് പേടിയായിരുന്നു, അല്ലേ?”

മറുപടി പറയുന്നതിന് മുൻപേ സനാ തുടർന്നു. “മുസ്തഫയെ കൊറോണ കൊണ്ടുപോയി.” ആ പള്ളിയിൽ കൂട്ടമായി താമസിച്ചിരുന്ന പതിന്നാലുപേർ ഒരാഴ്ചയിൽത്തന്നെ കൊറോണ വന്നു മരിച്ച വിവരം മാസങ്ങൾക്ക് മുൻപ് സീബീസി റേഡിയോവിൽ കേട്ടിരുന്നു. എല്ലാവർക്കും സമയത്തിന് വെന്റിലേറ്റർ കിട്ടിയിരുന്നില്ല എന്നാണ് അറിഞ്ഞത്. പക്ഷേ സനായ്ക്കും കുട്ടികൾക്കും ഒന്നും കൊറോണയുടെ ശല്യം ഉണ്ടായില്ല.

“ആളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അവസാനമായി കണ്ടതാണ്. പിന്നെ വിവരം അറിയുന്നത് മരണം കഴിഞ്ഞിട്ടാണ്. ദേഹം മറവ് ചെയ്തപ്പോൾ പോലും പോവാൻ പറ്റിയില്ല.” വലിയ ഭാവവ്യത്യാസം ഒന്നുമില്ലാതെയാണ് അവളത് പറഞ്ഞത്.

പെട്ടെന്ന് മാലതി പതുക്കെ എന്നോടു ചോദിച്ചു “സനായ്ക്കും കുട്ടികൾക്കും താമസിക്കാൻ നമ്മുടെ സ്യൂട്ട് കൊടുത്താലോ?” അങ്ങിനെയാവാം എന്ന് എനിക്കും തോന്നി. സനായോട് “ആ ബേസ്മെന്റ് സ്യൂട്ട് ഇപ്പോൾ വേക്കന്റ് ആണ്. നിങ്ങൾക്ക് വേണമെങ്കിൽ തരാം.”

“വേണ്ട. മുസ്തഫ മരിച്ചപ്പോൾ സോഷ്യൽ സർവ്വീസുകാർ വന്ന് ഞങ്ങളെ കൊണ്ടുപോയി ഒരു ഹോട്ടലിൽ ആക്കി. പിന്നെ ക്വാറന്റീൻ കഴിഞ്ഞപ്പോൾ നല്ലൊരു റ്റു ബെഡ്രൂം അപ്പാർട്ടുമെന്റിലേക്ക് മാറ്റി താമസിപ്പിച്ചു. അവിടെ എല്ലാ സൌകര്യങ്ങളും ഉണ്ട്. സ്കൂളിന് അടുത്താണ്. റെഫ്യൂജി ആയതുകൊണ്ട് വാടക കൊടുക്കേണ്ട, മാത്രമല്ല, മാസം തോറും ചിലവിനുള്ള പൈസ തരികയും ചെയ്യും. ഇനി എനിക്കും എന്തെങ്കിലും പഠിക്കാൻ നോക്കണം. അതിന് വേണ്ടി മാഡത്തിന് എന്നെ സഹായിക്കാമോ?”

“തീർച്ചയായും, സനാ. പലതരം കോഴ്സുകൾ ഉണ്ട്. പാൻഡമിക്കിന്റെ വലിയ പ്രശ്നങ്ങൾ കഴിഞ്ഞു നമുക്ക് ഒന്നിച്ചിരിക്കാം. ഞാൻ അപ്പോഴേക്ക് കുറച്ച് കോഴ്സുകളുടെ വിവരം കണ്ടുപിടിച്ച് വയ്ക്കുകയും ചെയ്യാം. ആൾ ദി ബെസ്റ്റ്. ടേക് കെയർ.” മാലതി പറഞ്ഞു.

സനായും മാലതിയും പലതവണ ഫോണിൽ സംസാരിച്ചു. അവൾ ഏതോ കോഴ്സിന് ചേർന്നു എന്നാണ് പറഞ്ഞത്.

ബേസ്മെന്റ് സ്യൂട്ട് ജൂലായ് മാസം അവസാനം വരെ ഒഴിഞ്ഞുതന്നെ കിടന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളാവുമ്പോഴേക്ക് യൂണിവേർസീറ്റികളിൽ ചേരുന്ന കുട്ടികൾ  വടകയ്ക്കായി സ്ഥലം അന്വോഷിച്ചു തുടങ്ങും. എങ്കിലും ഇത്തവണ അധികം കോളുകൾ ഉണ്ടായില്ല. ഒരു ഈമെയിൽ വന്നത് ടർക്കിയിലെ ആങ്കറയിൽ നിന്നുള്ള മെൽവിൻ യൂസഫ്ന്റെയാണ്. പുതുതായി സൈമൺ ഫ്രേസർ യൂണിവേർസിറ്റിയിൽ ഡോക്ടറൽ സ്റ്റഡീസിന് വരുന്നയാളാണ്. നല്ല റെഫറൻസും ഫൈനാൻഷ്യൽ ഗാരന്റിയും തരാം എന്നാണ് ഈമെയിലിൽ എഴുതിയിരുന്നത്. ഒടുവിൽ ഒരു സൂം കോൾ ബുക്ക് ചെയ്ത് രാവിലെ എട്ടുമണിക്ക് മെൽവിനുമായി സംസാരിച്ചു. എല്ലാം കൊണ്ടും നല്ലൊരു ടെനന്റ് തന്നെ. ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന, നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ. ചെറിയൊരു മിഡിൽ ഈസ്റ്റേൺ അക്സൻറ്റ് ഉണ്ട്.

“സോ, മെൽവിൻ, സ്യൂട്ടിൽ കൂടെ താമസിക്കാൻ റൂംമേറ്റോ മറ്റോ ഉണ്ടോ, അതോ താങ്കൾ തനിച്ചാണോ ഉണ്ടാവുക? രണ്ടുബെഡ്റൂമുള്ള സാമാന്യം വലിയ ഫ്ലാറ്റാണല്ലോ ഇത്.”

“ഒരാൾ കൂടിയുണ്ടാവും. എന്റെ പാർട്ട്ണർ, അരീഷ് അബ്ദുൾസർദ്ദാരി. ഇപ്പോൾ അവനവിടെ വാൻകൂവറിൽത്തന്നെയുണ്ട്. വിസിറ്റർ ആയി വന്നിട്ട് ഇപ്പോൾ ഒരു കോഫീഹൌസിൽ ജോലി ചെയ്യുന്നുമുണ്ട്. വർക്ക് പെർമിറ്റൊന്നുമായില്ല. പാൻഡമിക് ആയതുകൊണ്ട് അവിടെനിന്നു മടങ്ങാൻ പറ്റിയില്ല അവന്. ഞാൻ എത്തുന്നതും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഞങ്ങൾ സ്കൂൾ മുതൽ ഒന്നിച്ചായിരുന്നു. ഞാൻ വന്നു കഴിഞ്ഞാൽ എന്റെ സപൌസ് എന്ന നിലയ്ക്ക് അവന് വർക്ക് പെർമിറ്റ് കിട്ടും. ഇപ്പോൾ അവൻ പെർമിറ്റില്ലാതെയാണ് ജോലിചെയ്യുന്നത്. കോഫീ ഹൌസിന്റെ ഉടമസ്ഥൻ മി. സിംഗ്, കാഷ് ബേസിസിലാണ് അവന് ജോലി കൊടുത്തത്. ഇവിടെ ആങ്കറയിൽ ഞങ്ങൾക്ക് ഒരുമിച്ച് കപ്പിൾ ആയി ജീവിക്കാൻ പറ്റില്ല. സൊസൈറ്റി ഞങ്ങളെ അതിന് അനുവദിക്കില്ല. കാനഡയിൽ അങ്ങിനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ? നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രം. വൈഫിനോടും കൂടി ആലോചിച്ച് ലീസ് ഡോക്യുമെൻറ്സ് അയച്ചുതന്നാൽ മതി. അത്കഴിഞ്ഞ് ഞാൻ ഡെപ്പോസിറ്റ് മണി അയക്കാം, ഓക്കെ?.”

ഓക്കേ! ഞാൻ ഉടനെ അറിയിക്കാം. രണ്ടാൾക്കും വാക്സിനേഷൻ കിട്ടിയല്ലോ, അല്ലേ? മാസ്ക് നിർബന്ധമില്ല, എങ്കിലും ഇവിടെ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്.”

“ഞങ്ങൾക്ക് രണ്ടു വാക്സീനും കിട്ടിയതാണ്. മാസ്കും ഞങ്ങൾക്ക് ഓക്കേയാണ്.” 

മാലതിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: ബേസ്മെൻറ് സ്യൂട്ട് അവർക്ക് കൊടുക്കാം. അവരുടെ ജീവിതശൈലി എന്തായാലും നമുക്കെന്താ, അല്ലേ?.”

6 comments:

  1. പകുതിക്ക് വെച്ച് നിർത്തിയത് പോലെ തോന്നി 😂

    ReplyDelete
    Replies
    1. കഥ പൂർത്തിയാക്കണ്ടത് വായനക്കാരന്റെ മനസ്സിലാണല്ലോ! Thank you Sir

      Delete
  2. മനോഹരം (സുകുമാരം എന്നും പറയാം!). മത/രാജ്യ അന്യവത്കരണം നമ്മിൽ ചാർത്തുന്ന മുഖംമൂടികൾ (masks) മനസ്സിൽ തട്ടും വിധം തുറന്നു കാണിച്ചിരിക്കുന്നു കഥാകൃത്ത്. ഒപ്പം അഭയാർത്ഥികളുടെ ഒടുങ്ങാത്ത അശാന്തിയുടെ നേർചിത്രവും. സിറിയയിലെ കാലികദുരന്തങ്ങൾ നമുക്ക് മറക്കാറായിട്ടില്ലല്ലോ. "മുസ്തഫയെ കൊറോണ കൊണ്ടുപോയി" എന്നു വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. നന്ദി സുകുമാർ, നല്ലൊരു വായനാനുഭവം തന്നതിന്.

    ReplyDelete
  3. “ദേശാന്തര മലയാള കഥകൾ” – ശ്രീമതി ലത്തികയുടെ റിവ്യൂ
    ----------------------------------------
    വീടിന്റെ ബേസ്‌മെന്റിലെ ടു ബെഡ്റൂംസ്യുട്ടിലേക്ക് വാടകക്കാരെ ക്ഷണിച്ചു പരസ്യം നൽകിയിരുന്നുവെങ്കിലും അന്വേഷിച്ചുവന്ന മുസ്ലിംകുടുംബത്തിനു കൊടുക്കേണ്ട എന്നായിരുന്നു ആ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ തീരുമാനം. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികളാണ് അന്വേഷകർ. സ്ത്രീ ക്രിസ്ത്യാനി. വിവാഹത്തിനെ തുടർന്ന് മതം മാറിയവൾ. അവരുടെ ഭാഷയോ മതമോ വേഷമോ എന്താണ് തങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് വീട്ടുടമക്കറിയില്ല. ഒരുവർഷം കഴിഞ്ഞു വീണ്ടും അവർ വന്നുവെങ്കിലും പഴയ നിലപാട് തുടരുകയാണ് മലയാളിയായ വീട്ടുടമ. അവരും സ്വദേശം വിട്ടു ഭാഗ്യാന്വേഷികളായി മറുനാട്ടിൽ ചെന്നവരും, വീട്ടിനടിയിൽ സ്യുട്ടുകൾ പണിയിപ്പിച്ചു വാടകക്ക് കൊടുത്ത് അധികവരുമാനം ഉണ്ടാക്കുന്നവരും ആണ്. കുറച്ചു നാളുകൾക്കു ശേഷം അഭയാർ ത്ഥികളിലെ പുരുഷൻ മരിക്കുകയും ഭാര്യ സർക്കാർ സംരക്ഷണയിൽ ആവുകയും ചെയ്യുന്നു. അപ്പോഴേക്കും അവരുടെ ഭാഷ ഭേദപ്പെട്ടു കനേഡിയൻ അക്‌സെന്റ് സ്വംശീകരിക്കുകയായി. അവർക്കിപ്പോൾ വീടാവശ്യമില്ല.തൊഴിലാണ് വേണ്ടത്. അവരുടെ മക്കൾ ശിരോവസ്ത്രം ഉപേക്ഷിച്ചിരിക്കുന്നു. അടുത്ത വാടകക്കാരൻ തുർക്കിയിൽ നിന്നുള്ള ഡോക്ടറൽ വിദ്യാർത്ഥി ആയിരുന്നു. ബാല്യകാലം തൊട്ടുള്ള സ്വവർഗ പങ്കാളിയുമുണ്ട് കൂടെ . സ്വദേശമായ തുർക്കി അവരുടെ ഒന്നിച്ചുള്ള ജീവിതത്തെ അംഗീകരിക്കാത്തതു കൊണ്ടു അവർ അവിടം വെടിഞ്ഞു, സ്വാതന്ത്ര്യം തേടി വൈവിധ്യം ഉൾക്കൊള്ളുന്ന സമൂഹത്തിലേക്ക് ചേക്കേറുകയാണ് . ഇനിയും വീടൊഴിച്ചിടുക വയ്യ എന്നത് കൊണ്ട് അവരെ സ്വീകരിക്കാൻ വീട്ടുടമ സന്നദ്ധത പ്രകടിപ്പിക്കുന്നു. ബാങ്കിലെ തവണകൾ അടക്കുയ്ന്നതിനാണ് മുൻഗണന. വന്നവരുടെ ജീവിതശൈലി എന്തായാലും നമുക്കെന്താ എന്ന് ഒത്തു തീർപ്പാവുന്ന വീട്ടുകാരി നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഡോ സുകുമാർ കാനഡ എഴുതിയ മാസ്ക് എന്ന കഥ എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച “ദേശാന്തര മലയാള കഥകൾ ” എന്ന സമാഹാരത്തിൽ നിന്നാണ് ഞാൻ വായിക്കുക .18 കഥകൾക്കിടയിൽ നിന്ന് ഇത് ഞാൻ തിരഞ്ഞെടുത്തു അവതരിപ്പിക്കാൻ കാരണം അത് തുറന്നു കാണിക്കുന്ന നഗ്നമായ മനുഷ്യപ്രകൃതിയാണ്. ഉള്ളതിൽ മെച്ചപ്പെട്ടതു കൈക്കലാക്കാനുള്ള അഭിലാഷവും അതിലേക്കുള്ള അവിരാമമായ സഞ്ചാരവും,തനിക്കു പിന്നിൽ വരുന്നവരിൽ തന്നിൽ കുറഞ്ഞവനോട് തോന്നുന്ന അന്യത്വവും അവനെ ഒഴിവാക്കാനുള്ള വെമ്പലും ഇതിൽ കാണാം. ഒരു തുറവി കിട്ടുമ്പോൾ സ്വയം നവീകരിക്കുകയും അനുകൂല സാഹചര്യം കൈവരുന്ന മാത്രയിൽ മതം അടിച്ചേല്പിച്ച നുകം താഴത്തിറക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഉത്പതിഷ്ണുത്വം എന്നെ ആകർഷിച്ചു.

    ReplyDelete
  4. ശ്രീമതി ലതിക (എഡിറ്റർ മലയാള നാട്)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete