Thursday, June 3, 2021

വാൻകൂവറിലെ ടോട്ടം പോളുകൾ

 

Mathrubhumi Yatra Page 78-79, June 2021

വാൻകൂവറിലെ ടോട്ടം പോളുകൾ 

Text & Photographs – ഡോ. സുകുമാർ കാനഡ 

കാനഡയുടെ പടിഞ്ഞാറെ തീരത്താണ് വാൻകൂവർ. ടൊറൊൻറോ, മോൺട്രിയാൽ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന നഗരമാണ് വാൻകൂവർ. എങ്കിലും ജനസംഖ്യയിൽ ഇൻഡ്യൻ സ്റ്റാൻഡർഡ് അനുസരിച്ച് നോക്കിയാൽ ചെറിയൊരു നഗരം എന്ന് പറയേണ്ടിവരും. വെറും 6.3 ലക്ഷം ആളുകൾ. ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസിലാണ് (51 ലക്ഷം) വാൻകൂവർ. കാനഡ മുഴുവനും എടുത്താലും കേരളത്തിന്റെ ജനസംഖ്യയേ ഉള്ളൂ (3.5 കോടി). കാനഡയുടെ കിഴക്കൻ സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കിയാൽ പൊതുവേ നല്ല കാലാവസ്ഥയാണ് ഇവിടെ. വല്ലാത്ത തണുപ്പ്, ചൂട് ഒന്നുമില്ലാത്ത സുഖവാസസ്ഥലമാണ് എന്നും പറയാം. എന്നാൽ ഇവിടെ താമസിക്കാനുള്ള ചിലവ് കുറച്ചു കൂടുതലാണ്. വീടുകളുടെ വിലയും നോർത്ത് അമേരിക്കയിലെ മറ്റ് നഗരങ്ങളെക്കാൾ വളരെ മുകളിലാണ്. 


കാനഡയിലെ നേറ്റീവ് ഇൻഡ്യൻസിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയ. ഇവിടെ അവർക്ക് ഭരണഘടനാപരമായിത്തന്നെ പാലവിധത്തിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ട്. ഇവിടെയുള്ള പൊതുസ്ഥലങ്ങളും പാർക്കുകളും യൂണിവേർസിറ്റികൾ ഇരിക്കുന്ന ഭൂമിയുമെല്ലാം ഇൻഡ്യൻസിൽ നിന്നും ദീർഘകാല ലീസിന് എടുത്തിട്ടുള്ളവയാണ്. അതിൽ നഗരമദ്ധ്യത്തിലെ ഒരു പ്രധാന ഭാഗമാണ് സ്റ്റാൻലി പാർക്ക്. വാൻകൂവർ സന്ദർശകർക്ക് ഒഴിവാക്കാൻ ആവാത്ത ഒരാകർഷണമാണ് അവിടെ സ്ഥാപിച്ചിട്ടുള്ള ടോട്ടം പോളുകൾ. 

കാനഡായിലെയും അമേരിക്കയിലേയും നേറ്റീവ് ഇൻഡ്യൻ ട്രൈബുകൾ അവരുടെ സംസ്കാരവും സ്ഥാനവും പ്രകടിപ്പിക്കാൻ ഉയരം കൂടിയ മരങ്ങൾ വെട്ടിയെടുത്ത് കൈകൊണ്ടു കൊത്തിയുണ്ടാക്കുന്ന ശിൽപ്പങ്ങളാണു ടോട്ടം പോളുകൾ. ആലാസ്കയിലെയും പസഫിക് നോർത്ത് വെസ്റ്റ് തീരത്തെയും അറുപതോളം ട്രൈബുകൾ അവരവരുടെ സവിശേഷതകൾ കാണിക്കാനും തലമുറകളായി പറഞ്ഞുവരുന്ന കഥകൾ ശിൽപ്പരൂപത്തിൽ അവതരിപ്പിക്കാനും വേണ്ടി വളരെയധികം ശ്രദ്ധയോടെയാണ് ടോട്ടം പോളുകൾ ഉണ്ടാക്കുന്നത്. ഭാരതീയ ശിൽപ്പങ്ങളിൽ നിന്നും വിഭിന്നമായി ഈ പോളുകളിൽ കാണുന്നത് ദൈവരൂപങ്ങൾ അല്ല. പൊതുവേ പ്രകൃതിയെ ആരാധിക്കുന്ന ഇൻഡ്യൻസ്, അവർ ബഹുമാനിക്കുന്ന ബലിക്കാക്ക, കഴുകൻ, സാൽമൻ മത്സ്യങ്ങൾ, തിമിംഗലം, കരടി, തവള, ചെന്നായ, കാട്, മരങ്ങൾ എന്നിവയൊക്കെയാണ് ശിൽപ്പങ്ങളിൽ അവതരിപ്പിക്കുക.


ചിലപ്പോൾ വലിയ തറവാടുകളുടെ മുറ്റത്ത് അവരുടെ സ്ഥാനവലിപ്പവും പ്രാധാന്യവും കാണിക്കാൻ ടോട്ടം പോളുകൾ വയ്ക്കാറുണ്ട്. ചിലയിടത്ത് ചരിത്രത്തിലെ ഏതെങ്കിലും സംഭവത്തെ ഓർമ്മിപ്പിക്കാനായും ചിലയിടത്ത് മണ്മറഞ്ഞുപോയ പിതാമഹാന്മാരുടെ ഓർമ്മയ്ക്കായും ഇവ സ്ഥാപിക്കുന്നു. ചിലയിടങ്ങളിൽ സമൂഹത്തോട് അഴിമതി മുതലായ തെറ്റുകൾ ചെയ്ത രാഷ്ട്രീയക്കാരെയും മറ്റും ലജ്ജിപ്പിക്കാനായിട്ടും പോളുകൾ സ്ഥാപിക്കാറുണ്ട്. ‘ഷെയിംപോളുകൾ’ എന്നറിയപ്പെടുന്ന ഇവ, തെറ്റ് ചെയ്തയാൾ തെറ്റ് തിരുത്തി സമൂഹത്തോട് നീതി പുലർത്തുമ്പോൾ എടുത്തു മാറ്റാറുമുണ്ട്.


കൈകൊണ്ട് കൊത്തുപണികൾ ചെയ്ത ശേഷം, പ്രകൃതിയില് നിന്നും ലഭിക്കുന്ന വസ്തുക്കൾ അരച്ചുണ്ടാക്കുന്ന നല്ല തിളക്കമുള്ള നിറങ്ങളാണ് പോളുകളിൽ ഉപയോഗിക്കുക. കറുപ്പ് (കൽക്കരി, ഗ്രാഫൈറ്റ്), ചുവപ്പ് (പൂക്കൾ, ചുവന്ന ചെളിമണ്ണ്), നീല (കോപ്പർ സൾഫൈഡ്) എന്നിവ  ധാരാളമായി ഉപയോഗിച്ച് കാണാറുണ്ട്. 

ടോട്ടം പോളുകളിൽ കറുകറുത്ത ബലിക്കാക്കകളുടെ രൂപം സൃഷ്ടാവിനെ പ്രതിനിധാനം ചെയ്യുന്നു. കഴുകൻ സമാധാനത്തെയും സൌഹൃദത്തെയും കാണിക്കുന്നു. തിമിംഗലം ശക്തിയെയാണ് കാണിക്കുന്നത്. “കഴുകൻ എന്റെ മൂത്തച്ഛനാണ്” എന്നും മറ്റും ചില ടോറ്റെം പോളുകൾക്കരികിൽ  എഴുതിക്കണ്ടിട്ടുണ്ട്. പിതാമഹാന്മാരെ ഈശ്വരനെപ്പോലെ കണക്കാക്കുന്ന ഇവർ ഈ ആധുനിക കാലത്തും ട്രൈബൽ ചീഫിന്റെ അഭിപ്രായം അനുസരിച്ചാണ് പല കാര്യങ്ങളും നടപ്പിലാക്കുന്നത്. 

സാംസ്കാരികമായി ഏറെ അഭിമാനത്തോടെയാണ് ഇൻഡ്യൻസിലെ പ്രായമുള്ളവർ ഈ കലയെ ചെറുപ്പക്കാരിൽ എത്തിക്കാന് ശ്രമിക്കുന്നത്. ധ്യാനവും, സ്മോക് സെറിമണിയും നടത്തി വലിയ ആഘോഷമായാണ് ഒരു ടോട്ടം പോൾ കൊത്താനായി തയ്യാറെടുക്കുക. കാനഡാ സർക്കാരും ഇവരെ പ്രോൽസാഹിപ്പിക്കുന്നു. വാൻകൂവർ ഇന്റർനാഷണൽ എയർപ്പോർട്ടിലും, യൂണിവേർസിറ്റികളിലും, ഔദ്യോഗിക മന്ദിരങ്ങളിലും ടോട്ടം പോളുകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചു കാണാം.
Mathrubhumi Yatra Page 80, June 2021


Mathrubhumi Yatra Page 81, June 2021

Mathrubhumi Yatra Page 82, June 2021

Please check out other photo features as well:
Rudraksha Forest in Kuai - Kuai - Rudraksha Forest 

Lumbini - Sree Budha's Birthplace: Lumbini- Budha's Birthplace


10 comments:

 1. Very informative article. Good job

  ReplyDelete
 2. Very informative and interesting. Nostalgia of visit there in 2007.🙏

  ReplyDelete
 3. വാൻകൂവറിലെ ടോട്ടം പോളുകളെ കുറിച്ചും അതിന്റെ ചരിത്രത്തേക്കുറിച്ചും എഴുതിയ കുറിപ്പ് അതിമനോഹരം, മാത്രമല്ല എനിക്കിതൊരു പുതിയ അറിവും. നന്ദി.

  ReplyDelete
 4. Very good... SUKUMARJI 🙏🙏

  കേരളത്തിൽ ചിലപ്പോൾ കുറെ "ഷെയിം POLS," പ്രദർശിപ്പിക്കേണ്ടി വരും! ഒന്ന് മനസ്സിൽ കുറിച്ചോണം 😂😂😂

  ReplyDelete
 5. ഇനിയും ഇതുപോലെ ചരിത്രങ്ങൾ ഉറങ്ങുന്ന കാഴ്ചകളും വിവരണങ്ങളും പ്രതീക്ഷിക്കുന്നു
  ടോട്ടം പോളുകൾ... വിചിത്രം തന്നെ... നേരിട്ട് കണ്ടതുപോലെ
  കളെകുറിച്ച്

  ReplyDelete
 6. Very informative and interesting
  Ameer

  ReplyDelete
 7. Please check out other photo features as well:
  Rudraksha Forest in Kuai - https://bloggainvilla.blogspot.com/2017/10/blog-post.html

  Lumbini - Sree Budha's Birthplace: https://bloggainvilla.blogspot.com/2021/04/lumbini-sree-buddhas-birthplace-yatra.html

  ReplyDelete
 8. പുതിയ അറിവ് 👍🏽

  ReplyDelete