Friday, April 2, 2021

ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം - യാത്ര മാഗസീൻ - ഏപ്രിൽ 2021

 ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം 


ചിത്രങ്ങളും ലേഖനവും: ഡോ സുകുമാർ കാനഡ  

വലിയൊരു ഭൂമികുലുക്കത്തിന്‍റെ കെടുതികളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാഠ്മണ്ഡുനഗരത്തോട് യാത്രപറഞ്ഞ് ലുംബിനിയിലേയ്ക്ക് പുറപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന നേപ്പാളി ഡ്രൈവർ മനേഷ് പറഞ്ഞു. “സാബ്, ഇനിയും വരണം. കാഠ്മണ്ഡുവിൽ ഇനിയും കാണാൻ ഏറെയിടങ്ങൾ ഉണ്ട്. ലുംബിനിയിലേക്കുള്ള യാത്ര താങ്കൾക്ക് സുഖപ്രദമാവട്ടെ." തിരക്കില്ലാത്ത ആ ബസ് സ്റ്റാന്‍റിലെ ടൂറിസ്റ്റ് ബസ്സ് ലുംബിനിയിലേക്കുള്ള പത്തുമണിക്കൂർ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപേ മനേഷ് എന്‍റെ കയ്യിൽ ചെറിയൊരു പൊതിയേൽപ്പിച്ചു. നല്ല കപ്പലണ്ടി വറുത്തതാണ്. ചൂടുമുണ്ട്. വർഷങ്ങൾ മൂന്നു നാലു കഴിഞ്ഞിട്ടും മനേഷ് ഇടയ്ക്കിടക്ക് ഫേസ്ബുക്കിലൂടെ ബന്ധപ്പെടാറുണ്ട്.  

ഉയർച്ചയും താഴ്ചയും വളവുകളും ധാരാളമുള്ള മലമടക്കുകളാണ് വഴിനീളെ. ഭൂമികുലുക്കത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളും വീണുകിടക്കുന്ന പഗോഡകളും ധാരാളമുണ്ട്.  ചെറുതെങ്കിലും നല്ല സൗകര്യമുള്ള ടൂറിസ്റ്റ് ബസ്സ്. ഇടയ്ക്ക് ചായ കുടിക്കാനായി ബസ്സു നിർത്തി. സമയം രാവിലെ പത്താവുന്നതേയുള്ളു. അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന സഹയാത്രികൻ പറഞ്ഞു. ഇതാണിവിടുത്തെ ലഞ്ച് സമയം. ഇനി വൈകുന്നേരം ആറുകഴിഞ്ഞേ ഇവിടുത്തുകാർ ഭക്ഷണം കഴിക്കൂ. ചോറും പരിപ്പും പച്ചക്കറിയും ചേർന്നുണ്ടാക്കിയ കിച്ചടി പോലൊരു വിഭവമാണ് വെജിറ്റേറിയൻ. മറ്റുള്ളവർക്ക് കോഴിയും ആടും സുലഭം. പിന്നെ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. അക്ഷയകുമാർ അഭിനയിക്കുന്ന ഏതോ തട്ടുതകർപ്പൻ   സിനിമ ബസ്സിലെ വീഡിയോവിൽ കളിക്കുന്നു. 

കപിലവാസ്തുവിന്‍റെ മഹാരാജാവ് ശുദ്ധോദനൻ താനേർപ്പെട്ടിരുന്ന  യുദ്ധത്തിനിടയിലും മഹാരാജ്ഞി മായാദേവിയുടെ കാര്യമാണ് ആലോചിച്ചത്. വിവാഹശേഷം മായാദേവിയെ പിരിഞ്ഞ് ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ല. രാജ്ഞി പൂർണ്ണ ഗർഭിണിയുമാണിപ്പോൾ. മാസം പത്തും തികഞ്ഞിരിക്കുന്നു. ആദ്യ പ്രസവത്തിന് അവൾക്ക് അമ്മ വീട്ടിൽ പോയേ തീരൂ. നാടുനടപ്പും അതാണല്ലോ. നല്ല സേനാനായകരെല്ലാം തന്‍റെ കൂടെ യുദ്ധത്തിലാണ്. അല്ലെങ്കിൽ അവരെ ആരെയെങ്കിലും കൂട്ടി രാജ്ഞിയെ വീട്ടിൽ കൊണ്ടുവിടാമായിരുന്നു. വയസ്സായെങ്കിലും വീര്യം ചോരാത്ത ഒരു പടനായകനേയും കൊട്ടാരത്തിൽ പണ്ടേ സേവനം ചെയ്യുന്ന വയറ്റാട്ടിയേയും നാലഞ്ചു തോഴികളേയും കൂട്ടിയാണ് രാജാവ് മഹാറാണിയെഒരു പല്ലക്കിൽ കയറ്റി അയച്ചത്. യുദ്ധം കഴിഞ്ഞ് ആയിരുന്നെങ്കിൽ താൻ തന്നെ രാജ്ഞിയെ വീട്ടിൽ കൊണ്ടുചെന്നാക്കാമായിരുന്നു. തിരുവയറൊഴിയാൻ ഇനി ദിവസങ്ങൾ മാത്രം. 

പല്ലക്ക് ചുമക്കുന്ന സേവകർ വല്ല കല്ലുകളിലും തട്ടിത്തടയുമ്പോൾ മായാദേവിയുടെ വയറുലഞ്ഞു. അപ്പോഴെല്ലാം ‘ഞാനിവിടുണ്ട്, ഇതാ എത്തിപ്പോയി’, എന്ന് ആ ദിവ്യശിശു അമ്മയെ അറിയിച്ചു. അനുനിമിഷം മായാദേവി തളർന്നു. കൂടെ നടന്നിരുന്ന തോഴിയോടു പറഞ്ഞു. “ഇനി വയ്യ..” 

മല കയറിയിറങ്ങി അവർ ചെന്നെത്തിയത് പച്ചപ്പ് നിറഞ്ഞ ഐശ്വര്യമുള്ള  ഒരു ഗ്രാമവീഥിയിലാണ്. നല്ലൊരു കുളവും അതിനരികെ പടർന്നു പന്തലിച്ചു വേരുകൾ താഴേക്ക് തൂങ്ങിയാടുന്ന വലിയൊരു വടവൃക്ഷവും അവർക്ക് ആതിഥ്യമരുളി. മായാദേവി പല്ലക്കിൽ നിന്നുമിറങ്ങി ആൽച്ചുവട്ടിൽ ചെന്നു. ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. തോഴിമാർ ചുറ്റും നിന്ന് മായാദേവിക്ക് മറതീർത്തു. വേദനയില്ലാതെ തന്നെ കോമളനായൊരു ശിശുവിന് മായാദേവി ജന്മം നൽകി. അതോ വേദനകളെ മായ്ക്കാനാവുന്നത്ര അസാധാരണനായ ഒരു പുത്രന് ജന്മം കൊടുത്ത അമ്മയ്ക്കുണ്ടായ ജന്മസാഫല്യം ഏതു വേദനയേയും നിഷ്പ്രഭമാക്കാൻ പോന്നതായിരുന്നുവോ? മാതാവിന് സിദ്ധമാകാൻ പോന്ന എല്ലാം നൽകാൻ കഴിവുള്ള അവനെ ആ അമ്മ അതീവ വാൽസല്യത്തോടെ വിളിച്ചു “സിദ്ധാർത്ഥൻ”. ആ നാട്ടിലെ സമ്പ്രദായമനുസരിച്ച് വയറ്റാട്ടിയമ്മ മായാദേവിയുടെ കഞ്ചുകം അഴിച്ച് ആദ്യം തന്നെ ചന്ദ്രവെളിച്ചത്തിൽ ആ അമ്മപ്പാൽക്കുടങ്ങളെ കുളിപ്പിച്ചു. പിന്നെ നവജാതശിശുവിനു സ്തന്യമൂട്ടി. ലുംബിനിയിലെ ആ പൂർണ്ണ ചന്ദ്രൻ സിദ്ധാർത്ഥനിൽ വരാനിരിക്കുന്ന പ്രബുദ്ധതയുടെ ഒരു നാന്ദിയെന്നപ്പോലെ ആ മുഖകമലത്തെ ശോഭായമാനമാക്കി...  

ബസ്സ് ലുംബിനിയിൽ എത്തിയിട്ടു് രണ്ടു മിനുട്ടെങ്കിലും ആയിക്കാണും. അപ്പോഴേ ഉണർന്നുള്ളൂ. അതേ ബസ്സ് തിരികെ കാഠ്മണ്ഡുവിലേക്ക് മടങ്ങുകയാണ്. കണ്ടക്ടർ വന്നു പറഞ്ഞു: ‘ആപ് കാ ഗാഡി ആ ഗയാ.’ നേരത്തെ പറഞ്ഞു വച്ചിരുന്ന ടാക്സിയിൽ ഹോട്ടലിലേക്ക്.  

രാത്രി വിശ്രമിച്ചിട്ട് പിറ്റേന്ന് രാവിലെയാണ് ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഗ്രാമത്തിലേയ്ക്ക് പോയത്. അവിടെ മായാദേവി ഭഗവാൻ ബുദ്ധന് ജന്മം നൽകിയ സ്ഥലത്ത് ഒരു ശിലാഫലകവും ലോഹം കൊണ്ടുള്ള ഒരു തൂണും സ്ഥാപിച്ചത് അശോകമഹാരാജാവാണ്. അശോകൻ രാജാവായ ശേഷം ലുംബിനി സന്ദർശിച്ച് അവിടം ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമാകയാൽ ലുംബിനി ഗ്രാമത്തിന്‍റെ നികുതി എട്ടിലൊന്നായി കുറച്ചുവത്രേ! ലുംബിനിയിൽ ബുദ്ധഭഗവാൻ ജനിച്ചയിടത്ത് ഒരു മ്യൂസിയമുണ്ട്. അവിടെ ഭഗവാന്‍റെ ജന്മസമയം മുതൽ കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഇരിപ്പിടക്കല്ല് കാണാം. ഇഷ്ടിക കൊണ്ടു നിർമ്മിച്ച തടാകത്തിനരികെയുള്ള വെള്ളനിറത്തിലുള്ള മായാദേവി ക്ഷേത്രത്തിനുള്ളിലാണിത് വച്ചിരിക്കുന്നത്. ഇവിടെ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല. തടാകത്തിനരികെയുള്ള ആൽമരം മായാദേവിക്ക് പ്രസവസമയത്ത് തണലേകിയ ആൽമരത്തിന്‍റെ പരമ്പരയിൽ പെട്ടതാണ്. 

നേപ്പാളിലെ ലുംബിനി പ്രദേശ് പ്രവിശ്യയിലാണ് ഏറെ ബുദ്ധസ്മാരകങ്ങളും മോണാസ്ട്രറികളും ഉള്ളത്. ബുദ്ധമതം കുറച്ചെങ്കിലും പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളും ചേർന്നാണ് ഈ ഗ്രാമം പാനീതിരിക്കുന്നത്. 1896-ൽ രൂപൻദേഹിയിൽ അശോകസ്തംഭം കണ്ടു പിടിച്ചതിനു ശേഷമാണ് ഇന്നു കാണുന്ന രീതിയിൽ ലുംബിനി പ്രശസ്തമായത്. യുനൈറ്റഡ് നേഷൻസിന്‍റെ ഹെരിറ്റേജ് സൈറ്റുകളിൽ ഒന്നാണ് ലുംബിനി. ലുംബിനി സൈറ്റ് മൂന്നു മൈൽ നീളവും ഒരു മൈൽ വീതിയുള്ള ഒരു മൊണാസ്ട്രറി സമുച്ചയമാണ്. മറ്റ് നിർമ്മിതികളോ കച്ചവടമോ മോട്ടോർ വാഹനങ്ങളോ അവിടെ അനുവദിച്ചിട്ടില്ല. കാൽനടയായും അല്ലെങ്കിൽ ലുംബിനി വില്ലേജിന്‍റെ നടുവിലൂടെ ഉണ്ടാക്കിയ ഒരു കനാലിലൂടെയുള്ള യാത്രയും ആവാം. കനാലിന്‍റെ ഇരുവശങ്ങളിലും അതിമനോഹരമായി നിർമ്മിക്കപ്പെട്ട ആശ്രമകവാടങ്ങൾ കാണാം. കനാലിന്‍റെ കിഴക്ക് വശത്ത് പുരാതന ബൗദ്ധസമ്പ്രദായികളായ തെരവാദിന ബുദ്ധിസ്റ്റ് ആശ്രമങ്ങളാണ്. ഇൻഡ്യൻ, ശ്രീലങ്കൻ മൊണാസ്ട്രികൾ ഇവിടെയാണ്. കനാലിന്‍റെ പടിഞ്ഞാറ് വശത്ത് വജ്രയാന, ഹീനയാന ബുദ്ധിസ്റ്റ് മൊണാസ്ട്രികൾ കാണാം. ജപ്പാൻ, കൊറിയ, ചൈന, ജർമ്മനി, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചുള്ള മെഡിറ്റേഷൻ കേന്ദ്രങ്ങളും ആശ്രമങ്ങളും അവിടെ കാണാം. 

ഓരോ ആശ്രമങ്ങളുടെ മുന്നിലും പച്ചപ്പുൽത്തകിടികളോ താമരയും ആമ്പലും നിറഞ്ഞു കിടക്കുന്ന കൃത്രിമ തടാകങ്ങളോ ഉണ്ട്. ഞാൻ സന്ദർശിക്കുന്ന സമയത്തും പുതിയ കെട്ടിടങ്ങൾ അവിടെ പണിതുകൊണ്ടിരിക്കുന്നു. ഓരോ രാജ്യങ്ങളും അവരവരുടെ സമൃദ്ധിയും ശ്രദ്ധയും പ്രകടിപ്പിക്കുന്നതിൽ മൽസരിക്കുന്നതുപോലെ തോന്നും. ശ്രീലങ്കയിൽ നിന്നുമുള്ള വലിയൊരു സംഘം തീർത്ഥയാത്രയുടെ എല്ലാ സന്നാഹങ്ങളുമായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. നേരത്തെ  സൂചിപ്പിച്ച കനാലിന്‍റെ തുടക്കത്തിൽ ഒരു കെടാവിളക്ക് കത്തുന്നുണ്ട്. ഞാനൊരു ഒറ്റക്കുതിര വണ്ടിയിലാണ് അവിടം മുഴുവന് ചുറ്റിക്കണ്ടത്. അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും മറ്റും ഏറെ താൽപ്പര്യത്തോടെ ഞങ്ങൾക്ക് ചുറ്റും കൂടി അവരുടെ ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ സന്യാസി മഠത്തിൽ പഠിക്കുന്ന കുറച്ച് മിടുക്കന്മാരെ കണ്ടു. അവരുടെ ഇംഗ്ലീഷ് ഒന്നാന്തരമായിരുന്നു. വളരെ ഉൽസാഹികളായി നിന്ന അവർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ മുഖത്ത് ഗൌരവം വരുത്തി. എങ്കിലും ഫോട്ടോയെടുക്കാൻ സമ്മതിക്കുകയും ചെയ്തു.  

ശ്രീബുദ്ധനെ വിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കുന്ന ഹിന്ദുക്കൾ ഏറെയുള്ളതിനാൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരിടമാണ് ലുംബിനി വില്ലേജ് - ബുദ്ധമതത്തിന്‍റെ രീതിയിൽ വിപാസന ധ്യാനം ശീലിക്കാനും മറ്റുമായി ഏറെപ്പേർ മൊണാസ്ട്രറികളിൽ താമസിക്കാൻ എത്തുന്നുണ്ടു്. വിനോദ സഞ്ചാരികളായ യാത്രികർക്ക് ഭൈരഹാവ എന്ന ലുംബിനി നഗരത്തിൽ താമസിക്കാം. ഇൻഡ്യയിലേക്ക് റോഡുവഴി കടക്കുമ്പോൾ ഭൈരഹാവയിൽ ചെന്നിട്ട് സൊനൌളി ബോർഡർ വഴിയാണ് പോവേണ്ടത്. 

എന്റെ ടാക്സി ബോർഡറിൽ എത്തിയപ്പോൾ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നും വരുന്ന വഴിയാണ് എന്ന് ഞാൻ ഓഫീസറെ അറിയിച്ചു. പോകുന്നത് കാശി വിശ്വനാഥനെ കാണാനാണ് എന്നുകൂടി പറഞ്ഞപ്പോൾ പാസ്പോർട്ട് പോലും നോക്കാതെ പട്ടാളക്കാർ “ഹർഹർ മഹാദേവ” പറഞ്ഞ് എന്നെ യാത്രയാക്കി. സോനൌളിയിൽ നിന്നും ബൊരഗ്‌പൂർ വഴി വാരാണസി വരെ ഒരു ഓർഡിനറി ബസ്സിൽ പന്ത്രണ്ടു മണിക്കൂർ ചെയ്ത യാത്രയും രസകരമായിരുന്നു. 

ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട നാലു പുണ്യസ്ഥലങ്ങൾ ഭഗവാൻ ബുദ്ധന് ശ്രീബുദ്ധൻ ജനിച്ച ലുംബിനി, ബോധോദയം ഉണ്ടായ ബോധഗയ, ശ്രീ ബുദ്ധൻ ആദ്യമായി ബുദ്ധധർമ്മം പഠിപ്പിച്ച് സംഘം സ്ഥാപിച്ച സാരാനാഥ്, ബുദ്ധൻ നിർവ്വാണം പ്രാപിച്ച കുശിനഗർ, എന്നിവയാണ്. അവയിൽ കൂശിനഗർ ഒഴികെ മൂന്നിടത്തും പോവാൻ സാധിച്ചു. കുശിനഗർ, ഞാനിതാ വരുന്നൂ... 






Bodh Gaya


Bodh Gaya


Saranath


Saranath


3 comments:

  1. ചില ചിത്രങ്ങളുടെ ട്രെയ്ലർപോലെ മനോഹരമായിരിക്കുന്നു. വായനക്കാരന്റെ മനസ്സിൽ ഞാനുമിതാ വരുന്നു എന്ന പ്രേരണയിൽ മനസ്ിനേയെത്തിക്കുന്നു. നന്ദി. ഒരു ഇംഗ്ലീഷ് തർജ്ജമ മലയാളം അറിയില്ലാത്തവർക്കു സഹായകരമാകും.

    ReplyDelete
    Replies
    1. As you may have noticed, I have posted an Englisg version on my blog. Thanks Basheer.

      Delete
  2. ബാബുവിന്റെ കുറിപ്പ്‌ വളരെ മനോഹരവും വിജ്ഞാനപ്രദവും അയിരിക്കുന്നു. നേപ്പാളിലെ ലുംബിനിയാണ് ശ്രീബുധന്റെ ജന്മദേശം എന്നു കേട്ടിട്ടുണ്ടെങ്കിലും ചില ഭിന്നാഭിപ്രായങ്ങളും എവിടേയോ വായിച്ചതായി ഓർക്കുന്നു. ഞാൻ അതിനെ കുറിച്ചു കൂടുതലായി ഗവേക്ഷണം നടത്തിയിട്ടൊന്നുമില്ലാത്തതിനാൽ, ഇവയോടു യോജിക്കുന്നു. ഇനിയും എഴുതുക.

    ReplyDelete