Wednesday, June 26, 2019

ആളൊരുക്കം – വൈകിപ്പോയ ഒരാസ്വാദനം.







































ഇത്തരം നല്ല സിനിമകൾക്കായി സിനിമാ കുത്തക മുതലാളിയായ നെറ്റ് ഫ്ലിക്സിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ജനകീയ തിയ്യേറ്ററുകൾക്ക് ഇവയൊന്നും വേണ്ടല്ലോ!

അടിയിടി വീരൻമാർക്കും "ഇല്യൂമിനാറ്റി" മിത്തുകളെ എണ്ണം പറഞ്ഞ് കാശാക്കുന്ന വമ്പൻ മെഗാഹിറ്റ് സിനിമകൾക്കും ഇടയിൽ ഇതാ മനസ്സുണർത്തുന്ന മനോഹരമായ ഒരു സിനിമ. ആളൊരുക്കം.

നമ്മുടെ ആളുകൾ ഒരുങ്ങാൻ തയ്യാറാവാൻ സാദ്ധ്യതയില്ലാത്ത അല്ലെങ്കിൽ അതിനിനിയും പാകം വരാത്ത സമൂഹത്തിനെ നമുക്ക് കാണിച്ചുതരുന്നത് ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ സൂക്ഷ്മ ചലനങ്ങളിലൂടെയും അഭിനയത്തികവിലൂടെയുമാണ്. ഇതുവരെ കേട്ടും കണ്ടും പരിചയമില്ലാത്ത സംവിധായകനും നടീനടന്മാരും സമൂഹത്തിലെ നന്മ മരങ്ങളെ അതിഭാവുകത്വമില്ലാതെ ഇതിൽ വരച്ചുകാട്ടുന്നു. പ്രത്യേകിച്ചു പറയേണ്ട കാര്യം ഈ സിനിമയിലെ ചെറുവേഷക്കാരടക്കം എല്ലാവരും (പുതുമുഖങ്ങളാണ് പലരും) ഏറെ ശ്രദ്ധിക്കപ്പെടാൻ യോഗ്യരാണെന്നതാണ്. കാസ്റ്റിംഗ് ഇത്രയേറെ ഉചിതമായി ചെയ്ത മറ്റേറെ സിനിമകൾ ഓർമ്മയിൽ ഇല്ല. നല്ല ചൈതന്യമുള്ള സുന്ദരൻമാരും സുന്ദരികളും നിറഞ്ഞ സിനിമ. അവരുടെ ദേഹസൗന്ദര്യത്തേക്കാൾ ഭാവസൗന്ദര്യം മുന്തി  നിന്നു. ശ്രീകാന്ത് മേനോന്‍റെ  (പുതുമുഖം?) വേഷപ്പകര്‍ച്ച ശ്രദ്ധേയമാണ്. അതേപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാന്‍ പോകുന്നവരുടെ ആകാംഷ നശിപ്പിക്കുന്നില്ല.

പ്രഫ. അലിയാർ സാറിനെ ( സിനിമയിൽ പോലീസ് ഉദ്യോഗസ്ഥൻ) മലയാള സിനിമയും ടീവിയും ശബ്ദത്തിനു മാത്രമായി ഉപയോഗിക്കുന്നത് മര്യാദകേടാണ്. നരേന്ദ്രപ്രസാദ് സാറിനൊപ്പം നാടകങ്ങളിൽ നിറഞ്ഞാടിയ 'അലിയാർ' ശബ്ദത്തിന്റെ ഗാംഭീര്യത്തിന്‍റെ പോലെ തന്നെ അഭിനയത്തികവിന്റെയും ഉദാഹരണമാണ്. പണ്ടൊരിക്കൽ 80 ലോ മറ്റോ സാറിന്റെ ഒരു ക്ലാസ്സ് നെയ്യാർ ഡാമിലെ കേരളാ യൂണിവേർസിറ്റി സാഹിത്യക്കളരിയിൽ പങ്കെടുക്കാൻ യോഗമുണ്ടായ കാര്യം സിനിമ കാണുമ്പോൾ ഞാൻ ഒർമ്മിച്ചു.

പോയ കാലത്തെ പ്രതാപിയായ തുള്ളൽ കലാകാരൻ പപ്പു പിഷാരടി പതിനാറ് കൊല്ലം മുൻപ്  ഇരുപതു വയസ്സിൽ പിണങ്ങിപ്പോയ മകനെത്തേടി നടക്കുമ്പോൾ ഒരു വീഴ്ച പറ്റി. ഓർമ്മ വരുമ്പോൾ അദ്ദേഹം ഒരാശുപത്രിയിലാണ്. മനുഷ്യപ്പറ്റുള്ള ഡോക്ടറും നേഴ്സ്മാരും സഹരോഗികളും കൂട്ടുകാരും ചേർന്ന് തുള്ളൽക്കാരൻ പിഷാരടിയെ ഒരുവിധം സുഖമാക്കി പറഞ്ഞയക്കുന്നത് ആളിന്റെ ഒരുക്കത്തിന്റെ പകുതിയേ ആകുന്നുള്ളു. ഇനിയുള്ള പകുതിയിലാണ് ആളിനെ ഏത് അപ്രതീക്ഷിത അനുഭവങ്ങള്‍ക്കും പാകത്തിന്  ഒരുക്കിയെടുക്കാൻ, അങ്ങിനെ ആളിന്റെ മനസ്സൊരുക്കാൻ സംവിധായകൻ  വി.സി, അഭിലാഷ്  പാടുപെട്ടു സാധിച്ചെടുക്കുന്നത്. ആശുപത്രിയിലെ നേഴ്സ്മാർ ഡോക്ടറെ "ഡോക്ടർ സീതേച്ചി " എന്നു വിളിക്കുന്നുവെങ്കിൽ അവർ തമ്മിലുള്ള പാരസ്പര്യം എത്ര മനോഹരം!

ഇന്ദ്രൻസ് പണ്ടുമുതലേ എനിക്ക് പ്രിയപ്പെട്ട നടനാണ്. ശരിക്കും ഉപയോഗിക്കാൻ സംവിധായകർക്ക് കഴിയാത്തതുകൊണ്ടു മാത്രം ഇതുവരെ തിളങ്ങാൻ ആവാതിരുന്ന, a star among actors തന്നെയാണ് ഇന്ദ്രൻസ്. ഈ സിനിമയിൽ അദ്ദേഹത്തിന് നാഷണൽ അവാർഡാണ് ലഭിക്കേണ്ടിയിരുന്നത്!  ഈയിടയ്ക്കും വലിയൊരു ഫെസ്റ്റിവലിൽ (ഷാങ്ഹായ് ആണെന്നു തോന്നുന്നു.) അവാർഡും റെഡ് കാർപ്പറ്റ് സ്വീകരണവും അദേഹം നേടിയത് മലയാളത്തിന് തന്നെ അഭിമാനമാനകരമാണ്.

വിദ്യാധരൻ മാഷ് പാടിയ 'അകലത്തൊരു പുഴയുണ്ടേ... ' എന്ന  "പുഴപ്പാട്ട് " ഒരു haunting meloncholic melody ആയി നിറഞ്ഞുനിന്നു. റോണി രാഫേലിന്റെ സംഗീതം. കവിത: അജേഷ് ചന്ദ്രന്‍.   സിത്താരയും അവസാനക്രെഡിറ്റിൽ നമ്മെയത് ഓർമപ്പെടുത്തുന്നുണ്ട്.

ആളൊരുക്കം കാണാത്തവർ നെറ്റ് ഫ്ലിക്സിൽ കയറി അതൊന്നു കണ്ടുനോക്കൂ. വലിയ മാലപ്പടക്കവും ആലക്തികദീപപ്രഭയും ഗുണ്ടും പുകയുമില്ല. പക്ഷെ മുനിഞ്ഞു കത്തുന്ന ഒരു നിലവിളക്കിന്റെ ഇത്തിരിവെട്ടം നിങ്ങളിലെ 'ആളെയും'  ചെറുതായെങ്കിലും ഒന്നൊരുക്കിയെടുക്കും.

അവാർഡുപടം എന്ന പേരിൽ തട്ടിക്കൂട്ടുന്ന കപട "ബുജി" സിനിമകൾ കാണുമ്പോൾ ബോറടിക്കുന്ന എന്റെ മനസ്സിനെയും  ഈ സിനിമ ഒന്നൊരുക്കുക തന്നെ ചെയ്തു.

No comments:

Post a Comment