Saturday, November 18, 2017

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"







അവതാരിക

ശ്രീമതി സാവിത്രി പുറം 

ഞാനതിനേകന്‍ രസികന്‍ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിക്കിട്ടിയാൽ തരക്കേടില്ല്യ എന്ന് മാന്യസുഹൃത്തായ ശ്രീ സുകുമാർ കാനഡ പറഞ്ഞപ്പോൾ അവതാരികയൊക്കെ എഴുതാനുള്ള അർഹത എനിക്കുണ്ടോ എന്ന് പലവുരു സംശയിച്ചു. എങ്കിലും അവസാനം എഴുതാമെന്ന് പറഞ്ഞപ്പോൾ സുകുമാർ സമാഹാരം കമ്പ്യൂട്ടറിൽ കൂടി അയച്ചു തന്നു. തുറന്നു വായിക്കാൻ തുടങ്ങിയപ്പോൾ വാസ്തവത്തിൽ വളരെ സന്തോഷം തോന്നി. പുസ്തകത്തിൻറെ തലക്കെട്ടിനു മുകളിൽ കണ്ട ആദ്യത്തെ മൂന്നു വരികൾ ഇതാണ്:

“കാണിക്കയായർപ്പിക്കാൻ 
ഇന്നും മറന്നു ഞാൻ 
എന്നിലെ ഞാനെന്ന ഭാവം.”

ആത്മാർപ്പണം ചെയ്യാൻ മറന്നു എന്നോർമ്മിക്കുന്ന   സുകുമാറിന്‍റെ അർപ്പണമനോഭാവം എനിക്ക് പേജുകൾ മറിക്കാനും ശ്രദ്ധയോടെ പുസ്തകം മുഴുവൻ വായിക്കാനും ഏറെ പ്രചോദനമേകി. എന്‍റെ അഹം ബോധത്തെ നിമിഷനേരത്തേക്കെങ്കിലും അർപ്പിക്കാൻ പല വരികളും സഹായിച്ചു. അഹംബോധത്തെ അർപ്പിച്ചും തിരിച്ചെടുത്തും അർപ്പിച്ചും തിരിച്ചെടുത്തും ഞാനീ സമാഹാരം വായിച്ചാസ്വദിച്ചു. എല്ലാ കവിതകളെയും പറ്റി പറയാൻ 
ഒരുങ്ങാതെ സുകുമാറിന്‍റെ ഭക്തിയും, സ്നേഹവും, സന്മനസ്സും, സഹൃദയത്വവും   പ്രകാശിപ്പിക്കുന്ന ഏതാനും വരികളെപ്പറ്റിയെങ്കിലും വായനക്കാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഗുണങ്ങളൊക്കെ വായനക്കാരിലും ഉണരട്ടെ! അതാണല്ലോ സാഹിത്യധർമ്മം!


ആദ്യത്തെ സുപ്രസാദകീർത്തനം ഭക്തഹനുമാൻജിയുടെ വാക്കുകളിൽ കൂടി ഉപസംഹരിച്ചത് വളരെ ഭംഗിയായിരിക്കുന്നു. കവിയുടെ ഭക്തിയും ജ്ഞാനവും ഈ വരികൾ വിളിച്ചു പറയുന്നു. ഒട്ടുമിക്ക കവിതകളും ഈശ്വരപ്രണിധാനമാണ്. ഗൃഹാതുരത്വം ഉണർത്തുന്നവയും പ്രേമസുഗന്ധം വിതറുന്നവയും ആയ കവിതകൾ  ചുരുക്കം ചിലത് ഉള്ളത് അതിമനോഹരങ്ങളുമാണ്. ഈ "ഞാനതിൻ രസികനേകൻ" എന്ന സമാഹാരം വായിക്കുമ്പോൾ ഒരു അനുഗൃഹീത സത്സംഗം ലഭിച്ച പ്രതീതി വായനക്കാർക്ക് അനുഭവപ്പെടും. 

കവിതകളില്‍ വിവേകാനന്ദസ്വാമിയേയും, ചിന്മയാനന്ദസ്വാമിയേയും, മാതാ  അമൃതാനന്ദമയിയേയും, ക്രിസ്റ്റോസം തിരുമേനിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. "അഹം" എന്ന ഓ.എൻ.വി. കവിതയെപ്പറ്റിയുള്ള വരികൾ വായിച്ചപ്പോൾ എന്‍റെ കണ്ണ് നിറഞ്ഞു. സുകുമാറിന്‍റെ സ്വകാര്യനോവ്  പലവായനക്കാരേയും സ്പർശിക്കും എന്നതിലെനിക്ക് സംശയമില്ല്യ.

“കാലദേശാവധിഭ്യാം നിർമുക്തനായ” ഭഗവാനെ അറിഞ്ഞാൽ, ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ, നമ്മുടെ നിത്യപ്രവാസം തീരും. "പ്രവാസം" എന്ന കവിത എത്ര മനോഹരവും അർത്ഥഗര്‍ഭവും! മറ്റുചില കവിതകൾ നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നു. പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും എല്ലാം എല്ലാം.

“പല്ലവിയായേറെ സംവത്സരങ്ങൾ 
അനുപല്ലവിയായനേകം ബന്ധവിശേഷങ്ങൾ.”

"ഞാനതിൻ രസികനേകൻ" ആയി സ്വയം മാറി നിന്നുകൊണ്ട്തന്നെ നമ്മളുമായി സുകുമാർ ആ രസം പങ്കിടുന്നു. എത്ര വായിച്ചാലും മതിയാകാത്ത എത്ര കവിതകൾ ആണ് ഇതിലെന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. "ആർദ്രം" എന്ന കൊച്ചു കവിത നമ്മുടെ ഹൃദയത്തെ ആർദ്രമാക്കുന്നു. ഈ വരികളുടെ ഭംഗി നോക്കൂ:

“അനംഗനിന്നെന്നിൽ നിന്നിലലിയാനൊ-
രപൂർവരാഗം പകർന്നു തന്നു"

നിരവധി കവിതകൾ നമ്മുടെ ‘സ്വന്തം’ ഗുരുവായൂരപ്പനെപ്പറ്റി ആണെന്ന് പറയുമ്പോൾ എനിക്കുള്ള ആനന്ദം മറ്റു കൃഷ്ണപ്രേമികൾക്കും ഉണ്ടാകുമെന്നു എനിക്കുറപ്പുണ്ട്. അവയിൽ "ശ്രീഗുരുവായൂപുരമതി രമണീയം" എടുത്തു പറയണം  "ഏവം പരരക്ഷക്കായിക്കല്ലുവിൽക്കും ജോലി" സുകുമാർ ഈ കവിതകളിൽക്കൂടി ഭംഗിയായി നിർവഹിക്കുന്നു.

"കണ്ണനെകാണാഞ്ഞിട്ടെന്തു തോന്നി? 
ഒന്നുമേ തോന്നാനില്ലെന്നു തോന്നി.
മായക്കണ്ണനെൻ കൺമുന്നിലില്ലെങ്കിൽ 
ഞാനില്ല ജീവിതരംഗമില്ല"

"മനസാ സ്മരാമി" എന്ന ബാലമുകുന്ദ സ്‌തോത്രവും അതിമനോഹരം.  ഗഹനമായ ആശയങ്ങളെ സരളമായ വരികളിൽ കൂടി വായനക്കാരുമായി പങ്കിടാനുള്ള കവിയുടെ കഴിവിന് ഉദാഹരണമാണ് "വരമേകണം ദിവ്യമനമാകണം" എന്ന കവിതയും മറ്റു പല  കവിതകളും.  പച്ച മലയാളത്തിൽ ‘നാരായണകവചവും’ നിങ്ങൾക്കിതിൽ വായിക്കാം. സുകുമാർജി നല്ലൊരു സംഗീതവിദ്വാനും സംഗീതാസ്വാദകനും ആയതിനാൽ ഇതിലെ മിക്ക കവിതകളും സംഗീതാത്മകത തുളുമ്പി നിൽക്കുന്നവയാണ്. സംഗീതപ്രേമികൾക്ക് ഇതിലുള്ള കീർത്തനങ്ങൾ താളമിട്ട് പാടി ഭജിക്കാം എന്നത് ഈ സമാഹാരത്തിൻറെ മൂല്യത്തെ സർവോപരി ഉയർത്തുന്നു. സംഗീതോപാസന ഭക്തിസംവർധകമാണല്ലോ. 

സുബ്രമണ്യഭക്തന്മാർക്കും, ശ്രീരാമഭക്തന്മാർക്കും, ഹനുമത് ഭക്തന്മാർക്കും, ദേവീഭക്തന്മാർക്കും, ശിവഭക്തന്മാർക്കും, കൃഷ്ണഭക്തന്മാർക്കും അയ്യപ്പഭക്തന്മാർക്കും എന്ന് വേണ്ട, എല്ലാ ആസ്തികന്മാർക്കും മനസ്സലിഞ്ഞ് ഭജിക്കാനുള്ള കീർത്തനങ്ങൾ ഇതിലുണ്ട്. അത് കൊണ്ട് തന്നെയാണ് 'പരരക്ഷക്കായി കല്ല് വിൽക്കുന്ന ജോലി' സുകുമാർജി ഭംഗിയായി നിർവഹിക്കുന്നു എന്ന് പറഞ്ഞത്. 

വിദ്വാൻ വട്ടോളി കൊച്ചുകൃഷ്ണൻ നായരുടെ പേരക്കുട്ടിയും ബഹുമാന്യനായ ശ്രീ എ.പി. നായരുടെ പുത്രനുമായ സുകുമാറിനേയും  അദ്ദേഹത്തിന്‍റെ  സാഹിത്യ സപര്യയെയും പറ്റി  വായനക്കാരോട് പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. എങ്കിലും അതറിയാൻ ഇടയായിട്ടില്ലാത്തവരെ  കരുതി അദ്ദേഹത്തിന്‍റെ ബ്ലോഗുകളെപ്പറ്റിക്കൂടി രണ്ട് വാക്കു പറഞ്ഞുകൊണ്ട് ഈ അവതാരിക ഉപസംഹരിക്കട്ടെ. 

ദേവീഭാഗവതവും, ശ്രീമദ് ഭാഗവതവും, യോഗവാസിഷ്ഠവും ഗദ്യരൂപത്തില്‍  നിത്യപാരായണത്തിന് ഉതകുന്ന വിധത്തിൽ  അദ്ദേഹത്തിന്‍റെ ബ്ലോഗുകളില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നിരവധി മറ്റു വിലപ്പെട്ട ലേഖനങ്ങളാലും കവിതകളാലും അനുഗ്രഹീതമാണ് ഈ ബ്ലോഗുകള്‍. സമയവും സൗകര്യവും പോലെ വായനക്കാർക്കു അതിലേക്ക് കടക്കാം, തീർത്ഥയാത്ര നടത്താം.

"ഞാനതിൻ രസികനേകൻ" വായനക്കാരിൽ രസം പകരട്ടെ!
_________________________________________________________________
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കവിയും പ്രാസംഗികയും  ആത്മീയവിഷയങ്ങളില്‍ അവഗാഹമുള്ള എഴുത്തുകാരിയുമാണ് ശ്രീമതി സാവിത്രി പുറം. സയന്‍സില്‍ ഉന്നതബിരുദങ്ങളുള്ള സാവിത്രിജി റിട്ടയര്‍ ചെയ്ത ശേഷം ഇപ്പോള്‍ സാധനയിലും എഴുത്തിലും മുഴുകി അമേരിക്കയിലെ വെര്‍ജീനിയയില്‍  താമസിക്കുന്നു.  


2 comments:

  1. Excellent.
    "കണ്ണനെകാണാഞ്ഞിട്ടെന്തു തോന്നി?
    ഒന്നുമേ തോന്നാനില്ലെന്നു തോന്നി.
    മായക്കണ്ണനെൻ കൺമുന്നിലില്ലെങ്കിൽ
    ഞാനില്ല ജീവിതരംഗമില്ല"

    ReplyDelete
  2. ഒട്ടും അതിശോക്തിയില്ലാത്ത ഉദാത്തമായ അവതാരിക. ഹൃദയസ്പർശിയായ വാക്കുകൾ. നമ്മുടെ ആത്മബോധത്തെ ഉണർത്താൻ സദാ വെമ്പുന്ന ഭക്തകവി ഡോ. സുകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻറെ ഈ സംരംഭത്തിന് സർവവിജയങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    ReplyDelete