Saturday, September 17, 2016

കവിത - നമസ്തേ നമസ്തേ!



ജന്മഭൂമി ഓണപ്പതിപ്പില്‍  (2016) കവിത - നമസ്തേ നമസ്തേ!









നമസ്തേ... നമസ്തേ... 

ഡോ. സുകുമാര്‍ കാനഡ 


ആശാനഭസ്സിലെന്‍ മാനാഭിമാനപ്പെരും തീയി-
ലാളിത്തിളച്ചാവിയാവും മനസ്സേ, നമസ്തേ. 
അത്യുഷ്ണ വാതത്തിനായു,മതുപോലൊരിത്തിരി
ക്കാറ്റിന്റെ ശീതത്തിനായും കൊടും തപം ചെയ്യും
മനസ്സേ, നമസ്തേ; നമസ്തേ... നമസ്തേ...

കാലത്തിനതിവര്‍ഷമാരിയിലതിദ്രുതം
വന്യമാമേതോ കയങ്ങളിലാണ്ടാണ്ടു പോവാ-
നുഴറിപ്പെരുംപാച്ചിലായിക്കിതയ്ക്കും 
മനസ്സേ, നമസ്തേ;   നമസ്തേ... നമസ്തേ... 

ഓടിയുഴന്നൊടുവി,ലെപ്പൊഴോ, എങ്ങാനു,
മൊരുപിടിമണ്ണിലായ് ,വിശ്രാന്തിപൂകുവാന്‍ 
ഒരു ചുടല വെന്തതിന്‍ ചാരമായ് പോലും, 
തപിക്കാ,തൊരിക്കലു,മതോര്‍മ്മയായ്  തീരാതെ 
തന്നിലേയ്ക്കായിച്ചുരുങ്ങി,യൊതുങ്ങി,യൊടുങ്ങാനൊരുങ്ങും 
വപുസ്സേ, നമസ്തേ;  നമസ്തേ... നമസ്തേ... 

കര്‍മ്മങ്ങള്‍, ബന്ധങ്ങള്‍, സഞ്ചിതം
സര്‍വ്വവും കാലാനുസാരികള്‍ 
കാലന്നു പോലുമേ കണ്ണില്‍പ്പെടാത്തതാം തപ്ത ജന്മങ്ങള്‍ 
തമ്മി,ലൊട്ടൊന്നു,മൊട്ടിയു, മൊട്ടു,മൊട്ടാതെയും
വെറും കൊള്ളക്കൊടുക്കലിന്‍
പാപസാമ്യക്കണിശ നിശിതമായ് വേരോടി
നേരിട്ടറിയുന്നതാം  കര്‍മ്മബന്ധങ്ങള്‍;
നമസ്തേ, നമസ്തേ; നമസ്തേ, നമസ്തേ... 
  
ഒരിത്തിരി കരഞ്ഞും ചിരിച്ചും
പ്രണയിച്ചു പേയാടി വന്നെന്നെ മാടി വിളിച്ചും
നിറനിലാ സ്വപ്നമനുരാഗരാഗം നിറച്ചും
കവിതയില്‍ കാതരം വന്നുദിച്ചും 
ആണായി, പെണ്ണായി, രണ്ടിന്‍റെ-
യതിരുകളുമില്ലാതുയര്‍ന്നതാം സൌഹൃദ
സ്നേഹരാഗങ്ങള്‍; നമസ്തേ, നമസ്തേ... 
  
തിക്തമാമനുഭവച്ചൂടിന്റെ തീരാത്തുടര്‍ക്കഥയില്‍ 
എന്നുമൊരു രംഗമിവനെപ്പൊഴും തന്നു 
തന്‍ വേദികളിലെന്നുമിവനുണ്ടെന്നുറപ്പിച്ചു
മാറ്റുരയ്ക്കാനായി മാത്രമൊന്നാടിച്ച
വ്യര്‍ത്ഥയുദ്ധങ്ങള്‍ തന്‍ സംവിധാന പ്രഭൃതിവൃന്ദം
സഖാക്കള്‍; നമസ്തേ... നമസ്തേ... 
ഉണര്‍വ്വിന്റെ നേര്‍വഴികള്‍ കാട്ടും
നെരിപ്പോടു നീറ്റി,യെ,ന്നുള്ളൊരുക്കാന്‍
അന്ധകാരാന്ധ്യത്തിനന്ത്യം വരുത്താ-
നകം വിശ്വമാക്കാന്‍, നിസ്സ്വാര്‍ത്ഥ
സ്വാര്‍ത്ഥത്തിനാലകം ധന്യമാക്കാന്‍ 
അറിവുമടയാളവും തന്നു ദൂരത്തു താരകളെ
വിരല്‍ ചൂണ്ടി നിന്നതാം സുകൃത ഹസ്തങ്ങള്‍; 
നമസ്തേ... നമസ്തേ; നമസ്തേ... നമസ്തേ;

ക്ഷരമാകു,മക്ഷരക്കെട്ടുകള്‍ക്കപ്പുറത്താ 
ദിമ വിദ്യാ,വിചാര,സരിത്തുകള്‍
അക്ഷരാതീത,പ്പൊരുളാ,മുണര്‍വ്വിന്റെ
ആലക്തിക പ്രഭാ മിന്നല്‍പ്പിണരുകള്‍   
ആറിത്തണുത്തുപോകാതകം നീറ്റി,
യല്‍പ്പാല്‍പ്പമാനന്ദമേകുന്നതാമാറു* വഴികളില്‍ 
കാലത്തെ വെല്ലുവാന്‍ വെമ്പലുകളില്ലാതെ, 
കുറവൊന്നുമില്ലാതെ, അറിവിന്നറവാതി-
ലല്‍പ്പാല്‍പ്പമായിത്തുറക്കുവാ,നുയിരിനെ
ഉണര്‍വ്വായുയര്‍ത്തും വചസ്സേ, നമസ്തേ... 
അറിവിനെ ഉണര്‍വ്വാക്കുമാദിപ്പൊരുളേ, നമസ്തേ...
നമസ്തേ... നമസ്തേ; നമസ്തേ... നമസ്തേ... 

*ആറു ദര്‍ശനങ്ങള്‍

No comments:

Post a Comment