Wednesday, February 24, 2016

അഹം എന്ന ഓയെന്‍വി കവിത

മഹാകവി ഓഎന്‍വി യുടെ അവസാനനാളുകളിലെ കവിതയായ അഹം വായിച്ചുറക്കൂടിയ ദുഃഖം ഈ വരികളില്‍ പകരുന്നു. തന്‍റെ കവിതകളില്‍ ആത്മീയതയുടെ വേരുണ്ടെന്നു സമ്മതിക്കാന്‍ മടിക്കുന്ന കവിയാണ് ഓയെന്‍വി. വേദാന്തത്തെയും ആത്മീയതയെയും ദൂരെ നിര്‍ത്താന്‍ വെമ്പുന്ന ഒരു പ്രത്യയശാസ്ത്ര വാശിക്കാരനെ ഞാനതില്‍ കണ്ടുപോയി. ഈ നിരൂപണം അദ്ദേഹത്തിന്‍റെ അനേകം ആരാധകരില്‍ ഒരാളായ എന്‍റെ സ്വകാര്യമായ നോവിന്‍റെ നേര്‍ക്കാഴ്ചമാത്രമാണ്.   

ഡോ സുകുമാര്‍ കാനഡ

എന്തിന്നു സദ്കവേ അഹമെന്ന കാവ്യത്തില്‍
അഹമെത്ര ദീപ്തമെന്നറിഞ്ഞിട്ടുമപ്പൊഴും   
മാറാന്‍ മടികാട്ടുമാ ശ്യാമ പ്രത്യയശാസ്ത്ര
കണ്ണാടി നിന്‍ തിമിരമായ് തീര്‍ന്നുവോ

അഹമെന്ന വാക്കിനെ വെറുക്കുന്നുനീയെന്ന-
സന്നിഗ്ദ്ധമായിപ്പറഞ്ഞതുമുണ്‍മയോ ?
ഏറെ അശ്ലീലമാണഹംഎന്നു നീ പാടിയത-
റിവിന്‍റെയുറവുകള്‍ വറ്റി വരണ്ടപ്പഴോ?
    
എന്തിന്നഹമെന്ന വാക്കിനെ വെറുത്തു നീ
അഹമില്ലയെങ്കിലീ നീയില്ല ഞാനില്ല
എന്നഹം നിന്നഹമാണെന്നൊരറിവുള്ളില്‍
അറിയാതെയെങ്കിലും ഉണരാതിരിക്കുവാന്‍
അവസാനനിദ്രതന്‍ മുമ്പ് നിന്‍ തൂലികയില്‍
വെറുപ്പിന്റെ കാര്‍മഷി പടര്‍ത്തിയതല്ലയോ

കാര്‍മുകില്‍ വര്‍ണ്ണനെ കറുപ്പിന്നഴകിനെ
ആടിവാര്‍ മുകിലിനെ ശ്യാമാഭ നിഴലിനെ
പ്രണയിച്ച കാവ്യാംഗന വീണ്ടുമീ ഭൂമിയില്‍
അഹമെന്നയറിവിന്റെയാന്തരാര്‍ത്ഥം തേടി,
അണയട്ടെ നിന്‍റെ തീരാക്കടം വീട്ടുവാന്‍
അഹമാം കവിതതന്‍ നേരില്‍ നീരാടുവാന്‍ 
--------------------------------------------------------------------------
അഹം: ഓഎന്‍വി കുറുപ്പ്
ഭാഷാപോഷിണി ജനവരി 2016 ലക്കം
“അഹമെന്ന വാക്കിനെ വെറുക്കുന്നു ഞാന്‍ വാഴ്വില്‍
അതിലേറെ അശ്ലീലമായൊരു വാക്കില്ല”   

No comments:

Post a Comment