Friday, September 18, 2015

അച്ഛന്റെ ഗുരുവായൂര്‍ ഉദയാസ്തമനപൂജ
 ഏറെക്കാലം കാത്തിരുന്നതിന് ശേഷമാണ് കുടുംബശ്രേയസ്സിനായി അച്ഛന്‍ ഇരുപത്തിരണ്ടു കൊല്ലം മുന്‍പ് ബുക്ക് ചെയ്തിരുന്ന പൂജയുടെ ദിവസം വന്നു ചേര്‍ന്നത്. പെന്‍ഷന്‍ കുടിശ്ശിക ഒരുമിച്ചു കിട്ടിയപ്പോള്‍ ആയിരിക്കണം 1993-ല്‍ പതിനായിരം രൂപ കെട്ടിവച്ച് അച്ഛന്‍ ഈ പൂജയ്ക്ക്  ബുക്ക് ചെയ്തത്. അപ്പോള്‍ ഞങ്ങളെ ഫോണിലൂടെയും കത്തുകളിലൂടെയും ഓര്‍മ്മിപ്പിച്ചിരുന്നു. ‘എപ്പോഴാണ് നമ്മുടെ ഊഴം വരിക എന്ന് നിശ്ചയമില്ല. എന്നാലും നിങ്ങള്‍ മക്കള്‍ എല്ലാവരും ചേര്‍ന്ന് അത് ഭംഗിയായി ചെയ്യണം. കുടുംബശ്രേയസ്സിനും മന:സമാധാനത്തിനും പിന്നെ ഓരോരുത്തര്‍ക്കും സ്വകാര്യമായ അഭീഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിനും ഈ പൂജ ഉതകും’. അവധിക്കായി നാട്ടില്‍ പോകുമ്പോള്‍ ഓരോ കൊല്ലവും ഇതിനെപ്പറ്റി അച്ഛന്‍ പ്രത്യേകം പറയാറുണ്ടായിരുന്നു.അന്നൊക്കെ ‘ഒരു പത്തുകൊല്ലത്തിനകമെങ്കിലും നമ്മുടെ ഊഴം വരു’മെന്നൊരു പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് തോന്നുന്നു. ഏതായാലും ആണ്ടില്‍ രണ്ടോ മൂന്നോ തവണ ഗുരുവായൂര്‍ക്ക് പോയി തൊഴുതുവരിക എന്നത് അച്ഛനും അമ്മയ്ക്കും ശീലമായിരുന്നു. എത്രയെത്ര നിര്‍മ്മാല്യങ്ങള്‍, വാകചാര്‍ത്തുകള്‍, എല്ലാം കണ്ടും അറിഞ്ഞും സുകൃതമാര്‍ജ്ജിച്ചവര്‍ തന്നെയായിരുന്നു രണ്ടാളും. 

 

2003 ഏകാദശി ദിവസം ഒരിക്കലും മറക്കാന്‍ വയ്യ. അച്ഛനും അമ്മയും സഹോദരിമാരുമൊത്ത് ഞാന്‍ ഗുരുവായൂര്‍ ദര്‍ശനത്തിനു പോയിരുന്നു. മഞ്ജുളാല്‍ കഴിഞ്ഞും ആളുകള്‍ വരിയില്‍ നില്‍ക്കുന്നു. വളരെ നീണ്ട ക്യൂ. ചെമ്പൈ സംഗീതത്താല്‍ മുഖരിതമായ അന്തരീക്ഷം. ഡിസംബര്‍ മാസത്തിന്റെതായ ചെറിയൊരു തണുപ്പുണ്ട്. എങ്കിലും ആകെ തെളിഞ്ഞ ദിവസം. പുറത്തെ കൊടിമരത്തിനു ചുറ്റും പതിവുപോലെ നിറയെ ആളുണ്ട്. അമ്മയും സഹോദരിമാരും നേരത്തേ തന്നെ എഴുന്നേറ്റ് ക്യൂവില്‍ ആയിരുന്നു. അമ്മയ്ക്ക് തുലാഭാരം നടത്താനും മറ്റുമായി അവര്‍ നേരത്തെതന്നെ അകത്തു കയറിയിരുന്നു.


അച്ഛനന്ന് 83 വയസ്സ്. നടക്കാനൊക്കെ ചെറിയൊരു വിഷമം തുടങ്ങിയിരിക്കുന്നു. പത്തടി നടന്നാല്‍ പിന്നെ ഒരല്പം ഇരുന്നാലോ എന്ന് സംശയിക്കുന്ന അവസ്ഥ. കുറച്ചു നേരം ഞങ്ങള്‍ ചെമ്പൈ സംഗീതോല്‍സവം കേട്ടിരുന്നു.
ഞങ്ങള്‍. കിഴക്കേ നടയ്ക്കല്‍ ചെന്ന് കൊടിമരത്തിന്റെ അരികുപറ്റിനിന്നു. രണ്ടാളും നന്നായി തൊഴുതു. ‘ഇന്നിനി അകത്തു കയറി തൊഴല്‍ ഉണ്ടാവില്ല’. അച്ഛന്‍ എന്റെ കയ്യൊരു ബലത്തിനായി പിടിച്ചിരുന്നു.

“അച്ഛന്റെ കൈ പിടിച്ചാദ്യം നടന്നപോല്‍ അച്ഛനെന്‍ കൈ പിടിക്കുന്നു.
‘ഗുരുവായൂരപ്പനെ മുറുകെപ്പിടിക്ക’ നീ എന്ന് വിലോലനാവുന്നു’
എന്ന് ഇതിന്റെ ഓര്‍മ്മയില്‍ ഞാന്‍ പിന്നീട് “ഏകാദശി നാള്‍’1 എന്നൊരു കവിതയില്‍ എഴുതുകയുണ്ടായി.

ഞാന്‍ ചെറുപ്പത്തില്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി നടക്കാറുണ്ടല്ലോ. ‘പണിക്കൂട്ട്’ എന്നാണ് അതിനച്ഛന്‍ പറയാറുള്ളത്. അകത്തു കയറാന്‍ മെനക്കെടാതെ നടയില്‍ നിന്നു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ കാക്കി യൂണിഫോം അണിഞ്ഞ സെക്യൂരിറ്റി ഓഫീസര്‍ (തോളത്ത് നക്ഷത്രം ഉണ്ട്- ദേവസ്വം ജീവനക്കാരനല്ല) അച്ഛനെ തൊട്ടു വിളിച്ചു. ‘അല്ല, സാറ് അകത്തു കയറി തൊഴാതെ പോവ്വാണോ?’

‘ഈ തിരക്കില്‍ ക്യൂ നില്‍ക്കാന്‍ വയ്യ, ഇനി യോഗമുള്ളപ്പോള്‍ കണ്ണനെ ഞാന്‍ വന്നു കണ്ടുകൊള്ളാം’ എന്നായി അച്ഛന്‍.

‘ക്യൂ നില്‍ക്കണം എന്നിപ്പോ ആരാ പറഞ്ഞത്? ഇപ്പോള്‍ത്തന്നെ കയറി കണ്ടോളൂ’. എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് അച്ഛനു മാത്രമാണല്ലോ എന്ന് വിചാരിച്ച് ഞാന്‍ ഒന്നൊതുങ്ങി മാറി നിന്നു. ഉടനെ അയാള്‍ പറഞ്ഞു ‘എന്താ അവിടെ മാറി നില്‍ക്കണേ? അച്ഛന്റെ കയ്യൊന്നു പിടിക്കൂ- എന്നിട്ട് രണ്ടാളും കൂടി വേഗം അകത്തു കയറി തൊഴുതു വരൂ. ഇപ്പൊ നട തുറക്കും. പിന്നെ ആള്‍ത്തിരക്കാവും. അതിനു മുന്‍പ് ശ്രീകോവില്‍ വരെ  ചെല്ലാം. നട തുറന്നാല്‍ ഒരല്‍പം നേരമേ, എനിക്ക് ആളുകളെ പിടിച്ചു വയ്ക്കാന്‍ പറ്റൂ. വേഗം പോയി തൊഴുതോളൂ.’ അദ്ദേഹം ചങ്ങല തുറന്നു പിടിച്ചു. അകത്തെ കൊടിമരത്തിനടുത്ത് മുന്‍പിലുള്ള സെക്യൂരിറ്റിക്കാരോട്‌  വിളിച്ചു പറയുകയും ചെയ്തു. ‘ദാ ഈ സാറ് പോയിട്ട് തുറന്നാല്‍ മതി’.

ഗുരുവായൂരപ്പാ എന്നുറക്കെ ജപിച്ചു കൊണ്ട് അച്ഛനും, ആ കൈ പിടിച്ചു ഞാനും അകത്തു കയറി. നട തുറക്കുമ്പോള്‍ ഞങ്ങള്‍ മാത്രമാണ് ശ്രീകോവിലിനു മുന്നില്‍. ഏകദേശം ഒന്നൊന്നര മിനുട്ടോളം.. ഞാന്‍ ഒന്നും കണ്ടില്ല. കണ്ണുകള്‍ താനേ അടഞ്ഞുപോയിരുന്നു. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും തെളിഞ്ഞു കണ്ടിട്ടുണ്ടാവില്ല.

“ചന്ദനച്ചാര്‍ത്തണിഞ്ഞോരാ ദിവ്യരൂപം
ഉള്ളില്‍ നിറയ്ക്കാന്‍ വെമ്പല്‍ പൂണ്ടും
കേശാദി പാദം കണ്ണില്‍ നിറയ്ക്കാന്‍
പലവുരു തിരക്കില്‍ എത്തി നോക്കിയും
നടയ്ക്കലെത്തുമ്പോള്‍ എന്തേ കണ്ണാ,
കണ്ണുകള്‍ താനേ അടഞ്ഞുപോയീ ..” 
എന്ന് പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്2. മിക്കവാറും എല്ലായ്പ്പോഴും ഇതാണ് സംഭവിക്കുന്നത്. അകത്ത് ചെല്ലുമ്പോള്‍ കണ്ണുകള്‍ അടഞ്ഞു പോകുന്നു..

‘ഇനി ഒന്ന് വേഗം നടക്ക്വാ’ എന്ന് കേട്ട് നടയില്‍ നിന്നും നീങ്ങി. അച്ഛന്റെ കൈ തൊഴാന്‍ വേണ്ടി മാത്രമൊന്നു പിടിവിട്ടു കൊടുത്തു. തിരുമേനിയുടെ വക പ്രസാദം അച്ഛനു മാത്രം കിട്ടി. അത് നെറ്റിയില്‍ അച്ഛന്‍ തന്നെ തൊട്ടു തന്നു. പ്രദക്ഷിണമായി ശ്രീകോവിലിനു പുറകില്‍ എത്തിയപ്പോഴേയ്ക്കും അച്ഛനു ക്ഷീണമായി. അവിടെ ഇരുന്നു. ഒരല്‍പനേരം കഴിഞ്ഞ് അച്ഛന്‍ സ്ഥിരം ജപിക്കാറുള്ള വിഷ്ണു സഹസ്രനാമം മനപ്പാഠമായും ഞാന്‍ കയ്യില്‍ കരുതിയിരുന്ന ചെറിയൊരു പുസ്തകം നോക്കിയും ഒരുമിച്ചു ജപിച്ചു. പുറത്തു ചെമ്പൈ സംഗീതഉത്സവ സദിര് തുടരുകയാണ്. ഇടയ്ക്ക് പൂജയോടു ചേര്‍ന്ന ചില മേളങ്ങളും. അച്ഛന്റെ ജപത്തിനു ഞാന്‍ ഒരുപവാദ്യമായി എന്നേയുള്ളു. പൂജയ്ക്ക് ശീട്ടാക്കി പത്തു കൊല്ലമായപ്പോഴെയ്ക്കും അച്ഛന്റെ ഉദയാസ്തമനപൂജയ്ക്ക് സമയമായത്  അങ്ങിനെയായിരുന്നു. അതെന്റെ ആദ്യത്തെ ഏകാദശി തൊഴല്‍. അച്ഛന്റെയാണെങ്കില്‍ അവസാനത്തേതും.


അച്ഛന്‍ അടുത്ത മേയ് മാസത്തില്‍ വിടപറഞ്ഞു. അനായാസേന മരണം. ‘സൂപ്പര്‍ സ്പെഷലിസ്റ്റ് – അപൂര്‍വ്വവൈദ്യനായ ഗുരുവായൂരപ്പന്‍റെ ചികിത്സയിലാണ് ഞാന്‍’ എന്ന് മരണത്തിന് രണ്ട് മൂന്നു ദിവസം മുന്‍പ് എനിക്കെഴുതിയ കത്തില്‍ എഴുതിയിരുന്നു.

അവസാനം കാത്തിരുന്ന ഉദയാസ്തമന പൂജ 2013-ല്‍ നമ്മുടെ ഊഴമാവും എന്നൊരറിയിപ്പു വന്നു. എല്ലാവരും തയ്യാറെടുത്തു വന്നപ്പോഴേയ്ക്ക് വീണ്ടും അത് നീട്ടി വയ്ച്ചതായി അറിയിച്ചു. അമ്മ 2013-ല്‍ ഞങ്ങളെ വിട്ടു പോയി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രമണിചേച്ചിയും ഞങ്ങളെ വിട്ടു പോയി.  ഉദയാസ്തമനം മക്കളെല്ലാം ഒത്തൊരുമയോടെ ഒരുമിച്ചു നടത്തണം എന്നായിരുന്നു അമ്മയുടെ അവസാനകാലത്തെ ഏക ആഗ്രഹം.

കഴിഞ്ഞ വര്‍ഷം വീണ്ടും ദേവസ്വം അറിയിച്ചു. ‘2015 സെപ്തംബര്‍ 1ന് ആലടി പത്മനാഭന്‍ നായര്‍ വക ഉദയാസ്തമന പൂജ നിശ്ചയിച്ചിരിക്കുന്നു. ബാക്കി സംഖ്യ ഉടനെ അടയ്ക്കുക.’ പൂജയ്ക്ക് ഇപ്പോഴത്തെ നിരക്ക്, ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പ് അഡ്വാന്‍സ് കൊടുത്ത കൊടുത്ത പതിനായിരം കൂടാതെ ഏകദേശം എഴുപതിനായിരം രൂപ കൂടി ആവും. പൂജ നടത്തുന്ന കുടുംബത്തിനു വേണ്ടി പാഞ്ചജന്യത്തില്‍ രണ്ടു മുറികള്‍, പ്രസാദങ്ങള്‍, എല്ലാം കിട്ടും. പതിനെട്ടു തരം വിശേഷാല്‍ പൂജകള്‍ ചേര്‍ത്ത് ഇരുപത്തിയൊന്നു പൂജകളാണ് ഇതിനുള്ളത്. അതിന്റെ പ്രസാദങ്ങള്‍ എല്ലാം പൂജ നടത്തുന്ന കുടുംബത്തിനു ലഭിക്കും. പൂജയ്ക്കായി ഓരോ തവണയും അകത്തു പോവാനുള്ള സഹായത്തിനായി ദേവസ്വം ഒരു ജോലിക്കാരനേയും വിട്ടു തരും.

പൂജയുടെ തലേ ദിവസം വൈകുന്നേരം അഞ്ചു മണിയോടെ ‘അരിയളക്കല്‍’ എന്ന ചടങ്ങുണ്ട്. അതിനുമുന്‍പ്‌ ഗണപതി പൂജ. ദക്ഷിണ. ഭാഗവാനുവേണ്ടി എന്നും നെല്ലുകുത്തി അരി തയ്യാറാക്കുന്ന കുടുംബത്തിലെ അമ്മയ്ക്ക് ‘ഭഗവാന്റെ നിവേദ്യത്തിനുള്ള അരി കൊടുക്കാനുള്ള യോഗം മാത്രം തുടര്‍ന്നും ഉണ്ടായാ മതി’ എന്ന ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളു.  പിറ്റേന്നത്തെ പൂജയ്ക്കുള്ള അരിയും മറ്റും അളക്കുക എന്ന ചടങ്ങിനു പൂജ-യജമാനന്റെ കുടുംബം സന്നിഹിതരാവണം.

പൂജയ്ക്ക് വരുന്നവരുടെ – മക്കളും ബന്ധുമിത്രാദികളുമായുള്ളവരുടെ ലിസ്റ്റ് എടുത്തു. നാല്‍പ്പത്തിമൂന്നു പേരുണ്ട് ഗുരുവായൂരില്‍ പൂജയ്ക്കായി എത്തുന്നവര്‍. ദേവസ്വം അവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡു തരും എന്നാണ് കരുതിയത്. എന്നാല്‍ അങ്ങിനെയുള്ള യാതൊരു പദ്ധതികളും അവര്‍ക്കില്ല. ഒരു ജീവനക്കാരന്‍ വന്നു മുഖപരിചയത്തിന്റെ പേരില്‍ ആളെ കടത്തി വിടും അത്ര തന്നെ. ഒന്നും ഔദ്യോഗികമാക്കാന്‍ അവര്‍ തയ്യാറല്ല.

എല്ലാവര്‍ക്കും താമസവും ഭക്ഷണവും ‘പാഞ്ചജന്യ’ത്തില്‍ ഏര്‍പ്പാടാക്കിയിരുന്നു.  ഉദയാസ്തമനപൂജയുടെ അന്ന് അതിരാവിലെ രണ്ടുമണിക്ക് ഞങ്ങള്‍ എട്ടുപേര്‍ നടക്കലെത്തി. അപ്പോഴെയ്ക്ക് ജനറല്‍ക്യൂ നല്ലൊരു നീളം ആയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് സ്പെഷല്‍ എന്‍ട്രിയാണെന്ന്  തലേന്ന് തന്നെ ദേവസ്വക്കാരന്‍ പറഞ്ഞിരുന്നു. അതിരാവിലത്തെ നിര്‍മ്മാല്യദര്‍ശനത്തിനു ഞങ്ങള്‍ എട്ടുപേര്‍ ഉണ്ടാവും എന്ന് അറിയിച്ചിരുന്നു. മറ്റുള്ളവര്‍ മറ്റു പൂജകള്‍ക്ക് വന്നുകൊള്ളും.

അവിടുത്തെ സെക്യൂരിറ്റിക്കാരന്‍ തന്റെ കയ്യിലുള്ള കടലാസ്സെടുത്തു നോക്കിയിട്ട് പറഞ്ഞു: ‘ഉദയാസ്തമനപൂജക്കാരില്‍ അഞ്ചു പേര്‍ക്കേ, കയറാന്‍ അനുവാദമുള്ളു. ഇന്ന് കൂടുതല്‍ വിഐപികള്‍ ഉണ്ട്. കേന്ദ്രമന്ത്രിയുടെ കുടുംബമുണ്ട്.’ എന്നൊക്കെയായി അദ്ദേഹം.

ഞങ്ങള്‍ കാര്യം പറഞ്ഞു നോക്കി. നേരത്തെതന്നെ എട്ടു പേരുടെ കാര്യം പറഞ്ഞതും സമ്മതിച്ചതുമാണ്. ഈ എട്ടു പേരില്‍ നിങ്ങള്‍ ആരെ ഒഴിവാക്കും? നിര്‍മ്മാല്യം തൊഴാന്‍ ഉദയാസ്തമനക്കാര്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സാധിക്കുക, എന്നുള്ള ന്യായങ്ങള്‍ ഒന്നും അവിടെ എല്‍ക്കുന്നില്ല.

 പിന്നെ രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നീങ്ങി. വീഐപികളെ കൈ രണ്ടും കാണിച്ചു തടഞ്ഞു നിര്‍ത്തിയിട്ടു ഞാന്‍പറഞ്ഞു. “ഞങ്ങള്‍ ഇരുപത്തിമൂന്നു കൊല്ലം കാത്തിരുന്നു കിട്ടിയ അവസരമാണ് ഇപ്പോള്‍ നിങ്ങളായിട്ട്‌ ഇല്ലാതാക്കാന്‍ പോവുന്നത്. ആ ബോര്‍ഡില്‍ ഉദയാസ്തമന പൂജ: പത്മനാഭന്‍ നായര്‍, പെരുമ്പാവൂര്‍ എന്ന് എഴുതി വച്ചിട്ടുണ്ടല്ലോ അത് ഞങ്ങളുടെ അച്ഛന്റെ പേരാണ്. ഈ പൂജയ്ക്ക് ഞങ്ങള്‍ മക്കളെ എല്ലാവരെയും അമ്പലത്തില്‍ കയറാന്‍ സമ്മതിക്കാതെ നിങ്ങള്‍ രാഷ്ട്രീയക്കാരോ സിനിമാക്കാരോ – ആരാണ് നിങ്ങള്‍ എന്നെനിക്കറിയില്ല- സ്വാധീനമുപയോഗിച്ച് കയറുകയാണെങ്കില്‍ ആയിക്കോളൂ. ഞങ്ങള്‍ക്ക് എട്ടുപേര്‍ക്കും നിര്‍മ്മാല്യം തൊഴാന്‍ ഉള്ളില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആരും കയറുന്നില്ല. നിങ്ങള്‍ എല്ലാവരും  പൊയ്ക്കൊള്ളുക. ഞങ്ങള്‍ ഇവിടെ നിന്നുകൊള്ളാം”. കുറച്ചു ഉറക്കെ ആയിപ്പോയോ എന്ന് സംശയം. അപ്പോഴേയ്ക്കും കാവല്‍ക്കാരന്‍ പറഞ്ഞു: ‘ഉദയാസ്തമന കുടുംബം – എട്ട് പേര്‍, മദിരാശിയില്‍ നിന്നും രണ്ട്, അങ്ങിനെയങ്ങിനെ...

അതിരാവിലെ, നിര്‍മ്മാല്യദര്‍ശനം അതിവിശേഷം തന്നെ.
“വാതാലയേശന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
ഭവദുരിതം മറക്കും ഞാനെന്‍ ഭാവദുരിതം മറക്കും” 
എന്ന് ഞാന്‍ ഒരു പാട്ടില്‍ എഴുതിയിരുന്നത്3 അന്വര്‍ത്ഥമായി.  ശ്രീകോവിലിനു പിറകില്‍ സഹോദരിമാരോടു ചേര്‍ന്ന് ഇത്തവണയും സഹസ്രനാമം ജപിച്ചു. അച്ഛനെപ്പോലെയല്ല, എല്ലാവര്ക്കും പുസ്തകം നോക്കണം.


പിന്നീട് ദിവസം മുഴുവനും പതിനെട്ടു പൂജകള്‍ക്കുമായി അകത്തു കയറിയും പുറത്തുവന്നും മാറി മാറി കുടുംബത്തിലെ ആളുകളുമായി കയറിയും ഗുരുവായൂരപ്പന്റെ മോഹനവിഗ്രഹം പലകുറി കണ്ടു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉപായത്തിലാണെങ്കിലും ഗംഭീരമായി. ചേച്ചിയുടെ പേരക്കുട്ടി ആറുവയസ്സുകാരന്‍ മുംബെ നിവാസിയും കൂട്ടത്തില്‍ ഉണ്ണാന്‍ ഇരുന്നു. ‘അമ്മേ, പായസത്തിനു കുറച്ചു സ്പേസ് വയറ്റില്‍ ബാക്കി വയ്ക്കണം അതുകൊണ്ട് ചോറ് കുറച്ചു മതി’ എന്നവന്‍ 'പ്രാക്ടിക്ക'ലായി. പക്ഷെ ഇന്ന് പ്രസാദഊട്ടിനു പായസം ഉണ്ടായിരുന്നില്ല. തരാന്‍ മറന്നതോ വേണ്ടെന്നു വച്ചതോ? ഏതായാലും പ്രസാദങ്ങളുടെ കൂടെ കിട്ടിയ പാല്‍പ്പായസത്തിന്റെ മധുരം തന്നെ ധാരാളം. വൈകുന്നേരം അത്താഴപ്പൂജയ്ക്ക് ശേഷം ശീവേലി കണ്ടു. മൂന്നാന എഴുന്നള്ളത്ത്. നാദസ്വരം. ചെണ്ടമേളം. ശീവേലി കഴിഞ്ഞു വരുന്ന വിഗ്രഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. ദക്ഷിണവച്ചു. അതിനുള്ള പതിനൊന്നു നാണയങ്ങള്‍ ദേവസ്വം കാര്യക്കാരന്‍ പൂജയുടെ ഭാഗമായി കയ്യില്‍ വച്ചു തന്നിരുന്നു. പിന്നീട് മറ്റു ദക്ഷിണകള്‍ വേറെ. വിഗ്രഹത്തില്‍ ആടിയ നെയ്യ് പ്രസാദമായി കിട്ടി.

ശ്രീ ഗുരുവായൂപുരമതി രമണീയം
ഭൂലോക വൈകുണ്ഡം, ശ്രീകൃഷ്ണ സാന്നിദ്ധ്യം 
എന്ന് എഴുതുമ്പോള്‍4 ആ സാന്നിദ്ധ്യത്തിന് ഇത്ര നിറവുണ്ടാവും എന്നോര്‍ത്തിരുന്നില്ല.

തികഞ്ഞ അദ്വൈതിയായ ആദിശങ്കരഭഗവദ്പാദര്‍ ആയിരത്തി ഇരുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച സഗുണാരാധന! ഗുരുവായൂരില്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന മൂര്‍ത്തിപൂജാ പദ്ധതിയില്‍ അങ്ങിനെ പെരുമ്പാവൂര്‍ ആലടി കുടുംബം പങ്കാളികളായി. അല്ല, നടത്തിപ്പുകാരായി ! അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നില്ലെങ്കിലും അവരുടെ നിറസാന്നിദ്ധ്യം ഈ രണ്ടു ദിവസങ്ങളില്‍ മക്കള്‍ക്കെല്ലാവര്‍ക്കും തോന്നിയിരുന്നു.  എന്നാല്‍ വ്യക്തിപരമായി അച്ഛന്റെ ഉദയാസ്തമനപൂജ പന്ത്രണ്ട് കൊല്ലം മുന്‍പേ ആ ഏകാദശി ദിനത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു എന്നാണെനിക്ക് തോന്നുന്നത്.

അമ്പലത്തില്‍ ഇപ്പോള്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നില്ല. 2003ല്‍ എടുത്ത പടങ്ങള്‍ ഈ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. കൂടെ പുറത്തുനിന്നിത്തവണ എടുത്തതും. പിന്നെയുള്ള ചില പടങ്ങള്‍ - ലിങ്കില്‍ ഉള്ളത് ഇന്റര്‍നെറ്റ് വഴി കിട്ടിയതാണ്.


Photos from Udayasthamana Pooja day and othersകവിത- ഗാനം links9 comments:

 1. പ്രീയപ്പെട്ട സുകുമാർജി,

  മൊത്തത്തിൽ കൊള്ളാം; എനിക്കിഷ്ടമായി. പക്ഷെ ഒരുസംശയം!! ഇത്ര ബുദ്ധിമുട്ടിയില്ലെങ്കിലും കണ്ണൻ പ്രസാദിക്കയില്ലേ? പ്രസാദിക്കും എന്നുതന്നെയാണെന്റെ വിശ്വാസം. എന്റെ കണ്ണൻ എന്നും എന്നെ സംന്ദർശിക്കാറുണ്ട്, അനുഭവങ്ങൾ പങ്കിടാറുണ്ട്.

  ===== "പിന്നെ രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നീങ്ങി. വീഐപികളെ കൈ രണ്ടും കാണിച്ചു തടഞ്ഞു നിര്‍ത്തിയിട്ടു ഞാന്‍പറഞ്ഞു. “ഞങ്ങള്‍ ഇരുപത്തിമൂന്നു കൊല്ലം കാത്തിരുന്നു കിട്ടിയ അവസരമാണ് ഇപ്പോള്‍ നിങ്ങളായിട്ട്‌ ഇല്ലാതാക്കാന്‍ പോവുന്നത്. ആ ബോര്‍ഡില്‍ ഉദയാസ്തമന പൂജ: പത്മനാഭന്‍ നായര്‍, പെരുമ്പാവൂര്‍ എന്ന് എഴുതി വച്ചിട്ടുണ്ടല്ലോ അത് ഞങ്ങളുടെ അച്ഛന്റെ പേരാണ്. ഈ പൂജയ്ക്ക് ഞങ്ങള്‍ മക്കളെ എല്ലാവരെയും അമ്പലത്തില്‍ കയറാന്‍ സമ്മതിക്കാതെ നിങ്ങള്‍ രാഷ്ട്രീയക്കാരോ സിനിമാക്കാരോ – ആരാണ് നിങ്ങള്‍ എന്നെനിക്കറിയില്ല- സ്വാധീനമുപയോഗിച്ച് കയറുകയാണെങ്കില്‍ ആയിക്കോളൂ. ഞങ്ങള്‍ക്ക് എട്ടുപേര്‍ക്കും നിര്‍മ്മാല്യം തൊഴാന്‍ ഉള്ളില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആരും കയറുന്നില്ല. നിങ്ങള്‍ എല്ലാവരും പൊയ്ക്കൊള്ളുക. ഞങ്ങള്‍ ഇവിടെ നിന്നുകൊള്ളാം”. കുറച്ചു ഉറക്കെ ആയിപ്പോയോ എന്ന് സംശയം. അപ്പോഴേയ്ക്കും കാവല്‍ക്കാരന്‍ പറഞ്ഞു: ‘ഉദയാസ്തമന കുടുംബം – എട്ട് പേര്‍, മദിരാശിയില്‍ നിന്നും രണ്ട്," ==== ഈ ഭാഗം എനിക്കുവളരെ ഇഷ്ടപ്പെട്ടു. എല്ലാവരും എങ്ങനെ ആയാൽ ക്ഷേത്ര ഭരണക്കാരുടെ അഴിമതി നിറുത്താൻ പറ്റിയേക്കും'.

  ReplyDelete
  Replies
  1. നന്ദി ചേട്ടാ. അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ നിവൃത്തിക്കുക എന്നതും മക്കളുടെ കടമയാണല്ലോ. മാത്രമല്ല, "തികഞ്ഞ അദ്വൈതിയായ ആദിശങ്കരഭഗവദ്പാദര്‍ ആയിരത്തി ഇരുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച സഗുണാരാധന! " ഇതിന്റെ ചാരുത അറിയാനും അല്‍പ്പം ബുദ്ധിമുട്ടാവാം എന്ന് തോന്നിയത്, വാസ്തവത്തില്‍ എല്ലാം കഴിഞ്ഞപ്പോഴാണ്.

   Delete
 2. എല്ലാവരും എങ്ങനെ ആയാൽ ക്ഷേത്ര ഭരണക്കാരുടെ അഴിമതി നിറുത്താൻ പറ്റിയേക്കും'.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. "അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ നിവൃത്തിക്കുക എന്നതും മക്കളുടെ കടമയാണല്ലോ." ======= ഇതും ഇഷ്ടപ്പെട്ടു, ഇന്നതാണ് വളരെ വിരളം. ഇതൊന്നു വായിക്കുക; സമയം കിട്ടിയാൽ.
  http://shreenarayanagurudevan.blogspot.com/2015/09/blog-post.html

  ReplyDelete
 5. നമ്മുടെ പൂര്‍വികരുടെ സുകൃതം നമ്മള്‍ അനുഭവിക്കുന്നു. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇങ്ങനെ വല്ലപ്പോഴും ഓര്‍മ്മിക്കുവാന്‍ പോലും പലരും മറക്കുന്ന ഈ കാലത്ത് ഇത്തരം കുറിപ്പുകള്‍ മഹത് തന്നെ. ഗുരുവായൂരപ്പന്‍ തുണ.

  ReplyDelete
 6. സുകുമാര്-ജി
  ഉദയാസ്തമന പൂജയുടെ വിവരണം നന്നായിരിക്കുന്നു എന്നു മാത്രമല്ല ഈ എളിവയനും അതില്‍ പങ്കു കൊണ്ടു എന്ന അനുഭവവും ഉണ്ടായി. എല്ലാം ഭഗവാന്റെ അനുഗ്രഹം . ഏവര്ക്കും ആയുരാരോഗ്യസൌഖ്യം നേര്ന്നു കൊള്ളുന്നു.
  ചന്ദ്രശേഖരന്‍ 

  ReplyDelete
 7. പലവുരു വായിച്ചു. ഏറെ ഇഷ്ടമായി. ഇത് വായിക്കാന്‍ എനിക്കും അവസരംതന്നതിന് നന്ദി.. സന്തോഷം _/\_

  ReplyDelete
 8. Babu,once i noticed.now read again and again i could not read fully without tears.ellam aviduthey krupa!thanks babu for this 🙏🙏

  ReplyDelete