Thursday, August 13, 2015

പിതൃക്കള്‍ക്ക് ശാന്തി. കര്‍മ്മികളില്‍ മന:ശ്ശാന്തി!

ബലിതര്‍പ്പണം 2015. - കാശി- അലഹബാദ്, ഗയ, തൃശ്ശൂര്‍ 
ഇന്ന് കര്‍ക്കിടക വാവ്.


















എല്ലാ വര്‍ഷവും കര്‍ക്കിടകവാവിന് ബലിയിടാന്‍ സാധിക്കാറില്ല. കേരളത്തില്‍ പലയിടത്തും പിതൃതര്‍പ്പണം നടക്കുന്നു. ആണ്ടിലൊരിക്കല്‍ തനിക്ക് ജന്മം തന്നവരെ ആദരിക്കാനും ഓര്‍മ്മിക്കാനുമുള്ള ഒരു ദിവസം. മാത്രമല്ല, പിണ്ഡദാനങ്ങളിലൂടെ പ്രാണികള്‍ക്കും സഹജീവികള്‍ക്കുമുള്ള അന്നദാനം കൂടിയാണ് നാം ഇതുകൊണ്ട് സാധിക്കുന്നത്. മനുഷ്യര്‍ക്ക് പലതരം ഋണങ്ങള്‍(കടങ്ങള്‍) ഉണ്ടത്രേ, അതിലൊന്നാണ് ബലിയിടുന്നതിലൂടെ നാം വീട്ടുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ക്കാനും ബഹുമാനിക്കാനും പറ്റാതിരുന്നവരെക്കുറിച്ച് ഒരു സദ്‌സ്മരണ എന്നുമാവാം ഈ ബലിദാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പ്രായശ്ചിത്തം! പ്രകൃതിയോട് മനുഷ്യനുണ്ടാകേണ്ട സ്നേഹാദരങ്ങള്‍ക്കൊരു പ്രതീകം.


കാശിയില്‍ ഗംഗാതീരത്തും പിന്നീട് ഗയയിലും ഇക്കഴിഞ്ഞ ആഴ്ച  പിതൃബലി ചെയ്യാന്‍ എനിക്ക് യോഗമുണ്ടായി. ഇതിനായി അവസരങ്ങള്‍ അടുക്കടുക്കായി ഒത്തു വന്നു എന്ന് പറയാം. കൈലാസയാത്ര പോവാന്‍ ബുക്ക് ചെയ്തിരുന്ന എനിക്ക്, കഴിഞ്ഞ മേയില്‍ ഉണ്ടായ ഭൂകമ്പം കാരണം ആ യാത്ര തടസ്സപ്പെട്ടപ്പോള്‍ കാശി വിശ്വനാഥന്‍ അങ്ങോട്ട്‌ ക്ഷണിച്ചു. കൈലാസനാഥനു പകരം കാശീനാഥന്‍. അവിടെ എല്ലാക്കാര്യങ്ങളും കാണിച്ചു തരാനും ചെയ്യിക്കാനും ആളുമുണ്ടായി. കാശി യാത്രയെക്കുറിച്ച് പറഞ്ഞ അപ്പോള്‍ത്തന്നെ സ്വാമി ഉദിത് ചൈതന്യാജി പറഞ്ഞു: അവിടെ നമുക്ക് വേണ്ടപ്പെട്ട ആളുണ്ട്- ദാസേട്ടനും കുടുംബവും. ഉടനെതന്നെ സ്വാമിജി   അദ്ദേഹത്തെ ഫോണ്‍ ചെയ്ത് എനിക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരണം എന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ കാശിയില്‍ എത്തി അവിടെ നിന്നും മടങ്ങുന്നത് വരെ സുരേഷ് (ദാസേട്ടന്റെ ഏട്ടന്റെ മകന്‍) കൂടെത്തന്നെയുണ്ടായിരുന്നു. അന്‍പതിലേറെ കൊല്ലങ്ങളായി കാശിയില്‍ ജീവിക്കുന്ന ദാസേട്ടനും കുടുംബവും എല്ലാവര്‍ക്കും സഹായം നല്‍കി സാക്ഷാല്‍ ക്ഷേത്രം പോലുള്ള ഒരു വീട്ടില്‍ കൂട്ട് കുടുംബമായി കഴിയുന്നു. 
കാശിയില്‍ ദാസേട്ടന്റെ കൂടെ. അദ്ദേഹത്തിന്‍റെ വീട് തന്നെ അമ്പലം പോലെയാണ്.
കാശിയില്‍ എത്തിയ ആദ്യദിവസം തന്നെ ബലി തര്‍പ്പണം ചെയ്യാന്‍ പോയിരുന്നു. ക്ഷേമേശ്വര്‍ ഘട്ടില്‍ ഒരു തെലുഗു സ്വാമിയുടെ വീട്ടിലേയ്ക്കാണ് പോയത്. ആഘട്ടിന്റെ യജമാനന്‍. ഏകദേശം നാലഞ്ച് അടി വീതിയുള്ള നീണ്ട ഗലികളാണ് കാശി മുഴുവന്‍. അതിലൂടെ പശുവും മനുഷ്യനും ഓട്ടോയും, സൈക്കിള്‍ റിക്ഷയും മോട്ടോര്‍ സൈക്കിളും എല്ലാം തിരക്കില്‍ നീങ്ങുന്നു. ബേലുപുരയിലെ റോഡില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകത്താണ് മഠം. അവിടെ നിന്ന് കടവിലേയ്ക്ക് വീണ്ടും ഒരര കി.മി. ദൂരം. അവിടെ അത്യാവശ്യം മലയാളം മനസ്സിലാവുന്ന പണ്ഡിറ്റ്‌. ‘ഗംഗാജിയില്‍ സ്നാന്‍ കര്‍ക്കെ ആയിയേ’. ഈറന്‍ മുണ്ടുമായി കയറി വന്നു പൂര്‍വ്വികര്‍ക്കെല്ലാമായി 32 പിണ്ഡങ്ങള്‍ഉണ്ടാക്കി. ഇവിടെ അരി വെച്ചല്ല, ഗോതമ്പ് മാവുകൊണ്ടാണ് പിണ്ഡം ഒരുക്കുന്നത്. അച്ഛന്‍ അമ്മ, അവരുടെ പ്രപിതാക്കള്‍, ധര്‍മ്മപത്നിയുടെ പ്രപിതാക്കള്‍, കൂട്ടുകാരുടെ, ഗുരുക്കന്മാരുടെ, ദേശത്തിലെ വേണ്ടപ്പെട്ടവരുടെ, നമ്മുടെ കുടുംബത്തിലും മറ്റും വളര്‍ത്തി പിരിഞ്ഞുപോയ പക്ഷി മൃഗാദികളുടെ, കൂടാതെ അറിയാതെയും അറിയപ്പെടാതെയും കഴിഞ്ഞു കടന്നുപോയ അനേകരുടെ ഓര്‍മ്മയില്‍ എള്ളും പൂവും മഞ്ഞളും അര്‍പ്പിച്ച് ജലം പകര്‍ന്ന് മനസ്സ് നിറയെ എല്ലാവര്‍ക്കും ഉദകക്രിയ ചെയ്തു. ഗംഗ നല്ലവണ്ണം നിറഞ്ഞൊഴുകുന്നു. ആരും വള്ളം ഇറക്കുന്നില്ല. കടവുകളില്‍ മുകളിലത്തെ പടവുകള്‍ മാത്രമേ കാണാനാകുന്നുള്ളു. പണ്ഡിറ്റ്‌ പറഞ്ഞു ‘നീങ്ക അന്നദാനം കൊടുക്കണം. എത്ര പേര്‍ക്കെന്നു മനസ്സില്‍ പറയൂ. ഒരാള്‍ക്ക് 100 രൂപയെങ്കിലും വേണം... ദക്ഷിണ യഥേഷ്ടം മതി. അവനവന്റെ കഴിവ് പോലെ.’ ബലി കഴിഞ്ഞാല്‍ പിന്നെ അന്ന് വീണ്ടും കുളിക്കാന്‍ വയ്യത്രെ. പിന്നീട് അദ്ദേഹം പറഞ്ഞു, കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമേ സ്ത്രീകള്‍ക്ക് പിണ്ഡം കൊടുക്കൂ. അവിടെ നിങ്ങള്‍ക്ക് സ്ത്രീ ശക്തിയാണല്ലോ പ്രധാനം!  വടക്കുള്ളവര്‍ വരുമ്പോള്‍ പിതൃക്കള്‍ എന്ന് പറഞ്ഞാല്‍ പാരമ്പരയിലെ ആണുങ്ങള്‍ക്ക് മാത്രമേ പിണ്ഡം വയ്ക്കൂ.


ദക്ഷിണ കൊടുത്ത് ഗംഗയെ തൊഴുത് മടക്കം. വീണ്ടും ക്ഷേമേശ്വര്‍ ഘട്ടിന്റെ ‘ഉടമ’യുടെ മഠം. അവിടെയും ദക്ഷിണ. അനുഗ്രഹം. നല്ല ഒന്നാന്തരം സൌത്ത് ഇന്ത്യന്‍ കാപ്പി. ഗലിയിലൂടെ ബൈക്കില്‍ അതിശീഘ്രം പുറംനിരത്തിലേയ്ക്ക്.
കാശിയില്‍ ബലിതര്‍പ്പണം ചെയ്ത ക്ഷേമേശ്വര്‍ ഘട്ട്.

പ്രയാഗ- അല്ലഹാബാദിലേയ്ക്ക്

അല്ലഹാബാദ് – പ്രയാഗ. ഗംഗാ-യമുനാ-സരസ്വതീ സംഗമം.



















സംഗമസ്നാനം പ്രയാഗയില്‍.
ഈ ബലിയുടെ പരിസമാപ്തി പിറ്റേന്ന് അലഹബാദിലും അതിന്റെ പിറ്റേന്ന് ഗയയിലും ആയിരുന്നു. അലഹബാദില്‍ പ്രയാഗ- ഗംഗ, യമുനാ, സരസ്വതി സംഗമം. സരസ്വതി അന്തര്‍വാഹിനിയാണത്രേ. അത് തേടിപ്പോയവര്‍ തിരിച്ചു വന്നിട്ടില്ല. ഗംഗയും യമുനയും ഇന്ന് മത്സരിച്ചു നിറഞ്ഞു കുതിക്കുകയാണ്. നല്ല കാവിമണ്ണിന്റെ നിറമുള്ള വെള്ളം. സംഗമസ്ഥാനത്ത് ഏകദേശം ഒരു കിലോമീറ്ററെങ്കിലും ആഴമുണ്ടെന്നു വള്ളക്കാരന്‍. അവിടെ സംഗമസ്ഥാനത്ത് വേണം മുങ്ങാന്‍. അതെങ്ങിനെ സാധിക്കും എന്ന് വിചാരിക്കുമ്പോഴേയ്ക്ക് അനേകം വള്ളങ്ങളില്‍ ഒന്ന് ഒരു ‘മാലിക്ക്’ തയ്യാറാക്കി വച്ചു. ‘സാബ് കോ ഉധര്‍ ലേകേ ആവോ’. ഒന്നര-രണ്ടു  കി.മി അകലെ സംഗമസ്ഥാനത്തേയ്ക്ക് – പൊരിഞ്ഞ വെയില്‍. ഏകദേശം 40 ഡിഗ്രി ചൂട്. കാവി നിറത്തില്‍ ഗംഗ. മെലിഞ്ഞുണങ്ങിയ വള്ളക്കാരന്‍. സംഗമസ്ഥാനത്ത് കുറേ വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടി വച്ചിട്ടുണ്ട്. ഞങ്ങളുടെ വള്ളവും അങ്ങോട്ട്‌ ചെന്നു. ‘കപ്പട ബദല്‍കേ ആയിയേ’ ഒരു പാണ്ഡ വിളിച്ചു പറഞ്ഞു. അവിടെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ നിന്നും ഊഞ്ഞാല്‍ പോലെ ഒരു പ്ലാറ്റ്ഫോം വെള്ളത്തില്‍ ഇറക്കിയിരിക്കുന്നു. നമുക്ക് ആ പലകയില്‍ നിന്നുകൊണ്ട് കയറിലും മുളക്കമ്പിലും പിടിച്ചു മുങ്ങാം. അത് യഥാര്‍ത്ഥ സംഗമസ്ഥാനമാണത്രേ! തെളിഞ്ഞ ജലമാണെങ്കില്‍ ഗംഗയിലെയും യമുനയിലെയും ജലത്ത്നു നിറവ്യത്യാസം കാണും. എന്നാല്‍ ഇപ്പോള്‍ എല്ലാം കാവി മായം. നല്ല ചൂട്. കുളിരൂറിയ ഗംഗയില്‍ ‘തീന്‍’ മുങ്ങലിനു പകരം പതിനൊന്നു മുങ്ങല്‍. ‘ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ദ്ധനം, ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുഷ്ടീയ മാമൃതാത്’.. വള്ളത്തില്‍ കയറിയതും ദേഹത്തുപറ്റിയ വെള്ളമെല്ലാം പെട്ടെന്ന് വറ്റിപ്പോയി. വള്ളങ്ങളില്‍ ഒറ്റയും ഇരട്ടയും അനേകവും ആള്‍ക്കാര്‍ വന്നു മുങ്ങി മടങ്ങുന്നു. കരയില്‍ തകൃതിയായി കച്ചവടം. അടുത്ത് ഹനുമാന്റെ അമ്പലം. സങ്കടമോചനം, അതുലിത ബലധാമം....






















സംഗമസ്ഥാനത്ത് മുങ്ങാന്‍ ‘ദേശി ജുഗാഡ്‍’ ഊഞ്ഞാല്‍
വള്ളക്കാരന്‍ പറഞ്ഞു, സാബ് എനിക്കുള്ളത് ഇവിടെ വച്ചു തന്നെ തരൂ. മാലിക്ക് കണ്ടാല്‍ അത് അയാള്‍ വാങ്ങും. നൂറു രൂപ അവന്. ഊഞ്ഞാല്‍ കെട്ടി മുങ്ങാന്‍ സഹായിച്ച ആള്‍ക്ക് ഇരുപത് രൂപ. വള്ളത്തിന്റെ മാലിക്കിന് ഒരു ഇരുന്നൂറുകിലോയെങ്കിലും തൂക്കമുണ്ടാവും, വായ്‌ നിറയെ പാന്‍. അതുകൊണ്ട് സംസാരമില്ല. അടുത്തുപോയാല്‍ പെരുമ്പാവൂരിലെ ഞായറാഴ്ചയുടെ മണം. അയാള്‍ക്ക് നാനൂറു രൂപ.


ഗയ – പിതൃതര്‍പ്പണത്തിന്റെ പരിസമാപ്തി.



ഗയ- ശ്രാദ്ധം, പിതൃതര്‍പ്പണം, ബലി.



















പിതൃബലിയുടെ മൂന്നാം (അവസാനം) ഭാഗം ബീഹാറിലെ ഗയയിലാണ്. ഇത് കൂടി കഴിഞ്ഞാല്‍ ജീവിതത്തില്‍ ചെയ്യാനുള്ള എല്ലാ ശ്രാദ്ധവും ചെയ്തു കഴിഞ്ഞു എന്നാണ്. ശ്രദ്ധയോടെ ചെയ്യേണ്ടത്, ശ്രാദ്ധം. ‘ശ്രദ്ധാവാന്‍ ലാഭതേ ജ്ഞാനം’ എന്നുണ്ടല്ലോ! ശ്രീരാമചന്ദ്രന്‍ ലക്ഷ്മണനും സീതയുമൊത്ത് ദശരഥനു വേണ്ടി ശ്രാദ്ധം ചെയ്തത് അവിടെ ഫാല്‍ഗുനി (നിരഞ്ജന നദി എന്നാണ് രാമായണത്തില്‍) നദീ തീരത്താണ്. വാസ്തവത്തില്‍ സീത മാത്രമാണ് അപ്പോള്‍ അവിടെ ബലിയര്‍പ്പിച്ചത്. രാമലക്ഷ്മണന്മാര്‍ ശ്രാദ്ധത്തിനു വേണ്ട സാമഗ്രികള്‍ ഒരുക്കാന്‍ പോയിരുന്നു. എന്നാല്‍ മുഹൂര്‍ത്തമായതിനാല്‍ ധാന്യത്തിന് പകരം മണല്‍ ഉരുട്ടി സീതാദേവി പിണ്ഡമര്‍പ്പിക്കുകയാണ് ചെയ്തത്. അത് ദശരഥരാജന്റെ കൈകള്‍ മണലില്‍ നിന്നും പൊങ്ങിവന്നു സ്വീകരിക്കുകയും ചെയ്തു! എന്നാല്‍ ഫാല്‍ഗുനി നദിയും അവിടെ നിന്നിരുന്ന ഒരു പശുവും സീതാദേവിയുടെ ബലിപൂര്‍ണ്ണതയ്ക്ക് സാക്ഷ്യം പറയാന്‍ നിന്നില്ലത്രേ! എന്നാല്‍ അടുത്തുള്ളൊരു അരയാല്‍ വൃക്ഷം മാത്രം സീതയുടെ ബലിസാഫല്യത്തിന് സാക്ഷ്യം പറഞ്ഞു എന്നാണ് കഥ.

അവിടെ ഫാല്‍ഗുനിനദിയില്‍ പൊതുവേ വെള്ളം കുറവാണ്. സീതാ ദേവിയുടെ ശാപമാണത്രേ. ഫാല്‍ഗുനിയില്‍ പൊതുവേ കുളിവേണമെന്നില്ല.ഈറനും നിര്‍ബന്ധമില്ല. ബലിയിട്ടു ഗോതമ്പുണ്ടകള്‍ പിണ്ഡമായി അര്‍പ്പിച്ചശേഷം പിണ്ഡശേഷം പശുവിനു ഭക്ഷണമായും ബാക്കി നദിയിലും മൂന്നാമത്തെ പങ്ക് വിഷ്ണുപാദത്തിലും സമര്‍പ്പിച്ചു. വിഷ്ണുപാദം എന്നത് ക്ഷേത്രത്തിലെ ഒരു ശിലയില്‍ പ്രകൃത്യാ ഉണ്ടായി വന്നത് പോലുള്ള ഒരു പാദരൂപമാണ്. അവിടെ പൂവും പിണ്ഡാന്നവും അര്‍പ്പിച്ചു.  പണ്ഡിറ്റ്‌ ഇവിടെയും ‘അന്നദാനം മഹാദാനം’ എന്നോര്‍മ്മിപ്പിച്ചു. ഇത്തവണ ബ്രാഹ്മണഭോജനമാണ് പറഞ്ഞത്. ‘എത്ര പേര്‍ക്കാണ് വിചാരിക്കുന്നത്?. അത് പറഞ്ഞു. ഒരാള്‍ക്ക് നൂറ്റിയന്‍പത് രൂപയാണ് കേട്ടോ!’. പിന്നീട് പറഞ്ഞു. എന്തൊക്കെയാണ് ജീവിതത്തില്‍ വര്‍ജ്ജിക്കാന്‍ പോകുന്നത്? ഒരു പച്ചക്കറി, ഒരു പഴവര്‍ഗ്ഗം. എന്നിവ ഉപേക്ഷിക്കണം. അവ ഇനി കഴിക്കാനേ പാടില്ല. ഇഷ്ടമുള്ള പച്ചക്കറി – പാവയ്ക്ക തന്നെ, സ്വാമി ഉദീത് ചൈതന്യാജി വീട്ടില്‍ വന്നപ്പോള്‍ രണ്ടാളും കൂടി തയ്യാറാക്കിയത് പോലും പാവക്ക ഉപ്പേരിയാണ്. ഇനിയത് വേണ്ട എന്ന് വയ്ക്കുക. പിന്നീട് ഒരു പഴം കൂടി ഉപേക്ഷിക്കണം. ‘സീതപ്പഴം’ ആവാം. ഉടനേ തന്നെ പണ്ഡിറ്റ്‌ പറഞ്ഞു. ഇതെല്ലാം ധര്‍മ്മപത്നിക്ക് കൂടി ബാധകമാണ്. വിവാഹിതനാണെങ്കില്‍ നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങള്‍ എല്ലാം  സഹധര്‍മ്മിണിക്ക് കൂടി അവകാശപ്പെട്ടതാണ്. പിന്നെ ചോദിച്ചു. സഹധര്‍മ്മിണികളായി ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവര്‍ക്കും ഇതെല്ലാം ബാധകം! ആവൂ സമാധാനം! ഒരാളെ പറഞ്ഞു മനസ്സിലാക്കിയാല്‍ മതിയല്ലോ!

സ്വന്തം പിണ്ഡം സമര്‍പ്പിക്കാന്‍ എന്താണ് വിധി എന്ന ചോദ്യത്തിന് പണ്ഡിറ്റ്‌ മറുപടി പറഞ്ഞു: 'ആവാം, ഇനി വീട്ടില്‍ പോകേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ മാത്രം'. ഇല്ല, ഗൃഹസ്ഥന് കടമകള്‍ ഉണ്ടല്ലോ!

വീണ്ടും പുതു തലമുറയ്ക്ക് ശ്രാദ്ധം ചെയ്യാന്‍ അവസരവും കര്‍മ്മ കാണ്ഡത്തെപ്പറ്റി ചെറിയൊരു പ്രായോഗിക പരിചയവും. ഇന്ന് കര്‍ക്കിടക വാവ്. പിതൃക്കള്‍ക്ക് ശാന്തി. കര്‍മ്മികളില്‍ മന:ശ്ശാന്തി!

















ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ 
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവാശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര 
ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി

മാതൃ വംശേ മൃതായേശ്ച
പിതൃവംശെ തഥൈവ ച 
ഗുരു ശ്വശുര ബന്ധൂനാം
യെ ചാന്യേ ബാന്ധവാമൃത 
യേ മേ കുലേ ലുപ്ത പിണ്ഡാ 
പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ 
ജാത്യന്താ പങ്കവസ്ഥതാ 
വിരൂപാ ആമഗര്ഭാശ്ചാ
ജ്ഞാതാജ്ഞാതാ കുലേ മമ 
ഭൂമൗ ദത്തെന ബലിനാ 
തൃപ്തായാന്തു പരാം ഗതിം 
അതീത കുല കുടീനാം 
സപ്ത ദ്വീപ നിവാസീനാം 
പ്രാണീനാം ഉദകം ദത്തം 
അക്ഷയം ഉപ്തിഷ്ടതു:

അര്‍ത്ഥം:
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, 
എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും 
ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.
 
എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും,ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും,
ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. 

ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. 
അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

2 comments:

  1. കുറിപ്പ് നന്നായി, സുകുമാർ ജി. ചിത്രങ്ങളും.

    ReplyDelete
  2. പിതൃബലി പ്രാർത്ഥന:
    💠💠💠💠💠💠💠
    ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
    വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
    മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
    ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
    മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
    ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
    യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
    ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
    വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
    ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
    അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
    പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
    (അർത്ഥം: എന്റെ മാതാപിതാക്കളുടെ വംശത്തിൽ പിറന്നവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഭൃത്യരായവരും എന്നെ സേവിച്ചവരും സഹായിച്ചവരും എന്റെ ആശ്രിതരായിരുന്നവരും ആയ എല്ലാവർക്കും, എൻറെ എല്ലാ സുഹൃത്തുക്കളും പങ്കാളികളും ജീവിതത്തിനായി ഞാൻ ആശ്രയിച്ചിട്ടുള്ള സസ്യ ജന്തു ജാലങ്ങളും എനിക്ക് നേരിട്ടും അല്ലാതെയും തുണ നൽകിയവരും നിരവധി ജന്മങ്ങളിൽ എൻറെ പങ്കാളികളുമായിരുന്ന ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഈ പിണ്ഡവും ജലവും പുഷ്പവും പ്രാർഥനയും സമർപ്പിയ്ക്കുന്നു .
    എൻറെ മാതൃകുലത്തിലും പിതൃ കുലത്തിലും ജീവിച്ചിരുന്നവർക്ക് വേണ്ടി, ഗുരുക്കൻമാരുടെയും ബന്ധുക്കളുടെയും മരുമക്കളുടെയും കുലത്തിലുള്ള പരേതർക്കു വേണ്ടിയും, മുൻ പിണ്ഡം ലഭിയ്ക്കാത്തവർക്കു വേണ്ടിയും അനാഥർക്കും, പല കാരണങ്ങളാൽ മറ്റുള്ളവർക്കായി നന്മ ചെയ്യാൻ കഴിയാതെ പോയ ഏവർക്കും, ദാരിദ്ര്യത്തിൽ ജനിമരണങ്ങൾ കഴിഞ്ഞു പോയ എല്ലാവർക്കും , മ്ലേച്ഛരും അകാല ചരമം പ്രാപിച്ചവരുമായ പരേതർക്കും ജനനത്തിനും മുൻപേ ഗർഭത്തിൽവച്ചു തെന്നെ മരിച്ചവർക്കും, മരിച്ചുപോയ- അറിയുന്നതും അറിയപ്പെടാത്തതും ആയ എന്റെ എല്ലാ ബന്ധുക്കൾക്കും , എല്ലാവർക്കും കൂടി വേണ്ടിയും ഞാൻ ഈ പ്രാർത്ഥനയും പിണ്ഡവും ജലവും എള്ളും സമർപ്പിയ്ക്കുന്നു.
    ആഹ്ലാദപൂർവ്വം ഈ ലോക വാസം കഴിച്ച അനശ്വരരായ ഏവർക്കും വേണ്ടിയും ഞാൻ ഇതു സമർപ്പിക്കുന്നു . സപ്തഭൂഖണ്ഡങ്ങളിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ഏവർക്കും എല്ലാ ജന്തുക്കൾക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ ആത്മാക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി വസിക്കുവാൻ ഞാൻ ഈ പിണ്ഡവും ജലവും സമർപ്പിയ്ക്കുന്നു.)

    ReplyDelete