യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നിഷിദ്ധമോ?
ഡോ. സുകുമാര്‍ കാനഡ
ചാനല്‍ ചര്‍ച്ചകള്‍ക്കും
ബുദ്ധിജീവികളുടെ വിമര്‍ശനശരങ്ങള്‍ക്കും ഇരയാവാന്‍ പോകുന്നത് ശബരിമലയാണെന്നൊരു
തോന്നല്‍. അടുത്തയിടയ്ക്ക് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്താല്‍ ആ
തോന്നല്‍ അസ്ഥാനത്താവില്ല എന്ന് തോന്നുന്നു. യൌവനയുക്തകളായ സ്ത്രീകളെ
എന്തുകൊണ്ടാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് എന്നതിനെപ്പറ്റി കഴിഞ്ഞകൊല്ലം
മണ്ഡലക്കാലത്ത് മാദ്ധ്യമങ്ങളില്‍ പലവിധത്തിലുള്ള സംവാദങ്ങളും നടക്കുകയുണ്ടായല്ലോ. കുറച്ചുപേര്‍
അയ്യപ്പന്മാര്ക്കായി പമ്പയിലേയ്ക്ക് പ്രത്യേകം ഓടിക്കുന്ന സര്‍ക്കാര്‍ബസ്സുകളില്‍
സ്ത്രീകളെ കയറ്റാത്തതിന് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ചിലര്‍ സൂത്രത്തില്‍
അമ്പലപരിസരത്ത് പോയി വരികയും മറ്റും ഉണ്ടായി എന്നും തോന്നുന്നു.
അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന
രീതിയിലും മറ്റുമാണ് വാദഗതികള്‍ മുന്നോട്ടുപോയത്. ദൈവത്തിനു ആണിനോടോ പെണ്ണിനോടോ
പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍
തന്നെയാണീ അയ്യപ്പന്! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍
ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട
കാര്യമില്ല. എന്നാല്‍ ഹിന്ദുവിന്റെ ഈശ്വരസങ്കല്‍പ്പം അത്ര എളുപ്പത്തില്‍
മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്ത്തും
അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ
സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും
നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി
ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം.
വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും
അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. ദൈവസന്നിധിയായ
കോവിലുകളിലേയ്ക്ക് പോകുന്നവരെ വഴികാട്ടുന്നതിനായി മാത്രമാണ് ആചാരങ്ങളും
അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.
ദര്‍ശനവൈവിദ്ധ്യതയും അതിലെ സ്വാതന്ത്ര്യവും സനാതനമതത്തിന്
മുതല്‍ക്കൂട്ടാകുന്നത് മനുഷ്യര്‍ക്ക് അവരവരുടെ വാസനയ്ക്കനുസരിച്ചുള്ള ആത്മീയപാത
പിന്തുടരാനും പിന്തുടരാതിരിക്കാനുമുള്ള അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന സിദ്ധാന്തപദ്ധതിയാണത്
എന്നുള്ളതുകൊണ്ടാണ്. ‘മാടനെയും മറുതയേയും’ കുടിവെച്ചാരാധിക്കുന്ന ഒരാള്‍ക്ക്
അദ്വൈതവേദാന്തത്തിന്റെയും ഉപനിഷദ് ദര്‍ശനത്തിന്റെയും സാരമോ ഗാംഭീര്യമോ
പിടികിട്ടണമെന്നില്ല. അഥവാ പിടികിട്ടിയാലും ‘അത് മാത്രമാണ് ശരിയെന്ന’ ഒരു
ന്യൂനപക്ഷത്തിന്റെ നിഗമനത്തില്‍ അയാള്‍ എത്തണമെന്നുമില്ല.
വേദാനുസാരിയായി മാത്രം ജീവിക്കുകയും അനുയായികളെ
പഠിപ്പിക്കുകയും ചെയ്താലേ സനാതനധര്‍മ്മത്തിന്റെ വക്താവാകാന്‍ പറ്റൂ എന്നാരെങ്കിലും
പറഞ്ഞാല്‍ എന്താണ് ‘വേദാനുസാരം’ എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കേണ്ടിവരും.
ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള ഷോഡശസംസ്കാരത്തെ ബഹുമാനിച്ചു
പാലിക്കുന്നതുകൊണ്ട് മാത്രം ഒരുവന്റെ ജീവിതം വേദാനുസാരിയാകും എന്ന് പറയുന്നത്
ഭാഗികമായി മാത്രമേ ശരിയാവുന്നുള്ളു.
ഭാരതീയ തത്വചിന്തയിലെ ഷഡ്ദര്ശനങ്ങള് - ബൌദ്ധം, ചര്‍വ്വാകം,
നൈയായിക-വൈശേഷികം, ജൈനം, സാംഖ്യം, യോഗം തുടങ്ങിയവയാണല്ലോ. (ഇതില്‍ത്തന്നെ ചില നിര്‍വചന
വ്യതിയാനങ്ങള്‍ ഉണ്ട്.) ഷഡ്ദര്‍ശനപരിധിയില്‍നിന്നു കൊണ്ടാണെങ്കില്‍ ചര്‍വ്വാകം
പോലുള്ള നിരീശ്വരമതത്തിന്റെപോലും നിലനില്‍പ്പിനെ എതിര്‍ക്കാത്ത വിശാലമായ
‘വേദാനുസാരനീതിയെ’ മാത്രമേ ഞാന്‍ സനാതനം എന്ന് കണക്കാക്കുകയുള്ളൂ. അദ്വൈതിയും
ദ്വൈതിയും ഇവ കൂടാതെയുള്ളവരും ഇതിലുണ്ടാകണം. പുരാണേതിഹാസങ്ങളെപ്പറ്റി, “ന തു
പാരമാര്‍ത്ഥ്യം’ എന്ന് വ്യാസന് പറഞ്ഞിട്ടുള്ളതിനാല്‍ പുരാണങ്ങള്‍ വെറും
കെട്ടുകഥകള്‍ മാത്രമാണെന്ന് പറയാന്‍ ചിലര്‍ക്കുള്ള അവകാശംപോലെ മറ്റുള്ളവര്‍ക്ക്
ശ്രീകൃഷ്ണനെയും ശ്രീരാമനെയും അയ്യപ്പനെയും വാവരെയും മറ്റും വ്യക്തിനിഷ്ഠമായി,
ആരാധിക്കാനും പുരാണേതിഹാസങ്ങള്‍ ഉണ്മയാണെന്നു കരുതി നമ്രശിരസ്കരാവാനും ഉള്ള സ്വാതന്ത്ര്യവും
ഉണ്ടാവണം. രണ്ടു തരം തത്വചിന്തകള്‍ക്കും ഒരുപോലെ തന്നെ പ്രാധാന്യമുണ്ട് എന്ന് ഞാന്‍
കരുതുന്നു. ‘അജനും അവ്യയനും അമൂര്‍ത്തനു’മായ പരംപൊരുളിനെ അറിയലാണ് ‘ശരിയായ’
ആത്മീയതയെന്നും മറ്റും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്
വൃഥാവ്യായാമമാണ്. കാരണം സ്വയം മറനീക്കിക്കണ്ടെത്തേണ്ട നേരരിവിനെ ആര്‍ക്കെങ്ങിനെ
മറ്റുള്ളവരെ പഠിപ്പിക്കുവാനാകും? (യോഗവാസിഷ്ഠം).
ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും
നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍
നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍
തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ
തടസ്സപ്പെടുത്തുന്ന പ്രവണത, ഈ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു.
സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ അനേകം ‘സാരൂപ്യ,
സാദൃശ്യ, സാലോക്യ ഭാവത്തിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്.
സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ
പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്റേതല്ലാത്ത മറ്റൊരു ദൈവസങ്കല്പ്പത്തിലും
എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത
ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും
മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര് വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്പ്പമാണ്
അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു
പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത്
അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും
സദാ കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന
ചെയ്യപ്പെടുന്ന ഭക്തരാണ്.
മണ്ഡലവ്രതത്തിന്റെ അല്ലെങ്കില്‍ ഏതൊരു വ്രതത്തിന്റെയും പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാം പൊതുവേ
ഒരറിവുണ്ട്. ഇസ്ലാംമതക്കാരിലാണെങ്കില്‍ നോയമ്പ് കാലത്ത് അവരില്‍ ഒരു പ്രത്യേകത
കാണാറുണ്ട്. എന്റെ ചെറുപ്പത്തില്‍ അച്ഛനുമായി പെരുമ്പാവൂര്‍ ചന്തയില്‍ പച്ചക്കറിക്കടയില്‍
പോയതാണ്. ഏതോ പച്ചക്കറിയുടെ കാര്യത്തില്‍ ഞാന്‍ കടക്കാരനുമായി ഒരല്പം വിലപേശി. ഉടനെ
അച്ഛന് പറഞ്ഞു” നീ ആ സാഹിബ് പറഞ്ഞ പൈസ കൊടുത്തേക്ക്. നോയമ്പ് പിടിക്കണ ആളാ. പറ്റിക്കില്ല”.
പറഞ്ഞു വരുന്നത് സമൂഹത്തില്‍ വ്രതാനുഷ്ടാനം കുറച്ചുപേരെയെങ്കിലും ധാര്‍മ്മികപാതയിലേയ്ക്ക്
നയിക്കുന്നുണ്ടെന്ന് തന്നെയാണ്. അല്ലെങ്കില്‍ സമൂഹം അങ്ങിനെയാണ് അവരെ കാണുന്നത്
എന്നാണ്.
മണ്ഡലക്കാലത്തെ വ്രതാനുഷ്ടാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍
ഉണ്ട്. നിത്യ ബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള
ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും
കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി
കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ പ്രധാനമാണ് താനും. “സന്നിധാനത്തിന്
വിശുദ്ധികൊണ്ടയ്യനാം അയ്യപ്പ നാമാധികാരിയായി, ഞാന്‍ അയ്യപ്പനാമാധികാരിയായി”
എന്നാണ് ഭക്തന് വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക്
നിയതമായ ചില ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം
മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത,
ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട
ബ്രഹ്മചര്യങ്ങളാണ്.
ഇനി സ്ത്രീ/പുരുഷ ബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത്
എന്ന് പരിശോധിക്കാം.
പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്.
1.
പുരുഷന് സ്ത്രീയെ,
അവളുടെ ശരീരത്തെ, ശ്രദ്ധിച്ചു നോക്കുന്നത്
2.
പുരുഷന് അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുന്നത് (വാക്കിലോ
ചിന്തയിലോ)
3.
ആ സ്ത്രീയോട് ചേരുവാന്‍ പുരുഷനില്‍ ആഗ്രഹമുണ്ടാവുന്നത്,
4.
പുരുഷന് തനിക്ക് ആഗ്രഹം തോന്നിയ സ്ത്രീയോട് സംസാരിക്കാന്‍
നിശ്ചയിക്കുന്നത്,
5.
അവളോടു സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്,
6.
പുരുഷന് അവളെ ചെന്ന് കാണുന്നത്,
7.
പുരുഷന് അവളോടു മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8.
പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.
ബ്രഹ്മചര്യേണ സംതിഷ്ഠേദപ്രമാദേന മസ്കരീ
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്പോ f ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ
ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ
തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത്
യുവതികളെ കാണാന്‍പോലും അയ്യപ്പഭക്തന്മാരെ അനുവദിക്കാത്തത്. പണ്ടൊക്കെ നാട്ടില്‍
അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ്
അയ്യപ്പന്മാര് മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.
കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള
വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര് അകലം
പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ
ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന് എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും
ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീകളെക്കൂടി
പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍
ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും
പെണ്ണിനും കഴിച്ചുകൂട്ടുക സാദ്ധ്യമല്ല.
എന്തുകൊണ്ടാണ് പുരുഷന്മാര്ക്ക് മാത്രം ശബരിമലദര്‍ശനം
അനുവദിച്ചിരിക്കുന്നത്? സ്ത്രീകള്‍ക്ക് മാത്രം ആകാന്‍ പാടില്ലേ? എന്നാണെങ്കില്‍
ആവാം എന്നാണ് എന്റെ ഉത്തരം. സന്യാസഭാവത്തിലുള്ള ഒരു സ്ത്രൈണദേവതാ സങ്കല്പം
ഉണ്ടാക്കി അതിലേയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ത്ഥാടനം നടത്തുന്നതിനെ ഞാന്‍
സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആറ്റുകാല്‍ പൊങ്കാല പോലുള്ള ആചാരങ്ങളില്‍
സ്ത്രീകള്‍ ആത്മാഭിമാനത്തോടെ പങ്കെടുക്കുന്നുണ്ടല്ലോ. അത് സ്ത്രീകളുടെ
ഉത്സവമായതുകൊണ്ട് പുരുഷന്മാര്ക്ക് പ്രത്യേകിച്ചൊരു പരാതിയുണ്ടെന്നു
തോന്നുന്നില്ല. ആറ്റുകാല്‍ അമ്പലം കാട്ടിലാവാഞ്ഞത് നന്നായി എന്നാണെന്റെ പക്ഷം. സ്ത്രീകള്‍ക്ക്
(ചിലപ്പോള്‍ പുരുഷന്മാര്ക്കും) നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും
സമാധാനമായി യഥേഷ്ടം നടക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലല്ലോ!
ഈ തിരക്കില്‍ യുവതികള്‍ക്ക് പോകണം എന്നുണ്ടോ?
സ്ത്രീ/പുരുഷന്മാരുടെ ‘വിഷയ’ നിയന്ത്രണം
സാമൂഹ്യചുറ്റുപാടുകളിലും ബാധകമാണ്. പടിഞ്ഞാറന്‍ നാടുകളില്‍, പ്രത്യേകിച്ചും
അമേരിക്കയില്‍ ഒരു പറച്ചിലുണ്ട് – “അപ്പിറ്റയ്സര്‍ വഴിയില്‍ നിന്നു കിട്ടിയാലും
ഡിന്നര്‍ വീട്ടില്‍ വന്നേ ആകാവൂ” എന്ന്. അഷ്ടമൈഥുനങ്ങളില്‍ ആദ്യത്തെ ഏഴും
അപ്പിറ്റയ്സര്‍ ആണ്. ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങളെപ്പറ്റിയല്ല ഞാനിവിടെ പറയുന്നത്. വെറുതെ കിട്ടുന്ന ഫ്രീ
അപ്പിറ്റയ്സറുകളെപ്പറ്റിയാണ്. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടുകളില്‍, ‘അപ്പിറ്റയ്സറുകള്‍’
തീര്‍ത്തും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. സിനിമകളും പരസ്യങ്ങളും ടീവിയും മറ്റും
നമുക്കത് വാരിക്കോരി തരുന്നുമുണ്ട്. മഹാനായ യേശുദാസ് പറഞ്ഞു ‘വടി’പിടിച്ച ജീന്‍സ് വിഷയവും, ലെഗ്ഗിന്‍സ് വിഷയവും ഇതോടു
ചേര്‍ത്ത് വായിക്കാം. ആണും പെണ്ണും എല്ലാമെല്ലാമൊഴിവാക്കി മസിലുപിടിച്ച് മൂടിപ്പുതയ്ക്കണം
എന്നെനിക്ക് അഭിപ്രായമില്ല. കാരണം ഇപ്പറഞ്ഞ ആപ്പിറ്റയ്സര്‍ മിതമായി ആസ്വദിക്കുന്ന
ആളെന്ന നിലയില്‍ത്തന്നെയാണ് ഞാനിത് പറയുന്നത്. എന്നാല്‍ വ്രതകാലത്തും ഞങ്ങള്‍ക്കീ
ആപ്പിറ്റയ്സറുകള്‍ പൊതുസ്ഥലങ്ങളില്‍, വ്രതശുദ്ധിയുള്ള കാട്ടില്‍പ്പോലും വിളമ്പിയേ
തീരൂ എന്ന് സ്ത്രീകള്‍, അല്ലെങ്കില്‍ പുരോഗമനവാദികള്‍ വാശിപിടിക്കുന്നത്
മര്യാദകേടാണ്. കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം
മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര് ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ
അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി
നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം
എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍-
ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ടികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും
നാം ഓര്‍ക്കണം.
ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് പോകാന്‍
മറ്റുഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അയ്യപ്പക്ഷേത്രങ്ങള്‍ ഉണ്ട്. കുളത്തുപ്പുഴയില്‍
അയ്യപ്പന് ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു
പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍
വാനപ്രസ്ഥനും ശബരിമലയില്‍ സന്യാസിയുമാണ് അയ്യപ്പന്. ഒരേയൊരയ്യപ്പന് എങ്ങിനെയാണ്
പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക.
ഒരേസമയം ഒരാള്‍ക്ക് അച്ഛനും, മകനും ഭര്‍ത്താവും ഭക്തനുമാവാന്‍ എന്താണ് തടസ്സം? ഈ അയ്യപ്പക്ഷേത്രങ്ങളിലും
മറ്റു നാടുകളിലുള്ള ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്ക്കും
ദര്‍ശനം നടത്താം. സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള
അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല
എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള
അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം
കാത്തിരിക്കണം എന്നല്ലേയുള്ളൂ?
നമ്മുടെ സങ്കല്‍പ്പത്തിലുള്ള സനാതനധര്‍മ്മത്തെ പ്രകടമാക്കി നിലനിര്‍ത്തുന്നത്
ആചാരങ്ങളാണ്, ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം,
അവയുടെ പരിപാലനം ഒരു സമൂഹത്തിന്റെ ആരോഗ്യലക്ഷണമാണ് കാണിക്കുന്നത്. ബഹുസ്വരതയില്ലാത്ത
സനാതനസംസ്കാരം സെമെറ്റിക് മതങ്ങളുടെ ‘കറുപ്പ്-വെളുപ്പ്’ ദ്വന്ദങ്ങളുടെ നിലവാരത്തിലായിപ്പോകും.
നാനാത്വത്തിലാണ് സനാതനസംസ്കാരം വിഭാവനചെയ്യുന്ന ഏകത്വം നിലനില്‍ക്കുന്നത്.
അവരവരുടെ നിര്‍വചനങ്ങള്‍ക്കൊത്ത് നാനാത്വം പ്രകടമാക്കാന്‍ എല്ലാവര്ക്കും അവസരം
നല്‍കുമ്പോഴാണ് ആത്മീയസമത്വമുണ്ടാവുന്നത്. എന്നാല്‍ സമത്വം പാലിക്കുന്നത്
കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരക്രമങ്ങളെ ഏകപക്ഷീയമായി വികലമാക്കിയിട്ടോ
നശിപ്പിച്ചിട്ടോ ആവരുത്. ‘താലിബാന് നശിപ്പിച്ച ബുദ്ധപ്രതിമകളെ’ മറക്കാന്‍
കാലമായിട്ടില്ലല്ലോ!
ചില ആചാരങ്ങൾ മുടക്കാൻ പാടില്ല. അത്ര തന്നെ !
ReplyDeleteഅങ്ങനെയൊക്കെയാണെങ്കിലും വ്രതമനുഷ്ടിച്ചു, പോകാൻ തയ്യാറാവുന്ന സ്ത്രീകളെ തടയണ്ടാ എന്നാണ് എനിക്കു തോന്നുന്നത്.
ReplyDeleteലേഖനം ഗംഭീരമായിരിക്കുന്നു.
ഇനിയും പ്രതീക്ഷിക്കുന്നു
കിടിലൻ!
ReplyDeleteഇതു മാത്രമല്ല; ഒരു കാര്യം കൂടി ചേർക്കണമെന്നു തോന്നി - വിട്ടു പോയതാണോ എന്നറിയില്ല.
41 ദിവസത്തെ വ്രത ശുദ്ധി എല്ലാ സ്ത്രീകൾക്കും പറ്റില്ല. ഒരു മാസമുറയെങ്കിലും അവർക്ക് ഇതിനിടക്ക് വരാതിരിക്കില്ല എന്നതു കൊണ്ടാണിത്.
ഇനി, എന്ത് കൊണ്ട് അവർ (സ്ത്രീകൾ) ഈ സമയത്ത് അശുദ്ധി ആവുന്നു? ഇതിനു ഐതീഹ്യത്തിൽ ഇന്ദ്രന് അസുര ഗുരുവിനെ അറിയാതെ സ്വന്തം ഗുരുവായി വരിക്കേണ്ടി വരുന്നുണ്ട്. പിന്നീട് ഇതുമാനസ്സിലാക്കിയ ഇന്ദ്രൻ ശുക്രാചാര്യരെ വധിക്കുന്നു. അങ്ങിനെ അയാൾക്ക് ബ്രഹ്മ ഹത്യാ പാപം ഉണ്ടാവുന്നു. അതിൽ നിന്നും രക്ഷപ്പെടാൻ വിഷ്ണുവിന്റെ ഉപദേശ പ്രകാരം ഭൂമി, കടൽ, നദി, സ്ത്രീ എന്നീ ഉത്കൃഷ്ട സൃഷ്ടികളിൽ തന്റെ പാപം ഭാഗിച്ചു - അല്ലെങ്കിൽ അവർ പാപം പേറാൻ തെയ്യാറായി! ആ പാപ ഫലമാണത്രെ സ്ത്രീകളുടെ ആർത്തവത്തിനു കാരണം (കൂടുതൽ എനിക്കും അറിയില്ല). ഈ ആര്‍ത്തവ രക്തത്തോടെ അവരുടെ പാപവും നീക്കപ്പെടുന്നു എന്ന് വിശ്വാസം. അതുകൊണ്ട് സ്ത്രീകൾ സ്വയം ആര്‍ത്തവ സമയത്ത് 'ബ്രഹ്മഹത്യ' പാപ ദോഷം ഉള്ളതിനാൽ എല്ലാ സദ് കർമ്മങ്ങളിൽ നിന്നും മനപ്പൂർവ്വം വിട്ടു നിന്നു; അതു പിന്നീട് ആചാരമായി. കൂടുതൽ അറിയുന്നവർ വന്നു തെറ്റുന്ടെകിൽ തിരുത്തുവാൻ അപേക്ഷിക്കുന്നു.
Excellent and informative article
ReplyDeleteThis comment has been removed by a blog administrator.
Delete41 ദിവസത്തെ വ്രതം എടുക്കുവാന്‍ സ്ത്രീകള്‍ക്ക് സാധ്യമല്ല --പ്രധാന കാരണം അതാണ് -സ്ത്രീകള്‍ ചെന്നാല്‍ അഥവാ അവരെ കണ്ടാല്‍ പ്രശ്നം ആകുന്നുവെങ്കില്‍ പിന്നെന്തിനാണ് ഈ പണിക്കു പോകുന്നത്? വേറെയും അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ അവിടെ പോയാല്‍ പോരെ? അതായത് ശബരിമല പോലെ ബ്രഹ്മചര്യം അനുഷ്ടിച്ചു പോകേണ്ട ദിക്കില്‍ അതിനു കഴിവുള്ളവ രാണ് പോകേണ്ടത് --അല്ലാത്തവര്‍ പോകുകയും അതിനനുസരിച്ച് നിയമങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട് --ആര്‍ത്തവ കാലവും അതിനോടനുബന്ധിച്ച കാര്യങ്ങളും ശാസ്ത്രമാണ് ഇതൊക്കെ കണക്കില്‍ എടുത്താണ് യുവതികള്‍ക്ക് പോകാന്‍ പാടില്ലെന്ന് പറയുന്നത് --സ്ത്രീകള്‍ക്ക് പോകാന്‍ പാടില്ല എന്നൊരു നിയമം ഇല്ലതാനും
DeleteLet the true ayyappa bhakthas decide this. The media and media savvy sanyasis have no role in it.
ReplyDeleteVery informative and logical
ReplyDelete