തിരുവോണക്കുളിര്
ആതിരക്കുളിരുലാവി
വന്നു തിരുവാതിരയ്ക്കന്നു നീ
ഉള്ളിനുള്ളിലൊരു
നേര്‍ത്ത രാഗസുധ എന്നിലൂയലാടി
മധുരമാമരിയ
പുളകഹര്ഷത്തിലതിതരള,മരികേ
അഴകിയന്ന നിന്മുഖവടിവില് ഞാന്‍ കണ്ടു കുങ്കുമപ്പൂ
പൂമുഖങ്ങളിലൊരായിരം
ദീപം തിരിതെളിച്ചപോലെ
കാമ്യമാമരിയ
കാമനകള്ക്കൊരഴകിയന്ന പോലെ
മെയ്യഴകിന്നു
മാറ്റുകൂട്ടുന്ന മയ്യുമെഴുതി നിന്നൂ
കാതരം നിന് കരവിരുതുകള്‍ കവിതപോലെ സ്നിഗ്ദ്ധം
മെഴുകിയഴകിലൊരുക്കി വച്ചു പൂക്കളമൊരുക്കും വിരല്‍
പൂവു
നോവാതെയിതളിതളാക്കി ചിത്രമാക്കുന്നു നീ
കാവുകള്‍ തോറും വീശിയെത്തുന്ന കാറ്റിലീണമായി
നീയാദ്യമായന്നു
മൂളിയറിയാതെയെന്റെ നാലു വരികള്‍
സപ്തവര്‍ണ്ണങ്ങള്‍ നിന്നുലാവുന്ന സുപ്രഭാത വെയിലില്‍
നിന്നീറനായ
മുടിയിടയില്നിന്നുമുതിരുന്ന മുത്തുമണികള്‍
ചേര്‍ന്നു പെയ്യുന്നു പൂമുഖത്തിലൊരു സ്വര്‍ണ്ണ ചാറ്റല്‍ മഴ
സദിരിലാരോ
വിളംബ താളത്തില്‍ ആലപിക്കും വിധം
പദചലനത്തില്‍
നിന്റെ നെഞ്ചിലും ത്രിപുട താളമായോ
ദ്രുതമൃദംഗത്തിന്നതിരു
വയ്ക്കാത്ത താള ഭംഗിയായോ
എന്നകമലരിലെ
തേന്‍ നുകരുവാന്‍ ശലഭവൃന്ദമെത്തീ
അരികിലടികള്വെച്ചകലമറിയാത്തൊരകലമെങ്ങുപോയീ?
അഞ്ചുതിരിയിട്ട
ദീപമന്നു നീ സന്ധ്യയില്‍ തെളിച്ചു
കണ്ണിലായിരം
ദീപഭംഗി കണ്ടാടിയെന്റെ മനവും
മുറ്റമാകെനിന്
പുഞ്ചിരിപ്പൂ നിലാവില് മുങ്ങി നില്‍ക്കേ
മുഗ്ധ്നായ്
ഞാനു,മാപ്രഭാപൂര ദീപ്തിയില്‍ മയങ്ങീ.
No comments:
Post a Comment