Saturday, August 27, 2016

എഴുത്തിന്റെ അച്ഛന്‍ - ജന്മഭൂമി - 24 ജൂലായ്‌ 2016


എഴുത്തിന്‍റെ അച്ഛന്‍ 
ഡോ. സുകുമാര്‍ കാനഡ 

വിവേചനങ്ങള്‍ക്ക് എതിരായ പ്രതികരണം സാമൂഹ്യമാറ്റത്തിന് നാന്ദികുറിക്കുന്ന  കാവ്യങ്ങളാകുന്ന അസുലഭ വിപ്ലവമാണ് എഴുത്തശ്ശനിലൂടെ നാം കാണുന്നത്. വര്‍ണ്ണത്തിമിരം എഴുത്താണികൊണ്ട് നീക്കിയ എഴുത്തശ്ശന്‍, എഴുത്തിന്‍റെ അച്ഛനാവുന്നത് അക്ഷരവിപ്ലവത്തിലൂടെ അക്ഷരാതീതത്തിന്റെ പൊരുള്‍ കാണിച്ചു തരുന്നതിലൂടെയാണ് .

ഹരിനാമകീര്‍ത്തനം പാടി, ഹരിയുടെ
ഹൃദയാന്തരേ വസിക്കും ഗുരുവരന്‍
‘ഹരിശ്രീ’ എഴുതിച്ചെഴുത്തിന്‍റെ അച്ഛന്‍ 
തരുമക്ഷരത്തിന്‍റെ തണലെന്‍ മനസ്സില്‍
വിരിക്കേണ,മന്‍പോടുദിക്കേണ,മുള്ളി-
ലൊരക്ഷരാതീതപ്പൊരുളിന്‍ പ്രഭാവം
 
ജാതി നാമാദി ഗുണങ്ങള്‍ക്കുമപ്പുറം 
കാല ദേശാദിയാം നിലകള്‍ക്കതീതം
ആദ്യക്ഷരംമുതല്‍ ആദി പരംപൊരുളാ- 
ത്മനി ധ്യാനിച്ചുണര്‍ത്തുവാനായി
ആദ്ധ്യാത്മരാമായണാദി സമ്പത്തിനാല്‍ 
എത്രയും ധനികനെന്‍ ഭാഷയ്ക്കു താതന്‍  


കൃഷ്ണനാമാചാര്യ രാമാനുജന്‍, മഹാ
കാവ്യകൃതന്‍, കുലനാമ,ഗേഹാദ്യതീതന്‍    
ഏവനുമേതുനേരത്തുമെന്നും ഹരിനാമ 
കാവ്യരസായനം നിറവോടെയൂട്ടിയും
വര്‍ണ്ണത്തിമിരമെഴുത്താണിയാല്‍ നീക്കി   
സ്ഥിതപ്രജ്ഞധന്യമായ് ജീവിച്ചു കാട്ടിയും 
‘ബോധഹീനന്മാര്‍ക്കറിയാന’റിവിന്‍റെ * 
വാതായനം തുറന്നന്‍പുറവാര്‍ന്നവന്‍ 
തുഞ്ചത്തെഴുന്നോനെഴുത്തിന്‍റെയച്ഛന്‍.

---------------------------------------------------
*വേദസമ്മതമായി മുന്‍പുള്ള ശ്രീരാമായണം  
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍- 
അദ്ധ്യാത്മരാമായണം – ബാലകാണ്ഡം

No comments:

Post a Comment