ഒരു
വെജിറ്റേറിയൻ അപാരത
ഡോ. സുകുമാർ കാനഡ
ഇവിടെ
എന്റെ ഓഫീസിൽ കോവിഡ് കാലത്തിന് മുൻപ് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കമ്പനിവക ഒരു
ലഞ്ച് ഉണ്ടാവുമായിരുന്നു. ഇപ്പോൾ വീട്ടിലിരുന്നുള്ള പണിയായതിൽപ്പിന്നെ അതിന്
മുടക്കം വന്നു. എങ്കിലും വല്ലപ്പോഴും ഒത്തുകൂടാനുള്ള അവസരം പാഴാക്കരുതല്ലോ. ഈയാഴ്ച
ലഞ്ച് ഉണ്ടെന്ന് അറിയിപ്പ് വന്നപ്പോൾത്തന്നെ സാന്ദ്രയ്ക്ക് ടെക്സ്റ്റ് ചെയ്തു. “ഞാനും
ഉണ്ട്” ഉടനെ മറുപടി വന്നു. “വെജ്ഫുഡ് ഓർഡർ ചെയ്യാം. സീ യു സൂൺ”
കാനഡയിൽ
വാൻകൂവറിലേയ്ക്ക് ഇമിഗ്രന്റായി വരുന്ന കാലത്ത്, 90കളുടെ തുടക്കത്തിൽ ഇവിടെ വെജിറ്റേറിയൻ
ഭക്ഷണം കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മിക്കവാറും ‘മീറ്റ് ആന്റ് പൊട്ടറ്റോ’ തരം
ഭക്ഷണസമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സ്ഥിതി മാറി, മിക്കവാറും നല്ല
റെസ്റ്റോറന്റുകളിൽ എല്ലാം വെജ് ഐറ്റങ്ങൾ നിറയെ ഉണ്ട്. എങ്കിലും ഓഫീസ് പാർട്ടികളിൽ
നേരത്തെ പറഞ്ഞുവച്ചില്ലെങ്കിൽ നമുക്ക് വായു ഭക്ഷണമേ ഗതി.
‘92
ലോ മറ്റോ കൂടെ ജോലി ചെയ്യുന്ന ഒരു ശ്രീലങ്കൻ സുഹൃത്തിന്റെ കല്യാണപാർട്ടിക്ക് പോയിരുന്നു.
ബിന്ദുവിന്റെ കൂട്ടുകാരി ശ്രീലങ്കനും വരൻ ഇവിടുത്തെ വെള്ളക്കാരനുമാണ്. ഞങ്ങളെപ്പോലെ
എഞ്ചിനീയർമാർ തന്നെ. കല്യാണം
ശ്രീലങ്കയിലും; പിന്നെ ഇവിടെ ‘മിഷൻ’ എന്ന് പേരുള്ള ഒരു ‘ഓണം കേറാ മൂലയിലെ’ പള്ളി
പാരിഷ് ഹാളിൽ വെച്ചായിരുന്നു റിസപ്ഷൻ. അവിടെയുള്ളവർ ആദ്യമായാണ്
വെള്ളക്കാരല്ലാത്തവരെ കാണുന്നതെന്ന് തോന്നുന്നു. ഞങ്ങൾ ഇരുനിറക്കാർ ഒരുമിച്ച് ചെന്നപ്പോൾ
പലരും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ
അഞ്ചു സുഹൃത്തുക്കൾ ഒരു ചെറിയ കാറിൽ നൂറോളം കിലോമീറ്റർ യാത്രചെയ്ത് അവിടെ
എത്തിയപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായി. എല്ലാവരും ജോലിചെയ്ത് സമ്പാദിക്കാൻ
തുടങ്ങിയിട്ടേയുള്ളൂ. എന്റെയൊരു കുഞ്ഞൻ മാസ്ഡ കാറിലാണ് യാത്ര. നല്ല വെയിലുള്ള സമ്മർ
കാലമാണ്. കിട്ടാൻ പോവുന്ന സദ്യയെപ്പറ്റി ആലോചിച്ച് ഞാനും ബിന്ദുവും രാവിലെ ഒരു ചായ
മാത്രം കഴിച്ച് പുറപ്പെട്ടതാണ്. നാട്ടിൽ സദ്യയുള്ള ദിവസം ചെയ്യുന്നതുപോലെ.
“നമ്മൾ
വെജിറ്റേറിയൻസാണെന്ന് വിളിച്ചു പറയണോ?”
“ഏയ്
അതിന്റെ ആവശ്യമൊന്നുമില്ല. പ്രിയ ശ്രീലങ്കനാണല്ലോ. അവൾക്കറിയാം.”
റിസപ്ഷൻ
തുടങ്ങി, ആകെ ഒരു നാൽപ്പതുപേരുണ്ടാവും. വലിയ പ്രസംഗമൊന്നും ഉണ്ടായിരുന്നില്ല. ജോർജ്ജിന്റെ
അനിയൻ മാത്രം ശ്രീലങ്കയിൽ ചേട്ടത്തിയമ്മയുടെ വീടിന്റെ വലുപ്പത്തെപ്പറ്റിയും അവരുടെ
വീട്ടിലുള്ള വിലകൂടിയ കാറുകളെപ്പറ്റിയും വാചാലനായി. പ്രിയയുടെ അച്ഛൻ വലിയൊരു ടീ
എസ്റ്റേറ്റ് ഉടമയാണ്.
പുറത്തു
ഗാർഡനിലാണ് ബുഫേ രീതിയിൽ ഭക്ഷണം അറേഞ്ച് ചെയ്തിരിക്കുന്നത്. പഴയൊരു പള്ളിയുടെ പാരിഷ്
ഹാളിന്റെ മുറ്റത്ത് ഒരു മേശമേൽ ആറു വലിയ ട്രേകളിൽ ഭക്ഷണം നിരത്തി വച്ചിരിക്കുന്നു.
ആറാമത്തെതിൽ കുറച്ചു പച്ചനിറം കണ്ടു. ആദ്യത്തെ അഞ്ചിലും പലതരം മാംസവിഭവങ്ങളാണ്.
ഒരു ട്രേയിൽ ചോറുണ്ട്, പക്ഷേ അതിലും ചിക്കനോ മറ്റോ ഇളക്കി ചേർത്തിട്ടുമുണ്ട്.
പ്ലേറ്റുമായി ഞങ്ങൾ രണ്ടാളും കൂടെ വന്ന സുഹൃത്തുക്കളുമൊത്ത് വരിയിൽ നിന്ന് ഓരോ
ട്രേയും നോക്കി നോക്കി കടന്ന് പോയി, ഒന്നും എടുക്കാതെ അവസാനത്തെ ട്രേയുടെ അടുത്തു
ചെന്നു നിന്നു. ആവേശത്തോടെ പച്ചിലകൾ (സാലഡ്) കുറേ വാരി പ്ലേറ്റിലിട്ടു. അതിൽ
അവിടവിടെ ചുവന്ന നിറത്തിൽ ഒന്നു രണ്ടിഞ്ച് വലുപ്പത്തിൽ കാരറ്റ് കഷണങ്ങൾ കാണാം. അതോ
ബീറ്റ് റൂട്ടോ?
പ്ലേറ്റുമായി
സീറ്റിൽ വന്നിരുന്നത് ഒരു പ്രായമുള്ള മദാമ്മയുടെ അടുത്ത്. നല്ല വെള്ള നിറത്തിലുള്ള
ഫ്രോക്കാണ് വേഷം. നാടൻ കുലീനത തോന്നുന്ന പ്രകൃതം. സ്വർണ്ണത്തിലുണ്ടാക്കിയ ഒരു വലിയ
ബ്രൂച്ച് മാറിൽ കുത്തിവച്ചിട്ടുണ്ട്. പതിന്നാല്
കാരറ്റ് ആവണം. അതിൽ ക്രിസ്തുവിന്റെ ക്രൂശിതരൂപം. വരന്റെ അച്ഛൻപെങ്ങളാണ്. അവർ ബിന്ദുവിന്റെ
കയ്യിൽ പിടിച്ച് ലോഹ്യം പറഞ്ഞു. അവളും എഞ്ചിനീയറാണ് എന്ന് പറഞ്ഞപ്പോൾ അത്ഭുതം കൂറി.
“യു
ആർ സോ ടൈനി, പിന്നെയെങ്ങിനെ ട്രെയിൻ ഓടിക്കും?” അവർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ
ട്രെയിൻ എഞ്ചിൻ ഓടിക്കുന്നയാൾ എന്നേ അതുവരെ മനസിലാക്കിയിട്ടുള്ളൂ.
“ഇത്ര
നന്നായിട്ട് ഇംഗ്ലീഷ് പറയാൻ എവിടെനിന്നാണ് പഠിച്ചതെന്ന്” അവർക്ക് വീണ്ടും വിസ്മയം.
അവർ ആകെ യാത്ര ചെയ്തിട്ടുള്ളത് കാനഡയിൽ പ്രിൻസ് ജോർജ്ജ് എന്ന അടുത്തൊരു പട്ടണത്തിലേക്ക്
മാത്രമാണ്. ഇരുപത്തഞ്ചു മണിക്കൂർ പ്ലെയിനിൽ യാത്രചെയ്യണം ശ്രീലങ്കയിലേക്കും
ഇൻഡ്യയിലേക്കും എന്ന് പറഞ്ഞത് അവർ അത്രയ്ക്കങ്ങ് വിശ്വസിച്ചിട്ടില്ല. ഉടനെ അവർ
ബിന്ദുവിന്റെ പ്ലേറ്റിൽ നോക്കി.
‘എന്താ
ഡയറ്റിങ് ആണൊ?’
‘അല്ല,
ഞങ്ങൾ വെജിറ്റേറിയൻസാണ്. അവിടെ ഈ സാലഡ് മാത്രമേ കണ്ടുള്ളൂ.”
“നിങ്ങൾ
വെജിറ്റേറിയൻസിന് എവിടെനിന്നാണ് പ്രോട്ടീൻ കിട്ടുന്നത്?” എല്ലാ ഇൻഡ്യൻ വെജ്
ഭക്ഷണക്കാരും ഈ ചോദ്യം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും.
കിട്ടിയ
അവസരം മുതലെടുത്ത് സസ്യഭക്ഷണത്തിൽ എങ്ങിനെ പ്രോട്ടീൻ കിട്ടുമെന്ന് ദോശ, ഇഡ്ഡലി,
ചപ്പാത്തി ഉദാഹരണങ്ങൾ സഹിതം അവർക്ക് ക്ലാസ്സെടുത്തു. അവർക്ക് കാര്യമായി ഒന്നും
പിടികിട്ടിയിട്ടുണ്ടാവില്ല. അപ്പോഴാണ് അവരുടെ ചോദ്യം.
“എങ്കിലും
നിങ്ങൾ ബേക്കൺ കഴിക്കും അല്ലേ?”
“അയ്യോ,
ഇല്ല. എന്താ അങ്ങിനെ ചോദിക്കാൻ”
“നിങ്ങൾ
എടുത്ത സാലഡിൽ കിടക്കുന്നത് ബേക്കൺ ബിറ്റ്സ് ആണല്ലോ!”
ചുവന്ന
നിറത്തിൽ കിടക്കുന്ന ‘കാരറ്റ്’ കഷണങ്ങൾ പന്നിമാംസമാണെന്ന് മനസിലാക്കാനുള്ള
ബുദ്ധിയൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. പ്ലേറ്റുകൾ മാറ്റിവച്ചു.
കൂടെവന്ന
മൂന്നുപേരും എല്ലാം ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. വരനും വധുവും ഞങ്ങളുടെ
അടുത്ത് വന്നപ്പോൾ ഞങ്ങളും പറഞ്ഞു. “വൌ, ഫാന്റാസ്റ്റിക് റിസപ്ഷൻ”
ഒരു
പാത്രത്തിൽ ചായയുണ്ടായിരുന്നു. രണ്ടു ഗ്ലാസ്സ് വെറും ചായ കുടിച്ച് നാലുമണിയോടെ
അവിടെ നിന്നും ഇറങ്ങി. വഴിയിലും ആഹാരം കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒന്നും കണ്ടില്ല.
വീട്ടിലെത്തി ചോറും തൈരും കഴിച്ചപ്പോൾ സമാധാനമായി.
അതിൽപ്പിന്നെ
ഏത് പാർട്ടിയിലും വെജിറ്റേറിയൻ ഭക്ഷണം ഉണ്ടോ എന്ന് ഞാൻ തിരക്കും. അത്യാവശ്യം
സ്വാതന്ത്ര്യമുള്ള ഇടമാണെങ്കിൽ അതാവശ്യപ്പെടും.
മുപ്പതു
വർഷം ഫാസ്റ്റ് ഫോർവേർഡ്: നാലു വർഷം മുൻപ് ജോലി മാറി. പുതിയഓഫീസ് സെറ്റപ്പും
മറ്റുമായി ആദ്യം കുറച്ച് തിരക്കായിരുന്നു. ആദ്യത്തെ ‘കമ്പനി ലഞ്ച്’ അറിയിച്ചുകൊണ്ടുള്ള
ഇമെയിൽ വന്നപ്പോൾ ഞാൻ അത് കോർഡിനേറ്റ് ചെയ്യുന്ന സെക്രട്ടറി സാന്ദ്രയ്ക്ക് “വെജ്
ഓപ്ഷൻ ഉണ്ടാവുമല്ലോ അല്ലേ?”, എന്ന് മെയിൽ അയച്ചു.
“സാധാരണ
പതിവില്ല, പക്ഷേ ഐ വിൽ കീപ്പ് എ സെപ്പറേറ്റ് ട്രേ ഫോർ യു”.
പുതിയ
സ്ഥലമാണല്ലോ, ലഞ്ചിനു മുൻപ് അതുവരെ പരിചയപ്പെടാതിരുന്ന കുറച്ചുപേരെ കണ്ടു വർത്തമാനം
പറഞ്ഞു ചുറ്റി നടന്നു. പുതിയ ആളല്ലെ, ആക്രാന്തം വേണ്ട എന്നു കരുതി, ഒടുവിൽ ഭക്ഷണ
ട്രേകൾ വച്ചിട്ടുള്ള മേശയുടെ അടുത്ത് ഞാനും ഒരു പ്ലേറ്റുമായി ചെന്നു.
എനിക്കു
വേണ്ടി പ്രത്യേകം ഓർഡർ ചെയ്ത ഭക്ഷണം ഉണ്ടാവും എന്ന് ഉറപ്പുണ്ടല്ലോ! പക്ഷേ അവിടെ
കണ്ട കാഴ്ച്ച ദയനീയമായിരുന്നു. വെജ് ഒൺലി എന്നെഴുതിയ ട്രേ മുഴുവൻ വടിച്ചു
നക്കിയതുപോലെ കാലിയായി കിടക്കുന്നു.
അപ്പോഴും
അടുത്തുള്ളൊരു പാത്രത്തിലുള്ള ചായ എന്നെ നോക്കി ചിരിച്ചു.
സാന്ദ്ര
വന്നു പറഞ്ഞു. “ഓ, സോറി; ഞാൻ വെജ് ഒൺലി
എന്ന് ടാഗ് ചെയ്തിരുന്നു.”
“ദാറ്റ്സ്
ഓക്കെ. ടേക് ഇറ്റ് ഈസീ” ഞാൻ മാന്യനായി.
എന്നാലിപ്പോൾ
ഓഫീസ് ലഞ്ചുസമയത്ത് യാതൊരു നാണവുമില്ലാതെ, സീനിയർ സ്ഥാനത്തിന്റെ മാന്യതയും മര്യാദയൊന്നും
കാണിക്കാതെ ഞാനായിരിക്കും ആദ്യം ഭക്ഷണമെടുക്കുന്നത്. വെജ് ട്രേ കണ്ടാൽ
മാംസഭുക്കുകൾ അതാദ്യം കാലിയാക്കും എന്നാണനുഭവം. അനുഭവം ഗുരു! “ശരീരമാദ്യം ഖലു ധർമ്മ സാധനം” എന്നാണല്ലോ
ആപ്തവാക്യം? മൂപ്പത്തിരണ്ടുകൊല്ലത്തെ വിദേശവാസം അത്രയെങ്കിലും നമ്മെ പ്രബുദ്ധരാക്കണ്ടേ?
അതാ
വരുന്നൂ കലാതീതമായി ഞങ്ങൾ സസ്യാഹാരികൾക്ക് നേരെ ഉപയോഗിക്കാൻ പറ്റുന്ന ഒരൊളിയമ്പുമായി
മിഷേൽ മക്ഡൊണാൾഡ് എന്ന മദ്ധ്യവയസ്ക. മൂപ്പതുകൊല്ലമായി ഇതേ ഓഫീസിലാണ് ജോലി.
സുന്ദരിയാണെന്ന് അവൾ സ്വയം തീരുമാനിച്ചിട്ടുമുണ്ട്.
“സോ, സുകുമാർ,
ഹൌ ഡു യു ഗെറ്റ് യുവർ പ്രോട്ടീൻ?” കഴിഞ്ഞ തവണ ആറാട്ടുപുഴ അമ്പലത്തിൽ പോയപ്പോൾ
എടുത്ത ഒരു പടം ഫോണിൽ ഉണ്ടായിരുന്നു. പതിനഞ്ച് ആനകൾ നിരന്നു നിൽക്കുന്ന എഴുന്നള്ളിപ്പിന്റെ
പടം മിഷേലിന് കാണിച്ചുകൊടുത്തു.
“ഇത്
ചെറുത്!. തൃശ്ശൂര് പൂരത്തിന് ഇതിന്റെ ഇരട്ടി ആനകൾ ഉണ്ടാവും. ബൈ ദ ബൈ യു നോ വാട്ട്?
ഈ ആനകൾ ഒക്കെ വെജിറ്റേറിയനാണ്.”
അതിപ്പോ
സായ്പ്പിനു മാത്രമല്ല, ‘വെജിറ്റേറിയൻ ചലഞ്ച്’ ഉള്ളത്. കോവിഡ് തുടങ്ങും മുൻപ് അമേരിക്കയിൽ
ഡാളസിൽ ഒരു മലയാള സാഹിത്യസമ്മേളനത്തിന് ഭാര്യയുമൊത്ത് പോയിരുന്നു. നാട്ടിലെ കോളേജ്
കാലത്തെ ഓർമ്മിപ്പിച്ച, കവിയരങ്ങടക്കം കൊള്ളാവുന്ന കുറച്ച് പരിപാടികളിൽ
പങ്കെടുക്കാനും സാധിച്ചു. ഡിന്നർ സമയമായപ്പോൾ വെജ് ഭക്ഷണം എടുക്കാൻ ഭാര്യയുമായി
ആദ്യം തന്നെ ക്യൂ നിന്ന ഞങ്ങൾ ഞെട്ടിപ്പോയി. മുപ്പതുകൊല്ലം മുൻപ് മിഷനിൽ ഉണ്ടായ
അതേ അനുഭവം! സാലഡുപോലും സസ്യേതരം! പക്ഷേ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! സംഘടനയുടെ
പ്രസിഡന്റിനോട് തന്നെ വിവരം പറഞ്ഞു. അദ്ദേഹം ഒരു വെജ് പീസ വരുത്തി ഞങ്ങളെ
ശാന്തരാക്കി. അപ്പോഴതാ ഭക്ഷണത്തിന് ‘കണക്ക്’ പറയാൻ കൂട്ടാക്കാതെ ഉപവസിച്ചിരുന്ന
രണ്ട് ‘അപ്പാവികൾ’ ഞങ്ങളുടെ പീസയുടെ പങ്കു പറ്റി ക്ഷുത്തടക്കി.
അടുത്ത
ദിവസത്തെ ഡിന്നർ എല്ലാവർക്കും വെജ് ഭക്ഷണം മാത്രമായിരുന്നു. ഞങ്ങളുടെ കറുത്ത
കരങ്ങളാണ് അതിന് പുറകിൽ എന്ന് ചിലർ അടക്കം പറഞ്ഞത് ഞങ്ങൾ കേട്ടില്ലെന്ന് നടിച്ച് കഷ്ടിച്ച്
രക്ഷപ്പെട്ടു.
(ഇനി
ഇതെങ്ങാൻ ആരെങ്കിലും തർജ്ജമ ചെയ്ത് ഓഫീസിലുള്ളവരെ കാണിക്കുമോ എന്തോ? സാരമില്ല.
പേടിക്കാനില്ലെന്ന് തോന്നുന്നു. ഓഫീസിൽ വായനാശീലമുള്ളവർ അധികമില്ലെന്നാണ്
കിംവദന്തി. ഇനി അമേരിക്കയിലെ മലയാള സാഹിത്യകാരന്മാർ ഇതു വായിച്ചാലോ? സാരമില്ല,
അല്ലേ?).