അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?
ഡോ. സുകുമാര്‍ കാനഡ
സുപ്രീം കോടതിയുടെ വിധിയിലൂടെ ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ ഭക്തര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അത്യാവശ്യം വായനയും ചിന്തയും ഉള്ളവര്‍ പോലും വസ്തുതകള്‍ മനസ്സിലാക്കാതെ പോവുന്നതു കാണുന്നു. അതുകൊണ്ട് തന്നെ ഈ ലേഖനം ഒരല്‍പം നീണ്ടതാണ്. ആത്മീയതയും ആചാരങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ വെറും ‘ലീനിയര്‍ ലോജിക്ക്’ മതിയാവുകയില്ല. അതിന് ഭാവനയുടെയും പുരാതനസംസ്കാരത്തിന്‍റെയും സഹായം കൂടിയേ തീരൂ. അവയിലെ ‘യുക്തി’ പരസ്പരം പറഞ്ഞു തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ഭാവനയിൽ അധിഷ്ഠിതമാണ്. അതിന്റെ യുക്തിയെ പരിഹസിക്കുന്നത് എത്ര യുക്തിഹീനമാണെന്നോ? ഒരു കല്ലെടുത്ത് വച്ച് ‘അതെന്റെ ഭഗവാനായി’ ഞാൻ കണക്കാക്കുന്നു എന്നു പറയുന്നവനോട് ആ ഭാവന വിഡ്ഢിത്തമാണ് എന്ന് അവനോട് തന്നെ പറയുന്നതിലെ പരിഹാസ്യമായ അയുക്തി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. ഒരുവന്‍ ഒരു നിലവിളക്ക് കത്തിച്ചു വച്ചാൽ അതിനുമുന്നിലിരുന്നു നാമം ജപിക്കുകയോ പുസ്തകം വായിക്കുകയോ ബീഡി കത്തിക്കുകയോ ഒക്കെ ചെയ്യുന്നത് വിളക്ക് കത്തിച്ചു വച്ചവന്റെ യുക്തിയും സംസ്കാരവും അനുസരിച്ചാണല്ലോ. (ശ്രീ അനിയന്‍ മേനോന്‍) മറ്റുള്ളവര്‍ അവന്‍റെ സ്വാതന്ത്ര്യത്തിലും ആചാരത്തിലും ഇടപെടുന്നതില്‍ ന്യായമില്ല.
ദൈവവും ദേവതാസങ്കല്‍പ്പങ്ങളും
സനാതനസങ്കല്‍പ്പത്തില്‍ ദൈവമെന്നത് പരംപൊരുളായ, ഏകവും അദ്വിതീയവുമായ ഒരേയൊരു ചൈതന്യമാണ്. എന്നാല്‍ ആ പരമചൈതന്യത്തെ പൂജിക്കാനും മനുഷ്യസഹജമായ വികാരങ്ങളോടെ ഇടപഴകാനും അതിലൂടെ സാധകര്‍ക്ക് സാന്ത്വനം ലഭിക്കാനുമാണ് ഭാരതീയ ചിന്തകളില്‍ മുപ്പത്തിമുക്കോടി ദേവതകളെ സങ്കല്‍പ്പിച്ചു വച്ചിരിക്കുന്നത്. ദേവതകളുമായി സാധകര്‍ പ്രേമഭക്തി, ഗുരുഭക്തി, പുത്രഭക്തി എന്ന് വേണ്ട വിപരീതഭക്തിയില്‍ക്കൂടിയും സംവദിക്കുന്നു. ഈ അസംഖ്യം ദേവതകളെ ‘വിശേഷാല്‍ ഗ്രഹിച്ച്’ സങ്കല്‍പ്പിച്ചാണ് ക്ഷേത്രങ്ങളും അതിലെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുള്ളത്.
വിഗ്രഹാരാധനയില്‍ വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഓരോ ക്ഷേത്രങ്ങളിലും അതിലെ ആരാധനാമൂര്‍ത്തിയെ പ്രാണപ്രതിഷ്ഠ ചെയ്ത് സ്ഥാപിച്ചിട്ടുള്ളത് വിവിധ ഭാവങ്ങളില്‍ ആണ് എന്നറിയാം. അതായത് ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ഥസങ്കല്‍പ്പങ്ങളാണ് അവിടുത്തെ ‘വിഗ്രഹ’ത്തിന് ആധാരമായിരിക്കുന്നത്. ഒരേ ദേവതയുടെ ക്ഷേത്രമായാലും വൈവിദ്ധ്യമായ രീതിയിലാണ് കാലദേശമനുസരിച്ച് ക്ഷേത്രങ്ങള്‍ സങ്കല്‍പ്പിച്ച് സ്ഥാപിച്ചിട്ടുള്ളത്. വടക്കെ ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും (കേദാര്‍നാഥ്) ഭക്തര്‍ക്ക് വിഗ്രഹത്തെ തൊട്ട് പൂജിക്കാം എന്നാല്‍ കേരളത്തിലെ താന്ത്രിക സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ള ശിവക്ഷേത്രങ്ങളില്‍ അതനുവദിക്കില്ല. ക്ഷേത്രപ്രതിഷ്ഠയുടെ സമയത്തെ ഭാവസങ്കല്‍പ്പമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം. അതത് ക്ഷേത്രങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ച് ക്രമീകരിച്ചവയും തുടര്‍ന്നു വരുന്നതുമായ ആചാരങ്ങളാണ് അവിടങ്ങളിലെ ക്ഷേത്രചൈതന്യത്തിനു കാരണമായിരിക്കുന്നത്. ക്ഷേത്രചൈതന്യമാണ് അവിടേയ്ക്ക് സാധകനെ ആകര്‍ഷിക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അനേകം ഭക്തര്‍ വന്നു ദര്‍ശനം നടത്തുന്നത് ആ ചൈതന്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനാണ്.
വിഗ്രഹങ്ങൾ എന്നാല്‍ ‘വിശേഷേണ ഭാവന ചെയ്ത കാര്യങ്ങളെ ഗ്രഹിക്കാനായി’ പണിതു വച്ചവയാണ്. അത് കല്ലോ മരമോ ഒക്കെ ആയാലും അത് പണി ചെയ്തവനും അതിനെ പ്രതിഷ്ഠിച്ചവനും ജീവൻ തുടിക്കുന്ന ചൈതന്യമാണത്. അതിൽ ആരോപിക്കാത്ത ഒരു കഴിവും ശക്തിയും അതിനില്ല തന്നെ. അതായത് ക്ഷേത്രത്തില്‍ നിന്നും എന്താണ് പ്രാണപ്രതിഷ്ഠ ചെയ്തയാള്‍ സങ്കല്‍പ്പിച്ചത്, അതാണ് സാധകനു ലഭിക്കുക. അതിനു നിയതമായ ആചാരങ്ങള്‍ പാലിച്ചേ മതിയാവൂ.
ക്ഷേത്രസങ്കല്‍പ്പം ഒരു സാമൂഹ്യഉടമ്പടി
ഒരു ദേവതയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ചാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് സാധകര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ പൊതുവേ പറഞ്ഞാല്‍ സമൂഹത്തിന്‍റെ ‘കൂട്ടായ്മ’യോടെയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ അല്ല. അവ പൊതു ഇടങ്ങള്‍ അല്ല. ക്ഷേത്രത്തിലെ ദേവതയ്ക്കു കഴിയാനും ആ സങ്കല്‍പ്പത്തെ ഉപാസിക്കുന്നവര്‍ക്കു ദര്‍ശനം നടത്താനുമുള്ള സ്വകാര്യ സ്ഥലം മാത്രമാണ്. അവിടെ ഭക്തനും ദേവതയും തമ്മിലുള്ള ഒന്നിനൊന്നോടു ചേര്‍ന്ന സംവേദനമാണ് നടക്കുന്നത്. ക്ഷേത്രസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ വിഗ്രഹസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ക്ഷേത്രത്തിലെ ദേവത നിയമപരമായി ‘മൈനര്‍’ ആയതിനാല്‍ എല്ലാവിധ ഭൌതിക സൌകര്യങ്ങളും ചെയ്തുകൊടുത്ത് ആ ദേവനെ പരിപാലിക്കാന്‍ സാധകസമൂഹം ബാദ്ധ്യസ്ഥമാണ്. ജീവനുള്ള ഒരാള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ദേവതയ്ക്കായി ചെയ്യുന്നതാണ് മിക്കവാറുമുള്ള ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങള്‍.
ഒരു പ്രത്യേക ക്ഷേത്രത്തിലെ ചൈതന്യത്തില്‍ വരുന്ന അപചയം ആ മൂര്‍ത്തിയെ ബാധിക്കുമെങ്കിലും അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ ഭക്തര്‍തന്നെയാണ് ദേവതാസങ്കല്‍പ്പം ചെയ്തു വച്ചിട്ടുള്ളതും അവയെ കാത്തു സൂക്ഷിച്ചുകൊള്ളാമെന്ന് സമ്മതിച്ചിട്ടുള്ളതും. എന്നാല്‍ ഒരിക്കല്‍ പ്രാണപ്രതിഷ്ഠയോടെ സങ്കല്‍പ്പിച്ചു സ്ഥാപിച്ചുകഴിഞ്ഞാല്‍ അവയില്‍ വരുത്തുന്ന അപചയങ്ങള്‍ മറ്റു കാര്യങ്ങളില്‍ എന്നപോലെ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുമുണ്ട്. ക്ഷേത്രദേവതയാണ് ഒരു നാടിന്‍റെ രക്ഷയ്ക്ക് നിദാനമായിരിക്കുന്നത് എന്നുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇതാണ്.
ശാസ്താവിന്റെ വിവിധഭാവങ്ങള്‍
ദേവതയെന്നത് എന്നെയും നിങ്ങളെയും പോലെ ജീവനുള്ള ചൈതന്യവത്തായ ‘വിഗ്രഹം’ ആണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ ഒരേസമയം ഒരേ ദേവതയ്ക്ക് പലയിടത്തും പല ഭാവങ്ങള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കും എന്ന് കാണാന്‍ കഴിയും. യുവതികളടക്കം ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ദര്‍ശനം നടത്താന്‍ പല ഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അനേകം അയ്യപ്പ-ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ധര്‍മ്മശാസ്താവിന്റെ നാല് പ്രധാന ക്ഷേത്രങ്ങള്‍- കുളത്തുപ്പുഴയിലും ആരിയന്‍ കാവിലും, അച്ചന്‍കോവിലിലും, ശബരിമലയിലും ആണ്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബാലശാസ്താവായ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ രാജാവിന്‍റെ ഭാവത്തില്‍ വാനപ്രസ്ഥനായിട്ടാണ് സങ്കല്‍പ്പം. എന്നാല്‍ ശബരിമലയില്‍ സമ്പൂര്‍ണ്ണ സന്യാസിയായാണ് അയ്യപ്പന്‍ ഇരിക്കുന്നത്. ഒരേയൊരു ശാസ്താവ് എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം അച്ഛനും, മകനും, ഭര്‍ത്താവും, ഭക്തനുമൊക്കെയാവാന്‍ ഒരുവന് എന്താണ് തടസ്സം? ആ ഭാവങ്ങളില്‍ ഓരോന്നിലും ഓരോരുത്തരുമായുള്ള ബന്ധത്തിലും നമുക്ക് വ്യക്തമായ ഭാവവ്യത്യാസങ്ങളും പെരുമാറ്റചട്ടങ്ങളും ഉണ്ടല്ലോ? ഒരുവന് സ്വന്തം അമ്മയോടും ഭാര്യയോടും മകളോടും ഉള്ള ബന്ധങ്ങള്‍ക്ക് ഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ദേവതയുടെ കാര്യത്തിലും അത്തരം 'വിശേഷേണയുള്ള' ഭാവഭേദം ഉണ്ടെന്ന് നാം മനസ്സിലാക്കണം.
അയ്യപ്പസ്വാമി സ്ത്രീവിരോധിയാണോ?
അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന രീതിയിലും മറ്റുമാണ് ചില വാദഗതികള്‍ മുന്നോട്ടുപോകുന്നത്. ആണിനോടോ പെണ്ണിനോടോ പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍ തന്നെയാണീ അയ്യപ്പന്‍! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍ ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട കാര്യമില്ല. ഹിന്ദുവിന്റെ ദേവതാസങ്കല്‍പ്പം അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനായി പോകുന്നവരെ വഴികാട്ടുന്നതിനായിട്ടാണ് ആചാരങ്ങളും അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.
വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?
മണ്ഡലവ്രതം സന്യാസപരിശീലനത്തിന്
മനുഷ്യന്‍റെ ജീവിതത്തിലെ നാലുദശകള്‍, ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണല്ലോ. ഇതില്‍ സാധാരണ ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ മിക്കവാറും ബ്രഹ്മചര്യദശയിലും ഗാര്‍ഹസ്ത്യദശയിലും ഉള്ളവര്‍ ആയിരിക്കും. അവരുടെ അവസാന ലക്ഷ്യമായ സന്യാസം അത്ര എളുപ്പം ആര്ജ്ജിക്കാവുന്ന ഒരു തലമല്ല. അതിനാലാണ് എല്ലാവര്‍ഷവും മണ്ഡലക്കാലം സന്യാസപരിശീലനത്തിനായി ഭക്തര്‍ മാറ്റി വയ്ക്കുന്നത്. അതിന് സ്വന്തം ഗൃഹത്തിലുള്ള സ്ത്രീകളും നാട്ടുകാരും അവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നു. സന്യാസിയുടെ ബ്രഹ്മചര്യത്തിനും പല തലങ്ങളുണ്ട്. ഇന്ദ്രിയനിയന്ത്രണം ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല വേണ്ടത്.
നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടി
അയ്യപ്പന്റെ സന്യാസഭാവമല്ലാ ഹനുമാന്റെ ബ്രഹ്മചാരി ഭാവം. നിത്യ ബ്രഹ്മചാരിയാണെങ്കിലും ഹനുമാൻ സന്യാസിയല്ല. രണ്ടു ബ്രഹ്മചാരിഭാവങ്ങളിലും വ്യത്യസ്തയുണ്ടെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും. മിക്കവാറും എല്ലാ ശാസ്താക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. പൊതുവിൽ വിനോദയാത്രപോലെ ക്ഷേത്രങ്ങളിൽ പോകുന്നതില്‍ മാത്രമേ ചില പരിമിതികൾ കല്പിച്ചിട്ടുള്ളു. സന്യാസഭാവത്തില്‍ ഭഗവാന്‍ കുടികൊള്ളുന്ന ശബരിമലയിലെ നിയന്ത്രണവും വാസ്തവത്തില്‍ ഭക്തനുവേണ്ടിയാണ്- ഭഗവാന് വേണ്ടിയല്ല. ഭക്തന് കുറച്ചു നാളേക്കെങ്കിലും സന്യാസഭാവം പരീക്ഷിക്കാനും അതിന്‍റെ ഭാവഗരിമ ജീവിതത്തില്‍ പകര്‍ത്താനും കിട്ടുന്ന ഒരവസരമാണ് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തോടുകൂടിയ മണ്ഡലക്കാലം. ആ സമയം കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ഠികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് അച്ചടക്കം പാലിക്കാന്‍ അവരുടെ ദൌര്‍ബ്ബല്യങ്ങളെ വെല്ലുന്ന ‘അതുക്കും മേലെയുള്ള” പ്രചോദനങ്ങള്‍ തന്നെ വേണം. അയ്യപ്പസാമീപ്യവും സാദൃശ്യവും സാരൂപ്യവും അവരെ അതിനു സഹായിക്കുന്നു.
അയ്യപ്പസ്വാമിയുടെ ഭക്തനും അയ്യപ്പന്‍ തന്നെയാകുന്നു.
സ്വാമിക്ക് സ്വാമി തന്നെയാണ് ഭക്തന്‍. ചില മതങ്ങളില്‍ ഇങ്ങിനെപറഞ്ഞാല്‍ അത് മതനിന്ദയായി കണക്കാക്കും. സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്‍റെ അനേകം ‘സാരൂപ്യ, സാദൃശ്യ, സാലോക്യ ഭാവങ്ങളിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്‍. സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്‍റേതല്ലാത്ത മറ്റൊരു ദൈവസങ്കല്‍പ്പത്തിലും നമുക്ക് കാണാന്‍ സാധിക്കില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര്‍ വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്‍പ്പമാണ് അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത് അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും സാദാ പോലീസ് കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന ചെയ്യപ്പെടുന്ന ‘പോലീസ് അയ്യപ്പ’ന്മാരാണ്. സമത്വസുന്ദരലോകത്തിന്റെ ഒരു മാതൃക തന്നെയല്ലേയിത്?
അയ്യപ്പന്മാരുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ത്, എന്തിന്?
മണ്ഡലക്കാലത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍ ക്ഷേത്ര സങ്കല്‍പ്പകാലം മുതല്‍ക്കേ ഉണ്ട്. നിത്യബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ ഏറ്റവും പ്രധാനമത്രേ. നൈഷ്ഠികബ്രഹ്മചാരിയായി അവിടെയിരിക്കുന്ന കാലത്തോളം നമ്മെ കാത്തു രക്ഷിക്കുന്ന സ്വാമിയാണ് അയ്യപ്പന്‍. അതായത് അയ്യപ്പന്‍റെ വ്രതനിഷ്ഠ കാത്തു സൂക്ഷിക്കുക എന്നത് ഭക്തന്‍റെ കടമ തന്നെയാണ്. ഭഗവാന്‍ ഭക്തനെ തന്നെപ്പോലെയുള്ള സന്യാസിയാവാനാണ് പഠിപ്പിക്കുന്നത്. സാധകന് ഗൃഹസ്ഥനാവാന്‍ പഠിക്കണമെങ്കില്‍ അതിനായി വേറെ ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ.
ബ്രഹ്മചര്യം മുടക്കുന്ന എട്ടു തരം മൈഥുനങ്ങള്‍
ഇനി സ്ത്രീ/പുരുഷബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത് എന്ന് നോക്കാം. പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നുമതി ഒരുവന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിനു ഭംഗമുണ്ടാവാന്‍.
1. പുരുഷനും സ്ത്രീയും പരസ്പരം യാദൃച്ഛികമായി കാണുന്നത് / നോക്കുന്നത്
2. പരസ്പരം വാക്കിനാലോ ചിന്തയാലോ സൌന്ദര്യത്തെ പുകഴ്ത്തുന്നത്
3. പരസ്പരം ചേരുവാന്‍ ആഗ്രഹമുണ്ടാവുന്നത്,
4. പരസ്പരം സംസാരിക്കാന്‍ താല്‍പ്പര്യം ഉണ്ടാവുന്നത്,
5. പരസ്പരം സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്
6. പരസ്പരം അടുത്ത് ചെന്നു കാണുന്നത്
7. പരസ്പരം മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8. പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.
“ബ്രഹ്മചര്യേണ സംതിഷ്‌ഠേദപ്രമാദേന മസ്‌കരീ
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്‌പോf ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ”
ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.
ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത് അയ്യപ്പന്മാര്‍ യുവതികളെ കാണുകപോലും ചെയ്യരുത് എന്ന് പറയുന്നത്. ഭക്തരെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രായോഗികത ഏറെ ബുദ്ധിമുട്ടുള്ളതാണ്. പണ്ടൊക്കെ നാട്ടില്‍ അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.
സ്വന്തം കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര്‍ അകലം പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന്‍ എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീപുരുഷന്മാരെ ഒന്നിച്ചു പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും പെണ്ണിനും ഒന്നിച്ചു കഴിച്ചുകൂട്ടുക സാദ്ധ്യമല്ല. സന്യാസിയാവാന്‍ പരിശീലനം അനുഷ്ഠിക്കുന്ന സാധകന്‍ യുവതിയായ ഭാര്യയെ കൂട്ടിയല്ല ശബരിമലദര്‍ശനത്തിനു പോകേണ്ടത്. ഇന്ദ്രിയമോഹങ്ങള്‍ ഒന്നൊതുങ്ങിയ ദമ്പതികള്‍ക്ക് ജീവിത സായാഹ്നത്തില്‍ ശബരിമല ദര്‍ശനം സാദ്ധ്യമാണല്ലോ. ഒരു സമൂഹമെന്ന നിലയില്‍ പൊതുവേ അശാന്തരായ ജനത്തിന്- പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്, കുറച്ചൊന്നു ശാന്തരാവാനുള്ള അവസരമാണ് മണ്ഡലക്കാലം. അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ സമൂഹം ബാദ്ധ്യസ്ഥമാണ്. മാത്രമല്ല, ഒരു ദേവതയെന്ന നിലയില്‍ ഇത്രയേറെ ആളുകളെ സന്യാസഭാവത്തിലേയ്ക്ക് പ്രചോദിപ്പിച്ചും നേര്‍വഴിക്ക് നയിച്ചും നിലകൊള്ളുന്ന അയ്യപ്പസ്വാമിയും നൈഷ്ഠികബ്രഹ്മചര്യത്തിലാണ് കഴിയുന്നത്. അങ്ങിനെയുള്ള അയ്യപ്പസ്വാമിയുടെ ഭക്തര്‍ ആ ഭഗവാന്‍റെ വ്രതനിഷ്ഠയെ മനപ്പൂര്‍വ്വം തെറ്റിക്കാന്‍ കൂട്ടു നില്‍ക്കുമോ? ഭഗവാന്റെ വ്രതനിഷ്ഠ തെറ്റിച്ചിട്ടായാലും ആ വനപ്രദേശത്തുള്ള ക്ഷേത്രത്തില്‍ പോകണം എന്ന് ഭക്തി വിശ്വാസമുള്ളവര്‍ തീരുമാനിക്കുമോ? അപ്പോള്‍ ഈ ശബരിമല സന്ദര്‍ശനത്തിനു തയ്യാറെടുക്കുന്ന യുവതികള്‍ അയ്യപ്പഭക്തകള്‍ അല്ല എന്ന് നിശ്ചയം. അങ്ങിനെയുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? ആ ഭഗവാന്‍റെ വ്രതനിഷ്ഠ തെറ്റിക്കാതെ നോക്കേണ്ടത് സ്വാമി ഭക്തരുടെ കടമതന്നെയാണ്. അത് തെറ്റിച്ചതുകൊണ്ട് അയ്യപ്പഭഗവാന് പ്രത്യേകിച്ച് കോട്ടങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ ആ സ്വാമിയാല്‍ പ്രചോദിതരായി നിലകൊള്ളുന്ന ഭക്തരെ അത് പ്രതികൂലമായി ബാധിക്കുകയും അവരുടെ ബ്രഹ്മചര്യക്ക് തടസ്സം വരികയും ചെയ്യും.
“സന്നിധാനത്തിന്‍ വിശുദ്ധികൊണ്ടയ്യനാം അയ്യപ്പനാമാധികാരിയായി അയ്യപ്പനാമാധികാരിയായി” എന്നാണ് ഭക്തന്‍ വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക് നിയതമായ ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത, ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട ബ്രഹ്മചര്യങ്ങളാണ്.
വ്രതശുദ്ധിയില്ലാതെ ശബരിമല കയറുന്ന ആണുങ്ങള്‍ ഉണ്ടല്ലോ എന്നൊരു വാദഗതി കേള്‍ക്കാറുണ്ട്. അതു തീര്‍ത്തും ശരിയല്ല എന്ന് തന്നെയാണ് ഉത്തരം. പുരാതനമായ ഒരാചാരം ചിലര്‍ തെറ്റിക്കുന്നു എന്നുള്ളത് എല്ലാവര്ക്കും അങ്ങിനെ ചെയ്യാം എന്നതിന് ന്യായീകരണമാകുന്നതെങ്ങിനെയാണ്?
ബഹുസ്വരതയില്ലെങ്കില്‍ ഭാരതമില്ല.
ഭാരതത്തില്‍ ജന്മം കൊണ്ടതായ ഒരു തത്വസംഹിതയും “ഒരു ഗ്രന്ഥം, ഒരു പ്രവാചകന്‍ ഒരു ദേവതാ സങ്കല്‍പ്പം” എന്നിങ്ങിനെയുള്ള പരിമിതമായ ചിന്താപദ്ധതിയല്ല. സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍, അവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ? ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍ നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍ തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ തടസ്സപ്പെടുത്തുന്ന പ്രവണത, ഭാരതത്തിന്‍റെ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു. സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ‘ഒരു വിധത്തിൽ മാത്രമേ’ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ.
പരിഷ്ക്കാരത്തിന്‍റെ പേരില്‍ കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ആചാരങ്ങളെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് അവസാനിപ്പിക്കാനായി ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും മറ്റും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടുതീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.