Saturday, March 27, 2021

കഥ - രാത്രിമഴപോലെ

 കഥ 

രാത്രിമഴപോലെ

സുകുമാര്‍ കാനഡ 

കാർമേഘങ്ങൾ ഇരുണ്ടുകൂടിയിട്ടും പെയ്യാൻ മടിച്ചുനിന്ന രാത്രിമഴ യ്ക്കായി വഴിയരികില്‍ നിരനിരയായി നിന്നിരുന്ന മേപ്പിള്‍ മരങ്ങള്‍ ദാഹിച്ചു. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ പോലെ ഇല തിങ്ങി നിറഞ്ഞിരുന്ന മരക്കൊമ്പുകളില്‍ നിന്നും ഇലകളാകെ  കൊഴിയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിരുന്നുള്ളൂ. നല്ലൊരു മഴയും കാറ്റുമുണ്ടെങ്കില്‍ ബാക്കിയുള്ള ഏതാനും ഇലകളും കൂടി താഴെ വീഴും. അടുത്ത മാര്‍ച്ചിലേ ആ മരക്കൊമ്പുകളില്‍ ഇനിയും തളിരുകള്‍ ഉണ്ടാവൂ. അതൊന്നുമറിയാത്ത പോലെ തലേന്നത്തെ  രാത്രിയിലെ  താങ്ക്സ്ഗിവിംഗ്  പാര്‍ട്ടി ഗംഭീരമായി.  അത്താഴത്തിനു  വിളമ്പിയ  മുന്തിയ  ഇനം  വൈനിന്‍റെ  കറയും  കേയ്ക്കിന്‍റെ  മധുരമുള്ള  വെളുത്ത  പൊടിയും  അവരുടെ  ചുണ്ടുകളില്‍  അവശേഷിച്ചിരുന്നു.    കൈകള്‍  കോര്‍ത്തു പിടിച്ച്  അടുത്തടുത്ത  കിടക്കകളിലാണവര്‍  കിടന്നിരുന്നത്.  അപ്പോഴും  അവരുടെ  ചുണ്ടുകളില്‍  ചെറിയൊരു  പുഞ്ചിരി  ബാക്കിയുണ്ടായിരുന്നു

എല്ലാം  തയ്യാറാക്കിവച്ചിട്ടാണ്  ഡോ.  വര്‍മ്മ  തലേന്ന്  രാത്രി  അവിടെ നിന്നും  ഇറങ്ങിയത്.  അമ്മു  എന്ന്  എല്ലാവരും  സ്നേഹത്തോടെ  വിളിക്കുന്ന  എലിസബെത്തും  അവറാച്ചനും  എത്രയെത്ര  പാര്‍ട്ടികള്‍  ആ  വീട്ടില്‍  വച്ചു  തന്നെ  നടത്തിയിട്ടുണ്ടാവും!  വര്‍മ്മ  വര്‍ഷത്തില്‍  ഒരു  തവണയെങ്കിലും  അവറാച്ചനച്ചായനെയും    അമ്മുവിനേയും  കാണാ റുണ്ട്.  അതുകൂടാതെ  അഞ്ചാറു  കൊല്ലങ്ങളായി  ഇടയ്ക്കെല്ലാം  ‘പിള്ളേ ച്ചന്‍  ഡോക്ടറെ  കാണണം’  എന്ന്  പറഞ്ഞ്    അവർ  വര്‍മ്മയെ വിളിക്കാ റുമുണ്ട്.  മിക്കവാറും  താങ്ക്സ്ഗിവിംഗ്  സമയത്താണ്  അവറാച്ചന്‍  എല്ലാവരെയും  ലണ്ടനിലുള്ള സ്വന്തം നാട്ടുകാരെ പാര്‍ട്ടിക്കായി ക്ഷണിക്കാറുള്ളത്.  ‘ഇതൊക്കെ  വെറും  ഒരു  മലയാളി  താങ്ക്സ്  ഗിവിങ്  അല്ലേ,  സത്യത്തിൽ  ഇതൊക്കെ  ഒരാഘോഷമാക്കേണ്ട  ആവശ്യമുണ്ടോ’ എന്നാണ്  അവറാച്ചന്റെ  പക്ഷം.   നോര്‍ത്ത്  അമേരിക്കന്‍  താങ്ക്സ് ഗിവിങ്ങിന്‍റെ  പിറകിലുള്ള  ക്രൂരതയെപ്പറ്റി  ആലോചിച്ചാല്‍  ഒരിക്കലും  അങ്ങനെ ആഘോഷിക്കാനൊന്നും നമുക്ക് തോന്നില്ല.  എല്ലാവര്‍ക്കും  ഒത്തു  കൂടാനൊരു  അവസരം  എന്നേ  ഇപ്പോള്‍  എല്ലാവരും  അതിനെപ്പറ്റി  കരുതുന്നുള്ളൂ.  പാർട്ടി  ഒന്നടിച്ചു  പൊളിക്കണമല്ലോ!  അതിനുള്ളു  ചുമതലയാണ്  അവറാച്ചന്‍ ഈ വർഷം ഡോക്ടർ  വർമ്മയെ  ഏൽപ്പിച്ചത്.  

ഡോ.  വര്‍മ്മ  ലണ്ടനിലേയ്ക്ക്  വന്നിട്ട്  പത്തുകൊല്ലമേ  ആയുള്ളൂ.  അതിനുമുന്‍പ്‌  കാനഡയില്‍ത്തന്നെ  വാന്‍കൂവറില്‍  ആയിരുന്നു  പ്രാക്ടീസ്.  ഓഫീസ്  അടക്കം  നല്ലൊരു  ഫാമിലി  പ്രാക്ടീസ്  വാങ്ങി  ലണ്ടനിലേയ്ക്ക്  പോരാന്‍  കാരണങ്ങള്‍  പലതും  ഉണ്ടായിരുന്നു.  മൂത്തമകന്‍  അരുണിന്  അവിടെ  വെസ്റ്റേന്‍  യൂനിവേര്‍സിറ്റിയില്‍  അഡ്മിഷനും  കിട്ടിയിരുന്നു.  

കഴിഞ്ഞ  അഞ്ചുകൊല്ലങ്ങളായിട്ട്  അമ്മുവിന്  കൈവിരലുകള്‍  അനക്കാ നാവുന്നില്ല.  തൊണ്ണൂറ്റിയെട്ടുവയസ്സായ  അവറാച്ചന്‍  തന്‍റെ  സ്വന്തം  കാര്യങ്ങള്‍  എല്ലാം  കഷ്ടിച്ചു  ചെയ്യുമായിരുന്നു.  അമ്മുവിന്‍റെ  കുപ്പായ ത്തിനു  ബട്ടന്‍  ഇട്ടു  കൊടുക്കാനും  സോക്സ്‌  ഇടുവിക്കാനും  തനിക്കുള്ള  ബുദ്ധിമുട്ട്  അവറാച്ചന്‍  പറഞ്ഞിരുന്നു.  “മോനേ, പിള്ളേച്ചാ, നല്ലപ്രായ ത്തിൽ ഇവളുടെ കുപ്പായത്തിന്‍റെ കുടുക്ക് അഴിച്ചാണ് ശീലം.  ഇപ്പോ  അതിൻറെ  പലിശേം  പലിശ്ശേടെ  പലിശേം  ചേർത്ത്  ദിവസം  മൂന്നും  നാലും  പ്രാവശ്യമാ  കുടുക്ക് ഇട്ടുകൊടുക്കുന്നത്.  അവള്‍ക്കാണെങ്കില്‍  വിരലുകള്‍  മടങ്ങില്ല.  ഇനി  എത്ര  കാലമെന്ന്  വച്ചാ?  ആ  നേഴ്സ്  പെണ്ണ്  വന്നു  വല്ലതുമൊക്കെ  ചെയ്താലും  എന്‍റെ  അമ്മൂന്  അതൊന്നും പിടിക്കത്തില്ല.”

അപ്പച്ചന്  പ്രോസ്റെറ്റ്  ക്യാന്‍സറാണ്.  പക്ഷെ  ആള്‍ക്ക്  വേദനയൊന്നു മില്ലാത്തതുകൊണ്ട്  തമാശയെല്ലാം  പറയുന്നു  എന്നേയുള്ളു.  ദിവസവും  രണ്ടോ  മൂന്നോ  മണിക്കൂര്‍  മാത്രമേ  ശരിക്കും ഉണര്‍ന്നിരിക്കൂ.  ബാക്കി  സമയമെല്ലാം  പാതി  മയക്കമാണ്  രണ്ടാളും.  അമ്മുവിനാണെങ്കില്‍  അത്ര  കൂടി  ജീവനില്ല.  ദേഹത്തിന്  അവശതയൊക്കെ യാണെങ്കിലും  അവര്‍  എപ്പോഴും  പ്രേമത്തിലാണ്.  തമ്മില്‍ത്തമ്മില്‍  നോട്ടം  കൊണ്ടു പോലും  ഒരു  വഴക്കുമില്ല.  രണ്ടാളും  പല്ലില്ലാത്ത  വായ  കാട്ടി  ചിരിച്ചാണ്  കിടപ്പും  വര്‍ത്തമാനവുമെല്ലാം.  ദിവസവും ആറേഴു തരം യോഗകൾ ചെയ്യിക്കാൻ അവിടെ ഒരു സ്ത്രീ വരുന്നു. അതും അവർക്കിഷ്ടമാണ്. കിടന്നു കൊണ്ടുള്ള യോഗ, കസേരയിൽ ഇരുന്നു കൊണ്ടുള്ളത്, അത്യാവശ്യം നടക്കാൻ പറ്റുന്നവർക്ക് അങ്ങിനെ, പ്രാണായാമം, എല്ലാമുണ്ട്.  ദിവസം മുഴുവൻ ഓരോ പ്രോഗ്രാമുകൾ. രണ്ടാൾക്കും കൂടാൻ പറ്റുന്ന ചിലത് ദിവസവും ചെയ്യാൻ അപ്പച്ചൻ മുൻകൈയെടുക്കും. അമ്മുവിനും അത് സമ്മതം. മൂന്നുനാലു  കൊല്ലമേ  ആയുള്ളൂ  അവര്‍ വീട്ടില്‍  നിന്നും  കെയര്‍ഹോമിലെയ്ക്ക്  മാറിയിട്ട്. 

അവിടെയെത്തുമ്പോള്‍  കുറച്ചു  ചില  കണ്ടീഷനുകള്‍  മാത്രമേ  അവര്‍  വച്ചുള്ളു.  രണ്ടാളെയും  ചേര്‍ത്തു  ചേര്‍ത്തുള്ള  കട്ടിലുകളില്‍  കിടത്തണം.  അവര്‍ക്കായി  സ്വകാര്യതയുള്ള  ഒരു  മുറി  വേണം.  അവരെ  നോക്കാ നായി  പ്രത്യേകിച്ചൊരു  ഒരു  മലയാളി  നേഴ്സുണ്ട്.    അത്യാവശ്യം  ബൈബിള്‍  വായിച്ച്  കൊടുക്കാനും  വല്ലപ്പോഴും നമ്മുടെ  ചോറും  കറിയുമൊക്കെ  വച്ചുണ്ടാക്കാനും   പറ്റുന്ന  ആരെങ്കിലും  ഉണ്ടെങ്കിലേ  ഞങ്ങള്‍ വരൂ  എന്ന്  അപ്പച്ചന്‍  തറപ്പിച്ചു  പറഞ്ഞിരുന്നു.  രണ്ടു  മക്കളും  ആറു  ചെറുമക്കളും  അവരുടെ  കുട്ടികളായി  രണ്ടുപേരുമാണ്  ആ  കുടുംബത്തിലുള്ളത്.  എല്ലാവരും  നല്ല  നിലയില്‍.  അപ്പനെയും  അമ്മ യേയും  നോക്കാന്‍  എല്ലാവരും  സമയം  കണ്ടെത്തുന്നുമുണ്ട്.  അതൊക്കെ  കാനഡയിലും അമേരിക്കയിലുമൊന്നും   അത്ര  ചെറിയ  കാര്യമല്ല.  അതും  ഈ  നാട്ടിൽ  ജനിച്ചു  വളർന്ന  കുട്ടികളാണെന്നോർക്കണം . “നാട്ടിലാ ണിപ്പോള്‍ അപ്പനേം അമ്മേം നോക്കാന്‍ ആര്‍ക്കും സമയമില്ലാത്തത്” അച്ചായന്‍ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.  

ജൂണിലാണ്  മാത്യുവും  അന്നയും  കൂടി  വര്‍മ്മയുടെ  ക്ലിനിക്കില്‍  വന്ന്‍  കാര്യം  അവതരിപ്പിച്ചത്.  “ഡോക്ടറേ,  അപ്പച്ചനും  അമ്മയും  ഏതാണ്ടൊ ക്കെ  തീരുമാനിച്ചിരിക്കുന്നു.  അടുത്ത  താങ്ക്സ്ഗിവിംഗ്  പാര്‍ട്ടി  ഗംഭീര മാക്കണം  എന്നാണു  വാശി.  അതും  വീട്ടില്‍  വച്ച്,  എല്ലാവരും  കൂടി  വേണമെന്ന്!”

“അതിനെന്താ, എല്ലാക്കൊല്ലവും അച്ചായന്‍റെ പാര്‍ട്ടിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുവല്ലേ?.  അവര്‍  കെയര്‍ഹോമില്‍  പോയതില്‍പ്പിന്നെ  ഒന്നോ  രണ്ടോ  കൊല്ലം  മാത്രമേ  അത്  മുടങ്ങിയുള്ളൂ  അല്ലേ?”

“അതിപ്പോ  പിള്ളേച്ചന്‍  ഡോക്ടര്‍  എന്ന്  വച്ചാല്‍  അപ്പച്ചനും  അമ്മ യ്ക്കും   ജീവനാണ്.  അത്  തന്നെയാണ്  ഞങ്ങള്‍  ഇപ്പോള്‍  ഇവിടെ  വരാനും  കാരണം”.

“മനസ്സിലായില്ല.  പാര്‍ട്ടിക്ക്  ഞങ്ങളെ  ക്ഷണിക്കുകയൊന്നും  വേണ്ട,  ഞങ്ങള്‍ അങ്ങ്  എത്തിക്കൊള്ളാം.  അല്ലെങ്കിലും  ഇത്  കുറച്ചു  നേരെത്തെയല്ലേ?”  

“അതല്ല  കുമാര്‍.  കഴിഞ്ഞദിവസം  രണ്ടാളും  കൂടി  കട്ടിലില്‍  കിടന്ന്  ഒരു  വല്ലാത്ത  ശബ്ദത്തിൽ  കരയുന്നത്  കണ്ടാണ്‌  നഴ്സ്  ഞങ്ങളെ  വിളിച്ചു  പറഞ്ഞത്.” 

ഞാന്‍  ഉടനേ  ടോറോന്റ്റോയില്‍  പോയി  ഇവളെ  വിളിച്ചു  കൂട്ടിക്കൊണ്ടു വന്നു.  രണ്ടാള്‍ക്കും  പ്രായം  ഇത്രേം  ആയില്ലേ?.  വേഗംതന്നെ  അവിടെയെ ത്തിയപ്പോള്‍  അവര്‍  തമാശ  പറഞ്ഞും  പൊട്ടിച്ചിരിച്ചും  കളിക്കുന്നു .  ഞങ്ങള്‍ക്ക്  ദേഷ്യം  വന്നു.  എന്തോ  അത്യാവശ്യമുണ്ടെന്നു  പറഞ്ഞിട്ട്  അതാ  രണ്ടാളും  കൂടി  ആളെ  കളിയാക്കുന്നു.  ഡോക്ടര്‍ക്ക്  ഞങ്ങളുടെ  തിരക്കുകള്‍  അറിയാമല്ലോ.  യൂനിവേര്‍സിറ്റിയില്‍  ഡിപ്പാര്‍ട്ട്മെന്റ്  ചെയര്‍മാന്‍  ആയതില്‍പ്പിന്നെ  എനിക്കാണെങ്കില്‍  തിരക്കോടു  തിരക്ക്.”

“എന്നിട്ട്?”

ആദ്യം  അപ്പനാണ്  പറഞ്ഞത്.  “എടാ മക്കളേ,  എനിക്ക്  വയസ്സ്  നൂറിനടു ത്തായി.  ഇവള്‍ക്ക്  തൊണ്ണൂറും  കഴിഞ്ഞു.  എന്നാലും  ഇവളെനിക്കി പ്പോഴും  ചെറുപ്പക്കാരിയാടാ.  നമ്മുടെ  അടുത്ത  കനേഡിയന്‍  താങ്ക്സ്ഗിവിംഗിന്‍റെ  തലേ  ദിവസം  അവളെ  എന്‍റെ  കയ്യില്‍  കിട്ടിയിട്ട്  എഴുപത്  കൊല്ലമാവും.  നിന്നെയും  ഇവളെയും  പ്രസവിക്കാന്‍  കിടന്ന  ദിവസങ്ങളില്‍  അല്ലാതെ  ഞാനവളെ  പിരിഞ്ഞിട്ടില്ല.  ഇങ്ങിനെ  സുഖ മില്ലാതെ  മറ്റുള്ളവരെ  ആശ്രയിച്ചു  കഴിയുന്നതില്‍  ഒരു  കാര്യോമില്ല.  മനസ്സ്  പൊങ്ങുന്നിടത്ത്  ദേഹം  പൊങ്ങുന്നില്ല. നിനക്കോടാ മത്തായിച്ചാ, നീയും വയസനായി അല്ലേടാ ?”

“അപ്പനെന്നാ ഈ  നേരത്ത്  വിളിച്ചു  പറയുന്നത്?  എന്തിനാണ്  വിളിപ്പി ച്ചതെന്നു  പറഞ്ഞാട്ടെ.”  അറുപതു  കഴിഞ്ഞ  മാത്യുവിന്  കാര്യമറിയാന്‍  തിടുക്കമായി.

“നമ്മുടെയാ പിള്ളേച്ചന്‍  ഡോക്ടറില്ലേ  അയാളോട്  ഇവിടെ  വരാന്‍  പറയണം.  അയാള്‍  വാന്‍കൂവറില്‍  നിന്ന്  ഇവിടേയ്ക്ക്  വന്ന  കാലത്ത്  അവിടെ  ഒരാളെ  സഹായിച്ചു  എന്ന്  പത്രത്തില്‍  വന്നിരുന്നു.  ലണ്ടനില്‍  വന്നു  സെറ്റില്‍  ചെയ്തതോടെ  അയാള്‍  അത്തരത്തിലുള്ള  സര്‍വ്വീസ്  എല്ലാം  നിര്‍ത്തി  എന്നും  കേട്ടതോര്‍ക്കുന്നു.  പക്ഷേ  ഇപ്പോള്‍  ഞങ്ങള്‍ക്ക്  അയാളുടെ  സഹായം  വേണം.  ഇനിയിങ്ങിനെ  നരകിച്ച്‌  ജീവിക്കേണ്ട  കാര്യമില്ല  എന്നാണ്  ഞങ്ങളുടെ  തീരുമാനം.  സര്‍ക്കാരിന്‍റെ  ഭാഗത്തു നിന്നും  എതിര്‍പ്പൊന്നും  ഉണ്ടാവില്ല.  നിയമവും  ഇപ്പോള്‍  അനുകൂല മാണ്.  അതിനുള്ള  പേപ്പറുകള്‍  ശരിയാക്കേണ്ടത്  നിങ്ങളുടെ  പണിയാണ്.  അതിന്  എതിര്‍പ്പോ  ചര്‍ച്ചയോ  ഒന്നും  ഞങ്ങളെ  തീരുമാനത്തില്‍  നിന്നും  മാറ്റാന്‍  പോണില്ല.  പള്ളിക്കാരേയൊന്നും  അറിയിക്കേം  വേണ്ട.  പ്രാര്‍ത്ഥനേം  കുര്‍ബാനേം  ഒന്നും  വലിയ  ബഹളമായി  വേണ്ട.  താങ്ക്സ്ഗിവിംഗ്  കഴിയുന്ന  രാത്രി  ഒരുറക്കം. അങ്ങനെ    രണ്ടാളും കൂടി ഒരിക്കലും  ഉണരാത്ത  ആ  ഉറക്കമാണ് ഞങ്ങളുടെ സ്വപ്നം.

അപ്പച്ചനോട്  എതിര്‍ത്തു  പറയാന്‍  വാക്കുകളില്ലാതെ  മാത്യുവും  അന്നയും  കുഴങ്ങി.  കാനഡയില്‍  വാര്‍ത്തകളില്‍  നിറയുന്ന  ദയാവധം  സ്വന്തം  വീട്ടിലേയ്ക്ക്.  

“ഇനിയത്  നിങ്ങള്‍  ശരിയാക്കിത്തന്നില്ലെങ്കില്‍  ഞങ്ങള്‍  എങ്ങിനെ യെങ്കിലും  അതങ്ങ്  സാധിക്കും.  അതിനു  മാറ്റമൊന്നുമില്ല.  അല്ലേടീ?  എന്ന്  അപ്പച്ചന്‍ പറയുമ്പോള്‍ അമ്മയും  പുഞ്ചിരിച്ചു.”

“എടാ ഞങ്ങള്‍ക്ക് ഇനി  നേടാനും  കൊടുക്കാനും  വാങ്ങാനും  ഒന്നുമില്ല.  ആഗ്രഹങ്ങളായിട്ടും  ഒന്നും  ബാക്കി  വച്ചിട്ടില്ല.  ഇപ്പോഴാണെങ്കില്‍  ദേഹത്ത്  ദീനമുണ്ടെങ്കിലും  ഉള്ളില്‍  അല്പം  വെളിവുണ്ട്.  ഇങ്ങിനെ  പരസ്പരം  നോക്കാന്‍  വയ്യാത്ത  അവസ്ഥയില്‍  ഇവിടെയിങ്ങിനെ  കിടക്കാന്‍  മനസ്സില്ല.  ഇനി  ഇതില്‍  കൂടുതല്‍  കൊഴലും  ട്യൂബും  വച്ചുകെട്ടി  ദേഹത്തെ  അതിന്‍റെ  പാട്ടിനു വിട്ടു  മരിപ്പിക്കാതെ  കെടന്നിട്ട്‌  എന്തിനാ?”

തികഞ്ഞ  ബുദ്ധിയോടെയെടുത്ത  തീരുമാനം.  പണ്ടും  യുക്തിയ്ക്ക്  ചേര്‍ന്നമട്ടിലാണ്  അപ്പച്ചന്‍റെ  എല്ലാ  സംഭാഷണങ്ങളും.  മാത്യുവിന്‍റെ  കണ്ണ്  നിറഞ്ഞു.  പക്ഷെ  അന്നയ്ക്ക്  നല്ല  മനസ്സുറപ്പാണ്.  അവള്‍  അപ്പച്ചന്  വാക്ക്  കൊടുത്തു.  “പപ്പാ, വാട്ടെവര്‍  മേക്സ്  യൂ  ഹാപ്പി.    എങ്കിലും  അപ്പച്ചാ,  അപ്പച്ചന്  ബ്രിട്ടീഷ്  രാജ്ഞിയുടെ  കയ്യില്‍  നിന്നും  നൂറുവയ സ്സിന്റെ  ബര്‍ത്ത്ഡേ  കാര്‍ഡ്  കിട്ടിയേച്ച്  പോയാപ്പോരേ?  അതിനിപ്പോ  രണ്ടു  കൊല്ലംകൂടിയല്ലേ  ഉള്ളൂ?”

“വേണ്ടെടീ, അമ്മൂന്  കിട്ടാത്ത  ബര്‍ത്ത്ഡേ  കാര്‍ഡൊന്നും  എത്ര  കൂടിയതാണേലും  എനിക്ക്  വേണ്ട.  അതിപ്പോ  രാജ്ഞിയുടേതായാലും  പോപ്പിന്റെയാണെങ്കിലും.”  

അപ്പച്ചനും  അമ്മയ്ക്കും  ഡോ.  വര്‍മ്മ  സ്വന്തം  മകനെപ്പോലെയാണ്.  എന്നാലും  പിള്ളേച്ചന്‍  എന്നേ  വിളിയ്ക്കൂ.  ആവശ്യം  അറിയിച്ചപ്പോ  ആദ്യംതന്നെ,  “അത്  ശരിയാവില്ല,  അപ്പച്ചാ,  ഞാനാ  സര്‍വ്വീസ്  നിര്‍ത്തിയാണ്  വാന്‍കൂവറില്‍  നിന്നും  പോന്നത്”,  എന്ന്  പറഞ്ഞ്  ഒഴിയാനാണ്  ശ്രമിച്ചത്.

അവിടെ  ഫാമിലി  പ്രാക്ടീസ്  ചെയ്യുന്ന  കാലത്ത്  വളരെ  ക്രിട്ടിക്കലായി  കിടന്നിരുന്ന  രണ്ടുപേരെ  സഹായിച്ച്  കഴിഞ്ഞപ്പോഴേയ്ക്ക്  രോഗികളെ  കൊല്ലാന്‍  നടക്കുന്ന  ഇന്ത്യന്‍  ഡോക്ടര്‍  എന്ന  പേരായി  ഡോ.  വര്‍മ്മ യ്ക്ക്.  രോഗികള്‍ക്ക്  അയാളുടെ  ഫാമിലി  ക്ലിനിക്കില്‍  വരാന്‍  മടിയായി ത്തുടങ്ങി.  ഓരോ  കേസിനും  വളരെയധികം  സമയം  ചെലവഴിക്കേണ്ട  പണിയാണെങ്കിലും  യുതനേഷ്യ  ചെയ്യുന്ന  ഡോക്ടര്‍ക്ക്  കാനഡയിലെ  മെഡിക്കല്‍  സര്‍വ്വീസസ്  പ്ലാന്‍  കൊടുക്കുന്ന  ഫീസ്‌  വളരെ  ചെറുതാണ്.  അതൊരു  സര്‍വ്വീസ്  ആയതുകൊണ്ട്  മാത്രമായാണ്  ഡോക്ടര്‍മാര്‍  യുതനേഷ്യ  ചെയ്യുന്നത്.  പക്ഷെ  ഒരാളെ  സഹായിക്കാന്‍  വേണ്ടിയെടു ക്കുന്ന  സമയം  കൊണ്ട്  സാധാരണ  കണ്സല്‍ട്ടിംഗില്‍  പത്തുപന്ത്രണ്ടു പേരേയെങ്കിലും  കാണാം.  ന്യൂസ്  പരന്നതോടെ  വര്‍മ്മയുടെ  ക്ലിനിക്കില്‍  തിരക്ക്  കുറഞ്ഞുവന്നു.  പക്ഷേ  യുതനെഷ്യയ്ക്കായി  പലരും  വര്‍മ്മയെ  സമീപിച്ചു  തുടങ്ങി.  

“അവിടെയുള്ള ഇന്ത്യന്‍സിന്‍റെ  ഇടയിലാണെങ്കില്‍  ഒരു  യമന്‍റെ  സ്ഥാനമായിരുന്നു  എനിക്ക്.  അവിടത്തെ    ഹരേകൃഷ്ണാ  ടെമ്പിളില്‍  പോകുമ്പോള്‍  ആളുകള്‍  എന്‍റെയടുക്കല്‍  വരാന്‍  മടിച്ചു.  കൂട്ടുകാ രാരുംതന്നെ  ഇല്ലാത്ത  അവസ്ഥയായി.  മകനെ  സ്കൂളില്‍  വച്ച്  കുട്ടികള്‍  എന്തോ  മോശം  പേര്  വിളിച്ചു  എന്ന്  കേട്ടത്  പിന്നീടാണ്.  അതിനും  കുറച്ചുകാലം  മുന്‍പ്  ഹാലിഫാക്സിലെ  ഡോ.  കേര്‍വോക്കിയന്‍  വാര്‍ത്തകളില്‍  നിറഞ്ഞത്  മരണഡോക്ടര്‍  ആയിട്ടാണ്.  ഒടുവിലയാള്‍  ഒറ്റപ്പെട്ടാണ്  മരിച്ചത്.  അന്ന്  നിയമവും  അയാള്‍ക്ക്  അനുകൂലമായി രുന്നില്ലല്ലോ.  വാന്കൂവറിലെ  തന്നെ  പ്രസിദ്ധനായ  ഒരിന്ത്യന്‍  പ്രഫസര്‍  ഡോ.  താക്കൂര്‍,  ഡോ.  കേര്‍വോക്കിയന്‍റെ  സഹായം  തേടി  അമേരിക്ക യിലോ  മറ്റോ  പോയിരുന്നു.  അവിടെവച്ച്  കാര്യം  നടന്നതിനുശേഷമേ  വീട്ടുകാര്‍  പോലും  അറിഞ്ഞുള്ളു.  ഏതായാലും  സമൂഹത്തില്‍  ഒറ്റപ്പെട്ടു  എന്നു  തോന്നിയപ്പോഴാണ്  ഇവിടെ  ലണ്ടനിലേയ്ക്ക്  പ്രാക്ടീസ്  മാറ്റി  വരാന്‍  ഒരവസരം  കിട്ടിയത്.  അതില്‍പ്പിന്നെ  അങ്ങിനെയൊരു  സര്‍വ്വീസ്  ഞാന്‍  ചെയ്തിട്ടില്ല.”

“പക്ഷെ,  പിള്ളേച്ചന്‍  ഡോക്ടറേ,  നീയും  എനിക്കൊരു  മകന്‍  തന്നെ യാണ്.  നാട്ടില്‍  വച്ച്  നിന്‍റെ  അച്ഛനും  അമ്മയും  മരിച്ചപ്പോള്‍  കൊള്ളി വച്ചത്  നിന്‍റെ  മൂത്ത  ചേട്ടനല്ലേ?  ഇത്  നിനക്കുള്ള  ഒരവസരമാണെന്ന്  കരുതിയാല്‍  മതി.  നല്ല  മനസ്സോടെ,  ഞങ്ങളെ  പറഞ്ഞ്  വിടാന്‍  ഒരവസ രമാണിത്!.”  പറഞ്ഞ്  തീര്‍ന്നപ്പോഴെയ്ക്ക്  അപ്പച്ചന്‍  കുഴഞ്ഞുപോയി.  ക്ഷീണം  കൊണ്ട്  കണ്ണുകള്‍  കൂമ്പിയടഞ്ഞു.  അമ്മയാണെങ്കില്‍  നേരത്തേ തന്നെ  ഉറക്കം  പിടിച്ചിരുന്നു.  എങ്കിലും  സംസാരത്തിനിടയ്ക്ക്  നേര്‍ത്ത  ശബ്ദത്തില്‍  മൂളുന്നുണ്ടായിരുന്നു.

അവര്‍  കെയര്‍ഹോമില്‍  താമസിക്കാന്‍  പോകുന്നതിനു  മുന്‍പ്  അപ്പച്ച നുമായി  സംസാരിക്കാനുള്ള  അവസരങ്ങള്‍  വര്‍മ്മ  മുടക്കാറില്ല.  രണ്ടോ  മൂന്നോ  മാസത്തിനിടയ്ക്ക്  വെറുതേ  ചെന്നു  കാണും.  അമ്മുവിനും  ഡോക്ടറെ  വലിയ  കാര്യമാണ്.  ഓരോ  തവണ  കാണുമ്പോഴും  അപ്പച്ചന്‍റെ  സഭയിലെ  ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി  പറയലാണ്  അപ്പച്ചന്  ഇഷ്ടമുള്ള  വിഷയം.  അവര്‍  ഒരു  നാട്ടുകാരാണ്.  കൂട്ടുകാരും.  അപ്പച്ചനേക്കാള്‍  രണ്ടോ  മൂന്നോ  വയസ്സ്  മൂത്തതാണ്  തിരുമേനി.  

“ഞങ്ങളൊക്കെ കളിച്ചും കക്കണ്ടികുത്തീം നടക്കുമ്പോ, ചെറുപ്പത്തിത്തന്നെ ദൈവവിളിയുണ്ടായ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഫിലിപ്പ് എന്നാ വിളിക്കണത്.  സ്കൂളില്‍ പഠിക്കുമ്പോഴേ ആളൊരു കുഞ്ഞച്ചനാണ്. നല്ലൊരു ദൈവസ്നേഹി. മാത്രമല്ല നായരും നസ്രാണിയും ഈഴവനും പെലയനും എല്ലാം ഒരേ മനുഷ്യരാണെന്ന് കമ്മ്യൂണിസ്റ്റ്കാര് പറയണേനു മുന്‍പേ കണ്ടു ജീവിക്കുന്നയാളാണ് അദ്ദേഹം. നിങ്ങടെ ഭാഗവതം പറയണ ആ വല്യതിരുമേനിയോണ്ടല്ലോ, ആ, മള്ളിയൂര്‍ തിരുമേനി. അവരൊക്കെ വല്യ കൂട്ടുകാരാ.” തിരുമേനിയുടെ തമാശകള്‍ കിട്ടിയാല്‍ ആദ്യം പിള്ളേച്ചനെ പറഞ്ഞ് കേള്‍പ്പിക്കലായിരുന്നു അപ്പച്ചന്‍റെ മറ്റൊരു നേരംപോക്ക്.

ക്രിസോസ്റ്റം  തിരുമേനിയുടെ  സ്വാധീനത്തിലാണെന്ന്  തോന്നുന്നു  അപ്പച്ചന്  നാട്ടിലെ  ദേവാലയങ്ങളിലും  ആശ്രമങ്ങളിലും  നല്ല  പിടിപാടായിരുന്നു.  അവര്‍ക്കെല്ലാം  കയ്യയച്ച്  സംഭാവനയും  നല്‍കി.  റിയല്‍  എസ്റ്റേറ്റ്  ബിസിനസ്സില്‍  ഉണ്ടാക്കിയ  വമ്പിച്ച  സ്വത്തിന്  അവകാശികളായി  രണ്ടു  മക്കള്‍  മാത്രമല്ലേയുള്ളൂ.  അവര്‍ക്കാണെങ്കില്‍  സ്വന്തമായി  നല്ല  പ്രഫഷനും  സമ്പാദ്യവും  ഉണ്ട്.  യൂനിവേര്‍സിറ്റിയില്‍ എൻഡോവ്മെന്റായി ഒരു  നല്ല  തുക  കൊടുക്കണം  എന്നതാണ്  അപ്പച്ചന്‍റെ  ആഗ്രഹം.  അത്  വില്ലില്‍  എഴുതി  വച്ചിട്ടുമുണ്ട്.  മാത്യുവുമായി  ചേര്‍ന്ന്  വെസ്റ്റേന്‍  യൂനിവേര്‍സിറ്റിയില്‍  കുറച്ചു  സ്കോളര്‍ഷിപ്പുകള്‍  ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയുള്ള  ഇൻഡ്യൻസ് പൊതുവേ ഇക്കാര്യത്തില് പിറകൊട്ടാണ്. അവർ പള്ളിക്കും അമ്പലത്തിനും വേണ്ടി എത്രവേണമെങ്കിൽ സംഭാവന ചെയ്യും. 

ഒരിക്കല്‍  അങ്ങിനെയിരുന്നു  സംസാരിക്കുമ്പോള്‍  അപ്പച്ചന്‍  പറഞ്ഞു:  “നമ്മള്‍  എന്തെങ്കിലും  ചാരിറ്റിയായി  സ്വത്തില്‍  നിന്നും  ഒരു  വീതം  കൊടുക്കാന്‍  ഉദ്ദേശിക്കുന്നുണ്ടെങ്കില്‍  അത്  നമ്മുടെ  വില്ലില്‍  വ്യക്തമായി  എഴുതിവച്ച്  ഭാര്യയും  ഭര്‍ത്താവും  കൂടി  ഒപ്പിട്ട്  വക്കീലിനെ  ഏല്‍പ്പിക്കണം.  ഏറ്റവും  നല്ലത്    ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ  കൊടുക്കാനുള്ളത്  കൊടുക്കുകയാണ്.  അല്ലെങ്കില്‍  ഹാലിഫാക്സിലെ  ആ  ദാസന്‍  മേനോന്  പറ്റിയതുപോലെ  ആവും.  ആള്‍  മരിക്കും  മുന്‍പ്  വില്ലൊക്കെ  എഴുതി  വച്ചിരുന്നു.  ചെറുപ്പത്തില്‍  നാട്ടില്‍  പഠിച്ചിരുന്ന  പ്രൈമറി  സ്കൂളില്‍  ഇപ്പോഴും  നല്ലൊരു  ബാത്ത്‌റൂമില്ല  എന്നറിഞ്ഞ പ്പോള്‍  മേനോന്‍  ഒരു  മുപ്പതിനായിരം  ഡോളര്‍  സംഭാവനയായി  മരണശേഷം  ഒരു  വര്‍ഷത്തിനുള്ളില്‍  നല്‍കാന്‍  വേണ്ടി  വില്ലില്‍  എഴുതി  വച്ചിരുന്നു.  അതുപോലെ  രണ്ടോ  മൂന്നോ  ചാരിറ്റികള്‍  വേറെയും  ഉണ്ടായിരുന്നു.  നാലഞ്ച് മില്യന്‍ സ്വത്തുള്ള ആളായിരുന്നു കേട്ടോ. പക്ഷെ മരിച്ചു കഴിഞ്ഞപ്പോള്‍ ആ വില്ലില്‍ പറഞ്ഞ സംഭാവനയൊന്നും കൊടുക്കാന്‍ ഭാര്യയും മകളും സമ്മതിച്ചില്ല. അതൊക്കെ അനാവശ്യമാ ണത്രേ. കേസ് പറഞ്ഞ് ആ തുക വാങ്ങാന്‍ ചെര്‍പ്പുളശ്ശേരിയിലെ ആ ചെറിയ സ്കൂളില്‍ നിന്നും ആരു വരാനാണ്? മേനോന്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ സ്കൂളിലെ ഹെഡ്മാഷ്‌ കത്തെഴുതുകയോ മറ്റോ ചെയ്തു. അത്രതന്നെ. അവിടെ ഹാലിഫാക്സില്‍ റിയല്‍ എസ്റ്റേറ്റ് പണി ചെയ്യണ എന്‍റെയൊരു ഒരനന്തിരവന്‍ ചെക്കനൊണ്ട്. അവനാണ് ഈ കഥ പറഞ്ഞത്. അവരുടെ എസ്റ്റേറ്റ് വില്പന അവനാണല്ലോ കൈകാര്യം ചെയ്തത്. അതുകൊണ്ട് എന്‍റെ വില്ലൊക്കെ നന്നായി മുറുക്കിത്തന്നെയാണ് ഞാന്‍ കെട്ടി വെച്ചേക്കുന്നത്.                                                                 

“ഉറിയിക്കെടക്കണ വെണ്ണ കൊരങ്ങന്മാരും കൂട്ടുകാരുമടക്കം എല്ലാ വര്‍ക്കും  വീതിച്ചു  കൊടുക്കണ  ശ്രീകൃഷ്ണനെപ്പറ്റി  ക്രിസോസ്റ്റം  തിരുമേനി  പറയുന്നതെന്നതാന്നു  പിള്ളേച്ചന്  മനസ്സിലായിട്ടൊണ്ടോ?  അതായത്,  സ്വത്തൊന്നും  ഇങ്ങിനെ  കെട്ടിപ്പിടിച്ച്  ഇരിക്കാനുള്ളതല്ല,  മറ്റുള്ളവര്‍ക്ക്  കൂടി  ഉപകാരപ്പെടാന്‍  ഉള്ളതാണ്  എന്നാണ്.  അതില്‍  ജാതിയും  മതവുമൊന്നും  നോക്കേണ്ട  കാര്യമില്ല.  സത്യം  ഒന്ന്  മാത്രം.  അതിനെ  ആളുകള്‍  പല  പല  നിറത്തിലുള്ള  കണ്ണാടിയില്‍ക്കൂടി  നോക്കി  പറയുവാണ്  എന്‍റെ  ദൈവം  നീല,  ചുവപ്പ്  എന്നൊക്കെ.  എല്ലാം  മായയല്ലേ!  ഒരാള്  തന്നെ  പലര്‍ക്കും  പലതാണ്.  ഒരാള്‍ക്ക്  അപ്പന്‍,  മറ്റൊരാള്‍ക്ക്  ഭര്‍ത്താവ്,  മറ്റൊരാള്‍ക്ക്  ആങ്ങള,  അങ്ങിനെയങ്ങിനെ.  എന്നാ  ഞാന്‍  അത്  വല്ലോമാണോ?  അതല്ലതാനും!  അല്ലെങ്കില്‍  അതിനൊക്കെ  അപ്പുറം  എന്തോ  ആണ്.  അതാണ്‌  ദൈവത്തിന്റെയും  സ്ഥിതി.  

ആ  അപ്പച്ചനാണ്  പറയുന്നത്  –  “ഞങ്ങള്‍ക്ക്  കൊള്ളിവച്ച്  സന്തോഷ ത്തോടെ  പറഞ്ഞയക്കാന്‍”.  പണ്ടൊരിക്കല്‍  ഹിന്ദുക്കളുടെ   വിശ്വാസ ങ്ങളെപ്പറ്റിയും  പുനര്‍ജന്മത്തെപ്പറ്റിയും  അവറാച്ചന്‍  വര്‍മ്മയോട്  ചോദിച്ചിരുന്നു.  അപ്പോഴാണ്‌  വര്‍മ്മ പണ്ട്  ഭാഗവതത്തില്‍  വായിച്ച    ചിത്രകേതു രാജാവിന്‍റെ കഥ അപ്പച്ചന്  പറഞ്ഞ്  കൊടുത്തത്.  പുരാണ കഥകള്‍  കേള്‍ക്കാന്‍  വയസ്സ്  കാലത്തും  അപ്പച്ചന്  ഉത്സാഹമായിരുന്നു.

“പണ്ടൊന്നും ഞങ്ങള്‍  നസ്രാണിമാര്  പുരാണമൊന്നും  വായിക്കത്തില്ല.  ബൈബിളുപോലും  ഒന്നോടിച്ചു  വായിച്ചെങ്കിലായി.  പിന്നെ നാട്ടിലെ അമ്പലത്തില്‍  പൂരക്കാലത്ത്  കളിക്കണ ബാലെകൾ കണ്ടാണ്‌  രാമയണകഥയൊക്കെ  ഏതാണ്ട്  മനസ്സിലായത്.  പിള്ളേച്ചന്‍  ചിത്രകേതൂനെപ്പറ്റി  പറഞ്ഞാട്ടെ”

“ചിത്രകേതു  രാജാവിന്  കുട്ടികൾ  ഉണ്ടായിരുന്നില്ല.  ഒരു  പുത്രനുണ്ടാ വാൻ  രാജാവ്  പല  പൂജകളും  ചെയ്തു,  പക്ഷെ  ഒന്നും  ഫലം  കണ്ടില്ല.    ഒടുവിൽ  അദ്ദേഹത്തിന്‍റെ ഗുരു വലിയൊരു  യാഗം  ചെയ്ത്  ചെറുപ്പക്കാരിയായ  രാജ്ഞി പ്രസവിച്ചു.  രാജാവിനു  വലിയ  സന്തോഷമായി.  പക്ഷേ  രാജാവിന്‍റെ  മറ്റു  ഭാര്യമാര്‍  അസൂയമൂത്ത്  ആ  കുഞ്ഞിനെ വിഷം  കൊടുത്ത്  കൊന്നുകളഞ്ഞു.

അദ്ദേഹം  സങ്കടത്തോടെ വീണ്ടും  ഗുരുവിനെ  സമീപിച്ചു.

“എന്‍റെ  മകനെവിടെപ്പോയി?  അങ്ങാണ്  എനിക്കവനെ  തന്നത്. ഇനിയ വനെ  തിരിച്ചു  കിട്ടാനും  അങ്ങുതന്നെ   എന്തെങ്കിലും ചെയ്യണം ”    രാജാവിന് മകനെ  തിരിച്ചു  കിട്ടണം  എന്ന  വാശിയായിരുന്നു.  ഒടുവിൽ  മനസ്സില്ലാമനസ്സോടെ  ഗുരു  മരിച്ചു  കിടന്ന  രാജകുമാരന്‍റെ  ദേഹത്ത്  കുറച്ചു  വെള്ളം  കുടഞ്ഞു  മന്ത്രം  ചൊല്ലി  ജീവനുണർത്തി.  രാജാവ്  കുമാരനെ കെട്ടിപ്പിടിക്കാന്‍  ഓടിച്ചെന്നു.  കുമാരൻ  അദ്ദേഹത്തെ  തടഞ്ഞുകൊണ്ട്  ചോദിച്ചു.  

“ആരാണ്  നിങ്ങളൊക്കെ?  എന്തിനാണെന്നെ  അങ്ങ്  കെട്ടിപ്പിടിക്കുന്നത്?  

“ഞങ്ങള്‍  നിന്‍റെ  അച്ഛനും  അമ്മയുമാണ്.  മോനേ,  ഇത്  നിന്‍റെ  രാജ്യമാണ്“  എന്നൊക്കെ  കേട്ടിട്ടും  രാജകുമാരന്‍  തീരെ  താല്‍പ്പര്യ  മില്ലാതെ  നിന്നു.  

രാജാവാകെ  അമ്പരന്നു.  കുമാരൻ  പറഞ്ഞു. “എനിക്കിതിനു  മുൻപ്  അനേകം  ജന്മങ്ങൾ  ഉണ്ടായിട്ടുണ്ട്.  അവയില്‍  അനേകം    മാതാപിതാ ക്കളും  പല  ബന്ധങ്ങളും  അപ്പോഴൊക്കെ  ഉണ്ടായിട്ടുമുണ്ട് .  അതു  കൊണ്ട്  നിങ്ങൾ  ആരെന്ന് ഇപ്പോൾ എനിക്ക്  തിരിച്ചറിയാൻ  ആവുന്നില്ല.  ഓരോ  ജന്മങ്ങളിലെയും  ബന്ധങ്ങൾ താൽക്കാലികം   മാത്രമാണ് എന്ന്  ഞാനറിയുന്നു.  വെറും  ഒരു  ജന്മത്തിലെ  ബന്ധത്തിന്  മാത്രമായി  ഞാൻ  എങ്ങിനെ  വില  കൽപ്പിക്കും?    ഞാൻ  പോകുന്നു.  ഞാനെന്‍റെ  യാത്ര  തുടരട്ടെ.”

“അപ്പോ  ഡോക്ടര്‍  പറഞ്ഞ്  വരുന്നത്  ജീവൻ  ശരീരത്തിൽ  നിന്നു  വേർപെട്ടശേഷം  അന്ത്യമവിധിക്കായി  കാത്തിരുന്ന്  വിശ്രാന്തിയടയുന്നു വെന്നും  ഒടുവിൽ  നന്മതിന്മകളുടെ  അടിസ്ഥാനത്തിൽ  സ്വർഗ്ഗത്തിലോ  നരകത്തിലോ  സ്ഥിരവാസം  കിട്ടുന്നു  എന്നുമുള്ള  ക്രിസ്തീയ  വിശ്വാസം  ശരിയല്ല  എന്നാണോ?”  എന്നായി  അപ്പച്ചന്‍.  

“എന്നല്ല,  അന്തിമവിധിക്കായി  കാത്തിരിക്കുന്ന  കല്ലറ  എന്ന്  പറയുന്നത്  ദേഹി  പാര്‍ക്കുന്ന  ഓരോരോ  ദേഹങ്ങള്‍  ആയിക്കൂടെ?  ദേഹമെന്ന  കല്ലറയില്‍  അടക്കപ്പെട്ട  ജീവനല്ലേ,  ഓരോ  ജീവിയും?  അതില്‍  മനുഷ്യദേഹവും  മറ്റു  ജന്തുക്കളുടെ  ദേഹവും  അചരങ്ങളായ പാറയും  ഒക്കെ  ആവാം.  അല്ലേ?  അങ്ങിനെ  നിത്യശാന്തിയെത്തുംവരെ   ഓരോരോ  ജന്മങ്ങള്‍  എടുത്ത്  മുന്നോട്ടു  പോയിപ്പോയി  ‘ഞാനും  എന്‍റെ  പിതാവും  ഒന്ന്’  എന്ന  ഒരു  തലത്തില്‍  എത്തിച്ചേരുന്ന  ജീവനെപ്പറ്റി  അപ്പച്ചന്‍  ആലോചിച്ചിട്ടുണ്ടോ?  അതല്ലേ  ജീവന്‍റെ  ശരിയായ  ഉയിര്‍ത്തെഴുന്നേല്‍പ്പ്?  യേശുതന്നെ   ‘ഞാനും  എന്‍റെ  പിതാവും  ഒന്ന്’  എന്ന്  പറഞ്ഞിട്ടില്ലേ  അപ്പച്ചാ?”

“പിള്ളേച്ചന്‍  ഡാക്ടറേ,  എന്‍റെ  ആലോചനയൊന്നും  അത്രയ്ക്ക്  കടന്നു  പോയിട്ടില്ല.  ഈ  ജീവിതം  കഴിഞ്ഞാല്‍  കര്‍ത്താവില്‍  നിദ്ര,  എന്നതേ  ഞാന്‍  മനസ്സില്‍  കണ്ടിട്ടുള്ളു.  പക്ഷെ  ഇത്  കൊള്ളാമല്ലോ!  ആലോചി ക്കാനും  ആനന്ദിക്കാനും  എത്രയെത്ര  കാര്യങ്ങളാണീ  ലോകത്ത്!  അതെ.  ഞാനും  എന്‍റെ  പിതാവും  ഒന്ന്.” അപ്പച്ചന്‍ തലകുലുക്കി. 

അമ്മു  അമ്മച്ചി  എല്ലാം  കേട്ടിരിക്കാറാണ്  പതിവ്.  പക്ഷെ  എല്ലാം  മനസ്സിലാക്കിയതുപോലെയൊരു  ചിരിയില്‍  എല്ലാം  ഒതുക്കും.  സ്വച്ഛന്ദമൃത്യു  എന്ന  ആശയം  അപ്പച്ചനെപ്പോലെ  തന്നെ  അമ്മച്ചിക്കും  പ്രിയമായിരിക്കുന്നു.  ദേഹത്തെ  കൊണ്ട്നടക്കാന്‍  ദേഹിക്കിനി  വയ്യ  എന്ന്  വിളിച്ചു  പറയുന്നതുപോലെയാണ്  അമ്മയുടെ  കിടപ്പ്.  “ഒന്നും  ആലോചിക്കാനില്ല  മോനേ,  പോക്ക്  മുന്നോട്ടു  തന്നെ.

ഒടുവില്‍  ഡോ.  വര്‍മ്മ  ആ  ദൌത്യം  ഏറ്റെടുത്തു.  മിനിസ്റ്റീരിയല്‍,  മെഡിക്കല്‍,  ജുഡിഷ്യല്‍  എന്ന്  വേണ്ട  എല്ലാ  അപ്രൂവല്‍  പ്രോസസ്സിനും  ഡോക്ടര്‍  എന്ന  നിലയ്ക്ക്  സര്‍ട്ടിഫിക്കറ്റു  നല്‍കി.  അവരുടെ  ഫാമിലി  ഡോക്ടര്‍  എന്ന  ഉത്തരവാദിത്വം  ഏറ്റെടുത്തു.  അതിനു  മുന്‍പ്  അവര്‍ക്കായി  തലവേദനയ്ക്കുള്ള  ഒരു  ചെറുമരുന്ന്  പോലും  വര്‍മ്മ  കുറിച്ച്  കൊടുത്തിട്ടില്ല.  

ഇപ്പോളിതാ  ഇതാണ്  ഏറ്റവും  വലിയ  മരുന്ന്.  ‘ദയാവധത്തിനുള്ള  പെര്‍മിറ്റ്‌  എപ്പോള്‍  വേണമെങ്കിലും  പിന്‍വലിക്കാനുള്ള  അവകാശം  രോഗിയ്ക്ക്  ഉണ്ടെന്ന്’  അവര്‍ക്ക്  വിശദീകരിച്ചു  കൊടുത്തപ്പോള്‍  അപ്പച്ചന്‍റെ  ചുണ്ടുകളില്‍  ഒരു  പുഞ്ചിരി  വിടര്‍ന്നു.  

“ഇതൊക്കെ വെറും  ഫോര്‍മാലിറ്റിയല്ലേ പിള്ളേച്ചാ ?  ജീവിതത്തോടു  മുഴുവന്‍,  ലോകത്തോട്‌  മുഴുവന്‍,  നന്ദി  പറയാനുള്ള  അവസരമായി  അടുത്ത  താങ്ക്സ്ഗിവിംഗ്  ദിവസം  നമ്മള്‍  തീരുമാനിച്ചു  കഴിഞ്ഞു  എന്ന്  ആ  നിയമത്തിനു  മനസ്സിലാവുന്നതെങ്ങിനെ?”

മാത്യുവും  അന്നയും  അവരവരുടെ  കുടുംബങ്ങളെ  കാര്യം  പറഞ്ഞ്  മനസ്സിലാക്കി.  മുതിര്‍ന്ന  കുട്ടികളോട്  മാത്രം  ഡോ.  വര്‍മ്മയെ  വിളിച്ച  കാര്യം  അറിയിച്ചു.  നിയമാനുസൃതമാണെങ്കിലും  കുടുംബത്തിനു  മാത്രമറിയാവുന്ന  രഹസ്യമായി  അത്.  ഡോ.  വര്‍മ്മയും  അദ്ദേഹത്തിന്‍റെ  ക്ലിനിക്കിലെ  നേഴ്സുമല്ലാതെ  കുടുംബത്തിനു  വെളിയില്‍  മറ്റാരും  അറിയണ്ട  എന്നായിരുന്നു  തീരുമാനം.

എഴുപതാം  കല്യാണവാര്‍ഷികം  പ്രമാണിച്ച്  കെയര്‍ഹോമില്‍  നിന്നും  വീട്ടിലേയ്ക്ക്  വരുന്നതിന്‍റെ  ആഘോഷവും  താങ്ക്സ്ഗിവിംഗും  ചേര്‍ത്ത്  ഒരു  പാര്‍ട്ടിക്കായാണ്  എല്ലാവരേയും  ക്ഷണിച്ചത്.  അതിനു  രണ്ടു ദിവസം  മുന്‍പ്  അപ്പച്ചനേയും  അമ്മയെയും  അവര്‍  വീട്ടിലേയ്ക്ക്  കൊണ്ടുവന്നു.  പാര്‍ട്ടിയുടെ  തലേ  ദിവസം  തന്നെ  ആറു  കുഞ്ഞ്  മക്കളും  അവരുടെ  രണ്ടു  കുഞ്ഞുങ്ങളും  വല്യപ്പൂപ്പനെയും  അമ്മൂമ്മയെയും  കാണാന്‍  എത്തിയിരുന്നു.  ലണ്ടനിലെ  മരങ്ങള്‍  നിറം  വച്ച്  മുറ്റം  നിറയെ  മഞ്ഞയും  ഓറഞ്ചും  ചുവപ്പും  ഇലകള്‍  നിരത്തി  താങ്ക്സ്  ഗിവിങ്ങിനു  തയ്യാറായിരുന്നു. ഇനിയൊരു ചെറിയ കാറ്റുകൂടി ആഞ്ഞടിച്ചാൽ കൊഴിയാനുള്ള ഇലകളേ മരങ്ങളിൽ  ബാക്കിയുണ്ടായിരുന്നുള്ളൂ.

കുടുംബത്തില്‍  സ്ഥിരമായി  വായിക്കാറുള്ള  ബൈബിള്‍  കട്ടിലിനു  സമീപം  വച്ചിരുന്നു.  അപ്പച്ചന്  മുടിവെട്ടാനും  ഷേവ്  ചെയ്യാനും  സ്പെഷല്‍  റിക്ക്വസ്റ്റ്  അനുസരിച്ച്  അടുത്തുള്ള  സലൂണില്‍  നിന്ന്  ആള്‍  വന്നു.  അമ്മുമ്മയ്ക്ക്  സ്പെഷല്‍  ട്രീറ്റായി വല്ലപ്പോഴും ചെയ്യാറുള്ള  മാനിക്യൂറും  പെഡിക്യൂറും  ചെയ്യിപ്പിക്കാന്‍  അപ്പച്ചന്‍  പ്രത്യേകം  ഓര്‍മ്മിപ്പിച്ചു.  രാവിലെ  തന്നെ  രണ്ടാളെയും  കുളിപ്പിച്ചൊരുക്കാന്‍  ഹോമില്‍  നിന്നു തന്നെ  ആളെത്തി.

നേഴ്സ്  കെയര്‍ഹോമില്‍  നിന്നും  രണ്ടാള്‍ക്കും  ഐവി  കുത്തിവയ്ക്കാ നുള്ള  സെറ്റ്  കൊടുത്തിരുന്നു.  അവിടെയും  അതിലൂടെയാണ്  രണ്ടാ ള്‍ക്കും  മരുന്ന്  കൊടുത്തിരുന്നത്.  ആ  രണ്ടു  സെറ്റുകള്‍  അങ്ങിനെതന്നെ  ബെഡിനു  സമീപം  വച്ചിരുന്നു.  അമ്മുവിന്  ഭക്ഷണം  വായിലൂടെ  കഴിക്കാന്‍  ആവാത്തതുകൊണ്ട്  അതിനായി  വയറ്റിലേയ്ക്ക്  നേരിട്ടൊരു  ട്യൂബിലൂടെയായിരുന്നു  ദിവസവും  ഫീഡിംഗ്.  വല്ലപ്പോഴും  അപ്പച്ചന്‍  വായില്‍  ഇറ്റിച്ച്  കൊടുക്കുന്ന  മധുരമുള്ള  വീഞ്ഞ്  മാത്രം  അമ്മച്ചി  സ്വാദുനോക്കിയെന്നപോലെ  നുണഞ്ഞ്  പുഞ്ചിരിക്കാറുണ്ട്.

വര്‍മ്മ  എല്ലാ  പേപ്പറുകളും  തയ്യാറാക്കി  നേഴ്സിനെയും  മാത്യുവി നെയും  അന്നയെയും  കാണിച്ചു.  ഉച്ചസമയത്തുതന്നെ  വന്ന്  അപ്പച്ചനെയും  അമ്മയെയും  കാര്യങ്ങള്‍  പറഞ്ഞു  മനസ്സിലാക്കി.  ഇനി  ആഗ്രഹങ്ങള്‍  ബാക്കിയൊന്നുമില്ല  എന്നവര്‍  തീര്‍ത്ത്‌  പറഞ്ഞു.  സ്വമനസ്സാലെയാണ്  ഈ  തീരുമാനത്തില്‍  എത്തിയതെന്ന്  അവര്‍  ആവര്‍ത്തിച്ചു.  അത്  ഡോക്ടര്‍  ഫോണില്‍  റെക്കോര്‍ഡ്  ചെയ്തെടുത്തു.  വര്‍മ്മ  അവരുടെ  കൈകള്‍  തന്‍റെ  തലയില്‍  പിടിച്ചു  വച്ചു.  “അപ്പച്ചാ, അമ്മച്ചീ, അനുഗ്രഹിക്കണേ”

പാര്‍ട്ടിക്ക്  ആള്‍  വരുന്നതിനു  മുന്‍പ്  മക്കളും  കൊച്ചുമക്കളും  ചേര്‍ന്ന്  അവര്‍  പണ്ട്  ഒന്നിച്ചു  പാടാറുള്ള  പ്രാര്‍ത്ഥനകള്‍  പാടി  കൈപിടിച്ച്  അപ്പച്ചനും  അമ്മച്ചിക്കും  ചുറ്റുംനിന്നു.  ഡോ  വര്‍മ്മയും  ഭാര്യ  ദേവിയും  വന്ന്  അപ്പച്ചന്‍റെയും  അമ്മയുടെയും    അനുഗ്രഹങ്ങള്‍  വാങ്ങി.

ഡോ.വര്‍മ്മയോട്  അപ്പച്ചന്‍  പറഞ്ഞു:  “പിള്ളേച്ചന്‍  ഡോക്ടറെ,  വിളഞ്ഞു  മുറ്റിയ  കുമ്പളങ്ങ  ഒരു  വിഷമവുമില്ലാതെ  അതിന്‍റെ  വള്ളി യേന്നു  വേര്‍പെട്ടു  പോകുന്നേനെപ്പറ്റിയൊരു  മന്ത്രമില്ലേ,  അതൊന്നു  പാടിക്കേ”  എല്ലാവരും  കട്ടിലുകള്‍ക്ക്  ചുറ്റും  കൂടി  നില്‍ക്കെ,  വര്‍മ്മയും  ദേവിയും  “ത്രയംബകം  യജാമഹെ  സുഗന്ധിം  പുഷ്ടിവര്‍ദ്ധനം  ഉര്‍വ്വാരുകമിവ  ബന്ധനാത്  മൃത്യോര്‍  മുക്ഷീയ  മാമൃതാത്.....”  എന്ന  മഹാമൃത്യുന്ജയം  ചൊല്ലി.  ചുറ്റും  നിന്ന  കുട്ടികള്‍ക്കായി  അതിന്‍റെ  അര്‍ത്ഥം  പറഞ്ഞ്  കൊടുത്തു.  മുറിയില്‍  അങ്ങിങ്ങായി  ചില  തേങ്ങലുകള്‍  അധികം  ഒച്ചയില്ലാതെ  കേട്ടു.

അപ്പോഴേയ്ക്കും  ബന്ധുക്കളും  സുഹൃത്തുക്കളും  എത്തിത്തുടങ്ങി.  പാര്‍ട്ടി.  വലിയൊരു  കേക്കും,  പലതരം  വൈനുകളും  ഭക്ഷണ സാധനങ്ങളും  നിറഞ്ഞു.  പക്ഷെ  ഡോ.  വര്‍മ്മയ്ക്ക്  ഇന്ന്  ഉണ്ണാവ്രത മായിരുന്നു.  ജലപാനം  മാത്രമേയുള്ളൂ.  ദേവിയും  പറഞ്ഞു:  “ഞാനുമിന്നു  വ്രതമെടുക്കാം”.  പാര്‍ട്ടിക്ക്  വന്നവരോട്  കുശലം  പറഞ്ഞ്  വര്‍മ്മയും  ദേവിയും  നേരത്തെതന്നെ  വീട്ടിലേയ്ക്ക്  പോകാന്‍  തീര്‍ച്ചയാക്കി.

അപ്പച്ചനും  അമ്മച്ചിയും  ഉറക്കത്തിലേയ്ക്ക്  വഴുതി  വീഴും  മുന്‍പ്  വര്‍മ്മയെ  നോക്കി  പുഞ്ചിരിച്ചു.  അപ്പച്ചന്‍  വലം  കയ്യിലെ  തള്ളവിരല്‍  തമ്പ്സ്അപ്  എന്ന്  കുറച്ച്  ഉയര്‍ത്തിക്കാണിച്ചു.

രണ്ടാളും  അവര്‍ക്കിഷ്ടപ്പെട്ട  വേഷങ്ങളില്‍  ആയിരുന്നു.  അപ്പച്ചന്‍  ഒരു  മുണ്ടും  ചെറുകസവുള്ള  ഒരു  നേരിയതും  ഉടുത്തിരുന്നു.  അമ്മച്ചി  ഒരു സ്വർണ്ണക്കരയുള്ള കവണി ചുറ്റി  ഉടുത്തതുപോലെ  അത് മേലിലിട്ട്  സുന്ദരിയായിരുന്നു.  അപ്പച്ചന്‍റെ  ഇടത്തെക്കയ്യ്  അമ്മച്ചിയുടെ  വലത്തെ  കയ്യില്‍പ്പിടിച്ചിരുന്നു.  വര്‍മ്മ  വീട്ടിലേയ്ക്ക്  മടങ്ങി.  മാത്യുവിനോട്  ആവശ്യമുണ്ടെങ്കില്‍  വിളിക്കാന്‍  പറഞ്ഞിരുന്നു.

പാര്‍ട്ടി  കഴിഞ്ഞ്  എല്ലാവരും  മടങ്ങിയപ്പോള്‍  ഡോക്ടര്‍  തിരികെ  വന്നു,  നാലുമണി  കഴിഞ്ഞിരിക്കുന്നു.  രണ്ടാളും  നല്ല  ഉറക്കത്തിലാണ്.  ഹോമിലെ  നേഴ്സിനു  പകരം  ഡോക്ടറുടെ  ക്ലിനിക്കില്‍  നിന്നും  ഒരു  സീനിയര്‍  നേഴ്സാണ്  കൂടെ  വന്നത്.  മാത്യുവും  അന്നയും  മുറിയില്‍  നിന്നും  കണ്ണ്  തുടച്ച്  ഇറങ്ങിപ്പോയി.  ഡോ.വര്‍മ്മ  നഴ്സിനോട്  രണ്ടാളുടെയും  പള്‍സും  ടെമ്പറെച്ചറും  നോക്കി  എഴുതിവയ്ക്കണം  എന്നോര്‍മ്മിപ്പിച്ചു.

നേഴ്സ്  മരുന്നും  രണ്ടു  ഡിസ്പോസബിള്‍  സിറിഞ്ചുകളും  ഡോക്ടര്‍ക്ക്  നല്‍കി.  രണ്ട്  ഐവി  സെറ്റുകളിലും  വര്‍മ്മ  ഡിസ്റ്റില്‍ഡ്  ജലം  നിറഞ്ഞ  കുപ്പികള്‍  വച്ചു.  മെഡിക്കല്‍  ബോര്‍ഡ്  അംഗീകരിച്ച  ആ  മരുന്ന്  ഐവിയിലേയ്ക്ക്  ഇഞ്ചെക്റ്റ്  ചെയ്യാനായി  രണ്ടു  സിറിന്‍ജുകളില്‍  നിറച്ചു  തയ്യാറാക്കി  വച്ചു.

ഡോ  വര്‍മ്മ  പ്രാര്‍ത്ഥനയോടെ  ഒന്ന്  കണ്ണടച്ചു.  പിന്നീട്  അവിടെത്തന്നെ  നിലത്തിരുന്ന്  തന്‍റെ  ഐഫോണില്‍  സേവ്  ചെയ്തിരുന്ന  രാമായണത്തിലെ ചെറിയൊരു ഭാഗം ശബ്ദമില്ലാതെ  വായിച്ചു.  വനത്തില്‍  വച്ച്  ഭരതനില്‍നിന്നും  ദശരഥന്‍റെ  മരണവൃത്താന്തമറിഞ്ഞ  രാമന്‍  വിലപിക്കുന്നു.  താനാണ്  അച്ഛന്‍റെ  മരണത്തിനുത്തരവാദി  എന്ന്  പറഞ്ഞ്  കരയുന്ന  ഭരതനെ  രാമന്‍  സമാധാനിപ്പിക്കുന്നു.  “മാറി മാറി വരുന്ന  ദേഹങ്ങളെപ്പറ്റി  നാം  വ്യാകുലപ്പെടുന്നതെന്തിനാണ്?  എങ്കിലും  മനുഷ്യനെന്ന  നിലയില്‍  തെറ്റില്‍  വീഴാനും  ഒടുവില്‍  കണ്ണീരണിയാനും  നാം  വിധിക്കപ്പെട്ടിരിക്കുന്നു.”

നേഴ്സ്  പെട്ടെന്നു  ഡോക്ടറോട്  പറഞ്ഞു:  “ഡോ.  വര്‍മ്മ,  നോക്കൂ  അപ്പച്ചന്‍റെ  പള്‍സ്  കിട്ടുന്നില്ല.  ടെമ്പറെച്ചര്‍  വളരെ  താഴ്ന്നിരിക്കുന്നു.”

വര്‍മ്മ  രണ്ടാളുടെ  മുഖത്തേയ്ക്കും  സൂക്ഷിച്ചു  നോക്കി.  പ്രശാന്തമായ  ഉറക്കം.  പിന്നെ  അപ്പച്ചന്‍റെ  കഴുത്തില്‍  വിരല്‍  തൊട്ടു  പള്‍സ്  ചെക്ക്  ചെയ്തു.  നെഞ്ചില്‍  സ്തെതസ്ക്കോപ്പ്  വച്ചു  നോക്കി.  ഇല്ല,  ഇനിയും  സ്പന്ദിക്കാന്‍  ആ  നാഡികള്‍ക്കാവില്ല.  പിന്നെ  വര്‍മ്മ അമ്മച്ചിയെയും  പരിശോധിച്ചു.  ആ  ചലനവും  താനേ  നിന്നിട്ട്  കുറച്ചു  നേരമായിരി ക്കുന്നു.  ജീവന്‍റെ  വള്ളി  അവസാനത്തെ കെട്ടും  സ്വച്ഛന്ദമായി  അഴിച്ചു  വിടുവിച്ച്  അവര്‍ ഒരുമിച്ചുതന്നെ  കടന്നു  പോയിരിക്കുന്നു. പരസ്പരം മുറുകെ പിടിച്ചിരുന്ന രണ്ടു കൈകളും വേര്‍പെടുത്താന്‍ പാരാമെഡിക്കല്‍ സ്റാഫിനു കുറച്ചു വിഷമിക്കേണ്ടി വന്നു. ആര്‍ക്കും മായ്ക്കാനാവാത്ത ഒരു പുഞ്ചിരി അപ്പച്ചന്റെയും  അമ്മച്ചിയുടെയും മുഖങ്ങളെ പ്രകാശമാനമാക്കിയിരുന്നു.

അപ്പോഴേക്കും  പുറത്ത്  കാർമേഘങ്ങൾ  വീണ്ടും  ഇരുണ്ടുകൂടിയൊന്നു കനത്തു.  രാത്രിമഴയുടെ  ശബ്ദം  ആദ്യമൊക്കെ തീർത്തും അവ്യക്ത മായിരുന്നെങ്കിലും  പിന്നീടതു  ശക്തി  പ്രാപിച്ച ശേഷം നേര്‍ത്ത് നേര്‍ത്ത് വന്നു.  ഇലകളില്ലാത്ത മേപ്പിള്‍ മരക്കൊമ്പുകളില്‍ നിന്നും തുള്ളികളായി തുടർന്നും  മരം പെയ്യുന്നത് ആരും ശ്രദ്ധിച്ചതേയില്ല.

edited Mar  21 

Thursday, February 11, 2021

Is the Butterfly buzzing in my dream, or am I agile in its dream?

Is the Butterfly buzzing in my dream, or am I agile in its dream?

Dr. Sukumar Canada














Book Review:

Janaka and Ashtavakra – A journey Beyond - 

A Novel with a mission, by Ashraf Karayath

The ‘story’ begins when the illustrious King Janaka was undergoing experiences that are quite daunting: – how can he suffer such horrible circumstances when we all know that the world is ready, willing, and waiting for his command! Yes, it was a dream and he sat on his throne ruminating about it with a curious mind – Am I a king or a beggar?

Maya is the veil that covers everyone with a mystical shroud of inexplainable conundrums and opportunities. The king of Mithila has been waiting for a preceptor who would impart the wisdom he has been seeking all through his life. “A journey Beyond” by Sri Ashraf Karayath is a treat of a journey that everyone should partake in as a fresh air of wisdom that is the essence of Vedas and Upanishads. The knowledge has always been available for the seekers, but it stayed aloof to those who would not risk their ignorance for getting the knowledge-ultimate in return.  It is not for everyone to ponder such obscure callings. It is because the life they led so far has taught them to treat ignorance as real and they ‘know’ that there was nothing more to their life. King Janaka was of a different creed. He would not stop until the darkness of ignorance is dispelled by the light of wisdom. Yes, it was imparted to the King by the diminutive and ‘out of shape’ boy Ashtavakra – the one with eight types of deformities in his body. Those physical abnormalities symbolically betrayed his ability to show the men of wisdom his competence to tackle eight different avenues of knowledge at the same time, as an ashtavadhani.  In the end, Janaka’s darkness was dispelled, not by achieving anything new, but by realizing the truth which he already possessed, albeit unbeknownst to him. It was indeed a revelation; nothing more, nothing less.

Sri Asharaf has created a beautiful work of ‘fiction’ by incorporating the epitome of Indian philosophy of consciousness by taking us through the tribulations of a king as if he is a commoner – a commoner in his dreams and limitations, his problems, and vagaries of life.  Sita, his favorite daughter was a constant source of joy and companionship for him. They discussed politics, spirituality, and even the defense strategy of the country! Kushadhwaja, the king’s own brother was almost a son to him but caught up in the web of lack of confidence and misplaced loyalty, as it were. There was a retinue of advisors and preceptors on the king’s payroll, but they were of no avail when a ‘real’ problem started tormenting the wise king.

It took the young sage – Ashtavakra, with knowledge and maturity beyond his age who decided to venture into the wild world in search of his father, to impart the king with the clarity he has been yearning for. Ashraf’s portrayal of the life of the young mother Sujatha, who lost her husband because of this deformed son, is nothing short of a beautiful poem. No, he does not paint a picture of pity, but we find in her the strength of motherhood and all the integrity it carries as she imparted the right mix of confidence and clarity to this special son of hers. She sent him away for a mission and that mission became a wonderful door of opportunity for seekers everywhere.

King Janaka’s palace, which was under the spell of pessimism, and the threat of an impending war turned into a place of merry and joy momentarily just as the king’s dream of being a beggar ended and him waking up into the ‘reality’ of being the emperor he is. He had been having this thought – Am I a king or a beggar? As soon as Sri Rama came to Mithila with his retinue to lift and break the divine bow, all the doom and gloom disappeared from the palace. As soon as Ashtavakra imparted the jewel of wisdom, King Janaka’s confusion got dissolved. This is a process of dissolving the problem rather than resolving a problem that did not exist in the first place!

Ashraf paints a compelling picture of the concept of ‘Sankalpa’ as it applies to the creation of one’s own world. He has spared no theoretical details in expounding this philosophical treaty and those who are students of Vedanta would lap up the content with enthusiasm.  The episode of Sita Swayamavara happened after Sri Rama and Lakshmana killed the demons under Sage Vishwamitra’s command. Prior to that, Sri Rama got the wisdom to move in the world of plurality with confidence, from Sage Vasishta through Yogavasishtam – a wonderful lesson of reasoning and introspection. It is not a matter of coincidence that Ashtavakra’s philosophical discourse is quite in line with what Yogavasishtam propounds.

At times we see poetic moments brought up in conversation – one such instant includes a time when Janaka was able to behold and listen to the vibration of the hibiscus petal as a butterfly alighted on it while the wind carried a waft of fragrance along.  Although a ‘tall’ figure of knowledge and wisdom, Ashtavakra had to wait a few days at the doorways to the Palace of Mithila before he was allowed in. The doorkeeper relented on his own seeing the determination and confidence beaming from the diminutive sage’s gaze. “How can one stay so calm under insults and danger?”

The sage was able to knock off the notion of ownership and hierarchy of the king’s position in the society saying that ‘aha, so you are just a custodian of all these!’. Another Sankalpa shattered by the sage was: “the dream world or the conscious world which is really true?” was the King’s question and the answer were ‘both are untrue’. The classic ‘snake and the rope’ example has been included in the book with due care and it conveys the message amply.

The ‘fiction’ in the book is well portrayed with enough suspense and excitement that can captivate the reader. The potential for a coup to overthrow the mighty king by his own people, the king’s passive and sometimes pensive mood as observed by his own brother Kushadhwaja, Sita’s confidence and the assurance she gives to her father, the secret spiritual mission of the elite Saptarshi’s (of which Kahoda, Ashtavakra’s father is a member), Sita’s Swayamvara festivities, etc. make the ‘novel’ a wonderful read. One would have loved to see Ashtavakra and his mother Sujatha once again after having completed his mission at Mithila. Also, in the Ramayanas I read; King Dasaratha was never part of the Sage Vishwamithra’s team to enter Mithila along with Sri Rama when he broke the divine bow. Emperor Dasaratha came for the wedding after getting the news and invitation from Janaka afterward. But this deviation from the scripture has not made any dent in the story. The author could have used a professional editor to smoothen up some of the rough edges in writing and to avoid repetitions of certain words that are noticeable.

Is the Butterfly buzzing in my dream, or am I agile in its dream?

Thanks, Ashraf!

 

Wednesday, October 21, 2020

രുദ്രാക്ഷമാഹാത്മ്യം, അമേരിക്കയില്‍! ക്വവായിലെ രുദ്രാക്ഷവനത്തില് (Mathrubhumi Yatra Oct 2020)

Published on Mathrubhumi Yatra October 2020

ഹാവായ് ദ്വീപിലെ ക്വവായ്‌ ദ്വീപില്‍ രണ്ടു ദിവസം
ടൂറിസ്റ്റുകള്‍ അമേരിക്കയിലെ ഹവായില്‍ പോകുന്നത് പലവിധത്തില്‍ ആഹ്ലാദകരമായി അവരുടെ വെക്കേഷന്‍ സമയങ്ങള്‍ അവിടെ ചിലവിടാനാകും എന്നതുകൊണ്ടാണ്. ഹാവായിലെ പ്രധാന വരുമാനം തന്നെ ടൂറിസവുമായി ബന്ധപ്പെട്ടിട്ടാണ്. നീലാകാശം, അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടല്‍, പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. എന്നുവേണ്ട യാത്രക്കാര്‍ക്കൊരു പറുദീസതന്നെയാണ് ഹാവായ് ദ്വീപുകള്‍. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി, ഒവാഹു, ക്വവായ്, എന്നിവയാണ്. 
നീലക്കടലും നീലാകാശവും നിറഞ്ഞ ക്വവായ്  

കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഞങ്ങള്‍ ഇത്തവണ കുടുംബമായി വെക്കേഷന് പോയത് ഹാവായ് ദ്വീപുകളിലെ താരതമ്യേന ചെറിയൊരു ദ്വീപായ ക്വവായ് ദ്വീപിലേയ്ക്കാണ്. പ്രകൃതിഭംഗിയില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരിടമാണ് ക്വവായ്. “ഉദ്യാനദ്വീപ്‌” എന്ന് പേരുകേട്ട ഇവിടെ കേരളമെന്നു തോന്നിക്കുന്ന ഭൂപ്രകൃതിയും പഞ്ചാരമണല്‍ ബീച്ചുകളും പച്ചപ്പ്‌ നിറഞ്ഞ പുല്‍മേടുകളും ഉണ്ട്. 

സമുദ്രത്തില്‍ ബോട്ടുയാത്രനടത്താനും സ്നോര്‍ക്ക്ലിംഗ് ചെയ്യാനുമുള്ള സൌകര്യങ്ങളും വിശാലമായ റിസോര്‍ട്ടുകളും എല്ലായിടത്തും കാണാം. 

 ക്വവായ് – കേരളം പോലെ ഹരിതസുന്ദരം
ക്വവായില്‍ നമ്മുടെ നാടന്‍ കോഴികളെ നിറയെ കാണാം (അവയുടെ കൊക്കല്‍ പോലും മലയാളത്തിലാണെന്ന് മകന്‍ അഭിപ്രായപ്പെട്ടു!). കടച്ചക്ക, നേന്ത്രവാഴപ്പഴം, പപ്പായ, തേങ്ങ, മാങ്ങ എന്നുവേണ്ട കേരളത്തിലെ മിക്കവാറും പഴങ്ങളും പച്ചക്കറികളും ധാരാളമായി അവിടെക്കിട്ടും. എങ്കിലും ഇവയ്ക്കൊക്കെ ടൂറിസ്റ്റുകള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ നല്ല വിലയാണ്. അവിടെ താമസിക്കുന്നവരില്‍ പകുതിയിലെറെപ്പേര്‍ ടുറിസ്റ്റുകളാണ്. ദ്വീപില്‍ നിന്നുകാണുന്ന സൂര്യോദയവും അസ്തമയവും കണ്ടുതന്നെ അനുഭവിക്കേണ്ട ദൃശ്യവിരുന്നാണ്‌.


അമേരിക്കന്‍ സെനറ്റില്‍ ഭഗവദ്ഗീതയില്‍ തൊട്ടു സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഡെമോക്രാറ്റിക് സെനറ്റര്‍ തുളസി ഗബ്ബാര്‍ഡ് ഹാവായില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ക്വവായ്-കാപാ-കടവുള്‍ ടെമ്പിള്‍

'ഓം' ക്ഷേത്രക്കുളം 

ക്വവായിലുള്ള കടവുള്‍ ടെമ്പിളും ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന സന്മാര്‍ഗ്ഗഇരൈവന്‍ കോവിലും സന്ദര്‍ശിച്ചത് കാനഡയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് തികച്ചും പുതുമയുള്ള ഒരനുഭവമായിരുന്നു. പ്രത്യേകിച്ചും അവിടെയുള്ള പരിപാവനമായി പരിരക്ഷിച്ചുവരുന്ന ഒരു രുദ്രാക്ഷവനം കാണേണ്ടതു തന്നെയാണ്. ക്വവായ്-കാപാ-കടവുള്‍ ടെമ്പിളും സന്മാര്‍ഗ്ഗ ഇരൈവന്‍ കോവിലും അതിനോട് ചേര്‍ന്ന ആശ്രമവും എല്ലാം തമിഴുശൈലിയില്‍ മുന്നൂറ്റി അറുപത്തിമൂന്ന് ഏക്കര്‍ വലുപ്പമുള്ള ഒരു ശിവക്ഷേത്രസങ്കേതമാണ്. ശൈവസിദ്ധാന്ത ചര്‍ച്ച്, ഹിമാലയന്‍ അക്കാദമി എന്നെല്ലാം ഈ പ്രസ്ഥാനം അറിയപ്പെടുന്നു.

ഷണ്മുഖന്‍  

ശ്രീലങ്കന്‍ ശൈവഗുരുവായ പഴനിസ്വാമിയുടെ ശിഷ്യന്‍ സദ്ഗുരു ശിവായസുബ്രഹ്മണ്യസ്വാമികളാണ് ഇവിടെ അന്‍പതുകളില്‍ ഒരു ക്ഷേത്രവും സന്യാസിമഠവും സ്ഥാപിച്ചത്. കൈലാസപരമ്പരയിലെ നന്ദിനാഥ സമ്പ്രദായമാണ് അവര്‍ പിന്തുടരുന്നത്. 2001 ല്‍ അന്തരിച്ച ശിവായസുബ്രഹ്മണ്യസ്വാമികള്‍ വെള്ളക്കാരിലെ ആദ്യത്തെ ശൈവസന്യാസിയാണെന്നു തോന്നുന്നു. ഇവിടുത്തെ ആശ്രമത്തിലുള്ളവരില്‍ ഒന്നോ രണ്ടോ ആള്‍ക്കാര്‍ ഒഴികെ എല്ലാവരും അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഉള്ള വെള്ളക്കാരാണ്. ആശ്രമത്തിലെ ഇപ്പോഴത്തെ ആചാര്യന്‍ സദ്ഗുരു ബോധിനാഥവേലന്‍സ്വാമിയാണ്. യാതൊരു തിരക്കുമില്ലാതെ കുറച്ചു സന്യാസിമാര്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ ക്ഷേത്രാങ്കണത്തില്‍ ധ്യാനത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ വലിയൊരു ആല്‍മരക്കൂട്ടവും അവിടെ ഒരു ഷണ്മുഖ ദേവ പ്രതിമയും ഉള്ളത് ഭക്തര്‍ക്ക് ധ്യാനിക്കാനുള്ള ഇടമാണ്.

ഏറ്റവും ആധുനികമായ രീതിയില്‍ ഗ്രാഫിക് ആര്‍ട്ടും പുബ്ലിക്കേഷനും ചെയ്യാനുള്ള ‘അഡോബി സ്പോന്‍സെര്‍ഡ്’ സ്റ്റുഡിയോവും ആ ആശ്രമത്തില്‍ ഉണ്ട്. അവിടെ നിന്നാണ് ഗ്രാഫിക്സിലും കളര്‍ പ്രിന്റിംഗിലും മറ്റും ഉന്നതനിലവാരം പുലര്‍ത്തുന്നതില്‍ പ്രസിദ്ധമായ “ഹിന്ദൂയിസം ടുഡേ” മാസിക പ്രസിദ്ധീകരിക്കുന്നത്. ഹിമാലയന്‍ അക്കാദമി എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.


363 ഏക്കര്‍ ഉദ്യാനത്തിനുള്ളില്‍ പുതിയൊരു ക്ഷേത്രം 
 മലകളും വെള്ളച്ചാട്ടങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ 363 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വനത്തിനുള്ളിലായി എണ്‍പത്കോടി രൂപ ചിലവില്‍ വലിയൊരു ക്ഷേത്രസമുച്ചയത്തിന്റെ പണികള്‍ അവിടെ പുരോഗമിക്കുന്നു

സന്മാര്‍ഗ്ഗ ഇരൈവന്‍ കോവില്‍, പുതിയ ക്ഷേത്രം
80 കോടി ചിലവില്‍  പുതിയ കോവിലിന്റെ പണി പുരോഗമിക്കുന്നു. 

 അപൂര്‍വ്വമായ ഒരു ക്ഷേത്രനിര്‍മ്മിതി
1990-ല്‍ പണി തുടങ്ങിയയെങ്കിലും മുഴുവന്‍ കരിങ്കല്ലില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ ക്ഷേത്രത്തിന്‍റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. വാസ്തുവിദ്യയിലും ആധുനിക എന്ജിനിയരിംഗ് രീതിയിലും ഈ ക്ഷേത്രത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്.

കോവിലിലെ ശില്‍പ്പവുമായി സദ്ഗുരു ബോധിനാഥവേലന്‍സ്വാമി

ആയിരം കൊല്ലം നിലനില്‍ക്കുന്ന നിര്‍മ്മിതി 
ആയിരം കൊല്ലം നിലനില്‍ക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ‘ക്രാക്ക് ഫ്രീ’ കോണ്‍ക്രീറ്റ് ഫൌണ്ടേഷന്‍ പണിതിരിക്കുന്നത് 4 അടി കനമുള്ള ഒറ്റ സ്ലാബായാണ്. മുപ്പതിനായിരം ക്യുബിക് അടി കോണ്‍ക്രീറ്റാണ് ഇതിനുവേണ്ടി ഡോ. കുമാര്‍മേഹ്ത്ത ഡിസൈന്‍ ചെയ്ത് ഉപയോഗിച്ചത്. ഇതിന്‍റെ പണിയെപ്പറ്റി കാലിഫോര്‍ണിയ ബെര്‍ക്കിലി യൂനിവേര്‍സിറ്റിയിലെ പ്രഫസറായ അദ്ദേഹം പറഞ്ഞത്, “പരമശിവന്‍ നീലകണ്ഠനായത് പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ വിഷം കഴിച്ചാണല്ലോ. അതുപോലെ ഈ കോണ്‍ക്രീറ്റില്‍ വലിയതോതില്‍ തെര്‍മല്‍ പവര്‍പ്ലാന്‍റുകളില്‍ നിന്നുള്ള വേസ്റ്റ് ആയ ഫ്ലൈആഷ് കലര്‍ത്തിയിട്ടുണ്ട് അങ്ങിനെയാണ് ഇത് ആയിരം കൊല്ലമെങ്കിലും നില്‍ക്കാന്‍ പര്യാപ്തമായ ഒരു ഫൌണ്ടേഷന്‍ ആയത്!” എന്തും സംഹരിച്ചു സ്വീകരിക്കുന്ന ആധുനിക കാലത്തെ പരമശിവന്‍ തന്നെയാണ് കോണ്ക്രീറ്റെന്ന് ബെര്‍ക്കിലിയിലെ എമിരറ്റസ് പ്രഫസറായ ഡോ. മേഹ്ത്ത ഉറപ്പിച്ചു പറയുന്നു. ആറ്റമിക് പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റും സമുദ്രത്തിനടിയില്‍ നിക്ഷേപിക്കുന്നത് കോണ്‍ക്രീറ്റില്‍ പൊതിഞ്ഞാണല്ലോ.  

 കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത് ഇന്ത്യയിലാണ്

മൂന്നടിയില്‍ അധികം ഉയരവും ആറുമുഖങ്ങളുമുള്ള ഒരു സ്ഫടികലിംഗമാണ് അവിടെ സ്ഥാപിക്കുന്നത്. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ഭാരതത്തില്‍ നിന്നും അനേകം സ്ഥപതിമാരെയും കല്‍പ്പണിക്കാരെയും ക്വവായില്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല ബാംഗളൂരിനടുത്ത് വലിയൊരു ക്യാമ്പിലാണ് ക്വവായിലെയ്ക്ക് കൊണ്ടുപോകാനുള്ള കല്‍പ്പണികള്‍ മിക്കവാറും പരമ്പരാഗതമായ രീതിയില്‍ തീര്‍ത്തിട്ടുള്ളത്. അടുത്ത് ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിലിന്റെ പണി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

 രുദ്രാക്ഷവനം
ക്വവായ് ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു മൈല്‍ അകലെയാണ് രുദ്രാക്ഷവനം. സാധകര്‍ അവിടെയിരുന്നും ധ്യാനത്തില്‍ ഏര്‍പ്പെടുന്നു. അതിനായി അവിടെയൊരു വിനായകപ്രതിഷ്ഠയും ഉണ്ട്. ശൈവസിദ്ധാന്ത ചര്‍ച്ച്, രുദ്രാക്ഷവൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ച ഈ ദിവ്യവനം വച്ചുപിടിപിച്ചത് എഴുപതുകളിലാണ്.



രുദ്രാക്ഷത്തിന്റെ വൈദികമായ പ്രാധാന്യം നന്നായറിയാവുന്ന ശൈവസിദ്ധാന്തക്കാരായ യോഗികളാണ് ദിവസവും ഈ വനത്തെ പരിപാലിച്ചു വരുന്നത്. വേരുകള്‍ക്കിടയിലും മറ്റുമായി ഇലകള്‍ക്കിടയ്ക്ക് രുദ്രാക്ഷങ്ങള്‍ ധാരാളം കിടക്കുന്നുണ്ടായിരുന്നു. ആശ്രമത്തിന്‍റെ സ്റ്റോറില്‍ പലവിധത്തിലുള്ള രുദ്രാക്ഷമാലകളും ലോക്കറ്റുകളും വില്‍ക്കാന്‍ വെച്ചിട്ടുമുണ്ടായിരുന്നു. ഏതായാലും ക്വവായ് യാത്ര രുദ്രാക്ഷത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാന്‍ പ്രോത്സാഹനമായിത്തീര്‍ന്നു.

എന്തുകൊണ്ട് രുദ്രാക്ഷം?
രുദ്രാക്ഷമാണികള്‍ മാലകോര്‍ത്ത്‌ ദേഹത്തണിയുന്നത് ഐശ്വര്യദായകമാണെന്ന് ശ്രുതികളും സ്മൃതികളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. പരമശിവന്റെ കണ്ണുനീരില്‍ നിന്നാണത്രേ രുദ്രാക്ഷം ഉണ്ടായത്. ശിവജ്ഞാനോപാധിയാണ് രുദ്രാക്ഷധാരണം എന്നാണു ശൈവര്‍ വിശ്വസിക്കുന്നത്. രുദ്രാക്ഷവൃക്ഷത്താൽ തട്ടിയ കാറ്റ് പോലും പവിത്രമാണ്. അതേറ്റ പുൽക്കൊടി പോലും പുണ്യലോകം പ്രാപിക്കുമെന്നും രുദ്രാക്ഷം ധരിച്ചു കൊണ്ട് ഒരുവൻ ചെയ്യുന്ന പാപങ്ങൾ പോലും ഇല്ലാതാകും എന്ന് ജാബാലശ്രുതിയിൽ പറയുന്നു. മൃഗങ്ങൾപോലും രുദ്രാക്ഷം ധരിച്ചാൽ രുദ്രനാവുമത്രേ! പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? രുദ്രാക്ഷം ഇത്രമേൽ മഹത്താണെന്നുള്ളതുകൊണ്ട് അതിൽ ശ്രദ്ധയില്ലാത്തവർക്കും ജന്മജന്മാന്തരങ്ങൾ കൊണ്ട് മഹാദേവപ്രസാദത്താൽ രുദ്രാക്ഷധാരണത്തോട് സഹജമായി താല്‍പ്പര്യം ഉണ്ടായിത്തീരുമത്രേ. 



രുദ്രാക്ഷമാഹാത്മ്യം
രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യമുള്ളതാവാൻ എന്താണ് കാരണമെന്നു ദേവീഭാഗവതത്തില്‍ രുദ്രദേവൻ തന്നെ പറയുന്നുണ്ട്.  അസുരനിഗ്രഹത്തിനുള്ള ശക്തി സംഭരിക്കാനായി പരമശിവന്‍ ആയിരം ദിവ്യവർഷങ്ങൾ തപസ്സു ചെയ്തുവത്രേ. അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്നതിനാല്‍ രുദ്രന്റെ കണ്ണിൽനിന്നും അശ്രുകണങ്ങൾ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീർക്കണങ്ങളിൽ നിന്നാണ് രുദ്രാക്ഷ മഹാവൃക്ഷങ്ങൾ ഉണ്ടായത് എന്നും പുരാണം പറയുന്നു.

സ്നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാർച്ചനകൾ, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷ, വൈദിക കർമ്മങ്ങൾ എന്നിവയ്ക്കെല്ലാം ഫലമുണ്ടാവാന്‍ രുദ്രാക്ഷം കൂടിയേ തീരൂ. സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. വർണ്ണ വ്യത്യാസമെന്യേ സകലര്‍ക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പർശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ.

രുദ്രനേത്രത്തിന്റെ സ്വഭാവമനുസരിച്ച് രുദ്രാക്ഷങ്ങൾ മുപ്പത്തിയെട്ടുതരമുണ്ട്. അവയില്‍ത്തന്നെ ഒരുമുഖമുള്ളതുമുതല്‍ പതിന്നാലു മുഖമുള്ള രുദ്രാക്ഷങ്ങള്‍ വരെ കാണപ്പെടുന്നു. രുദ്രാക്ഷവനത്തില്‍ നിന്നും എടുക്കുമ്പോള്‍ നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയർമണിയുടെ വലുപ്പത്തിലുള്ളവ അധമം. സമസ്നിഗ്ധവും എന്നാല്‍ ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികൾ. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ എന്നിങ്ങിനെ ആറുതരം രുദ്രാക്ഷമണികളും വർജ്ജിക്കണം. സ്വതവേ തുളയുള്ള രുദ്രാക്ഷമാണ് ഉത്തമം. മനുഷ്യൻ തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാർഢ്യവും ഉള്ള രുദ്രാക്ഷമണികൾ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികൾ കോർത്ത മാലകൾ ദേഹം മുഴുവൻ ധരിക്കാം. ചാണക്കല്ലിൽ ഉരക്കുമ്പോൾ സ്വർണ്ണവർണ്ണം പ്രകടമാക്കുന്ന രുദ്രാക്ഷം അത്യുത്തമം എന്ന് പറയുന്നു.

ശിഖയിൽ ഒരെണ്ണം. ശിരസ്സിൽ മുപ്പത്, കഴുത്തിൽ മുപ്പത്തിയാറ്, കൈകളിൽ പതിനാറ് വീതം,  മണിബന്ധത്തിൽ പന്ത്രണ്ട്, മാറത്ത് അൻപതെണ്ണം ഇങ്ങിനെയാണ് ഒരു ശിവഭക്തൻ രുദ്രാക്ഷങ്ങൾ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങൾ കോർത്തൊരു മാലയാക്കിയും ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം. കുണ്ഡലം, കിരീടം, കമ്മൽ, മാല, തോൾവള, അരപ്പട്ട, ഇവയായെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്.

ഏകമുഖരുദ്രാക്ഷം പരബ്രഹ്മസ്വരൂപകമാകുന്നു. അത് ധരിച്ചാൽ സാധകനിൽ പരമതത്വം തെളിഞ്ഞുവരും. രണ്ടു മുഖങ്ങളുള്ള രുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് ഗാർഹപത്യം, ആഹവനീയം, ദക്ഷിണം എന്നീ അഗ്നിത്രയങ്ങളാണ്. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്. പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷൺമുഖനാണ്. ഏഴുമുഖങ്ങൾ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തർഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു. എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഒൻപതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തു ദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകൾ.  ഏകാദശരുദ്രൻമാർ ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാൽ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യൻമാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകൻ ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കിൽ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവൻ അവനിൽ ക്ഷിപ്രപ്രസാദിയുമാവും. പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്രഭഗവാന്റെ നേത്രങ്ങളിൽ നിന്നും ഉണ്ടായതാണ്. സർവ്വവ്യാധികളെയും ഇല്ലാതാക്കി പൂർണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്.

രുദ്രാക്ഷമണിയുന്നതിന് ചില ആചാരങ്ങളും നിബന്ധനകളും ശ്രുതി-സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്. സ്വർണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തിപുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കിൽ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം. പഞ്ചാക്ഷര മന്ത്രമായ 'നമശിവായ' അല്ലെങ്കിൽ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്.
 പുരുഷൻമാരിൽ വിഷ്ണുവാണ് അഗ്രഗണ്യൻ. ഗ്രഹങ്ങളിൽ സൂര്യനും നദികളിൽ ഗംഗയും മുനിമാരിൽ കശ്യപനുമാണ് പ്രഥമഗണനീയർ. കുതിരകളിൽ ഉച്ചൈശ്രവസ്സ്, ദേവൻമാരിൽ ശിവൻ, ദേവിമാരിൽ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്.



















Sunday, September 20, 2020

അന്യോഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീർക്കുന്നത്: സ്വാമി ചിദാനന്ദപുരി

വാന്‍കൂവറില്‍ സ്വാമി ചിദാനന്ദപുരിയുമായി 

ഡോ സുകുമാര്‍ കാനഡ നടത്തിയ അഭിമുഖം.



സുകുമാര്‍: നമസ്കാരം സ്വാമിജി, വാന്‍കൂവറിലേയ്ക്ക് സ്വാഗതം. നമ്മുടെ സംസ്കാരം പടിഞ്ഞാറന്‍ ദേശങ്ങളിലേയ്ക്ക് വ്യാപരിച്ചതിന്‍റെ നാന്നി കുറിക്കാന്‍ ഭാഗ്യം ചെയ്ത ഒരു നഗരമാണ് വാന്‍കൂവര്‍. 1893ല്‍ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലേയ്ക്ക് പോവുന്നതിനായി ഭാരതത്തില്‍ നിന്നും പുറപ്പെട്ടിട്ട് ആദ്യം കപ്പലിറങ്ങിയത് വാന്‍കൂവറില്‍ ആണ്. അതിനുശേഷം ഇന്നോളം നമ്മുടെ സംസ്കാരവുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അനുസ്യൂതം നടന്നു വരുന്നു. ഇന്ന് ഞങ്ങള്‍ക്ക് സ്വാമിജിയുടെ കൂടെ ചിലവഴിക്കാന്‍ ഇപ്പോള്‍ കിട്ടിയ അവസരം വലിയൊരു ഭാഗ്യമായി കരുതുന്നു. 

സ്വാമി ചിദാനന്ദപുരി: എല്ലാവര്‍ക്കും നമസ്കാരം. സ്വാമി വിവേകാനന്ദന്‍ വിദേശത്ത് ആദ്യമായി വന്നിറങ്ങിയ സ്ഥലത്തിരുന്നു  നമ്മുടെ സംസ്കാരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷം.

സുകുമാര്‍: സ്വാമിജീ, ഗുരുവിന്‍റെ മൗനമാണ് ശിഷ്യനെ അറിവിലേക്ക് നയിക്കുന്നതെന്ന് ദക്ഷിണാമൂർത്തി സ്തോത്രത്തിലും മറ്റും പറയുന്നുണ്ടല്ലോ. അതിനെപ്പറ്റി ഒരേകദേശധാരണയുണ്ടെങ്കിലും അതിന്‍റെ ശരിയായ അർത്ഥം മനസ്സിലായിട്ടില്ല. ഒന്ന് വിശദമാക്കാമോ?

സ്വാമി ചിദാനന്ദപുരി: നാം ഗുരുപരമ്പരയിൽ ആദ്യമായി ദക്ഷിണാമൂർത്തിയെയാണ് കണക്കാക്കുന്നത്. ദക്ഷിണാമൂർത്തി തന്‍റെ ശിഷ്യരെ, മുനിമാരും ഗൃഹസ്ഥൻമാരും അടങ്ങുന്നവരെ, മൗനത്തിന്‍റെ ഭാഷയിലാണ് ഉപദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ആദിമഗുരുവിന്‍റെ ഭാഷ മൗനമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത്, മൗനത്തിലൂടെ ഉപദേശം ഉൾക്കൊള്ളാൻ ആവുന്ന ശിഷ്യനു മാത്രമേ ആ ഭാഷ വഴങ്ങുകയുള്ളു എന്നതാണ്. മൗനത്തിന്‍റെ ഉപദേശം എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല. അപ്പോൾപ്പിന്നെ മൗനത്തിന്‍റെ അടുത്ത പ്രകടിതഭാവമായിട്ട് ഓങ്കാരം വേണ്ടിവരും. ഓങ്കാരത്തിൽ നിന്നും വികസിതമായി മഹാവാക്യങ്ങൾ വേണ്ടിവരും. മഹാവാക്യങ്ങളിൽ നിന്നു വീണ്ടും വികസിതമായി വേദാന്തപഠനം വേണ്ടിവരും. തുടർന്ന് വ്യാഖ്യാനങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം ആവശ്യമായി വരും. അവിടെനിന്ന് ഇന്നത്തെ വർത്തമാന കാലദേശങ്ങൾക്കനുസൃതമായ ദൃഷ്ടാന്തങ്ങളും വിശദീകരണങ്ങളും ഉപദേശങ്ങളും വേണ്ടിവരും. മൂലഭാവത്തിൽ ഉള്ള ഉപദേശശൈലി മൗനമാണ് എന്നതിൽ സംശയമില്ല. “മൗനം ചൈവാസ്മി ഗുഹ്യാനാം” എന്നാണല്ലോ. അതായത് രഹസ്യങ്ങളിൽ വച്ച് ഞാൻ മൗനമാകുന്നു എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്. പക്ഷേ ആ മൗനം മനസ്സിലാകുന്നവർക്ക് മാത്രമേ അത് തെളിഞ്ഞു കിട്ടുകയുള്ളു. അതുകൊണ്ട് സാമാന്യ സമൂഹത്തോട്, എന്തിന്, ഉത്തമാധികാരികളായ ശിഷ്യന്മാരോട് പോലും മൗനഭാഷയിലല്ല ഒരു ഗുരു പറയുന്നത്, അഥവാ പറയേണ്ടത്. മറിച്ച് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഭാഷയിൽആ രീതിയിലാണ്. എന്നാൽ അടിസ്ഥാനപരമായി അന്യോഷകനും അന്യോഷ്യവും എന്ന ഭേദം ഇല്ലാതാവുന്ന തലത്തിൽ, അവിടെ ഗുരുവിന്‍റെ സ്വരൂപം മൗനമാണ്. അവിടെ പറയുന്നവനും പറയപ്പെടേണ്ടതും വിഭിന്നങ്ങളല്ല. കേൾക്കുന്നവനും കേൾക്കപ്പെടേണ്ടതും വിഭിന്നങ്ങളല്ല. അങ്ങിനെയുള്ള അഭേദതലത്തിൽ സ്വരൂപം തീർച്ചയായും മൗനമാണ്. പക്ഷേ ആ മൗനത്തെ മനസ്സിലാക്കാൻ കഴിയുന്ന ശിഷ്യൻ മാത്രമേ അതിനെ ഉൾക്കൊള്ളൂ. അല്ലെങ്കിൽ മൗനത്തെ അറിവില്ലായ്മയായി വായിച്ചേക്കാം. ഒരുപക്ഷെ കേൾക്കുന്ന, അല്ലെങ്കിൽ കാണുന്നയാളുടെ മനോധർമ്മമനുസരിച്ച് എന്തു വ്യാഖ്യാനങ്ങളിൽ വേണമെങ്കിലും അവര്‍ക്ക് എത്തിച്ചേരാം. അതുകൊണ്ട് ദക്ഷിണാമൂർത്തിയുടെ വിഷയത്തിൽ അവിടെ ശിഷ്യൻമാർ ആരായിരുന്നു എന്നു കൂടി നാം ചിന്തിക്കണം. അവിടെ ശിഷ്യൻമാർ ഋഷിമാരായിരുന്നു; ജിജ്ഞാസുക്കളായ ദേവതകൾ ആയിരുന്നു. അപ്പോൾ അങ്ങിനെയുള്ള ഋഷിമാർക്കും ദേവതമാർക്കുമാണ് മൗനത്തിലൂടെ ഗുരു ഉപദേശം നല്കിയത്.

സുകുമാര്‍: അപ്പോൾ അവർ തികഞ്ഞ അധികാരികൾ ആയിരുന്നു എന്നർത്ഥം. ഒരു സാധാരണ സാധകന് എങ്ങിനെയാണ് ഈ തലത്തിലുള്ള അധികാരിയാവാൻ സാധിക്കുക? സ്വാമിജി അതിലേക്കുള്ള പടിപടിയായ മാർഗ്ഗത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. എങ്കിലും അതെങ്ങിനെയാണ് പ്രായോഗികമാക്കുക? എന്താണ് അതിനായുള്ള സാധനകൾ?

സ്വാമിജി: ഈ ലോകം നമ്മുടെ മുന്നിൽ തുറന്നു വച്ചിട്ടുള്ള വലിയൊരു പുസ്തകമാണ്. ജീവിതാനുഭവങ്ങൾ, നമ്മുടെ മുന്നിൽ കാണപ്പെടുന്ന ഈ പ്രപഞ്ചം, അതേ; അറ്റമില്ലാത്ത പ്രപഞ്ചം; എണ്ണമറ്റ പ്രതിഭാസങ്ങൾ; ഇതൊക്കെ നമ്മെ ചിന്തിപ്പിക്കുന്നു. എന്താണിത്? ഏതൊരു കാര്യത്തിനും കാരണമുണ്ടാവണം എന്ന ന്യായേന എന്താണിവയ്ക്ക് കാരണം? അതിനുമുപരി ഈ വൈവിദ്ധ്യത നിലനില്ക്കുമ്പോൾത്തന്നെ ഇവയെല്ലാം ഒരു നിയമത്തിന് അനുസൃതമായി നിലകൊള്ളുന്നു അല്ലെങ്കിൽ മുന്നോട്ടു നീങ്ങുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അപ്പോൾ കാര്യകാരണബന്ധം, നിയമ്യ-നിയാമക ബന്ധം ഇതൊക്കെ ഉൾക്കൊള്ളുന്ന മനുഷ്യനെ സംബന്ധിച്ച് എപ്പോഴും കാണപ്പെടുന്നതിനപ്പുറത്തേക്കുള്ള സത്യമെന്തെന്ന് അറിയാനുള്ള ത്വര അവനിൽ സഹജമാണ്. വാസ്തവത്തിൽ എല്ലാ ശാസ്ത്രങ്ങളും തുടങ്ങുന്നത് അവിടെയാണ്. അവയെ മൗലീക ശാസ്ത്രങ്ങളെന്നും ആദ്ധ്യാത്മിക ശാസ്ത്രങ്ങളെന്നും തരം തിരിക്കേണ്ട ആവശ്യമില്ല. എല്ലാം  ശാസ്ത്രങ്ങള്‍ തന്നെ. ടെക്നോളജി അല്ല ശുദ്ധ ശാസ്ത്രം. സത്യത്തെ തേടിയുള്ള മനുഷ്യന്‍റെ അന്യോഷണം, മനുഷ്യസഹജമാണ്. അത് ഓരോരുത്തരുടെയും ബൗദ്ധിക നിലവാരത്തിനനുസരിച്ച് അവരില്‍ എത്തിപ്പെടുകയാണ്. അതവിടെത്തന്നെ  നില്ക്കും. ഒരുവന്‍ തന്‍റെയീ ജന്മത്തിൽ പ്രാഥമികമായ തലത്തിനുമപ്പുറത്തേക്ക് പോയില്ല എന്നു വരാം. മിക്കവാറുംപേർ ശാസ്ത്രശാഖകളിൽ ഏതെങ്കിലുമൊന്നിൽ അന്യോഷണം അവസാനിപ്പിക്കുന്നു. എന്നാൽ ശുദ്ധശാസ്ത്രത്തിന്‍റെ ഓരോ മേഖലയിലും അതിന്‍റെ ഉന്നതശ്രേണികളിലേക്ക് ഓരോന്നും കടന്നുകടന്ന് അതിനുമപ്പുറം എന്ത്, എങ്ങിനെ? എന്ന് തിരഞ്ഞു ചെല്ലുമ്പോൾ  അന്യോഷ്യം, അന്യോഷണം എന്നീ വേർതിരിവുകൾ ഇല്ലാത്ത ഒരു തലത്തിലേക്ക് നാം എത്തിപ്പെടാം. അവിടെയാണ് നേരത്തേ പറഞ്ഞ മൗനത്തിന്‍റെ സാംഗത്യം. അനേക ലക്ഷം പേരിൽ ഒരാൾക്കേ ആ ഒരു മൗനത്തിന്‍റെ തലത്തിൽ എത്തിച്ചേരാൻ കഴിയൂ. അതിലേക്ക് നയിക്കുന്നതിനായിട്ടാണ് ഋഷീശ്വരൻമാർ എല്ലാ ശാസ്ത്രങ്ങളേയും നമുക്ക് തന്നിട്ടുള്ളത്. എല്ലാ ശാസ്ത്രങ്ങളേയും എന്ന് അടിവരയിട്ട് പറയട്ടേ. ആദ്ധ്യാത്മശാസ്ത്രങ്ങൾ മാത്രമല്ല, ഭൗതീകശാസ്ത്രങ്ങളും ഇതിൽപ്പെടുന്നു. അവയിൽ ഒരേകാന്വയത്വം ഉണ്ട്. ഉദാഹരണത്തിന് കാമശാസ്ത്രം എടുക്കാം. കാമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള, ഇന്നത്തെ മനുഷ്യന് സങ്കല്പിക്കാൻ പോലും കഴിയാത്ത ഭോഗവിശേഷങ്ങളിൽ ഏർപ്പെട്ടാലും അതിൽ ഇത്രേ കാര്യമുള്ളൂ എന്നുള്ള അറിവിലേക്ക് നമ്മെ എത്തിക്കാൻ ആഴമേറിയ പഠനത്തിനു കഴിയും. അർത്ഥശാസ്ത്രം കൈകാര്യം ചെയ്യുന്ന എല്ലാ സാങ്കേതികതയും- എക്കണോമിക്സ് ആയാലും, കോമേർസ് ആയാലും, സ്റ്റാറ്റിസ്റ്റിക്സ് ആകട്ടെ, ആ വഴികളിലൂടെ എത്ര കടന്നുപോയാലും അവയില്‍ ഇത്രയേ കാര്യമുള്ളൂ എന്നുള്ള അറിവില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. അതുപോലെ ആയുർവേദം- അതിലെ ചര്യകൾ മുഴുവൻ പാലിച്ചാലും ഇത്രയൊക്കെ മാത്രമേ ഉള്ളൂ എന്ന നൈമിഷികതയുടെ അല്ലെങ്കിൽ അനിത്യതയുടെ ബോധനമാണ് അന്യോഷിയില്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് സകല ശാസ്ത്രങ്ങളിലും ഒരു സത്യത്തിലേക്കുള്ള അന്യോഷണത്തിന്‍റേതായ ഏകാന്വയത്തമുണ്ടു് എന്നു പറയുന്നത്. ഏതു തലമാണെങ്കിലും ‘അതി’നപ്പുറം എന്ത്? എന്ന ജിജ്ഞാസ പൊതുവായുള്ളതാണ്. ആ ജിജ്ഞാസ കെടാതെ സൂക്ഷിച്ചാൽ ഭൗതികശാസ്ത്ര പഠനത്തിലൂടെ തന്നെ നമുക്ക് കൂടുതൽ കൂടുതൽ സൂക്ഷ്മതലത്തിലേക്ക് എത്താനും പരമമായ ഈ മൗനത്തിലേക്ക് എത്തിച്ചേരാനും സാധിക്കും. ആ രീതിയിൽ സകല ശാസ്ത്രങ്ങളും നമുക്ക് വിനിയോഗിക്കാം.

സുകുമാര്‍: നാരായണ ഗുരുസ്വാമികൾ "ആരായുകിൽ തിരകൾ നീരായിടുന്നു .... " എന്നു പറയുമ്പോൾ നമുക്ക് ആരായാനുള്ള മനസ്സുണ്ടാവുക എന്നതാണല്ലോ പ്രധാനമായി പറയുന്നത്?.

സ്വാമിജി: അതെ. ആരായുക, ചോദിക്കുക, അന്യോഷിക്കുക എന്നതാണ് പ്രധാനം. അന്യോഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീർക്കുന്നത്. മനുഷ്യൻ എന്നു പറയുമ്പോൾ “മനു അവബോധനേ” എന്ന ധാതുവിൽ നിന്നാണ് മനുഷ്യശബ്ദം വരുന്നത്. അതായത് അറിയാനുള്ള ശേഷി. മനുഷ്യന് അറിയാനുള്ള ശേഷി എന്നുണ്ടായോ, അന്നുമുതൽ ഈ പ്രപഞ്ചം അവന്‍റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ആ ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോഴാണ് ശാസ്ത്രശാഖകൾ വികസിക്കുന്നത്. ക്രമീകമായി മുന്നോട്ട് പോയി നേരത്തേ സൂചിപ്പിച്ച അന്യോഷണവും അന്യോഷ്യവും രണ്ടല്ലാതെയാവുന്ന തലത്തിലേക്ക് എത്തിച്ചേരലാണ് ലക്ഷ്യം.

സുകുമാർ: സ്വാമിജി പറയുന്നത് ആധുനിക ശാസ്ത്രം പഠിച്ച ഒരാളെന്ന നിലയ്ക്ക് logically sound ആണ്. അങ്ങിനെ വരുമ്പോൾ വിശ്വാസം അല്ലെങ്കിൽ faith ആവശുമുണ്ടോ? അതോ ഈദൃശപഠനങ്ങളിലൂടെ നാം faith ലേക്ക് എത്തിച്ചേരുകയാണോ ചെയ്യുന്നത്?

സ്വാമിജി: മനുഷ്യന്‍റെ വിശ്വാസമെന്നു പറയുമ്പോൾ അതിന് അനേകം തലങ്ങളുണ്ട്. മനുഷ്യനെന്ന പ്രതിഭാസത്തെ ആത്യന്തികമായ ആത്മാവ് എന്ന തലത്തിൽ മാത്രം കണ്ടാൽ പോര. നമുക്ക് ശരീരമുണ്ട്. ഇന്ദ്രിയങ്ങളുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്. അങ്ങിനെ വ്യത്യസ്ഥ ഉപാധികളോടുകൂടി ജീവിക്കുന്ന മനുഷ്യന്‍റെ വ്യത്യസ്ഥങ്ങളായ തലങ്ങൾ നാം പരിഗണിക്കണം. സാമൂഹിക ബന്ധങ്ങൾ. ചുറ്റുപാടുകൾ എന്നിവയെയും കണക്കിലെടുക്കുമ്പോൾ വിശ്വാസം എന്നതും പ്രാധാന്യമുള്ള കാര്യമാണ്: അതിന് പ്രത്യേകമായ ഒരു സ്ഥാനവുമുണ്ട്. കാരണം നമ്മുടെ ദൈനംദിന വ്യവഹാരങ്ങൾ എല്ലാംതന്നെ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. പക്ഷേ വ്യവഹാരങ്ങൾ വിശ്വാസത്തിന്‍റെ മുകളിൽ പടുത്തുയർത്തിയിരിക്കുന്നു എന്നു പറഞ്ഞാൽ നാം വിശ്വാസത്തിൽത്തന്നെ ഇരുന്നാൽ മതി എന്നല്ല വിവക്ഷ

സുകുമാർ: വിശ്വാസം എന്നു പറയുമ്പോൾ അതിൽ സഹജമായും സംശയം ഉണ്ടാവുമല്ലോ. സംശയം ഉള്ള കാര്യങ്ങള്‍ ആണല്ലോ നമ്മെ വിശ്വസിപ്പിക്കേണ്ടതായി വരുന്നത്? അറിവുള്ള കാര്യങ്ങള്‍ വിശ്വസിക്കേണ്ടതായി ഇല്ലല്ലോ?

സ്വാമിജി: അതെ, അതു കൊണ്ടാണ് വിശ്വാസത്തെ വിജ്ഞാനത്തിന്‍റെ തലത്തിലേക്കു് ഉയർത്തുകയാണ് വേണ്ടത് എന്ന് പറയുന്നത്. അനേക ലക്ഷം പേരെ എടുത്താൽ അതിൽ ഒരു ശതമാനമായിരിക്കും വിശ്വാസത്തിന്‍റെ തലത്തില്‍ നിന്നും  വിജ്ഞാനത്തിന്‍റെ തലത്തിലേക്ക് ഉയരുന്നത്. എന്നാൽ സാമാന്യമായി പറഞ്ഞാൽ ഒരു മനുഷ്യന്‍റെ ജീവിതത്തിന് താങ്ങായി നില്ക്കുന്നത് വിശ്വാസം തന്നെയാണ്. ഒരുപടികൂടി കടന്നു പറഞ്ഞാൽ അന്ധവിശ്വാസം തന്നെയാണത്. അന്ധമായ വിശ്വാസം. ലോകവ്യവഹാരം നിലനിൽക്കുന്നത് തന്നെ അന്ധമായ വിശ്വാസത്തിന്‍റെ പുറത്താണ്. ചിലപ്പോൾ ഇപ്പറഞ്ഞതിന്‍റെ സാംഗത്യം എത്ര ആഴമേറിയതാണെന്ന് എളുപ്പം മനസ്സിലാവില്ല. പക്ഷേ ഒന്നു ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും. നോക്കൂ; ലോകവ്യവഹാരങ്ങളിൽ, ഉദാഹരണത്തിന് നാം ഒരു ബസ്സിൽ, ട്രെയിനിൽ, ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ അതിന്‍റെ ഡ്രൈവറുടെ അല്ലെങ്കിൽ പൈലറ്റിന്‍റെ ക്വാളിഫിക്കേഷൻ വെരിഫൈ ചെയ്തിട്ടല്ല അതിൽ കയറുന്നത്. സെർട്ടിഫൈഡ് പൈലറ്റാണോ എന്ന് നോക്കാതെ തന്നെ നാം നമ്മുടെ ജീവൻ അവിടെ വിശ്വസിച്ച് കൊണ്ടുവയ്ക്കുകയാണ്. നാം ഒരു സിസ്റ്റത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണത്.

സുകുമാർ: പക്ഷേ ആ വിശ്വാസം ഒരറിവിന്‍റെ തലത്തിലേയ്ക്ക് ഉയർന്നതുകൊണ്ടല്ലേ നാം ആ വ്യവഹാരം ചെയ്യുന്നത്?

സ്വാമിജി: അങ്ങിനെയാവണം. അറിവിന്‍റെ തലത്തിലേക്ക് ഉയരണം. അതാണ് വേണ്ടത്. പക്ഷേ ഇവിടെയത് വെറും അന്ധവിശ്വാസം മാത്രമാണ്. ഡ്രൈവർക്ക്, പൈലറ്റിന്, സർട്ടിഫിക്കറ്റ് ഉണ്ടെന്ന് നാം അന്ധമായി വിശ്വസിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ ഭാരമുള്ള ബഹുനില കെട്ടിടത്തിനുള്ളിൽ നാം ധൈര്യമായി ഇരിക്കുന്നതും ഇതേ അന്ധവിശ്വാസത്തിനാലാണ്. എൻജിനിയറിംഗ് തത്വങ്ങൾ അനുസരിച്ച് ലോഡ് ഡിസ്ട്രിബ്യൂഷൻ ഉറപ്പുവരുത്താൻ ആവശ്യമായ പില്ലറുകൾ കെട്ടിടത്തിന് ഉണ്ടാവും എന്നങ്ങ് വിശ്വസിക്കുകയാണ്. നമ്മൾ അതൊന്നും പരിശോധിക്കുന്നില്ല. അപ്പോൾ ലോകവ്യവഹാരങ്ങൾ ഒക്കെത്തന്നെ വിശ്വാസത്തിന്‍റെ പുറത്താണ് നടക്കുന്നത് എന്നർത്ഥം. നമ്മളാരും അച്ഛനെ അച്ഛാ എന്നു വിളിച്ചത് ഡി.എൻ.എ ടെസ്റ്റ് ചെയ്തിട്ടല്ല. ലോകം വിശ്വാസത്തിനു പുറത്താണ് നടക്കുന്നത്. എന്നാൽ അതിനും അപ്പുറത്തേക്ക്, ലോകത്തിന്‍റെ നിലനില്പിന്‍റെ കാരണങ്ങളിലേക്ക് നമ്മുടെ അന്യേഷണം ആഴത്തിൽ ഇറങ്ങി ചെല്ലുമ്പോൾ വിശ്വാസം കൊണ്ട് കാര്യമില്ല. ലോകത്തിന്‍റെ കെട്ടുപാടുകളെക്കുറിച്ച് പഠിക്കുമ്പോൾ വിശ്വാസത്തിൽ കുരുങ്ങി ഒതുങ്ങി നിന്നതുകൊണ്ട് കാര്യമില്ല. അവിടെ നിന്ന് മുന്നോട്ട് പോയി നോക്കിയാലേ അന്വേഷണത്വരയുണ്ടാവൂ. അപ്പോള്‍ വിശ്വാസം വെറും ഒരു തലം മാത്രമേ ആകുന്നുള്ളു എന്നറിയാനാവും.  വിശ്വാസത്തിന്‍റെ പരിമിതിയെപ്പറ്റി ബോധവാനാകുമ്പോൾ എന്ത്? എങ്ങിനെ? എന്ന ജിജ്ഞാസകള്‍ ഉണ്ടാവും. അത് ക്രമീകമായി നമ്മെ അറിവിലേയ്ക്ക് നയിക്കും. നമ്മിലെ ജ്ഞാനവിജ്ഞാന സ്രോതസ്സുകൾ തുറക്കപ്പെടും.

സുകുമാർ: സ്വാമിജിയുടെ ഉത്തരം ഭഗവദ് ഗീതയുടെ ചിന്താ പരിസരത്തേക്ക് നമ്മെ കൊണ്ടു പോവുന്നുണ്ട്. വേദാന്തത്തിന്‍റെ, ഉയർന്ന ചിന്തകളുടെ തലത്തിൽ നോക്കുമ്പോൾ ഭഗവാൻ തന്നെ പറയുന്നുണ്ട് - നിത്യ നൈമിഷികങ്ങള്‍ മാത്രമായ   നന്മകളും തിന്മകളും അനുഭവങ്ങളും എല്ലാം പെട്ടെന്നുണ്ടായി മറയുന്നവയാണ്. അതിൽ നിനക്ക് ദുഖിക്കാൻ അവകാശമില്ല – ഇത് ഗീതയില്‍ വ്യക്തമായി നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്. ഗീത പഠിക്കുമ്പോള്‍ ബൗദ്ധികമായി നമുക്ക് ഇതെല്ലാം മനസ്സിലാവുകായും ചെയ്യും. പക്ഷേ അത് അനുഭവത്തിൽ വരാനാണ് ബുദ്ധിമുട്ട്. കാരണം ഞാൻ അനുഭവിക്കുന്ന ദു:ഖങ്ങൾ ആ ഉയർന്ന തലത്തിൽ അല്ലല്ലോ. താഴ്ന്ന ഒരു തലത്തിൽ നേരിടുന്ന പ്രശ്നം ആ തലത്തിൽത്തന്നെ വേണ്ടേ പരിഹരിക്കാൻ? ഈ ലൗകീക തലത്തിൽ നേരിടുന്ന ദുഃഖത്തിന് എങ്ങിനെയാണ് ശാന്തിയുണ്ടാവുക?

സ്വാമിജി: ദുഖിക്കുന്ന ഒരാളുടെ അടുക്കലിരുന്ന് നാമും ദുഖിച്ചാൽ അത് അയാളിൽ ദു:ഖശമനം ഉണ്ടാക്കുകയില്ല. അപകടത്തിൽ പെട്ട ഒരാളെ രക്ഷിക്കാൻ ദു:ഖിച്ചതുകൊണ്ടായില്ല. സുഖമോ ദുഖമോ ആകട്ടെ, അങ്ങിനെയുള്ള വൈകാരിക തലത്തിൽ നിലകൊള്ളുന്ന ഒരാളെ ഉയർത്തിക്കൊണ്ടുവരാൻ ആതേ വികാരതലത്തിൽ വ്യവഹരിക്കുന്ന ഒരാൾക്ക് കഴിയില്ല. ഉപദേശകൻ ഒരുയർന്ന തലത്തിൽ ഇരുന്നേ മതിയാവൂ. ഭഗവാൻ പരമാർത്ഥികമായ തലത്തിൽ ഇരുന്നു കൊണ്ടാണ് ആപേക്ഷികമായ തലത്തിൽ ദുഖിക്കുന്ന മനുഷ്യനെ ഉപദേശിക്കുന്നത്. അർജുനൻ എന്ന വ്യക്തിക്ക് ആ സമയത്ത് പാരമാർത്ഥികമായ സത്യത്തെ ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ളതല്ല വിഷയം . അതിലേക്ക് അർജുനനെ ഉയർത്തുകയാണ് ഗുരുവായ ഭഗവാന്‍റെ ലക്ഷ്യം. അതുകൊണ്ടാണ് ഉപദേശങ്ങൾ കൊടുത്ത ശേഷം അവസാനം ഭഗവാൻ അർജുനനോട് ചോദിക്കുന്നത്.

“കശ്ചിദേദച്ഛൃതം പാർത്ഥ ത്വയൈകാഗ്രേണ ചേതസാ

കശ്ചിദജ്ഞാന സമ്മോഹ: പ്രനഷ്ടസ്തേ ധനഞ്ജയാ” (ഭഗവദ് ഗീത 18.72)

 “വിശദമായി ഞാൻ നിനക്ക് പാഞ്ഞു തന്ന കാര്യങ്ങളെല്ലാം നീ എകാഗ്രമനസ്സോടെ കേട്ടുവോ? അർജുനാ, നിനക്ക് അവയെല്ലാം മനസ്സിലായോ? അതോ അജ്ഞാനസമ്മോഹത്തിൽപ്പെട്ട് അവ നിന്നില്‍ നഷ്ടമായോ?” എന്നാണ് ഭഗവാന്‍ ചോദിച്ചത്.  അർജുനനില്‍ അറിവ് തെളിഞ്ഞോ എന്നറിയാനാണ് ആ ചോദ്യം. ദ്വന്ദ്വത്തിൽ അടിപ്പെട്ടിരിക്കുന്ന ഒരാളെ ഉയർത്തിക്കൊണ്ടു വരേണ്ടത് നമ്മളും ആ ദ്വന്ദ്വത്തിൽത്തന്നെ നിന്നിട്ടല്ല. അതിനുപരിയായി നിന്നിട്ടാണ് അത് സാധിക്കേണ്ടത്. പുഴയിൽനിന്ന് ‘രക്ഷിക്കണേ...’ എന്ന് കൈ നീട്ടി വിളിക്കുന്ന ഒരാളെ രക്ഷിക്കേണ്ടത് കരയിൽ നിന്ന് കൈ നീട്ടിക്കൊടുത്താണ്. അതുപോലെ വേദാന്തബോധത്തിന്‍റെ സുദൃഢമായ അടിത്തറയിൽ നിന്നുകൊണ്ടാണ് ദ്വന്ദ്വപ്രപഞ്ചത്തെ അപഗ്രഥിക്കാൻ ശ്രമിക്കുന്നതും അതിൽ ആണ്ടുമുങ്ങി നില്ക്കുന്നവനെ കരകയറ്റാൻ നോക്കുന്നതും. ഗീതയിലുടനീളം ഭഗവാന്‍റെ സമീപനം ഇങ്ങിനെയാണ്. എന്നാൽ ഗീതോപദേശത്തിനു മുൻപ് അർജുനനെ പാകപ്പെടുത്താൻ ചെയ്യുന്ന ഉപദേശങ്ങളിൽ അർജുനനെപ്പോലെയോ അർജുനനെക്കാൾ താഴേയ്ക്കോ ഭവാൻ ഇറങ്ങി ചെല്ലുന്നുമുണ്ട്. രണ്ടാം അദ്ധ്യായത്തിന്‍റെ ആദ്യഭാഗത്ത് ഭഗവാൻ ഒരു കൂട്ടുകാരനോടെന്ന പോലെ, ‘യുദ്ധത്തിൽ നിന്നും പിൻമാറുന്നതു കൊണ്ട് ഒരു യോദ്ധാവിനുണ്ടാകുന്ന പേരുദോഷം മരണത്തേക്കാൾ കഷ്ടമല്ലേ?’ എന്നൊക്കെ അർജുനനോട് ചോദിക്കുന്നുമുണ്ട്.

സുകുമാർ : ആ ഒരു ഭാഗമാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. തന്റെ കടമ ചെയ്യാതെ പിന്തിരിഞ്ഞാല്‍ പേരുദോഷമുണ്ടാവും എന്നു ഭഗവാന്‍ പറയുന്നു; എന്നാൽ ‘പേരുദോഷ’ത്തിന്‍റെ ഒരു ഭൗതികതലത്തിലല്ലല്ലോ ഗീതയിലെ ഉപദേശങ്ങള്‍?.

സ്വാമിജി: ശിഷ്യന്‍റെ അത്രയും താഴേയ്ക്ക് ഇറങ്ങി വരുന്ന ഗുരുവിന്‍റെ മഹിമയാണ് നാമവിടെ കാണേണ്ടത്. അതുകഴിഞ്ഞ് ശിഷ്യനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയി, ക്രമീകമായി, ദ്വന്ദ്വങ്ങൾക്ക് അതീതമായ ഉയർന്ന തലത്തിലേക്ക് എത്തിച്ചാണ് ഭഗവാൻ പരമമായ ഉപദേശം നൽകുന്നത്. അതാണ് ഭഗവദ്ഗീതയുടെ ഉപദേശ ശൈലി.

സുകുമാർ: പ്രണാമം സ്വാമിജി. സ്വാമിജിയുടെ പ്രഭാഷണം കേൾക്കുന്നവരിൽ ഏറെപ്പേർ ഗൃഹസ്ഥരാണ്. അത് ഇൻഡ്യയിലായാലും മറ്റ് നാടുകളിൽ ആയാലും അങ്ങിനെയാണല്ലോ. ഗൃഹസ്ഥരായ നമ്മള്‍ നിത്യവും അവശ്യം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടെന്ന് സ്വാമിജി പ്രഭാഷണങ്ങളിൽ പറയാറുണ്ട്. സ്വാദ്ധ്യായം, അതിഥി സേവ, ഗുരുസേവ, പ്രകൃതിസംരക്ഷണം, എല്ലാം വളരെ നല്ല കാര്യങ്ങളാണ്. ഭാരതത്തിലെ കുടുംബങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിൽ - നോർത്ത് അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളവർക്ക് ഇവ നിത്യവും അനുഷ്ഠിക്കുക എന്നത് എത്രമാത്രം പ്രായോഗികമാണ്?

സ്വാമിജി: സനാതന ധർമ്മസന്ദേശങ്ങളുടെ പ്രത്യേകത, അത് എല്ലാ കാലഘട്ടങ്ങളിലും എല്ലാ ദേശങ്ങളിലും ഒരുപോലെ ആചരിക്കാൻ കഴിയുന്നതാണ് എന്നതാണ്. ഏതെങ്കിലും വിശ്വാസത്തിന്‍റെയോ, കാലഘട്ടത്തിന്‍റെയോ, ദേശത്തിന്‍റെയോ പരിമിതികളില്‍ നിന്നുകൊണ്ടുള്ള ആചരണങ്ങളല്ല ഋഷിമാർ നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. അവയുടെ മഹത്വം മനസ്സിലാക്കി ആചരിക്കണം എന്നൊരു തീരുമാനം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്ന് മാത്രം. ഗൃഹസ്ഥാശ്രമ ജീവിതം വളരെ മഹത്വപൂർണ്ണമായിട്ടാണ് ഋഷീശ്വരൻമാർ കണ്ടിട്ടുള്ളത്. അതുകൊണ്ട് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന വിവാഹകർമ്മത്തെ വളരെ ഭവ്യമായ യജ്ഞമായാണ് നാം കാണുന്നത്. അത് രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള കോൺട്രാക്റ്റ് അല്ല. അതൊരു യജ്ഞമാണ്. അത് ക്രമികമായ ഒരു യജ്ഞപദ്ധതിയുടെ ഭാഗമാണ്. വിവാഹാനന്തരമുള്ള ഗൃഹസ്ഥാശ്രമപ്രവേശ സംസ്കാരം - അതു ഷോഡശ സംസ്ക്കാരങ്ങളിലൊന്നാണ്. അതായത് യജ്ഞഭാവനയോടെ രണ്ടുപേര്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്ങിനെ ഗൃഹസ്ഥാശ്രമി, ജീവിതയജ്ഞം തുടരുകയാണ്. അത് സന്താനോൽപാദനമായാലും, സ്വത്ത് സമ്പാദിക്കലായാലും, കുടുംബത്തെ ശക്തമായി നിലനിർത്തുന്നതായാലും തരക്കേടില്ല; എല്ലാം ഒരു യജ്ഞവീക്ഷണത്തോടെയാണ് ചെയ്യുക. അതുപോലെയാണ് നിത്യ-നൈമിത്തിക കർമ്മങ്ങളും. ഉദാഹരണത്തിന് പഞ്ചമഹായജ്ഞങ്ങൾ. വൈദികമായി നാലുതരം കർമ്മങ്ങളാണ് ചെയ്യേണ്ടത്. നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിവ. അതിൽ നിത്യ-നൈമിത്യകർമങ്ങൾ എല്ലാവരും നിശ്ചയമായും മുടക്കം വരാതെ ചെയ്യേണ്ടതാണ്. അത് എവിടെയും ചെയ്യാം. അമേരിക്കയിലും കാനഡയിലും ആസ്ത്രേലിയയിലും, അഫിക്കയിലും ഒക്കെ അതിനു മാറ്റം വരുത്തേണ്ടതില്ല. ആചരിക്കണമെന്ന ബോധം വേണം എന്നേയുള്ളു. ഉദാഹരണത്തിന്, സ്വന്തം മാതാപിതാക്കളെ സ്നേഹാദരങ്ങളോടെ ശുശ്രൂഷിക്കുക. മുത്തച്ഛനും അമ്മൂമ്മയുമുണ്ടെങ്കിൽ അവരെ ശുരൂഷിക്കുക. മരിച്ചവർക്കായി ശ്രാദ്ധ കർമ്മങ്ങൾ ചെയ്യുക. എന്നിവയെല്ലാം എവിടെ നിന്നും ചെയ്യാം. വിപുലമായ ചടങ്ങുകളോടെ ശ്രാദ്ധം ചെയ്യാനവസരമില്ലെങ്കിൽപ്പോലും മനസ്സുകൊണ്ട് അവരെ സ്മരിക്കാം. ശ്രദ്ധാപൂർവ്വം മനസ്സിൽ സ്മരിച്ചാൽ അത് ശ്രാദ്ധമായി. ഏത് രാജ്യത്താണെങ്കിലും ഇതെല്ലാം ചെയ്യാം. അത് ‘പിതൃയജ്ഞ’മായി. അതു പോലെ ദിവസവും അല്പസമയമെങ്കിലും നമ്മുടെ ധർമ്മശാസ്ത്രങ്ങൾ പഠിക്കണം. അത് ‘സ്വാദ്ധ്യായ’മായി. അങ്ങിനെ പഠിച്ച് ഉൾക്കൊണ്ട ആശയങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കണം. ഇതൊക്കെ എവിടെയിരുന്നും ആർക്കും ചെയ്യാം. ചിലപ്പോൾ ആളുകൾ പറയും 'സ്വാമീ ഈ നാട്ടിൽ ഇതൊന്നും ചെയ്യാൻ ഈ നാട്ടിൽ കുട്ടികളെ കിട്ടില്ല' എന്നൊക്കെ. അതിനോട് എനിക്ക് യോജിപ്പില്ല. കാരണം നാമെങ്ങിനെ ജീവിക്കുന്നു എന്നതനുസരിച്ചാണ് വരും തലമുറ പെരുമാറുന്നത്. ഒരു കുഞ്ഞ് പുറത്തു വരുന്നതിന്നു മുൻപ് എന്‍റെ വയറ്റിലാണല്ലോ കഴിഞ്ഞത്? ആ സമയത്ത് എനിക്ക് അവളിൽ/അവനിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതെന്‍റെ പരാജയമാണ്. കുഞ്ഞിന്‍റെ പരാജയമല്ല അത്. ജനിച്ചു കഴിഞ്ഞ് ഒരു നാലു വർഷം അടിസ്ഥാനപരമായ അവബോധത്തിന്‍റെ കാലഘട്ടമാണ്. അപ്പോഴും കുഞ്ഞ് നമ്മുടെ കൂടെത്തന്നെയാണല്ലോ. അതു കഴിഞ്ഞ് കുഞ്ഞ് സ്കൂളിൽ ചേർന്നാലും ഏതാണ്ട് പകുതിസമയം നമ്മുടെ കൂടെത്തന്നെയാണ്. മാതൃകാപരമായ ആചാരങ്ങൾ സ്വയം ചെയ്ത് കാണിക്കണം. ഒരിക്കലും അവരെ ഉപദേശിക്കരുത് - ഉപദേശിക്കുന്നതിലൂടെ ഒരാളെയും നന്നാക്കാനാവില്ല. അത് വിപരീതഫലം ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് സ്വന്തം ജീവിതത്തിലാചരിച്ചു കാണിക്കുന്ന ഒരു കുടുംബവ്യവസ്ഥ ലോകത്തിൽ എവിടെയാണെങ്കിലും നമുക്കുണ്ടാക്കാം. അങ്ങനെ ചെയ്യുന്നവർ ധാരാളമുണ്ട്. അമേരിക്കയിൽ സംസ്കൃതഭാരതി അൻപതിനായിരം വീടുകളിൽ സംസ്‌കൃത പഠനം നടത്തുന്നു. ആ ഗൃഹങ്ങളിൽ സംസ്കൃതം സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അറിഞ്ഞത്. വീട്ടിൽ സംസ്കൃതം പറഞ്ഞിട്ട് പുറത്ത് ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നു. അത്രയ്ക്കൊന്നും ആയില്ലെങ്കിലും സന്ധ്യാസമയത്ത് വിളക്ക് വച്ച് നാമം ജപിക്കുന്ന ഒരു ശീലം വീട്ടിലുണ്ടെങ്കിൽ - മക്കളോട് ജപിക്കാൻ പറയുകയല്ല., അച്ഛനും അമ്മയും നാമം ജപിക്കുന്നുണ്ടെങ്കിൽ- കുട്ടികളും അത് ചെയ്യും. ഒരു മഹാത്മാവിനെ കാണുമ്പോൾ അച്ഛനും അമ്മയും വന്ദിക്കുന്നുവെങ്കിൽ മക്കൾക്ക് അവരുടെ മനസ്സിലെങ്കിലും മഹാത്മാക്കളെ വണങ്ങണമെന്ന ഒരു ചിന്തയുണ്ടാവും. പലപ്പോഴും ചില ധാരണകളുടെ പുറത്ത് അവരത് ഇപ്പോള്‍  പുറത്ത് കാണിച്ചില്ല എന്നിരിക്കും. പക്ഷേ അവരുടെയുള്ളിൽ ഒരു സത്സംസ്കാരം ഉണർന്നു വരും. സ്വയമാചരിച്ച് കാണിക്കുന്നതിലൂടെ നമുക്ക് പുതുതലമുറയെ സ്വാധീനിക്കാൻ കഴിയും. അതുപോലെ ‘ദൈവയജ്ഞം’. അതായത് ദിവസവും അഗ്നിഹോത്രം ചെയ്യുക. വിശദമായി അഗ്നിഹോത്രം ചെയ്യാൻ സാദ്ധ്യതയില്ലെങ്കിൽ ‘ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കണേ’ എന്ന പ്രാർത്ഥനയോടെ രാവിലെയും വൈകിട്ടും വിളക്കു കൊളുത്തി വയ്ക്കാം. അത് കുട്ടികൾ കാൺകെ ചെയ്യാം. എല്ലാവരും ഒത്തൊരുമിച്ച് നാമം ജപിക്കാം. അതുപോലെ അടുത്ത ക്ഷേത്രങ്ങളിൽ ദർശനം ചെയ്യാം. ലോകത്ത് എല്ലാ രാജ്യങ്ങളിലും ക്ഷേത്രങ്ങളുണ്ട്. അതിലെല്ലാമുപരി സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്കായി എന്തെങ്കിലും സേവ ചെയ്യാം. അവനവൻ സമ്പാദിക്കുന്ന സ്വത്തിന്‍റെയൊരു പങ്ക് സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്കായി മാറ്റി വയ്ക്കാം. ലോകത്ത് എത്ര രാജ്യങ്ങളിലാണ് പോഷകാഹാരക്കുറവുകൊണ്ട് കുട്ടികൾ അകാലത്തിൽ മരിക്കുന്നത് , എവിടെയൊക്കെയാണ് അഭയാർത്ഥികൾ വന്നടിയുന്നത്? ഇവിടെ കനേഡിയൻ പശ്ചാത്തലത്തിൽ പറഞ്ഞാൽ ഒരു നാലു കുടുംബങ്ങള്‍ ചേർന്നു വിചാരിച്ചാൽ ഒരു റെഫ്യൂജി കുടുംബത്തെ ദത്തെടുക്കാം, സ്പോൺസർ ചെയ്യാം. അവരെങ്കിലും ആവശ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് കുടുംബങ്ങള്‍ മതം മാറുന്നത് ഒഴിവാക്കാം. ഇങ്ങിനെയുള്ള സേവനങ്ങൾ ചെയ്യുമ്പോൾ അത് ‘ദൈവയജ്ഞ’മാണ്. ഈ സമൂഹത്തിൽ മനുഷ്യർക്കായി താന്‍ താമസിക്കുന്ന ദേശകാലത്തിനനുസരിച്ച് സേവനം ചെയ്യാം. അത് ‘മനുഷ്യയജ്ഞ’മാണ്. അതു പോലെ മറ്റ് ജീവജാലങ്ങൾക്ക് ജന്തുമൃഗാദികൾക്ക്, സസ്യജാലങ്ങൾക്ക്, എല്ലാം നമുക്കാവുന്ന രീതിയിൽ സേവനങ്ങള്‍ ചെയ്യാം. അത് ‘ഭൂതയജ്ഞ’മാണ്. ഈ യജ്ഞങ്ങൾ ഏതു രാജ്യത്താണെങ്കിലും ആർക്കും ചെയ്യാം. അതിന് ദേശത്തിന്‍റെ വിശേഷമൊന്നുമില്ല. അതിനു നമുക്ക് മനസ്സുണ്ടോ എന്നതാണ് ചോദ്യം

സുകുമാർ: ഗൃഹസ്ഥൻമാരുടെ സാമൂഹ്യസേവനം മുതലായ നിത്യയജ്ഞങ്ങളെപ്പറ്റി പറഞ്ഞുവല്ലോ?. സ്വാമിജി സ്വന്തം നിലയ്ക്ക് ആത്മീയ കാര്യങ്ങളിലുള്ള മാർഗ്ഗദർശനം സമൂഹത്തിന് നല്കുന്നുണ്ട്. മാത്രമല്ല സാമൂഹികമായ മറ്റ് കാര്യങ്ങളിലും സ്വാമിജിയുടെ അഭിപ്രായം ഒരു ജനത മുഴുവൻ കാതോർത്തിരിക്കുന്നുമുണ്ട്. അപ്പോൾ സ്വാമിജിയുടെ ആശ്രമം നടത്തുന്ന പരിപാടികളിൽ ഞങ്ങളെപ്പോലുള്ള ഗൃഹസ്ഥൻമാർക്ക് സഹകരിക്കാൻ പറ്റുന്ന മേഖലകൾ എന്തൊക്കെയാണ്? പല തരം contributions ഉണ്ടല്ലോ. എങ്ങിനെയൊക്കെയാണ് ഞങ്ങൾക്ക് അതിൽ പങ്കെടുക്കാൻ കഴിയുക? അത്തരം പങ്കുചേരൽ ഞങ്ങളുടെതന്നെ അഭ്യുന്നതിക്കാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.

സ്വാമിജി: തീർച്ചയായും. ആശ്രമത്തെ സംബന്ധിച്ചു പറഞ്ഞാൽ തീർത്തും വ്യത്യസ്ഥങ്ങളായ പല പ്രവർത്തനങ്ങളും ഉണ്ട്. കുളത്തൂർ അദ്വൈത ആശ്രമം എന്നു പറയുമ്പോൾ അവിടെയുള്ള ഒരു ആശ്രമം മാത്രമല്ലാ, അനുബന്ധമായി മറ്റ് പല സ്ഥാപനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ആശ്രമങ്ങൾ, കൂടാതെ ഗുജറാത്തിലെ ആശ്രമവും ഉണ്ട്. ഗുജറാത്ത് - അഹമ്മദ്ബാദിൽ ഗോശാലയാണ് ഉള്ളത്. അവിടെ ദേശീയ ഇനത്തിൽപ്പെട്ട പശുക്കളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനമായി നാം കാണുന്നത് ശാസ്ത്രപ്രചരണം തന്നെയാണ്. അറിവിന്‍റെ പ്രസരണം. വേദാന്തജ്ഞാനവും ധാർമിക ബോധജ്ഞാനവും പഠിപ്പിക്കുക. കാരണം സമൂഹത്തിൽ ശൈഥില്യം ഉണ്ടാവുന്നതിനെ ആവുംവിധം തടഞ്ഞുകൊണ്ട് ശരിയായ അറിവിനെ പ്രചരിപ്പിക്കുന്നതാണ് ഏറ്റവും വലിയ സേവനം എന്ന് നാം കരുതുന്നു. അതുകൊണ്ട് ആശ്രമത്തിന്‍റെ എല്ലാ ശാഖകളിലും ഒന്നാമത്തെ പ്രാധാന്യം കൊടുത്തിരിക്കുന്നത് വേദാന്തപഠനത്തിനു തന്നെയാണ്. എന്നാൽ നാട്ടിൽ നടത്തുന്നത് ധർമ്മാചരണപ്രബോധനമാണ്. നാട്ടിലെ പ്രസംഗത്തിൽ ശുദ്ധവേദാന്തമല്ല, പഠിപ്പിക്കുന്നത്. ധർമ്മതലത്തിലുള്ള കാര്യങ്ങളാണ് പൊതുവേദികളിൽ ചർച്ച ചെയ്യുക. അതേസമയം തന്നെ മറ്റ് സേവനപ്രവർത്തനങ്ങളും ആശ്രമം നടത്തുന്നുണ്ട്. ശ്രീശങ്കരാ വൃദ്ധസേവാകേന്ദ്രം. ആരും നോക്കാനാകാതെ വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നമ്മുടെ മുത്തച്ഛൻമാർക്ക് വേണ്ടിയാണ് കുളത്തൂര് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അതുപോലെ കോഴിക്കോട് മാത്തറയിൽ ഒരു സൗജന്യ ക്ളിനിക്ക് നടത്തുന്നുണ്ട്. അവിടെ ധാരാളം ഡോക്ടർമാർ സ്വമനസ്സാ വന്ന് പാവപ്പെട്ടവർക്കായി സൗജന്യചികിത്സ നല്കുകയാണ് ചെയ്യുന്നത്. മരുന്നും സൗജന്യമായി നല്കുന്നു. പിന്നെ വലിയൊരു പ്രോജക്റ്റ്, പ്ലാനിംഗ് സ്റ്റേജിൽ ഉള്ളത് പാലിയേറ്റീവ് സേവാ കേന്ദ്രമാണ്. സാന്ത്വനം എന്ന പേരിലാണ് അത് ഉണ്ടാവുക. കോഴിക്കോട് അതിനായുള്ള വലിയൊരു സ്ഥലം ഒരു കുടുംബക്കാര്‍ സംഭാവനയായി  സമർപ്പിച്ചിട്ടുണ്ട്. കാൻസർ മുതലായ രോഗങ്ങൾ വന്നിട്ടും, ജോലി സ്ഥലങ്ങളിൽ വച്ച് അപകടങ്ങൾ പറ്റിയിട്ടും, വീണു നട്ടെല്ല് പൊട്ടിയും, മറ്റും മരണത്തെ മുഖാമുഖം കാണുന്നവർക്ക് അവസാന കാലത്ത് സാന്ത്വനം നല്കുക എന്നതാണ് ഉദ്ദേശം. ഇനിയവർ ജീവിതത്തിലേക്ക് തിരിച്ചു വരില്ല. അങ്ങിനെ വീട്ടിൽ നിന്നു തന്നെ ഒരുപേക്ഷാഭാവത്തിൽ കഴിയേണ്ടിവരുന്ന എത്രയോ പേരാണുള്ളത്? അവർക്ക് ശാന്തമായിട്ട് ഒന്ന്  മരിക്കുവാനുള്ള സ്ഥലമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ പറ്റില്ലെങ്കിലും ശാന്തമായ ഒരവസാനം കിട്ടുക പ്രധാനമാണ്. മതഭേദം പറയുകയല്ല, എല്ലാ മതങ്ങളിലും നന്മയും തിൻമയും ഉണ്ട്. പക്ഷേ കേരളത്തിന്‍റെ കാര്യം പറയുകയാണെങ്കിൽ ഹൈന്ദവ സാഹചര്യത്തിൽ ഇങ്ങിനെയുള്ള പാലിയേറ്റീവ് കെയർ - സമാധാനമായി മരിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല. അതു കൊണ്ട് തന്നെ ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. വലിയ ഒരു പ്രോജക്ടാണ്. അൻപതു പേർക്കെങ്കിലും താമസിക്കാൻ സൗകര്യമുള്ള ഒരു ഫെസസിലിറ്റിയാണ് ഉദ്ദേശിക്കുന്നത്.

സുകുമാർ: സ്വാമിജി, ഈയടുത്തയിടയ്ക്ക് ഇവിടെ നോർത്ത് വാൻകൂവറിൽ ഇതുപോലുള്ള ഒരു സെന്‍ററില്‍ ഞങ്ങൾ പോയിരുന്നു. എന്‍റെ പഴയൊരു ബോസ് അവസാനകാലത്ത് അവിടെ അഡ്മിറ്റ് ആയിരുന്നു. അവിടെ അവരുടെ ദിവസം ഒരു പതിനാറ് സെഷനുകൾ ആയി പ്രോഗ്രാം ചാര്‍ട്ട് ചെയ്തിരിക്കുന്നു. ആ ടൈംടേബിൾ ഞാൻ നോക്കിയിരുന്നു. ഈ പതിനാറിൽ മിക്കവാറും എല്ലാംതന്നെ, പന്ത്രണ്ടോ പതിന്നാലോ എണ്ണം, ഏതെങ്കിലും വിധത്തിലുള്ള യോഗാ പരിപാടികളാണ്. ഇരുന്നിട്ടുള്ള യോഗ, കിടന്നിട്ടുള്ള യോഗ, പ്രാണായാമം, നടക്കാവുന്നവര്‍ക്ക് അത്, അങ്ങിനെ പലതും. അദ്ദേഹം രണ്ടാഴ്ച കഴിഞ്ഞ് സമാധാനമായി മരിച്ചു പോവുകയായിരുന്നു. അവിടുത്തെ യോഗാ പരിപാടികളാണ് പാലിയേറ്റീവ് കെയറിൽ ആരോഗികൾക്ക് സാന്ത്വനം നല്കുന്നത്. കനേഡിയൻ സർക്കാരിന്‍റെ വകയാണ് ഇവിടുത്തെ പാലിയേറ്റീവ് കെയർ ഹോമുകൾ. സ്വാമിജി സാന്ത്വനം പദ്ധതിയെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ അത് ഓർക്കുകയായിരുന്നു.

സ്വാമിജി: നമുക്കും അങ്ങിനെയുള്ള സംവിധാനങ്ങൾ കൂടിയൊരുക്കിയാലേ അവസാന കാലത്ത് ശാന്തിയോടെ കടന്നുപോകാനുള്ള സൗകര്യം പൂർണ്ണമാകൂ. ഇവിടെ കനേഡിയൻ സർക്കാർ നടത്തുന്ന സ്ഥാപനത്തിലും യോഗയ്ക്ക് ഇത്ര പ്രാധാന്യമുണ്ടെന്നറിയുന്നത് നമുക്കും സന്തോഷം നല്കുന്ന വിവരമാണ്. യോഗ ശാസ്ത്രത്തിന്‍റെയും യോഗാനുഷ്ഠാനത്തിന്‍റെയും ആചരണം, എല്ലാ അതിർവരമ്പുകളെയും ലംഘിച്ചുകൊണ്ട് ലോകം മുഴുവനും വ്യാപിക്കുന്നു എന്നതില്‍ നമുക്ക് വലിയ സന്തോഷമുണ്ട്.

സുകുമാർ: അതെ, എണീക്കാനോ തലപൊക്കാൻ പോലുമോ വയ്യാത്തവരുടെ അടുക്കൽ ഒരു ഫെസിലിറ്റേറ്റർ ചെന്ന് രോഗിയെ വേണ്ട രീതിയിൽ ശ്വാസമെടുക്കാനും വിരലുകളും കൈകാലുകളും അനക്കാനും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ യോഗയെ മാറ്റിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതു പോലുള്ള പ്രവർത്തനങ്ങൾ സ്വാമിജിയുടെ നേതൃത്വത്തിൽ നടക്കുന്നതറിയുമ്പോൾ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ട്. അവയിൽ ഞങ്ങളാൽ ആവുന്ന രീതിയിൽ പങ്കുചേരാനും സഹകരിക്കാനും ഞങ്ങൾ തയ്യാറാണ്. സ്വാമിജിയുടെ സന്ദർശനത്തിനും ചോദ്യോത്തരങ്ങളിലൂടെയുള്ള ഈ അനുഗ്രഹത്തിനും വലിയ നന്ദി.

ശ്രീ ഗുരുഭ്യോ നമ: