Published on Mathrubhumi Yatra October 2020
ടൂറിസ്റ്റുകള്‍
അമേരിക്കയിലെ ഹവായില്‍ പോകുന്നത് പലവിധത്തില്‍ ആഹ്ലാദകരമായി അവരുടെ വെക്കേഷന് സമയങ്ങള്‍
അവിടെ ചിലവിടാനാകും എന്നതുകൊണ്ടാണ്. ഹാവായിലെ പ്രധാന വരുമാനം തന്നെ ടൂറിസവുമായി
ബന്ധപ്പെട്ടിട്ടാണ്. നീലാകാശം, അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടല്‍,
പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. എന്നുവേണ്ട യാത്രക്കാര്‍ക്കൊരു
പറുദീസതന്നെയാണ് ഹാവായ് ദ്വീപുകള്‍. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി,
ഒവാഹു, ക്വവായ്, എന്നിവയാണ്.
നീലക്കടലും നീലാകാശവും നിറഞ്ഞ
ക്വവായ്
കാനഡയിലെ വാന്‍കൂവറില്‍
താമസിക്കുന്ന ഞങ്ങള്‍ ഇത്തവണ കുടുംബമായി വെക്കേഷന് പോയത് ഹാവായ് ദ്വീപുകളിലെ
താരതമ്യേന ചെറിയൊരു ദ്വീപായ ക്വവായ് ദ്വീപിലേയ്ക്കാണ്. പ്രകൃതിഭംഗിയില്‍ ഏറെ പ്രത്യേകതകള്‍
ഉള്ള ഒരിടമാണ് ക്വവായ്. “ഉദ്യാനദ്വീപ്” എന്ന് പേരുകേട്ട ഇവിടെ കേരളമെന്നു
തോന്നിക്കുന്ന ഭൂപ്രകൃതിയും പഞ്ചാരമണല്‍ ബീച്ചുകളും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും
ഉണ്ട്.
സമുദ്രത്തില്‍ ബോട്ടുയാത്രനടത്താനും സ്നോര്‍ക്ക്ലിംഗ് ചെയ്യാനുമുള്ള സൌകര്യങ്ങളും വിശാലമായ റിസോര്‍ട്ടുകളും എല്ലായിടത്തും കാണാം.
ക്വവായ് – കേരളം പോലെ ഹരിതസുന്ദരം
ക്വവായില്‍
നമ്മുടെ നാടന്‍ കോഴികളെ നിറയെ കാണാം (അവയുടെ കൊക്കല്‍ പോലും മലയാളത്തിലാണെന്ന്
മകന് അഭിപ്രായപ്പെട്ടു!). കടച്ചക്ക, നേന്ത്രവാഴപ്പഴം, പപ്പായ, തേങ്ങ, മാങ്ങ
എന്നുവേണ്ട കേരളത്തിലെ മിക്കവാറും പഴങ്ങളും പച്ചക്കറികളും ധാരാളമായി അവിടെക്കിട്ടും.
എങ്കിലും ഇവയ്ക്കൊക്കെ ടൂറിസ്റ്റുകള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ നല്ല വിലയാണ്.
അവിടെ താമസിക്കുന്നവരില്‍ പകുതിയിലെറെപ്പേര്‍ ടുറിസ്റ്റുകളാണ്. ദ്വീപില്‍ നിന്നുകാണുന്ന
സൂര്യോദയവും അസ്തമയവും കണ്ടുതന്നെ അനുഭവിക്കേണ്ട ദൃശ്യവിരുന്നാണ്.
അമേരിക്കന്‍
സെനറ്റില്‍ ഭഗവദ്ഗീതയില്‍ തൊട്ടു സത്യവാചകം ചൊല്ലി സ്ഥാനമേറ്റ ഡെമോക്രാറ്റിക്
സെനറ്റര്‍ തുളസി ഗബ്ബാര്‍ഡ് ഹാവായില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ക്വവായ്-കാപാ-കടവുള്‍ ടെമ്പിള്‍
'ഓം' ക്ഷേത്രക്കുളം
ക്വവായിലുള്ള
കടവുള്‍ ടെമ്പിളും ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന സന്മാര്‍ഗ്ഗഇരൈവന്‍ കോവിലും സന്ദര്‍ശിച്ചത്
കാനഡയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് തികച്ചും പുതുമയുള്ള ഒരനുഭവമായിരുന്നു.
പ്രത്യേകിച്ചും അവിടെയുള്ള പരിപാവനമായി പരിരക്ഷിച്ചുവരുന്ന ഒരു രുദ്രാക്ഷവനം
കാണേണ്ടതു തന്നെയാണ്. ക്വവായ്-കാപാ-കടവുള്‍ ടെമ്പിളും സന്മാര്ഗ്ഗ ഇരൈവന്‍ കോവിലും
അതിനോട് ചേര്‍ന്ന ആശ്രമവും എല്ലാം തമിഴുശൈലിയില്‍ മുന്നൂറ്റി അറുപത്തിമൂന്ന്
ഏക്കര്‍ വലുപ്പമുള്ള ഒരു ശിവക്ഷേത്രസങ്കേതമാണ്. ശൈവസിദ്ധാന്ത ചര്‍ച്ച്, ഹിമാലയന്‍
അക്കാദമി എന്നെല്ലാം ഈ പ്രസ്ഥാനം അറിയപ്പെടുന്നു.
ഷണ്മുഖന്
363 ഏക്കര്‍ ഉദ്യാനത്തിനുള്ളില്‍
പുതിയൊരു ക്ഷേത്രം
മലകളും വെള്ളച്ചാട്ടങ്ങളും
ഫലവൃക്ഷങ്ങളും നിറഞ്ഞ 363 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വനത്തിനുള്ളിലായി എണ്‍പത്കോടി
രൂപ ചിലവില്‍ വലിയൊരു ക്ഷേത്രസമുച്ചയത്തിന്റെ പണികള്‍ അവിടെ പുരോഗമിക്കുന്നു
സന്മാര്ഗ്ഗ ഇരൈവന്‍ കോവില്‍,
പുതിയ ക്ഷേത്രം
80 കോടി ചിലവില്‍ പുതിയ കോവിലിന്റെ പണി പുരോഗമിക്കുന്നു.
1990-ല്‍
പണി തുടങ്ങിയയെങ്കിലും മുഴുവന്‍ കരിങ്കല്ലില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ
ക്ഷേത്രത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. വാസ്തുവിദ്യയിലും ആധുനിക എന്ജിനിയരിംഗ്
രീതിയിലും ഈ ക്ഷേത്രത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്.
കോവിലിലെ
ശില്‍പ്പവുമായി സദ്ഗുരു ബോധിനാഥവേലന്‍സ്വാമി
ആയിരം കൊല്ലം നിലനില്‍ക്കുന്ന നിര്‍മ്മിതി
ആയിരം കൊല്ലം നിലനില്‍ക്കുന്ന നിര്‍മ്മിതി
ആയിരം
കൊല്ലം നിലനില്ക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ‘ക്രാക്ക് ഫ്രീ’ കോണ്‍ക്രീറ്റ് ഫൌണ്ടേഷന്
പണിതിരിക്കുന്നത് 4 അടി കനമുള്ള ഒറ്റ സ്ലാബായാണ്. മുപ്പതിനായിരം ക്യുബിക് അടി കോണ്‍ക്രീറ്റാണ്
ഇതിനുവേണ്ടി ഡോ. കുമാര്‍മേഹ്ത്ത ഡിസൈന്‍ ചെയ്ത് ഉപയോഗിച്ചത്. ഇതിന്റെ
പണിയെപ്പറ്റി കാലിഫോര്‍ണിയ ബെര്‍ക്കിലി യൂനിവേര്സിറ്റിയിലെ പ്രഫസറായ അദ്ദേഹം പറഞ്ഞത്,
“പരമശിവന് നീലകണ്ഠനായത് പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ വിഷം കഴിച്ചാണല്ലോ. അതുപോലെ ഈ
കോണ്‍ക്രീറ്റില്‍ വലിയതോതില്‍ തെര്‍മല്‍ പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റ്
ആയ ഫ്ലൈആഷ് കലര്‍ത്തിയിട്ടുണ്ട് അങ്ങിനെയാണ് ഇത് ആയിരം കൊല്ലമെങ്കിലും നില്ക്കാന്
പര്യാപ്തമായ ഒരു ഫൌണ്ടേഷന് ആയത്!” എന്തും സംഹരിച്ചു സ്വീകരിക്കുന്ന ആധുനിക കാലത്തെ
പരമശിവന് തന്നെയാണ് കോണ്ക്രീറ്റെന്ന് ബെര്‍ക്കിലിയിലെ എമിരറ്റസ് പ്രഫസറായ ഡോ.
മേഹ്ത്ത ഉറപ്പിച്ചു പറയുന്നു. ആറ്റമിക് പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റും
സമുദ്രത്തിനടിയില്‍ നിക്ഷേപിക്കുന്നത് കോണ്‍ക്രീറ്റില്‍ പൊതിഞ്ഞാണല്ലോ.
കരിങ്കല്ലില്‍ കൊത്തിയെടുത്ത
ശില്പ്പങ്ങള് നിര്‍മ്മിച്ചത് ഇന്ത്യയിലാണ്
മൂന്നടിയില്‍ അധികം ഉയരവും ആറുമുഖങ്ങളുമുള്ള ഒരു സ്ഫടികലിംഗമാണ് അവിടെ സ്ഥാപിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഭാരതത്തില്‍ നിന്നും അനേകം സ്ഥപതിമാരെയും കല്‍പ്പണിക്കാരെയും ക്വവായില്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല ബാംഗളൂരിനടുത്ത് വലിയൊരു ക്യാമ്പിലാണ് ക്വവായിലെയ്ക്ക് കൊണ്ടുപോകാനുള്ള കല്‍പ്പണികള്‍ മിക്കവാറും പരമ്പരാഗതമായ രീതിയില്‍ തീര്‍ത്തിട്ടുള്ളത്. അടുത്ത് ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിലിന്റെ പണി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.
ക്വവായ് ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു മൈല്‍ അകലെയാണ് രുദ്രാക്ഷവനം. സാധകര്‍ അവിടെയിരുന്നും ധ്യാനത്തില്‍ ഏര്‍പ്പെടുന്നു. അതിനായി അവിടെയൊരു വിനായകപ്രതിഷ്ഠയും ഉണ്ട്. ശൈവസിദ്ധാന്ത ചര്‍ച്ച്, രുദ്രാക്ഷവൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ച ഈ ദിവ്യവനം വച്ചുപിടിപിച്ചത് എഴുപതുകളിലാണ്.
രുദ്രാക്ഷത്തിന്റെ വൈദികമായ പ്രാധാന്യം നന്നായറിയാവുന്ന ശൈവസിദ്ധാന്തക്കാരായ യോഗികളാണ് ദിവസവും ഈ വനത്തെ പരിപാലിച്ചു വരുന്നത്. വേരുകള്‍ക്കിടയിലും മറ്റുമായി ഇലകള്‍ക്കിടയ്ക്ക് രുദ്രാക്ഷങ്ങള്‍ ധാരാളം കിടക്കുന്നുണ്ടായിരുന്നു. ആശ്രമത്തിന്റെ സ്റ്റോറില്‍ പലവിധത്തിലുള്ള രുദ്രാക്ഷമാലകളും ലോക്കറ്റുകളും വില്ക്കാന് വെച്ചിട്ടുമുണ്ടായിരുന്നു. ഏതായാലും ക്വവായ് യാത്ര രുദ്രാക്ഷത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാന്‍ പ്രോത്സാഹനമായിത്തീര്‍ന്നു.
എന്തുകൊണ്ട് രുദ്രാക്ഷം?
രുദ്രാക്ഷമാണികള്‍
മാലകോര്‍ത്ത് ദേഹത്തണിയുന്നത് ഐശ്വര്യദായകമാണെന്ന് ശ്രുതികളും സ്മൃതികളും ആവര്‍ത്തിച്ചു
പറയുന്നുണ്ട്. പരമശിവന്റെ കണ്ണുനീരില്‍ നിന്നാണത്രേ രുദ്രാക്ഷം ഉണ്ടായത്. ശിവജ്ഞാനോപാധിയാണ്
രുദ്രാക്ഷധാരണം എന്നാണു ശൈവര്‍ വിശ്വസിക്കുന്നത്. രുദ്രാക്ഷവൃക്ഷത്താൽ തട്ടിയ
കാറ്റ് പോലും പവിത്രമാണ്. അതേറ്റ പുൽക്കൊടി പോലും പുണ്യലോകം പ്രാപിക്കുമെന്നും രുദ്രാക്ഷം
ധരിച്ചു കൊണ്ട് ഒരുവൻ ചെയ്യുന്ന പാപങ്ങൾ പോലും ഇല്ലാതാകും എന്ന് ജാബാലശ്രുതിയിൽ
പറയുന്നു. മൃഗങ്ങൾപോലും രുദ്രാക്ഷം ധരിച്ചാൽ രുദ്രനാവുമത്രേ! പിന്നെ മനുഷ്യന്റെ
കാര്യം പറയാനുണ്ടോ? രുദ്രാക്ഷം ഇത്രമേൽ മഹത്താണെന്നുള്ളതുകൊണ്ട് അതിൽ
ശ്രദ്ധയില്ലാത്തവർക്കും ജന്മജന്മാന്തരങ്ങൾ കൊണ്ട് മഹാദേവപ്രസാദത്താൽ
രുദ്രാക്ഷധാരണത്തോട് സഹജമായി താല്‍പ്പര്യം ഉണ്ടായിത്തീരുമത്രേ.

രുദ്രാക്ഷമാഹാത്മ്യം
രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യമുള്ളതാവാൻ എന്താണ് കാരണമെന്നു ദേവീഭാഗവതത്തില്‍ രുദ്രദേവൻ തന്നെ പറയുന്നുണ്ട്. അസുരനിഗ്രഹത്തിനുള്ള ശക്തി സംഭരിക്കാനായി പരമശിവന് ആയിരം ദിവ്യവർഷങ്ങൾ തപസ്സു ചെയ്തുവത്രേ. അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്നതിനാല്‍ രുദ്രന്റെ കണ്ണിൽനിന്നും അശ്രുകണങ്ങൾ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീർക്കണങ്ങളിൽ നിന്നാണ് രുദ്രാക്ഷ മഹാവൃക്ഷങ്ങൾ ഉണ്ടായത് എന്നും പുരാണം പറയുന്നു.
സ്നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാർച്ചനകൾ, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷ, വൈദിക കർമ്മങ്ങൾ എന്നിവയ്ക്കെല്ലാം ഫലമുണ്ടാവാന്‍ രുദ്രാക്ഷം കൂടിയേ തീരൂ. സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. വർണ്ണ വ്യത്യാസമെന്യേ സകലര്‍ക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പർശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ.
രുദ്രനേത്രത്തിന്റെ സ്വഭാവമനുസരിച്ച് രുദ്രാക്ഷങ്ങൾ മുപ്പത്തിയെട്ടുതരമുണ്ട്. അവയില്‍ത്തന്നെ ഒരുമുഖമുള്ളതുമുതല്‍ പതിന്നാലു മുഖമുള്ള രുദ്രാക്ഷങ്ങള്‍ വരെ കാണപ്പെടുന്നു. രുദ്രാക്ഷവനത്തില് നിന്നും എടുക്കുമ്പോള്‍ നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയർമണിയുടെ വലുപ്പത്തിലുള്ളവ അധമം. സമസ്നിഗ്ധവും എന്നാല്‍ ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികൾ. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ എന്നിങ്ങിനെ ആറുതരം രുദ്രാക്ഷമണികളും വർജ്ജിക്കണം. സ്വതവേ തുളയുള്ള രുദ്രാക്ഷമാണ് ഉത്തമം. മനുഷ്യൻ തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാർഢ്യവും ഉള്ള രുദ്രാക്ഷമണികൾ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികൾ കോർത്ത മാലകൾ ദേഹം മുഴുവൻ ധരിക്കാം. ചാണക്കല്ലിൽ ഉരക്കുമ്പോൾ സ്വർണ്ണവർണ്ണം പ്രകടമാക്കുന്ന രുദ്രാക്ഷം അത്യുത്തമം എന്ന് പറയുന്നു.
ശിഖയിൽ ഒരെണ്ണം. ശിരസ്സിൽ മുപ്പത്, കഴുത്തിൽ മുപ്പത്തിയാറ്, കൈകളിൽ പതിനാറ് വീതം, മണിബന്ധത്തിൽ പന്ത്രണ്ട്, മാറത്ത് അൻപതെണ്ണം ഇങ്ങിനെയാണ് ഒരു ശിവഭക്തൻ രുദ്രാക്ഷങ്ങൾ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങൾ കോർത്തൊരു മാലയാക്കിയും ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം. കുണ്ഡലം, കിരീടം, കമ്മൽ, മാല, തോൾവള, അരപ്പട്ട, ഇവയായെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്.
ഏകമുഖരുദ്രാക്ഷം പരബ്രഹ്മസ്വരൂപകമാകുന്നു. അത് ധരിച്ചാൽ സാധകനിൽ പരമതത്വം തെളിഞ്ഞുവരും. രണ്ടു മുഖങ്ങളുള്ള രുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് ഗാർഹപത്യം, ആഹവനീയം, ദക്ഷിണം എന്നീ അഗ്നിത്രയങ്ങളാണ്. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്. പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷൺമുഖനാണ്. ഏഴുമുഖങ്ങൾ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തർഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു. എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഒൻപതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തു ദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകൾ. ഏകാദശരുദ്രൻമാർ ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാൽ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യൻമാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകൻ ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കിൽ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവൻ അവനിൽ ക്ഷിപ്രപ്രസാദിയുമാവും. പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്രഭഗവാന്റെ നേത്രങ്ങളിൽ നിന്നും ഉണ്ടായതാണ്. സർവ്വവ്യാധികളെയും ഇല്ലാതാക്കി പൂർണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്.
രുദ്രാക്ഷമണിയുന്നതിന് ചില ആചാരങ്ങളും നിബന്ധനകളും ശ്രുതി-സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്. സ്വർണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തിപുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കിൽ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം. പഞ്ചാക്ഷര മന്ത്രമായ 'നമശിവായ' അല്ലെങ്കിൽ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്.
പുരുഷൻമാരിൽ വിഷ്ണുവാണ് അഗ്രഗണ്യൻ. ഗ്രഹങ്ങളിൽ സൂര്യനും നദികളിൽ ഗംഗയും മുനിമാരിൽ കശ്യപനുമാണ് പ്രഥമഗണനീയർ. കുതിരകളിൽ ഉച്ചൈശ്രവസ്സ്, ദേവൻമാരിൽ ശിവൻ, ദേവിമാരിൽ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്.
Very Beautiful Sukumarji. Congrats. Thampanoor Mohan.
ReplyDeleteEnte Sivane pranamam pranamam No furher comments babu Ravichettan
ReplyDelete