Thursday, April 5, 2018

Sree Chakram in Soundarya Lahari -

 Sree Chakram

In the tantric tradition of worship / meditation / contemplation, Sree Chakram is considered very auspicious and there are several levels to it. Understanding what the Sree Chakram Stands for is beautifully expressed in Soundarya Lahari 11th Shloka.

Here is the Sree Chakram and a link to an animation to help learn how to draw it. Drawing Sree Chakram with proper geometric precision itself is a form of mediation.

How to draw Sree Chakram? (link to a short Video)


Soundarya Lahari -11

चतुर्भिः श्रीकण्ठैः शिवयुवतिभिः पञ्चभिरपि
प्रभिन्नाभिः शंभोर्नवभिरपि मूलप्रकृतिभिः।
चतुश्चत्वारिंशद्वसुदलकलाश्रत्रिवलय
त्रिरेखाभिःसार्धं तव शरणकोणाः परिणताः॥

caturbhiḥ śrīkaṇṭhaiḥ śivayuvatibhiḥ pañcabhirapi
prabhinnābhiḥ śaṁbhornavabhirapi mūlaprakṛtibhiḥ|
catuścatvāriṁśadvasudalakalāśratrivalaya
trirekhābhiḥ sārdhaṁ tava śaraṇakoṇāḥ pariṇatāḥ||
      
Oh! Goddess, your abode as Thripurasundari is the Sree Chakra which has been formed by the transmutation of several principles in to a complex yantra figure consisting forty-four triangles. It is formed by four Siva Chakras as upward triangles and a set of five Shakthi Chakras as downward triangles which are dissimilar in nature. It also contains a lotus formation with eight petals and another one with sixteen petals around. There are three annular regions and three circular boundaries as well. You, as the Supreme Power, Parashakthi, resides at the center of Sree Chakra. In fact there are forty three triangles and a Bindu, a point. The forty three triangles represent thirty-six principles and seven constituents of the body comprising of chyle, blood, flesh, fat, bone, marrow and procreative fluids. Forty fourth is the point, the seat of Para Sakthi.

ചതുര്‍ഭി: ശ്രീകണ്ഠൈ: ശിവയുവതിഭി: പഞ്ചഭിരപി
പ്രഭിന്നാഭി: ശംഭോര്‍ന്നവഭിരപി മൂലപ്രകൃതിഭി:
ചതുശ്ചത്വാരിംശ ദ്വസുദള  കലാശ്ര ത്രിവലയ
ത്രിരേഖാഭി: സാര്‍ദ്ധം  തവ ശരണകോണാ: പരിണതാ:

അല്ലയോ ഭഗവതീ, ത്രിപുരസുന്ദരിയായ അവിടുത്തെ ശ്രീചക്രം ശിവാത്മകമായ നാലുചക്രങ്ങള്‍ ഊര്‍ദ്ധമുഖ ത്രികോണങ്ങളായും  അതില്‍നിന്നും ഭിന്നമായുള്ള ശക്ത്യാത്മകമായ അഞ്ചുചക്രങ്ങള്‍ അധോമുഖ ത്രികോണങ്ങളായും ചേര്‍ന്നുള്ള  ഒന്‍പതു പ്രപഞ്ചമൂലഹേതുചക്രങ്ങള്‍, അഷ്ടദളങ്ങള്‍, ഷോഡശദളങ്ങള്‍, മേഖലാത്രയം, ഭൂപുരത്രയം, അവിടുത്തെ ബിന്ദുസ്ഥാനം എന്നിവയോടുകൂടി സമ്യക്കായി വിന്യസിച്ച് നാല്പ്പത്തിനാല് അഭയസ്ഥാന ത്രികോണങ്ങളായി പരിണമിച്ചിരിക്കുന്നു. ഈ ത്രികോണങ്ങള്‍ മുപ്പത്തിയാറ് തത്വങ്ങളേയും ഏഴു ധാതുക്കളേയും ചേര്‍ന്ന് നാല്‍പ്പത്തിമൂന്നു കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. നാല്‍പ്പത്തിനാലാമത് പരാശക്തിയുടെ ഇരിപ്പിടമായ ബിന്ദു. 

ത്വക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, എന്നിവ ശക്തിസ്വരൂപങ്ങളും മജ്ജ, ശുക്ലം, പ്രാണങ്ങള്‍, ജീവന്‍, എന്നിവ ശിവസ്വരൂപങ്ങളുമാകുന്നു. പത്താമത്തേത് പരാശക്തിതന്നെയാണ്. ഇതാണ് പിണ്ഡാണ്ഡത്തിന് നിദാനം. ബ്രഹ്മാണ്ഡത്തില്‍ പഞ്ചഭൂതവുമായി ബന്ധപ്പെട്ടതെല്ലാം ശാക്തങ്ങളും; മായ, ശുദ്ധവിദ്യ, മഹേശ്വരന്‍, സദാശിവന്‍ എന്നീ തത്വങ്ങള്‍ ശൈവങ്ങളുമാണ്.

Friday, January 26, 2018

വിജെ ജെയിംസിന്‍റെ ആന്‍റിക്ലോക്ക് – തീവ്രമായ ഒരു വായനാനുഭവം

വിജെ ജെയിംസിന്‍റെ ആന്‍റിക്ലോക്ക് – തീവ്രമായ ഒരു വായനാനുഭവം


ജ്ഞാനപ്പാനയും ഭജഗോവിന്ദവും ഉത്തമഗീതങ്ങളും പെട്ടെന്നു മിന്നിമറയുന്ന ആത്മീയതയുടെ ആലക്തികപ്രഭ

ഡോ. സുകുമാര്‍ കാനഡ

വി ജെ ജെയിംസിന്‍റെ ആന്‍റിക്ലോക്ക് തീവ്രമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു. ആഴമുള്ള ആത്മീയതയും അഴകുള്ള നസ്രാണി ഭാഷയും ആന്‍റിക്ലോക്കിനെ അടുത്ത കാലത്ത് വായിച്ച നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമാക്കുന്നു. നന്നായി വലിച്ചു മുറുക്കിക്കെട്ടിയ ഏതോ സംഗീതോപകരണം പോലെ ചിലപ്പോള്‍ അത്യധികം ഉച്ചത്തിലും ചിലപ്പോള്‍ സാന്ത്വനസ്വരത്തിലും തനതായ ഒരു ഭാഷ ഉപയോഗിച്ച് ജെയിംസ് നമ്മെ എങ്ങോട്ടെല്ലാമൊ കൂട്ടിക്കൊണ്ടു പോവുന്നു. അതില്‍ തീക്ഷ്ണമായ ശാസ്ത്രദര്‍ശനവും തത്വദര്‍ശനവും കാണാം. ആത്മീയതയുടെ ആഴങ്ങളില്‍ ആണ്ടുമുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മനസ്സും നമ്മെ സ്വാധീനിക്കുന്ന വിധത്തില്‍ ഇതില്‍ വെളിവാക്കപ്പെടുന്നുണ്ട്. 

ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന തീവ്രമായ ഒരു പകയും അതിനുള്ള പ്രതികാരവും നിയതിയെങ്ങിനെ നിവൃത്തിച്ചെടുത്തു എന്ന് പറയുന്ന ‘ചെറിയൊരു കഥയില്‍’ അപ്രതീക്ഷിതമായി കടന്നു വരുന്ന ആത്മീയതയുടെ വിസ്ഫോടനം വലിയൊരു അനുഭവമായി നിലനില്‍ക്കുന്നു. സാത്താന്‍ ലോപ്പോയിലും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ‘പനപോലെ വളര്‍ന്ന’ ദുഷ്ടകൂട്ടത്തിലും പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന സന്മാര്‍ഗ്ഗികളിലും എല്ലാമെല്ലാം നിറഞ്ഞു വിളങ്ങുന്നത് “ദൈവം തന്നെയാണ് പുള്ളെ, അല്ലെങ്കില്‍ തമ്പുരാനെ സര്‍വ്വവ്യാപിയെന്നു പറയാന്‍ പറ്റ്വോ?” എന്ന് ഓര്‍ത്ത്‌ ഇടയ്ക്ക് പ്രതികാരബുദ്ധിയില്‍ നിന്നും സ്വയം പിന്മാറുന്ന ഹെന്ട്രി മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നല്ലൊരു നായക കഥാപാത്രമാണ്. ഒരുപക്ഷെ ഹൈന്ദവപുരാണങ്ങളില്‍ മാത്രം കാണുന്ന (വൃത്രാസുരന്‍, രാവണന്‍, കുംഭകര്‍ണ്ണന്‍, മുതലായവര്‍) രീതിയില്‍ ഇരുട്ടും വെളുപ്പും എന്ന കഠിനമായ അതിര്‍വരമ്പുകള്‍ക്ക് പകരം ‘everything is a shade of grey’  എന്ന രീതിയിലേയ്ക്ക് ജെയിംസിന്‍റെ ചില കഥാപാത്രങ്ങള്‍ ഉയര്‍ച്ച നേടുന്നുണ്ട്.

“ദൈവമേ, നീ തന്നെയോ പിശാചിലും വ്യാപിച്ചിരിക്കുന്നതെന്ന് ഞാന്‍ അകം പൊള്ളിക്കുന്ന ഭയത്തോടെ ഓര്‍ത്തുപോയി. ശത്രുവിനെയും സ്നേഹിക്കാന്‍ ഉപദേശിച്ചുകൊണ്ട് പറയാതെ പറഞ്ഞ് വെച്ച നിന്‍റെ രഹസ്യം എന്തായിരുന്നു? സാത്താന്‍ ലോപ്പോയെന്ന നീചനിലും ദൈവത്തെ കാണേണ്ടിവരുന്ന ആത്മീയത എനിക്ക് ഒട്ടും വഴങ്ങിത്തരുന്നതല്ല. അത്രത്തോളം ഉച്ചത്തിലേയ്ക്ക് ഞാന്‍ ബലപ്പെട്ടിട്ടുമില്ല.” എന്ന അദ്വൈതചിന്തയുടെ നീരൊഴുക്ക് നോവലിലെ പ്രധാന കഥാപാത്രമായ ഹെന്ട്രിയുടെ മനോനൊമ്പരത്തിന്‍റെ വിങ്ങലിലും നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഹെന്‍ട്രി എന്ന ഇന്ട്രിയുടെ മനൊ വ്യാപാരങ്ങളിലാണ് കഥ പുരോഗമിക്കുന്നതും വെളിപാടുപോലെ നമുക്ക് മുന്നില്‍ പ്രകാശപ്പെടുന്നതും.

ആത്മീയതയും ശാസ്ത്രവും വിരുദ്ധധ്രുവങ്ങളല്ല എന്ന പ്രസ്ഥാവനയുമായാണ് ജെയിംസ് നോവലിന് മുന്‍പ് വാരികയില്‍ ഒരിന്റര്‍വ്യൂവിലൂടെ പ്രത്യക്ഷനായത്. അത് അടിവരയിടുന്ന രീതിയിലാണ് ആന്റിക്ലോക്കിന്‍റെ അതിസൂക്ഷ്മ നിര്‍മ്മിതികള്‍. 
നോവലിന്‍റെ ഓരോ അദ്ധ്യായവും ആരംഭിക്കുന്നത് ബൈബിളിലെ ഓരോരോ ഭാഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. “ഇന്ദുക്കളുടെ ചെതേം മുസ്ലിങ്ങള്ടെ കവറും പെട്ടിതന്നെയാണ് പുള്ളെ” എന്ന് പറഞ്ഞാണ് ഇന്ട്രിയെ അപ്പന്‍ ശവപ്പെട്ടിയുടെ പണി പഠിപ്പിച്ചത്. അയാളുണ്ടാക്കിയ പെട്ടികളില്‍ത്തന്നെയാണ് പ്രണയപരവശരായിക്കിടന്ന് ഇന്‍ട്രിയും ബിയാട്രീസും ദേഹം പങ്കുവെച്ച് മൂന്നു കുട്ടികള്‍ക്ക് ജന്മം കൊടുത്തത്. ആരെയും ആകര്‍ഷിക്കാന്‍ കഴിവുണ്ടായിരുന്നില്ല എന്ന് സ്വയം ഉറപ്പുണ്ടായിരുന്ന അയാളെ ജീവിതം മുഴുവന്‍ ആശിച്ചു കാത്തിരുന്ന ഗ്രേസിയെ അടുത്തുകിട്ടിയിട്ടും അയാള്‍ അവളുടെ വിരലില്‍ ഒന്ന് തൊട്ടുനോക്കിയതുകൂടിയില്ല, അത്രയ്ക്ക് അയാള്‍ ബിയാട്രീസുമായി ഒന്ന് ചേര്‍ന്നിരുന്നു. “പ്രണയം ഒന്നും അവകാശപ്പെടുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ലെന്ന്” അറിഞ്ഞവരാണ് ഇന്ട്രിയും ബിയാട്രീസും. മണ്ണില്‍ കലര്‍ന്ന തുള്ളിജലത്തെ വേര് തേടിപ്പിടിക്കുന്നതുപോലെ സ്വാഭാവികമാണത്.” പ്രണയോപനിഷത്ത് എഴുതിയ നോവലിസ്റ്റിന്‍റെ പ്രണയസംബന്ധിയായ നിലപാടുകള്‍ വ്യക്തം. 

       
പെട്ടെന്നു കടയില്‍ വന്നൊരാള്‍ ആവശ്യപ്പെട്ട പെട്ടിപ്പണി ചെയ്ത് ക്ഷീണിച്ചു വീട്ടിലേയ്ക്ക് കയറിവന്ന അയാളുടെ മുന്നില്‍ കരഞ്ഞു തളര്‍ന്നു കിടന്ന ബിയാട്രീസിന്‍റെ “മുറിഞ്ഞ ചുണ്ടും അവിടെ തങ്ങിനിന്ന ചുരുട്ടിനെ മണവും” അയാളെ പ്രതികാരദാഹിയാക്കി. ‘സാത്താന്‍ ലോപ്പോ’ മാത്രം വലിയ്ക്കുന്ന ചുരുട്ടായിരുന്നല്ലോ അത്. അന്ന് അത്യാവശ്യമായി ഒരു ശവപ്പെട്ടി ആവശ്യപ്പെട്ടുവന്നതും ഇയാള്‍ തന്നെയായിരുന്നു. എന്നും ലോപ്പോയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു ജന്മമായിരുന്നു അവന്‍റെത്‌. മാത്രമല്ല മഴയത്ത് മരംവീണു പുരയ്ക്കൊപ്പം അവളും മക്കളും മണ്ണിനടിയിലാകാനും കാരണം അയാളായിരുന്നു. “കണ്ണില്‍ക്കണ്ട മണ്ണും പെണ്ണും കയ്യേറുന്ന കയ്യൂക്കുള്ളവന്‍റെ ധാര്‍ഷ്ട്യമാണ് അവിടെ മണ്ണൊലിപ്പുമുണ്ടാക്കിയത്. അതാണ്‌ വീട്ടിനടുത്തു നിന്നിരുന്ന മരം വീണതിനു കാരണം. അത്രയും പ്രതികാരം ഉള്ളില്‍ ഉരുക്കിയുരുക്കി പതപ്പെടുത്തിയ ഇന്ട്രി കടന്നു പോകുന്ന മാനസികവ്യാപാരത്തിന്‍റെ നീറ്റമാണ് ഈ നോവല്‍. എന്നാല്‍ വെറുമൊരു പ്രതികാരത്തിന്‍റെ കഥയായി അതിനെ പരിമിതപ്പെടുത്താതെ മറ്റൊരു തലത്തിലേയ്ക്ക് നയിച്ചതാണ് നോവലിന്‍റെ വിശേഷത.

“ശക്തന്മാര്‍ക്ക് ആരെയും എന്തും ചെയ്യാം; ദുര്‍ബ്ബലര്‍ക്ക് ഒത്തുകൂടി വരുന്ന സാഹചര്യത്തിനായി കാത്തിരിക്കാതെ എന്ത് ചെയ്യാനാവും? എന്‍റെ ദിവസവും നിമിഷവും തേടിവരുംവരെ അന്ധതമസ്സില്‍പ്പെട്ട ശിംശോനെപ്പോലെ ഒരു പ്രതികാരനിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകതന്നെ ചെയ്യും” ദിവസവും ബൈബിള്‍ വായിച്ച് അതിലെ മിക്കവാറും ഭാഗങ്ങള്‍ മനപ്പാഠമാക്കിയ ഹെന്‍ട്രിക്ക് കാത്തിരിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.  അയാള്‍ ദിവസവും തന്‍റെ ദൈവത്തോട് പരാതി പറഞ്ഞു. “ദൈവമേ, നീയെന്താണ് അനീതിയുടെ വിത്തുകള്‍ അവയ്ക്കിണങ്ങാത്ത വയലുകളില്‍ പാകി കിളിര്‍പ്പിക്കുന്നത്?”

ശവപ്പെട്ടിപ്പണിക്കാരനായ അപ്പനില്‍ നിന്നും പകര്‍ന്നു കിട്ടിയ “പണിക്കുറ തീര്‍ന്ന” ആശാരിയെന്ന പേരിനൊപ്പം ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും അയാളെ എന്തും നേരിടാന്‍ പര്യാപ്തനാക്കിയിരുന്നു. “കര്‍ത്താവേ, ഒരിക്കല്‍ എന്‍റെ മനസ്സിനുള്ളില്‍ കയറിയിരുന്ന്‍ ശിങ്കാരപ്പെട്ടിയുടെ ഉള്ളറപ്പൂട്ട് തുറന്നു തരാതിരിക്കില്ല അപ്പന്‍. അന്ന് ഞാന്‍ കാണുന്ന കാഴ്ചയില്‍ നിന്‍റെ വാസസ്ഥലം തെളിഞ്ഞു നില്‍ക്കുമാറാകണേ” എന്നാണയാള്‍ പ്രാര്‍ത്ഥിക്കുന്നത്. ശിങ്കാരപ്പെട്ടി’യെന്നത് അയാള്‍ക്കും അപ്പനും ചിന്താമണിയെന്നപോലെ അപ്രാപ്യമെങ്കിലും വളരെ പ്രിയപ്പെട്ടതായിരുന്നല്ലോ. “അതില്‍ നിന്നും കിട്ടുന്ന അറിവുകള്‍ പ്രവൃത്തിയുടെ നിരര്‍ത്ഥകതയെപ്പറ്റി ഓര്‍മ്മപ്പെടുത്തി നമ്മെ നിഷ്ക്രിയരാക്കിക്കളയും അതുകൊണ്ടാണ് അറിവുള്ളവര്‍ സമയമെത്തുന്നതുവരെ അത് തുറന്നുതരാതെ താക്കോല്‍ നമ്മില്‍നിന്നും ഒളിപ്പിച്ചു വയ്ക്കുന്നത്” ഒടുവില്‍ ഇന്ട്രി അത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നത് വളരെ കഴിഞ്ഞാണ്. “അസ്ഥിക്കുഴിയില്‍ വീഴാതിരിക്കാനുള്ള മുറുക്കിപ്പിടുത്തം തന്നെയാണ് ജീവിതപ്പേടി. എത്ര മുറുക്കിപ്പിടിച്ചാലും വീഴുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ദുര്‍ബ്ബലമായ മോഹങ്ങളില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന ഈ പശപ്പിനെ അതിജീവിച്ചാലേ അപ്പന്‍ പറഞ്ഞ ശിങ്കാരപ്പെട്ടി തുറക്കൂ. സ്വയം അകത്തുനിന്നും സംഭവിക്കുന്ന തുറക്കലാണത്.” രാമായണത്തില്‍ പറയുന്നതുപോലെ “ചക്ഷുശ്രവണഗളസ്ഥമാം ദുര്‍ദുരം ഭക്ഷണത്തിനായി അപേക്ഷിക്കുന്നിടത്തോളം” കാലം ഉള്ളില്‍നിന്നും സ്വയമുറവപൊട്ടി  ഉരുവാകുന്ന വിവേകമെന്ന ചിന്താമണിയെന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യം തന്നെയാണല്ലോ!

ദൈവത്തിന്‍റെ കനിവില്‍ പ്രീതനായിരുന്നെങ്കിലും സ്ഥായിയായി ഇന്ട്രിയിലുള്ളത് ദൈവത്തോടുള്ള പരിഭവകഥനമാണ്. “നിന്‍റെ നീതിയുടെ അടിത്തറ ഏത് കഠിനവസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല. കണ്ണും കാതും ഹൃദയവുമില്ലാത്ത അവസ്ഥയ്ക്കാണോ ദൈവമെന്ന് പേരുവിളിക്കുന്നതെന്ന് ഞാന്‍ സന്ദേഹിച്ചു പോകുന്നെങ്കില്‍ നിനക്കെന്നെ കുറ്റപ്പെടുത്താന്‍ എന്തവകാശം?” 

സമകാലീന പ്രസ്ഥാനങ്ങളെ അതിസൂക്ഷ്മമായ ഭൂതക്കണ്ണാടിയിലൂടെ നോക്കാനും ഹെന്ട്രിയ്ക്കറിയാം. “ഏതു പ്രസ്ഥാനത്തിന്‍റെയും അപചയം സംഭവിക്കുന്നത് സ്വയം ശുദ്ധനാകാത്ത ഒരാള്‍ അതിന്‍റെ അമരത്ത് പിടി മുറുക്കുമ്പോഴാണ്. മിക്കവാറും അയാളുടെ ഉള്ളില്‍ ഒരേകാധിപതിയുടെ രോഗബീജങ്ങള്‍ വളരുന്നുണ്ടാവും.” ശുദ്ധമായ ആദര്‍ശത്തിന്‍റെ ബലത്തില്‍ പൊതുജനത്തിന്‍റെ ആദരവും സ്നേഹവും പിടിച്ചു പറ്റിയ ഇടതുപക്ഷ പ്രസ്ഥാനത്തെയും ജെയിംസ് നോവലില്‍ സഖാവ് ദാമോദരന്‍ എന്ന ആദര്‍ശവാനായ നേതാവിലൂടെ ഓര്‍ക്കുന്നുണ്ട്. “വീട്ടില്‍ ഒരു ദിവ്യപുരുഷന്‍ വന്നു എന്ന് പറയുന്ന ഭക്തി പ്രഹര്‍ഷത്തോടെയാണയാള്‍ രോഗശയ്യയിലായിരുന്ന തന്നെക്കാണാന്‍ ഏ കേ ജി വന്ന കാര്യം മകനെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുള്ളത്‌.”

എന്നാല്‍ പുതിയ മാറി മാറി വരുന്ന സര്‍ക്കാരുകളെപ്പറ്റി പറയുമ്പോള്‍ “ഏതു പെട്ടിയിലിട്ട്‌ ആണിയടിച്ചാലും മരിച്ചടക്കപ്പെട്ട സര്‍ക്കാരുകള്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറി മാറി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടു കണ്ട് അതൊരു പുതുമയില്ലാത്ത കാഴ്ചയായിക്കഴിഞ്ഞു” എന്നാണ് ആ ശവപ്പെട്ടിപ്പണിക്കാരന്‍റെ ആത്മഗതം.

“എല്ലാമറിയുന്നവന്‍ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കണമെന്ന് അപ്പനെനിയ്ക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അറിയാത്ത ഭാവം സൃഷ്ടികര്‍ത്താവിന്‍റെ നിലയാണ്. പ്രപഞ്ചത്തെ മുഴുവന്‍ മുളപ്പിച്ചിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഒളിച്ചിരിക്കുന്ന സര്‍വജ്ഞാനിയുടെ നില.” 

“ആകാശത്തിന്‍റെയും ഭൂമിയുടെയും സകല ചരാചരങ്ങളുടെയും സൃഷ്ടാവ് ഏതെങ്കിലുമൊരു ചെറുവിഭാഗത്തിന്‍റെ മാത്രം നാഥനാണെന്ന് ചിന്തിക്കുമ്പോള്‍ സൃഷ്ടാവിനെത്തന്നെ പരിമിതപ്പെടുത്തുകയല്ലേ ചെയ്യുന്നത്? “എല്ലാം ഓര്‍ത്താ തമാശ തോന്നും. ഒരേയൊരു കര്‍ത്താവും അവനെച്ചൊല്ലി തമ്മിത്തല്ലണ നൂറ്റമ്പത് കൂട്ടരും”

“സ്വര്‍ഗ്ഗരാജിയം അവനവനില്‍ത്തന്നേണ്ടെന്നു തിരിച്ചറിഞ്ഞോന് സ്തുതിക്കാനല്ലാണ്ട് പ്രാര്‍ത്തിക്കാന്‍ ഒരു കാരണം പോലും കാണില്ലെടാ” പെട്ടിപണിക്കിടയില്‍ അപ്പന്‍ മകനെ ഉപദേശിക്കാറുണ്ട്.

“സത്തിയത്തിന്‍റെ പ്രത്യേകത അത് സത്തിയത്തെ സ്വീകരിക്കാന്‍ സമ്മതോള്ളവര്‍ക്ക് മാത്തറെ വെളിപ്പെടൂ എന്നതാണ്. മുന്നമേ തന്നെ എതിര്‍ക്കാന്‍ ബലമ്പിടിച്ചു നിക്കണോര്‍ക്ക് സത്തിയം വെളിപ്പെടില്ല പുള്ളെ. അവരുടെ താല്‍പ്പര്യം സത്തിയത്തെ അറിയലല്ല. തങ്ങള്‍ പറേന്നത് മാത്രവാ സത്തിയോന്ന്‍ വാദിക്കലാ. തങ്ങള്‍ മാത്രവാ ശരിയെന്ന് സ്വയം അഹങ്കരിക്കണോരടെ സത്തിയമെപ്പോഴും സത്തിയത്തിന് എതിരായി നില്‍ക്കത്തേ ഒള്ള്. സത്തിയം അവരട മുന്നില്‍ സ്വയം തൊറക്കില്ലെടാ”  

ഹെന്‍ട്രിയുടെ മനസ്സില്‍ പൊട്ടിവിടരുന്ന ആത്മീയതയുടെ ചോദ്യശരങ്ങളെ നേരാംവണ്ണം വഴിനടത്തുന്നത് അപ്പനും പിന്നീട് അപ്പനെപ്പോലെതന്നെ തന്‍റെ ജീവിതത്തെ സ്വാധീനിച്ച പണ്ഡിറ്റുമാണ്. പണ്ഡിറ്റ്‌ നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള പഴയൊരു ഐഎന്‍എ ഭടനും കൂടിയാണ്. നേതാജിയില്‍ നിന്നും അരയില്‍കെട്ടുന്ന വാച്ച് സമ്മാനമായി ലഭിച്ചയാള്‍. ഈ ഡിജിറ്റല്‍ യുഗത്തിലും നാട്ടിന്‍പുറത്ത് സാധാരണയൊരു ക്ലോക്ക് കട നടത്തിയിരുന്ന അദ്ദേഹം ജര്‍മ്മന്‍ നിര്‍മ്മിതമായ അത്യപൂര്‍വ്വ ക്ലോക്കുകള്‍ പോലും നന്നാക്കാന്‍ സമര്‍ത്ഥനായിരുന്നു. പണ്ഡിറ്റ്‌ ഒടുവില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുന്നു. അങ്ങിനെ ജര്‍മ്മന്‍ടെക്നോളജിയും ചരിത്രവും സുഭാഷ് ചന്ദ്രബോസിന്‍റെ ഐ എന്‍ എ പ്രസ്ഥാനവും ചേര്‍ന്നാണ് സമയത്തെ പിറകോട്ടു ചുറ്റുന്ന ആന്റിക്ലോക്ക് നിര്‍മ്മിച്ച് ഹെന്‍ട്രിയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്.

ഇതേ പണ്ഡിറ്റ്‌ സ്വയം സമയമാപിനിയുടെ ഉള്ള് കണ്ടും കൊണ്ടും അറിഞ്ഞവനത്രേ. “നിനക്കറിയാവോ ഓരോ സമയബിന്ദുവിനും ഒരു നിശ്ചലതയൊണ്ട്. നിശ്ചലതകളുടെ തൊടര്‍ച്ചയാണ് സമയം.  നിശ്ചലതകളുടെ തൊടര്‍ച്ചതന്നെയാണ് ജീവിതോം. അതിനാല്‍ ജീവിതത്തോടൊപ്പം എപ്പഴും മരണോമൊണ്ട്.” എന്ന ജീവിതരഹസ്യം ഹെന്ട്രി മനസ്സിലാക്കിയത് അദ്ദേഹത്തില്‍ നിന്നാണ്. സ്വന്തമായി ഉണ്ടാക്കിയ ആന്‍റിക്ലോക്ക് കയ്യില്‍ വന്നപ്പോള്‍ അവന് ഇതിന്‍റെയെല്ലാം പൊരുള്‍ അനിഭവിച്ചറിയാനും ഇടയായി. “എസ്കേപ് വീല്‍ അതിനുവേണ്ട ഊര്‍ജ്ജമെടുക്കുന്നത് ഇരുവശത്തെയ്ക്കും ആടണ പെന്‍ഡുലത്തീന്നാ. ചുരുക്കത്തില് ഭൂതത്തിലേയ്ക്കും ഭാവിയിലേയ്ക്കുമുള്ള ചാഞ്ചാട്ടമാണ് വര്‍ത്തമാനകാലത്തെ നിശ്ചയിക്കുന്നത്.”

ആന്റീക്ലോക്കിന് എന്ത് വിലകൊടുക്കേണ്ടിവരും എന്ന് ചോദിച്ച ഹെന്‍ട്രിയ്ക്ക് കിട്ടിയത് വലിയൊരുപദേശമായിരുന്നു. “മഴയ്ക്ക് പ്രതിഫലമായി നീയെന്ത് കൊടുക്കും? പ്രാണവായു തന്നതിന് മരത്തിന് നീയെന്തു തിരികെ നല്‍കും? മിണ്ടാതിരിക്കണ മഹത്വങ്ങളുടെ സൌജന്യമാണ് താനനുഭവിക്കണതെന്ന് തട്ടിയെടുക്കുന്നവന്‍ അറീന്നില്ല. ചെലതിനൊന്നും പ്രതിഫലം നല്‍കാനാവില്ല ഹെന്റ്രീ”, എന്ന് പറഞ്ഞാണ് പണ്ഡിറ്റ്‌ ആ അപൂര്‍വ്വനിര്‍മ്മിതി അവന് സമ്മാനമായി നല്‍കിയത്. ബൈബിളിലും ഏശയ്യയുടെ പുസ്തകത്തില്‍ സമയത്തെ പുറകോട്ടു തിരിക്കുന്ന നിഴല്‍ഘടികാരത്തെപ്പറ്റി പരാമര്‍ശമുണ്ടത്രേ. സാത്താന്‍ ലോപ്പോയും അവന്‍റെ ജര്‍മ്മന്‍ മരുമകളും വലിയൊരു മോഹവില പറഞ്ഞിട്ടും കൊടുക്കാതെയാണ്‌ ആ പാവം ശവപ്പെട്ടിപ്പണിക്കാരന്‍ ആന്റീക്ലോക്ക് അവിടെ അവന്‍റെ കടയില്‍ സൂക്ഷിച്ചു വച്ചത്.

ആന്റീക്ലോക്ക് വന്ന ശേഷം ഹെന്‍ട്രി തന്‍റെ കടയുടെ പേര് തന്നെ മാറ്റി. ശവപ്പെട്ടിയ്ക്ക് പകരം അതൊരു ‘സ്വര്‍ഗ്ഗപ്പെട്ടി’ വില്‍ക്കുന്ന കടയായി മാറുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകാനാണല്ലോ വിലകൂടിയതും അണിയിച്ചൊരുക്കിയതുമായ പെട്ടികള്‍ വാങ്ങി സ്വന്തക്കാരെ ആളുകള്‍ പറഞ്ഞയക്കുന്നത്.  

‘ചോറിന് അമ്മയുടെ മണം’ എന്നത് മനുഷ്യന്‍റെ നിര്‍മ്മിതിയുടെ ഭാഗമായിവേണം കരുതാന്‍. ഹെന്‍ട്രിയുടെ നിദ്രാരഹിതരാത്രികള്‍ക്ക് കൂട്ടായി മാനസീക വിഭ്രാന്തിയോടെ പ്രായമെത്താതെ മരിച്ച അന്നയെന്ന പേരുള്ള അമ്മയുടെ മുഖം എന്നുമുണ്ടായിരുന്നു.  “അന്നം തന്നെയാണ് അമ്മയെന്ന് എനിക്കന്നേരം തോന്നിക്കൊണ്ടെയിരുന്നു അതുകൊണ്ടാകുമോ അമ്മയ്ക്ക് അന്ന എന്ന പര്യായം ഉണ്ടായത്?”

“മരിച്ചോരെ നാം കാണുന്നില്ലെങ്കില് അവര്‍ ഇല്ലാതായെന്നല്ല. അവരെ അവരടെ സൂക്ഷ്മതേല് കാണാന്‍ നമ്മടെ കണ്ണിന് പ്രാപ്തിയില്ലന്നേയുള്ള്. ഫാന്‍ പ്രവര്‍ത്തിക്കാണ്ടായാല് അതിലൂടെ ഒഴുകിയ കറണ്ട് ഇല്ലാണ്ടാവുവോ? കറണ്ടിനെ കടത്തിവിടാന്‍ ഫാനിന്‍റെ കഴിവ് നഷ്ടവായെന്നല്ലേ മനസ്സിലാക്കേണ്ടത്? ശരീരത്തിന് കേടുപറ്റ്യാലും ജീവന്‍  സൂക്ഷ്മത്തില്‍ നിലനില്‍ക്കും. കറണ്ടിനോടു പ്രതികരിക്കണ ഒരുപാധിയുണ്ടേല്‍ അതിനെ അനുഭവിക്കാം എന്നതുപോലെ ജീവനോടു പ്രതികരിക്കണ ഒരുപാധിക്കും സാധിക്കും അതും ഊര്‍ജ്ജം തന്നെയാ”. ഹെന്‍ട്രിയുടെ അപ്പന്‍ വായിച്ചത് ബൈബിള്‍ മാത്രമാണെങ്കിലും പ്രപഞ്ചത്തിലെ ജീവന്‍റെ എകാത്മകതയും വേദാന്തത്തില്‍ സുവിദിതമായി ചര്‍ച്ചചെയ്യപ്പെടുന്ന “നൂലില്‍ മണികള്‍ പോലെന്നിലെല്ലാം ചേലില്‍ കോര്‍ത്തുള്ളതാണോര്‍ത്തിടേണം” എന്ന ഗീതാസാരവും ഇതോടു ചേര്‍ത്തു നമുക്ക് വായിക്കാം.
  
“നമ്മുടെ അസ്ഥികള്‍ക്കുള്ളില് ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കിയാക്കൂടി കാണാനാവാത്ത ജീവികളുണ്ടേല് അസ്ഥിയിലെ ചെറുപോടുകള്‍ അവയ്ക്ക് കോട്ടവാതില് പോലെ ഭീകരവലിപ്പമൊള്ളതായിരിക്കും. കാണണതൊക്കെ മഹാനഗരങ്ങളും എടുപ്പുകെട്ടുകളും ആരിക്കും അവയ്ക്ക്. അവരുടെ തുറസ്സായ സ്ഥലങ്ങള്‍ ആറ്റത്തിനുള്ളിലെ ശൂന്യദൂരങ്ങളാ. തങ്ങള്‍ ജീവിക്കണത് ഒര് മനുഷ്യന്‍റെ അസ്ഥിക്കുള്ളിലാണെന്ന് ഒരു കാലോമവര്‍ അറീല്ല.” പണ്ഡിറ്റ്‌ ഹെന്ട്രിയെ പറഞ്ഞ് മനസ്സിലാക്കി. ശാസ്ത്രത്തിന്‍റെ വസ്തുനിഷ്ഠമായ നിരീക്ഷണവും ആത്മീയതയിലെ വ്യക്തിനിഷ്ഠമായ അനുഭവനിരീക്ഷണവും ഒന്നായി മാറുന്ന അനവധി ചര്‍ച്ചകള്‍ ഹെന്‍ട്രിയുടെ ഗുരുവായ പണ്ഡിറ്റും ആദ്യഗുരുവായ അപ്പനും നടത്തുന്നുണ്ട്.

“പുഴുക്കള്‍ നിങ്ങളുടെ ശ്വാസം നിലയ്ക്കുന്നതും നോക്കി നോമ്പെടുക്കുന്നുണ്ടെന്ന്‍ അവന്‍ കട്ടായം പറഞ്ഞു. മരിച്ചു നേരത്തോടുനേരം കഴിഞ്ഞാല് അവ ആര്‍ത്തലറിക്കൊണ്ട് നിങ്ങളുടെ സാമ്രാജ്യം കീഴടക്കി സര്‍വ്വതന്ത്രസ്വതന്ത്രന്മാരായി വാഴും. തോന്നിയപോലെ പുളച്ചു വിഹരിക്കും...... സമയമെത്തുന്നതും കാത്ത് ക്ഷമാപൂര്‍വ്വം ഓരോ ദേഹത്തിലും അവ പമ്മിയിരിപ്പാണ്. അത്രമേല്‍ ജീര്‍ണ്ണതയ്ക്ക് വഴക്കപ്പെട്ടതാണ് മനുഷ്യദേഹം എന്നിരിക്കേ അതിനെ കെട്ടിപ്പിടിച്ച് കഴിയാനുള്ള വാസന എത്ര ഭീകരമായാണ് ഉടല്‍ ഉള്ളടക്കിവെച്ചിരിക്കുന്നതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ തൊട്ടുനോക്കി” ഇങ്ങിനെയുള്ള താത്വികവും ആത്മീയവുമായ “സ്വയം തോട്ടുനോക്കല്‍” നോവലില്‍ ഉടനീളം കാണാം. ജ്ഞാനപ്പാനയും ഭജഗോവിന്ദവും ഉത്തമഗീതങ്ങളും പെട്ടെന്നു മിന്നിമറയുന്ന ആത്മീയതയുടെ ആലക്തികപ്രഭയില്‍ ചിലപ്പോഴങ്കിലും കണ്ണഞ്ചി നില്‍ക്കുന്ന ഇന്ട്രിയെന്ന ഹെന്‍ട്രി നാമോരോരുത്തരും തന്നെയാണ്. 

“ദൈവം അവനിഷ്ടപ്പെട്ടവര്‍ക്ക് കഠിനപരീക്ഷകള്‍ നല്‍കി ഊതിക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുമത്രേ. അത്രക്കിഷ്ടം എന്തിനാണ് കര്‍ത്താവേ നിനക്കെന്നോട്? ഇടയ്ക്കെങ്കിലും എന്നെയല്‍പ്പം വെറുത്തുകൂടെ?” എന്നാണ് ഹെന്‍ട്രി ദൈവത്തോട് ഹൃദയപൂര്‍വ്വം പരിതപിക്കുന്നത്. 

ആത്മാവില്‍ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ് - അതുള്ളവന്‍ ഭാഗ്യവാന്‍ എന്നാണ് തിരുവചനമെന്ന്‍ ഹെന്‍ട്രി മനസ്സിലാക്കുന്നുണ്ട്. “ആശയൊഴിഞ്ഞു ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിന്‍റെ സ്വയം പ്രകാശനശേഷി പ്രദര്‍ശിപ്പിച്ച് നിങ്ങളില്‍ത്തന്നെയുള്ള ദൈവരാജ്യത്തിന്‍റെ അനുഭവം നല്‍കുമെന്ന അനുഭവത്തിന്‍റെ വാഗ്ദാനമാണത്. ആഗ്രഹങ്ങള്‍ ദുഖകാരണമാണെന്ന് ബുദ്ധനും പറഞ്ഞുവെച്ചതിന്‍റെ പൊരുളും മറ്റൊന്നല്ല.”   

തനിക്ക് പുത്രനെപ്പോലെ പ്രിയനായ പുതുതലമുറയിലെ ഡേവിഡും അയല്‍വക്കത്തുള്ള തയ്യല്‍ക്കാരിയായ ശാരിയും തമ്മിലുള്ള പ്രണയത്തിനു സഹായം ചെയ്തുകൊടുത്ത് ചാരിതാര്‍ത്ഥ്യമണയുന്ന ഹെന്‍ട്രി അവരുടെ ചെയ്തികളെപ്പറ്റി വേവലാതിപ്പെടുന്നത് ഇങ്ങിനെയാണ്‌. “പുതുതലമുറ അങ്ങിനെയാണ്. വീണ്ടുവിചാരത്തിനുള്ള നെന്മണിയോളം സാദ്ധ്യതപോലും നിലനിര്‍ത്താതെ കേറിയങ്ങ് ആവേശപ്പെടുകയും പ്രതികരിക്കുകയും ചെയ്യും. അതിനാകട്ടെ ഒറ്റദിവസത്തെ ആയുസ്സുപോലും ഉണ്ടാവുകയുമില്ല.” 

ഓസ്തിപ്പുരയിലെ കപ്യാരുടെ കാത്തിരിപ്പും അവിടെ ഓസ്തിയപ്പത്തിന്‍റെ ബാക്കി തുണ്ടുകള്‍ക്കായി കുട്ടികളുടെ തിരക്ക് കൂട്ടലും പുതുമയുള്ള ഒരു  കാഴ്ചയായി അനുഭവപ്പെട്ടു. അവിടെ “എന്നുമാരേം പിന്നില്‍ നിര്‍ത്താന്‍ പ്രകൃതി സമ്മതിക്കത്തില്ല പിടിച്ച് മുന്നിലാക്കും ഒരു ദെവസം” എന്ന തിരിച്ചറിവോടെ കപ്യാര്‍ ഹെന്‍ട്രിയെ തിരക്ക് കൂട്ടുന്ന തിണ്ണമിടുക്കുള്ള കുട്ടികളുടെ മുന്നിലേയ്ക്ക് വിളിച്ച് കൊടുത്ത ഓസ്തിയപ്പത്തുണ്ടുകള്‍ അവന്‍റെ ദേഹത്തും മനസ്സിലും നന്നായി അലിഞ്ഞു ചേര്‍ന്നു. 

ഒരവധൂതനെപ്പോലെ മരിച്ചവിശ്വാസികളുടെ തിരുനാളിലാണ് സെമിത്തേരിയില്‍ വച്ച് ഏറോന്‍ ഹെന്‍ട്രിയെ തൊടുന്നത്. മരണദൂതനായ ‘ഏറോന്‍ തൊട്ട’ മനുഷ്യനാകുന്നതോടെ ഹെന്‍ട്രി മരണത്തെ പേടിയില്ലാത്തവനായി. മരിച്ചാലും ബിയാട്രീസും മക്കളും കിടക്കുന്ന പെട്ടിയിലേയ്ക്ക് പോവാമെന്ന ഗൂഢമായ മോഹവും അതിനെ പിന്തുണച്ചു നിന്നു. 

“പൊറമേ നമ്മളറിയണ ബുദ്ധി ഒറക്കം തൂങ്ങിയാപ്പോലും വട്ടപ്പൂജ്യമാകണ വിഡ്ഢിത്തോന്നലാടാ. എന്നാല്‍ ഒറക്കത്തിലും ഒറങ്ങാതെ പ്രവര്‍ത്തിക്കണൊരു ബുദ്ധിയൊണ്ടെല്ലാരിലും. ഒണര്‍ന്നിരിക്കെത്തന്നെ അതിനെ അനുഭവിക്കണോനാണ് മഹാബുദ്ധിമാന്‍.” സ്ഥിരപ്രജ്ഞന്‍റെ സ്വഭാവമെന്തെന്നു ഭഗവദ്ഗീത വ്യക്തമാക്കുന്നതിനെ ലളിതമായി അപ്പന്‍ മകന് പറഞ്ഞ് കൊടുത്തതാണ്. അപ്പന്‍ മകനായി ജീവിതത്തില്‍ കൊടുത്ത സ്വത്തുക്കള്‍ ഈ വചനങ്ങളും പിന്നെ തെറ്റില്ലാതെ ശവപ്പെട്ടി പണിയാനുള്ള കരവിരുതുമാണ്. നെയ്യാറിന്‍റെ കരയില്‍ കുടുംബത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമി ഡാമുണ്ടാക്കിയപ്പോള്‍ അവര്‍ക്കും നഷ്ടപ്പെട്ടിരുന്നു. എത്രയെത്ര ജീവികളുടെ നിലപാടുതറകളാണ് മനുഷ്യനെന്ന ജീവി നശിപ്പിച്ചു കളയുന്നത്! 

“ഞാന്‍ ചൂലുകൊണ്ട് തട്ടിയപ്പോള്‍ സ്വന്തം ലോകത്തൊരു കൊടുങ്കാറ്റ് സംഭവിച്ചു എന്നല്ലാതെ എട്ടുകാലിക്ക് ഒരിക്കലും മനസ്സിലായിട്ടുണ്ടാവില്ല തന്നെ തകര്‍ത്തതൊരു ചൂലാണെന്നും അതും പിടിച്ചൊരു മനുഷ്യന്‍ താഴെ നില്‍പ്പുണ്ടെന്നും. എട്ടുകാലിക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിരാട് രൂപിയാണ് മനുഷ്യനെങ്കില്‍ മനുഷ്യന് തിരിച്ചറിയാന്‍ കഴിയാത്ത് വിരാട് രൂപിക്കും ഈ പ്രപഞ്ചത്തില്‍ സാദ്ധ്യതയുണ്ട്.” പ്രപഞ്ചമെന്നത് ഒരൊറ്റ ജൈവരൂപമാണെന്ന എകാത്മകതാ ചിന്തയും ജെയിംസ്, ഹെന്‍ട്രിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ജെയിംസിന്‍റെ ഭാഷ മൂന്നിലധികം മാനങ്ങളുള്ള ‘വിസ്താരമാ പ്രൊജക്ഷന്‍’ ആകുന്ന രംഗങ്ങളും നോവലില്‍ വിരളമല്ല. ഉദാഹരണം എത്രവേണമെങ്കിലും പറയാം. “പുറത്ത് വീശാനൊരു കാറ്റും പെയ്യാനൊരു മേഘവും തന്ത്രമൊരുക്കുന്നുണ്ടായിരുന്നു. ആദിനാട് ഇന്ന് നനഞ്ഞു ചാവുമെന്ന് പ്രാകി ഒരു പറ്റം തെറ്റാലിപ്പറവകള്‍ ശറപറേന്ന് കിഴക്കോട്ട് പറന്നു”

“ദാരിദ്ര്യം കൊടുമ്പിരിക്കൊള്ളുമ്പോഴും കടം ചോദിക്കാന്‍ മടിക്കുന്നപോലൊരു ദുരഭിമാനം”, “വിശപ്പ്‌ സഹികെടുമ്പോള്‍ കൈനീട്ടിപ്പോവുന്നതും അഭിമാനമോര്‍ത്ത് കൈ പിന്‍വലിക്കുന്നതുമായ ഗതികേട്”, എന്നിവ വായിക്കുമ്പോള്‍ “നാണമായെനിക്കെന്‍റെ സാവിത്രീ മാനം കാത്തു ഞാനിങ്ങു പോന്നു’ എന്ന് വൈലോപ്പിള്ളിക്കവിതയില്‍ ദാരിദ്ര്യം സഹിയാതെ അടുത്ത വീട്ടിലെ കായക്കുല മോഷ്ടിച്ച് വിശപ്പടക്കാന്‍ തുനിഞ്ഞ നമ്പൂതിരി അതിനു കഴിയാതെ ഭാര്യയോടു ചെന്നുപറഞ്ഞ അതേ നിസ്സഹായാവസ്ഥയാണ് കാണപ്പെടുന്നത്. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചങ്ങിനെ നോക്കി നില്‍ക്കുമ്പോള്‍ വിശപ്പടക്കാനാണെങ്കിലും ഞാനെങ്ങിനെ ഈ നീചകൃത്യമായ മോഷണം ചെയ്യും എന്നാണു ചോദ്യം. കവിതയിലാകുമ്പോള്‍ കുറച്ചു കാല്‍പനീകതയും ആകാമല്ലോ.

യേശുവിന്‍റെ ക്രൂശിതമരണത്തെയും അത് പാപികളടക്കം എല്ലാവരെയും രക്ഷ്പ്പെടുത്താനാണെന്നുമുള്ള ക്രൈസ്തവവിശ്വാസത്തെയും ചോദ്യം ചെയ്യാന്‍  പണ്ടത്തെ സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജവം കാണിച്ചിരുന്നു. “കര്‍ത്താവ് എങ്ങാണ്ടോകെടന്ന് കുരിശേ ചത്തെന്നുവച്ച് എന്‍റെ തെറ്റിന് പൊറുതി കിട്ടണതെങ്ങനാ? വെറും തട്ടിപ്പ്” എന്നായിരുന്നു ഹെന്‍ട്രിയുടെ കൂട്ടുകാരന്‍ യോനായുടെ ചോദ്യം.  എന്നാല്‍ പിതാവും പുത്രനും സ്നേഹബന്ധത്താല്‍ ഒന്നായിരിക്കുന്നതിലും ആഴത്തില്‍ “നാമും അവനില്‍ ഒന്നുപെട്ടിരിക്കുന്ന ഒരവസ്ഥയുണ്ടെടാ” എന്ന അപ്പന്‍റെ വിശദീകരണത്തില്‍ ഹെന്‍ട്രി ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരുന്നു. എങ്കിലും അതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ അവന് കുറേക്കാലംകൂടിയെടുത്തു. “ആദ്യം ശരീരവും പിന്നെ മനസ്സും കടന്ന്‍ ആത്മതലത്തിലെത്തുമ്പം എല്ലാവരും ഒന്നാണെടാ ഇന്ട്രീ. ശത്രൂനെപ്പോലും സ്നേഹിക്കാന്‍ പറഞ്ഞതും അതുകൊണ്ടുതന്നെ. ദൈവത്തില്‍നിന്നുള്ള കേവലദൂരം മാത്രമാണ് മനുഷ്യനെങ്കില്‍ ദൂരംകുറഞ്ഞ് പൂജ്യമാകുമ്പോള്‍ മനുഷ്യന്‍ സ്വയം ദൈവം തന്നെയാണെന്ന് അപ്പന്‍ എത്ര നിസ്സാരമായി പറഞ്ഞ് തന്നു!” 

“ഞാനും എന്‍റെ പിതാവും ഒന്ന്‍” എന്ന് ക്രിസ്ത്യാനികളും, “തത്വമസി” എന്ന് ഹിന്ദുക്കളും, “അനല്‍ഹഖ്” എന്ന് മുസ്ലീങ്ങളും തത്വത്തില്‍ ഒന്നിക്കുന്ന ആ ഏകാത്മകതയുടെ നേര്‍വെളിച്ചം ഹെന്‍ട്രിയെന്ന പഠിപ്പും പത്രാസുമില്ലാത്ത ഒരു ശവപ്പെട്ടിപ്പണിക്കാരന്‍റെ ചിന്താവ്യാപാരങ്ങളിലൂടെ ജെയിംസ് നന്നായി വരച്ചു കാട്ടുന്നുണ്ട്. എല്ലാത്തിനും ആവര്‍ത്തിച്ചു കാണിക്കാവുന്ന വസ്തുനിഷ്ഠമായ തെളിവുകള്‍ വേണമെന്ന ശാസ്ത്രത്തിന്‍റെ ശാഠ്യങ്ങളെ വെല്ലുവിളിക്കാനും ഈ നോവലിസ്റ്റ് ശ്രമിച്ചു വിജയിക്കുന്നുണ്ട്.
   
ആന്റീക്ലോക്കില്‍ അതിനാടകീയമായ ഒരവസാനവും തുടക്കം മുതല്‍ വായനക്കാരനെ നീറ്റുന്ന ഒരനുഭവതലവും ഉണ്ട്. ചിലയിടത്ത് തികച്ചും സിനിമാറ്റിക് ആകാവുന്നതും മറ്റു ചിലയിടത്ത് ദൃശ്യഭാഷയ്ക്ക് ഒരുപക്ഷെ ഒരിക്കലും വഴങ്ങാന്‍ കഴിയാത്തതുമായ തികച്ചും വ്യത്യസ്ഥമാനങ്ങളിലുള്ള ചിന്താവ്യാപാരമാണ് ഈ നോവലിന്‍റെ വൈവിദ്ധ്യമാര്‍ന്ന ശൈലി. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം കാടുകയറിപ്പോകുന്നു എന്നു തോന്നിയാലും കയ്യടക്കത്തോടെ നോവലിസ്റ്റ് അവയെ കഥയിലെ കാര്യത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു സഫലമാക്കുന്നുണ്ട്.    

Monday, January 1, 2018

 

അവതാരിക - ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം

“അതുതന്നെ അദ്ധ്യാത്മവിദ്യ”

കാവാലം ശശികുമാര്‍

 

 ശ്രീ ദേവ്യൈ നമഃ

ആദിശങ്കരന്റെ 'സൗന്ദര്യലഹരി'യില്‍ മുപ്പത്തിയൊന്നാം ശ്ലോകം ഇങ്ങനെയാണ്:

''ചതുഃഷഷ്ട്യാ തന്ത്രൈഃ സമലമതിസന്ധായ ഭുവനം

സ്ഥിതസ്തത്തല്‍ സിദ്ധിപ്രസവ പരതന്ത്രൈഃ പശുപതിഃ

പുനസ്ത്വന്നിര്‍ബന്ധാദഖില പുരുഷാര്‍ത്ഥൈക ഘടനാ-

സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിതം''

 ദേവീമാഹാത്മ്യം ഇത്ര സംഗൃഹമായി, ഗഹനമായി, ഇത്രത്തോളം സമഗ്രമായി കേവലം എഴുപത്തിയെട്ടക്ഷരങ്ങളിലൊതുക്കിയ ആദിശങ്കരനറിയാമായയിരുന്നു, അതത് കാലത്ത് ദേവീമാഹാത്മ്യം വ്യാഖ്യാനിക്കാനും വാഴ്ത്താനും വായിക്കാനും നിയോഗമുള്ളവരുണ്ടാകുമെന്ന്. അത് സത്യവുമായി. ജഗത്ത് മായയായിരിക്കെ, ബ്രഹ്മസത്യത്തെ കണ്ടെത്താനുള്ള വഴിയില്‍, ജഗന്നിയന്താവായി മായാംബയിലും ബ്രഹ്മത്വം കല്‍പ്പിച്ച്, വിശ്വാസത്തിന്റെ ആദ്യപടികളിലെ ആശ്വാസമായും ദേവീസങ്കല്‍പ്പം സര്‍വ്വകാലവും വിരാജിക്കുന്നുവല്ലോ.

''ശ്രീ പരമേശ്വരന്‍ അതത് സിദ്ധികള്‍ ജനിപ്പിക്കുന്ന അറുപത്തിനാല് തന്ത്രങ്ങള്‍കൊണ്ട് സമസ്ത പ്രപഞ്ചത്തെയും സന്ധാനം ചെയ്ത് സ്വസ്ഥനായി. എന്നാല്‍, ദേവിയുടെ നിറബന്ധത്താല്‍, അറുപത്തിനാല് തന്ത്രങ്ങളിലും വിവരിച്ചിരിക്കുന്ന പുരുഷാര്‍ത്ഥങ്ങളെല്ലാം സമാര്‍ജ്ജിക്കുന്നതിനുതകുന്ന ദേവീതന്ത്രത്തെ ഭൂമിയില്‍ അവതരിപ്പിച്ചു''വെന്നാണ് ആ ശ്ലോകത്തിലൂടെ ശങ്കരന്റെ സൗന്ദര്യസങ്കല്‍പ്പനം. അതാണ് ശ്രീവിദ്യോപാസനം.

 ദ്വന്ദ്വങ്ങളുടെ ഈ പൂരണമാണ് സമ്പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗം. പുരുഷാര്‍ത്ഥങ്ങള്‍ സാദ്ധ്യമാക്കുന്ന തന്ത്രങ്ങള്‍ പരമശിവന്‍ സന്ധാനം ചെയ്തപ്പോള്‍ ദേവി അതു പൂരിപ്പിച്ചു. ഇഹവും പരവും ചേരുന്ന, ഐഹികതയും ആത്മീയതയും ചേരുന്ന ദ്വന്ദ്വങ്ങളുടെ ചേര്‍ച്ച, അതാണല്ലോ ''ശിവഃശക്ത്യാ യുക്തി,'' അതുതന്നെയാണല്ലോ കവി കാളിദാസന്‍ സാഹിത്യത്തില്‍ പ്രാര്‍ത്ഥിച്ച ''വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തി.'' ഇഹ പരങ്ങളുടെ ഇരുകരകളും ചേര്‍ന്നാണ് ജീവനദിയുടെ ശാന്തമായ ഒഴുക്കിനു വഴിയൊരുക്കുന്നത്, അത് ഗംഗയോ, ഡോണോ, വോള്‍ഗയോ, മിസിസിപ്പിയോ ആയാലും.

അതുകൊണ്ടായിരിക്കണമല്ലോ പ്രഗത്ഭ സാങ്കേതികവിദഗ്ദ്ധനായ ഡോ. എ. പി. സുകുമാര്‍ കേരളത്തില്‍നിന്ന് കാനഡയിലെത്തിയതും ആദ്ധ്യാത്മിക വഴികളില്‍ മനസാ സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ക്ക് വഴി തുറക്കുന്നതും. യോഗവാസിഷ്ഠം സ്വയം വായിച്ചാസ്വദിച്ച് അതുപ്രകാരം ജീവിക്കാന്‍ ശ്രമിച്ചാല്‍പോരാ, ആ വഴിയില്‍ മറ്റ് തല്‍പ്പരരേയും നയിക്കണമെന്ന് നിശ്ചയിക്കാന്‍ തോന്നും ചിലര്‍ക്ക്. അപ്പോള്‍ ഞാന്‍ അറിഞ്ഞ യോഗവാസിഷ്ഠം ഇങ്ങനെയെന്ന് അറിയിക്കാന്‍ തോന്നും അതിനു കഴിയുന്നവര്‍ക്ക്. അങ്ങനെയാണ് വ്യാഖ്യാനങ്ങള്‍ പിറക്കുന്നത്. അങ്ങനെയുള്ളവര്‍ വ്യാഖ്യാനിക്കാനുണ്ടാവുമെന്ന ആദിശങ്കരന്റെ ഉറപ്പാണ് യോഗവാസിഷ്ഠത്തിന്‍റെ വിവര്‍ത്തനത്തിലൂറെടെയും  'ശ്രീമദ് ദേവീഭാഗവത'ത്തിന്റെ വ്യാഖ്യാനത്തിലൂടെയും  ഡോ. സുകുമാര്‍ കാനഡ യാഥാര്‍ത്ഥ്യമാക്കുന്നത്.

 ബൃഹദ്രഥനെന്ന രാജാവിന്റെ കഥയുണ്ട് ദേവീഭാഗവതത്തില്‍. അദ്ദേഹം പൂര്‍വ്വ ജന്മത്തില്‍ ഒരു ചക്രവാകപ്പക്ഷിയായിരുന്നു. ഇരതേടി അലയവേ ഒരിക്കല്‍ അന്നപൂര്‍ണ്ണാ ദേവിയെ വലം വെച്ചു പറന്നു. ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും ഈ കര്‍മ്മം വഴി അതിന് അസാമാന്യ സിദ്ധികള്‍ ലഭിച്ചു. രണ്ട് കല്‍പ്പകാലം സ്വര്‍ഗ്ഗവാസം കിട്ടി. പിന്‍ ജന്മത്തില്‍ ത്രികാലജ്ഞാനവും ലഭിച്ചു. ദുഷ്ടജീവിതം നയിച്ചെങ്കിലും മരണവേളയില്‍, മകനായ നാരായണനെ വിളിച്ചപ്പോള്‍ സാക്ഷാല്‍ നാരായണന്‍ മോക്ഷം നല്‍കിയ അജാമിളന്‍റെ  കഥപോലെ; 'അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൗത്താനപാദ'ന്റെ, 'സപ്താഹേന മോക്ഷം ലഭിച്ച നൃപഃ പരീക്ഷിതി'ന്റെ 'യാമാര്‍ദ്ധം കൊണ്ട് സായൂജ്യം നേടിയ പിംഗള'യുടെ കഥപോലെ. ബൃഹദ്രഥന്റെ വാക്കുകള്‍ ഡോ. സുകുമാര്‍ ഈ വ്യാഖ്യാനത്തില്‍ എഴുതുന്നത് അദ്ദേഹത്തിന്റെ നിലപാടുപ്രഖ്യാപനംകൂടിയാണെന്നു കരുതാം. ബൃഹദ്രഥനിലൂടെ പറയുന്നതിങ്ങനെ:''ജഗദംബികയെ നിരന്തരം ധ്യാനിക്കുക തന്നെയാണ് ലോകത്ത് ഏറ്റവും മഹത്തായ കര്‍ത്തവ്യം. ദേവിയെ നിര്‍ഗുണയായോ സഗുണയായോ ആരാധിക്കാം.''

ശ്രീമദ് ദേവീഭാഗവതത്തിന് ശ്രീ. ടി.എസ്. തിരുമുന്‍പിന്റെ ഭാഷാവിവര്‍ത്തനവും ശ്രീ. എന്‍.വി. നമ്പ്യാതിരിയുടെ മൂലം വിവര്‍ത്തനവും ആധാരമാക്കി നടത്തിയ പുനരാഖ്യാനമാണ് സുകുമാറിന്റെ ഈ പ്രയത്‌നം. ഗഹനമായ വിഷയങ്ങളുടെ വ്യാഖ്യാനവും വിവര്‍ത്തനവും ഏറ്റവും ലളിതമാക്കുക എന്നതാണ്, വിഷയം അതിലളിതമായി ഉള്‍ക്കൊണ്ടു കഴിഞ്ഞാലുള്ള വെല്ലുവിളി. ഉള്ളിലുള്ളതു പറയാന്‍ അതി ലളിതമായ മലയാളഭാഷ സമര്‍ത്ഥമായി ആവുന്നത്ര ഉപയോഗിക്കുന്നുവെന്നതാണ് ഈ പുനരാഖ്യാനത്തിന്റെ പ്രത്യേകത.

 നിത്യപാരായണത്തിന് ലക്ഷ്യമാക്കി തയ്യാറാക്കിയ ഈ ഭാഗവതത്തിന്റെ നാല്‍പ്പതാം  ദിവസം ദേവീദര്‍ശനത്തില്‍, ബ്രഹ്മാവിന്റെ വിവരണം ഡോക്ടര്‍ ഇങ്ങനെ എഴുതുന്നു.

''വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്‌നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി...''

 സൗന്ദര്യ ലഹരിയില്‍ ''സുധാ സിന്ധോര്‍മദ്ധ്യേ സുരവിടപിവാടീ പരിവൃതേ, മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ...'' എന്ന് ശങ്കരന്‍ കണ്ട കാഴ്ചയുടെ എത്ര സുന്ദരമായ, ലളിതമായ മലയാളം...

അറിയുക, അറിഞ്ഞത് അറിയിക്കുക, അറിവ് പരത്തുക, അതുതന്നെയാണല്ലോ അദ്ധ്യാത്മവിദ്യ.

 -----------------------------------------------------

ജന്മഭൂമി ദിനപ്പത്രത്തിന്‍റെ സഹാപത്രാധിപരാണ് ശ്രീ കാവാലം ശശികുമാര്‍. യോഗവാസിഷ്ഠം നിത്യപാരായണ രൂപത്തില്‍ വിവര്‍ത്തനം ചെയ്തപ്പോഴും ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം ചെയ്തപ്പോഴും അത് ദിനം തോറും ജന്മഭൂമിയിലെ സംസ്കൃതി പംക്തിയില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും ശ്രീ കാവാലം ശശികുമാര്‍ തന്നെയാണ്. ശ്രീ ശശികുമാര്‍ ഒരു  ദേശീയ ദിനപ്പത്രത്തിന്‍റെ പ്രഗല്‍ഭനായ പത്രാധിപര്‍ മാത്രമല്ല, അറിയപ്പെടുന്ന ഒരെഴുത്തുകാരനും കവിയും ആത്മീയവിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ്.


Saturday, November 18, 2017

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"







അവതാരിക

ശ്രീമതി സാവിത്രി പുറം 

ഞാനതിനേകന്‍ രസികന്‍ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിക്കിട്ടിയാൽ തരക്കേടില്ല്യ എന്ന് മാന്യസുഹൃത്തായ ശ്രീ സുകുമാർ കാനഡ പറഞ്ഞപ്പോൾ അവതാരികയൊക്കെ എഴുതാനുള്ള അർഹത എനിക്കുണ്ടോ എന്ന് പലവുരു സംശയിച്ചു. എങ്കിലും അവസാനം എഴുതാമെന്ന് പറഞ്ഞപ്പോൾ സുകുമാർ സമാഹാരം കമ്പ്യൂട്ടറിൽ കൂടി അയച്ചു തന്നു. തുറന്നു വായിക്കാൻ തുടങ്ങിയപ്പോൾ വാസ്തവത്തിൽ വളരെ സന്തോഷം തോന്നി. പുസ്തകത്തിൻറെ തലക്കെട്ടിനു മുകളിൽ കണ്ട ആദ്യത്തെ മൂന്നു വരികൾ ഇതാണ്:

“കാണിക്കയായർപ്പിക്കാൻ 
ഇന്നും മറന്നു ഞാൻ 
എന്നിലെ ഞാനെന്ന ഭാവം.”

ആത്മാർപ്പണം ചെയ്യാൻ മറന്നു എന്നോർമ്മിക്കുന്ന   സുകുമാറിന്‍റെ അർപ്പണമനോഭാവം എനിക്ക് പേജുകൾ മറിക്കാനും ശ്രദ്ധയോടെ പുസ്തകം മുഴുവൻ വായിക്കാനും ഏറെ പ്രചോദനമേകി. എന്‍റെ അഹം ബോധത്തെ നിമിഷനേരത്തേക്കെങ്കിലും അർപ്പിക്കാൻ പല വരികളും സഹായിച്ചു. അഹംബോധത്തെ അർപ്പിച്ചും തിരിച്ചെടുത്തും അർപ്പിച്ചും തിരിച്ചെടുത്തും ഞാനീ സമാഹാരം വായിച്ചാസ്വദിച്ചു. എല്ലാ കവിതകളെയും പറ്റി പറയാൻ 
ഒരുങ്ങാതെ സുകുമാറിന്‍റെ ഭക്തിയും, സ്നേഹവും, സന്മനസ്സും, സഹൃദയത്വവും   പ്രകാശിപ്പിക്കുന്ന ഏതാനും വരികളെപ്പറ്റിയെങ്കിലും വായനക്കാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഗുണങ്ങളൊക്കെ വായനക്കാരിലും ഉണരട്ടെ! അതാണല്ലോ സാഹിത്യധർമ്മം!


ആദ്യത്തെ സുപ്രസാദകീർത്തനം ഭക്തഹനുമാൻജിയുടെ വാക്കുകളിൽ കൂടി ഉപസംഹരിച്ചത് വളരെ ഭംഗിയായിരിക്കുന്നു. കവിയുടെ ഭക്തിയും ജ്ഞാനവും ഈ വരികൾ വിളിച്ചു പറയുന്നു. ഒട്ടുമിക്ക കവിതകളും ഈശ്വരപ്രണിധാനമാണ്. ഗൃഹാതുരത്വം ഉണർത്തുന്നവയും പ്രേമസുഗന്ധം വിതറുന്നവയും ആയ കവിതകൾ  ചുരുക്കം ചിലത് ഉള്ളത് അതിമനോഹരങ്ങളുമാണ്. ഈ "ഞാനതിൻ രസികനേകൻ" എന്ന സമാഹാരം വായിക്കുമ്പോൾ ഒരു അനുഗൃഹീത സത്സംഗം ലഭിച്ച പ്രതീതി വായനക്കാർക്ക് അനുഭവപ്പെടും. 

കവിതകളില്‍ വിവേകാനന്ദസ്വാമിയേയും, ചിന്മയാനന്ദസ്വാമിയേയും, മാതാ  അമൃതാനന്ദമയിയേയും, ക്രിസ്റ്റോസം തിരുമേനിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. "അഹം" എന്ന ഓ.എൻ.വി. കവിതയെപ്പറ്റിയുള്ള വരികൾ വായിച്ചപ്പോൾ എന്‍റെ കണ്ണ് നിറഞ്ഞു. സുകുമാറിന്‍റെ സ്വകാര്യനോവ്  പലവായനക്കാരേയും സ്പർശിക്കും എന്നതിലെനിക്ക് സംശയമില്ല്യ.

“കാലദേശാവധിഭ്യാം നിർമുക്തനായ” ഭഗവാനെ അറിഞ്ഞാൽ, ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ, നമ്മുടെ നിത്യപ്രവാസം തീരും. "പ്രവാസം" എന്ന കവിത എത്ര മനോഹരവും അർത്ഥഗര്‍ഭവും! മറ്റുചില കവിതകൾ നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നു. പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും എല്ലാം എല്ലാം.

“പല്ലവിയായേറെ സംവത്സരങ്ങൾ 
അനുപല്ലവിയായനേകം ബന്ധവിശേഷങ്ങൾ.”

"ഞാനതിൻ രസികനേകൻ" ആയി സ്വയം മാറി നിന്നുകൊണ്ട്തന്നെ നമ്മളുമായി സുകുമാർ ആ രസം പങ്കിടുന്നു. എത്ര വായിച്ചാലും മതിയാകാത്ത എത്ര കവിതകൾ ആണ് ഇതിലെന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. "ആർദ്രം" എന്ന കൊച്ചു കവിത നമ്മുടെ ഹൃദയത്തെ ആർദ്രമാക്കുന്നു. ഈ വരികളുടെ ഭംഗി നോക്കൂ:

“അനംഗനിന്നെന്നിൽ നിന്നിലലിയാനൊ-
രപൂർവരാഗം പകർന്നു തന്നു"

നിരവധി കവിതകൾ നമ്മുടെ ‘സ്വന്തം’ ഗുരുവായൂരപ്പനെപ്പറ്റി ആണെന്ന് പറയുമ്പോൾ എനിക്കുള്ള ആനന്ദം മറ്റു കൃഷ്ണപ്രേമികൾക്കും ഉണ്ടാകുമെന്നു എനിക്കുറപ്പുണ്ട്. അവയിൽ "ശ്രീഗുരുവായൂപുരമതി രമണീയം" എടുത്തു പറയണം  "ഏവം പരരക്ഷക്കായിക്കല്ലുവിൽക്കും ജോലി" സുകുമാർ ഈ കവിതകളിൽക്കൂടി ഭംഗിയായി നിർവഹിക്കുന്നു.

"കണ്ണനെകാണാഞ്ഞിട്ടെന്തു തോന്നി? 
ഒന്നുമേ തോന്നാനില്ലെന്നു തോന്നി.
മായക്കണ്ണനെൻ കൺമുന്നിലില്ലെങ്കിൽ 
ഞാനില്ല ജീവിതരംഗമില്ല"

"മനസാ സ്മരാമി" എന്ന ബാലമുകുന്ദ സ്‌തോത്രവും അതിമനോഹരം.  ഗഹനമായ ആശയങ്ങളെ സരളമായ വരികളിൽ കൂടി വായനക്കാരുമായി പങ്കിടാനുള്ള കവിയുടെ കഴിവിന് ഉദാഹരണമാണ് "വരമേകണം ദിവ്യമനമാകണം" എന്ന കവിതയും മറ്റു പല  കവിതകളും.  പച്ച മലയാളത്തിൽ ‘നാരായണകവചവും’ നിങ്ങൾക്കിതിൽ വായിക്കാം. സുകുമാർജി നല്ലൊരു സംഗീതവിദ്വാനും സംഗീതാസ്വാദകനും ആയതിനാൽ ഇതിലെ മിക്ക കവിതകളും സംഗീതാത്മകത തുളുമ്പി നിൽക്കുന്നവയാണ്. സംഗീതപ്രേമികൾക്ക് ഇതിലുള്ള കീർത്തനങ്ങൾ താളമിട്ട് പാടി ഭജിക്കാം എന്നത് ഈ സമാഹാരത്തിൻറെ മൂല്യത്തെ സർവോപരി ഉയർത്തുന്നു. സംഗീതോപാസന ഭക്തിസംവർധകമാണല്ലോ. 

സുബ്രമണ്യഭക്തന്മാർക്കും, ശ്രീരാമഭക്തന്മാർക്കും, ഹനുമത് ഭക്തന്മാർക്കും, ദേവീഭക്തന്മാർക്കും, ശിവഭക്തന്മാർക്കും, കൃഷ്ണഭക്തന്മാർക്കും അയ്യപ്പഭക്തന്മാർക്കും എന്ന് വേണ്ട, എല്ലാ ആസ്തികന്മാർക്കും മനസ്സലിഞ്ഞ് ഭജിക്കാനുള്ള കീർത്തനങ്ങൾ ഇതിലുണ്ട്. അത് കൊണ്ട് തന്നെയാണ് 'പരരക്ഷക്കായി കല്ല് വിൽക്കുന്ന ജോലി' സുകുമാർജി ഭംഗിയായി നിർവഹിക്കുന്നു എന്ന് പറഞ്ഞത്. 

വിദ്വാൻ വട്ടോളി കൊച്ചുകൃഷ്ണൻ നായരുടെ പേരക്കുട്ടിയും ബഹുമാന്യനായ ശ്രീ എ.പി. നായരുടെ പുത്രനുമായ സുകുമാറിനേയും  അദ്ദേഹത്തിന്‍റെ  സാഹിത്യ സപര്യയെയും പറ്റി  വായനക്കാരോട് പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. എങ്കിലും അതറിയാൻ ഇടയായിട്ടില്ലാത്തവരെ  കരുതി അദ്ദേഹത്തിന്‍റെ ബ്ലോഗുകളെപ്പറ്റിക്കൂടി രണ്ട് വാക്കു പറഞ്ഞുകൊണ്ട് ഈ അവതാരിക ഉപസംഹരിക്കട്ടെ. 

ദേവീഭാഗവതവും, ശ്രീമദ് ഭാഗവതവും, യോഗവാസിഷ്ഠവും ഗദ്യരൂപത്തില്‍  നിത്യപാരായണത്തിന് ഉതകുന്ന വിധത്തിൽ  അദ്ദേഹത്തിന്‍റെ ബ്ലോഗുകളില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നിരവധി മറ്റു വിലപ്പെട്ട ലേഖനങ്ങളാലും കവിതകളാലും അനുഗ്രഹീതമാണ് ഈ ബ്ലോഗുകള്‍. സമയവും സൗകര്യവും പോലെ വായനക്കാർക്കു അതിലേക്ക് കടക്കാം, തീർത്ഥയാത്ര നടത്താം.

"ഞാനതിൻ രസികനേകൻ" വായനക്കാരിൽ രസം പകരട്ടെ!
_________________________________________________________________
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കവിയും പ്രാസംഗികയും  ആത്മീയവിഷയങ്ങളില്‍ അവഗാഹമുള്ള എഴുത്തുകാരിയുമാണ് ശ്രീമതി സാവിത്രി പുറം. സയന്‍സില്‍ ഉന്നതബിരുദങ്ങളുള്ള സാവിത്രിജി റിട്ടയര്‍ ചെയ്ത ശേഷം ഇപ്പോള്‍ സാധനയിലും എഴുത്തിലും മുഴുകി അമേരിക്കയിലെ വെര്‍ജീനിയയില്‍  താമസിക്കുന്നു.  


Tuesday, September 26, 2017

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത നേടുന്നതിനെപ്പറ്റി . 


സിനിമാ നടനും പൊതു പ്രവർത്തകനും എംപിയുമായ  ശ്രീ സുരേഷ് ഗോപി തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. അടുത്ത ജന്മത്തിലെങ്കിലും തന്റെ ഇഷ്ടദേവനായ അയ്യപ്പനെ തൊട്ടു പൂജിക്കാൻ ഇടയാക്കണേ എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥന. അത്ര അക്ഷന്തവ്യമായ അപരാധമാണോ ഇത്?

വിഗ്രഹപൂജയെപ്പറ്റി തീരെ അറിവോ ഭാവനയോ ഇല്ലാത്ത അനേകംപേര്‍ ശ്രീ സുരേഷ്ഗോപിയെ വിമര്‍ശിക്കുകയും അഭിപ്രായം പറയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിലെ തെറ്റെന്നു മനസ്സിലാവുന്നില്ല. വേദങ്ങളിലും ആചാരങ്ങളിലും പുനര്‍ജന്മത്തിലും ഉള്ള ശ്രദ്ധ ഭാരതീയ സംസ്കാരത്തിലും സനാതനധര്‍മ്മത്തിലും വളരെയധികം പ്രധാന്യമുള്ള സംഗതികളാണ്. അങ്ങിനെ ആചാരംകൊണ്ടും വിശ്വാസംകൊണ്ടും സനാതനധര്‍മ്മത്തിലെ ബഹുസ്വരതയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് വിഗ്രഹപൂജയെ കാണേണ്ടത്. തികച്ചും വേദാന്തിയായ, ആ തലത്തില്‍ ആത്മീയതയെ സ്വാംശീകരിക്കുന്നവര്‍ക്കുമുതല്‍ മാടനെയും മറുതയെയും ‘വെച്ചാരാധിക്കുന്ന’വര്‍ക്കുവരെ മാത്രമല്ല നാസ്തികര്‍ക്കും  സാനാതനധര്‍മ്മത്തില്‍ സ്ഥാനമുണ്ട് എന്ന് നാം മറക്കരുത്.

ശബരിമലയിലെ നിലവിലുള്ള പൂജാക്രമം അനുസരിച്ച് ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കാണ് ഇപ്പോഴത്തെ ആചാരനിയമങ്ങള്‍ അനുസരിച്ച് മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടാവൂ. കര്‍മ്മസിദ്ധാന്തമനുസരിച്ച് ആര്‍ക്കുവേണമെങ്കിലും അങ്ങിനെയൊരു ബ്രാഹ്മണകുലത്തില്‍ ജനിക്കാനും ശബരിമലയില്‍ പൂജിക്കാനുമാകും. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവ്‌ വരെ ആര്‍ക്കും പുനര്‍ജന്മങ്ങളിലൂടെ സാധിക്കാവുന്ന ഒരു കാര്യമാണിത്. എങ്കിലും ഇതൊന്നും ഇപ്പോഴത്തെ ‘ശാസ്ത്രീയമെന്നു പറയപ്പെടുന്ന’ രീതിയില്‍ തെളിയിക്കാന്‍ വിശ്വാസങ്ങളുടെ തലത്തില്‍ ആര്‍ക്കും ബാധ്യതയില്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഇതെല്ലാം ആചാരവിശ്വാസങ്ങളുടെ തലത്തില്‍ നിലകൊള്ളുന്ന കാര്യങ്ങളാണ്. ഏതൊരു സൃഷ്ടിയുടെയും ആരംഭം ഭാവനയില്‍ നിന്നാണ്. അതായത് സങ്കല്‍പ്പത്തില്‍ നിന്ന്. സങ്കല്‍പ്പം തന്നെയാണ് ഒരാള്‍ കഴിക്കുന്ന അന്നത്തിലൂടെ രേതസ്സായും ഭ്രൂണമായുമൊക്കെ പരിണമിച്ച്  ഒരു പുതുജീവന്‍ ഉളവാകുന്നത്. അങ്ങനെയുള്ള ഒരു പുനർജന്മത്തിലൂടെ ഉൽകൃഷ്ടമായ  ഒരു ജന്മം ലഭിക്കാനാണ് സുരേഷ്ഗോപി ആഗ്രഹിച്ചതും.

ബ്രാഹ്മണകുലത്തില്‍ ജന്മനാ ചിട്ടയായ ആചാരമര്യാദകളിലൂടെ ജനിക്കുന്ന ഒരു കുട്ടിക്ക് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള ഷോഡശ സംസ്കാരകര്‍മ്മങ്ങളുടെ പിന്‍ബലം ഉണ്ടാവും. അതായത് ഗർഭത്തിൽ ഒരു ജീവൻ എത്തിപ്പെടുന്നതിനു മുൻപേ അതിനുള്ള  സങ്കല്പം പിതാവിലും മാതാവിലും ഉറഞ്ഞു കൂട്ടുന്നത് പോലും സംസ്കാരത്തിന്റെ ഭാഗമാണ് എന്നർത്ഥം. അല്ലാതെ അബദ്ധത്തിൽ ഉണ്ടായിപ്പോകുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. തലമുറകളായി അങ്ങിനെയുള്ള ഒരു സംസ്കാരവിശേഷത്തിലൂടെ കടന്നുപോയവര്‍ തന്നെയാകണം അയ്യപ്പഭഗവാന്‍റെ വിഗ്രഹത്തെ പൂജിക്കാന്‍ എന്ന് ആ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ സ്ഥിരീകരിച്ച ഒരു സങ്കല്‍പ്പത്തെ ഇല്ലാതാക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? സങ്കല്പങ്ങള്‍ ഇല്ലാതാക്കിയാല്‍ ക്ഷേത്രങ്ങള്‍ക്ക്  പിന്നെ എന്ത് മൂല്യമാണുള്ളത്? വെറുംകല്ലില്‍ ഈശ്വരചൈതന്യത്തെ കാണാനും അതറിഞ്ഞ് ലോകനന്മയ്ക്കായി 'പ്രകര്‍ഷേണ' സങ്കല്‍പ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രസങ്കല്‍പ്പം കൊണ്ട് ഒരു കാര്യവുമില്ല.  ഇത്രമേല്‍ സങ്കീര്‍ണ്ണവും എന്നാല്‍ ഭാവനാസമ്പന്നവുമായ സങ്കല്പങ്ങളും ആചാരങ്ങളും ഇല്ലാതാക്കിയാല്‍ സമൂഹത്തില്‍ സമത്വം കൈവരും എന്ന് തോന്നുന്നുണ്ടോ? (ക്ഷേത്രം ISO9000 എന്നൊരു ലേഖനം ഇതിനെക്കുറിച്ച്‌ ഞാന്‍ നേരത്തേ എഴുതിയത് കലാകൌമുദിയിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്
ക്ഷേത്രം ISO 9000- കലാകൌമുദി

തന്‍റെ സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച്   ആരെയെങ്കിലും സ്വാധീനിച്ച് ആചാരങ്ങളെ തട്ടിമറിച്ച് എങ്ങിനെയെങ്കിലും മേല്‍ശാന്തിയായി ശബരിമലയിലെ ഭഗവല്‍ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കണം എന്നല്ല സുരേഷ്ഗോപി  ആഗ്രഹിച്ചത്; മറിച്ച്, തനിക്ക് അങ്ങിനെയൊരു സദനുഭവം അര്‍ഹതപ്പെടുന്ന തരത്തില്‍ ഒരു ജന്മം സംജാതമാകണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലേ അദ്ദേഹം ചെയ്തത്? സനാതന ധര്‍മ്മപദ്ധതിയിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് അങ്ങിനെയൊരു ജന്മം സാധിക്കുന്നത് അടുത്ത ജന്മത്തില്‍ത്തന്നെയാകണം എന്നില്ല എന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. അതായത്  അതിനുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാനും ഒരുവൻ തയ്യാറാകണം എന്നര്‍ത്ഥം.

യോഗവാസിഷ്ഠം പോലുള്ള വേദാന്തപരമായ കൃതികളിലും പുനര്‍ജന്മ സാദ്ധ്യതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതില്‍ 'ജീവടസര്‍ഗ്ഗ'ത്തില്‍ പറയുന്നത് ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം എന്നാണ്. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍  ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. “ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം.” ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതാതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. 

അനേകം പുനര്‍ജന്മാങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മവിപാകം മൂലം   അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ ‘പുറപ്പെടാ ശാന്തിയാണ്’. അദ്ദേഹത്തിന് അയ്യപ്പന്‍ തന്‍റെ പ്രിയപുത്രനെന്നപോലെ സത്യമാണ്. പ്രത്യക്ഷമാണ്. സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍ ദിവസവും കണികാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി, പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. ഒരമ്മ മകന് നല്‍കുന്നതുപോലെയുള്ള സ്നേഹവാത്സല്യങ്ങള്‍ ഭഗവാന് നല്‍കി അയാള്‍ തന്‍റെ ജന്മത്തെ സഫലമാക്കുന്നു. അതയാളുടെ മുജ്ജന്മസുകൃതമാണ്! ആ പൂജകള്‍ കാണുന്നത് ഭക്തജനങ്ങള്‍ക്ക് ജന്മസുകൃതവുമാണ്. ഭക്തരിൽ എല്ലാവര്ക്കും പൂജിക്കണമെന്നു തോന്നുകയില്ല. അവ ർക്ക് ആ കാഴ്ച തന്നെ ധാരാളം. വിഗ്രഹാരാധനയിലെ ഭാവനാസങ്കല്‍പ്പം അന്യമായവര്‍ക്കത് കൈവല്യത്തിനു പകരം വെറും വൈകല്യമായി തോന്നിയേക്കാം. അങ്ങിനെയുള്ളവര്‍ക്കായല്ല ക്ഷേത്രം തുറന്നുവയ്ക്കേണ്ടത്.

അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിക്കുന്ന മേല്‍ശാന്തി ദിവസവും കടന്നുപോകുന്ന ഭാവനാധന്യങ്ങളായ നിമിഷങ്ങള്‍ അറിയാന്‍ ഈ കവിതയിലൂടെ കടന്നുപോയാൽ ചിലപ്പോൾ സാധിച്ചേക്കും. എനിക്ക് പരിചയമുള്ള ഒരാള്‍ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു എന്നറിഞ്ഞതിന്‍റെ ചരിതാര്‍ത്ഥ്യമാണ് ഈ കവിത.  

അയ്യപ്പതൃപ്പാദപങ്കജപൂജ   

അയ്യപ്പതൃപ്പാദ പങ്കജപൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖനാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാതപൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി,
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗവരദന്‍
മേല്‍ശാന്തിയിവനോ പ്രിയതനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജയും കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
നോല്‍ക്കവേ നരജന്മസാഫല്യമായ്‌

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്ന സേവകന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

********************



Wednesday, June 21, 2017

ഗൃഹപ്രവേശം

 ഗൃഹപ്രവേശം

     പറഞ്ഞുവരുമ്പോള്‍ ഇക്കഥയുടെ കാതല്‍ കുറച്ചു പഴയതാണ്. . എന്നാല്‍ പുതുമയൊരിക്കലും ചോരാത്തതുമാണ്. ചിലപ്പോള്‍ പണ്ട് കേട്ടിട്ടുള്ള ഏതെങ്കിലും കഥയുമായി ബന്ധവും കണ്ടേക്കാം. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കുറെയേറെ പണവുമായി ഏറെക്കാലം കാത്തിരുന്ന്‍ നരേന്ദ്രമേനോന്‍ നാട്ടിലേയ്ക്ക് തിരിച്ചുവന്നു. നല്ലൊരു വീടുണ്ടാക്കണം. പണ്ട് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരു വീടിന്‍റെ നിഴലായി തറവാട് മനസ്സില്‍ എന്നും ഉണ്ടായിരുന്നു. അക്കാലത്ത് അതിന്‍റെ വലുപ്പത്തിലും അവിടെ താമസിച്ചിരുന്ന അമ്മാവന്മാരുടെ പ്രൌഢിയിലും ഒട്ടും കുറവുണ്ടായിരുന്നില്ലല്ലോ. ഒരുവിധം കൊള്ളാവുന്ന വലിയൊരു നാലുകെട്ടായിരുന്നു അത്. ഗള്‍ഫില്‍ നിന്നും മേനോന്‍ മടങ്ങിയെത്തിയപ്പോഴെയ്ക്ക് തറവാട് ചെറിയൊരു നെടുംപുര മാത്രമായിക്കഴിഞ്ഞിരുന്നു. പ്രതാപം അല്പം മങ്ങിയാലും മെലിഞ്ഞ ആനയെ കെട്ടാന്‍ പശുത്തൊഴുത്ത് പോരല്ലോ. അതുകൊണ്ട് എങ്ങിനെയും നല്ലൊരു കെട്ടിടമുണ്ടാക്കാന്‍ മേനോന്‍ തീരുമാനിച്ചു. ദൈവം സഹായിച്ച് സ്വപ്രയത്നം കൊണ്ട് ജീവിതം മുഴുവനും സൂക്ഷ്മതയോടെ കരുതിവച്ച സമ്പത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാം കഠിനാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായതുകൊണ്ട്  നല്ല മനസമാധാനവും കൂട്ടുണ്ടായിരുന്നു.

     തനിക്ക് വേണ്ട വീടിനെപ്പറ്റി നരേന്ദ്രമേനോന് കൃത്യമായ ഐഡിയകള്‍  ഉണ്ടെങ്കിലും നല്ലൊരു ആര്‍ക്കിട്ടെക്ടിനെ ഏര്‍പ്പാടുചെയ്താണ് അദ്ദേഹം വീടിന്‍റെ പ്ലാന്‍ ചെയ്യിപ്പിച്ചത്. അപ്പോഴൊക്കെ മനസ്സില്‍ അദ്ദേഹത്തിന്‍റെ വേവലാതി തന്‍റെ ഏറ്റവും ഇളയ അമ്മാവനെപ്പറ്റിയായിരുന്നു. അമ്മാവന്‍ എന്ത് പറയും? എന്ത് ചെയ്താലും അതില്‍ കുറ്റവും കുറവും കണ്ടുപിടിച്ച് വീട്ടില്‍ കലഹമുണ്ടാക്കുന്ന അമ്മാവന്‍ ചെറുപ്പത്തില്‍ കാര്യമായി പഠിക്കാനൊന്നും മിനക്കെട്ടില്ല. എങ്കിലും അത്യാവശ്യം സമ്പത്തുള്ള വീട്ടില്‍ നിന്ന് വിവാഹം ചെയ്തതുകൊണ്ട് അല്ലലില്ലാതെ കഴിയുന്നു. പണ്ട് തന്‍റെ ഗള്‍ഫ് യാത്രക്കായി അല്പം പണം കടം ചോദിച്ചപ്പോള്‍ “ഇനീപ്പോ അതിന്‍റെ ഒരു കൊഴപ്പേ ഒള്ളു. ഇവിടെ വല്ല കൂലിപ്പണിയൊക്കെയായി നിന്നാ പോരേ? അല്ലെങ്കില്‍ നമ്മളൊക്കെ നായന്മാരല്ലേ, ചായ അടിക്കാന്‍ നിക്കാമല്ലോ? സ്കൂളവധിക്ക് നീയാ ഗോവിന്ദന്‍റെ കടയില്‍ ചായയടിക്കാന്‍ നിന്നിട്ടില്ലേ, ഇനിയതങ്ങു തുടര്‍ന്നാല്‍പ്പോരെ? അല്ല, ഇനി ഗള്‍ഫില്‍ പോയി തൊപ്പിയിട്ടു തിരികെ വരാനാണ് പ്ലാനെങ്കില്‍ ഞാന്‍ തറവാട്ടില്‍ കേറ്റില്ല, പറഞ്ഞേക്കാം” എന്ന് പറഞ്ഞ് ഓടിച്ചു വിട്ടയാളാണ്. അതുപോലെ തന്നെ ഏതു കല്യാണാലോചന വരുമ്പോഴും അതെല്ലാം എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് ഒടക്കിയയാളുമാണ് ഇദ്ദേഹം. എവിടെ വീട് പാല്കാച്ചലിന് ക്ഷണിച്ചാലും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് വീടിന്‍റെ പോരായ്മ എടുത്തു പറഞ്ഞ് അതിനൊത്ത് ചാടാന്‍ തയ്യാറായ കുറച്ച് അസ്മാദികളെക്കൂടി സംഘടിപ്പിച്ച് അങ്ങേര്‍ അതൊരു വഴിക്കാക്കും. കുറെ റിട്ടയാര്‍ഡ് പ്രഫസര്‍മാരാണ് കൂട്ട്. അമ്മാവന് ഒരിക്കലും കുറ്റം പറയാനിട നല്‍കാത്ത വീട്. അതാണ് മേനോന്‍റെ ലക്‌ഷ്യം.


     കെട്ടിടത്തിന്‍റെ ഡിസൈനും പ്ലാനിംഗും പണിയും എല്ലാം വിചാരിച്ചതുപോലെ നടന്നു. അമ്മാവന്‍ വീടുപണി കാണണം എന്ന് സൂചിപ്പിച്ചപ്പോഴൊക്കെ വല്ല സൂത്രമൊക്കെ പറഞ്ഞ് ആളെ ഒഴിവാക്കി. ഒരിക്കല്‍ വീടുപണി കാണാതെ അദ്ദേഹം പോവില്ല എന്ന് തോന്നിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചില സാധനങ്ങള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി. “ഇതിനൊന്നും പഴയ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോടാ” എന്ന് പഴിയും കേട്ടു. സാരമില്ല. ഇനി കയ്യില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സ്വയമ്പന്‍ സ്കോച്ച് കുപ്പിയോടെ കൊടുത്താലും പറയും “നമ്മുടെ രായമംഗലം ഷാപ്പിലെ രാജപ്പന്‍റെ വാറ്റിന്‍റെ ഏഴയലത്ത് വര്വോ സായ്പ്പിന്‍റെ ഈ ചൊറവെള്ളം?” എന്നാവും. പക്ഷെ ഇപ്പോള്‍ തറവാട്ടില്‍ നേര്‍ ബന്ധുവായി ഇദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹം തലകുലുക്കി സമ്മതിക്കുന്ന തരത്തില്‍ ഒരു വീട്, അതാണ്‌ തന്‍റെ ലക്ഷ്യം. ആരും കുറ്റം പറയാത്ത ഒരു വീട്.


     ടൌണില്‍ നിന്നും അകലെയല്ലാതെ പുഴയുടെ കരയ്ക്കുള്ള നല്ലൊരു ‘കണ്ണായ’ സ്ഥലത്താണ് കെട്ടിടം. കുറച്ചുനാള്‍ മുന്‍പേ അരയേക്കര്‍ സ്ഥലം വാങ്ങിയിട്ടിരുന്നു. അവിടെ മുഴുവന്‍ തെങ്ങ് നട്ടു. കാഫലം കണ്ടുതുടങ്ങി. വീടിനു രണ്ടുനിലകളാണ്. അയ്യായിരം സ്ക്വയര്‍ ഫീറ്റില്‍ താഴത്തെനിലയില്‍ നാലുകെട്ടിന്‍റെ രീതിയില്‍ ഒരകത്തളവും മഴപെയ്താല്‍ അതിരുന്നാസ്വദിക്കാന്‍ പറ്റുന്ന ചാരുപടികളും എല്ലാമായി നരേന്ദ്രന്‍റെ സ്വപ്നക്കൂടുതന്നെയായിരുന്നു അത്. നിലത്ത് മുഴുവന്‍ മാര്‍ബിള്‍ വിരിച്ചു. കോണ്‍ക്രീറ്റ് പണിക്കും മറ്റും മഹാരാഷ്ട്രയില്‍ നിന്നും ആളെ കൊണ്ടുവന്നു. സാധാരണ ബംഗാളികളാണല്ലോ കേരളത്തിലെ പണിക്കാര്‍. പൂനെയില്‍ നിന്നുള്ള മറാട്ടികള്‍ നല്ല ഒന്നാന്തരം പണിക്കാരാണ്. പണിയെന്നു വച്ചാല്‍ അവര്‍ക്കവരുടെ ചോറാണ്; ദൈവവും. ഒന്നാന്തരം ഫിനിഷിംഗ് വര്‍ക്കും, മരപ്പണിയും, പെയ്ന്റിങ്ങും അവര്‍ തന്നെ ചെയ്തു. അടുക്കളയാണെങ്കില്‍ മോസ്റ്റ്‌ മോഡേണ്‍. എല്ലാമുറിയിലും ഒന്നാന്തരം ഫര്‍ണ്ണിച്ചര്‍ വാങ്ങിയിട്ടു. ജനാലകളില്‍ നല്ല കര്‍ട്ടനുകള്‍ ചാര്‍ത്തി അലങ്കരിച്ചു. നരേന്ദ്രമേനോന്‍ എല്ലാടവും ഒന്ന് കൂടി കണ്ട് ഉറപ്പിച്ചു. ഇത് തന്‍റെ മനസ്സിലുള്ള വീട് തന്നെ. ‘ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമാവും. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് മരണശേഷം ഇത് നാട്ടുകാര്‍ക്കായി എഴുതി വയ്ക്കാം. അവരിതൊരു പഞ്ചായത്ത് വായനശാലയോ റെസ്റ്റ്ഹൌസോ ആക്കട്ടെ.’

     വീടിന്‍റെ പാലുകാച്ചിന് ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ആദ്യത്തെ പേര് അമ്മാവന്‍റെതന്നെയാണ്. അതങ്ങിനെയാവണമല്ലോ!  തന്‍റെ ഉയര്‍ച്ചയ്ക്കെല്ലാം കാരണമായത് അമ്മാവന്‍റെ സ്വഭാവവിശേഷങ്ങളാണ്. അച്ഛനില്ലാതെ വളര്‍ന്ന തന്നെ അമ്മാവന്‍ ഓരോരോ കാര്യങ്ങളിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തന്‍റെ വാശി കൂടിക്കൂടി വന്നു. അന്നൊക്കെ അദ്ദേഹം എന്തെങ്കിലും നക്കാപ്പിച്ചയും തന്ന് വല്ല ചായക്കടയും ഇട്ടുതന്നിരുന്നെങ്കില്‍ താനിപ്പോഴും അതും നോക്കി നടന്നേനെ.

     അമ്മാവനെ പാലുകാച്ചിന്‍റെ തലേദിവസം പുതിയ വീട്ടില്‍ വരാനായി വീട്ടില്‍പ്പോയി ക്ഷണിച്ചു. “അമ്മാവന്‍ നേരത്തേ വന്നു നോക്കി അനുഗ്രഹിക്കണം. ഞാന്‍ കാറ് പറഞ്ഞയക്കാം.” തലേ ദിവസം തന്നെ നോക്കി കുറ്റമെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോവട്ടെ. പിറ്റേദിവസം നാട്ടുകാര്‍ എല്ലാം കൂടുമ്പോള്‍ മറ്റൊരു കശപിശ വേണ്ടല്ലോ.

     രാവിലെതന്നെ അമ്മാവനും കൂട്ടുകാരായ രണ്ടു റിട്ടയാര്‍ഡ്‌ പ്രഫസര്‍മാരും വന്നു. അതിലൊരാള്‍ അറിയപ്പെടുന്ന കവിയുമാണ്. നരേന്ദ്രമേനോന്‍ അവരെ വീടെല്ലാം ചുറ്റിനടന്നു കാണിച്ചുകൊടുത്തു. പണിതുവച്ച ഓരോ ഐറ്റവും എവിടെ നിന്നും വാങ്ങിച്ചു, എങ്ങിനെ പണിതു എന്നെല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കി. ചുമരിലും വാതിലിലും ഫര്‍ണ്ണിച്ചറുകളിലും എല്ലാം കൈയോടിച്ചു നോക്കി. മുകളിലും താഴെയും എല്ലാടവും നോക്കിയിട്ടും അമ്മാവന് ആ വീട്ടില്‍ ഒരു കുറവും കണ്ടപിടിക്കാന്‍ കഴിഞ്ഞില്ല. പ്രഫസര്‍മാരും ആകെയൊരു സംത്രാസത്തിലാണ്. ഇങ്ങിനെയൊരു പരാജയം ആദ്യമായാണ്‌. കുറ്റം കണ്ടുപിടിച്ച് കൂട്ടുകാരോടെങ്കിലും പറഞ്ഞ് രസിക്കാന്‍ പറ്റിയില്ലെങ്കില്‍ പാലുകാച്ചിനും കല്യാണത്തിനും അടിയന്തിരത്തിനും പോകുന്ന സമയം വ്യര്‍ത്ഥമാണെന്നവര്‍ക്കറിയാമായിരുന്നു.

     “ഒന്നും ആയില്ല അല്ലേ?” പ്രഫസര്‍, കവിയോടു ചോദിച്ചു. ചിന്താമഗ്നനായി ഒരല്‍പം മാറി നിന്ന അമ്മാവന്‍ പെട്ടെന്നു മുഖപ്രസാദം വീണ്ടെടുത്ത് കൂട്ടുകാരോട് പറഞ്ഞു. “കിട്ടിപ്പോയി”!

     “എന്താ, എന്താ?”

     “അതവനോടു തന്നെ നേരിട്ട് പറയാം. അല്ലെങ്കിലും ഈയിടെയായി അവനല്‍പ്പം അഹങ്കാരമുണ്ടോ എന്ന് സംശയം. നമ്മുടെ അടുത്തു കാണിക്കുന്ന ഈ വിനയമൊക്കെ കപടമല്ലേ മാഷേ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു?”

     മൂന്നാളും കൂടി ഉമ്മറത്ത് സെല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മേനോന്‍റെയടുത്ത് ചെന്നു. നരേന്ദ്രമേനോന്‍ ഫോണ്‍ കട്ട് ചെയ്ത് ആകാംഷയോടെ ചോദിച്ചു. “അമ്മാവാ, എന്ത് പറയുന്നു? എല്ലാവരുടെയും അനുഗ്രഹം വേണം. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയൂ. ആവുന്നതുപോലെ ഞാന്‍ അത് ശരിയാക്കാം”

     “എടാ, നിന്‍റെ പുതിയ വീടൊക്കെ തരക്കേടില്ല. ഡിസൈന്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് കൊതി തോന്നും. കെട്ടിടത്തിന്‍റെ നിലവും പെയ്ന്റിങ്ങും എല്ലാം ഒരുവിധം നന്നായി എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ ആണ് കെട്ടിടമുണ്ടാക്കാനും ഫര്‍ണ്ണിഷ് ചെയ്യാനും ഉപയോഗിച്ചതെന്ന് തോന്നില്ല. അത്ര തിളക്കമുണ്ട് എല്ലാറ്റിനും. എങ്കിലും ഒരു കെട്ടിടമാവുമ്പോ ഇത്രയ്ക്ക് ഉറപ്പ് വേണോ? ഇതൊന്നു പൊളിച്ചടക്കണമെങ്കില്‍ എന്താ പാട്? കാശെത്ര ചെലവാകും? നിന്‍റെ കാലശേഷം അതിനും ഞങ്ങളൊക്കെത്തന്നെ വേണ്ടേ?”
___________________________________________________________________________________

ശ്രീ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനവുമായി ഇക്കഥയ്ക്ക് ബന്ധമൊന്നുമില്ല.