Monday, January 1, 2018

 

അവതാരിക - ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം

“അതുതന്നെ അദ്ധ്യാത്മവിദ്യ”

കാവാലം ശശികുമാര്‍

 

 ശ്രീ ദേവ്യൈ നമഃ

ആദിശങ്കരന്റെ 'സൗന്ദര്യലഹരി'യില്‍ മുപ്പത്തിയൊന്നാം ശ്ലോകം ഇങ്ങനെയാണ്:

''ചതുഃഷഷ്ട്യാ തന്ത്രൈഃ സമലമതിസന്ധായ ഭുവനം

സ്ഥിതസ്തത്തല്‍ സിദ്ധിപ്രസവ പരതന്ത്രൈഃ പശുപതിഃ

പുനസ്ത്വന്നിര്‍ബന്ധാദഖില പുരുഷാര്‍ത്ഥൈക ഘടനാ-

സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിതം''

 ദേവീമാഹാത്മ്യം ഇത്ര സംഗൃഹമായി, ഗഹനമായി, ഇത്രത്തോളം സമഗ്രമായി കേവലം എഴുപത്തിയെട്ടക്ഷരങ്ങളിലൊതുക്കിയ ആദിശങ്കരനറിയാമായയിരുന്നു, അതത് കാലത്ത് ദേവീമാഹാത്മ്യം വ്യാഖ്യാനിക്കാനും വാഴ്ത്താനും വായിക്കാനും നിയോഗമുള്ളവരുണ്ടാകുമെന്ന്. അത് സത്യവുമായി. ജഗത്ത് മായയായിരിക്കെ, ബ്രഹ്മസത്യത്തെ കണ്ടെത്താനുള്ള വഴിയില്‍, ജഗന്നിയന്താവായി മായാംബയിലും ബ്രഹ്മത്വം കല്‍പ്പിച്ച്, വിശ്വാസത്തിന്റെ ആദ്യപടികളിലെ ആശ്വാസമായും ദേവീസങ്കല്‍പ്പം സര്‍വ്വകാലവും വിരാജിക്കുന്നുവല്ലോ.

''ശ്രീ പരമേശ്വരന്‍ അതത് സിദ്ധികള്‍ ജനിപ്പിക്കുന്ന അറുപത്തിനാല് തന്ത്രങ്ങള്‍കൊണ്ട് സമസ്ത പ്രപഞ്ചത്തെയും സന്ധാനം ചെയ്ത് സ്വസ്ഥനായി. എന്നാല്‍, ദേവിയുടെ നിറബന്ധത്താല്‍, അറുപത്തിനാല് തന്ത്രങ്ങളിലും വിവരിച്ചിരിക്കുന്ന പുരുഷാര്‍ത്ഥങ്ങളെല്ലാം സമാര്‍ജ്ജിക്കുന്നതിനുതകുന്ന ദേവീതന്ത്രത്തെ ഭൂമിയില്‍ അവതരിപ്പിച്ചു''വെന്നാണ് ആ ശ്ലോകത്തിലൂടെ ശങ്കരന്റെ സൗന്ദര്യസങ്കല്‍പ്പനം. അതാണ് ശ്രീവിദ്യോപാസനം.

 ദ്വന്ദ്വങ്ങളുടെ ഈ പൂരണമാണ് സമ്പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗം. പുരുഷാര്‍ത്ഥങ്ങള്‍ സാദ്ധ്യമാക്കുന്ന തന്ത്രങ്ങള്‍ പരമശിവന്‍ സന്ധാനം ചെയ്തപ്പോള്‍ ദേവി അതു പൂരിപ്പിച്ചു. ഇഹവും പരവും ചേരുന്ന, ഐഹികതയും ആത്മീയതയും ചേരുന്ന ദ്വന്ദ്വങ്ങളുടെ ചേര്‍ച്ച, അതാണല്ലോ ''ശിവഃശക്ത്യാ യുക്തി,'' അതുതന്നെയാണല്ലോ കവി കാളിദാസന്‍ സാഹിത്യത്തില്‍ പ്രാര്‍ത്ഥിച്ച ''വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തി.'' ഇഹ പരങ്ങളുടെ ഇരുകരകളും ചേര്‍ന്നാണ് ജീവനദിയുടെ ശാന്തമായ ഒഴുക്കിനു വഴിയൊരുക്കുന്നത്, അത് ഗംഗയോ, ഡോണോ, വോള്‍ഗയോ, മിസിസിപ്പിയോ ആയാലും.

അതുകൊണ്ടായിരിക്കണമല്ലോ പ്രഗത്ഭ സാങ്കേതികവിദഗ്ദ്ധനായ ഡോ. എ. പി. സുകുമാര്‍ കേരളത്തില്‍നിന്ന് കാനഡയിലെത്തിയതും ആദ്ധ്യാത്മിക വഴികളില്‍ മനസാ സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ക്ക് വഴി തുറക്കുന്നതും. യോഗവാസിഷ്ഠം സ്വയം വായിച്ചാസ്വദിച്ച് അതുപ്രകാരം ജീവിക്കാന്‍ ശ്രമിച്ചാല്‍പോരാ, ആ വഴിയില്‍ മറ്റ് തല്‍പ്പരരേയും നയിക്കണമെന്ന് നിശ്ചയിക്കാന്‍ തോന്നും ചിലര്‍ക്ക്. അപ്പോള്‍ ഞാന്‍ അറിഞ്ഞ യോഗവാസിഷ്ഠം ഇങ്ങനെയെന്ന് അറിയിക്കാന്‍ തോന്നും അതിനു കഴിയുന്നവര്‍ക്ക്. അങ്ങനെയാണ് വ്യാഖ്യാനങ്ങള്‍ പിറക്കുന്നത്. അങ്ങനെയുള്ളവര്‍ വ്യാഖ്യാനിക്കാനുണ്ടാവുമെന്ന ആദിശങ്കരന്റെ ഉറപ്പാണ് യോഗവാസിഷ്ഠത്തിന്‍റെ വിവര്‍ത്തനത്തിലൂറെടെയും  'ശ്രീമദ് ദേവീഭാഗവത'ത്തിന്റെ വ്യാഖ്യാനത്തിലൂടെയും  ഡോ. സുകുമാര്‍ കാനഡ യാഥാര്‍ത്ഥ്യമാക്കുന്നത്.

 ബൃഹദ്രഥനെന്ന രാജാവിന്റെ കഥയുണ്ട് ദേവീഭാഗവതത്തില്‍. അദ്ദേഹം പൂര്‍വ്വ ജന്മത്തില്‍ ഒരു ചക്രവാകപ്പക്ഷിയായിരുന്നു. ഇരതേടി അലയവേ ഒരിക്കല്‍ അന്നപൂര്‍ണ്ണാ ദേവിയെ വലം വെച്ചു പറന്നു. ബോധപൂര്‍വ്വം ചെയ്തതല്ലെങ്കിലും ഈ കര്‍മ്മം വഴി അതിന് അസാമാന്യ സിദ്ധികള്‍ ലഭിച്ചു. രണ്ട് കല്‍പ്പകാലം സ്വര്‍ഗ്ഗവാസം കിട്ടി. പിന്‍ ജന്മത്തില്‍ ത്രികാലജ്ഞാനവും ലഭിച്ചു. ദുഷ്ടജീവിതം നയിച്ചെങ്കിലും മരണവേളയില്‍, മകനായ നാരായണനെ വിളിച്ചപ്പോള്‍ സാക്ഷാല്‍ നാരായണന്‍ മോക്ഷം നല്‍കിയ അജാമിളന്‍റെ  കഥപോലെ; 'അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൗത്താനപാദ'ന്റെ, 'സപ്താഹേന മോക്ഷം ലഭിച്ച നൃപഃ പരീക്ഷിതി'ന്റെ 'യാമാര്‍ദ്ധം കൊണ്ട് സായൂജ്യം നേടിയ പിംഗള'യുടെ കഥപോലെ. ബൃഹദ്രഥന്റെ വാക്കുകള്‍ ഡോ. സുകുമാര്‍ ഈ വ്യാഖ്യാനത്തില്‍ എഴുതുന്നത് അദ്ദേഹത്തിന്റെ നിലപാടുപ്രഖ്യാപനംകൂടിയാണെന്നു കരുതാം. ബൃഹദ്രഥനിലൂടെ പറയുന്നതിങ്ങനെ:''ജഗദംബികയെ നിരന്തരം ധ്യാനിക്കുക തന്നെയാണ് ലോകത്ത് ഏറ്റവും മഹത്തായ കര്‍ത്തവ്യം. ദേവിയെ നിര്‍ഗുണയായോ സഗുണയായോ ആരാധിക്കാം.''

ശ്രീമദ് ദേവീഭാഗവതത്തിന് ശ്രീ. ടി.എസ്. തിരുമുന്‍പിന്റെ ഭാഷാവിവര്‍ത്തനവും ശ്രീ. എന്‍.വി. നമ്പ്യാതിരിയുടെ മൂലം വിവര്‍ത്തനവും ആധാരമാക്കി നടത്തിയ പുനരാഖ്യാനമാണ് സുകുമാറിന്റെ ഈ പ്രയത്‌നം. ഗഹനമായ വിഷയങ്ങളുടെ വ്യാഖ്യാനവും വിവര്‍ത്തനവും ഏറ്റവും ലളിതമാക്കുക എന്നതാണ്, വിഷയം അതിലളിതമായി ഉള്‍ക്കൊണ്ടു കഴിഞ്ഞാലുള്ള വെല്ലുവിളി. ഉള്ളിലുള്ളതു പറയാന്‍ അതി ലളിതമായ മലയാളഭാഷ സമര്‍ത്ഥമായി ആവുന്നത്ര ഉപയോഗിക്കുന്നുവെന്നതാണ് ഈ പുനരാഖ്യാനത്തിന്റെ പ്രത്യേകത.

 നിത്യപാരായണത്തിന് ലക്ഷ്യമാക്കി തയ്യാറാക്കിയ ഈ ഭാഗവതത്തിന്റെ നാല്‍പ്പതാം  ദിവസം ദേവീദര്‍ശനത്തില്‍, ബ്രഹ്മാവിന്റെ വിവരണം ഡോക്ടര്‍ ഇങ്ങനെ എഴുതുന്നു.

''വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്‌നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി...''

 സൗന്ദര്യ ലഹരിയില്‍ ''സുധാ സിന്ധോര്‍മദ്ധ്യേ സുരവിടപിവാടീ പരിവൃതേ, മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ...'' എന്ന് ശങ്കരന്‍ കണ്ട കാഴ്ചയുടെ എത്ര സുന്ദരമായ, ലളിതമായ മലയാളം...

അറിയുക, അറിഞ്ഞത് അറിയിക്കുക, അറിവ് പരത്തുക, അതുതന്നെയാണല്ലോ അദ്ധ്യാത്മവിദ്യ.

 -----------------------------------------------------

ജന്മഭൂമി ദിനപ്പത്രത്തിന്‍റെ സഹാപത്രാധിപരാണ് ശ്രീ കാവാലം ശശികുമാര്‍. യോഗവാസിഷ്ഠം നിത്യപാരായണ രൂപത്തില്‍ വിവര്‍ത്തനം ചെയ്തപ്പോഴും ശ്രീമദ്‌ ദേവീഭാഗവതം പുനരാഖ്യാനം ചെയ്തപ്പോഴും അത് ദിനം തോറും ജന്മഭൂമിയിലെ സംസ്കൃതി പംക്തിയില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും ശ്രീ കാവാലം ശശികുമാര്‍ തന്നെയാണ്. ശ്രീ ശശികുമാര്‍ ഒരു  ദേശീയ ദിനപ്പത്രത്തിന്‍റെ പ്രഗല്‍ഭനായ പത്രാധിപര്‍ മാത്രമല്ല, അറിയപ്പെടുന്ന ഒരെഴുത്തുകാരനും കവിയും ആത്മീയവിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ്.


No comments:

Post a Comment