Sunday, March 9, 2014

പൂര്‍ണ്ണവിരാമം.


പൂര്‍ണ്ണവിരാമം.

ഡോ. എ.പി. സുകുമാര്‍, കാനഡ.

‘അര്‍ദ്ധവിരാമം’ എന്ന പേരില്‍ കുറേവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാമി അമര്‍ത്യാനന്ദ എഴുതിയ ഒരു പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രീ എം.ടി വാസുദേവന്‍ നായര്‍ ഒരു കുറിപ്പെഴുതിയിരുന്നു. അതിലെ വാചകങ്ങള്‍ കൃത്യമായി ഓര്‍മ്മയില്ലെങ്കിലും കാവി വസ്ത്രമുപേക്ഷിച്ച സ്വാമിയുടെ ആര്‍ജ്ജവത്തെപ്പറ്റിയായിരുന്നു ആ കുറിപ്പ്. ആദ്ധ്യാത്മികമായ രംഗത്ത് തുടരണമോ വേണ്ടയോ എന്ന ചിന്ത ഒരു സംശയമായി വന്നപ്പോള്‍ത്തന്നെ ആ രംഗത്തുനിന്നും പിന്മാറി ആത്മപരിശോധന നടത്തുകയായിരുന്നു സ്വാമി അമര്‍ത്യാനന്ദ. അര്‍ദ്ധവിരാമം എന്ന പേര് അന്വര്‍ത്ഥമാക്കിയ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വ്യവസ്ഥാപിതമായ ആത്മീയരംഗത്തെ അവസ്ഥകള്‍ മനസ്സിലാക്കാന്‍ വായനക്കാരെ സഹായിച്ചു. അഴുക്കലക്കലോ നഷ്ടസ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള വേവലാതികളോ തന്നെ നിയന്ത്രിച്ചു നേര്‍വഴി നടത്തിയവരോടുള്ള അവഹേളനമോ ആ കൃതിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വായിച്ച് ആത്മീയരംഗം, പ്രത്യേകിച്ച് ആശ്രമകേന്ദ്രീകൃതവും ‘ഗുരു’ സമ്പ്രദായത്തിലുള്ളതുമായ സന്യാസജീവിതം, നമുക്ക് ശരിയാവില്ല എന്ന് തീരുമാനിച്ചു പിന്‍വാങ്ങിയവരും, അല്ല, ഇങ്ങിനെയൊക്കെയാണെങ്കില്‍ സന്യാസമാണ് എനിക്ക് നല്ലത് എന്ന് തീരുമാനിച്ചുറച്ചവരും മലയാളി സമൂഹത്തില്‍ ഉണ്ട്. ഈ രണ്ടു കൂട്ടത്തില്‍പ്പെട്ടവരെയും കണ്ടുമുട്ടാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അങ്ങിനെ അര്‍ദ്ധവിരാമത്തിന്റെ ഉദ്ദേശം ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടു. അതുകൊണ്ടുതന്നെ സന്യാസത്തെ, ആത്മീയതയെ, ബഹുമാനിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന്റെയുള്ളില്‍ സന്യാസം ഉപേക്ഷിച്ച് ഗൃഹസ്ഥജീവിതം നയിച്ച സ്വാമി അമര്‍ത്യാനന്ദയ്ക്ക് ഇന്നും ബഹുമാന്യമായ ഒരു ഗുരുസ്ഥാനമുണ്ട്.

മൂഷികമൂത്രം വീണ പാല്‍പ്പായസം... 
ഇപ്പോള്‍ അര്‍ദ്ധവിരാമത്തെപ്പറ്റി ആലോചിക്കാന്‍ കാരണം അമൃതാനന്ദമയീദേവിയുടെ ശിഷ്യയായിരുന്ന വിദേശവനിതയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മാദ്ധ്യമങ്ങളില്‍ എല്ലായിടത്തും ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്നു എന്നത് തന്നെയാണ്. ഫേസ്ബുക്കിലും മറ്റു മീഡിയകളിലും വാചകക്കസര്‍ത്തു നടത്തുന്ന മിക്കവാറും പേര്‍ ഈ പുസ്തകം മുഴുവനും വായിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. വാസ്തവത്തില്‍ ആത്മീയതയുടെ പൂര്‍ണ്ണവിരാമം മനസ്സിലും പ്രവൃത്തിയിലും ഉണ്ടായ ഒരു സന്യാസിനിയുടെ ഓര്‍മ്മക്കുറിപ്പ് എന്ന നിലയില്‍ വളരെ നല്ലൊരു പുസ്തകം തന്നെയാണിത്. എന്നാല്‍ പാല്‍പ്പായസത്തില്‍ മൂഷികന്റെ മൂത്രം എന്നപോലെയുള്ള ചില ഭാഗങ്ങള്‍ ഇല്ലെങ്കില്‍ ഒരുപക്ഷെ  അമൃതാനന്ദമഠം തന്നെ ‘പൂര്‍ണ്ണവിരാമം’ എന്നപേരില്‍ സ്വയം പ്രസിദ്ധീകരിക്കേണ്ട ഒരു പുസ്തകമാണിത് എന്നാണ് എന്റെ അഭിപ്രായം. Too good to be true ഏന്നു പറയാറില്ലേ, അതുപോലെ too bad to be true എന്ന അവസ്ഥ. പുസ്തകത്തിലെ പല പേജുകളും പണ്ട് ഈ വ്യക്തി ബ്രഹ്മചാരിണിയും സന്യാസിനിയും ആയിരുന്ന കാലത്ത് ‘അമൃതവാണി’യിലും മറ്റും എഴുതിയിരുന്ന, പ്രസിദ്ധീകരിച്ച കാര്യങ്ങളാണ്. അപൂര്‍ണ്ണവും അപക്വവുമാണെങ്കിലും പുസ്തകരൂപത്തില്‍ വന്നപ്പോള്‍, അതിന് അത്യാവശ്യം വായനാക്ഷമതയൊക്കെ ഉണ്ടായി എന്നതും നേര്.
പുസ്തകത്തിലെ അഴുക്കുപിടിച്ച ആരോപണങ്ങള്‍ ഏതോ എഡിറ്ററുടെ കരവിരുതാകാനാണ് സാദ്ധ്യത. എരിവും പുളിയുമുള്ള അദ്ധ്യായങ്ങളും ചില വികലമായ കൂട്ടിച്ചേര്‍ക്കലും ഇല്ലാതെ വെറും ഓര്‍മ്മപ്പുസ്തകം മാത്രമായി പ്രസിദ്ധീകരിച്ചാല്‍ വായിക്കാന്‍ ആളുണ്ടാവില്ല എന്ന തിരിച്ചറിവ് എഴുത്തുകാരിക്ക് നല്‍കിയത് ഈ എഡിറ്ററാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അര്‍ദ്ധവിരാമംപോലെ അനുവാചകന് - സത്യാന്വേഷിക്കും യുക്തിവാദിയ്ക്കും ഒരുപോലെ - വഴികാട്ടിയാവാന്‍ ഉതകുമായിരുന്ന ഈ പുസ്തകം ഇങ്ങിനെ വികലമാക്കിത്തീര്‍ത്തത് നിര്‍ഭാഗ്യകരമെന്നേ പറയാവൂ. ഈയടുത്ത ദിവസം അറിഞ്ഞത്, ഈ എഡിറ്റര്‍ പണ്ട് മഹര്‍ഷി മഹേഷ്‌ യോഗിക്കെതിരെതിരിഞ്ഞ ഒരു ‘TM – Tanscedental Meditation’ ടീച്ചര്‍ ആണെന്നാണ്‌.

എഴുപതുകളിലെ കേരളം
ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള പലകാര്യങ്ങളും വായനക്കാര്‍ക്ക് മറ്റൊരു ‘പെര്‍സ്പെക്ടീവില്‍’ മൂന്നു പതിറ്റാണ്ട് മുന്‍പുള്ള കേരളജീവിതത്തെ കാണിച്ചു തരുന്നുണ്ട്. ആശ്രമത്തിന്റെ സി.ഇ.ഓ. പദവിയില്‍ ഇരിക്കുമ്പോള്‍ (എഴുത്തുകാരിയുടെ വാക്കില്‍ത്തന്നെ), ഡയറികളില്‍ കയ്യെഴുത്തിലുണ്ടായിരുന്ന ഓര്‍മ്മക്കുറിപ്പുകള്‍ അവിടെ നിന്നും വിട്ടുപോരുന്നതിന്റെ ഒരു വര്‍ഷം മുന്പ് അവര്‍ ആശ്രമത്തിലെ സ്റാഫിന്റെ  സഹായത്താല്‍ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ ആക്കിയിരുന്നു. ആശ്രമത്തില്‍ ചെല്ലുന്നകാലത്ത്, മാസമുറസമയത്ത് അനുഭവിക്കേണ്ടിവന്ന ശുചിത്വസംബന്ധമായ ബുദ്ധിമുട്ടുകള്‍, അനേകം പേര്‍ക്ക് വിറകടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന്റെ പ്രയാസം, ഭക്ഷണസാമഗ്രികളുടെ കുറവ്, എന്നിങ്ങിനെ എഴുപതുകളിലെയും എണ്‍പതുകളിലെയും  ശരാശരി മലയാളിസ്ത്രീകളുടെ അനുഭവങ്ങള്‍ വിദേശിയായ അവരെ വിഷമിപ്പിച്ചിരുന്നു. എന്റെ വീട്ടിലും അക്കാലത്തെ സ്ഥിതി അതില്‍നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല.

ഹൃദ്യമായ ആത്മീയാനുഭവങ്ങള്‍
ഭാരതത്തില്‍ വന്ന്‍ തിരുവണ്ണാമലയിലും മറ്റും താമസിച്ചിരുന്ന കാലത്തുള്ള അവരുടെ ലളിതജീവിതവും, അനേകംപേര്‍ അവര്‍ക്ക് സഹായം നല്‍കിയതും വഴികാട്ടിയതും മറ്റും വിവരിച്ചിരിക്കുന്നത് ഹൃദയസ്പര്‍ശിയായാണ്. പിന്നീട് വള്ളിക്കാവില്‍ വന്നപ്പോള്‍ ‘അമ്മ’യുടെ കൂടെ പലയിടത്തും പോവുന്നത്, അമ്മയുടെ ബന്ധുക്കളായ ‘അക്കരവീട്ടിലെ’ കുടുംബാംഗങ്ങള്‍ അവര്‍ക്ക് നല്‍കിയ സ്നേഹബഹുമാനങ്ങള്‍, അമ്മയുടെ ഭക്തന്മാരുടെ, പ്രത്യേകിച്ചും വിദേശികളുടെ, കാര്യങ്ങള്‍ നോക്കുന്നത്, മണിക്കൂറുകള്‍ തുടര്‍ച്ചയായി സാധാരണജോലിയും ‘ദര്‍ശനജോലിയും’ മറ്റും ചെയ്തത്, രാത്രിസമയത്ത് അമ്മയുമൊത്ത് സുഹൃത്തുക്കളെപ്പോലെ ‘ഒളിച്ചു’ പോയി കടല്‍ക്കരയില്‍ ധ്യാനത്തിന്റെ നിമിഷങ്ങള്‍ അമൃതുപോലെ നുണഞ്ഞത്, എല്ലാം ആയമ്മ ഹൃദ്യമായി എഴുതിയിരിക്കുന്നു. ശരീരികാസ്വാസ്ഥ്യം വന്നപ്പോള്‍ ചെറുതെങ്കിലും നല്ലൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിച്ച ചികില്‍സാനുഭവവും അവര്‍ എഴുതിയിട്ടുണ്ട്. അമ്മയുടെ തഴുകലും തലോടലും, ഈര്‍ഷ്യയും പിണക്കവും എല്ലാം സ്വാഭാവികം തന്നെ. ഒടുവില്‍ അമ്മയുടെ നിഴലായി അറിയപ്പെട്ട് അനേകം ആളുകള്‍ തന്റെ കാല്‍ക്കലും നമസ്കരിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയും പുസ്തകത്തില്‍ കാണാം. ഭക്തരുടെ നമസ്കാരം ഏറ്റുവാങ്ങാന്‍ തനിക്കുള്ള യോഗ്യതയെപ്പറ്റി സ്വയം സംശയിക്കുമ്പോഴും അമ്മയുടെ ഭക്തര്‍ തന്റെ കാല്‍ക്കലും വീഴണം എന്ന് അവര്‍ പ്രതീക്ഷിക്കാറുമുണ്ട്.

സന്യാസദീക്ഷ
അവര്‍ക്ക് (ഗായത്രിയാണ് അന്ന്‍) സന്യാസദീക്ഷ ലഭിക്കുന്നതിനെപ്പറ്റി ആവേശത്തോടെയുള്ള നല്ലൊരു വിവരണം പുസ്തകത്തിലുണ്ട്. ആത്മീയോന്നതിയുടെ ഒരു ഗ്രാജ്വേഷന്‍ ചടങ്ങാണല്ലോ സന്യാസദീക്ഷ. ബ്രഹ്മചാരിമാര്‍ക്ക് സന്യാസം ലഭിക്കുന്നതിനൊപ്പം തന്നെയും പരിഗണിക്കുമോ എന്ന ആശങ്ക അവരെ അലട്ടിയിരുന്നു. സന്യാസിനിമാര്‍ക്ക് ആണുങ്ങളെപ്പോലെ പൂര്‍ണ്ണനഗ്നരായി ഗുരുവിനു മുന്നില്‍ നിന്ന് ശിഖമുറിച്ചു സന്യാസം സ്വീകരിക്കേണ്ടതില്ല എന്നത് ഈ പുസ്തകത്തില്‍ നിന്നും എനിക്ക് കിട്ടിയ പുതിയൊരറിവായിരുന്നു. സന്യാസദീക്ഷ നല്‍കിയ സ്വാമിയെ എത്ര ബഹുമാനത്തോടെയാണ് ഗായത്രി അന്ന് കണ്ടിരുന്നതെന്ന് ആ വിവരണത്തില്‍ കാണാം. അമ്മ, സ്വയം സന്യാസചിട്ടയില്‍ ദീക്ഷയെടുത്ത ഒരു ഗുരുവല്ലാത്തതിനാല്‍ ‘ദശനാമി’യായ ഒരു സന്യാസിവര്യന്‍ തന്നെയാണ് അമൃതമഠത്തില്‍ സന്യാസദീക്ഷ നല്‍കാറുള്ളത്. (ഗായത്രിക്ക് സന്യാസദീക്ഷ നല്‍കിയ ഈ സന്യാസിയാണ് പണ്ട്  തന്നോട് അതിക്രമങ്ങള്‍  കാണിച്ചത് എന്ന ആരോപണം ഉപ്പും മുളകും ചേര്‍ത്ത് വിവരിക്കുന്ന ഒരദ്ധ്യായം തന്നെ പുസ്തകത്തിലുണ്ട്. അത് ‘ഏച്ചുകെട്ടി  മുഴച്ചുനില്‍ക്കുന്ന’ ഒരദ്ധ്യായം തന്നെയാണ്. ‘too bad to be true’. സോഷ്യല്‍ മീഡിയയില്‍ അതിന്റെ മാത്രം മലയാളവിവര്‍ത്തനമേ ഇതുവരെ കണ്ടുള്ളൂ. ബാക്കിയുള്ള അദ്ധ്യായങ്ങള്‍ വെറും മുളകോഷ്യം പോലെ മസാലയില്ലാത്തവയാണല്ലോ.)

ഇക്കോണമിക്ലാസ്സില്‍ നിന്നും ബിസിനസ്സ്ക്ലാസിലേയ്ക്ക്
അമ്മയുടെ തിരക്ക് കൂടിയതനുസരിച്ച് വിദേശത്തു പോവുമ്പോഴെല്ലാം വിമാനത്തിലെ സാദാ ഇക്കോണമി ക്ലാസില്‍ നിന്നും ബിസിനസ് ക്ലാസിലേയ്ക്കുള്ള കയറ്റവും സ്വാമിനിയ്ക്ക് ഇഷ്ടമായിരുന്നുവത്രേ. വിദേശയാത്രകളില്‍ എല്ലാം പണമിടപാടുകളും യാത്രാമാനേജുമെന്റും ഈ സ്വാമിനി തന്നെയായിരുന്നു നടത്തിവന്നത്. ആശ്രമം നടത്തിപ്പിന്റെ എല്ലാ കാര്യത്തിലും അവര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു എന്ന് അവര്‍ എഴുതുന്നുണ്ട്. തിരക്കുപിടിച്ച ആശ്രമം മാനേജുമെന്റ്, സേവനം, കൌണ്‍സിലിംഗ് എന്നിങ്ങിനെ കൊക്കിലൊതുങ്ങാത്ത ജോലിത്തിരക്ക് കാരണം ഒരു നെര്‍വസ്ബ്രേക്ക്ഡൌണിന്റെ വക്കത്തായിരുന്നു അവര്‍. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം വിശാലമായ പഠനമൊന്നും അവര്‍ക്ക് ഉണ്ടായിരുന്നുമില്ല. ഹൈസ്കൂള്‍ കഴിഞ്ഞു ‘സ്വയം കണ്ടെത്താന്‍’ ഇറങ്ങിപ്പുറപ്പെട്ട ഒരാളായിരുന്നല്ലോ അവര്‍. ഒടുവില്‍ ആശ്രമം ഉപേക്ഷിച്ചിറങ്ങുമ്പോള്‍ അവര്‍ സ്വയം ‘ചെറിയൊരു തുക’ ആശ്രമത്തില്‍ നിന്നും ‘കുറ്റബോധമില്ലാതെ’ എടുത്തുകൊണ്ടാണ് പുറപ്പെട്ടത് എന്ന് അവര്‍ സ്വയം ഏറ്റു പറയുന്നുണ്ട്.

അമ്മ ഒരപൂര്‍വ്വ ആത്മീയവ്യക്തിത്വം
അമ്മയെ കഴിഞ്ഞ ഇരുപതോളം കൊല്ലങ്ങളായി വീക്ഷിക്കുന്ന ഒരാരാധകനെന്ന നിലയ്ക്ക് ഞാന്‍ അമൃതമഠത്തിന്റെ പ്രവര്‍ത്തനങ്ങളെയും, ലോകമെമ്പാടുമുള്ള മലയാളി ഹിന്ദുസമൂഹത്തില്‍ അമ്മയ്ക്കുള്ള സ്വീകാര്യതയെയുമാണ്‌ ആത്മീയാത്ഭുതങ്ങളായി കാണുന്നത്. ജാതിക്കോമരങ്ങളായി നമ്പൂതിരി, നായര്‍, ഈഴവന്‍, പറയന്‍, പുലയന്‍ എന്നിങ്ങിനെ തരംതിരിഞ്ഞും തലതിരിഞ്ഞും നിന്നിരുന്ന മലയാളിഹിന്ദുവിനും മറ്റുള്ളവര്‍ക്കും വന്ദിക്കാന്‍ സ്വീകാര്യയായ ഒരേയൊരു ആത്മീയവ്യക്തിത്വം ഈ ‘അമ്മ’ മാത്രമേയുള്ളൂ. ‘ആ സ്വാമി ഈഴവനാണ്’ ‘ഇദ്ദേഹം നമ്പൂരിയാണ്’ എന്ന മട്ടില്‍ സ്വാമിമാരെ തരംതിരിച്ചു പറയുന്നതും വിവിധരീതിയില്‍ ബഹുമാനിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്—സന്യാസിമാരെ ബഹുമാനിക്കാന്‍ പഠിപ്പിച്ച എന്റെ വീട്ടില്‍പ്പോലും. സ്വാമി ചിന്മയാനന്ദനെ, അദ്ദേഹം ജന്മനാ ബ്രാഹ്മണനല്ല എന്ന കാരണം കൊണ്ട് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കരുത് എന്ന് വാദിച്ചവരും നമ്മുടെ യാഥാസ്ഥിതികന്മാരുടെ കൂട്ടത്തിലുണ്ട്. അങ്ങിനെയുള്ള ഒരു സമൂഹത്തില്‍ മൂന്നു പതിറ്റാണ്ട് കാലം ഉന്നതകുലജാതരടക്കം എല്ലാവരും അമ്മയുടെ കാല്‍ക്കല്‍ നമസ്കരിക്കുന്നു. ഇത് അത്ഭുതമല്ലെങ്കില്‍ മറ്റെന്താണ് ആത്മീയമായ ‘മിറക്കിള്‍’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്?

നാരായണഗുരുവിന്റെ തത്വം,  അമ്മയുടെ പ്രായോഗികത
നാരായണഗുരു തത്വത്തില്‍ ഉപദേശിച്ചത് അമ്മ പ്രാവര്‍ത്തികമാക്കി. ജാതി-മൂഢമതികളോടു പിടിച്ചു നില്‍ക്കാന്‍ നാരായണഗുരുവിന് ഒരു ‘ഈഴവശിവനെ’ പ്രതിഷ്ഠിക്കേണ്ടിവന്നുവെങ്കില്‍, അനേകം ബ്രഹ്മസ്ഥാനങ്ങളിലൂടെ അമ്മ ലോകമാതൃത്വത്തെ മാത്രമല്ല, പരബ്രഹ്മചൈതന്യത്തെയും മനുഷ്യമനസ്സില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ബാലികമാരെയും ബ്രാഹ്മണേതരേയും പൂജാദികളില്‍ പ്രാവീണരാക്കുന്ന വിപ്ലവകരമായ പരിഷ്കാരവും അമ്മ നടപ്പിലാക്കി. സമൂഹത്തെ ഇത് അംഗീകരിപ്പിക്കാന്‍ അമ്മയ്ക്ക് ഒരു ‘ധീവരമാതാവിനെ’ പ്രതിഷ്ഠിക്കേണ്ടി വന്നില്ല. സനാതനധര്‍മ്മത്തിന്റെ ആചാരങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ തന്റെ ശിഷ്യരെ അമ്മ ഉചിതമായ പഠനകേന്ദ്രങ്ങളില്‍ വിട്ടു പഠിപ്പിക്കുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പ്രായോഗികത കൂടാതെ തത്വചിന്തയുടെ വെറും തിയറി മാത്രം പറയുന്ന വേദാന്തമല്ല അമ്മയുടെത്.

വാര്‍ത്താസ്രോതസ്സിന്റെ വിശ്വാസ്യതയും  മാദ്ധ്യമധര്‍മ്മവും 
ഇനി നമ്മുടെ ചില മാദ്ധ്യമങ്ങള്‍ അമ്മയെപ്പറ്റിയും പൂര്‍വ്വശിഷ്യയുടെ ആരോപണങ്ങളെപ്പറ്റിയും എഴുതുന്നതിനെക്കുറിച്ചാണ് എനിയ്ക്ക് പറയാനുള്ളത്. അനേകായിരം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുടെ ചാന്‍സലര്‍ ആയ ഒരാളെപ്പറ്റി, ലോകം മുഴുവന്‍ ആരാധകരുള്ള ഒരാളെപ്പറ്റി, ഐക്യരാഷ്ട്രസഭയില്‍പ്പോലും ആദരവ് ലഭിച്ച ഒരാളെപ്പറ്റി, ഒരു പ്രധാന ദൃശ്യമാദ്ധ്യമത്തിന്റെ ചെയര്‍പെര്‍സണെപ്പറ്റി, ഒരാരോപണം ഉന്നയിക്കുമ്പോള്‍ ‘പ്രഥമദൃഷ്ട്യാ’ തെളിവുള്ള കാര്യങ്ങള്‍ മാത്രമല്ലേ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാവൂ? അമ്മയെപ്പറ്റിയുള്ള ആരോപണങ്ങള്‍ അമ്മയുടെ വിദ്യാര്‍ത്ഥികളെ എങ്ങിനെ ബാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ഔപചാരികവിദ്യാഭ്യാസമില്ലെങ്കിലും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള ചാന്‍സലറുടെ ‘ക്രെഡിബിലിറ്റി’ ഇത്തരത്തില്‍ താല്‍ക്കാലികമായെങ്കിലും നശിപ്പിക്കാനുള്ള ശ്രമം ആരുടേതാണ്? അമ്മയുടെ വിദ്യാര്‍ഥികളെല്ലാവരും അമ്മയുടെ ഭക്തരല്ലെന്നും നമുക്കറിയാം. ‘ന ബുദ്ധിഭേദം ജനയേത്...’ എന്ന് ഗീതയില്‍ പറയുന്നത് വെറുതെയല്ല. ഭംഗിയായി നടന്നുപോകുന്ന പ്രസ്ഥാനങ്ങളെ, അതില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അനാവശ്യമായ ബുദ്ധിഭേദം ഉണ്ടാക്കി നശിപ്പിക്കുന്നത് സമൂഹത്തിന് ഭൂഷണമല്ല. 

ആരോപണങ്ങളും ഖേദപ്രകടനവും
കാര്യങ്ങള്‍ക്ക് തെളിവില്ലാതെ ഒരാരോപണം ഉന്നയിച്ച് പേരുദോഷം പ്രചരിപ്പിച്ചു കഴിഞ്ഞ് പിന്നെ ആരോപണം ശരിയല്ല എന്ന് വരുമ്പോള്‍ നാം എന്താണ് കാണാറുള്ളത്? ആരോപണസമയത്തെ മുന്‍പേജിലെ വെണ്ടയ്ക്ക വാര്‍ത്തയ്ക്ക് പകരം ഉള്‍പേജില്‍‍ ചെറിയ കോളത്തില്‍ ഒരു തിരുത്ത്. അത്രതന്നെ. ബഹിരാകാശശാസ്ത്രജ്ഞനായ ഡോ. നമ്പി നാരായണനേയും മറ്റും മറക്കാന്‍ കാലമായില്ലല്ലോ? ജയേന്ദ്രസരസ്വതി സ്വാമികളുടെ കാര്യവും ഓര്‍മ്മയുണ്ടാവുമല്ലോ. മലയാളത്തിലെ പ്രമുഖപത്രങ്ങള്‍ എന്തുകൊണ്ടാണ് അമ്മയ്ക്കെതിരായ ആരോപണങ്ങളില്‍ മൌനം ആചരിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ക്കത് അനുഭവപാഠമാണല്ലോ.

ഇവിടെ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് (കാനഡ) ഒരിന്ത്യന്‍ ഡോക്ടര്‍ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ചത് ഒരു പതിനാറുകാരിയായിരുന്നു. വിഷയം ‘വിഷയ’മായതിനാല്‍ വാര്‍ത്ത പരന്നു. ഡോക്ടറുടെ പ്രാക്ടീസ് തകര്‍ന്നു. ഭാര്യയും മകളും പിണങ്ങിപ്പോയി. നിയമപരവും പ്രഫഷണലുമായി രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സത്യം പുറത്തുവന്നു. ടീനേജര്‍ക്ക് ഗര്‍ഭനിരോധനഗുളികകള്‍ എഴുതിക്കൊടുക്കാത്തതിന്റെ പ്രതിഷേധമാണ് പരാതിയില്‍ കലാശിച്ചതത്രേ! പാവം ഡോക്ടര്‍ കുറച്ചൊക്കെ പാരമ്പര്യവാദിയായതിനാല്‍ തന്റെ മകളുടെ കൂട്ടുകാരിക്ക് പില്‍സിനുപകരം ഉപദേശം നല്‍കി പറഞ്ഞുവിട്ടു. അവസാനം ഡോക്ടര്‍ക്ക് നഷ്ടപരിഹാരമായി കുറെ പണം കിട്ടി. പെണ്‍കുട്ടിയെ നല്ലനടപ്പിനു ശിക്ഷിച്ചു. അത്രതന്നെ. വിട്ടുപോയ കുടുംബത്തിന്റെ കഥ പിന്നീട് പുറത്തുവന്നിട്ടില്ല. ലൈംഗികാരോപണങ്ങള്‍ ആരെയും കുടുക്കാനുള്ള തന്ത്രമായി ആളുകള്‍ ഉപയോഗിക്കുന്നത് എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. ഫ്രഞ്ച് പൌരനായ ഒരാള്‍ക്ക് ലോകബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടത് ഇത്തരം ഒരാരോപണത്തിന്റെ പേരിലായിരുന്നു. ആ ആരോപണം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിരുന്നു.

സാംസ്കാരിക നേതാക്കളുടെ പ്രതികരണം.
മലയാളത്തിലെ പ്രമുഖനായ ഒരു കവിയും, ഒരു സാഹിത്യകാരനും, ഒരു സന്യാസിയും മറ്റും അടങ്ങുന്ന ചെറിയൊരു കൂട്ടം സാംസ്കാരിക നേതാക്കള്‍ അമ്മവിഷയത്തേയും തുടര്‍ന്ന് അമൃതമഠം കൈക്കൊണ്ട നിയമ നടപടികളെയും സംബന്ധിച്ച്, മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ പ്രകീര്‍ത്തിച്ച് ഒരു പത്രക്കുറിപ്പ് ഇറക്കിയത് കണ്ടിരുന്നു. എന്നാല്‍ അവര്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞത് ഞാന്‍ മുകളില്‍പ്പറഞ്ഞ കാര്യങ്ങളാണ്. ആര്‍ക്കുവേണമെങ്കിലും മറ്റൊരാള്‍ക്കെതിരായി ആരോപണം നടത്താം. എന്നാല്‍ ഒരാളുടെ കാലഹരണപ്പെട്ട ആരോപണത്തെ സത്യമായി കണക്കാക്കാന്‍ എന്ത് തെളിവാണുള്ളത് എന്ന് നോക്കേണ്ടതല്ലേ? അതിനുശേഷം പോരെ മാദ്ധ്യമവിചാരണയും ശിക്ഷിക്കലും? കുറ്റവാളികളെ എല്ലാവരെയും –അതാരായാലും- മാതൃകാപരമായി ശിക്ഷിക്കണം എന്ന് തന്നെയാണ് എന്റെയും പക്ഷം.

വേദാന്തത്തിന്റെ അനന്യത വൈവിദ്ധ്യതയിലാണ്
ആത്മീയതയിലുള്ള വൈവിദ്ധ്യതയാണ് വേദാന്തപ്രോക്തമായ സനാതനധര്‍മ്മത്തിന്റെ പ്രത്യേകത എന്ന് ഞാന്‍ മനസ്സിലാക്കുന്നു. വൈവിദ്ധ്യത നിലനില്‍ക്കുമ്പോള്‍ത്തന്നെ എകാത്മകതയിലേയ്ക്ക് നയിക്കുന്ന ചിന്താഗതിയായാണ് വേദാന്തത്തെ ഞാന്‍ കണ്ടിട്ടുള്ളത്. ചിലര്‍ സേവനപാതയാണ് സ്വീകരിക്കുന്നത്. ചിലര്‍ ജ്ഞാനത്തിന്റെ പാതയും, മറ്റുചിലര്‍ ഭക്തിമാര്‍ഗ്ഗവും സ്വീകരിക്കും. ഇവയെ വെവ്വേറെയായിക്കണ്ട് പരസ്പരം അവശ്യമായ ബഹുമാനം ഇല്ലാതെ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതിന്റെ കാരണം എനിക്കറിയില്ല. സ്വാമി ചിന്മയാനന്ദ അറിയപ്പെടുന്ന വേദാന്തപ്രചാരകനും അദ്വൈതവാദിയും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ ശിഷ്യനായ ഒരാള്‍, സ്വാമിജി തന്റെ കണ്ണ് തുറപ്പിച്ച ഒരനുഭവം പറയുകയുണ്ടായി. ആ ശിഷ്യന്‍ ബ്രഹ്മചാരിയായി അദ്വൈതം ‘കലക്കിക്കുടിച്ച്’ എല്ലാറ്റിനോടും പഞ്ചപുച്ഛമായി കഴിഞ്ഞിരുന്ന കാലത്തെ കഥയാണ്. ആന്ധ്രയില്‍ ഒരിടത്ത് സ്വാമിജിയുടെ ഗീതായജ്ഞം നടക്കുന്നു. രാത്രി രണ്ടുമണിക്ക് എല്ലാ ബ്രഹ്മചാരികളെയും വിളിച്ചുണര്‍ത്തി തയ്യാറായി വരാന്‍ സ്വാമിജി ആവശ്യപ്പെട്ടു. നേരം വെളുക്കും മുന്‍പ് സ്വാമിജിയുടെ നേതൃത്വത്തില്‍ നഗരകീര്‍ത്തനം ചൊല്ലി ഒരു മണിക്കൂര്‍ നടന്ന് അവര്‍ ചെന്നെത്തിയത് ഒരു ചെറിയ കുടിലിന്റെ മുന്‍പില്‍. അവിടെയുണ്ടായിരുന്നത് രാമാനുജസമ്പ്രദായത്തിലുള്ള തികഞ്ഞ ദ്വൈതിയായ ഒരു വൃദ്ധസന്യാസിയായിരുന്നു. സ്വാമിജി ആദ്യംതന്നെ അദ്ദേഹത്തിനു മുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ചു. സന്യാസി തിരിച്ചും. പിന്നീട് സ്വാമിജി തന്റെ കൂടെയുള്ള ബ്രഹ്മചാരികളെക്കൊണ്ട് സന്യാസിയുടെ കാല്‍ക്കല്‍ ദീര്‍ഘദണ്ഡനമസ്കാരംതന്നെ ചെയ്യിപ്പിച്ചു. അദ്വൈതപ്രചാരകനായ സ്വാമിജി ദ്വൈതിയായ ആചാര്യന്റെ തേജസ്സിനു മുന്നില്‍ നമസ്കരിച്ചത് ശിഷ്യരുടെ അഹന്തയെ കുറയ്ക്കാന്‍ എത്ര സഹായിച്ചു എന്നദ്ദേഹം എന്നോടു പറഞ്ഞത് ഏറെ വികാരാധീനനായിട്ടാണ്. വേദാന്തിക്ക് എല്ലാറ്റിന്റെയും പരംപൊരുളായ സത്യത്തെക്കുറിക്കുന്ന അറിവാണുള്ളത്. വെറും വിശ്വാസമല്ല അയാള്‍ക്കുള്ളത്. കാരണം, വിശ്വാസത്തില്‍ എപ്പൊഴും സംശയം കൂടപ്പിറപ്പായി ഉണ്ടാവുമല്ലോ.

ആശ്രമം ഒരു സമാന്തര സര്‍ക്കാരോ?
സേവനം ചെയ്യല്‍ ആത്മീയനേതാക്കളുടെ പരിധിയില്‍പ്പെട്ട കാര്യമല്ല എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. രണ്ടായിരത്തിനാലിലെ  സുനാമി ക്കാലത്ത് അമ്മയുടെ നേതൃത്വത്തില്‍ സേവനം നേരിട്ട് നടത്തിയതിനു പകരം അതിനുള്ള തുക സര്‍ക്കാരില്‍ അടച്ചാല്‍ മതിയായിരുന്നല്ലോ എന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. പണം അങ്ങിനെ എല്‍പ്പിച്ചിരുന്നുവെങ്കില്‍ ആ പണം പിന്നെ എവിടെപ്പോയി എന്നന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാം എന്നേയുള്ളു. സമയത്തിനു കാര്യങ്ങള്‍ നടക്കും എന്നതിന് യാതൊരുറപ്പും മുഖ്യമന്ത്രിക്കുപോലും നല്‍കാന്‍ പറ്റില്ല. എന്നാല്‍ 2005-ല്‍ അമേരിക്കയില്‍ കത്രീനാ കെടുതിയ്ക്ക് അമൃതാനന്ദമഠം ഒരു മില്ല്യന്‍ ഡോളര്‍ നല്‍കിയത് ബുഷ്‌-ക്ലിന്റന്‍ ഫണ്ടിനാണ്. (അമേരിക്കയില്‍ നിന്നും സ്വരൂപിച്ച തുക അവിടെത്തന്നെ ചിലവഴിച്ചതും വലിയ തെറ്റാണോ ആവോ?) അവര്‍ സമയത്തിനു തന്നെ ആ തുക ഉപയോഗിക്കുകയും ചെയ്തു. അത്തരം ഒരു സാമ്പത്തിക ‘ക്രെഡിബിലിറ്റി’ നമ്മുടെ രാഷ്ട്രീയക്കാരും ഗവര്‍മെന്റും കാണിക്കുമ്പോള്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ നടത്തുന്നതാണ് നല്ലത്. അതുവരെ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണു വീഴ്ത്തണോ? വല്ലപ്പോഴും പത്തോ അഞ്ഞൂറോ രൂപ ആശ്രമത്തില്‍ നിന്നും പെന്‍ഷന്‍ കിട്ടുന്നവര്‍ സന്തോഷമായി കഴിഞ്ഞുപോകട്ടെ. ആശുപത്രിയില്‍ വന്നു രോഗം സുഖമായി ജീവിച്ചു പോയ്ക്കൊള്ളട്ടെ.

സംഭാവനകള്‍, സംരംഭങ്ങള്‍, സേവനങ്ങള്‍
ഇനി അമ്മയ്ക്ക് കിട്ടുന്ന സംഭാവനകളുടെ കാര്യം. 1991 മുതല്‍ അമ്മ നോര്‍ത്തമേരിക്കയില്‍ വരുമ്പോള്‍ ഞാന്‍ ദര്‍ശനത്തിനായി പോകാറുണ്ട്. ആദ്യമൊക്കെ അമ്മയും കൂട്ടരും ഇവിടെ വരുമ്പോള്‍ സംഭാവനയുടെ കാര്യം ദര്‍ശനത്തിന്റെ ഇടയ്ക്ക് ഉത്സാഹത്തോടെ ഓര്‍മ്മിപ്പിക്കാറുണ്ട്. പിന്നെപ്പിന്നെ നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കരകൌശലവസ്തുക്കള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയായിരുന്നു പണം സ്വരൂപിച്ചിരുന്നത്. പിന്നീട് സ്ഥാപനങ്ങള്‍ വളര്‍ന്നതോടെ ദര്‍ശനത്തിന്റെ സമയത്ത് സംഭാവന കൊടുക്കണമെങ്കില്‍ നാം ആശ്രമത്തിലെ ഉത്തരവാദപ്പെട്ടവരെ അന്വേഷിച്ചുപോയി നല്‍കണം എന്ന അവസ്ഥയാണ്. കഴിഞ്ഞകൊല്ലവും മേയ് മാസത്തില്‍ അമ്മയെ കാണാന്‍ ഞാന്‍ സിയാറ്റലില്‍ പോയിരുന്നു. കുറച്ചുനാള്‍ മുന്‍പ് അമൃതമഠത്തിലെ ഒരു സന്യാസി പറഞ്ഞു, ‘അമ്മയുടെ പദ്ധതികള്‍ പലപ്പോഴും വളരെ വിപുലമാണ്. ജപ്പാനില്‍ 2011-ല്‍ സുനാമി കഴിഞ്ഞിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാലും ഭൂമികുലുക്കം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായാണെങ്കിലും ‘നമുക്ക് ഇത്ര ആയിരം ഡോളര്‍ കൊടുക്കണം’ എന്നൊരു ടാര്‍ഗറ്റ് തന്നിട്ട് അമ്മയങ്ങു പോവും. പിന്നീട് നമ്മള്‍ വേണം ഓടി നടന്ന് ആ തുക  സംഘടിപ്പിക്കാന്‍. എങ്കിലും ഒരിക്കല്‍പ്പോലും അമ്മയുടെ ടാര്‍ഗറ്റ് നടക്കാതെ പോയിട്ടില്ല.’

ആത്മീയതയുടെ സുവ്യക്തത.
അമ്മയുടെ ആത്മീയപാതയിലുള്ള പ്രവര്‍ത്തനങ്ങളും അതിലെ വ്യക്തതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1990കളിലാണ്, സിയാറ്റലിനടുത്ത് ഒരു മിലിട്ടറിബേസ് ആയ ക്യാമ്പ്ഫ്ലാഗര്‍ എന്നയിടത്ത് അമ്മയുടെ സന്ദര്‍ശന സമയം. വിരലിലെണ്ണാവുന്ന മലയാളികളേയുള്ളു. മൂന്നു നാലായിരം വരുന്ന സദസ്സില്‍ ബാക്കിയെല്ലാം വെള്ളക്കാര്‍. നല്ല പച്ചമലയാളത്തില്‍, പതിവുപോലെ  അമ്മയുടെ പ്രഭാഷണം. ‘ഒരു മരക്കൊമ്പില്‍ ഇരിക്കുന്ന കാക്ക അവിടെയിരുന്ന്‍ ഉറങ്ങുകയാണ്. ആ മരക്കൊമ്പൊടിഞ്ഞു താഴെ വീണാലും അത് താഴെ വീഴില്ല. എപ്പോഴും പറന്നു പൊങ്ങാനുള്ള തയ്യാറിലാണ് അതിന്റെ ഇരുപ്പ്. ഭൌതീകമായി നമുക്കുള്ള എല്ലാ താങ്ങും വെറും ക്ഷണികമാണ് മക്കളേ. ഏതു നിമിഷവും പൊട്ടിത്തകരാവുന്ന ഈ താങ്ങ് നമ്മെ വിട്ടുപോയാലും നമുക്ക് തലയുയര്‍ത്തി നിലനില്‍ക്കാനാകുമോ എന്നതാണ് ആത്മീയതയിലൂടെ നാം കണ്ടെത്തേണ്ടത്.’ ഏതാണ്ട് ഇതുപോലെ ലളിതമായി എന്നാല്‍ കാതലുള്ള കാര്യങ്ങളാണ് അമ്മ പറയുക. രണ്ടോ മൂന്നോ വാചകങ്ങള്‍ കഴിഞ്ഞ് കൂടെയുള്ള സീനിയര്‍ സ്വാമി അത് പ്രൌഢഗംഭീരമായ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്നു. പരിഭാഷയുടെ ആവേശത്തില്‍ സ്വാമി അത്യാവശ്യം വേദാന്തവും ഫിലോസഫിയും ഒക്കെ ചേര്‍ത്ത് കാടുകയറുന്നത് സദസ്സിലുള്ള മലയാളികള്‍ അറിയുന്നുണ്ട്. ഒരു മിനുറ്റ് കഴിഞ്ഞപ്പോഴേയ്ക്കും അമ്മ സ്വാമിയോടു പറയുന്നത് കേട്ടു (മൈക്കില്‍ത്തന്നെ), ‘മോനെ, അമ്മ പറഞ്ഞത് മാത്രം ഇംഗ്ലീഷിലാക്കി പറഞ്ഞാല്‍ മതി, ഒന്നും കൂട്ടിച്ചേര്‍ക്കണ്ട.’ അമ്മയുടെ  കൂട്ടത്തില്‍ നിന്നും പിരിഞ്ഞുപോയ സ്വാമിനി അമൃതപ്രാണയും അവിടെയുണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ.

ശാസനകള്‍, നിര്‍ദ്ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ 
സ്വാമി ചിന്മയാനന്ദ പറയാറുണ്ട്‌ ‘devotees and desciples are different creeds.’ ഭക്തര്‍, ഗുരുവിനെ മൃഗശാലയിലെന്നപോലെ വന്നുകണ്ടു ഫോട്ടോയെടുത്ത് വികാരാധീനരായി തിരിച്ചുപോയി ‘ബലാദിവ നിയോജിത:’ എന്ന മട്ടില്‍ കര്‍മ്മങ്ങള്‍ കൊണ്ട് വലഞ്ഞ് വീണ്ടും അടുത്ത സന്ദര്‍ശനത്തിനും ദര്‍ശനത്തിനുമായി ആവര്‍ത്തിച്ചു കാത്തിരിക്കുന്നവരാണ്. എന്നാല്‍ ഡിസൈപ്പിള്‍ എന്ന് പറയുമ്പോള്‍ത്തന്നെ ഡിസിപ്ലിനോട്കൂടി ഗുരുകുലത്തില്‍ വസിക്കുന്നവര്‍ എന്നാണര്‍ത്ഥം.
ശാസനകളും നിയന്ത്രണങ്ങളും ഉള്ളതുകൊണ്ടാണ് ഇത്രയധികം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമ്മയ്ക്ക് കഴിയുന്നത്. ആദ്യമാദ്യം ചെറുചെടികളെ നാട്ടുനനച്ചു വേലികെട്ടി നിര്‍ത്തിയാലേ അത് വളര്‍ന്നു വന്‍വൃക്ഷമാകൂ എന്നാണു അമ്മ പറയുന്നത്. ശിഷ്യര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. പലരും നിയന്ത്രണങ്ങള്‍ താങ്ങാനാവാതെ മടങ്ങിപ്പോകാറുമുണ്ട്.  ആരുടെയും കീഴില്‍ വര്‍ത്തിക്കുക എന്നത് സ്വതന്ത്രചിന്താഗതിക്കാര്‍ക്ക് ദഹിക്കുന്നതല്ലല്ലോ. അമ്മ, മഠം നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ ഒരുദാഹരണം എനിക്ക് നേരിട്ടറിയാം. എനിയ്ക്ക് വേണ്ടപ്പെട്ട ഒരാള്‍ (കാനഡയില്‍ നിന്നും മാസ്റ്റേര്‍സ് ഡിഗ്രിയെടുത്ത ആളാണ്‌) അമ്മയുടെ പ്രത്യേക അനുവാദത്തോടെ അമൃത എന്ജിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കാന്‍ ചേര്‍ന്നു. അദ്ദേഹം ജോലിതുടങ്ങി അധികം താമസിയാതെ ഗവേഷണപഠനത്തിനു (PhD) ചേരുകയും ചെയ്തു. ഗവേഷണം തുടങ്ങുന്നതിനു മുന്‍പ്‌ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ അമ്മ അദ്ദേഹത്തോട് ചോദിച്ചു, ‘മോനെ, എന്താ നിന്റെ ഗവേഷണവിഷയം?’ കമ്പ്യൂട്ടര്‍സയന്‍സിലെ ആ പ്രത്യേകവിഷയം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, ‘മോനേ, അതിനിപ്പോഴും നല്ല സാദ്ധ്യതകള്‍ ഉണ്ടോ? ഇല്ലെന്നാണല്ലോ കേട്ടത്. മോന്‍ ഒരു കാര്യം ചെയ്യ്‌, അമേരിക്കയിലെ ... യൂണിവേര്‍സിറ്റിയിലെ ഒരു പ്രഫസര്‍ മോനുണ്ട്. സായ്പ്പാണ്. ഞാന്‍ ഫോണ്‍നമ്പര്‍ മേടിച്ചു തരാം. അദ്ദേഹത്തെ വിളിച്ചു സംസാരിച്ചിട്ട് വിഷയം തീരുമാനിച്ചാല്‍ മതി....’  

സ്വകാര്യസ്ഥാപനം, ബിസിനസ്സ്
ഞാന്‍ പറഞ്ഞു വരുന്നത്, കാര്യപ്രാപ്തി, ആത്മീയോന്നതി, എല്ലാം പ്രകടമാക്കി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും ആതുരാലയങ്ങള്‍ വഴിയും അനേകം പേര്‍ക്ക് തൊഴിലും ആശ്രയവും നല്‍കുന്ന ഒരു സ്വകാര്യസ്ഥാപനം തന്നെയാണ് അമൃതമഠം എന്ന് കണക്കാക്കുക. ശരിയായ കണക്ക് അധികാരികളെ കാണിച്ചുകൊണ്ടാണെങ്കില്‍ സമൂഹത്തിന് ഈ ബിസിനസ്സുകള്‍ കൊണ്ട് എന്താണ് പ്രശ്നം? അവര്‍ കണക്ക് കാണിക്കുന്നില്ലെങ്കില്‍ അതിനു നിയമനടപടികള്‍ ഉണ്ടാവണം. അത്രതന്നെ. അപ്പോള്‍, സേവനവും ബിസിനസ്സും ഒന്നുമല്ല, ആരാണ് ഇത് ചെയ്യുന്നത് എന്നതാണ് ചിലരെ അലട്ടുന്ന പ്രശ്നം എന്ന് നമുക്ക് സംശയം തോന്നും. ഈ ‘ബിസിനസ്സിന്’ വേണ്ടി അമ്മ പൈസ ഉണ്ടാക്കിയത് ഓഹരിതട്ടിപ്പ് നടത്തിയോ, ലാഭവിഹിതം ഓഫര്‍ ചെയ്തോ, നികുതിപണം വെട്ടിച്ചോ അല്ലല്ലോ? വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അഡ്മിഷനു പണം വാങ്ങുന്നു എന്നാണെങ്കില്‍, ഉന്നതമായ വിദ്യാഭാസവും അവ നല്‍കുന്നുണ്ട്. അതിന്റെ ശരി-തെറ്റുകള്‍ അമ്മയുടെ സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകവുമല്ല. നികുതിയിളവോടെ, ശരിയായ രേഖകളോടെ പണം നല്‍കുന്നതിലും വാങ്ങുന്നതിലും യാതൊരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം. പഠിച്ചിറങ്ങുന്ന എല്ലാവരും തന്നെ പാസാകുന്നതും എല്ലാവര്‍ക്കും ജോലികിട്ടുന്നതുമായ എത്ര എന്‍ജിനിയറിംഗ് കോളജുകള്‍ കേരളത്തിലുണ്ട്? അടുത്തയിടയ്ക്ക് കണ്ട ഒരു കണക്കനുസരിച്ച് മറ്റു സ്വകാര്യകോളേജുകളിലെ മുപ്പതുശതമാനം കുട്ടികള്‍ പോലും പാസാകുന്നില്ലത്രെ.

ഭാരതത്തിലും വിദേശത്തുമുള്ള അനേകം ആരാധകര്‍ നല്‍കുന്ന പണമാണ് ഈ സ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. അതില്‍ നിന്നും നല്ലൊരു പങ്ക് സൌജന്യസേവനത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, അമൃത സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അനേകം പേര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അത് ഫ്രീയല്ല എന്നതാണ് ഒരാരോപണം. കേരളത്തില്‍ ആശുപതി അഡ്മിഷന്‍ സമയത്ത് കൌണ്‍സിലിംഗിനുള്ള സൗകര്യം ആദ്യമായി ഞാന്‍ കണ്ടത് അവിടെയാണ്. എന്റെ അച്ഛന്‍ അഡ്മിറ്റായ സമയം; രണ്ടായിരത്തിരണ്ടിലാണെന്ന് തോന്നുന്നു. താനൊരു പെന്‍ഷന്‍ പറ്റിയ ആളാണ്‌ എന്ന് അച്ഛന്‍ കൌണ്‍സിലറോടു പറഞ്ഞു. അപ്പോളവര്‍ വീട്ടിലെ ചുറ്റുപാടുകള്‍ ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു, സാറിന്റെ മക്കളൊക്കെ നല്ല നിലയിലാണല്ലോ. ഞങ്ങള്‍ സ്റ്റാന്‍ഡര്‍ഡ് റേറ്റ് ചാര്‍ജ്ജു ചെയ്തോട്ടെ, എന്ന്! ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു. എന്നിട്ട്, ആശുപത്രിവിട്ടു വന്നപ്പോള്‍ ബാക്കിവന്ന ഗുളികകളും സിറിഞ്ചും മറ്റും വാങ്ങിയ വിലയ്ക്ക് തന്നെ അവിടെ തിരിച്ചെടുത്തു, രസീതും തന്നു. ഇത് നാട്ടിലെ നല്ലൊരു ആശുപത്രി അനുഭവമായി ഞാന്‍ കാണുന്നു. ആവശ്യമില്ലാത്തയിടത്ത് എന്തിനു സൌജന്യം കാണിക്കണം? യാതൊരു ഫീസും വാങ്ങാതെ രോഗികളെ അവിടെ ചികിത്സിച്ച കേസുകളും എനിക്കറിയാം. എനിക്കറിയാവുന്ന ചില ഡോക്ടര്‍മാര്‍ സൌജന്യമായി ഒന്നോരണ്ടോ മാസം അവിടെച്ചെന്ന്  വര്‍ഷാവര്‍ഷം സേവനം നടത്തി തിരിച്ചു വരാറുമുണ്ട്.

ആത്മീയത ഒരു വിധത്തില്‍ സ്വാര്‍ത്ഥതയാണ്
ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെകിലും ഒരു ഗുരുവിനും മുന്നില്‍ സര്‍വ്വാത്മനാ സമര്‍പ്പിക്കാന്‍ എന്നിലെ അഹന്ത എന്നെ അനുവദിക്കുന്നില്ല. എന്നാല്‍ എല്ലാ മഹാത്മാക്കളേയും ബഹുമാനിക്കാനും അവര്‍ക്ക് മുന്നില്‍ നമസ്കരിക്കാനും എനിക്ക് സന്തോഷമാണ്. മള്ളിയൂര്‍ തിരുമേനിയും മാര്‍ ക്രിസ്റ്റോസം തിരുമേനിയും ഞാന്‍ ആരാധിക്കുന്ന ഗുരുക്കന്മാര്‍ തന്നെയാണ്. അമൃതാനന്ദമയി അമ്മയും അമ്മയ്ക്കെതിരായി മാദ്ധ്യമങ്ങളിലൂടെ  അഭിപ്രായം പറയുന്ന സ്വാമി സന്ദീപാനന്ദഗിരിയും എനിക്ക് ആരാദ്ധ്യരാണ്. അമ്മയുടെ ആത്മീയതേജസ്സിനെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്;  സ്വാമി സന്ദീപാനന്ദഗിരിയുടെ പുസ്തകം മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്.

‘ഉദ്ധരേത് ആത്മനാത്മാനം...’ എന്ന് തുടങ്ങുന്നതാണ് ഭഗവദ്ഗീതയില്‍ എനിക്ക് പ്രിയപ്പെട്ട ശ്ലോകം. അവനവന്‍ സ്വയം ഉയര്‍ത്തിക്കൊണ്ടു വരണം, ഒരിക്കലും തന്റെ അപചയത്തിന് സ്വയം വഴി തെളിക്കരുത്, കാരണം ഉയര്‍ത്താനും ഇകഴത്താനുമുള്ള കഴിവും ഉത്തരവാദിത്വവും അവനവന്‍റേത് മാത്രമാണ്, എന്നാണതിന്റെ സാരം. എല്ലാ മതങ്ങളിലെയും ഗുരുക്കന്മാരില്‍ നിന്നും, അവരില്‍ നിന്നും കിട്ടാവുന്ന, എനിക്കിഷ്ടപ്പെട്ട, എനിക്കുത്തമം എന്ന് തോന്നുന്ന പാഠങ്ങള്‍ മാത്രം എടുത്തിട്ട് സ്വാര്‍ത്ഥതയോടെ ജീവിക്കുന്ന ഒരാളാണ് ഞാന്‍. പല പല പൂക്കളില്‍ നിന്നുള്ള ആത്മീയാനുഭൂതിയുടെ തേനുണ്ണുന്നതാണ് എന്നിലെ തേനീച്ചയ്ക്ക് പ്രിയം. ഒരു പക്ഷെ ‘ഒരു സദ്ഗുരുവിനെ’ കിട്ടാന്‍ എനിക്ക് യോഗ്യതയും ഇല്ലായിരിക്കാം. അങ്ങിനെ വരുമ്പോള്‍ ആത്മീയത സ്വാര്‍ത്ഥത തന്നെയാണ്. എകാത്മകതയിലെയ്ക്ക് ഒരുവന്‍ നടത്തുന്ന എകാന്തയാത്രയാണത്. പോള്‍വാള്‍ട്ടില്‍ നെറ്റിനപ്പുറത്തേയ്ക്ക് ചാട്ടം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന പോള് (വടി) പോലെയാണ് ഗ്രന്ഥങ്ങളും ഗുരുക്കന്മാരുമെല്ലാം. മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെയോ, ജീവിതത്തെ പൊതുവെയോ ചൂഷണം ചെയ്യാത്ത  സത്വസ്വാര്‍ത്ഥതയാണ് എനിക്ക് പത്ഥ്യം.

എന്റെ ഗുരുക്കന്മാര്‍ക്ക് എപ്പോഴെങ്കിലും തെറ്റുപറ്റിയാലും അവര്‍ പിന്നീട് അവരുടെ സ്ഥാനത്ത്നിന്നും താഴേയ്ക്ക് നിപതിച്ചു പോയാലും എനിക്ക് അതൊരു പ്രശ്നമേയല്ല. അതില്‍ എനിക്ക് നിരാശയും ഉണ്ടാവുകയില്ല. കാരണം എനിയ്ക്ക് വേണ്ടത് ഞാന്‍ അവരില്‍ നിന്നും എടുത്തു കഴിഞ്ഞിരുന്നുവല്ലോ. ഗുരുവിനേക്കാള്‍ ഗുരു പകര്‍ന്നുതരുന്ന തത്വത്തിലാണ് ഞാന്‍ ചെറുചിരാതുകളില്‍ സത്യത്തിന്റെ തിരി തെളിഞ്ഞു കാണുന്നത്.

മാര്‍ച്ച്‌ 2014


Wednesday, October 9, 2013

ആളാണുദൈവം! - From Mathrubhumi Newspaper 9 October 2013

From Mathrubhumi  Newspaper 9 October 2013
ആളാണുദൈവം!
ഡോ.എ.പി.സുകുമാര്‍ , വാന്‍കൂവര്‍ , കാനഡPosted on: 09 Oct 2013
അല്ലാതെ മറ്റാരാണ് കാണപ്പെട്ട ദൈവം?



ആള്‍ദൈവം, ആളാണുദൈവം. പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണണ് എന്നതുകൊണ്ടാവുമോ ആളുകള്‍ക്ക് ആള്‍ദൈവങ്ങളോടിത്ര വിരോധം?' ആളസുരന്മാര്‍ ' എന്നുകേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാനുണ്ടാക്കിയ പദമാണ്!

'ദൈവദശകം' മുതല്‍ ആത്മീയതയുടെ നേരനുഭവം നിറഞ്ഞ അനേകം കൃതികളെഴുതുകയും ആദിശങ്കരന് തുല്യം വേദാന്തത്തിന്റെ വേരുകണ്ടെത്തി നമുക്ക് മനസ്സിലാവുന്ന രീതിയില്‍ പകര്‍ന്നു കരുത്തു നല്‍കുകയും ചെയ്ത ശ്രീനാരായണഗുരുവിനെപ്പോലും ചിലര്‍ 'ആള്‍ ദൈവമെന്ന' പ്രയോഗത്തിലൂടെ വില കുറച്ചു കാണാന്‍ ശ്രുമിക്കുന്നത് പരിതാപകരം എന്നല്ലേ പറയാനാവൂ?

എന്നാല്‍ ആള്‍ദൈവം എന്ന പ്രയോഗം വാസ്തവത്തില്‍ മോശമായ ഒന്നല്ല. എല്ലാ പ്രവാചകന്മാരും ആള്‍ ദൈവങ്ങള്‍ തന്നെയാണ്. അതത് കാലഘട്ടങ്ങളില്‍ മനുഷ്യരാശിക്കു വഴികാട്ടിയായ ഗുരുഭൂതന്മാര്‍ ദൈവതുല്യരാണ്. ദൈവം എന്ന സങ്കല്‍പ്പ സാദ്ധ്യതയെ നേരിട്ടുകാണാന്‍ , അനുഭവിക്കുവാന്‍ കഴിയാത്തിടത്തോളംകാലം നാമീ പ്രവാചക പ്രതീകങ്ങളില്‍ തൃപ്തരാവുകതന്നെ. ഇതിനുനാം ഈശ്വരവിശ്വാസി ആകണമെന്നോ കാണുന്ന'മഹാന്മാരെ'യെല്ലാം കാലില്‍ വീണു നമസ്‌കരിക്കണമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്.

മലയാളഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും 'ആള്‍ദൈവം' എന്ന് പുച്ഛത്തോടെയുള്ള പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ഇങ്ങിനെ വില കുറച്ചുപരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ . യാതൊരു കുറ്റബോധവും കൂടാതെ അതെല്ലാം അച്ചടിച്ചു വില്ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം. സാംസ്‌കാരിക നായകന്മാരും വിപ്ലവ പ്രതിവിപ്ലവനേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ സുഖം കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമുണ്ട്. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കെല്ലാമറിയാം ദൈവം എന്നത് 'ആള്‍ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ എന്ന്.

എല്ലാവരും ആള്‍ദൈവങ്ങള്‍ തന്നെ. ഒരു നേരിയ വ്യത്യാസമുണ്ട്. എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെയാണ് ദൈവത്വം എന്ന്. മറ്റുള്ളവര്‍ അതുസ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരുപക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുമെന്നു മാത്രം. പിന്നെ 'ആള്‍ ' എന്നു പറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാക്കാം. സര്‍വചരാചരങ്ങളും ഉള്‍പ്പെട്ട ഒരു ജനാധിപത്യ രീതിയിലാണ് ഉയര്‍ന്ന തലത്തിലുള്ള ആത്മീയതയുടെ സാംഗത്യം.

അഹം ബ്രഹ്മാസ്മി, ഞാന്‍ തന്നെ ബ്രഹ്മം. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി. കാര്യകാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഉപനിഷദ് വാക്യം. രണ്ടില്ല, ഒന്നുമാത്രമേയുള്ളു. അതായത്, ഞാനില്ലെങ്കില്‍ ബ്രഹ്മം ഇല്ല. ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്, അതേ ദൈവം തന്നെയാണ് എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ് ഉണരുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ ദൈവങ്ങളായി എന്നിരിക്കട്ടെ) നാം തിരിച്ചറിയുന്നത് കണ്ണാടി നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നുവേണ്ടേ കരുതാന്‍ ? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ് ആള്‍െൈദവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്?

ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകത പോലെ തന്നെ രാക്ഷസീയതയും 'ഞാന്‍ തന്നെ' എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ 'ആള്‍രാക്ഷസന്‍' എന്നോ 'ആളസുരന്‍ ' എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്, ആരൊക്കെയാണ് ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട് നിറയെ അനുയായികളും ആരാധകവൃന്ദവും! ആളസുരന്മാരുടെ കൂട്ടത്തിലുള്ളവരെ കണ്ടുപിടിക്കാന്‍ നമുക്കൊന്ന് ചുറ്റും കണ്ണോടിക്കാം; പത്രങ്ങളിലും മറ്റും അവരങ്ങിനെ നിറഞ്ഞുവിളങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കി, ദു:ഖിതര്‍ക്ക് സാന്ത്വനം നല്‍കി കുറച്ചു പേര്‍ ആള്‍ദൈവങ്ങളും ആയിക്കൊള്ളട്ടെ.

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. എത്ര വിരൂപമാണെങ്കിലും സ്വന്തം മുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാത്തവര്‍ ആരുണ്ട്? കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം മനസ്സിലുമുള്ളവര്‍ അതുമാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടു കൊണ്ടേയിരിക്കും. നമ്മുടെ നോട്ടത്തില്‍ സൗന്ദര്യം മാത്രം കാണാറാവുമ്പോള്‍ അത് ദൈവീകതയുമായി അടുത്ത ഒന്നാണ്. അങ്ങിനെ നാം മഹാത്മാക്കളിലേക്ക് ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം.

കണ്ണാടി പോലെയാണ് ലോകം. നമ്മെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരുപ്രതിഭാസം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍നിന്നും ഉയരത്തിലെത്തി നില്‍ക്കുന്നുവെന്നും തനിക്കു മനസ്സിലാവാത്ത 'ഭാഷ' പറയുന്നു എന്നതും, 'ആള്‍ദൈവത്തെ' മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ് തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത് റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനാനുഭവങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട് അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല. അതിനാണല്ലോ വിവേചനബുദ്ധിയും വിവേകവും നമുക്കുള്ളത് (അല്ലെങ്കില്‍ നമുക്കുണ്ടാവേണ്ടത്!).

ഭഗവദ്ഗീതയിലെ പതിനാറാം അദ്ധ്യായം ദൈവാസുര സമ്പത്ത് വിഭാഗയോഗത്തില്‍ ദൈവീകതയും ആസുരീകതയും ആത്യന്തികമായി വെളുപ്പ് കറുപ്പ് എന്ന രീതിയിലുള്ള 'വിപരീതദ്വന്ദങ്ങളുടെ' ദര്‍ശനമായല്ല പറയുന്നത്. മറിച്ച് കാലദേശ നിബദ്ധമായി മനുഷ്യരില്‍ കാണപ്പെടുന്നത് നന്മതിന്മകളുടെ വിവിധ അനുപാതങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണെന്നും അവയെ എങ്ങിനെ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യണമെന്നുമാണ്. നന്മകളുടെ എണ്ണം തുലോം കുറവും തിന്മകളുടെ എണ്ണവും വണ്ണവും വളരെ വിപുലവുമാണെന്നു ഗീതാകാരന്‍ പറഞ്ഞു വയ്ക്കുന്നുമുണ്ട്. ഭയരാഹിത്യം, മന:ശ്ശുദ്ധി, ആര്‍ജ്ജവം, ജ്ഞാനം, അഹിംസ, മാന്യത തുടങ്ങിയ സദ്ഗുണങ്ങളും കാമാക്രോധലോഭ മദ മാല്‍സര്യാദി തിന്മകളും നമ്മില്‍ ഇപ്പോഴും പുറത്തുവരാന്‍ തയ്യാറായി ഇരിക്കുന്നു. ഇവയില്‍ ഏതിനെയൊക്കെയാണ് തിരിച്ചറിഞ്ഞു നാം പ്രോജ്വലിപ്പിക്കേണ്ടത്?

'ആളുക' എന്നതിന് ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്. പ്രപഞ്ചത്തിന്റെ തേജസ്സ് ആരിലാണോ (എന്തിലാണോ) ജ്വലിച്ചുനില്ക്കുന്നതായി കാണപ്പെടുന്നത്, അവരത്രേ ദൈവതേജസ്സുള്ളവര്‍ , ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേ പറ്റി പരാമര്‍ശമുണ്ട്. പൊതുവേയൊരു ധാരണയുള്ളത് ഇസ്ലാമിക സമ്പ്രദായത്തില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്ദതുല്‍വുജൂദ്' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം.

യേശുവും പറഞ്ഞിട്ടുണ്ട് 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)' എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു. അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്രതന്നെ. സൂഫിയോഗികള്‍ പലരും (ഉദാഹരണത്തിന് മണ്‌സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്. പ്രപഞ്ചതേജസ്സ് മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത് 'കല്ലിനെ ദൈവമാക്കാം, എന്നാല്‍ ദൈവത്തെ കല്ലാക്കരുത് എന്നാണ്'.

മനുഷ്യന്‍ ദൈവമാണ്, എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്. സത്യമാണ് ദൈവം എന്നു മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദൈവം സത്യമാണ്' എന്ന് ദൈവത്തെ 'നിര്‍വചിക്കാന്‍' ഗാന്ധി തയ്യാറായില്ല. കാരണം നിര്‍വചനങ്ങളാല്‍ തളക്കപ്പെടേണ്ട ഒരു സങ്കല്പ്പമല്ല അത്.



ഇനി ആദ്ധ്യാത്മികവിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്. ഏതു രംഗത്താണ് അത്തരക്കാര്‍ ഇല്ലാത്തത്? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രൊഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കുന്നവരാണ് എന്നു കരുതരുത്. കള്ള സ്വാമി എന്നൊരു പ്രയോഗം പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കള്ളന്‍ സ്വാമിയെന്നുപറഞ്ഞു നടന്നെങ്കില്‍ അതിന്റെ നാണക്കേട് കള്ളനോ അതുപറഞ്ഞു നടന്നവനോ?

നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷെ ഇപ്പോള്‍ എല്ലാവരും 'മറ്റുള്ളവരെ' നന്നാക്കാനുള്ള തിരക്കിലാണ്. 'നിസ്സ്വാര്‍ത്ഥമതികള്‍ ' എന്നാണ് അവരറിയപ്പെടുന്നത്. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. ഞാന്‍ സ്വാര്‍ഥനായതുകൊണ്ട് 'സ്വയം നന്നായി നശിക്കാന്‍ ' അവര്‍ തയ്യാറല്ലതന്നെ.

ആള്‍ദൈവങ്ങള്‍ വാസ്തവത്തില്‍ ഗുരുക്കന്മാരാണ്. ഓരോരുത്തരുടെ മാനസികനിലയ്ക്കനുസരിച്ച് അവരെ ബഹുമാനിക്കാം, പൂജിക്കാം. എന്നാല്‍ അവരോടുള്ള ശരിയായ ഭക്തി, അവര്‍ കാണിച്ചുതന്ന പാതയില്‍ ജീവിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാവുക എന്നതാണ്. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത് നന്നായിരിക്കും. ഏറ്റവും വലിയ 'സ്വാര്‍ത്ഥനെ'യാണ് ഗുരുവായി തിരഞ്ഞെടുക്കേണ്ടത്. തെറ്റിദ്ധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരുഗുണം തന്നെയാണ്. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം.

അതായത് ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധി തന്നെ നല്ലതാണ്. ഭഗവദ്ഗീതയിലെ 'ഉദ്ധരേത് ആത്മനാത്മാനം, ന:ആത്മാനം അവസാധയേത്, ആത്മനൈവഹിബന്ധു:ആത്മൈവരിപുരാത്മന:' എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ, താന്തന്നെയാണ് ഉയര്‍ത്തി ക്കൊണ്ടു വരേണ്ടതെന്നും ഒരു വിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന് ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരു വഴിയും ഇതത്രേ.

ഒരുചോദ്യം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ള പങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാക്കുന്നതല്ല ശരിയായ 'സ്വാര്‍ത്ഥകത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക.

ഇതില്‍ വസ്തുക്കളായവ മാത്രമല്ല, സമയവും പെടുന്നു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട് സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴുംവേണം എന്നാണ്. അവനുള്ളതു കൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്. എന്നാല്‍ ഈ 'അപരന്‍ ' ആരാണ് എന്നതാണ് പ്രശ്‌നം. തന്നില്‍നിന്നും വേറിട്ട ഒന്നാണോ അവന്‍ ?

ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങളാക്കാന്‍ ഭക്തന്മാരെ അനുവദിക്കാറില്ല. യശ:ശരീരനായ ചിന്മയാനന്ദസ്വാമികളോട് ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന് ഈ ലേഖകന്‍ സാക്ഷിയാണ്. 'അങ്ങയുടെ ഗീതാപ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അുനുവദിയ്ക്കുമോ എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. 'ഒരു ഗുരുവിന് താന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനായി ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം. പക്ഷേ, വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വേദപ്രോക്തങ്ങളായ നിത്യസത്യമാണ്. അതാണ് നിങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടത്. വെറുതേ ഗുരുവിനെ അനുകരിക്കുന്നത് കൊണ്ടോ പടംവെച്ച് പൂജിക്കുന്നത് കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടംവെച്ചു പൂജിച്ചുകൊള്ളുക. ദേഹം ഉപേക്ഷിച്ചുവെങ്കിലും നിത്യസത്യത്തിന്റെ കെടാത്തവിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ? ' ഇവിടെയാണ് ദൈവികത ആളുന്നത്. ആള്‍ദൈവമായി മറ്റുള്ളവര്‍ അനുഭവവേദ്യമാവുന്നത്.

എന്നുവെച്ച് ജീവിക്കുന്ന മഹാത്മാക്കളെ പൂജിക്കുന്നത് തെറ്റാണെന്ന് പറയാനും വയ്യ. ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ക്രിസ്തുവോ നബിയോ ബുദ്ധനോ ഉണ്ടായിരുന്നുവെങ്കില്‍, ദൈവികതയുടെ എല്ലാ അടയാളങ്ങളും കാണിച്ചാല്‍പ്പോലും നമ്മില്‍ എത്രപേര്‍ അവരെ തിരിച്ചറിയും? ബഹുമാനിക്കും?

'ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നു' എന്നൊക്കെയുള്ള തെളിമയാര്‍ന്ന നേരറിവ് ശ്രീനാരായണഗുരു കലവറ കൂടാതെ നമുക്കായി വിളമ്പുന്നുണ്ട്. 'ആരായുകില്‍ ' (അന്വേഷിക്കുകില്‍ ) മാത്രം എത്തിച്ചേരുന്ന അറിവാണ് (ജ്ഞാനം) ഈശ്വരനെന്നുളളതു ഭാരതീയ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരുള്‍ക്കാഴ്ച്ചയാണല്ലോ. 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ്. 'താനും അവനും', 'അതും ഇതുമെല്ലാം' ഞാനാണെന്ന, ഒന്നാണെന്ന നിറവ്.

ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വണ്ണം പറയുന്നു

'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന
വഴി തോന്നേണമേ വരദനാരായണായ നമ'.

അപ്പോള്‍ നാരായണഗുരുപറഞ്ഞ ഈ അപരന്‍ , ഞാന്‍ തന്നെ എന്ന ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? പെട്ടെന്ന് നാവിനെ അറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലു മുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നുവെയ്ക്കാം. വേണ്ടി വന്നാല്‍ ശസ്ത്രക്രിയകളും ആവാം.

'ഞാനാര്' എന്ന ചിന്താപദത്തിലേക്കുള്ള കാല്‍ വെയ്പ്പ് 'സത്വസ്വാര്‍ത്ഥക'ത്തിന്റെ ആദ്യപടിയാണ്. ആയതറിഞ്ഞ് അറിവുറച്ചയാളാണ്'ഗുരു'. അതായത് ലഘുവായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു സമ്പൂര്‍ണസ്വാര്‍ത്ഥത ലക്ഷ്യമാക്കിയാല്‍ സമ്പൂര്‍ണ സാക്ഷരരായ നമുക്കും ആള്‍ദൈവങ്ങള്‍ തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കുചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. മറിച്ച് നാം അല്പ സ്വാര്‍ത്ഥികള്‍ ആയി മാറിയാല്‍ നമുക്ക് 'ആളസുരന്മാരും' ആവാം.

'ആളസുരന്‍ 'മാരാണ് ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട് സാധാ ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. ഇക്കാര്യത്തില്‍ എന്നെ ഒരു ജനാധിപത്യവിരോധിയായി കണക്കാക്കിയാലും കുഴപ്പമില്ല.

Saturday, September 7, 2013

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
ഡോ. എ. പി. സുകുമാര്‍ 



  
അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു. അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് അനീതി ചെയ്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ രാമന്‍ സ്വയം  അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍ നമുക്ക് കാണാം.

ദേവന്മാര്‍ കറയേശാത്ത വെളുപ്പിന്റെയും അസുരന്മാര്‍ പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ നൂറുശതമാനം ദേവന്‍, അല്ലെങ്കില്‍ നൂറുശതമാനം അസുരന്‍ എന്ന തരത്തില്‍ ആയിരുന്നിട്ടില്ല - ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്. ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്‍, ദേവകീവസുദേവന്മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഒട്ടും ആസുരീകമേ അല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്‍, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്‍ എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും  അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.

പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും, നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍ സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍ വിവിധ തോതുകളില്‍ ഉണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ പ്രതിഫലിക്കുന്നതനുസരിച്ചാണ് കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. ഇത്തരം പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്‍’ ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല എന്ന് പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്. ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന്‍ ഒരു സാധാരണ രാജകുമാരന്‍ മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍ നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ നിയോഗം. മഹാബലിയുടെ കഥ അങ്ങിനെയാണ് രാമന് ഒരു പാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്‍റെ ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെയുള്ള ജീവിതം നയിക്കുന്നതിലൂടെ നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ സ്ഥാനം  പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ബാധിക്കാത്ത രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ വിരാജിച്ചിരുന്നു. പിന്നീട് വാമനനായി വന്ന് മഹാവിഷ്ണു തന്നില്‍നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍ ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ മാതൃകാ പുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക്  യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍ ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.

വസിഷ്ഠന്‍ പറഞ്ഞത്, രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്. വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ?
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന്‍ നല്‍കിയ മറുപടി ഞാനോര്‍ക്കുന്നു.  മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന്‍ തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്‌. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ്‌ കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന്‍ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ്‌ നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

അതുകൊണ്ട് പരിപൂര്‍ണ്ണതയും ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് ഈ മന്ത്രിയെ കീഴടക്കി വരുതിയിലാക്കണം. ഈ മന്ത്രിപുംഗവന്‍ അജയ്യനാണെങ്കിലും ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തില്‍ പിടികൂടാം. മന്ത്രി തന്റെ വരുതിയിലായാല്‍പ്പിന്നെ, രാജാവിനെ കൂടുതല്‍ അടുത്തു ചെന്ന് തെളിമയോടെ ദര്‍ശിക്കം. രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ ദര്‍ശിക്കാനും കഴിയില്ല. രാജാവിന്റെ  ദര്‍ശനം ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്‌, ദു:ഖം പരത്തുന്നവനാണ്‌. മന്ത്രിയെ പിടിയിലാക്കുംവരെ രാജാവിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരുവന്റെ ബുദ്ധിപൂര്‍വ്വമുള്ള പരിശ്രമം ഒരേസമയത്ത് രണ്ടു തരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്രസാധന കൊണ്ട് ഇതു രണ്ടും സാദ്ധ്യമാണ്‌. അങ്ങിനെ ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാര്‍ അവിടെയാണു വാഴുന്നത്.

കഥാരൂപേണ അച്ഛന്‍ പറഞ്ഞ ആ രാജ്യം മുക്തിപദമാണ്‌. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന്‌ ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി സംസാരിക്കുന്നു. ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് അനിവാര്യമായ കാര്യങ്ങളെയാണ്. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങള്‍, പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍, എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്.  എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം, സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്ക്കും ദൈവകൃപ എന്നു തന്നെയാണ് പറയുന്നത്. ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ കാഴ്ച്ചപ്പാട് അല്ലെങ്കില്‍ ഭ്രമമാണ് അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്. സ്വപ്രയത്നത്താല്‍ മനസ്സ് മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍, മനസ്സ് ആ ഫലസമ്പാദനം അറിയുമ്പോള്‍, സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു.

ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം. ഒരുവന്റെ ബുദ്ധി ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ  പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും കഴിച്ചുകൂട്ടണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍ മനസ്സിന്റെ പകുതി ഗുരുപൂജയ്ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്ക്കണം. ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍  നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും മുഴുകിവേണം കഴിയാന്‍. ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന വിജ്ഞാനശ്രവണത്തിന് ഒരുവന്‍ യോഗ്യനാവുന്നത്. അതുകൊണ്ട് എപ്പോഴും മനസ്സിനെ ശുദ്ധീകരിക്കാന്‍പോന്ന അറിവുകളാണ് പഠിക്കേണ്ടത്. ശാസ്ത്രപഠനത്തിലൂടെയാണ് മനസ്സിനെ പുഷ്ടിപ്പെടുത്തി ആന്തരീകമായ പരിണാമം സാധിക്കേണ്ടത്. അങ്ങിനെ മാറ്റംവന്ന മനസ്സിന് വികലമാവാത്ത ചിന്താധാരകളിലൂടെ സത്യത്തെ അന്വേഷിക്കാന്‍ കഴിവുണ്ടാവും. താമസംവിനാ അങ്ങിനെയുള്ള സാധകന്‍ ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമമാരംഭിക്കണം.

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.  ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും. ഈ അന്വേഷണത്വര നിര്‍മമതയെ ഊട്ടിയുറപ്പിക്കുന്നു. കടലും മേഘവുംപോലെ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അത്മസാക്ഷാത്കാരവും നിര്‍മമതയും, അന്വേഷണത്വരയും മൂന്നുത്തമ സുഹൃത്തുക്കളാണ്.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും  അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍ അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു.  'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്.  ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.

ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല. ആ ബോധസത്ത ഇത് സൂര്യനാണ്എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്.  ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്‍വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.

‘ഞാന്‍’ ശാശ്വതമായ പരംപൊരുളാണ്. വിഷയങ്ങളും ആഖ്യാനങ്ങളും എനിക്കാവശ്യമില്ല. വശീകരണഗുണമുളള വസ്തു-വിഷയ സംബന്ധിയായ യാതൊരു ധാരണകള്‍ക്കും വശംവദമാവാത്തതും നിതാന്തസ്വതന്ത്രവുമായ ആ സര്‍വ്വവ്യാപിയെ- ബോധത്തെ, ഞാന്‍ നമിക്കട്ടെ. വിഷയ-വിഷയീ വ്യത്യാസമേതുമില്ലാത്ത എന്റെ ആത്മസത്തയേയും ഞാന്‍ പ്രണമിക്കുന്നു. എല്ലാ പ്രകടിതഭാവങ്ങളിലും ഉള്ള പ്രഭാസ്ഫുരണവും അതുതന്നെയാണെന്ന് നിശ്ചയം. അനുഭവങ്ങള്‍ക്കായുള്ള ത്വരയടങ്ങിയ ബോധസ്വരൂപമാണ് ഞാന്‍.  ആകാശം പോലെ അനന്തമാണു ഞാന്‍. സുഖദു:ഖങ്ങളെന്നെ ചഞ്ചലപ്പെടുത്തുന്നില്ല. അവയെന്നെ എങ്ങിനെവേണമെങ്കിലും ബാധിക്കട്ടെ. എനിക്കവയില്‍ യാതൊരു പ്രതിപത്തിയുമില്ല. സുഖത്തോടോ ദു:ഖത്തോടോ, രണ്ടിനോടുമെനിക്ക് പക്ഷപാതവുമില്ല.

ഒരു വസ്തുവില്‍ നിന്നും മറ്റൊരു വസ്തുവിലേയ്ക്കുള്ള ഊര്‍ജ്ജപ്രവാഹം, ചൈതന്യത്തിന്റെ ചലനം, നഷ്ടലാഭങ്ങളെ ഉണ്ടാക്കുന്നില്ല. ബോധം മാത്രം ഉള്ളപ്പോള്‍ ചിന്തകളോ അവയുടെ പരിണാമവികാസങ്ങളോ ചുരുങ്ങലോ ഒന്നും  ബോധത്തില്‍ മാറ്റമുണ്ടാക്കുന്നില്ല. അതുകൊണ്ട് ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും. ഇങ്ങിനെ  നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.

ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി. അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം! ബലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍ വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍ ഇപ്പോഴില്ല. ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബലിരാജന്റെ അവസ്ഥ അതാണ്‌. കുറച്ചു കഴിഞ്ഞ് അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്‍ക്കും. അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അദ്ദേഹം ഒരായിരംകൊല്ലം കഴിഞ്ഞു മാത്രമേ  ഈ ലോകബോധത്തിലേയ്ക്ക് തിരിച്ചു വരൂ.

ആയിരം ദേവവര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ‘ഇപ്പോള്‍ എന്റെ ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്. ഞാന്‍ ബോധമാണ്. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക് നേടാനോ എന്തുണ്ട്? എന്ത് തമാശയാണിത്! ഞാന്‍ മുക്തി ആശിച്ചു. പക്ഷെ ഞാനെപ്പോഴാണ് ബന്ധിതനായത്?ആരാണെന്നെ ബന്ധിച്ചത്? എങ്ങിനെയാണാ ബന്ധനമുണ്ടായത്? ഇപ്പോഴും ഞാനെന്തു കൊണ്ടാണ് മുക്തി ആശിക്കുന്നത്? ബന്ധവും മുക്തിയും ഒന്നും വാസ്തവത്തില്‍ ഇല്ല. ധ്യാനസപര്യകൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ് ഞാന്‍ നേടാന്‍ പോവുന്നത്? ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത് അതില്‍ത്തന്നെ നിലകൊള്ളുന്നതാണ് നല്ലത്. എനിക്ക് നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല. ഞാന്‍ ധ്യാനാവസ്ഥയും ധ്യാനരഹിതമായ അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ ദുഖമോ എനിക്ക് വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ജീവിക്കുന്നില്ല, മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക് നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല.

ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും എല്ലാം ഞാനെന്തു ചെയ്യാനാണ്? കാര്യങ്ങള്‍ എങ്ങിനെയോ അങ്ങിനെത്തന്നെ നിലനില്‍ക്കട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല. എനിക്കാരുമില്ല. ആരുമെന്റേതല്ല.! ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങള്‍ എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ?” ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു.  ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്. എന്നാല്‍  ബലിക്കാണ് അടുത്ത ഇന്ദ്രപദവി. വിഷ്ണുഭഗവാന്‍ ദാനം കൊടുത്ത് നിസ്വനായ ബലിയെ പാതാളലോകമായ സുതലത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള   തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി  ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും പാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നു ചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് സ്വയം പ്രശാന്തയില്‍ അദ്ദേഹം അഭിരമിക്കുന്നു. (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം)

വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്. രാമാ, അദ്ദേഹത്തിനുണ്ടായിരുന്ന പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും  ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്ത സത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട്  സ്വതന്ത്രമായി നില്‍ക്കുന്ന  ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.

തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ) ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗ്ഗദര്‍ശിയായ ബലിരാജന്‍ മഹാബലിയായ കഥയാണ് നാം പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍  വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡി’ കഥാപാത്രമല്ല മഹാബലി.  


അവലംബം: യോഗവാസിഷ്ഠം നിത്യപാരായണം